അമ്മുവിനെ കൊണ്ട് സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് നടന്നപ്പോൾ ആരതിയുടെ മനസ്സിൽ നിറയെ ദേവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ..
ദേവേട്ടൻ പറഞ്ഞത് എല്ലാം ശെരിയാണ് !! ഒരുകാലത്തു ജീവശ്വാസമായി മനസ്സിൽ കൊണ്ടുനടന്നതാണ് ദേവേട്ടനെ ?? ദേവേട്ടന്റെ സ്വപ്‌നങ്ങൾ തന്റെയും സ്വപ്നങ്ങൾ ആയി … ഒരേ മതവും ജാതിയും ആയിട്ടുപോലും സമ്പത്തിന്റെ തുലാസിൽ ദേവട്ടന്റെ കുടുംബത്തെ അച്ഛൻ അളന്നപ്പോൾ താൻ ഒരിക്കലും വിചാരിച്ചില്ല ദേവേട്ടനെ തനിക്ക് നഷ്ടമാവുകയാണെന്ന് …
വീട്ടിൽ വിവാഹ ആലോചനകൾ വന്ന് തുടങ്ങി എന്ന് ദേവേട്ടനെ അറിയിച്ചപ്പോൾ അമ്മയെയും കൂട്ടി തന്റെ അച്ഛൻ മാധവമേനോനെ കാണുവാനായി ദേവേട്ടൻ വന്നു .. പ്രതീക്ഷിച്ച സ്വീകരണം കിട്ടിയില്ലെന്ന് മാത്രമല്ല , കടം കൊണ്ട് നട്ടം തിരിഞ്ഞു നിൽക്കുന്ന വീട്ടിലേക്ക് മകളെ വിടാൻ ഒരുക്കമല്ല എന്ന് അച്ഛൻ ഒറ്റവാക്കിൽ പറഞ്ഞു ദേവേട്ടന്റെ കുറവുകളെ അച്ഛൻ ചൂണ്ടി കാണിച്ചു തന്നെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു .. ഒരു സ്ഥിര വരുമാനം ഇല്ലാത്ത ദേവേട്ടന് തന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോകാൻ മടിയുണ്ടെന്ന് പറഞ്ഞു ..
വീട്ടിൽ അച്ഛൻ നിർബന്ധിച്ചപ്പോൾ ഞാൻ ദേവേട്ടനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ശാട്യം പിടിച്ചു ..
ദേവേട്ടാ !! എനിക്ക് ഇനിയും എന്റെ വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയില്ല !! എന്തെങ്കിലും ഉടൻ തന്നെ ചെയ്തേ പറ്റൂ .. ദേവേട്ടന്റെ വീട്ടിലെ സാഹചര്യം എനിക്ക് നന്നായി അറിയാം .. ഏത് അവസ്ഥയിലും ദേവേട്ടനോടൊപ്പം ജീവിക്കാൻ ഞാൻ തയ്യാറാണ് ..ആരതി ദേവന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു ..
ആരതി !!! നീ പറയുന്നത് ഒക്കെ എനിക്ക് നന്നായി മനസ്സിലാകും … എന്റെ വീട്ടിലെ അവസ്ഥ ഞാൻ കാര്യമാക്കുന്നില്ല .. എന്നാൽ എനിക്ക് ഒരു ജോലി ഇല്ലാത്തത് ഒരു വലിയ പ്രശ്നം തന്നെയാണ് …
ഞാൻ ട്രാവൽ ഏജന്റ് സുമേഷിനോട് എന്റെ ജോലിക്കാര്യം പറഞ്ഞിട്ടുണ്ട് … എല്ലാം ശെരിയായാൽ ഒരു മാസത്തിനകം ദുബായിൽ നല്ല ഒരു ജോലി ശെരിയാകും … പക്ഷെ !! ദേവൻ പറഞ്ഞു നിറുത്തി ..
എന്താ ദേവേട്ടാ ?? എന്നോട് പറ ?? സുമേഷിന് പൈസ കൊടുക്കണം .. അൻപതിനായിരം ആണ് അവൻ ചോദിക്കുന്നത് … രണ്ട് വർഷത്തെ വിസ ആണ് … വിമാന ടിക്കറ്റ് കമ്പനി തരും …
അയ്യോ ?? അപ്പോൾ ദേവേട്ടൻ പോയാൽ രണ്ട് വർഷം കഴിഞ്ഞേ വരുവൊള്ളോ ?? ആരതി ആധിയോടെ തിരക്കി …
എന്റെ പെണ്ണേ അവിടെ ചെന്ന് സാഹചര്യം എന്താണെന്ന് നോക്കട്ടെ .. എന്നാലും സുമേഷ് പറഞ്ഞതനുസരിച്ചു വർഷത്തിൽ ഒരു മാസത്തെ അവധി കാണും ..ദേവൻ പറഞ്ഞത് ആരതി കേട്ടു നിന്നു …
പക്ഷെ ഒരാഴ്ചക്കകം പൈസ കൊടുക്കണം !! അതിനുള്ള വഴി കണ്ടുപിടിക്കണം … ഒന്ന് രണ്ട് കൂട്ടുകാരോട് ചോദിച്ചിട്ടുണ്ട് …എല്ലാം ശെരിയാകും …
വേണ്ട !!! ആരോടും ചോദിച്ചു ഇനിയും ദേവേട്ടൻ ഇതിന്റെ പേരിൽ ഒരു കടം വരുത്തി വെക്കേണ്ട …
ആരതി കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളയും കഴുത്തിലെ സ്വർണ്ണ മാലയും ഊരി ദേവന്റെ ഉള്ളം കയ്യിൽ വെച്ച് കൊടുത്തു …
ശ്ശെ ,, എന്തായിത് ആരതി … ഇത് തിരികെ വാങ്ങിയേ !! എനിക്ക് ഈ സ്വർണ്ണം വേണ്ട … അത് ശെരിയാകില്ല .. ദേവൻ ആരതി കൊടുത്ത സ്വർണം തിരികെ നീട്ടി ..
ആരതി അത് വാങ്ങിയില്ല !! എനിക്ക് സ്വർണ്ണത്തോടൊന്നും ഭ്രമം ഇല്ല ദേവേട്ടാ ?? നമ്മുടെ കാര്യങ്ങൾ നടക്കട്ടെ .. ഒരു വർഷം ഇങ്ങനെ അച്ഛന്റെ മുന്നിൽ പിടിച്ചു നിൽക്കുമെന്ന് അറിയില്ല …ആരതിയുടെ മുഖത്തെ പരിഭ്രമം കണ്ട് ദേവൻ അവളെ ചേർത്തുപിടിച്ചു ..
നീ എന്തായാലും BEd പഠിക്കുവല്ലേ … അത് കഴിഞ്ഞിട്ട് കല്യാണം മതിയെന്ന് തീർത്തു പറയണം .. ഒരു വർഷം കൂടി ഉണ്ടല്ലോ … അപ്പോഴേക്കും എല്ലാം നമുക്ക് ശെരിയാക്കാം … ദേവന്റെ വാക്കുകൾ ഇപ്പോഴും അവളുടെ കാതുകളിൽ പ്രതിധ്വനിക്കുന്നതായി ആരതിക്ക് തോന്നി ..:
അമ്മേ !! എന്ത് പറ്റി എന്റെ അമ്മച്ചു ?? കൊഞ്ചലോടെ അമ്മു ആരതിയുടെ അടുക്കൽ വന്ന് ചോദിച്ചു ..ആരതി ഓർമയിൽ നിന്ന് ഉണർന്നു ..
ഒന്നുല്ല അമ്മുസേ !! എന്റെ അമ്മുസിന് എന്താ ചായടെ കൂടെ കഴിക്കാൻ വേണ്ടത് ??
ആരതി ചോദിച്ചു …
എനിക്ക് വിശപ്പില്ല ..അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .. സ്കൂളിൽ PTA മീറ്റിങ് കഴിഞ്ഞപ്പോൾ കഴിക്കുവാനായി ചായയും വടയും ഉണ്ടായിരുന്നു .അമ്മു കൂട്ടുകാരുടെ കൂടെ കഴിക്കുന്നത് ആരതി കണ്ടിരുന്നു ..
എന്താ മോളെ രണ്ടാളും വന്നപടി മുറിയിൽ തന്നെ ആണെല്ലോ ?? ശാരദ വന്ന് തിരക്കി ..
ഏയ് ഒന്നുമില്ല അമ്മേ !! ഇങ്ങോട്ട് വന്നു എന്നെ ഒള്ളു ..
അമ്മുട്ടിയുടെ സ്കൂളിൽ പോയിട്ട് എന്തുണ്ട് വിശേഷം ?? ശാരദ അമ്മുവിനെ അടുക്കലേക്ക് വിളിച്ചു ചോദിച്ചു ..
ഒന്നുല്ല അച്ചമ്മേ !! അമ്മുട്ടി ക്ലാസ്സിൽ ഫസ്റ്റ് അല്ലേ !! അമ്മു അഭിമാനത്തോടെ പറഞ്ഞു ..
അല്ലേലും അച്ചമ്മേടെ കുട്ടി മിടുക്കിയാണെന്ന് അറിയാം !! എന്റെ കുട്ടി എല്ലാത്തിനും ഒന്നാമത് ആകണം … മോൾടെ അച്ഛനെ പോലെ .. അത് പറയുമ്പോൾ ശാരദയുടെ സ്വരം ഇടറി …
എന്റെ അമ്മുട്ടിയുടെ കളിയും ചിരിയും കാണാൻ ഈശ്വരൻ അവന് ആയുസ്സ് കൊടുത്തില്ലല്ലോ … സാരിത്തുമ്പിൽ ശാരദ നിറഞ്ഞുവന്ന കണ്ണുകൾ ഒപ്പി …
ആരതി പതിയെ മുറിയയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി .. അമ്മ എന്ത് സംസാരിച്ചു തുടങ്ങിയാലും അവസാനിപ്പിക്കുന്നത് സുരേഷേട്ടന്റെ കാര്യം പറഞ്ഞാകും ..
അമ്മയെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല … നൊന്തു പ്രസവിച്ച മകന്റെ ചേതനയറ്റ ശരീരം കണ്ടു വിറങ്ങലിച്ചു നിന്ന് ഒരു പാവം അമ്മയാണ് … പെറ്റ വയറിനെ അതിന്റെ നോവ് അറിയൂ എന്ന് പറയുന്നത് ഒരു യാഥാർഥ്യം ആണ് …ആരതിയുടെ കണ്ണുകൾ നിറഞ്ഞു …
ഇത്രയൊക്കെ ധൈര്യം സംഭരിച്ചു മുന്നോട്ട് പോയാലും സുരേഷേട്ടന്റെ ഓർമ്മകൾ തന്നെ എപ്പോഴും വേട്ടയാടും … സുരേഷിനെ പറ്റി ഓർത്തപ്പോൾ ആരതി ഒന്ന് ചിരിച്ചു …
ആരതി ആറുവർഷം മുൻപുള്ള ആ ദിവസം ഓർത്തെടുത്തു …
ദേവൻ ദുബൈക്ക് പോയിട്ട് മൂന്നുമാസം കഴിഞ്ഞു .. പതിവുപോലെ കോളേജിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ ആണ് മുറ്റത്തു രണ്ടു കാറും ഉമ്മറത്തു കുറച്ചു ആളുകൾ വന്ന് ഇരിക്കുന്നതും ആരതി കണ്ടത് …
മുറ്റത്തേക്ക് നടന്നു വന്ന ആതിരയെ വീടിന്റെ മറയത്തു നിന്ന് അമ്മ വനജ കൈ കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു …
ആരാ അമ്മേ വന്നിരിക്കുന്നത് ?? ആരതി ആകാംഷയോടെ വനജയോട് ചോദിച്ചു …
നിന്റെ അച്ഛന്റെ കൂടെ ജോലി ചെയ്ത ബാലേട്ടനും കുടുംബവും ആണ് മോളെ ??അവര് മോൾക്ക് ഒരു കല്യാണാലോചനയുമായിട്ടാണ് വന്നത് … അവരുടെ മകൻ സുരേഷിന് നിന്നെ ആലോചിക്കാനായിട്ട് .. അച്ഛന് നൂറുവട്ടം സമ്മതമാണ് മോളെ .. എനിക്കും പയ്യനെ ഒറ്റനോട്ടത്തിൽ ഇഷ്ടമായി ……എന്റെ മോള് ഈ വേഷം ഒക്കെ മാറി വാ .. ഇടേണ്ട വസ്ത്രങ്ങൾ അമ്മ എടുത്തു മുറിയിലെ കട്ടിലിൽ വെച്ചിട്ടുണ്ട് … വനജ പറഞ്ഞു …
ആരതിയിൽ ഒരു നടുക്കം ഉണ്ടായി .. ആരോട് ചോദിച്ചിട്ടാണ് എനിക്ക് കല്യാണം ആലോചിക്കുന്നത് ?? ആരതി അമ്മയോട് തട്ടിക്കയറി …
നിന്റെ കല്യാണക്കാര്യം അച്ഛനും അമ്മയുമായ ഞങ്ങൾ ആലോചിക്കും അല്ലാതെ ആരോട് ചോദിക്കാൻ ആണ് .. വനജ തിരിച്ചു ചോദിച്ചു …
ചോദിക്കണം !!! എന്നോട് ചോദിക്കണം അതാണ് മര്യാദ … ആരതി തിരിച്ചടിച്ചു …
ആരതി !! എന്റെ മോള് മര്യാദ ഞങ്ങളെ പഠിപ്പിക്കേണ്ട !! എല്ലാം കേട്ടുകൊണ്ട് വന്ന് മാധവൻ ആരതിയെ തടഞ്ഞു …
ഇവിടെ ഒരു സംസാരം ഉണ്ടാക്കാൻ നിൽക്കാതെ മോള് വേഗം വന്നവർക്ക് കൊണ്ട് ഈ ചായ കൊടുക്ക് .. ബാക്കി ഒക്കെ നമുക്ക് അവര് പോയിട്ട് സംസാരിക്കാം … മാധവന്റെ അടക്കിയുള്ള സംസാരം ആയിരുന്നെങ്കിലും അതിന് ദൃഢത ഉള്ളതുപോലെ ആരതിക്ക് തോന്നി …
അച്ഛൻ ഈ കാണിക്കുന്നത് ശെരിയാണെന്ന് അച്ഛന് തോന്നുന്നുണ്ടോ ?? ദേവേട്ടനും അമ്മയും ഇവിടെ വന്ന്. എന്നെ ചോദിച്ചപ്പോൾ ആട്ടി ഇറക്കിയല്ലോ !! എന്നിട്ട് ഇപ്പോൾ എന്തിനാ ഇങ്ങനെ ഒരു നാടകം ?? എനിക്ക് ദേവേട്ടനെ മാത്രമേ സ്നേഹിക്കാനും സ്വീകരിക്കാനും കഴിയുകയുള്ളു …
ഭ് … അവളുടെ ഒരു ദേവേട്ടൻ ?? എന്തുകണ്ടിട്ടാടീ ആ ദരിദ്രവാസിയെ കയറി പ്രേമിച്ചത് ?? എന്റെ മോള് വാശി പിടിച്ചിട്ട് ഒരു കാര്യവും ഇല്ല …
മര്യാദക്ക് നല്ല കുട്ടിയായിട്ട് അവർക്ക് കൊണ്ട് ഈ ചായ കൊടുക്ക് !! എന്തെങ്കിലും എടന്തിരിവു കാണിച്ചു ഈ ബന്ധം മുടക്കാൻ ആണ് ഭാവം എങ്കിൽ എന്റെ മോള് ഇതുകൂടി കേട്ടോ ഈ ഉത്തരത്തിൽ ഞങ്ങളുടെ ശവം നീ കാണും !! ഭഗവതിയാണേ സത്യം …
ഇതുവരെ ഈ മാധവൻ ആത്മാഭിമാനം പണയം വെച്ചിട്ടില്ല .. ഇനി വെക്കാനും പോക്കിനില്ല … അതുകൊണ്ട് എന്റെ മോള് ഞാൻ പറഞ്ഞത് അനുസരിക്കാൻ നോക്ക് … മാധവൻ ആരതിയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ഉമ്മറത്തേക്ക് പോയി …
എന്റെ പൊന്ന് മോള് തൽകാലം അച്ഛൻ പറഞ്ഞത് പോലെ ഈ ചായ കൊണ്ട് കൊടുക്ക് … അതിന് പ്രശ്നം ഒന്നുമില്ലല്ലോ !! ബാക്കി ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം .. വനജ യാചനയോടെ പറഞ്ഞു …
മക്കളെ ബലിമൃഗമായി വളർത്തുന്ന അച്ഛനും അമ്മയും … പുച്ഛമാണ് നിങ്ങളോട് എനിക്ക് …
ഞാൻ കെട്ടിഒരുങ്ങാൻ ഒന്നും പോകുന്നില്ല .. അവർ എന്നെ ഇങ്ങനെ കണ്ടാൽ മതി !! ആരതി കയ്യിൽ ഇരുന്ന ബാഗ് ദേഷ്യത്തോടെ താഴേക്ക് വെച്ചു …
ചായ ട്രേയുമായി ആരതി ഉമ്മറത്തേക്ക് പോയി ….വനജ് ആരതിയെ അനുഗമിച്ചു …
ആരതിയുടെ വരവ് കണ്ടിട്ട് മാധവന് ഇഷ്ടപെട്ടില്ലെങ്കിലും സമർത്ഥമായൊരു ചിരി വരുത്തി എല്ലാവരുടെയും മുന്നിൽ ഇരുന്നു …
മോള് കോളേജിൽ നിന്നും വന്ന വരവാണ്!! മാധവൻ ആമുഖമായി പറഞ്ഞു ..
മോളെ സുരേഷിന് ചായ കൊടുക്ക് !! മാധവൻ പറഞ്ഞു …
ആരതി അച്ഛനെ ഒരു നോക്കി !! ശേഷം സുരേഷിന്റെ അടുക്കലേക്ക് പോയി ചായ കൊടുത്തു …സുരേഷ് തന്നെ നോക്കിയെന്ന് മനസ്സിലായെങ്കിലും ആരതി സുരേഷിനെ നോക്കാതെ ചായ കൊടുത്തിട്ട് പിൻവാങ്ങി …
മാധവാ !! മോളുടെ ഫോട്ടോ കണ്ട് തന്നെ ഞങ്ങൾക്ക് ഇഷ്ടമായതാണ് …എന്നാൽ അത് മാത്രം പോരല്ലൊ !! പിള്ളാര് തമ്മിൽ സംസാരിക്കട്ടെ !! എന്ത് പറയുന്നു … ബാലൻ ചോദിച്ചു …
പിന്നെ ആവാലോ !! മാധവൻ സമ്മതിച്ചു …
ആരതി കോണിപ്പടി കയറി തന്റെ മുറിയിലേക്ക് പോയി !!! ജനൽ കമ്പിയിൽ പിടിച്ചു കണ്ണുകൾ അടച്ചു നിന്നു … അവളുടെ നെഞ്ചിന് ഒരു പിടച്ചിൽ ഉണ്ടായി …
ഒരു മുരടനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ വന്ന് കയ്യും കെട്ടി സുരേഷ് നില്കുന്നു …
ആരതി … അല്ലേ …. ഞാൻ സുരേഷ് … കരസേനയിൽ ക്യാപ്റ്റൻ ആണ് … ഇങ്ങനെ ഒരു പെണ്ണുകാണൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കേട്ടോ !!
ഇയാളെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് … ശേഖരൻ അങ്കിളിന്റെ മകളുടെ കല്യാണത്തിന് .. അന്ന് എന്റെ കൂടെ വന്ന അമ്മയാണ് തന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞത് ആ കുട്ടി നിനക്ക് നന്നായി ചേരും എന്ന് ….അരതി മുഖം ഉയർത്തി സുരേഷിനെ നോക്കി ..
അങ്ങനെയാണ് ഇവിടെ എന്ന് ഒരു പെണ്ണുകാണൽ തന്നെ അരങ്ങേറിയത് …
എന്നെ ഇഷ്ടമായോ എന്ന് ഞാൻ ചോദിക്കുന്നില്ല … കാരണം മറുപടി തന്റെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു ..സുരേഷ് ഒന്ന് ചിരിച്ചു ..
എനിക്ക് ഇയാളെ ഇഷ്ടമായി … പക്ഷെ തനിക്ക് ഇഷ്ടമില്ലെങ്കിൽ ഇത് ഇവിടെവെച്ചു ഉപേക്ഷിച്ചേക്കണം ..
ഞങ്ങൾ പോയി കഴിഞ്ഞിട്ട് പതിയെ വിവരം അറിയിച്ചാൽ മതി …ഇയാൾക്ക് എന്നോട് ഒന്നും ചോദിയ്ക്കാൻ ഇല്ലല്ലോ ?? എന്നാൽ ശെരി !!
സുരേഷ് നടക്കാനായി തിരിഞ്ഞു …
ഹലോ !! സാർ … ആരതി പെട്ടെന്ന് വിളിച്ചു …
സുരേഷ് തിരിഞ്ഞു ആരതിയെ നോക്കി … താൻ എന്താ വിളിച്ചത് ?? സാർ എന്നോ ?? സുരേഷ് ചിരിച്ചു !!
അത് !! പിന്നെ ..ഞാൻ … ആരതി എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു ..
ഏയ് … ഞാൻ ചുമ്മാതെ പറഞ്ഞതാണ് … താൻ പറയാൻ വന്നത് പറഞ്ഞോ ??
ഞാൻ ഈ കല്യാണത്തിന് എതിർത്താലും അച്ഛൻ ഇതിന് വേണ്ടി നിർബന്ധിക്കും .. കാരണം അവരുടെ സംസാരത്തിൽ നിന്ന് ഇത് അവർ ഉറപ്പിച്ചതാണെന്ന് എനിക്ക് അത് മനസ്സിലായി … നിങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറിയലും അച്ഛന് സംശയം ആകും… ആരതി പറഞ്ഞു …
അതിന് ?? അല്ല … ശെരിക്കും തന്റെ പ്രശ്നം എന്താണ് ??സുരേഷ് ചോദിച്ചു ??
ആരതി ആദ്യം ഒന്ന് മടിച്ചെങ്കിലും ദേവനുമായിട്ടുള്ള ഇഷ്ട്ടം സുരേഷിനോട് തുറന്ന് പറഞ്ഞു .. എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറയാതെ സുരേഷ് ആരതിയെ നോക്കി …
ആരതി … ഞാൻ എന്റെ തീരുമാനം പറയുന്നതിന് മുൻപ് ഒരു കാര്യം പറഞ്ഞോട്ടേ !! ദേവൻ ദുബായിൽ നിന്ന് വന്നാൽ നിങ്ങളുടെ കല്യാണം നടക്കുമെന്ന് വല്ല ഉറപ്പും ഉണ്ടോ ??
എന്തായാലും വീട്ടുകാര് കല്യാണം നടത്തി തരില്ല .. വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടാൻ നീ തയ്യാറാണോ ??
സുരേഷ് ചോദിച്ചു ..
ദേവേട്ടൻ വിളിച്ചാൽ ഞാൻ കൂടെ പോകും !! ആരതിയുടെ ശബ്ദം ഉറച്ചതായിരുന്നു …
എങ്കിൽ ഒരൊറ്റ വഴിയേ ഒള്ളു ….
സുരേഷ് പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ആരതി കാതോർത്തു …
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission