മയക്കത്തിലേക്ക് വഴുതി വീണ ആരതിയെ എല്ലാവരും വേദനയോടെ നോക്കി …
അവൾ ഉറങ്ങട്ടെ ശല്യപ്പെടുത്തേണ്ട !! ബാലൻ പറഞ്ഞു ..
ബാലനും മാധവനും പുറത്തേക്ക് ഇറങ്ങി …
അത്രെയും നേരം പിടിച്ചു വെച്ച വിഷമം എല്ലാം ബാലൻ മാധവനെ കെട്ടിപിടിച്ചു കരഞ്ഞു തീർത്തു ..
എന്ത് പറഞ്ഞാണ് ബാലാ നമ്മൾ ആശ്വസിക്കുക ?? ഇത് ഈശ്വരൻ നമുക്ക് തന്ന വിധിയാണെങ്കിൽ എനിക്ക് ആ ഈശ്വരനെ വേണ്ട ?? മാധവൻ ബാലന്റെ ദുഃഖത്തിൽ പങ്കുചേർന്നു …
മോളോട് ഈ കാര്യം നമ്മൾ എങ്ങനെ പറയും … ഈ ചെറുപ്രായത്തിൽ എന്റെ കുഞ്ഞിന് വൈധവ്യ യോഗം ഉണ്ടായല്ലോ ബാലാ ?? മാധവൻ കരഞ്ഞുകൊണ്ട് പറഞ്ഞു ..
ആരതി മോള് ഇപ്പോൾ ഒന്നും അറിയേണ്ട … പ്രസവം കഴിഞ്ഞിട്ട് അധിക സമയം ആയില്ലല്ലോ .. നമുക്ക് ഡോക്ടറിനോട് സംസാരിച്ചിട്ട് വേണെകിൽ രണ്ട് ദിവസം അധികം ഇവിടെ നിൽക്കാൻ കഴിയുമോ എന്ന് ചോദിക്കാം മാധവാ !!
ഇപ്പോൾ തന്നെ വിവരം നാട്ടുകാർ അറിഞ്ഞുകാണും ഒന്നും അധികദിവസം നമുക്ക് ആരിൽ നിന്നും മറച്ചു വെക്കാൻ കഴിയില്ലല്ലോ ?? ആരതി മോൾക്ക് അവളുടെ ഭർത്താവിനെയാണ് നഷ്ടമായത് എങ്കിൽ എനിക്ക് എന്റെ പൊന്നുമോനെയാണ് നഷ്ടമായിരിക്കുന്നത് !!
നമ്മുടെ വിഷമം നമ്മൾ ഉള്ളിലൊതുക്കിയെ പറ്റൂ .. ആരതി മോളുടെ കൂടെ നമ്മൾ ഉണ്ടാകണം ബാലാ ?? ബാലൻ മാധവന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു …
നാട് മുഴുവൻ സുരേഷ് മരിച്ച വിവരം കാട്ടുതീ പോലെ പടർന്നു …
ആരതിയുടെ പ്രസവം കഴിഞ്ഞിട്ട് മൂന്നു ദിവസം ആയി …
സുരേഷിനെ കുറിച്ച് ആരും ഒന്നും സംസാരിക്കാതെ ഇരുന്നപ്പോൾ ആരതിക്ക് സംശയം വന്നു …
അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആരതിക്ക് തോന്നി … എങ്കിലും ഒന്നും സംഭിച്ചിട്ടുണ്ടാകില്ല എന്ന് ആരതി ആശ്വസിച്ചു ..
ഒരു യുദ്ധം വന്നാൽ വിളിക്കണോ പറയാനോ കഴിയില്ലെന്ന് സുരേഷ് എപ്പോഴും പറയുമായിരുന്നു .. ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ തങ്ങളുടെ പ്രീയപെട്ടവരോട് ഒന്ന് സംസാരിക്കാൻ കഴിയാതെ വിഷമിക്കുന്നവർ ആണ് പട്ടാളക്കാർ എന്ന് സുരേഷ് പറഞ്ഞിട്ടുണ്ട് … അതുകൊണ്ട് തന്നെ ആരതി സുരേഷിന്റെ വിളിക്കായി കാത്തു ..: ആരതി അയ്യര് സാമിയെ വിളിച്ചപ്പോളും അദ്ദേഹം സുരേഷിന് അപകടം പറ്റിയത് മറച്ചു പിടിച്ചു സന്തോഷത്തോടെ ആണ് സംസാരിച്ചത് ..
ഡോക്ടർ റൗണ്ട്സിന് വന്നു !!
എങ്ങനെയുണ്ട് ആരതി ഇപ്പോൾ ??ഡോക്ടർ രശ്മി സ്നേഹത്തോടെ ചോദിച്ചു ..
എനിക്ക് കുഴപ്പം ഒന്നുമില്ല !! മോള് രാത്രി സ്വിച്ച് ഇട്ടത് പോലെ ഉണർന്ന് കരയും എനിക്ക് ഈ മുറിയിൽ കിടന്ന് മടുത്തു ..:
വേറെ കുഴപ്പം ഒന്നും ഞങ്ങൾക്ക് ഇല്ലല്ലോ !! ഞങ്ങളെ ഇന്ന് വീട്ടിൽ വിടാമോ ഡോക്ടർ ?? ആരതി ചോദിച്ചു ..
Dr രശ്മി ബാലന്റെ മുഖത്തേക്ക് നോക്കി !! ആരതിക്കും കുഞ്ഞിനും കുഴപ്പം ഒന്നുമില്ല … ഇന്ന് തന്നെ വീട്ടിൽ പോകാം …
പിന്നെ ആരതിയുടെ ആദ്യത്തെ പ്രസവം ആയിരുന്നല്ലോ !! ഒരുപാട് സംശയങ്ങളും, പ്രശ്നങ്ങളും ഉടലെടുക്കുന്ന സമയം ആണ് … പ്രത്യേകിച്ച് പ്രസവശേഷം ഉണ്ടാകുന്ന വിഷാദരോഗം … ആരതി നല്ലത് മാത്രം ചിന്തിക്കുക ,,നന്നായി റെസ്റ്റ് എടുക്കുക … ഇപ്പോൾ വേണ്ടത് പരിപൂർണ്ണ വിശ്രമം ആണ് …Dr രശ്മി ഉപദേശിച്ചു …
എങ്കിൽ ശരി ആരതി മറ്റുകുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ആറാഴ്ച്ച കഴിഞ്ഞു ഒരു ചെക്കപ്പ് ഉണ്ട് അതിന് വന്നാൽ മതി …
Dr രശ്മി മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ബാലനും മാധവനും വനജയും ശാരദയും പിന്നാലെ പോയി …
എനിക്ക് നിങ്ങളുടെ വിഷമം നന്നായി മനസ്സിലാകും … എന്നായാലും ആരതി ഈ സത്യം അറിയും … അവൾ അത് ഉൾക്കൊള്ളും .. അതിനുള്ള ശക്തി ദൈവം അവൾക്ക് കൊടുക്കും ..നിങ്ങൾ കൂടെ ഉണ്ടായാൽ മാത്രം മതി …
ആശുപത്രിയിൽ കിടക്കുന്നതിലും എന്തുകൊണ്ടും നല്ലത് വീട്ടിൽ പോകുന്നത് തന്നെയാണ് … Dr രശ്‌മി പറഞ്ഞപ്പോൾ ബാലൻ തലയാട്ടി …
ഡോക്ടർ ഡിസ്ചാർജിന് എഴുതി … മാധവൻ പോയി ബില്ല് അടച്ചു …
ആരതി ആശുപത്രി വിട്ടു …
ബാലനും ശാരദയും മുന്നിൽ പോയി
യാത്രയിലുടനീളം ആരതി കണ്ണടച്ച് പിൻസീറ്റിൽ ഇരിക്കുകയായിരുന്നു …
കവലയിൽ എത്തിയപ്പോൾ ആരതി കണ്ണ് തുറന്നു …
ആരതി പുറത്തേക്ക് നോക്കി … പെട്ടെന്ന് ആരതിയുടെ കണ്ണുകൾ ആൽത്തറയിലെ മരക്കൊമ്പിൽ കെട്ടി ഉയർത്തിയ വലിയ ഫ്ളക്സ്ബോർഡിൽ പതിഞ്ഞു …
നടുക്കത്തോടെ അവൾ അത് വായിച്ചു …
ആദരാഞ്ജലികൾ !!
ക്യാപ്റ്റൻ സുരേഷ് കുമാർ (28)
നാടിന് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ധീര ജവാന് … ഹൃദയത്തിൽ നിന്ന് സല്യൂട്ട് !!
അച്ഛാ !! ആരതിയുടെ സംസാരം പുറത്തേക്ക് വന്നില്ല..
വണ്ടി നിറുത്തു … ആരതി പറഞ്ഞു …
മാധവന് കാര്യം മനസ്സിലായി …
മോളേ !! സമാധാനപ്പെടു !! നമ്മൾ എത്താറായി …
എന്റെ ഏട്ടൻ പോയി അല്ലേ ?? ആരതി ചോദിച്ചു കൂടെ ഇരുന്ന വനജ ആരതിയെ ചേർത്ത് പിടിച്ചു …
ആരതി ഒന്നും മിണ്ടിയില്ല !! അവൾ മടിയിൽ ശാന്തമായി കിടന്നിരുന്ന മോളെ നോക്കി കണ്ണുകൾ അടച്ചു …
നിന്റര് അച്ഛൻ നമ്മളെ വിട്ട് പോയി മോളെ ?? എന്നാലും നമ്മുടെ പൊന്നുമോളെ ഒന്ന് കാണാതെ പോയല്ലോ ഏട്ടാ ?? ഏട്ടൻ അല്ലേ ഒരു മോളെ ആഗ്രഹിച്ചത് ?? ഏട്ടൻ അല്ലേ അവൾക്ക് ഇടാൻ ഉള്ള പേര് പോലും എന്റെ കാതിൽ പറഞ്ഞു തന്നത് ??
ആരതി കരഞ്ഞില്ല !!! അവളുടെ കണ്ണുകൾ നിറഞ്ഞില്ല !! ശാന്തമായിരുന്നു …. ഉള്ളിലെ നോവ് തിരമാലകൾ പോലെ ആർത്തു ഇരമ്പിയപ്പോളും അവൾ കരഞ്ഞില്ല …
ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കൊണ്ട് അവസാനമായിട്ട് സുരേഷിനെ കാണാൻ ആർക്കും സാധിച്ചില്ല .. സംഭവസ്ഥലത്തു നിന്ന് കിട്ടിയ Id കാർഡും പിന്നെ ക്യാമ്പിൽ നിന്ന് കിട്ടിയ വിവരങ്ങളും ആണ് മരിച്ചത് സുരേഷ് ആണെന്ന നിഗമനത്തിൽ എത്തിയത് …
സുരേഷിന്റെ വേർപാടിൽ ഉള്ള ആരതിയുടെ സമീപനം ആണ് എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചത് ….
പണ്ടത്തെ ആരതി അല്ല …നല്ല പക്വത !! കരയുന്നില്ല … വിഷമിച്ചു ഇരിക്കുന്നില്ല .. മോളെ നോക്കുന്നുണ്ട് …
ആരതി സ്വന്തം വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല … ബാലന്റെയും ശാരദയുടെയും ഒപ്പം നിൽക്കാൻ അവൾ ആഗ്രഹിച്ചു ..
ആരതിയുടെ മനസ്സിന്റെ പിടി വിട്ട് പോകുമോ എന്നൊരു സംശയം ബാലനും ശാരദക്കും ഉണ്ടായിരിന്നു …
എന്റെ മോള് വിഷമിക്കരുത് !! സുഖം ആണേലും ദുഖാമണേലും നമുക്ക് ഒരുമിച്ചു ഇവിടെ കഴിയാം …
വിഷമം ഉണ്ട് അച്ഛാ !! ഒരു കടലോളം വിഷമം ഈ മനസ്സിൽ ഉണ്ട് … എന്റെ സുരേഷേട്ടൻ എന്നോട് ഇതെല്ലാം മുൻവിധി പോലെ പറഞ്ഞിട്ടുണ്ട് … ഞാൻ മരിച്ചു മുന്നിൽ കിടന്നാൽ പോലും കരയരുത് എന്ന് പറഞ്ഞിട്ടാണ് പോയത് … ഞാൻ തളർന്നാൽ നിങ്ങളും തളരുമെന്ന് എനിക്ക് അറിയാം … എന്റെ മോള് പിച്ച വെക്കേണ്ടത് ഈ മുറ്റത്താണ് .. അവൾ ഓടി കളിക്കേണ്ടത് ഈ തൊടിയിലാണ് ……പലരും ഒളിഞ്ഞും തെളിഞ്ഞും നിന്ന് എന്റെ മോളുടെ ദോഷം കൊണ്ടാണ് അവളുടെ അച്ഛൻ മരിച്ചതെന്ന് പറയുന്നത് ഞാൻ കേട്ടു …
ആര് അവഗണിച്ചാലും തള്ളിപ്പറഞ്ഞാലും അച്ഛനും അമ്മയും അങ്ങനെ ചെയ്യരുത് … അത് സുരേഷേട്ടന്റെ ആത്മാവിനോട് ചെയ്യുന്ന വഞ്ചന ആയിരിക്കും … ആരതി കരച്ചിൽ അടക്കികൊണ്ട് പറഞ്ഞു …
മോള് എന്താ പറഞ്ഞത് !! നമ്മുടെ കുഞ്ഞു ദോഷക്കാരി ആണെന്നോ?? അല്ല … അവൾ ഞങ്ങളുടെ ചോര ആണ് … ഞങ്ങളുടെ പൊന്നുമോളാണ് .. മനസ്സിൽ പോലും അങ്ങനെയൊന്നും പറയരുത് കേട്ടോ … ബാലൻ അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു …
സുരേഷിന്റെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞു …
കുഞ്ഞിന്റെ നൂലുകെട്ടിന്റെ സമയത്തു ആരതിയോട് എന്ത് പേര് വിളിക്കണം എന്ന് ബാലൻ ചോദിച്ചു …
“ശിവാനി “
ഏട്ടൻ കണ്ടെത്തിയ പേരാണ് അച്ഛാ …
“ശിവാനി സുരേഷ് “…
പിന്നീട് ആരതി ജീവിതത്തിന്റെ താളം കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു …
സുരേഷ് മരണപെട്ടു എന്ന് ആരതിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു …എങ്കിലും സുരേഷ് ഒപ്പം ഉണ്ടെന്ന വിശ്വാസത്തിൽ അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയി ..
ശിവാനി വീട്ടിൽ എല്ലാവരുടെയും അമ്മുസ് ആയി … അവളുടെ കളിയും ചിരിയും കൊണ്ട് എല്ലാ വേദനകളും മറക്കാൻ അവർ ശ്രമിച്ചു ..
ജോലിയിൽ ഇരുന്ന് മരണപ്പെട്ടത് കൊണ്ട് ആരതിക്ക് ജോലി ശരിയായി … അവളുടെ പഠിപ്പിന് അനുസരിച്ചു വില്ലജ് ഓഫീസിൽ ക്ലാർക്ക് ആയിട്ട് ആണ് ജോലി ലഭിച്ചത് …
ബാലനും ശാരദയും പിന്തുണച്ചതോടെ ആരതി ജോലിക്ക് പോയി തുടങ്ങി ..
എല്ലാവരും ആരതിയെ അനുകമ്പയോടും ഒപ്പം അഭിമാനത്തോടെയും നോക്കി കണ്ടു ..
അമ്മുവിന്റെ ഒന്നാം പിറന്നാളിന്റെ അന്ന് !! അന്ന് തന്നെയായിരുന്നു സുരേഷിന്റെ ഒരാണ്ടും !!
വീട്ടുകാരുടെ നിർബന്ധത്തിന് അമ്മുവിന്റ പിറന്നാൾ ലളിതമായി ആഘോഷിക്കാൻ തീരുമാനിച്ചു …
വൈകുന്നേരം അമ്പലത്തിൽ പോയി അമ്മുവിന് വേണ്ടി പൂജകൾ നടത്തി .. ദീപാരാധന കണ്ടിട്ട് അമ്പലത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആരതി അയാളെ കണ്ടത് .. ആരതി നിശ്ചലയായിട്ട് നിന്നു … അറിയാതെ അവൾ മന്ത്രിച്ചു ….
ദേവേട്ടൻ !!!
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission