കൊഴിഞ്ഞു വീണ ആപ്പിളുകൾ
ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്‌ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് . അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……
എബി ചാക്സ്
***************
അധ്യായം – 1 : വാറ്റ്ഫോഡിലേക്കുള്ള യാത്ര
ലണ്ടൻ ഹ്യൂസ്റ്റൺ സ്റ്റേഷനിലെ പ്ലാറ്റഫോം 9 -ൽ നിന്നാണ് വാറ്റ്ഫോഡ് ജംഗ്ഷനിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നത്. എനിക്കിറങ്ങേണ്ടത് വാറ്റ്ഫോഡ് ഹൈ സ്ട്രീറ്റ് സ്റ്റേഷനിലാണ്. അവിടെയിറങ്ങി പത്തു മിനിറ്റ് നടന്നാൽ മരിയയുടെ വീട്ടിലെത്തുമെന്നാണ് ഫോണിൽ പറഞ്ഞത്.
മരിയയെ ഞാൻ കണ്ടിട്ടില്ല. വാറ്റ്ഫോഡിലെ അവരുടെ വീട് സന്ദർശിക്കുവാൻ എന്നെ ക്ഷണിച്ചതാണ്. മരിയയുടെ സഹോദരി ലവിയുടെ നിർദേശപ്രകാരമാണ് ഞാൻ മരിയയെ വിളിച്ചത്. മരിയക്ക് കൊടുക്കാൻ ഒരു ചെറിയ ഗിഫ്റ്റും ലവി തന്നു വിട്ടിരുന്നു. തന്റെ സഹോദരി ലവിയുടെ കൂടെ ജോലി ചെയ്യുന്ന ആൾ, ലണ്ടണിൽ ആദ്യമായി എത്തിപ്പെട്ട ഒരാൾ എന്നൊക്കെയുള്ള കരുതലിലായിരിക്കണം അവരെന്നെ വീട്ടിലേക്കു ക്ഷണിച്ചത്.
“എബി.. തീർച്ചയായും വരണം.. വാറ്റ്ഫോഡ് അധികം ദൂരെയല്ല” മരിയ നിര്ബന്ധ പൂർവം ക്ഷണിച്ചു.
“വരാം .. തീർച്ചയായിട്ടും വരാം” ഞാൻ സമ്മതിച്ചു.
അങ്ങിനെ തീർച്ചയാക്കിയ യാത്രയിലാണ് ഇന്ന് ഞാൻ ഹ്യൂസ്റ്റൺ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്നത്.
പ്ലാറ്റ്ഫോമിന് മുകളിൽ ട്രെയിൻ സമയങ്ങളുടെ പട്ടിക മാറി മാറി വരുന്നുണ്ടായിരുന്നു. വാറ്റ്ഫോഡ് ഡി സി ലൈനിന്റെ വിവരം കേട്ടപ്പോൾ ഞാൻ കാതു കൂർപ്പിച്ചു. കടന്നു പോകേണ്ട സ്റ്റേഷനുകളുടെ പേരുകൾ പറഞ്ഞപ്പോൾ എണ്ണിയെടുക്കാൻ ശ്രമിച്ചു. പതിനേഴു പതിനെട്ടു സ്റ്റോപ്പുകൾ.. നനഞ്ഞ പ്ലാറ്റ്ഫോമിൽ തെന്നിവീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഇടയ്ക്കിടെ അറിയിപ്പുകളിൽ കേട്ടു.
ട്രെയിനിലുള്ളിൽ ഇരുവശങ്ങളിലുമായി നീളത്തിൽ ഒരുക്കിയ സീറ്റുകളിലൊന്നിൽ ഞാൻ സ്ഥാനം പിടിച്ചു. ഇന്ത്യയിൽ ജീവിച്ചവർക്ക് ഈ തിരക്കുകൾ തിരക്കുകളേയല്ല.
മഞ്ഞത്തലയുള്ള ട്രെയിൻ അതിന്റെ യാത്ര തുടങ്ങി.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Jollys Channel –
കൊഴിഞ്ഞു വീണ ആപ്പിളുകൾ ഹൃദയസ്പർശിയായ രീതിയിൽ തന്നെ ഗോവയുടെ ചരിത്രത്തിന്റെ ഏട് പീറ്റർ ഡിസൂസയുടെ ജീവിതത്തിലൂടെ വരച്ചുകാട്ടുന്നു. ആ തെരുവുകളിലെ സമരങ്ങളും ആഘോഷങ്ങളും ഒപ്പം പീറ്ററിന്റെ കുടുംബാംഗങ്ങളുടെ ജീവിതയാത്രയിൽ അവർ ചിതറിപ്പോകുന്ന കാഴ്ച്ചകളും കണ്ട വായനക്കരന്റെ ഉള്ളിലേക്ക് ഏകാന്തതയുടെയും മരണത്തിന്റെയും തണുപ്പുള്ള നനുത്ത കാറ്റ് അരിച്ചു കയറുന്നു. കുമ്മായം തേക്കാത്ത പായലുപിടിച്ച പൊട്ടിപൊളിഞ്ഞ ചുമരും വെട്ടിയൊതുക്കാത്ത മുറ്റത്തെ ചെടികളും അനാഥമായി നിശബ്ദമായി നിൽക്കുന്ന വീടും മനസ്സിന്റെ കോണിൽ ഒരു വിങ്ങലുളവാക്കുന്നു.
ഒരു മഴവില്ലുപോലെ മനോഹരിയായ മരിയയുമായുള്ള കണ്ടുമുട്ടലുകളും യാത്രകളും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുപോയെങ്കിലും അത് അവളുടെ കൈത്തണ്ടകളിൽ ഇളകിക്കളിക്കുന്ന ചാംസുപോലെ ആകർഷകമാക്കുന്നു. അവളോടൊപ്പം യാത്രചെയ്യാനും ആ സംസാരം കേൾക്കാനും പീറ്ററിനെ പോലെ നമ്മളും കൊതിക്കുന്നു. പ്രൗഢഗംഭീരമായ ബോംബെ നഗരത്തിലെ ആരും അറിയാത്ത ഇരുണ്ട ഇടനാഴികളും ചതിക്കുഴികളും യൗവനം വിറ്റ് മണ്ണോടു ചേർന്ന പെൺകൊടിമാരും എല്ലാം പുതിയ കാലത്തിൽ വിസ്മരിക്കപ്പെടുന്നു.
നിശബ്ധനായി എബി യാത്രപറഞ്ഞു നടന്നുപോകുമ്പോൾ പീറ്ററും മരിയയും വീണ്ടും ഏകാന്തതയുടെ തടവുകാരായി തീരുമല്ലോ എന്നോർത്ത് വായനക്കാരന്റെ ഉള്ളിലും ഉണ്ടാവുന്നുണ്ട് ഒരു പിടച്ചിൽ.
ആയിരകണക്കിന് കിലോമീറ്ററുകൾകലെ വാറ്റ്ഫോർഡിലെ കോർട്ടയാർഡിൽ അവർക്കു കൂട്ടായി ആ ആപ്പിൾ മരങ്ങൾ മാത്രം ..അതിനുചുവട്ടിൽ പീറ്ററും മരിയയും.. വായനകഴിഞ്ഞാലും അവരുടെ സാമിപ്യം നമ്മോടൊപ്പമുണ്ടാവും.
ചുവന്നു തുടുത്ത മധുരമുള്ള ആപ്പിളുകൾ പോലെ പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.