പാലക്കാടിന്റെ അതിർത്തി വിട്ട് പോകാത്ത ആരതിക്ക് ആദ്യ ട്രെയിൻ യാത്ര സമ്മാനിച്ചത് ഒരുപാട് നല്ല അനുഭവങ്ങൾ ആണ് ..
ഒരു കൊച്ചു കുട്ടി യാത്ര ആസ്വദിക്കുന്നത് പോലെയാണ് സുരേഷിന് തോന്നിയത് ..ആരതിയുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും കണ്ടപ്പോൾ സുരേഷിന്റെ മനസ്സ് നിറഞ്ഞു ..
ആരതി തനിക്ക് സമയം വേണമെന്ന് പറഞ്ഞപ്പോൾ സുരേഷ് കരുതിയില്ല ഇത്രെയും പെട്ടെന്ന് ആരതി തന്റെ അടുക്കലേക്ക് എത്തുമെന്ന് …
അവളുടെ മനസ്സിൽ ഇപ്പോൾ തനിക്കും ഒരിടം ഉണ്ടെന്ന് ഓർത്തപ്പോൾ സുരേഷ് അറിയാതെ ചിരിച്ചു ..
മ്മ് !! എന്താ ചിരിക്കുന്നത് ?? ആരതി ചോദിച്ചു …
ഏയ് ഒന്നുമില്ല … താൻ ഇതിന് മുൻപ് ട്രെയിനിൽ കയറിയിട്ടില്ലേ ?? സുരേഷ് ചോദിച്ചു …
എവിടെ ??വീട് വിട്ടാൽ കോളേജ് കോളേജ് വിട്ടാൽ വീട് .. അതിനപ്പുറം ഒന്നുമില്ലായിരുന്നു ..
ഒരിക്കൽ തറവാട്ടിൽ നിന്ന് എല്ലാവരും ഗുരുവായൂർക്ക് പോകാൻ പ്ലാൻ ചെയ്തു ……ആദ്യം ട്രെയിനിൽ പോകാൻ ഉദേശിച്ചെങ്കിലും അവസാനം ട്രാവലർ വിളിച്ചു പോയി .. എന്നാലും എല്ലാരും കൂടിയുള്ള പോക്ക് ശെരിക്കും ആസ്വദിച്ചു …
സുരേഷേട്ടന്റെ തറവാട്ടിൽ വന്നപ്പോൾ എന്റെ മനസ്സിൽ ഓടി വന്ന ആദ്യത്തെ ഓർമ്മ അതായിരുന്നു ..
അച്ഛന് ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ പൈസ കൊണ്ട് തന്റെ വീടിന്റെ അടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ട് … താമസിക്കാതെ വീടുപണിയണം …അപ്പോൾ തനിക്ക് അച്ഛനെയും അമ്മയെയും കാണണമെല്ലോ !!
ഞാൻ എങ്ങും പോകുന്നില്ല !! ഇനി സുരേഷേട്ടൻ എവിടെയുണ്ടോ അവിടെയാണ് ഞാനും !! എന്നെ ഒറ്റക്ക് നാട്ടിൽ നിറുത്താമെന്ന് കരുതേണ്ട !! ആരതിയുടെ സംസാരത്തിൽ പരിഭവം കലർന്നിരുന്നു ..
എടൊ !! തനിക്ക് അത് പറയാം .. എനിക്ക് എപ്പോഴും ഒരു സ്ഥലത്തു തന്നെയല്ല ജോലി .. അടിക്കടി സ്ഥലം മാറ്റം കിട്ടും .. ഇപ്പോൾ നമുക്ക് പ്രശ്നം ഒന്നും തോന്നില്ല എന്നാൽ കുട്ടികൾ ആകുമ്പോൾ അവരുടെ പഠനത്തെ അത് ബാധിക്കും .. സുരേഷ് പറഞ്ഞു ..
അത് കുട്ടികൾ ആകുമ്പോൾ അല്ലേ !! അപ്പോൾ നോക്കാം..ആരതി ചുണ്ടുകൾ കോടി കാണിച്ചു ..
തന്നോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ??
ആരതി സുരേഷിനെ നോക്കി …
ചോദിയ്ക്കാൻ പാടില്ലാത്ത കാര്യം ആണ് !! എങ്കിലും ചോദിക്കുവാ …ദേവൻ തന്നെ വന്ന് അയാളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ താൻ പോകുമോ ??സുരേഷിന്റെ ചോദ്യം കേട്ട് ആരതി ഒന്നും മിണ്ടിയില്ല …
തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല … വെറുതെ !! വെറുതെ ഒന്ന് അറിയാൻ മാത്രം … സുരേഷ് പറഞ്ഞു …
ഇല്ല ഏട്ടാ !! എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി വെറും ഒരു ലോഹമല്ല .. ഒരു വാഗ്ദാനം ആണ് ..
അന്ന് സുരേഷേട്ടന്റെ കൂടെ ഞാൻ ദേവേട്ടന്റെ അമ്മയെ കാണാൻ പോയത് ഓർക്കുന്നില്ലേ !! അവിടെ ഞാൻ എന്റെ മനസ്സിൽ ഉള്ളത് എല്ലാം ഉപേക്ഷിച്ചതാണ് ..
ഈ ഒരു ജന്മം അത് ഇനി സുരേഷേട്ടന്റെ കൂടെ മതി … എന്റെ വിഷമങ്ങളെ ഉൾക്കൊണ്ടു , എന്നെ മനസിലാക്കി , എനിക്ക് വേണ്ടുവോളം സമയം തന്ന് പ്രാണനായി സ്നേഹിക്കുന്ന സുരേഷേട്ടനെ ഞാൻ എങ്ങനെ മറക്കും !! ആരതിയുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു ..
സുരേഷേട്ടന്റെ അമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു .. സുരേഷേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അമ്മയിൽ നിന്ന് തന്നെ ഞാൻ മനസിലാക്കി എടുത്തു ..
സ്നേഹം എന്ന് പറയുന്നത് ത്യാഗം കൂടി ആണെല്ലോ !! ആ മനസ്സിൽ ഞാൻ മാത്രം ഉണ്ടായിരുന്നിട്ട് കൂടി .. ദേവേട്ടനെ വേണെങ്കിൽ വിവാഹം കഴിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ ആളല്ലേ ……എനിക്ക് കിട്ടിയ പുണ്യമാണ് ഏട്ടൻ !! ആരതി വിതുമ്പി … അറിഞ്ഞോ അറിയാതയോ ഈ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് … ആരതി കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു ..
ശ്ശെ ,,, എന്തായിത് ?? കരയുവാ … ദേ താൻ ഇപ്പോൾ വെറും ആരതി അല്ല … ക്യാപ്റ്റൻ സുരേഷ്മേനോന്റെ ഭാര്യ ആരതി സുരേഷ് ആണ് ….ഒരു പട്ടാളക്കാരന്റെ ഭാര്യ കരയരുത് ഇനി ഞാൻ മരിച്ചു നിന്റെ മുന്നിൽ കിടന്നാൽ പോലും നീ കരയരുത് ..സുരേഷ് ആരതിയെ ചേർത്ത് പിടിച്ചു …
മേഘാലയ !! അവിടെയായിരുന്നു സുരേഷിന്റെ ക്യാമ്പ്..
റെയിൽവേ സ്റ്റേഷനിൽ അവരെ വിളിക്കുവാൻ പട്ടാളത്തിൽ നിന്ന് വണ്ടി വിട്ടിരുന്നു ..
അധികം വൈകാതെ അവർ ക്വാട്ടേഴ്സിൽ എത്തി ..
അയ്യർ സാമി അവരെ പ്രതീക്ഷിച്ചു അവിടെ തന്നെ ഉണ്ടായിരുന്നു ..
യാത്ര ഒക്കെ സുഖമായിരുന്നോ സാർ !! അയ്യര് ചോദിച്ചു ..
മ്മ് ,, സുഖമാണോ സാമിയെട്ടാ ?? സുരേഷ് തിരക്കി ..
സാർ ഇല്ലാത്തതിന്റെ ഒരു കുറവ് മാത്രം ഉണ്ടായിരുന്നോള്ളൂ ..
സുരേഷ് ചിരിച്ചു … ഇത് എന്റെ ആരതി …സുരേഷ് അയ്യർക്ക് ആരതിയെ പരിചയപ്പെടുത്തി കൊടുത്തു ..
രണ്ടാളും അവിടെ നിൽക്ക് .:
അയ്യര് പെട്ടെന്ന് തന്നെ കർപ്പൂരം കത്തിച്ചുകൊണ്ട് വന്ന് ആരതിയുഴിഞ്ഞു രണ്ടാളെയും അകത്തേക്ക് കയറ്റി ..
മാഡം !! മാഡത്തിന് ഈ സ്ഥലം ഇഷ്ടമായോ ?? അയ്യര് തിരക്കി ..
എന്നെ ആരതിയെന്ന് വിളിച്ചാൽ മതി സാമിയെട്ടാ !! എന്റെ അച്ഛന്റെ പ്രായമുള്ള സാമിയെട്ടൻ എന്നെ മാഡം എന്ന് വിളിക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ ..
അയ്യര് ഒന്ന് ചിരിച്ചു …സാറും ഇതുപോലെ തന്നെയാണ് .: പേര് വിളിച്ചാൽ മതിയെന്ന് എപ്പോഴും പറയും …
ഒരുപാട് മേലാളന്മാർക്ക് വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട് എന്നാൽ ഇത്രെയും നല്ല ഒരു സാറിനെ ഞാൻ കണ്ടിട്ടില്ല ..
ആരതി ചിരിച്ചു ..
പെട്ടെന്ന് തന്നെ ആരതി ആ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു … സുരേഷിനെ പറ്റി സഹപ്രവർത്തകർക്ക് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നോളു ..
അയ്യര് സാമിയുമായി ആരതി പെട്ടെന്ന് കൂട്ടായി.. അയ്യര് ആരതിയെ പാചകം ഒക്കെ പഠിപ്പിച്ചു കൊടുത്തു ..
സുരേഷും ആരതിയും സ്നേഹിച്ചു തുടങ്ങി …എല്ലാരീതിയിലും ആരതി സുരേഷിന് സ്വന്തമായി ..
സന്തോഷകരമായ ദിവസങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് …
അവരുടെ ജീവിതത്തിൽ ദേവൻ പിന്നീട് ഒരു സംസാരവിഷയം ആയിട്ടില്ല ..
നാല് മാസം കഴിഞ്ഞപ്പോഴേക്കും ആരതിക്ക് വിശേഷം ആയി ..ഡോക്ടർ ആരതിയോട് ശരീരം സൂക്ഷിക്കണം എന്ന് കൂടി പറഞ്ഞതോടെ ആരതിയെ അയ്യർ സാമി അനങ്ങാൻ പോലും സമ്മതിച്ചില്ല .. ആരതി കഴിക്കുവാൻ ആഗ്രഹിച്ചതെല്ലാം അയ്യര് ഉണ്ടാക്കി മുന്നിൽ കൊണ്ട് കൊടുത്തു …
ആരതി സുരേഷിനെ പോലെ ഒരു ആൺകുഞ്ഞിനെ ആഗ്രഹിച്ചപ്പോൾ സുരേഷ് ഉറപ്പിച്ചു പറഞ്ഞു ഇത് മോനല്ല മോളാണെന്നെന്ന് !!
പ്രസവം മിലിറ്ററി ആശുപത്രിയിൽ മതിയെന്ന് സുരേഷ് പറഞ്ഞപ്പോൾ ഇരുവീട്ടുകാരും സമ്മതിച്ചില്ല ..
ആദ്യ പ്രസവം പെണ്ണിന്റെ വീട്ടുകാരുടെ അവകാശം ആണെന്ന് മാധവൻ പറഞ്ഞതോടെ സുരേഷ് പിന്നെ എതിർത്തൊന്നും പറയാൻ നിന്നില്ല …
ആറു മാസം കഴിഞ്ഞപ്പോൾ തന്നെ സുരേഷ് ആരതിയുമായി നാട്ടിലേക്ക് തിരിച്ചു .. പ്രസവത്തിന് വിളി കഴിഞ്ഞു ഒരാഴ്ച്ച ആരതിയോടൊപ്പം നാട്ടിൽ നിന്നതിന് ശേഷം സുരേഷ് തിരികെ പോയി ..
ആരതിക്ക് സുരേഷിനെ പിരിഞ്ഞു നിൽക്കുന്നതിൽ വളരെ വിഷമം ഉണ്ടായിരുന്നു .. പ്രസവ സമയം നാട്ടിൽ വരുമെന്ന് സുരേഷ് ഉറപ്പ് കൊടുത്തിരുന്നു …
എന്നാൽ എല്ലാം തകിടം മറിയാൻ ഒരു നിമിഷം മാത്രം മതിയായിരുന്നു ..:
മാവോയിസ്റ്റ് ആക്രമണം രൂക്ഷമായതിനെ തുടർന്ന് സുരേഷിന്റെ ക്യാമ്പിൽ ഉള്ളവർക്ക് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടേണ്ടി വന്നു …
പ്രസവ സമയത്തു വരവ് നടക്കില്ലെന്ന് സുരേഷ് വീട്ടുകാരെ അറിയിച്ചെങ്കിലും ആരതിയെ ആരും ഒന്നും അറിയിച്ചില്ല …
ആരതിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാനുള്ള ഡേറ്റ് അടുത്ത സമയത്താണ് ആ അശുഭവാർത്ത കേട്ടത് ..
സുരേഷ് നിലയുറപ്പിച്ചിരുന്ന ക്യാമ്പിൽ ബോംബ് സ്ഫോടനം ഉണ്ടായി എന്ന് ..
ആരതിക്ക് അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നി .. മനസ്സിൽ അകാരണമായ ഒരു ഭയം വന്ന് മൂടി ..രണ്ട് ദിവസം സുരേഷിന്റെ വിവരം ഒന്നും വന്നില്ല … ആരതിക്ക് പ്രസവവേദന തുടങ്ങി .. മാധവനും വനജയും കൂടി ആരതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് മാധവൻ ബാലനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ..
ബാലനും ശാരദയും കൂടി ആശുപത്രിയിലേക്ക് പോകുവാനായി ഒരുങ്ങി .. വീട് പൂട്ടി ഇറങ്ങാനായി ഒരുങ്ങിയതും ലാൻഡ്ഫോൺ ബെൽ അടിച്ചു .. ബാലൻ പോയി ഫോൺ എടുത്തു …
യുദ്ധമുഖത്തുനിന്നുള്ള നടുക്കുന്ന വാർത്ത ആ പാവം മനുഷ്യൻ നടുക്കത്തോടെ കേട്ടു …
മാവോയിസ്റ്റുകാരുടെ ബോംബ് സ്ഫോടനത്തിൽ സുരേഷ് അടക്കം 11 പേര് വീരമൃത്യു വരിച്ചു ..
ബാലന്റെ തളർച്ചയോടെയുള്ള നിൽപ്പ് കണ്ടപ്പോൾ ശാരദയ്ക്ക് എന്തോ പന്തികേട് തോന്നി .
ശാരദ കാര്യം തിരക്കിയെങ്കിലും ബാലൻ ഒന്നും പറഞ്ഞില്ല ..
ബാലൻ ഒരു വിധത്തിൽ ആശുപത്രിയിലേക്ക് കാർ ഓടിച്ചു ..:
ആരതിക്ക് പ്രസവവേദന തുടങ്ങി ..: ബാലനും ശാരദയും ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആരതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു …
ബാലൻ ആരോടും ഒന്നും പറഞ്ഞില്ല … കുഞ്ഞിനെ കണ്ടപ്പോൾ ആ മനുഷ്യൻ നിയന്ത്രണം വിട്ട് കരഞ്ഞു ..എല്ലാവരും പേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷത്തിൽ കരയുന്നതാകും എന്ന് കരുതിയപ്പോളും ശാരദയ്ക്ക് മാത്രം അങ്ങനെ കരുതുവാൻ തോന്നിയില്ല ..
കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ തിരികെ ഏല്പിച്ചു വിസിറ്റേഴ്സ് ലോഞ്ചിൽ പോയി ഇരുന്നു …
അവിടെ ഇരുന്ന ഒരാൾ ടീവിയിലെ ചാനൽ മാറ്റി വാർത്തകൾ വെച്ചു …
മേഘാലയിലെ ഷില്ലോങ്ങിൽ മാവോയിസ്റ്റ് നടത്തിയ ബോംബ് സ്ഫോടനത്തിൽ മലയാളി ക്യാപ്റ്റൻ അടക്കം 11പേർ കൊല്ലപ്പെട്ടു …
അടിക്കുറിപ്പിന്റെ കൂടെ സുരേഷിന്റെ ഫോട്ടോ ടീവി സ്ക്രീനിൽ തെളിഞ്ഞു വന്നതോടെ അത്രെയും നേരം പിടിച്ചു നിന്ന ബാലൻ നെഞ്ചുപൊട്ടി കരഞ്ഞു … ശാരദയുടെ ജീവൻ പിടഞ്ഞു പോകുന്നത് പോലെ തോന്നി … അവർ നിലത്തിരുന്നു നെഞ്ചിൽ തല്ലി നിലവിളിച്ചു പദം പറഞ്ഞു കരഞ്ഞു …
മാധവനും വനജയും തരിച്ചു നിന്നു …
ആരതി സുരേഷിന്റെ ബന്ധുക്കൾ ഉണ്ടോ ?? നേഴ്സ് ലേബർ റൂം തുറന്ന് വന്ന് ചോദിച്ചു ..
മാധവനും വനജയും യാന്ത്രികമായി മുന്നോട്ട് നടന്നു ..
ആരതിയെ റൂമിലേക്ക്. ഷിഫ്റ്റ് ചെയ്യുവാ …
ബാലനും,ശാരദയും മാധവനും വനജയും സ്ട്രെച്ചറിൽ കൊണ്ടുവന്ന ആരതിയെ അനുഗമിച്ചു … വനജ കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ നിന്ന് വാങ്ങി ..
ആരതിയെ പതിയെ കട്ടിലിൽ കിടന്നു … ആരതിയുടെ അരികിൽ ശാന്തമായി കിടന്ന കുഞ്ഞിനെ കണ്ട് അവൾ ചിരിച്ചു … ശെരിക്കും സുരേഷേട്ടനെ പോലെ തന്നെ ഉണ്ട് അല്ലേ അമ്മേ !!
സുരേഷേട്ടൻ ആഗ്രഹിച്ചത് പോലെ പെൺകുഞ്ഞിനെ കിട്ടിയല്ലോ !!!
സുരേഷേട്ടൻ വിളിച്ചോ അച്ഛാ ?? ഇത് ഇപ്പോൾ മൂന്ന് ദിവസം ആയല്ലോ !! ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ സാമി ഏട്ടനെ വിളിക്കണേ ?? ഒരുപാട് കരുതലോടെ നോക്കിയതാണ് എന്നെയും കാണാത്ത ഞങ്ങളുടെ കുഞ്ഞിനേയും …
മോളേ നീ വിശ്രമിക്ക് !! ഇപ്പോൾ വിശ്രമം വേണ്ട സമയമാണ് … ബാലൻ പറഞ്ഞു …
ആരതി ചിരിച്ചു … സുരേഷേട്ടൻ വിളിച്ചാൽ ഞാൻ ഉറക്കമാണെങ്കിലും വിളിച്ചു ഫോൺ തരണേ !! ആരതി പറഞ്ഞു ..
ശാരദ !! സാരിത്തുമ്പ് പിടിച്ചു വിതുമ്പി …
എന്താ അമ്മേ ?? എന്താ പറ്റിയത് ?? ആരതി മാറി മാറി എല്ലാവരെയും നോക്കി .. എന്താ എല്ലാവരുടെയും മുഖം വലത്തേ ഇരിക്കുന്നത് ??
എന്താണേക്കും എന്നോട് പറ !! ആരതി തളർച്ചയുടെ പറഞ്ഞു …
മോളേ !! ഒന്നുമില്ല .. നീ കിടക്ക് .. സുരേഷ് വിളിക്കുമ്പോൾ ഞാൻ മോളെ വിളിച്ചുണർത്താം …ബാലൻ പറഞ്ഞു ..
ബാലന്റെ വാക്കുക്കൾ കേട്ടപ്പോൾ ആരതി ശാന്തയായി …
മ്മ് !!ആരതി കണ്ണുകൾ അടച്ചു ……പതിയെ മയക്കത്തിലേക്ക് വഴുതി വീണു ..
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission