തന്റെ മുന്നിൽ ഇരിക്കുന്ന നിരഞ്ജൻ എന്തിനും മടിക്കാത്തവനായ ഒരു ചെകുത്താനാണെന്ന തിരിച്ചറിവ് ഗീതുവിന് ഉണ്ടായി …..
തന്റെയും തന്റെ വീട്ടുകാരുടെയും മുന്നിൽ അനുസരിച്ചു വിധേയത്വം കാണിക്കുന്ന നിരഞ്ജൻ തന്നെയാണോ ഇത് ?? ഗീതു സംശയത്തോടെ നിരഞ്ജനെ നോക്കി ….
മ്മ് ,, എന്താ നീയെന്നെ ആദ്യമായി കാണുന്നത് പോലെ നോക്കുന്നത് ??
നിരഞ്ജൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ഓർക്കുകയായിരുന്നു …
എന്റെ ഗീതു !!! ജീവിക്കാൻ പണം വേണം … പണമുണ്ടെങ്കിൽ ബാക്കി എല്ലാ സൗഭാഗ്യങ്ങളും പിന്നാലെ വരും .. പണമില്ലാത്തവൻ പിണമാണെന്ന് ഞാൻ നിനക്ക് പറഞ്ഞുതരേണ്ട കാര്യം ഇല്ലല്ലോ ..
ഉദാഹരണത്തിന് നിന്റെ അച്ഛന്റെ കാര്യം തന്നെ എടുത്താൽ പോരെ .. നിന്റെ അച്ഛചൻ പണ്ട് കള്ളുഷാപ്പിലെ കുശ്നിപണിക്കാരൻ ആയിരുന്നു …അവിടെനിന്നു തന്ത്രങ്ങൾ പേടിച്ചും നിന്റെ അച്ഛന് പഠിപ്പിച്ചുകൊടുത്തും ..ഇന്ന് ഈ കാണുന്ന സ്വത്ത് ഒക്കെ നിന്റെ അച്ഛൻ. വെട്ടിപിടിച്ചത് … കുടുംബത്തിന്റെ പ്രതാപം പറഞ്ഞുകൊണ്ടിരുന്നാൽ കൈയ്യിൽ പണം വരില്ല .. നിനക്ക് അറിയാമായിരുന്നതല്ലേ എനിക്ക് ഒരു സർക്കാർ ജോലി ഉണ്ടായിരുന്നത് ……പക്ഷെ വലിയ കിട്ടപോരൊന്നും ഇല്ലന്ന് കണ്ടപ്പോൾ ഞാൻ തന്നെ വേണ്ടെന്ന് വച്ചതല്ലേ !! എല്ലാവരും ഞാൻ ജോലി ഉപേക്ഷിച്ചതിന് എന്നെ കുറ്റപെടുത്തിയിട്ടേ ഒള്ളു എന്നാൽ എനിക്ക് ജോലി ചെയ്യുന്നതിന്റെ പത്തിരട്ടി വരുമാനം ഈ അബ്കാരി ബിസിനെസ്സിലൂടെ കിട്ടുന്നുണ്ട് …
ഇപ്പോൾ നിന്റെ അച്ഛൻ എന്തിനും എന്റെ കൂടെയുണ്ട് !! നിന്റെ അച്ഛനും അച്ഛന്റെ കയ്യിലെ പണവും എനിക്ക് ഒരു ബലമാണ് മോളേ … നിരഞ്ജൻ ചിരിച്ചു …
ഗീതുവിന്റെ മനസ്സിൽ നിരഞ്ജനോട് പുച്ഛം തോന്നി ..
ഗീതു !! നാളെ എനിക്ക് കോഴിക്കോട് വരെ പോകണം .. ബിസിനെസ്സ് ആവശ്യത്തിനായി പോകുന്നതാണ് ….നാളെ ഒരു ദിവസം അവിടെ നിൽക്കേണ്ടി വരും ….നീ. ഇവിടെ നിൽക്കുന്നോ അതോ വീട്ടിൽ പോകുന്നോ ??
ഞാൻ ഇവിടെ നിന്നോളാം നിരഞ്ജൻ !!! ഇന്നലെയും കൂടി വീട്ടിൽ പോയതെ ഒള്ളു…നാളെ ഒന്ന് പുറത്തുപോകണം കുറച്ചു ഷോപ്പിംഗ് ഉണ്ട് ..
മ്മ് !! ശരി എന്നാൽ അങ്ങനെയാവട്ടെ …നിരഞ്ജൻ പിന്നെ ഒന്നും പറഞ്ഞില്ല …
നിഹാൽ ഫോണിൽ ഭദ്രയുടെ ഫോട്ടോസ് നോക്കി കിടക്കുകയായിരുന്നു …
സമയം 9:30 കഴിഞ്ഞു
ഭദ്ര മുറിയിൽ വന്നു കാണും … ഒന്ന് വിളിച്ചു നോക്കാം … നിഹാൽ ഭദ്രയുടെ നമ്പർ ഡയൽ ചെയ്തു …
രണ്ടു ബെൽ തീരുന്നതിന് മുൻപ് ഭദ്ര ഫോൺ എടുത്തു …
എന്താ SI സാറെ ഇന്ന് വിളിക്കാൻ വൈകിയല്ലോ ?? ഭദ്ര തമാശയോടെ ചോദിച്ചു …
ഞാൻ വിളിക്കാതിരുന്നിട്ടും നീ തിരിച്ചു വിളിച്ചില്ലലോ ??
ഞാൻ ഇപ്പോൾ മുറിയിലേക്ക് വന്നതേ ഒള്ളു …
ഇന്ന് നിഹാലേട്ടന്റെ അമ്മ ഇവിടെ വന്നിരുന്നു … ഒരു വെല്ലുവിളി നടത്തിയിട്ടാണ് പോയത് …
മ്മ് ,, അമ്മ അവിടെ വന്ന കാര്യം അച്ഛൻ വിളിച്ചു പറഞ്ഞിരുന്നു ..
നീ അതൊന്നും കാര്യമാക്കേണ്ട … അമ്മ കുറച്ചു അയഞ്ഞു വരുന്നുണ്ട് …
നീ നോക്കിക്കോ ഭദ്രേ … അമ്മ തന്നെ നമ്മുടെ വിവാഹം നടത്തിത്തരും ..
മ്മ് … എല്ലാം നല്ലരീതിയിൽ നടക്കട്ടെ ..
നിഹാലേട്ടാ !!!!പിന്നെ നമ്മുടെ സ്വപ്നചേച്ചിക്ക് തഹസിൽദാറായി പോസ്റ്റിങ്ങ് ആയി …വടകരയിൽ ആണ് ..ഭദ്ര ഉഷാറോടെ പറഞ്ഞു ……എനിക്ക് വൈകിട്ട് മെസേജ് അയച്ചു ..
അഹാ നല്ല കാര്യമാണല്ലോ !! നന്നായി … സ്വപ്ന ചേച്ചീ മിടുക്കി ആല്ലേ ..
പിന്നെയും. കുറച്ചു നേരം കൂടി സംസാരിച്ചിട്ട് നിഹാൽ ഫോൺ വെച്ചു ഉറങ്ങാൻ കിടന്നു ..
പുലർച്ചെ തന്നെ നിരഞ്ജൻ കോഴിക്കോടിന് പോയി ..
പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്ന സമയത്തു ഗീതു നിഹാലിനെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു …നിഹാൽ അത് കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഇരുന്നു ഭക്ഷണം കഴിച്ചു ..
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം നിഹാൽ പുറത്തേക്ക് പോയി …
ഗീതുവും ഷോപ്പിങ്ങിന് പോകുവാനായി ഒരുങ്ങി ഇറങ്ങി …
കാറിൽ കയറിയ ഗീതു ഫോൺ എടുത്ത് നിഹാലിന്റെ നമ്പറിലേക്ക് വിളിച്ചു..
നിഹാൽ ഫോൺ എടുത്തു … എന്താ ഏട്ടത്തി ?? എന്തിനാ എന്നെ വിളിച്ചത് ??
നിഹാൽ !! എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം … വീട്ടിൽ വെച്ച് സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ് … നമുക്ക് പുറത്തു എവിടെയെങ്കിലും വച്ചു സംസാരിക്കാം …
ഗീതുവിന്റെ സ്വരത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞ നിഹാൽ മറുത്തൊന്നും പറയാൻ പോയില്ല …
ശരി ഏട്ടത്തി …ഞാൻ ഇപ്പോൾ ടൗണിൽ ഉണ്ട് …ഏട്ടത്തി കോഫി ഡേയിൽ വന്നാൽ മതി …നമ്മുക്ക് അവിടെവച്ചു കാണാം ….
ശെരി നിഹാൽ ….ഞാൻ വീട്ടിൽ നിന്നും ഇറങ്ങുന്നു …അവിടെയെത്തുന്നതിന് മുൻപ് വിളിക്കാം …
ഗീതു ഫോൺ കട്ട് ചെയ്തു ….
കാർ ടൗണിലേക്ക് ഓടിച്ചു ….
എന്താ ഏട്ടത്തി മുഖം വല്ലാതെ ഇരിക്കുന്നത് ?? ഏട്ടത്തിക്ക് എന്താണ് എന്നോട് പറയാനുള്ളത് ?? എന്താണേലും ധൈര്യമായി തന്നെ എന്നോട് പറയാം …നിഹാൽ ഗീതുവിനോട് പറഞ്ഞു …
നിരഞ്ജന്റെ വിവാഹാലോചന വന്നപ്പോൾ എന്റെ അച്ഛന്റെ സന്തോഷവും ഇഷ്ടവും മാത്രമേ ഞാൻ പരിഗണിച്ചിരുന്നൊള്ളു നിഹാൽ … നിരഞ്ജൻ ഒരു നല്ല മനുഷ്യൻ ആണെന്നാണ് ഞാൻ കരുതിയത് എന്നാൽ കപടയുടെ ആരും കാണാത്ത ഒരു മുഖം മൂടി അണിഞ്ഞുകൊണ്ടാണ് നിരഞ്ജൻ നടക്കുന്നത് …
ഗീതു പറയുന്ന ഓരോ വാക്കും നിഹാൽ ശ്രദ്ധയോടെ കേട്ടിരുന്നു …
ഗീതു തലേദിവസം നിരഞ്ജൻ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നിഹാലിനോട് പറഞ്ഞു …
എല്ലാം കേട്ടിരുന്ന നിഹാലിന്റെ മുഖം തികച്ചും ശാന്തമായിരുന്നു …
ഞാൻ ഇത്രെയും പ്രധാനപ്പെട്ട കാര്യം പറഞ്ഞിട്ടും നിഹാലിന് എന്താ ഒന്നും പറയാനില്ലേ ?? ഗീതു ചോദിച്ചു
നിഹാൽ. പതിയെ ചിരിച്ചു …ഏട്ടത്തി. ഏട്ടനെ കാണാൻ തുടങ്ങിയിട്ട് ഒരു വർഷമല്ലേ ആയിട്ടൊള്ളു ..
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി ഞാൻ ഏട്ടനെ കാണുന്നു … എനിക്ക് ഏട്ടനെ നന്നായി അറിയാം …. ഏട്ടന്റെ ഓരോ ചലനങ്ങളും നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാൻ ..
ഏട്ടത്തി ഇന്നലെ അറിഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്ക് നേരത്തെ തന്നെ അറിയാവുന്നതാണ് …
എനിക്ക് സന്തോഷമുണ്ട് ഏട്ടത്തി എനിക്കും ഭദ്രക്കും ഒരു ആപത്തു വരുന്നുണ്ടെന്ന് വന്ന് പറയാൻ തോന്നിയ മനസ്സിന് …നിഹാൽ ഗീതുവിന്റെ മുഖത്തേക്ക് നോക്കി …
തെറ്റ് എന്റെ ഭാഗത്തും ഉണ്ട് നിഹാൽ … ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല …അത് എന്റെ പിടിപ്പുകേടാണ് …
നിഹാൽ !! ഒരുകാര്യം ഞാൻ നിഹാലിന് ഉറപ്പ് തരാം …..ഭദ്രയെ പറ്റി എനിക്ക് കേട്ടറിവ് മാത്രമേ ഒള്ളു ……എങ്കിലും ഈ നിമിഷം മുതൽ അവൾ എന്റെ അനിയത്തി കുട്ടിയാണ് ….ഞാൻ. ആ വീട്ടിൽ ഉള്ളപ്പോൾ അമ്മ അവളോട് പോരടിക്കാൻ ഞാൻ അനുവദിക്കില്ല …
മതി …ഏട്ടത്തി ……എനിക്ക് സന്തോഷമായി …ഒരാളെങ്കിലും എന്നെ പിന്തുണക്കുവാൻ ആ വീട്ടിൽ ഉള്ളത് എനിക്ക് ഒരു ആശ്വാസമാണ് ….
നിരഞ്ജൻ !!!
താൻ ഈ പറയുന്നത് പോലെ നിസ്സാരമല്ല ഇവിടുത്തെ സ്ഥലമിടപാട് …നീ പറയുന്ന ആ മൂന്നേക്കർ സ്ഥലം നല്ല ഒന്നാതരം നെൽവയൽ ആണ് … നീ ആരെ ഇറക്കി കളിച്ചാലും ആ സ്ഥലം നികത്തി അവിടെ ഫ്‌ളാറ്റ് പണിയാൻ പറ്റില്ല ……ദീപു പറഞ്ഞു
പിന്നെ അവിടെ പുതിയതായി ഒരു തഹസിദാർ ചാർജ് എടുത്തിട്ടുണ്ട് ……ഒരു പെണ്ണാണ് … അവളുടെ അടുത്ത് കളികൾ ഒന്നും നടക്കില്ല …എല്ലാം. നിയമത്തിന്റെ വഴി മാത്രമേ കാര്യങ്ങൾ നടത്തുവൊള്ളൂ …ദീപു പറഞ്ഞു …
പൈസ കണ്ടാൽ വീഴാത്ത ഉദ്യോഗസ്ഥർ ഒന്നും ഈ നാട്ടിൽ ഇല്ല ദീപു !!! ആദ്യം കുറച്ചു മസ്സിൽ ഒക്കെ പിടിക്കും … പിന്നെ പതിയെ അവർ നമ്മുടെ വഴി വരും …
നമുക്ക് ഇന്ന് തന്നെ അവരെ കാണണം എനിക്ക് നാളെ തിരിച്ചുപോകാനുള്ളതാണ് ……..നിരഞ്ജൻ പറഞ്ഞു …
ദീപു നിരഞ്ജനെയും കൊണ്ട് തഹസിൽദാരെ കാണാനായി പോയി …
അവിടെ പീയൂൺ ദിവാകരനോട് എല്ലാം പറഞ്ഞത് കൊണ്ട് തഹസിൽദാരെ കയറി കാണുവാനുള്ള അവസരം കിട്ടി …
ദീപുവും നിരഞ്ജനും കൂടി മുറിയിലേക്ക് കയറി ചെന്നു …
തന്റെ മുന്നിലിരിക്കുന്ന ആളെ ഞാട്ടലോടെയും അതിശയത്തോടെയും നിരഞ്ജൻ നോക്കി …
സ്വപ്ന!!
നിരഞ്ജനെ കണ്ടിട്ടും ഭാവവത്യാസം ഒന്നും കൂടാതെ സ്വപ്ന ഇരുന്നു ..
Mr ദീപു !! അല്ലേ ….
കാര്യങ്ങൾ ഒക്കെ ദിവാകരവട്ടൻ പറഞ്ഞിരുന്നു …
ഞാൻ ഇവിടെ പുതിയആളാണ് ..മുൻപിരുന്ന തഹസിൽദാർ എന്താണ് നിങ്ങളുടെ കാര്യത്തിൽ എടുത്ത തീരുമാനം എന്ന് എനിക്ക് അറിയില്ല .. ഞാൻ എല്ലാം വിശദമായി ഒന്ന് നോക്കിയിട്ട് Mr ദീപുവിനെ അറിയിക്കാം …
മാഡം …ഇത് എന്റെ പാർട്ണർ ആണ് …നിരഞ്ജൻ തൃശ്ശൂരിൽ നിന്നും ഈയൊരു ആവശ്യത്തിനായി വന്നതാണ് …
അത് എന്റെ വിഷയമല്ല Mr ദീപു …എനിക്ക് വേറെയും ജോലിയുണ്ട് …
നിങ്ങൾ പോയിട്ട് നാളെ വരൂ … എന്നെകൊണ്ട് എന്ത് ചെയ്യാൻപറ്റുമെന്ന് നോക്കിയിട്ട് നാളെ പറയാം …
നാളെ ഉച്ചക്ക് മുൻപ് വന്നാൽ മതി ..സ്വപ്ന തീർത്തു പറഞ്ഞു …
ദീപു പിന്നെ അവിടെ നിന്നില്ല … ദീപുവിന് പിന്നാലെ നിരഞ്ജനും നടന്നു … മുറിവിട്ട് ഇറങ്ങുന്നതിന് മുൻപ് നിരഞ്ജൻ സ്വപ്നയെ തുറിച്ചു നോക്കി …
സ്വപ്നയുടെ ആ നോട്ടത്തെ അവഗണിച്ചു …
ഛെ … ആരെ കാണരുത് എന്ന് കരുതിയോ അവളുടെ മുന്നിൽ തന്നെ പോയി അപേക്ഷിച്ചു നിൽക്കേണ്ടി വന്നല്ലോ !! നിരഞ്ജൻ മനസ്സിൽ ഓർത്തു …
ഇവൾക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു വളർച്ച !! വിശ്വസിക്കാൻ കഴിയുന്നില്ല …നീയെന്താ നിരഞ്ജൻ ഈ ആലോചിക്കുന്നത് ?? കാറിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ……ദീപു തിരക്കി ..
നീ പറഞ്ഞത് പോലെ നമ്മൾ പോയ കാര്യം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല … നമുക്ക് ഈ പ്രൊജക്റ്റ് ഉപേക്ഷിക്കാം … അല്ലെങ്കിൽ ആ ഭൂമി മറിച്ചു വിൽക്കാം .. നിരഞ്ജൻ പറഞ്ഞു …
നീയെന്താ ഇപ്പോൾ ഇങ്ങനെ പറയുന്നത് ????ഒരു പീക്കിരി പെണ്ണിനെ കണ്ടപ്പോൾ നിനക്ക് നിന്റെ സ്വപ്ന പ്രൊജക്റ്റ് വേണ്ടാതായോ ????ദീപു ചോദിച്ചു …
അവൾ നീ കരുതുന്നപോലെ പീക്കിരി പെണ്ണല്ല ……നിനക്ക് എന്റെയൊരു പഴയ അഫയർ അറിയില്ലേ ??? ഇവളാണ് കക്ഷി …
ഒരിക്കൽ അവളോട് ഗുഡ്ബൈ പറഞ്ഞിട്ട് പോയതാണ് ….അതും ഗീതുവിന്റെ ആലോചന വന്നപ്പോൾ നൈസ് ആയിട്ട് ഒഴിവാക്കിയതാണ് … അതിന്റെ കലിപ്പ് അവൾക്ക് കാണാതിരിക്കില്ല ദീപു …
എനിക്ക് അവളുടെ മുന്നിൽ പോയി നാണം കെടാൻ വയ്യ …നീ എന്റെ അവസ്ഥ ഒന്ന് മനസിലാക്കടാ ?? നിരഞ്ജൻ പറഞ്ഞു ……ദീപു പിന്നെ ഒന്നും മിണ്ടിയില്ല …
പെട്ടെന്ന് നിരഞ്ജന്റെ ഫോൺ ബെൽ അടിച്ചു ..
പരിചയം ഇല്ലാത്ത നമ്പർ കണ്ടിട്ടും നിരഞ്ജൻ ഫോൺ എടുത്തു …
ഹലോ … Mr. നിരഞ്ജൻ !!!
നിരഞ്ജൻ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു ….സ്വപ്ന …
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission