നെടുമ്പാശേരി എയർപോർട്ടിൽ ആഗമനത്തിന്റെ അവിടെ അച്ചുവിന്റെ അച്ഛനെ വരവേൽക്കാൻ കാത്തു നിൽക്കുമ്പോഴാണ് ,കണ്ണൻ അച്ചുവിനെ ശ്രദ്ധിച്ചത്. അവളുടെ കണ്ണുകൾ ആകാംഷയോടെ എയർപോർട്ടിന്റ അകത്തു നിന്നു ചെകൗട്ട് കഴിഞ്ഞു പുറത്തോട്ട് വരുന്ന ആളുകളുടെ മുഖത്തൊട്ടായിരുന്നു. അവൾ ആ ആളുകൾക്കിടയിൽ അവളുടെ അച്ഛനെ തിരയുകയായിരുന്നു. അകത്തു നിന്നും വരുന്ന ആളുകൾക്കിടയിൽ ട്രോളി ബാഗും വലിച്ചു പുറത്തു നിൽക്കുന്ന ആളുകൾക്കിടയിലേക്ക് കണ്ണും നട്ടു നടന്നു വരുന്ന അച്ഛനെ കണ്ടതും, അച്ചു കണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു, അച്ഛനെ കണ്ടതും ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവി അവൾ വെപ്രാളത്തോടെ അകത്തേക്ക് വിരൽ ചൂണ്ടികൊണ്ടു പറഞ്ഞു….
“കണ്ണേട്ടാ അച്ഛൻ.. അതാ എന്റെ അച്ഛൻ.. ” അച്ചുവിന്റെ കണ്ണിൽ അച്ഛനെ കണ്ട സന്തോഷത്തിന്റെ പ്രദീകമായി നിറഞ്ഞു നിൽക്കുന്ന കണ്ണുനീർ തുള്ളികൾ കണ്ട കണ്ണന് മനസ്സിലായി. അവൾ അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.. കണ്ണൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു, അകത്തു നിന്നും നടന്നു വരുന്ന അവളുടെ അച്ഛനെയും നോക്കി കണ്ണൻ, അവളേയും കൊണ്ട് കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ തിക്കിയും തിരക്കിയും മുന്നിലേക്ക് നടന്നു. അപ്പോഴേക്കും ശേഖരൻ അവിടെ കൂടി നിൽക്കുന്ന ആളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അദ്ദേഹം ആളുകൾക്കിടയിൽ അച്ചുവിനെ തിരയുമ്പോഴാണ്.. കണ്ണൻ അച്ചുവിനെയും കൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ എത്തിയത്. അവൾ ആവേശത്തോടെ നിറഞ്ഞ കണ്ണുകളോടെ ഖണ്ഡം ഇടറികൊണ്ടു ആളുകൾക്കിടയിൽ സ്വന്തം മകളെ തിരയുന്ന ആ അച്ഛനെ നോക്കിക്കൊണ്ട് വിളിച്ചു… “അച്ഛാ… എന്ന് ആ വിളികേട്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ അച്ചുവിന്റെ മുഖത്തു ഉടക്കി നിന്നു. വർഷങ്ങൾക്ക് ശേഷം മകളെ കണ്ട ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അദ്ദേഹം കയ്യിൽ പിടിച്ച ട്രോളി ബാഗിൽ നിന്നും പിടിവിട്ടു രണ്ട് കൈ കൊണ്ടും മകളുടെ മുഖം കോരിയെടുത്തു . നിറഞ്ഞ കണ്ണുകളോടെ വിറക്കുന്ന അധരങ്ങളോടെ വിളിച്ചു.. മോളേ… എന്ന്… വർഷങ്ങൾക്ക് ശേഷം അച്ഛൻ മോളേ എന്നു വിളിക്കുന്നത് കേട്ട അച്ചു ഒരു കരച്ചിലോടെ ആ നെഞ്ചിലൊട്ടു വീണു കരഞ്ഞു. നെഞ്ചിൽ ചാഞ്ഞു നിന്നു കരയുന്ന അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് കണ്ണീരു വീണു നനഞ്ഞ അധരങ്ങൾ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു കൊണ്ട് ശേഖരൻ അവളെ ഒന്നും കൂടി മാറോട് അണച്ചു പിടിച്ചു. മകളുടെ കരച്ചിലും സ്നേഹവും കണ്ട ആ അച്ഛന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിന്നു. ഈശ്വരാ ഈ മോളെയാണോ ഇത്രയും കാലം ഞാൻ മാറ്റി നിർത്തയതെന്നു ആലോചിച്ച് ചിന്തിച്ചു കൊണ്ട്. ശേഖരൻ അച്ചുവിന്റെ മുഖം പിടിച്ചുയർത്തി അവളുടെ മുഖത്തെ കണ്ണീര് തുടച്ചു, അവളെ ചേർത്തു പിടിച്ചു നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് കണ്ണന് കൈ കൊടുത്തു. കണ്ണൻ ശേഖരന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. ശേഖരൻ കണ്ണനെ പിടിച്ചെഴുന്നേല്പിച്ചു തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
“സുഖല്ലേ മോനേ..?” കണ്ണൻ പുഞ്ചിരിയോടെ തലയാട്ടി. അയാൾ അച്ചുവിനെയും ചേർത്തു പിടിച്ചു പുറത്തോട്ട് നടന്നു. കണ്ണൻ അവരുടെ കൂടെ ട്രോളി ബാഗും വലിച്ചു നടന്നു കൊണ്ട് ചോദിച്ചു…
“അച്ചൂ.. നിങ്ങൾ ഇവിടെ നിന്നോളൂ ഞാൻ കാറ് എടുത്തോണ്ട് വരാം…”
“വേണ്ട മോനേ.. ലഗേജ് ഒന്നും ഇല്ലല്ലോ നമുക്ക് കാറിന്റെ അടുത്തോട്ട് പോകാം…” പിന്നെ കണ്ണൻ അശ്വതിയെ അച്ചൂ എന്ന് വിളിക്കുന്നത് കേട്ട ശേഖരൻ അച്ചുവിനെ ചേർത്തു പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
“മോൾക്കാരാ അച്ചൂന്ന് പേരിട്ടത്..?” അതു ചോദിക്കുമ്പോൾ ആ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു. കാരണം അയാൾ ഒരിക്കലും അവളെ അങ്ങനെ വിളിച്ചിട്ടില്ലായിരുന്നു. സ്വന്തം മകളുടെ വളർച്ചയും സ്നേഹവും അയാൾ മനസ്സിലാക്കിയിട്ടില്ലായിരുന്നു…
“അത് അപ്പുവാണച്ചാ.. കണ്ണേട്ടന്റെ പെങ്ങൾ… അവളാണ് എനിക്ക് അച്ചൂ എന്ന് പേരിട്ടത്. ഇപ്പൊ എന്നെ ആരും അശ്വതി എന്ന് വിളിക്കാറില്ല.. എനിക്കിപ്പോ അശ്വതി എന്ന പേരിനെക്കാളും ഇഷ്ട്ടം അച്ചൂ എന്ന പേരിനോടാ.. അവളുടെ സ്നേഹത്തോടെ ഉള്ള അച്ചൂ എന്ന വിളിയാണച്ചാ. ഏകാന്തതയിൽ മനസ്സു മരവിച്ചു ജീവിതം മടുത്തു കഴിഞ്ഞിരുന്ന എന്നെ ജീവിതത്തിലോട്ടു തിരിച്ചു കൊണ്ട് വന്നത്…” അതു പറയുമ്പോൾ അച്ചുവിന്റെ വാക്കുകൾ വികാരഭരിതമായി ഇടറി മുറിയുന്നുണ്ടായിരുന്നു. അത് മനസ്സിലായ ശേഖരന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു…
“മോളേ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് അച്ഛൻ. നിന്നെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഞാൻ ശ്രമിച്ചിട്ടില്ല. തിരുത്താൻ പറ്റാത്ത തെറ്റാണ് അച്ഛൻ ചെയ്തതന്ന് അച്ഛനറിയാം. ഒരു പക്ഷെ നിന്നെ മോളേ എന്നു വിളിക്കാൻ പോലും അര്ഹതയില്ലാത്ത ഒരച്ഛനാണ് ഞാൻ. മോളോട് ചെയ്ത തെറ്റിനെല്ലാം മോള് അച്ഛനോട് പൊറുക്കണം..” അതു കേട്ടതും അച്ചു ഒരു കരച്ചിലോടെ അച്ഛന്റെ വാ പൊത്തികൊണ്ടു പറഞ്ഞു…
“അയ്യോ അരുത്.. അച്ഛൻ എന്നോട് അങ്ങനെയൊന്നും പറയരുത്.. എന്റെ അച്ഛൻ എന്റെ മുന്നിൽ ഒരു തെറ്റുകാരനെ പോലെ തല കുനിച്ചു നിൽക്കുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതു എനിക്ക് സഹിക്കില്ല്യ… ഇനിയും എന്നെ വേദനിപ്പിക്കല്ലേ അച്ഛാ…” അതും പറഞ്ഞു അച്ചു ഒരു കരച്ചിലോടെ ശേഖരനെ കെട്ടി പിടിച്ചു.. അദ്ദേഹം. അവളുടെ നെറുകയിൽ തലോടി സമാധാനിപ്പിച്ചു.. പിന്നെ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ചേർത്തു പിടിച്ചു കൊണ്ട് കണ്ണനോട് പറഞ്ഞു..
“കേട്ടോ മോനേ.. ഒരുപാട് കാലത്തിന് ശേഷം ഇവളെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് എന്റെ മോളേ മനസ്സിലായില്ല. എങ്ങനെ മനസ്സിലാവും ? വല്ലപ്പോഴും മകളെ വന്നു കണ്ടു, അടുത്തിരുത്തി സ്നേഹിച്ചാലല്ലേ മകളുടെ വളർച്ചയും സ്നേഹവും എല്ലാം സമ്പാദിക്കാൻ പറ്റൂ. സ്റ്റാറ്റസും പണവും സമ്പാദിക്കുന്നതിനിടയിൽ മകളുടെ സ്നേഹം സമ്പാദിക്കാൻ ഞാൻ മറന്നു പോയി. ഇപ്പൊ എനിക്ക് മനസ്സിലായി. ഞാൻ സമ്പാദിച്ച പണത്തിനെക്കാളും സ്റ്റാറ്റസിനേക്കാളും വിലയുണ്ട് എന്റെ മോളുടെ സ്നേഹത്തിനെന്നു..”
“എനിക്കറിയാം അച്ഛാ എല്ലാം. എനിക്ക് മനസ്സിലാവും അച്ഛൻ ഇപ്പോൾ അനുഭവിക്കുന്ന വേദന. എല്ലാം മറന്നു അച്ഛനും അമ്മയും വന്നല്ലോ ഞങ്ങളെ അനുഗ്രഹിക്കാൻ. അതു മതി ഞങ്ങൾക്ക് സന്തോഷായി… “
“പിന്നെ എന്റെ മക്കളെ അനുഗ്രഹിക്കാൻ ഞാൻ വരാണ്ടിരിക്കോ.. സത്യത്തിൽ ഇത്രയും കാലം ഞാൻ ഒരു സ്വപ്നലോകത്തായിരുന്നു. അവിടെ ഇവളും ഇവളുടെ അമ്മയും ഒന്നും ഇല്ലായിരുന്നു.. അവിടെ നിന്നും എന്നെ ഉണർത്തി എന്റെ കണ്ണ് തുറപ്പിച്ചത് ഇവളാണ്.. തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട് ഞാൻ, ഇവളോടും ഇവളുടെ അമ്മയോടും. എന്റെ സുഖത്തിന് വേണ്ടി ഞാൻ ഇവളെയും ഇവളുടെ അമ്മയെയും ജീവിതത്തിൽ നിന്നും ഒഴിവാക്കി. അതിനെല്ലാം എനിക്ക് പ്രായശ്ചിത്തം ചെയ്യണം…” അതു കേട്ടതും അച്ചുവിന്റെ മനസ്സിൽ അച്ഛനും അമ്മയും ഒന്നിക്കും എന്ന പ്രതീക്ഷ വീണ്ടും വളർന്നു. കണ്ണൻ അവരെയും കൂട്ടി വീട്ടിലോട്ട് പൊന്നു..
ശിവരാമൻ നായരും ദിവാകരനും മുറ്റത്ത് കതിർമണ്ഡപത്തിന് സ്റ്റേജ് കെട്ടുന്ന കാർത്തികേയനോട് ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്. കാർത്തികേയൻ ശിവരാമൻ നായരോട് ചോദിച്ചത്..
“ശിവേട്ടാ അധികം ഉയരം വേണ്ടല്ലോ. രണ്ട് സ്റ്റപ്പിന്റെ ഉയരം പോരേ…?”
“മതി അതു മതി. അതാണ് അതിന്റെ കണക്ക് വലത്ത്, ഇടത്ത് ,വലത്ത്. അങ്ങനെയാണ് കണക്ക്…”
“താലികെട്ട് ഇവിടെ വച്ചാണോ അതോ അമ്പലത്തിലോ…?”
“താലികെട്ട് അമ്പലത്തിൽ വെച്ച്.. ബാക്കിയെല്ലാ ചടങ്ങും ഇവിടെ വെച്ച്. പിന്നെ കാർത്തികേയാ… റൊട്ടിൽ നിന്നും പടിപുരവരെ ലൈറ്റ് കൊടുക്കണം കെട്ടോ അതു പോലെ വീടിന്റെയും പത്തായ പുരയുടെയും ചുറ്റും ലൈറ്റ് കൊടുക്കണം…
“അതൊക്കെ കൊടുക്കുന്നുണ്ട്. എല്ലാ ലൈറ്റും നാളെ വൈകിട്ട് ഞാൻ തെളിയിച്ചിരിക്കും. അതൊക്കെ എനിക്ക് വിട്ടേക്കൂ..” കാർത്തികേയൻ ചിരിച്ചു കൊണ്ട് പറഞ്ഞു… അപ്പോഴാണ് ദിവാകരൻ ചോദിച്ചത്..
“ഏട്ടാ, മണ്ഡപത്തിലോട്ടുള്ള പറയും നിലവിളക്കുകളും താലവും എല്ലാം എടുക്കണ്ടേ…?”
“അതൊക്കെ ഇവിടെ മച്ചിൽ ഒരുപാട് ഇരിപ്പുണ്ട്…” അപ്പോഴാണ് ലക്ഷ്മിയമ്മയും മാലതിയും രേവതിയും അങ്ങോട്ട് വന്നത്..
“ലക്ഷ്മി.. നീ മാലതിയെയും രമണിയെയും കൂട്ടി മച്ചിന്റെ മുകളിൽ നിന്നും മണ്ഡപത്തിലോട്ടു വേണ്ട നിലവിലക്കുകളും പറയും താലവുമെല്ലാം എടുത്ത് ഒന്നു തേച്ചു വൃത്തിയാക്കി വെക്കൂ. എല്ലാം ക്ലാവ് പിടിച്ചു ഇരിക്കുവായിരിക്കും” .
“ഏതൊക്കെ വിളക്കാണ് എടുക്കേണ്ടത്…?”
“പൂജക്കും വേണ്ടി സാധാ നിലവിളക്ക് ഒന്നും. പിന്നെ സരസ്വതി വിളക്ക്, ലക്ഷ്മി വിളക്ക്, പിന്നെ അലങ്കാരത്തിനായി മയിൽ ശിലയുള്ള വലിയ വിളക്കും, മൂന്ന് സാധാ വലിയ നിലവിളക്കും എടുത്തോളൂ.. ശരിക്കും പൂജക്ക് സാധാ ഒരു നിലവിളക്ക് മതി.. ബാക്കി എല്ലാ വിളക്കും അലങ്കാരത്തിനാണ്….”
“വലിയ വിളക്കുകളൊന്നും ഞങ്ങൾക്കാർക്കും പൊങ്ങില്ല. കണ്ണൻ വരട്ടെ എന്നിട്ടെടുക്കാം…”
“മതി.. അവൻ വന്നിട്ട് എടുത്താൽ മതി… നീ വിളിച്ചിരുന്നോ കണ്ണന് .അവർ എയർപോർട്ടിൽ നിന്നും പൊന്നോ…?”
“ആ വിളിച്ചിരുന്നു.. അവർ ഇവിടെ എത്താറായെന്ന് പറഞ്ഞു…” അപ്പോഴാണ് മാലതി മുറ്റത്തെ മൊത്തം പന്തലിലേക്കും നോക്കി പറഞ്ഞത്…
“മുറ്റത്ത് മൊത്തം പന്തല് നിറഞ്ഞപ്പോൾ ആകെ മൊത്തം ഇരുട്ടായപോലെ…” അതു ശരിവെച്ചു എല്ലാവരും പന്തല് മൊത്തം ഒന്നു വീക്ഷിച്ചു… അപ്പോഴാണ് അപ്പുവും കാർത്തികയും അങ്ങോട്ട് വന്നത്. അപ്പു ശിവരാമൻ നായരോട് പറഞ്ഞു…
“അച്ഛാ ,എന്താ ഏട്ടനെയും അച്ചുവിനെയും ഒന്നും കാണാത്തെ, പോയിട്ട് എത്ര നേരമായി, അച്ചു ഇവിടെയില്ലാഞ്ഞിട്ടു ഒരു സുഖവും ഇല്ല്യാ എനിക്ക്…”
“മോൾക്കും പൊക്കൂടാർന്നോ അവരുടെ കൂടെ…”അതു കേട്ട അപ്പു പരിഭവത്തോടെ പറഞ്ഞു…
“ഞാൻ പോകാൻ നിന്നതാ. പക്ഷെ ഏട്ടൻ വരണ്ടാന്ന് പറഞ്ഞു.. ഞാൻ കൂടെ ഉണ്ടങ്കിൽ ഏട്ടന് സ്വസ്ഥത കൊടുക്കില്ലത്രേ…”
“ആ അതു അവൻ പറഞ്ഞത് ശരിയാണ്. നീ കൂടെ ഉണ്ടങ്കിൽ അവന് നിന്നോട് തല്ല് കൂടാനെ സമയം കാണൂ..” ലക്ഷ്മിയമ്മ അപ്പുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു .അതു കേട്ട മറ്റുള്ള എല്ലാവരും ചിരിച്ചു. അതു കണ്ടപ്പോൾ അപ്പുവിന്റെ മുഖത്തെ പരിഭവം ഒന്നും കൂടി മുറുകി. അവൾ അമ്മയെ തുറിച്ചു നോക്കി… അപ്പോഴാണ് അങ്ങോട്ട് സദ്യ വട്ടത്തിന് കലവറയിലേക്കുള്ള പാത്രങ്ങളും ഉരുളികളുമായി ഒരു വണ്ടി വന്നത്. വണ്ടിയിൽ അരവിന്ദാക്ഷനും ഉണ്ടായിരുന്നു..
“അരവിന്ദാ.. എന്താ ഇവിടെ നിർത്തിയത് കലവറയിലല്ലേ ഇറക്കി വെക്കുന്നത്..?”
“അതേ… പാത്രങ്ങൾ ഇറക്കാൻ രണ്ടാളും കൂടി വേണമായിരുന്നു. കണ്ണനും അനിലും എവിടെ ? ഒന്നു വിളിക്കൂ”.
“കണ്ണൻ ഇവിടെയില്ല്യ .എയർപോർട്ടിൽ പോയിരിക്ക്യ. അനികുട്ടനെ വിളിക്കാം.. ദിവാകരാ അനികുട്ടനോട് ഇതൊക്കെ ഇറക്കി വെക്കാൻ അരവിന്ദാക്ഷനെ ഒന്നു സഹായിക്കാൻ പറയൂ..”
“അവനും ഇവിടെയില്ല്യ .എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്ക്യ. ഞാൻ കൂടാം. അരവിന്ദേട്ടാ വരൂ നമുക്കിറക്കി വെക്കാം..”
“നമ്മൾ രണ്ടാളെ കൊണ്ടൊന്നും ഇറക്കി വെക്കാൻ പറ്റില്ല്യ. ഒരാളും കൂടി വേണം.. എല്ലാം നല്ല കനമുള്ള പാത്രങ്ങളും വാർപ്പും ഉരുളിയുമൊക്കെയാ..”
“അതൊക്കെ നമുക്ക് ശരിയാക്കാം.. രാമേട്ടൻ കലവറയിൽ വിറക് വെട്ടുന്നുണ്ട്.. അയാളെയും കൂട്ടാം അതു പോരേ…?”
“മതി ധാരാളം… “ദിവാകരനും അരവിന്ദാക്ഷനും രാമനും കൂടി പാത്രങ്ങളെല്ലാം കലവറയിൽ ഇറക്കി വെച്ചു വീണ്ടും ഉമ്മറത്തേക്ക് വന്നു. നാളെ രാവിലെ വരാമെന്നും പറഞ്ഞു അരവിന്ദാക്ഷൻ പോയി.. അപ്പോഴാണ് കണ്ണൻ എയർപോർട്ടിൽ നിന്നും കാറും കൊണ്ട് അങ്ങോട്ട് വന്നത്…
കാറിൽ നിന്നും ഇറങ്ങിയ ശേഖരനെ കണ്ടതും ,ശിവരാമൻ നായരും ദിവാകരനും ബാക്കിയുള്ള എല്ലാവരും ശേഖരന്റെ അടുത്തോട്ട് ചെന്നു.. രേവതിയും മടിച്ചു മടിച്ചു അവരുടെ കൂടെ ചെന്നു. കാറിൽ നിന്നും ഇറങ്ങിയ ശേഖരനെ രേവതി കണ്ടതും ,ശേഖരൻ അവരുടെ കഴുത്തിൽ താലികെട്ടിയതും, അന്നത്തെ അവരുടെ സ്നേഹത്തോടെയുള്ള ജീവിതവും, അച്ചുവിന്റെ ജനനവും, എല്ലാം ഓർമ വന്നു. രേവതി അറിയാതെ കഴുത്തിൽ ശേഖരൻ കെട്ടിയ താലിയിൽ പിടിച്ചു. അവരുടെ മനസ്സ് വല്ലാതെ വേദനിക്കുന്ന പോലെ അവർക്ക് തോന്നി. ശേഖരൻ രേവതിയെ കണ്ടതും ആ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. രേവതിയുടെ പഴയ ശേഖരേട്ടാ എന്ന വിളി അയാൾക്ക് ഓർമ വന്നു. അവളുടെ പഴയ ഊർജ്വസ്വലമായ മുഖമെല്ലാം മാറി മുഖത്തു വിഷാദം നിറഞ്ഞ പോലെ തോന്നി. ശേഖരൻ രേവതിക്ക് വിഷാദം നിറഞ്ഞ ചിരി സമ്മാനിച്ചു. ആ ചിരിയിൽ വല്ലാത്ത ഒരു വേദന ഉള്ള പോലെ രേവതിക്ക് തോന്നി. ശേഖരേട്ടനെ പ്രായം വല്ലാതെ ക്ഷീണിപ്പിച്ച പോലെ തോന്നി രേവതിക്ക്. മുഖത്തെ പഴയ ആ പ്രൗഢിയെല്ലാം മാഞ്ഞിരിക്കുന്നു. തലയിലെ മുടിയിലെല്ലാം നര വീണിരിക്കുന്നു…
കാറിൽ നിന്നും ഇറങ്ങിയ ശേഖരനെ ശിവരാമൻ നായർ പുഞ്ചിരിയോടെ കൈ കൊടുത്തു അകത്തേക്ക് കൊണ്ടു പോയി, പടിഞ്ഞാറ്റിനി കോലായിലെ സെറ്റിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു…
“യാത്രയൊക്കെ സുഖായിരുന്നോ…?”
“സുഖം.. രണ്ട് മൂന്ന് സ്ഥലത്ത് ഇറങ്ങി കയറിയല്ലേ വരുന്നത്. അതു കൊണ്ട് വല്ലാതെ ക്ഷീണമില്ല… പന്തലിന്റെ പണിയെല്ലാം കഴിഞ്ഞോ…?”
“ആ ഒരു വിധം കഴിഞ്ഞു. ഇനി മണ്ഡപത്തിന്റെ പണിയും അല്ലറ ചില്ലറ ഒരുക്കാം കൂടി കുറച്ചു ബാക്കിയുണ്ട്…”
“ഞാൻ ശിവേട്ടന് ഇത്രയും പ്രായം പ്രതീക്ഷിച്ചില്ല, ഞാൻ എന്റെ പ്രായമായിരിക്കുമെന്നാ വിചാരിച്ചത്. അതു കൊണ്ടാ ഞാൻ ശിവരാമൻ നായർ എന്നൊക്കെ വിളിച്ചത്, ക്ഷമിക്കണം..”
“ഏയ് അതൊന്നും കുഴപ്പമില്ല. എങ്ങനെ വിളിച്ചാലും എന്താ, എല്ലാത്തിലും സ്നേഹം മാത്രമല്ലേ ഉള്ളൂ.. ഇനി മുതൽ നമ്മൾ ഒരു വീട്ടുകാരല്ലേ.. ശേഖരൻ ഒരു കാര്യം ചെയ്യൂ, എട്ടാന്ന് വിളിച്ചോളൂ. ഇവരെല്ലാവരും എന്നെ അങ്ങനെയല്ലേ വിളിക്കുന്നത്…” അതു കേട്ടതും ശേഖരൻ നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു.. പിന്നെ ദിവാകരനെയും മറ്റുള്ളവരെയും നോക്കി കൊണ്ട് പറഞ്ഞു.
“എനിക്ക് ആരെയും പരിചയമില്ല അതാണ് ഞാൻ..” അതു കേട്ടതും ശിവരാമൻ നായർ ദിവാകരനെ ചൂണ്ടി പറഞ്ഞു…
“ഇത് അളിയനാണ് .പെങ്ങളുടെ ഭർത്താവ്..” അതു കേട്ടതും ശേഖരൻ ദിവാകരന് കൈ കൊടുത്തു കുശലാന്വേഷണം നടത്തി.. പിന്നെ ലക്ഷ്മിയമ്മയെയും മാലതിയെയും, ഓരോരുത്തരെയായി ശിവരാമൻ നായർ ശേഖരന് പരിചയപ്പെടുത്തി. അവരെല്ലാം ശേഖരനോട് കുശലാന്വേഷണം നടത്തി..
അച്ചു എല്ലാവരുടെ അടുത്തു നിന്നും വിട്ട് അടുക്കളയിൽ പോയി നിൽക്കുന്ന രേവതിയുടെ അടുത്തു ചെന്നു .ആ കൈകളിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു…
“അമ്മാ, അച്ഛന് സുഖാണോന്ന് ചോദിക്കമ്മേ .. എന്റെ അമ്മയല്ലേ…” മകളുടെ ആ വാക്കുകൾക്ക് മുന്നിൽ ആ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു… “അച്ഛൻ ഒരുപാട് മാറിയമ്മേ…അച്ഛന് പറ്റിയ തെറ്റുകളെല്ലാം എന്നോട് ഏറ്റു പറഞ്ഞു കരഞ്ഞു. അതു കണ്ടപ്പോൾ ഞാൻ തളർന്നു പോയി.. അമ്മ എല്ലാം മറന്നു അച്ഛനോട് സംസാരിക്ക്. എനിക്ക് വേണ്ടി, എന്റ അമ്മയല്ലേ.. എനിക്ക് നിങ്ങളെ രണ്ടാളെയും വേണം..” അപ്പോഴേക്കും അങ്ങോട്ട് ലക്ഷ്മിയമ്മയും മാലതിയും അപ്പുവും അങ്ങോട്ട് വന്നു.ലക്ഷ്മിയമ്മ മനസ്സ് തകർന്നു നിൽക്കുന്ന രേവതിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു…
“രേവതീ ചെല്ലൂ.. ശേഖരനോട് പോയി സംസാരിക്കൂ.. എന്തിനാ ഇനിയും നിങ്ങൾ ഈ ദേഷ്യവും വാശിയും എല്ലാം കൊണ്ട് നടക്കുന്നത്. ബന്ധം വേർ പിരിഞ്ഞൂ എന്നു വെച്ചു നിങ്ങളുടെ രണ്ടാളുടെയും രക്തത്തിൽ പിറന്ന ഇവളുടെ വിഷമം നിങ്ങൾ കാണാതിരിക്കരുത്. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം നിനക്ക് ഇപ്പോഴും ശേഖരനെ ഇഷ്ട്ടമാണെന്ന്. അതിന്റെ ഒരു തെളിവാണ് നീ ഇപ്പോഴും കഴുത്തിൽ ഇട്ട് കൊണ്ട് നടക്കുന്ന ഈ താലി…” അപ്പോഴാണ് മാലതി പറഞ്ഞത്…
“മറ്റന്നാൾ നിങ്ങളുടെ മകൾ ഒരു വിവാഹ ജീവിതത്തിലോട്ടു കാലെടുത്തു വെക്കുകയാ. അവളെ ഒരിക്കലും നിറഞ്ഞ കണ്ണുകളോടെ നിങ്ങൾ യാത്രയാക്കരുത്. നിറഞ്ഞ മനസ്സോടെ വേണം യാത്രയാക്കാൻ അതിന് നിങ്ങൾ ഒരുമിക്കണം. അതു കൊണ്ട് ചെല്ലു , ചേച്ചി ചേട്ടനോട് പോയി സംസാരിക്കൂ…” അതു കേട്ടതും അച്ചു രേവതിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
“അമ്മ വാ. എന്റെ പൊന്നമ്മയല്ലേ.. വാ..”അതും പറഞ്ഞു രേവതിയേയും കൊണ്ട് അച്ചു ശേഖരനും ദിവാകരനും ശിവരാമൻ നായരും ഇരിക്കുന്നിടത്തോട്ട് പോയി. കൂടെ പോകാൻ നിന്ന അപ്പുവിനെ മാലതി പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു..
“നീ എവിടെ പോകുന്നു..?”
“അച്ചൂന്റെ കൂടെ. അവളുടെ അച്ഛന്റെ അടുത്തോട്ട്…”
“അങ്ങനെ ഇപ്പൊ പോകണ്ട ഇവിടെ നിൽക്ക്.. അവർ അച്ഛനും അമ്മയും മകളും സംസാരിക്കുന്നിടത്തു നിനക്കെന്താ കാര്യം… പെണ്ണിന് ഒരു ബോധവും പോക്കണവും ഇല്ല, പന പോലെ കുറേ വലുപ്പം ഉണ്ടെന്നല്ലാതെ..” അതും പറഞ്ഞു അപ്പുവിനെ മാലതി അവിടെ പിടിച്ചു നിർത്തി…. രേവതിയെ കണ്ടതും ശിവരാമൻ നായർ പറഞ്ഞു.
“എന്നാ നിങ്ങൾ സംസാരിക്കൂ. മോളേ അച്ചൂ.. അച്ഛന് കുടിക്കാൻ സംഭാരം കൊടുക്കൂ…” അതും പറഞ്ഞു ശിവരാമൻ നായരും ദിവാകരനും ഉമ്മറത്തേക്ക് പോയി.എല്ലാവരും അറിഞ്ഞു കൊണ്ട് ശേഖരനും രേവതിക്കും സംസാരിക്കാൻ മാറിനിന്നു കൊടുത്തു .ഇപ്പൊ ആ അകത്തളത്തിൽ അവർ അച്ഛനും അമ്മയും മകളും മാത്രം. തല കുമ്പിട്ടു അച്ചുവിന്റെ കയ്യും പിടിച്ചു നിൽക്കുന്ന രേവതിയെ നോക്കി ശേഖരൻ വിഷാദം നിറഞ്ഞ മുഖത്തോടെ ചോദിച്ചു…
“സുഖാണോ രേവതീ നിനക്ക്… ?” ആ സ്വരം കേട്ടതും രേവതിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.ആ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണീര് നിലത്ത് വീണു ചിന്നി ചിതറി.അതു കണ്ടതും അച്ചുവിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.അവൾ അമ്മയോട് പറഞ്ഞു…
“അമ്മാ അച്ഛൻ ചോദിച്ചത് കേട്ടില്ലേ അമ്മക്ക് സുഖാണോ എന്ന്…?”അതു കേട്ടതും വിഷമം കടിച്ചു പിടിച്ചു കൊണ്ട് ആ മുഖത്ത് നോക്കാതെ രേവതി പറഞ്ഞു…
“സുഖം.. ശേഖരേട്ടന് സുഖല്ലേ…?” രേവതിയുടെ ഏട്ടാ എന്നുള്ള വിളി കേട്ടതും ശേഖരന്റെയും കണ്ണു നിറഞ്ഞു…
“ആ സുഖം. പിന്നെ പ്രായമൊക്കെയായില്ലേ അതിന്റെ കുറേ വയ്യായികളെല്ലാം ഉണ്ട്…” പിന്നെ കുറച്ചു നേരത്തെ മൗനത്തിന് ശേഷം ശേഖരൻ വിഷാദം നിറഞ്ഞ ഒരു ചിരിയോടെ ഉള്ള് പിടഞ്ഞു കൊണ്ട് ചോദിച്ചു… “നമ്മുടെ മോളുടെ വിവാഹം വരെ കാത്തിരിക്കേണ്ടി വന്നു നമുക്ക് ഇങ്ങനെ ഒന്നു മിണ്ടാൻ അല്ലെ രേവതി..” അതു കേട്ടതും അച്ചു രണ്ടാളുടെയും കൈ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു…
“എനിക്ക് നിങ്ങളെ രണ്ടാളെയും വേണം. എന്റെ അച്ഛനും അമ്മയും ഇനി എന്നെ വിട്ട് പോകരുത്. എനിക്കും വേണ്ടി നിങ്ങൾ ഒരുമിക്കണം ഇപ്പൊ .എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി എന്നെ ഒരുമിച്ചു നിന്നു അനുഗ്രഹിച്ചു കണ്ണേട്ടന്റെ കയ്യിൽ ഏൽപ്പിക്കണം. ഇത്രയും കാലം ഞാൻ നിങ്ങളോട് രണ്ടാളോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ അവസാനത്തെയും ആദ്യത്തെയും ആഗ്രഹമാണിത്…” മകളുടെ ഉള്ളുരുകിയുള്ള വാക്കുകൾ കേട്ടതും അവരുടെ രണ്ടാളുടെയും മനസ്സ് പിടയുന്നുണ്ടായിരുന്നു. പക്ഷെ അവർ രണ്ടാളും അവളുടെ മുഖത്തോട്ട് നോക്കി നിക്കുകയല്ലാതെ ഒന്നും മിണ്ടുന്നില്ലായിരുന്നു. അതു കണ്ട അച്ചു ഉമ്മറത്ത് പോയി. ശിവരാമൻ നായരെയും ദിവാകരനെയും കൂട്ടി വിളിച്ചോണ്ട് വന്നു ശിവരാമൻ നായരുടെ കയ്യിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ കരഞ്ഞു കൊണ്ട് പറഞ്ഞു…
“അച്ഛാ. ഒന്നു പറ അച്ഛനോടും അമ്മയോടും ഒരുമിക്കാൻ”. അതു പറയുമ്പോൾ അച്ചുവിന്റെ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ തൂവിയിരുന്നു. അതു കണ്ട ശിവരാമൻ നായരുടെയും കണ്ണു നിറഞ്ഞു… അദ്ദേഹം അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
“ശേഖരാ… രേവതീ… എന്തിനാണ് ഇനിയും നിങ്ങൾ ഇങ്ങനെ പിരിഞ്ഞു കഴിയുന്നത്. ഇനിയെങ്കിലും നിങ്ങൾക്ക് എല്ലാം മറന്നു ഒരുമിച്ചു ജീവിച്ചു കൂടെ. എന്തിനാ ഇനിയും നിങ്ങൾ രണ്ടാളും ഇവളെ ഇങ്ങനെ കരയിപ്പിക്കുന്നത് ? മറക്കാനും പൊറുക്കാനും പറ്റാത്ത ഒരു തെറ്റുമില്ല ഈ ഭൂമിയിൽ.. നാളെയും കൂടി കഴിഞ്ഞാൽ നിങ്ങളുടെ മോളുടെ വിവാഹമാണ്. കരഞ്ഞു കൊണ്ട് നിങ്ങൾ ഇവളെ താലി കെട്ടാൻ കൊണ്ട് നിർത്തരുത്. അതു നിങ്ങൾ ഇവളോട് ചെയ്യുന്ന പൊറുക്കാൻ പറ്റാത്ത തെറ്റാണ്. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയേ ഇത്രയും കാലം നിങ്ങൾ പിരിഞ്ഞു ജീവിച്ചിട്ടു എന്തു നേടിയെന്ന്. ഒന്നും നേടിയില്ല. കുറച്ചു വേദന മാത്രമല്ലാതെ.. ഈ കുഞ്ഞു നിങ്ങൾ ഒരുമിക്കുന്നത് കാണാൻ എത്ര ആഗ്രഹിക്കുന്നണ്ടന്നറിയോ. നിങ്ങളെ ആലോചിച്ചു ഒരു ദിവസം പോലും ഇവള് കരയാതിരുന്നിട്ടില്ല.. അതു മറക്കണ്ടാ നിങ്ങൾ. ഇനിയും നിങ്ങൾ ഈ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിച്ചാൽ ഈശ്വരന്മാര് പോലും നിങ്ങളോട് പൊറുക്കില്ല. നിങ്ങളുടെ രണ്ടാളുടെയും ഏട്ടന്റെ സ്ഥാനത്ത് നിന്ന് ഞാൻ പറയാണ്. ഇവൾക്കു വേണ്ടി നിങ്ങൾ ഒരുമിക്കണം. ഒരുമിച്ചു ജീവിക്കണം…” ആ വാക്കുകൾ ശേഖരന്റെയും രേവതിയുടെയും മനസ്സിൽ ആഴത്തിൽ കൊണ്ടു .അവരുടെ രണ്ടാളുടെയും മനസ്സ് വിങ്ങി പൊട്ടി… അവർ രണ്ടാളും അച്ചുവിന്റെ മുഖത്തോട്ട് വിഷമത്തോടെ നോക്കി. അതു കണ്ട അച്ചു ശേഖരന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു കരഞ്ഞു കൊണ്ട് പറഞ്ഞു…
“എന്നെ വിട്ട് പോവല്ലേ അച്ഛാ രണ്ടാളും, എനിക്കെന്റെ അച്ഛനെയും അമ്മയെയും വേണം”. അതു കേട്ടതും ശേഖരന്റെ കണ്ണു നിറഞ്ഞു അയാൾ അച്ചുവിനെ മാറോട് അണച്ചു പിടിച്ചു കൊണ്ട് പറഞ്ഞു…
“ഇല്ല .അച്ഛൻ പോവില്ല. മോളേ വിട്ട് ഇനി അച്ഛൻ എവിടേക്കും പോകില്ല. എനിക്ക് ഒരു പരിഭവവും ഇല്ല നിന്റെ അമ്മയോട്..” അതു കേട്ടതും അച്ചു ആ കവിളിൽ ചുണ്ടമർത്തി കെട്ടിപിടിച്ചു… അതു കണ്ട ശിവരാമൻ നായർ രേവതിയോട് പറഞ്ഞു…
“എന്താ രേവതി എല്ലാം പൊറുക്കാൻ നീയും തയ്യാറല്ലെ.. നിങ്ങൾ ഒന്നിച്ചാൽ നടക്കാൻ പോകുന്ന വിവാഹത്തിനെക്കാളും വലിയ സന്തോഷമാണിത്”. അതു കേട്ട രേവതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അതു കണ്ട അച്ചു ശേഖരന്റെ നെഞ്ചിൽ നിന്നും അടർന്ന് മാറി രേവതിയുടെ അടുത്തു ചെന്നു ആ മാറോട് ചേർന്നു നിന്നു പറഞ്ഞു…
“പറ അമ്മാ, അച്ഛന്റെ കൂടെ ഇനിയുള്ളകാലം ജീവിച്ചോളാം എന്ന്. എന്റെ പൊന്നമ്മയല്ലേ…?” അതു കേട്ടതും രേവതി അച്ചുവിനെ മാറോട് അണച്ചു പിടിച്ചു ആ നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു..
“എന്റെ മോൾക്കും വേണ്ടി അമ്മ എല്ലാം പൊറുക്കാം. എന്റെ മോളേ ഇനിയും എനിക്ക് കരയിപ്പിക്കാൻ വയ്യ..” അതു കേട്ടതും അച്ചു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അതു കണ്ടതും നിറഞ്ഞ മനസ്സോടെ ശിവരാമൻ നായർ, അടുക്കള വാതിൽക്കൽ എല്ലാം കണ്ടു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ലക്ഷിമിയമ്മയെയും മറ്റുള്ളവരെയും അങ്ങോട്ട് വിളിച്ചു… എന്നിട്ട് ലക്ഷ്മിയമ്മയോട് പറഞ്ഞു…
“ലക്ഷ്മീ… ആ സിന്ദൂരം ഇങ്ങോട്ടെടുക്കാ.. ദിവാകരാ കണ്ണനെ ഇങ്ങോട്ട് വിളിക്ക്യാ.. “അതു കേട്ടതും നിറഞ്ഞമനസ്സോടെ ലക്ഷ്മിയമ്മ സിന്ദൂരം എടുത്തോണ്ട് വന്നു. അപ്പോഴേക്കും കണ്ണനും അങ്ങോട്ട് വന്നു… എല്ലാവരും നോക്കി നിൽക്കെ ശിവരാമൻ നായർ ശേഖരനെയും രേവതിയേയും കൊണ്ട് പൂജാമുറിയുടെ അടുത്തേക്ക് ചെന്നു ലക്ഷ്മിയമ്മയോട് പറഞ്ഞു…
“ലക്ഷ്മീ നിലവിളക്ക് കൊളുത്താ…” അതു കേട്ടതും ലക്ഷ്മിയമ്മ തിരിയിട്ട് നിലവിളക്ക് കത്തിച്ചു… പിന്നെ ശിവരാമൻ നായർ രണ്ടു പേരുടെയും ഏട്ടന്റെ സ്ഥാനത്ത് നിന്ന് ശേഖരന്റെ കയ്യിലോട്ട് രേവതിയുടെ കൈ വെച്ചു പിടിപ്പിച്ചു കൊണ്ട് പറഞ്ഞു…
“ഇനി ഒരിക്കലും നിങ്ങൾ പിരിയരുത്. നിങ്ങൾ ഇവിടെ നിന്നു ഭഗവാനെ സാക്ഷി നിർത്തി നിങ്ങൾ മനസ്സിൽ ഉറപ്പിക്കണം മരണത്തിനല്ലാതെ വേറെ ഒന്നിനും നിങ്ങളെ ഇനി പിരിക്കാൻ പസ്റ്റില്ലന്ന്…” അതു കേട്ടതും അവർ രണ്ടാളും പരസ്പ്പരം നോക്കി ശേഖരൻ രേവതിയുടെ കയ്യിലെ പിടി ഒന്നും കൂടി മുറുകെ പിടിച്ചു അതു കണ്ട ശിവരാമൻ നായർ തുടർന്നു.. “അഞ്ചു തിരിയിട്ടു കത്തി കൊണ്ടിരിക്കുന്ന നിലവിളക്കിനെയും ഭാഗവാനെയും സാക്ഷി നിർത്തി മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് , ശേഖരൻ ഈ സിന്ദൂരം രേവതിയുടെ സീമന്ദരേഖയിൽ തൊട്ട് കൊടുക്കൂ…” അത് കേട്ടതും ശേഖരൻ, ശിവരാമൻ നായർ കയ്യിൽ പിടിച്ച സിന്ദൂരത്തിലൊട്ടും കൂടി നിൽക്കുന്ന എല്ലാവരുടെയും മുഖത്തോട്ടും മാറി മാറി നോക്കി. അവരെല്ലാം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട് സിന്ദൂരം തൊടാൻ പറഞ്ഞു.. അപ്പോഴാണ് ശിവരാമൻ നായർ പറഞ്ഞത്..
“ഇനിയെന്തിനാ മടിച്ചു നിൽക്കുന്നെ.. തൊട്ട് കൊടുക്കൂ… നീ കെട്ടിയ താലി എല്ലാ പവിത്രതയോടും കൂടി രേവതി ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്. നിങ്ങൾ വേര്പിരിഞ്ഞിട്ടും ആ താലി രേവതി അഴിച്ചു മാറ്റിയിട്ടില്ലായിരുന്നു. നിയമം മാത്രമേ നിങ്ങളെ പിരിച്ചിട്ടൊള്ളൂ.. ഈശ്വരൻ നിങ്ങളെ പിരിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് നീ അന്ന് കെട്ടിയ രേവതിയുടെ കഴുത്തിലെ താലി “. അതു കേട്ടതും മാലതി രേവതിയുടെ സാരിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന താലി എടുത്തു മുന്നോട്ടിട്ടു .അതു കണ്ട ശേഖരന് മനസ്സിലായി രേവതി ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ട് എന്ന്… ശേഖരൻ നിറഞ്ഞ മനസ്സോടെ, മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷി നിർത്തി മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് രേവതിയുടെ സീമന്ദരേഖയിൽ സിന്ദൂരം ചാർത്തി.. ശേഖരൻ വർഷങ്ങൾക്ക് ശേഷം രേവതിയുടെ നെറുകയിൽ തൊട്ടതും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. രേവതി ശേഖരന്റെ കാൽ തൊട്ട് വന്ദിച്ചു.. പിന്നെ ശേഖരനും രേവതിയും കൂടി ഏട്ടന്റെയും ഏട്ടത്തിയുടെയും സ്ഥാനത്ത് നിൽക്കുന്ന ശിവരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു.ശിവരാമൻ നായരും ലക്ഷ്മിയമ്മയും നിറഞ്ഞ മനസ്സോടെ അവരെ അനുഗ്രഹിച്ചു. അവർ ഒന്നിച്ചതോടെ എല്ലാവരുടെയും മനസ്സു നിറഞ്ഞു.ശിവരാമൻ നായർ അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
“നിങ്ങൾ രണ്ടാളും മുൻജന്മത്തിൽ ചെയ്ത പുണ്യം കൊണ്ട് ഈശ്വരൻ തന്നതാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ മോളേ നിങ്ങൾക്ക്. ഇപ്പൊ എന്തൊരു സന്തോഷായന്നറിയോ എല്ലാവർക്കും ? മനസ്സ് നിറഞ്ഞു. ഇപ്പോഴാണ് നമ്മുടെ മക്കളുടെ വിവാഹത്തിന്റെ സന്തോഷം കൂട്ടിയത്… ഈശ്വരോ രക്ഷ …”
അച്ചു അവളുടെ അച്ഛനെയും അമ്മയെയും ചേർത്തു പിടിച്ചു രണ്ടാളുടെ കവിളത്തും മാറി മാറി ഉമ്മ വെച്ചു .തിരിച്ചു രണ്ടാളും അവളെ ചേർത്തു പിടിച്ചു അവളുടെ കവിളത്ത് രണ്ടാളും ഒരുമിച്ചു ഉമ്മ കൊടുത്തു. അതു കണ്ടതും മനസ്സു നിറഞ്ഞ ശിവരാമൻ നായർ പറഞ്ഞു…
“ലക്ഷ്മീ ഇന്ന് ഒരു ചെറിയ സദ്യ ഒരുക്കിക്കോളൂ.. ഒരു ചെറിയ വിവാഹം നടന്നതല്ലേ…” ശിവരാമൻ നായർ നിറഞ്ഞ മനസ്സോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.അതു കേട്ട കണ്ണൻ പറഞ്ഞു…
“വേണ്ട അച്ഛാ. നിങ്ങളാരും ഒന്നും ഉണ്ടാക്കണ്ട. ഇന്നത്തെ സദ്യ ഞങ്ങളുണ്ടാക്കും. ഞാനും അച്ചുവും അപ്പുവും കാർത്തുവും അനികുട്ടനും കൂടി ഒരുക്കും. ഇന്ന് ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാണ്..” പിന്നെ അച്ചുവിനോട് പറഞ്ഞു… “അച്ചൂ ഞാൻ പറഞ്ഞില്ലേ നിന്നോട് ,നിന്റെ അച്ഛനെയും അമ്മയെയും നിനക്ക് തിരിച്ചു കിട്ടുമെന്ന്. ഇപ്പൊ എന്തായി തിരിച്ചു കിട്ടിയില്ലേ നിനക്ക് നഷ്ടപ്പെട്ടതെല്ലാം “. അതു കേട്ടതും അച്ചു സന്തോഷത്തോടെ കണ്ണനെ നോക്കി ചിരിച്ചു. പിന്നെ അപ്പുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…
“എനിക്ക് എല്ലാം തിരിച്ചു കിട്ടാൻ കാരണം ഇവളാണ് “. അതും പറഞ്ഞു അച്ചു അപ്പുവിന്റെ കവിളിൽ ഉമ്മവെച്ചു… അപ്പോഴാണ് അപ്പു പറഞ്ഞത്..
“സ്നേഹ പ്രകടനം എല്ലാം അവിടെ നിൽക്കട്ടെ .ഇതിനെല്ലാം നീ ചിലവ് ചെയ്യണം “. അതു കേട്ടതും കണ്ണൻ പറഞ്ഞു…
“അച്ചൂ ഒന്നു വിട്ട് നിന്നെക്കു. അവൾ ചിലവായിട്ട് നിന്നോട് ചിലപ്പോൾ ചോദിക്ക്യാ വല്ല സ്വർണ്ണവും ആയിരിക്കും…” അതു കേട്ട എല്ലാവരും ചിരിച്ചു. അതിൽ ശരിക്കും മനസ്സ് നിറഞ്ഞു ചിരിച്ചത് രേവതിയും ശേഖരനും ആയിരുന്നു.. അപ്പോഴച്ചൂ പറഞ്ഞു…
“ഇവൾ ചോദിച്ചാൽ ഞാൻ എന്തും കൊടുക്കും. എന്റെ ജീവൻ ചോദിച്ചാൽ അതും. അത്രക്കും വലുതാണ് എനിക്കിവൾ…”അപ്പോഴാണ് പുറത്ത് പോയ അനിൽ അങ്ങോട്ട് വന്നത്. ശിവരാമൻ നായർ അനിലിനെ ശേഖരന് പരിചയ പെടുത്തി.പക്ഷെ അനിലിന് അവിടെ നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലായിരുന്നു. അപ്പു എല്ലാം ഒറ്റ ശ്വാസത്തിൽ അനിലിനോട് പറഞ്ഞു . അതു കേട്ട അനിലിന് സന്തോഷായി. കണ്ണൻ അനിലിനോട് പറഞ്ഞു…
“അനികുട്ടാ. ഇന്ന് ഈ വിവാഹത്തിന് നമ്മളാണ് സദ്യ ഉണ്ടാക്കുന്നത് വാ..” അതു കേട്ടതും അനില് ചിരിച്ചു കൊണ്ട് പറഞ്ഞു…
“പിന്നല്ലാതെ, ഇത്രയും സന്തോഷം നിറഞ്ഞ ഈ ദിവസം നമ്മൾ ഒരു പ്രഥമനോട് കൂടിയ സദ്യ തന്നെ ഉണ്ടാക്കില്ലേ .ഏട്ടൻ വാ..” അതും പറഞ്ഞു കണ്ണനും അപ്പുവും കാർത്തികയും കൂടി അടുക്കളയിലോട്ടു പോയി.. കണ്ണനും കൂട്ടരും അടുക്കളയിലോട്ടു പോയതും ശിവരാമൻ നായർ അച്ചുവിനോട് പറഞ്ഞു…
“മോളേ അച്ഛന് നല്ല ക്ഷീണം കാണും ഒരു മുറിയൊരുക്കി അച്ഛനെ അങ്ങോട്ട് കൂട്ടിക്കോളൂ… അതു കേട്ടതും മാലതിയും ലക്ഷ്മിയും കൂടി പറഞ്ഞു..
“അതൊക്കെ ഇനി രേവതി നോക്കിക്കോളും. രേവതി, ശേഖരനെ റൂമിലോട്ട് കൂട്ടിക്കോളൂ… മോളിങ്ങുവാ അച്ഛനും അമ്മയും സ്വസ്ഥമായി ഒന്നു സംസാരിച്ചോട്ടെ…” അതും പറഞ്ഞു എല്ലാവരും അവിടെ നിന്നും കളം ഒഴിഞ്ഞു.രേവതി ശേഖരനെയും കൊണ്ട് റൂമിലോട്ട് പോയി. റൂമിൽ കയറിയതും രേവതി മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു…
“ശേഖരേട്ടനു എന്താ കുടിക്കാൻ വേണ്ടത് ? ചായയോ ? കാപ്പിയോ ?” അതു കേട്ട ശേഖരൻ രേവതിയുടെ കയ്യിൽ പിടിച്ചു വാതിലടച്ചു കുറ്റിയിട്ടു കൊണ്ട് പറഞ്ഞു…
“രേവതി. ഞാൻ നിന്നോട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. എല്ലാത്തിനും നീ എന്നോട് പൊറുക്കണം “. അതു കേട്ടതും രേവതി ആ വാ പൊത്തി കൊണ്ട് ഒരു തേങ്ങലോടെ ആ മാറോട് ചേർന്നു നിന്നു. ആ കണ്ണീരിൽ എല്ലാത്തിനും ഉള്ള ഉത്തരമുണ്ടായിരുന്നു.. ശേഖരൻ രേവതിയെ ചേർത്തു പിടിച്ചു കൊണ്ട് ആ നെറുകയിൽ ചുംബിച്ചു. 18 വർഷങ്ങൾക്കു ശേഷം ആ ചുണ്ടുകൾ ആ ശിരസ്സിൽ അമർന്നതും രേവതി ഒന്നും കൂടി ആ നെഞ്ചിൽ അമർന്നു നിന്നു…
#തുടരും…
Read complete
സ്‌നേഹവീട് Malayalam online novel here