ദൈവത്തിന് നന്ദി..അല്ലലില്ലാതെ കഴിഞ്ഞുപോകാൻ ഈ ജോലി ധാരാളമാണ്..ഒന്നും ആലോചിക്കാതെയുള്ള ഒരു തീരുമാനമായിരുന്നു കല്യാണിയമ്മയെയും കൊണ്ടുള്ള എന്റെ വീട്ടിലേക്കുള്ള ഈ ഒളിച്ചോട്ടം..പെറ്റുവളർത്തിയ സ്വന്തം മകന് അമ്മയൊരു ബാധ്യതയായി തോന്നിയതുകൊണ്ടാണല്ലോ ആ വൃദ്ധസദനത്തിൽ മകന്റെ ഭിക്ഷയെന്നോണം ഹരിയേട്ടനൊരു റൂം ഒപ്പിച്ചെടുത്തത്..ഇന്നും അമ്മയില്ലാത്തതിന്റെ ആ ശൂന്യത അനുഭവിക്കുന്നവളാണ് ഞാൻ,മറ്റെന്തിനെ കൊണ്ട് നികത്താൻ കഴിയും ആ വിടവ്..ഒരിക്കൽ മനസ്സിലാക്കിക്കോളും ഹരിയേട്ടനത്…എങ്കിലും ലക്ഷ്മിചേച്ചിയുടെ ഉള്ളിൽ ഇങ്ങനൊരു പിശാച് ഉറങ്ങികിടപ്പുണ്ടായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല..,ആ വലിയ വീട്ടിലേക്ക് കാലെടുത്തു വെച്ചതുമുതൽ ഒരു ചേച്ചിയെപ്പോലെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്..ലക്ഷ്മി എന്ന് കല്യാണിയമ്മ സ്നേഹം കൊണ്ട് തികച്ചു വിളിച്ചിരുന്നില്ല..ഓരോ ജന്മങ്ങളും ഓരോ പാഠങ്ങളാണെന്ന് പറയുന്നത് എത്രയോ ശെരിയാണ്..
പുറത്തേ വഴിയിൽ എന്നെയും കാത്ത് കയ്യിലൊരു ബീഡിയുമായി നിൽക്കുന്നുണ്ടായിരുന്നു കുമാരേട്ടൻ..എന്നെ കണ്ടതും ആദ്യം ചോദിച്ചത് “ജോലി തരപെട്ടോ മോളെ” എന്നാണ്..അതേയെന്ന് പറഞ്ഞതോടെ ആ മുഖത്തൊരു തെളിച്ചം വന്നത്പോലെ..പാവം കാത്തിരുന്നു മുഷിഞ്ഞുകാണും..തിരികെ വീട്ടിലേക്ക് പോകുമ്പോയും തിരക്കുള്ള റോഡ് ക്രോസ്സ് ചെയ്യാൻ വല്ലാതെബുദ്ധിമുട്ടിയ സമയത്ത് എന്റെ കയ്യിൽ മുറുകെ പിടിച്ചു ഇരുവശവും മാറി മാറി നോക്കിയ ശേഷം കുമാരേട്ടൻ റോഡ് മുറിച്ചുകടക്കുമ്പോ ഒരു മകൾ സ്വന്തം അച്ഛനിൽ നിന്നും അനുഭവിക്കുന്ന സുരക്ഷിതത്തം അനുഭവിച്ചിരുന്നു ഞാൻ..ആരുമില്ലാത്തവർക്ക് ദൈവം തുണകാണും..
വീട്ടിലെത്തി ജോലി ശെരിയായ കാര്യം കല്യാണിയമ്മയോട് പറഞ്ഞതും ആ മുഖത്തും സന്തോഷം..,പിറ്റേ ദിവസം ജോലിക്കായി നേരത്തേ എഴുന്നേറ്റ് കുളിയും കഴിഞ്ഞു ഇറങ്ങിയതോടെ മുന്നിലെ ടേബിളിൽ തേച് മിനുക്കിയ സാരി..അത്ഭുതത്തോടെ അതെടുത്ത് അണിഞ്ഞുതിരിഞ്ഞതോടെ ഉച്ചഭക്ഷണം നിറച്ച കയ്യിലേ തൂക്കുപാത്രം സാരിതുമ്പുകൊണ്ട് തുടച്ചുകൊണ്ട് കല്യാണിയമ്മയെന്റെ ബാഗിലേക്ക് വയ്ക്കുന്നത് കണ്ടു..പാവം ഇതെല്ലാം നേരത്തേ എഴുന്നേറ്റ് ഒറ്റയ്ക്..ഒരു നന്ദിവാക്ക്പോലും പറയാൻ കഴിഞ്ഞിരുന്നില്ല എനിക്കാ സമയം..സങ്കടം കൊണ്ടോ മരിച്ചുപോയ എന്റെയമ്മ മുന്നിൽ വന്നുനിൽക്കുകയാണെന്ന് തോന്നിയ സന്തോഷം കൊണ്ടോ ഒന്ന് വിതുമ്പിയിരുന്നു ഞാനാ സമയം..
ദിവസങ്ങൾ കഴിഞ്ഞുപോയ്‌കൊണ്ടിരുന്നു..കൂടെ ജോലി ചെയ്യുന്ന രമചേച്ചിയുമായി നല്ലൊരു സൗഹൃദം വളർന്നിരുന്നു അപ്പോയേക്കും.,ഇടയ്കൊക്കേ സ്ഥിരമായി മടങ്ങി വരാറുള്ള ബസ്സിലേ കണ്ടക്ടർ ചേട്ടന് എന്നോടുള്ള അടങ്ങാത്ത നോട്ടത്തിന്റെ കാര്യം പറയുമ്പോയൊക്കേ ഞാൻ സംസാരം നിർത്തും..എന്റെ മുഖം വാടുന്നത് കണ്ടാൽ പിന്നെ ചേച്ചി അയാളെകുറിച്ച് പറയാറില്ല..സഹതാപം നിറഞ്ഞ നോട്ടം ജനനം തൊട്ടേ കണ്ടുവളർന്നത് കൊണ്ട് എന്റെ പഴയകാലത്തെ കുറിച്ച് രമചേച്ചിയോട് ഞാൻ പറഞ്ഞിരുന്നില്ല,ആ കണ്ടക്ടർ ചേട്ടനും അതറിയാഞ്ഞിട്ടാകും എന്റെമേലെയൊരു കണ്ണും..ആദ്യമൊക്കെ തലതിരിച്ചുകൊണ്ട് ഞാനെന്റെ ഇഷ്ടക്കേട് അയാളെ അറിയിച്ചിരുന്നു.,ഒരിക്കൽ രമചേച്ചി ലീവായിരുന്ന ദിവസം മാർക്കോ കെട്ടിതന്ന എന്റെ കഴുത്തിലുള്ള താലി ഞാൻ അയാൾക് കാണിച്ചുകൊടുത്തു.,കൂടെ ഒരു പുഞ്ചിരിയും..പിന്നെ പൈസ കൊടുക്കുന്ന സമയത്ത് പോലും അയാളെന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല.,രമചേച്ചി അതിനെകുറിച്ച് പറഞ്ഞിട്ടുമില്ല..
ഒരിക്കൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേള സമയത്താണ് രമചേച്ചിയുടെ ഫോണിലേക്ക് മകൻ പഠിക്കുന്ന സ്കൂളിലേ സാറിന്റെ കാൾ വരുന്നത്.,ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്ന് വീണുവെന്നും കൈക്ക് ചെറിയൊരു പൊട്ടലുണ്ടെന്നു കേട്ടതു മുതൽ ചേച്ചി കരയാൻ തുടങ്ങിയതാണ്..ആകെയുള്ള ഒറ്റമകനാണ്,.ഭർത്താവ് മരിച്ചതിൽ പിന്നെ മകന് വേണ്ടി ജീവിക്കുന്ന ആ അമ്മയ്ക്ക് എങ്ങനെ സങ്കടം കടിച്ചുപിടിക്കാനാകും..സാലറി കിട്ടുന്ന ദിവസമായതിനാൽ ഹാഫ്ഡേ ലീവിന് അപേക്ഷിക്കാനും മടിച്ചിരിക്കുന്ന സമയത്താണ് ദൈവദൂതനെപ്പോലെ അന്ന് ഇന്റർവ്യൂ ചെയ്തിരുന്ന സെയിൽസ് മാനേജറായ മനുസാർ കടയിലേക്ക് വന്നുകയറിയത്..കരഞ്ഞുകൊണ്ടിരിക്കുന്ന ചേച്ചിയെ തത്കാലം അവിടെതന്നെയിരുത്തിയിട്ട് ഞാൻ മനുസാറിന്റെ അടുക്കൽ ചെന്ന് കാര്യം പറഞ്ഞു..എന്റെയും ചേച്ചിയുടെയും സാലറി ക്യാഷറുടെ അടുക്കൽ ചെന്ന് വാങ്ങികയ്യിലേക്ക് വെച്ചുതന്ന ശേഷം ഹോസ്പിറ്റൽ ചിലവിനായി രണ്ടായിരം രൂപയും സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു തന്നു മനുസാർ..നല്ലൊരു മനുഷ്യൻ..
“ഹാഫ് ഡേ ലീവിന്റെ കാര്യം മാനേജറോട് ഞാൻ പറഞ്ഞോളാം നിങ്ങൾ വേഗം ഹോസ്പിറ്റലിലേക്ക് പോവാൻ നോക്കെന്നു” കൂടെ കേട്ടതോടെ അയാൾകൊരു നന്ദി പറഞ്ഞുകൊണ്ട് ഞാൻ വേഗം ചേച്ചിയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു..ടൗണിലേ പ്രമുഖ ഹോസ്പിറ്റലിലാണ്,.എങ്ങും തിരക്ക് മാത്രം..ഓട്ടോയിൽ നിന്നിറങ്ങി വേഗത്തിൽ ഡോക്ടറുടെ റൂം ലക്ഷ്യമാക്കി നടന്നു.,അപ്പോയേക്കും കയ്യിൽ പ്ലാസ്റ്ററും ഇട്ടുകൊണ്ട് മാഷും ചേച്ചിയുടെ മകനും പുറത്തേക്കിറങ്ങിയിരുന്നു…ഓടിചെന്ന് മകനെ വാരിയെടുത്ത് തുരുതുരെ ഉമ്മ വയ്ക്കുന്ന ചേച്ചിയെ കണ്ടതോടെ എന്റെയുള്ളം നിറഞ്ഞിരുന്നു..
“ബില്ലാണ്.,പെട്ടന്നുള്ള വരവായതിനാൽ വേണ്ടത്ര പൈസ കയ്യിലുണ്ടായിരുന്നില്ല,ഇനിയിപ്പോ നിങ്ങൾ വന്ന സ്ഥിതിക്ക് എനിക്ക് പോവാമല്ലോ.,ബെല്ലടിക്കാൻ ആയിക്കാണും..”
രമചേച്ചിയുടെ കയ്യിലേക്ക് ഹോസ്പിറ്റൽ ബില്ല് മാഷ് കൊടുക്കാൻ ഒരുങ്ങിയതും ഞാനത് വാങ്ങികൊണ്ട് സാറിനോട് പോകാൻ പറഞ്ഞു..ചേച്ചിയെ മകനൊപ്പം ഇരുത്തികൊണ്ട് അവന് കുടിക്കാനായി ഒരു വെള്ളകുപ്പിയും വാങ്ങി നൽകി ഞാൻ ബില്ലടയ്ക്കാനായി നടന്നു..
മുന്നിൽ ഒരു നീണ്ട നിരയുണ്ട്.,എന്റെ ഊഴം കാത്ത് ക്ഷമയോടെ വരിയിൽ നിൽക്കുന്ന സമയം.,എന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്തഥ കാണിക്കുന്നുണ്ട്.,തിരക്കുകൾ കാരണമാകും അയാൾ വാച്ചിലേക്കും മുന്നിലേ ആളിലേക്കും നോക്കി കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നു..,അയാളെ നോക്കിയിരിക്കുന്ന സമയത്താണ് പെട്ടന്ന് അയാളുടെ കയ്യിലുള്ള മൊബൈൽ ഫോൺ ബെല്ലടിച്ചത്.,
“യെസ് സർ,. എല്ലാം ഓക്കേയാണ്,.ICU വിൽ നിന്നും റൂമിലേക്ക് മാറ്റിയിട്ടുണ്ട്.,ക്രിമിനൽ കുറ്റമായതിനാൽ കേസെടുക്കേണ്ടി വരുമെന്ന് ആ ഡോക്ടർ പറഞ്ഞിരുന്നു.,അയാൾക്കും കൊടുത്തു ഇരുപതിനായിരം..ഡോക്ടർ ഹാപ്പി..മറ്റുപ്രശ്നങ്ങളൊന്നുമില്ല സർ..ബില്ലടച്ചു കഴിഞ്ഞാൽ ഞാൻ വേഗം ഇവിടന്നിറങ്ങും,.പിന്നെ അവിടെ കിടന്നു ചാവുകയാണെങ്കിൽ ചാവട്ടെ,.അതായിരിക്കും നമുക്കും നല്ലത്..”
അയാൾ ഫോൺ തിരികെ പോക്കറ്റിലേക്കിട്ടു.,പിന്നെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു,തന്റെ സംസാരം ആരെങ്കിലും കേട്ടുകാണുമോ എന്നൊരു ഭയം അയാളുടെ മുഖത്തു തെളിഞ്ഞുകാണാം..എന്തൊക്കെയോ ഒരു വശപിശക് പോലെ.,അയാളുടെ ഊഴമേത്തിയതും പോക്കറ്റിൽ നിന്നും ഒരു കെട്ട് പൈസ പുറത്തേക്കെടുത്ത് അത് ക്യാഷർക്ക് നേരെ നീട്ടി..
“ബില്ലിലുള്ള പൈസ എടുത്തേക്കു.,ബാക്കി പണം പേഷ്യന്റിനെ നോക്കാനായി ഒരു നേഴ്സിനെ ഏർപ്പാട് ചെയ്യാൻ ശ്യാം ഡോക്ടർ വിളിച്ചു പറഞ്ഞിരുന്നില്ലേ,അതിലേക്ക് വെച്ചേക്കു..ഇതെന്റെ നമ്പറാണ്..ഇനിയെന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്കാം..”
അയാൾ തിരിഞ്ഞു നടന്നു.,
കയ്യിലുള്ള ബില്ല് ക്യാഷർക്ക് കൊടുത്ത ശേഷം പണം നൽകി ബാക്കി വാങ്ങിച്ച ശേഷം ഞാനും അയാളെ പിന്തുടർന്നു പിറകെ നടന്നു..,പരിക്കുകളോടെ കിടക്കുന്നത് ആരാണെന്നറിയില്ലെങ്കിലും എന്തോ ഒരു ശക്തി എന്നെ അയാളെ പിന്തുടരാൻ ഉള്ളിൽ നിന്നും നിർബൻധിക്കുന്നത് പോലെ…സ്റ്റെപുകൾ കയറി മുകളിലേക്ക്,I C U യൂണിറ്റിന്റെ തൊട്ടപ്പുറമുള്ള റൂമിന്റെ വാതിൽ തുറന്നശേഷം അയാൾ ഉള്ളിലേക്ക് കയറി..നിമിഷങ്ങൾക്ക് ശേഷം പുറത്തേക്കും..ചുറ്റുപാടും ഒന്ന് കണ്ണോടിച്ച ശേഷം ഫോണെടുത്ത് ആർക്കോ വിളിക്കുന്നത് കണ്ടു,പതിയെ ഹോസ്പിറ്റലിനു പുറത്തേക്ക്…
അയാൾ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഞാൻ ആ റൂമിലേക്ക് നടന്നു.,ശരീരമാകെ വിറയൽ അനുഭവപ്പെടുന്നുണ്ട്,.ചുറ്റിലും ആരുമില്ലെന്ന് മനസ്സിലായതോടെ പതുക്കെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി..
ശീതീകരിച്ച റൂം കർട്ടണുകൾ കൊണ്ട് മറച്ചുവെച്ചിട്ടുണ്ട്..പതിയെ ശ്വാസമടക്കി പിടിച്ചുകൊണ്ട് ഞാനാ കർട്ടൻ നീക്കി..മുന്നിലെ ബെഡിൽ കെട്ടുകളാൽ മൂടപ്പെട്ട് കിടക്കുന്നവന്റെ മുഖം കണ്ടെന്റെ തൊണ്ടയിലേ വെള്ളം വറ്റിയത് പോലെ..എന്റെ കണ്ണുകൾ ഒന്ന് വിടർന്നിരുന്നു..
“മാർക്കോ…”
ഒരു ഞെട്ടലോടെ ഞാൻ പുറകിലേക്ക് മാറിയതും കർട്ടനിൽ കാലുടക്കി പിറകിലേക്ക് മറിഞ്ഞുവീണു.,വെപ്രാളത്തോടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി,മുന്നിലെ കസേരയിൽ വന്നിരിക്കുന്ന സമയം ഒരു തളർച്ചയെന്നേ പിടികൂടിയിരുന്നു..
എന്താണിതെല്ലാം.,മാർക്കോക്കെന്തു പറ്റി..പരിക്കുകൾ നിസ്സാരമുള്ളതല്ലെന്ന് ആ കിടത്തം കണ്ടാലറിയാം.,ക്രിമിനൽ കേസായതിനാൽ ഡോക്ടർക്ക് ഇരുപതിനായിരം രൂപ കൈക്കൂലി നൽകിയെന്നാണ് അയാൾ ഫോണിലൂടെ പറയുന്നത് കേട്ടത്..അങ്ങനെയെങ്കിൽ ആരാണിതിന്റെ പിറകിൽ..ഒന്നും മനസ്സിലാകുന്നില്ല ഈശ്വരാ..
ചിന്തകളോടെ നിലത്തേക്കും കണ്ണ് നട്ട് തളർന്നിരിക്കുന്ന സമയത്താണ് കയ്യിൽ മരുന്ന്ബോക്സുമായി ഒരു നേഴ്സ് റൂമിലേക്ക് കയറിപോകുന്നത് കണ്ടത്..മരുന്ന് നൽകി തിരികെ ഇറങ്ങുന്നത് വരെ ഞാനാ നേഴ്സിനെയും കാത്തിരുന്നു.,കുറച്ച് നേരത്തേ ഇരുത്തത്തിനൊടുവിൽ വാതിൽ തള്ളിതുറന്ന് അവർ പുറത്തേക്കിറങ്ങി..,
“ആ കിടക്കുന്നയാൾക്ക് എന്തു പറ്റിയതാ..”
ആകാംഷയോടെയുള്ള എന്റെ ചോദ്യം കെട്ടി അവരൊന്ന് നെറ്റിചുളിച്ചു..
“നിങ്ങളീ പേഷ്യന്റിന്റെ ആരാ..”
താലികൊണ്ട് ഭാര്യയാണെങ്കിലും അത് പറയാൻ തോന്നിയില്ല എനിക്കപ്പോൾ..
“അയൽവാസിയാണ്.,ഇവിടെ വന്നപ്പോ ആരോ പറയുന്നത് കെട്ടു ICU വിൽ ആയിരുന്നു എന്നൊക്കെ.,എന്താണ് പറ്റിയതെന്നറിയില്ല..”
“അതെന്തോ കുത്തുകേസ് ആണെന്നാ ഡോക്ടർ പറഞ്ഞേ..ഇന്നലെ രാത്രിയിൽ ചോരയിൽ കുളിച്ചാ ഇങ്ങോട്ടേക്ക് കൊണ്ട് വന്നെ,വയറിലും നെഞ്ചിലുമായി മൂന്ന് കുത്ത് ഏറ്റിട്ടുണ്ട്..എന്തോ ഭാഗ്യത്തിനാ ജീവൻ തിരിച്ചുകിട്ടിയേ..ഡോക്ടറുടെ അറിവിലുള്ള പേഷ്യന്റാണ്..അത്കൊണ്ട് ഒന്ന് എണീറ്റ് നടക്കുവോളം എന്നെയാണ് നോക്കാൻ ഏൽപ്പിച്ചത്..ഹാ ഓരോരുത്തൻമാർ ഇറങ്ങിക്കോളും വെറുതെ മനുഷ്യന്റെ കൈക്ക് പണിയുണ്ടാക്കാൻ..”
മുഖത്ത് അല്പം അമർഷം നിറച്ചുകൊണ്ട് ആ നേഴ്സ് നടന്നുനീങ്ങുന്നത് ഒരു നിസ്സാഹായതയോടെയാണ് ഞാൻ നോക്കി നിന്നത്…
(തുടരും….)
താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission