Skip to content

സ്‌നേഹക്കൂട് – 3

shehakoodu

ദേവേട്ടൻ വിളിച്ചാൽ ഞാൻ കൂടെ പോകും !! ആരതിയുടെ ശബ്ദം ഉറച്ചതായിരുന്നു …

എങ്കിൽ ഒരൊറ്റ വഴിയേ ഒള്ളു ….

സുരേഷ് പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ആരതി കാതോർത്തു …

എന്താണ് ?? ആരതി ചോദിച്ചു ..

“നമ്മൾ തമ്മിലുള്ള വിവാഹം “

ആരതിയുടെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി ..

സുരേഷ് തുടർന്നു …പറയുന്നത് ശെരിയായി ചിലപ്പോൾ തോന്നില്ല ……പക്ഷെ ഇതേയുള്ളു തൽകാലം പോംവഴി !!

ഞാൻ ഈ വിവാഹത്തിന് സമ്മതമല്ലന്ന് പറഞ്ഞുപോയാൽ തന്റെ അച്ഛൻ വേറെ വിവാഹം ആലോചിക്കും ..ചിലപ്പോൾ ആ കല്യാണം നടന്നെന്നും വരാം ….തനിക്ക് എത്രകാലം  ഇങ്ങനെ പിടിച്ചുനിൽക്കാൻ പറ്റുമെന്ന് വല്ല ഉറപ്പും ഉണ്ടോ ?? സുരേഷിന്റെ ചോദ്യത്തിന് മുന്നിൽ  ഉത്തരം ഇല്ലാതെ ആരതി നിന്നു ..

താൻ തന്റെ ദേവേട്ടനെ വിളിച്ചിട്ട് ചോദിക്ക് !! അയാൾക്ക് സമ്മതം എങ്കിൽ നിങ്ങളെ ഞാൻ സഹായിക്കാം …സുരേഷ് ഉറപ്പ് കൊടുത്തു …

സുമേഷ്‌ പറഞ്ഞു വിശ്വസിപ്പിച്ചത് പോലെയുള്ള  ഒരു അന്തരീക്ഷം അല്ല  ദേവനെ വരവേറ്റത് ….

..പറഞ്ഞുറപ്പിച്ചതിലും കുറഞ്ഞ ശമ്പളം ..ഓവർടൈം  കൂടി ചെയ്യേണ്ട അവസ്ഥ ….ദിവസവും പതിനാല്  മണിക്കൂർ വരെയുള്ള പണി  ..ആകെ വെള്ളിആഴ്ച്ച  ഒരു ദിവസം അവധി ..ആ ഒരു ദിവസ്സം വേണം തുണി അലക്കും സാധനം വാങ്ങലും എല്ലാം കൂടി ..

ദേവന് പലപ്പോഴും ആരതിയുടെ ഫോൺ സമയത്തിന് അറ്റൻഡ് ചെയ്യാനോ  മെസ്സേജിന് മറുപടി കൊടുക്കുവാനോ കഴിഞ്ഞില്ല …

സുരേഷ് പറഞ്ഞ ആശയം ആരതി ദേവനോട് പറഞ്ഞപ്പോൾ ഫോണിലൂടെ ശകാരവർഷം ആയിരുന്നു ..

“നിനക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അയാളെ കല്യാണം കഴിക്ക് “..

അല്ലാതെ ഞാൻ എന്ത് പറയാൻ ആണ് .. ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നതല്ലേ ഒള്ളു .. ഇവിടെ ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും എളുപ്പം അല്ല ആരതി .. എന്തേലും അത്യാവശ്യത്തിന് ഒന്ന് നാട്ടിൽ വരണമെങ്കിൽ പോലും കടം വാങ്ങി വരേണ്ട അവസ്ഥയിൽ ആണ് ..

.. അയാൾ നിന്നെ കല്യാണം കഴിച്ചു ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചാലും നീ എന്റെ കൂടെ ഇറങ്ങി വരുന്ന സമയത്തു അയാളുടെ വീട്ടുകാർക്കും കൂടി നാണകേടാവില്ലേ ?? മാത്രവുമല്ല നീ ഇറങ്ങി വരുമെന്ന് എനിക്ക് എന്താണ് ആരതി ഉറപ്പ് ?? ദേവൻ ചോദിച്ചു ..

ഓഹോ !! ദേവേട്ടൻ അപ്പോൾ എന്നെ കുറിച്ച് അങ്ങനെയാണ് മനസ്സിലാക്കിയിരിക്കുന്നത് അല്ലേ ?? ദേവേട്ടന്റെ ഇല്ലായ്മയിലും. വിഷമത്തിലും ഒപ്പം നിന്നിട്ടുള്ളവൾ ആണ് ഈ ആരതി !! 

ദേവേട്ടൻ എപ്പോഴെങ്കിലും എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ ?? എനിക്ക് വീട്ടിൽ പിടിച്ചു നിൽക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് ..

ഞാൻ അയാളെ ചതിക്കുന്നതല്ലലോ ?? അയാൾ എനിക്ക് ഉപദേശിച്ചു  തന്ന വഴിയാണ് ഞാൻ പറഞ്ഞത് ..ദേവേട്ടന്  സമ്മതം അല്ലെങ്കിൽ വേണ്ട .. പക്ഷെ അധികകാലം എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ..

ദേവേട്ടൻ ഒന്നുകിൽ നാട്ടിൽ എത്രെയും പെട്ടെന്ന് വരണം നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തേ പറ്റൂ ….ആരതി പറഞ്ഞു ..

അത്  നടക്കില്ല ആരതി !! ഞാൻ ഇപ്പോൾ ഇവിടെ ചെകുത്താനും കടലിനും നടുവിൽ പെട്ടിരിക്കുന്ന അവസ്ഥ ആണ് .. ജോലി ഇട്ടേച്ചു നാട്ടിൽ വാരാൻ പറ്റില്ല ..പാസ്പോർട്ട് കമ്പനിയുടെ കൈവശം ആണ് …അവരുമായിട്ടുള്ള കരാർ ലംഗിച്ചാൽ പിഴയായി പൈസ അവർക്ക് കൊടുക്കേണ്ടി വരും ….നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകാത്തത് കൊണ്ടല്ല … എന്റെ ഗതികേട് കൊണ്ടാണ് …

നീ !! നീ അച്ഛൻ പറഞ്ഞത് അനുസരിച്ചോ ……എനിക്ക് നിന്നെ ഇപ്പോൾ സഹായിക്കാൻ കഴിയില്ല …ദേവൻ പറയുന്നത് കേട്ട് ആരതി സ്‌തബ്ധയായി പോയി ..

ദേവേട്ടൻ എന്താ പറഞ്ഞത് ?? നമ്മുക്ക് പിരിയാമെന്നോ ?? എന്റെ ദേവേട്ടൻ തന്നെയാണോ ഈ പറയുന്നത് ?? ആരതിയുടെ ചിലമ്പിച്ച ശബ്ദം ദേവന്റെ കാതിൽ വന്ന് പതിയുമ്പോൾ ആ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു …

എനിക്കും വിഷമം ഉണ്ട് മോളെ ……പക്ഷെ നിന്റെ ദേവേട്ടൻ ഇവിടെ നിസ്സഹായൻ ആണ് .. നീ അച്ഛൻ പറയുന്നത് അനുസരിച്ചോ !! നിനക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടട്ടെ !! ദേവന്റെ ശബ്ദം കേൾക്കാതായപ്പോൾ അയാൾ ഫോൺ ഓഫ് ആക്കിയതാണെന്ന് അറിഞ്ഞു ..

ആരതി എല്ലാം തകർന്നവളെപോലെ  പോലെ നിന്നു …മുന്നോട്ടുള്ള വഴി ശൂന്യമായി പോയ ഒരു തോന്നൽ അവൾക്ക് ഉണ്ടായി ..

ദേവേട്ടൻ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ പോലും തനിക്കാകുന്നില്ല ……ആരതി കട്ടിലിലേക്ക് വീണ്  നെഞ്ച് പൊട്ടി കരഞ്ഞു …

എത്ര നേരം അവൾ ആ കിടപ്പ് കിടന്നു എന്ന് ആരതിക്ക് അറിയില്ല …

വാതിൽ കൊട്ടുന്നത് കേട്ടാണ് ആരതി എഴുന്നേറ്റത് .. ആരതി പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു …

മാധവനും വനജയും  ഉണ്ടായിരുന്നു … മകളുടെ കരഞ്ഞു വീർത്ത കൺപോളയും വിഷാദമായ മുഖവും കണ്ട് അവർ പരസ്പരം നോക്കി ..

മോളേ .. ആരതി  എന്താ  ഇത് ?? നീ ഇങ്ങനെ തുടങ്ങിയാൽ അച്ഛനും അമ്മയ്ക്കും സങ്കടമാകും !! മാധവന്റെ അലിവോടെയുള്ള സംസാരം കേട്ട് ആരതി അച്ഛനെ നോക്കി !! അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

അല്ല !! ഇത് അച്ഛന്റെ അഭിനയം അല്ല !! ആരതി മനസ്സിൽ പറഞ്ഞു ..

അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ പോയി ഇരുന്നു ..

നീ ഇങ്ങനെ ചങ്കു കലങ്ങി കരഞ്ഞാൽ ഈ അച്ഛനും അമ്മയ്ക്കും അത് സഹിക്കാൻ കഴിയില്ല .. നിനക്ക് ദേവനോടുള്ള ഇഷ്ട്ടം അത്രക്കുണ്ടെങ്കിൽ  അച്ഛൻ നിങ്ങളുടെ വിവാഹം നടത്തി തരാം …മാധവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു …

ആരതി അച്ഛന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി !!

സത്യമാണ് മോളെ … സുരേഷ് അച്ഛനെ വിളിച്ചിരുന്നു ….നിനക്ക് ദേവനെ കൂടാതെ ജീവിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് നിങ്ങളുടെ വിവാഹം നടത്തികൊടുക്കണം എന്നും സുരേഷ് എന്നോട് അഭ്യർത്ഥിച്ചു …

നിറഞ്ഞ മനസ്സോടെയാണ് അച്ഛൻ ഈ പറയുന്നത് … നിങ്ങളുടെ വിവാഹം ഈ അച്ഛൻ നടത്തി തരാം .. പക്ഷെ !!

മാധവൻ ഒന്ന് നിറുത്തി …

ആരതി ചോദ്യഭാവത്തിൽ അച്ഛനെ നോക്കി ??

പക്ഷെ ദേവന്  എപ്പോൾ നിന്നെ വിവാഹം കഴിക്കുവാൻ സാധിക്കും എന്ന്  എനിക്ക് അറിയണം … അവന്റെ കയ്യിൽ നിന്ന് എനിക്ക് ഒരു ഉറപ്പ് വേണം .. ചേച്ചിയുടെ ബാധ്യത , വീട്ടിലെ കടം , അനിയത്തിയുടെ പഠനം കല്യാണം  ഇങ്ങനെ ഓരോന്ന് പറഞ്ഞു നീട്ടികൊണ്ട് പോകാൻ പറ്റില്ല .. അതുകൊണ്ട്  നീ ദേവനെ വിളിക്ക് .. അച്ഛൻ അവനോട് സംസാരിക്കാം …

ആരതി ഫോൺ എടുത്ത്  ദേവനെ വിളിച്ചു … ദേവൻ ഫോൺ എടുത്തില്ല …

ആരതി ഒരിക്കൽ കൂടി വിളിച്ചു … ഈ വട്ടം ദേവൻ ഫോൺ എടുത്തു …

ആരതി ഫോൺ സ്‌പീക്കറിൽ ഇട്ടു …

നീ. ഇനി എന്നെ വിളിക്കരുത്  ആരതി !! ഇനിയും എന്നെ വിളിച്ചാൽ ഞാൻ ഈ നമ്പർ മാറും .. നിന്നോട് ഞാൻ പറഞ്ഞല്ലോ നിന്റെ അച്ഛൻ പറഞ്ഞത് അനുസരിച്ചോളാൻ ……അരതി എന്തേലും പറയുന്നതിന് മുൻപേ ദേവൻ സംസാരിച്ചു തുടങ്ങി ..

മാധവൻ ആരതിയെ ഒന്ന് നോക്കി  ശേഷം ഫോൺ കയ്യിൽ നിന്ന് വാങ്ങി …

ഇത്‌ ആരതി അല്ല !! അവളുടെ അച്ഛൻ ആണ് !! ഞാൻ പറഞ്ഞിട്ടാണ് ആരതി വിളിച്ചത് ..

ആരതിയുടെ അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ദേവന്റെ മനസ്സിലേക്ക് താനും അമ്മയും ആരതിയുടെ വീട്ടിൽ നിന്ന് അപമാനിതനായി ഇറങ്ങി പോയ രംഗം വന്നു ..

ഞാൻ ഇപ്പോൾ സംസാരിക്കുന്നത് ആരതിക്ക് വേണ്ടിയിട്ടാണ് !! നിങ്ങളുടെ കല്യാണം നടത്തി തരാൻ ഞാൻ ഒരുക്കമാണ് .. പക്ഷെ ദേവന് എപ്പോൾ ആരതിയെ വിവാഹം കഴിക്കാൻ കഴിയും എന്ന്  എന്നോട് പറയണം !! വീട്ടിലെ എല്ലാ  പ്രശ്നങ്ങളും കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് നീ ഇരുന്നാൽ  എന്റെ മോളുടെ വിവാഹ പ്രായം കഴിഞ്ഞു പോകും … മാധവൻ പറഞ്ഞത് അയാളിലെ ആധി ആണെങ്കിലും  ദേവന് അത്‌ തന്നെ നിസ്സഹായതയെ കുത്തി നോവിക്കുന്നത് പോലെ തോന്നി …

എന്നോട്  ക്ഷമിക്കണം … ഞാൻ കുറച്ചു മുൻപ് ആരതിയോട് സംസാരിച്ചിരുന്നു .. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാൻ ഇല്ല .. എനിക്ക് ആരതിയെ വിവാഹം കഴിക്കുവാൻ കഴിയില്ല ….ഇനി എന്നെ ഒന്നും പറഞ്ഞു വിളിക്കരുത് ..മാധവനോട് പറഞ്ഞത് അല്പം താഴ്‌മയോട് ആണെങ്കിലും ഒരു പകപോക്കൽ പോലെ ദേവൻ അത് പറഞ്ഞപ്പോൾ മാധവന്  താൻ അപമാനിതനായത് പോലെ തോന്നി ..

എന്റെ കുട്ടിക്ക് വേറെ ചെറുക്കനെ കിട്ടാത്തത് കൊണ്ടല്ല ദേവാ ഞാൻ നിന്നെ വിളിച്ചത് ! അവളുടെ വിഷമം കണ്ടിട്ടാണ് ..ആ കാര്യം നീ മറന്ന് പോകരുത് ..! എന്റെ മോൾക്ക് ഇനി നിന്നെ വേണ്ടാ … മാധവൻ അരിശത്തോടെ ഫോൺ കട്ട് ചെയ്തു …

എന്റെ മോള് എന്താണെന്ന് വെച്ചാൽ തീരുമാനിക്ക് !! ഈ നിമിഷം വരെ മാധവൻ ആരുടെയും മുന്നിൽ തോറ്റിട്ടില്ല ……നിന്റെ വിഷമം കണ്ടാണ് അച്ഛൻ ദേവനെ വിളിച്ചത് ..

അറിയാം അച്ഛാ !! എനിക്ക് എല്ലാം അറിയാം ..

എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം ആരതി പറഞ്ഞു …

മാധവൻ ആരതിയെ നോക്കി !!

വനജേ !! നീ എന്ന് മോളുടെ കൂടെ കിടന്നാൽ മതി … മാധവന്റെ ഉള്ളിൽ ആരതി വല്ല  അബദ്ധവും കാണിക്കുമോ എന്ന  ഭീതി ഉണ്ടായി ..

അച്ഛാ  !! അച്ഛൻ പേടിക്കേണ്ട … ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല … ദേവേട്ടനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല .. ഞാൻ എപ്പോഴും ദേവേട്ടന്റെ ഭാഗത്തു നിന്നാണ് ചിന്തിച്ചിരുന്നത് …ദേവേട്ടന് വേണെങ്കിൽ  എന്നെ  വിളിച്ചിറക്കി കൊണ്ട് പോകാമായിരുന്നു !! എന്നാൽ അത്‌ ചെയ്യാഞ്ഞത് ദേവേട്ടന്റെ വീട്ടിലെ അവസ്ഥ കൊണ്ടാണ് …

ഒരിക്കൽ പോലും ഞാൻ ദേവേട്ടനെ കുറ്റം പറഞ്ഞിട്ടില്ല  .. ഇനി പറയുകയും  ഇല്ല … ഞാൻ ഇപ്പോൾ വിഷമിക്കുന്നതിന്റെ ആയിരം മടങ് ആ മനസ്സ്  കലങ്ങിയിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം …

ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളുടെ പ്രീയപെട്ടവരെയും സ്നേഹിക്കുന്നുണ്ട് അച്ഛാ … ഞാൻ കാരണം അച്ഛൻ ആരുടേയും മുന്നിൽ തല കുനിക്കരുത് ..

എന്റെ അച്ഛൻ ആരുടേയും മുന്നിൽ തോൽക്കേണ്ട … അച്ഛൻ അവരെ വിളിച്ചിട്ട് എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചേക്ക് !! ആരതിയുടെ സംസാരം ശാന്തമായിരുന്നെങ്കിലും ദൃഢമായിരുന്നു …

മോളേ !! നീ നന്നായിട്ട് ആലോചിച്ചിട്ടാണോ ഈ പറയുന്നത് ??

വനജ ചോദിച്ചു …

അതെ  അമ്മേ !! നല്ലത് പോലെ അലോചിച്ചിട്ടാണ് …ഈശ്വരൻ വിധിച്ചത് എന്താണോ അത് പോലെ എല്ലാം നടക്കട്ടെ …

നിറഞ്ഞു വന്ന കണ്ണുകൾ ആരതി തുടച്ചു …

എന്തായാലും അമ്മ എന്ന് മോൾടെ കൂടെ കിടന്നോളാം ..ആരതി  മറുപടി ഒന്നും പറയാതെ കട്ടിലിൽ പോയി കിടന്നു …

മാധവൻ ആരതിയെ ഒന്ന് നോക്കിയിട്ട് പോയി … വനജ വാതിൽ അടച്ചിട്ടിട്ട് ലൈറ്റ് ഓഫ് ചെയ്തിട്ട് ആരതിയുടെ അടുക്കൽ പോയി  കിടന്നു …

ആരതിയുടെ അടക്കിപിടിച്ചുള്ള  തേങ്ങൽ കേട്ടപ്പോൾ  വനജ അവളെ ചേർത്ത് കിടത്തി മുടിയിൽ തഴുകി ആശ്വസിപ്പിച്ചു ..

ജീവിതം ഇങ്ങനെയാണ് മോളെ … എല്ലാം നമ്മൾ ആഗ്രഹിക്കുന്നത് പോലെ  നടക്കണം എന്ന് ഇല്ലല്ലോ .. മോള് പറഞ്ഞത് പോലെ എല്ലാം വിധി പോലെ വരട്ടെ !!

ആരതി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു …

ഭഗവതിയുടെ മുന്നിൽ കണ്ണടച്ച് നിൽകുമ്പോൾ ആരതിയുടെ മനസ്സ് നിറയെ ദേവന്റെ ഓർമ്മകൾ ആയിരുന്നു ..

നീ ഈ അമ്പലത്തിൽ വരുന്നത് ഭഗവതിയെ കാണാൻ തന്നെയാണോ ??  ദേവേട്ടൻ പണ്ട് കാതിൽ രഹസ്യമായി ചോദിച്ചപ്പോൾ ആണ് താൻ ആദ്യമായി ഈ നടയിൽ വെച്ച്  ദേവേട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത് …

ആര് കൈവിട്ടാലും ഭഗവതി കൈ വിടില്ലെന്ന് അന്ന് ദേവേട്ടൻ പറഞ്ഞിരുന്നു …

പിന്നീട് ഓരോവട്ടവും ദേവേട്ടനെ കാണാൻ വേണ്ടി മാത്രമായിരുന്നു ഇവിടേക്ക് ഉള്ള വരവ് …

പൂജാരി  ആരതിയെ പേര് വിളിച്ചപ്പോൾ ആണ് താൻ  ക്ഷേത്രത്തിൽ ആണെന്നുള്ള ഓർമ്മ ആരതിക്ക് ഉണ്ടായത് …

പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടിട്ട് …: കുറച്ചു നേരം കൂടി ആ നടയിൽ ആരതി നിന്നു …

ദേവേട്ടനുമായിട്ടുള്ള ജീവിതം ഒരുപാട്‌ ആഗ്രഹിച്ചിട്ടിട്ടുണ്ട് .. ഈ തിരുനടയിൽ വെച്ച് എന്റെ കഴുത്തിൽ താലി കെട്ടുമെന്ന വാക്ക് തന്നതും ദേവേട്ടൻ ആണ് … ഇന്നലെ എല്ലാം മറന്ന്  അച്ഛൻ കണ്ടെത്തിയ ആളെ വിവാഹം കഴിക്കാൻ പറഞ്ഞതും ദേവേട്ടനാണ് …

എന്റെ ഭഗവതി ……അരതി കണ്ണുകൾ അടച്ചു ഒന്നുകൂടി തൊഴുതു …

അമ്പലത്തിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വരുമ്പോൾ ആണ്  ബുള്ളറ്റിൽ ചാരി കൈയ്യും കെട്ടി തന്നെത്തന്നെ നോക്കി നിൽക്കുന്ന സുരേഷിനെ കണ്ടത് …

ആരതി സുരേഷിനെ നോക്കി …സുരേഷ് ആരതിയുടെ അടുക്കലേക്ക് നടന്ന് വന്നു ..

ഗുഡ്മോർണിംഗ്  ആരതി !!

ഗുഡ്മോർണിംഗ് .. ആരതി തിരിച്ചു പറഞ്ഞു …

ഇന്നലെ കണ്ടത് പോലെയല്ലോ  !! സെറ്റ് സാരിയൊക്കെ ഉടുത്തു ആള്  സുന്ദരി ആയിട്ടുണ്ടല്ലോ ?? സുരേഷ് ഒന്ന് ചിരിച്ചു ..

അമ്പലത്തിൽ തൊഴാൻ  വന്നപ്പോൾ  ഭഗവതി നമ്മളെ മൈൻഡ് ചെയ്യുന്നില്ല !! ആദ്യം കാര്യം പിടികിട്ടിയില്ല … പിന്നല്ലേ മനസ്സിലായത്  ആരതിക്ക് പറയാൻ ഉള്ളതെല്ലാം ഭഗവതി കേട്ട് കൊണ്ട് തലയിൽ കൈയും വെച്ചു  ഇരിക്കുവായിരുന്നു എന്ന് !! സുരേഷ് കള്ള ചിരിയോടെ പറഞ്ഞപ്പോൾ ആരതി  ഒന്ന് ചിരിച്ചു എന്ന് വരുത്തി ..

ഇന്ന് കോളേജിൽ പോകുന്നില്ലേ ?? സുരേഷ് ചോദിച്ചു …

ഇല്ല … ആരതി മറുപടി പറഞ്ഞു …

നല്ല  മസാലദോശയുടെ മണം !! എനിക്ക് നല്ല വിശപ്പുണ്ട് !! പക്ഷെ ഒറ്റക്ക് കഴിക്കാൻ ഒരു മൂഡ് ഇല്ല .. താനും വാ .. നമുക്ക്‌ ഓരോ മസാല ദോശ കഴിക്കാം … എനിക്ക് ഇത്‌ ഒരു കിട്ടാക്കനി ആണ് …തൊട്ടടുത്ത  ആര്യാസിലേക്ക് നോക്കി സുരേഷ് പറഞ്ഞു ..

എനിക്ക് വേണ്ട !! സുരേഷേട്ടൻ പോയി കഴിച്ചോളൂ .. ആരതി പറഞ്ഞു ..

തനിക്ക് വേണ്ടെങ്കിൽ വേണ്ട !! എനിക്ക് ഒരു കമ്പനി താടോ ?? സുരേഷ് പറഞ്ഞിട്ട് ആര്യാസിലേക്ക് നടന്നു ..

ആരതി സുരേഷിനെ നോക്കി …

സുരേഷ് വാരാൻ കണ്ണ് കാണിച്ചു .. ആരതി പിന്നാലെ പോയി …

ഒരു മസാല ദോശ ഒരു നെയ്യ് റോസ്റ്റ് രണ്ട് ബ്രൂ കോഫി .. സുരേഷ് ഓർഡർ ചെയ്‌തു ..

എനിക്ക് വേണ്ട  !! സുരേഷേട്ടൻ കഴിച്ചോളു ..

തനിക്ക് നെയ്യ്  റോസ്സ്റ്റും ബ്രൂ കോഫിയും ഇഷ്ടമാണെന്ന് അച്ഛൻ  പറഞ്ഞിരുന്നു ..

ആരതി ചിരിച്ചു ..

ജോലി സ്ഥലത്തു എത്തിയാൽ ഈ നടൻ ഭക്ഷണമൊക്കെ കിട്ടാക്കനി  ആണ്  .. എങ്കിലും ഞാൻ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ ഒരു പാലക്കാടൻ  അയ്യര് സ്വാമി ഉണ്ട് .. നല്ല  കൈപുണ്യമാണ് .. ഇനി നേരിട്ട് അയ്യരുടെ കൈപ്പുണ്യം  ആരതിക്ക് ആസ്വദിക്കാമല്ലോ ??

സുരേഷ് ആരതിയുടെ കണ്ണുകളിലേക്ക് നോക്കി …

ആരതി ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു ….

ആരതി !! എനിക്ക് തന്നെ നന്നായി മനസ്സിലാകും ..

തന്റെ അച്ഛൻ രാത്രി തന്നെ എന്നെ  വിളിച്ചിരുന്നു .. ഞാനാണ് അച്ഛനോട്  ദേവനോട് സംസാരിക്കാൻ പറഞ്ഞത് .. ഞാൻ കാരണം നിങ്ങൾ തമ്മിൽ പിരിയാൻ പാടില്ലെന്ന് തോന്നി .. പക്ഷെ .. ദേവൻ അങ്ങനെ പ്രതികരിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല …

സ്നേഹിക്കുന്നവർ പിരിയുമ്പോൾ ഉള്ള വേദന നന്നായിട്ട് അറിയാവുന്ന ഒരാളാണ് ഞാൻ ആരതി …

ആരതി ഒന്നും മനസ്സിലാവാതെ  സുരേഷിനെ നോക്കി …

എനിക്കും ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു..

ഗൗതമി !! കോളേജിൽ എന്റെ കൂടെ പഠിച്ച കുട്ടി .. ഒരു കിലുക്കാംപെട്ടി … പെട്ടെന്ന് തന്നെ അവളോട് ഞാൻ അടുത്തു .. മത്സരിച്ചു സ്നേഹിച്ചു .. ഇണങ്ങിയും പിണങ്ങിയും  ഒരു വർഷം പോയത് അറിഞ്ഞില്ല …

ഒരു ദിവസ്സം അവൾ ക്‌ളാസിൽ മയങ്ങി വീണു …

ആശുപത്രിയിൽ കൊണ്ടുപോയി ..ഇടയ്ക്കിടെ  വരുന്ന തലവേദന ഗൗതമി  കാര്യമാക്കിയിരുന്നില്ല … ബ്രയിൻ ട്യൂമർ ആയിരുന്നു ..അവസാനമായി  അവളെ  കാണുമ്പോൾ അവൾ കോമ  സ്റ്റേജിൽ  ആയിരുന്നു .. ഒരു ആഴ്ച്ച അവൾ ആശുപത്രിയിൽ കിടന്നോളു ..

സുരേഷ് കണ്ണ് തുടച്ചു …

പട്ടാളക്കാരൻ കരയാൻ പാടില്ലെന്നാണ് !!

ആരതി  സുരേഷിനെ തന്നെ നോക്കി ഇരുന്നു ..

എല്ലാം മറക്കുവാനായിട്ടാണ് സത്യം പറഞ്ഞാൽ ആർമിയിൽ ചേർന്നത് തന്നെ !! അവിടെ ഇപ്പോൾ എത്തിയിട്ട് ഏഴു വർഷം ..

തുടർപഠനം അവിടെത്തന്നെയായിരുന്നു ക്യാപ്റ്റൻ  ആയി  പ്രൊമോഷൻ ആയിട്ട് നാട്ടിൽ അവധിക്ക് വന്നപ്പോൾ ആണ് തന്നെ ആ വിവാഹ ചടങ്ങിന് അമ്മ കാണിച്ചു തന്നത് ..

പിന്നെ വിളിക്കുമ്പോൾ എല്ലാം തന്നെ കുറിച്ചെന്തേലും ഒക്കെ അമ്മ കണ്ടുപിടിച്ച വിശേഷങ്ങൾ പറയാൻ തുടങ്ങി …

അച്ഛൻ വഴി തന്റെ ഫോട്ടോസ് എല്ലാം കിട്ടാറുണ്ടായിരുന്നു …സുരേഷ് ചിരിച്ചു …

ഇന്നലെ താൻ ദേവനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും എനിക്ക് വിഷമം ഒന്നും തോന്നാത്തതിന്റെ കാരണവും  അതുകൊണ്ട് തന്നെയാണ് ….പരസ്പരം മനസ്സിലാക്കിയിട്ട് വേണം ഒരാളെ വിവാഹം കഴിക്കുവാൻ എന്നാണ് എന്റെ അഭിപ്രായം  … സുരേഷ് പറഞ്ഞു ..:

ഞാൻ ഇത്രെയൊക്കെ  സംസാരിച്ചിട്ടും  താൻ എന്താ  ഒന്നും  മിണ്ടാത്തത് ?? സുരേഷ് ആരതിയെ നോക്കി …

അതിന്  എനിക്ക് സംസാരിക്കാൻ ഒരു അവസരം തരണ്ടേ !! ആരതി പതിയെ പറഞ്ഞു …

സുരേഷിന്റെ മുഖഭാവം മാറി …

(തുടരും ..)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!