ഹാർബറിൻ്റെ മുന്നിലെത്തിയപ്പോൾ പ്രധാന ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട് ,ആശങ്കയോടെ, കാറിൽ നിന്നിറങ്ങിയ ഗീത മെല്ലെ ചുറ്റുപാടും നോക്കി.
മേഡം,, ഇങ്ങോട്ട് വന്നോളു ,,
കുറച്ച് ദൂരെ മറ്റൊരു ചെറിയ ഗേറ്റിൻ്റെ മുന്നിൽ നിന്ന് മദനൻ കൈകാട്ടി വിളിക്കുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത്.
എങ്കിൽ നിങ്ങൾ തിരിച്ച് പൊയ്ക്കോളു ,ഇന്ദു ബാലയോട് ഞാൻ വിളിച്ച് പറഞ്ഞോളാം
പിൻസീറ്റിലിരുന്ന തൻ്റെ ബാഗുമെടുത്ത് കൊണ്ട് മുന്നിലേയ്ക്ക് വന്ന ഗീത ഡ്രൈവറോട് പറഞ്ഞു.
ആളൊഴിഞ്ഞ അപരിചിതമായൊരു സ്ഥലത്ത് എതാനും നിമിഷങ്ങൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട ഒരു അന്യപുരുഷൻ്റെ വാക്ക് വിശ്വസിച്ച് നാട്ടിലേയ്ക്ക് പോകാതിരുന്നത് അവിവേകമായിപ്പോയോ എന്നൊരു സംശയം ഗീതയിൽ ഭീതിയുളവാക്കി.
വരൂ നമുക്ക് ആ മരത്തണലിൽ ഇരുന്ന് സംസാരിക്കാം,,,
അയാൾ ഗീതയെ, പിക്നിക്
പാർക്ക് എന്ന് ബോർഡ് വച്ചിരുന്ന മതിൽക്കെട്ടിനുള്ളിലേയ്ക്ക്
ക്ഷണിച്ചു.
കടലിനഭിമുഖമായി നിറയെ
പൈൻമരങ്ങളാൽ സമ്പുഷ്ടമായ,അത്യാവശ്യം വലിപ്പമുള്ളൊരു പ്ളോട്ടായിരുന്നത്.
സന്ദർശകർക്ക് ഇരിക്കാൻ സിമൻ്റ് ബഞ്ചുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, പലതിലും കാക്കയുടെയും മറ്റും കാഷ്ടം യഥേഷ്ടമുണ്ടായിരുന്നത് കൊണ്ട് അധികമാരും അവിടെ വരാറില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ ഗീതയ്ക്ക് മനസ്സിലായി
കുറച്ചകലെയായി, ഒന്ന് രണ്ട്ബഞ്ചുകളിൽ,, തോളോട് തോൾ ചേർന്ന് കടലിലേയ്ക്ക് നോക്കിയിരിക്കുന്ന യുവമിഥുനക്കളെ കണ്ടപ്പോൾ ഗീതയ്ക്ക് നേരിയ ആശ്വാസം തോന്നി.
ഒരു അറ്റാക്കുണ്ടായാൽ സഹായിക്കാൻ ആളുണ്ടല്ലോ?
അവൾ ദീർലശ്വാസമുതിർത്തു.
നമുക്കിവിടെയിരിക്കാം ,,,
പടർന്ന് പന്തലിച്ചു നില്ക്കുന്ന ഒരു ബദാംമരത്തിൻ്റെ തണലിൽ കിടന്ന സിമൻ്റ് ബഞ്ചിൽ ആസനസ്ഥനായി കൊണ്ട് മദനൻ അവളോട് പറഞ്ഞു.
ഗീതയ്ക്ക് എന്നെ മനസ്സിലായില്ല അല്ലേ?
പൊടുന്നനെ മദനൻ്റെ ശബ്ദത്തിൽ വന്ന മാറ്റം ഗീതയിൽ നടുക്കമുണ്ടാക്കി
ഭയചകിതയായി പോയ ഗീതയുടെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ അയാൾ തൻ്റെ മുഖത്തുണ്ടായിരുന്ന വലിയ മറുക് നിഷ്പ്രയാസം പറിച്ചെടുത്തു.
ദേവേട്ടൻ ,,,,
അവളുടെ വരണ്ടുണങ്ങിയ ചുണ്ടുകൾ വിറയലോടെ മന്ത്രിച്ചു
അതേ ഗീതേ ,,, ഞാൻ നിൻ്റെ ദേവേട്ടൻ തന്നെയാണ് ,,,
അപ്പോൾ ,,,, അന്ന് രാത്രിയിൽ,,,, എൻ്റെ കൺമുന്നിൽ,,, മോന്തായത്തിലെ കയറിൽ തൂങ്ങി ആടിയത് ???
ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപേ ഗീതയുടെ കണ്ണുകൾ പതിയെ അടയുകയും അവൾ പുറകിലേയ്ക്ക് ബോധരഹിതയായി മറിഞ്ഞ് വീഴുകയും ചെയ്തു .
######################
ഗോപൂ,,നീയിങ്ങനെ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞ് മാറുന്നത് എന്തിനാണ് ? നിനക്കിഷ്ടമല്ലായിരുന്നെങ്കിൽ ആദ്യമേ എന്നോട് തുറന്ന് പറയാമായിരുന്നില്ലേ?
ട്യൂഷൻ കഴിഞ്ഞ്, ഗ്രാവല് വിരിച്ച പഞ്ചായത്ത് റോഡിലൂടെ, ഒറ്റയ്ക്ക് നടന്ന് വരികയായിരുന്നു, ഗീതയുടെ മൂത്ത മകൾ ഗോപിക.
ആ സമയത്ത്, അവൾ വരുമെന്ന പ്രതീക്ഷയിൽ ,തൻ്റെ ഹണ്ട്റഡ് സിസി ബൈക്കിൽ അവളെയും കാത്ത് നിന്ന , ഗോകുൽ എന്ന, സ്ഥലത്തെ പ്രമാണിയായ ശേഖരമുതലാളിയുടെ ഇളയ മകനായിരുന്നു അത് ചോദിച്ചത്.
ഗോകുലേ ,, എനിക്ക് നിന്നോട് ഇഷ്ടക്കുറവൊന്നുമുണ്ടായിട്ടല്ല, പക്ഷേ ഇപ്പോൾ ഞാൻ, അങ്ങനൊരു മൂഡിലല്ല ,നിനക്കറിയാമല്ലോ എൻ്റെ അച്ഛൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം , അതിനെ തുടർന്ന് ഞങ്ങളെ വളർത്താനായിട്ടാണ് അമ്മ ഗൾഫിലേയ്ക്ക് പോയത്, പക്ഷേ മാസങ്ങൾ കഴിഞ്ഞു ഇതേ വരെ ,അമ്മയെ കുറിച്ച് യാതൊരു വിവരങ്ങളുമില്ല ,ആ ടെൻഷനിലാണ് ഞാനുംദേവുവും അമ്മുമ്മയുമൊക്കെ, അതിനിടയിൽ പ്രണയമെന്ന വികാരത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന് നിയൊന്ന് മനസ്സിലാക്ക്
നിസ്സഹായതയോടെ അവൾ പറഞ്ഞു
ഒക്കെ എനിക്കറിയാം ഗോപൂ,, അത് കൊണ്ട് തന്നെയാണ് ഞാൻ അത്യാവശ്യമായി കാണാൻ വന്നത് ,ഞാൻ നിന്നെ പ്രണയിച്ചത് കേവലം ഒരു തമാശയ്ക്കായിട്ടല്ല എൻ്റെ ഉള്ളിൻ്റെയുള്ളിൽ നിന്നുമുണ്ടായ വികാരമാണത് നിനക്കറിയാമല്ലോ നമ്മൾ പ്രണയിച്ച് തുടങ്ങിയിട്ട് വർഷം രണ്ടായി ,എനിക്ക് വേണമെങ്കിൽ ഈ കാലയളവിനുള്ളിൽ നിന്നെ ചതിച്ച് കാര്യം സാധിച്ചിട്ട് കരിമ്പിൻ ചണ്ടി പോലെ മനസ്സിൽ നിന്ന് എടുത്ത് കളയാമായിരുന്നു ,ഞാനത് ചെയ്തോ ?എന്ത് കൊണ്ടാ? എൻ്റെ സ്നേഹം ജനുവിനായത് കൊണ്ട്, സന്തോഷം പങ്ക് വയ്ക്കുന്നത് പോലെ തന്നെ, പ്രണയിക്കുന്നവർ, സങ്കടവും പങ്ക് വയ്ക്കണമെന്നല്ലേ? നമുക്കിടയിൽ മറച്ച് വയ്ക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നാണ് എൻ്റെ പോളിസി ,അത് കൊണ്ട് നീ, എന്നോട് എല്ലാം തുറന്ന് പറയു ,അമ്മ, ഇവിടുന്ന് പോയതിന് ശേഷം, എപ്പോഴെങ്കിലും കോൾ ചെയ്തായിരുന്നോ?
നോകുലിൻ്റെ ആത്മാർത്ഥമായ പെരുമാറ്റം ഗോപികയിൽ മതിപ്പുളവാക്കി
ഒരു പ്രാവശ്യം വിളിച്ചിരുന്നു, പക്ഷേ അധികമൊന്നും സംസാരിച്ചില്ല പെട്ടെന്ന് തന്നെ അമ്മയുടെ കോള് കട്ടാവുകയായിരുന്നു
അന്ന്, അമ്മയുടെ ഫോണിൽ നിന്നാണോ, വിളിച്ചത് ?
അല്ല, അമ്മയുടെ ഫോൺ, പോകാൻ നേരം , ഞങ്ങൾക്കായി തന്നിട്ടാണ് പോയത് ,അത് കൂടെ ഉള്ള ആരുടെയെങ്കിലും ഫോൺ ആകാനാണ് സാധ്യത ,പക്ഷേ തിരിച്ച് ഞങ്ങൾ പല പ്രാവശ്യം വിളിച്ചെങ്കിലും നമ്പര് ബ്ളോക്കായത് പോലെ ,ഒറ്റബെല്ല് മാത്രം റിങ്ങ് ചെയ്ത് കട്ടാവുകയായിരുന്നു,, കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അതുമില്ലാതായി, പിന്നെ ഇന്ന് വരെ യാതൊരു അറിവുമില്ല,
അതും പറഞ്ഞ് ഗോപിക വിതുമ്പാൻ തുടങ്ങി .
ഹേയ്,, എന്താടോ ഇത്?
താനിങ്ങനെ,നെർവ്വസാവാതെ ,
എല്ലാം ശരിയാവും,, ഇപ്പോൾ ഞാനില്ലേ തൻ്റെ കൂടെ ?എന്താവശ്യം വന്നാലും എന്നോട് പറയാൻ മടിക്കണ്ടാ ,, തനിക്ക് കാശ് വല്ലതും വേണോ ?
അയാൾ പാൻറ്സിൻ്റെ പോക്കറ്റിൽ നിന്നും, തൻ്റെ പേഴ്സ് കൈയ്യിലെടുത്തു.
ഹേയ്,, ഒന്നും വേണ്ട,, കഴിഞ്ഞ ദിവസം ,ബോംബെയിലെ ഫ്രം അഡ്രസ്സിൽ നിന്നും, ഒരു മണിയോർഡർ വന്നിരുന്നു,,
ങ് ഹേ ,, അത് അമ്മ അയച്ചതായിരുന്നോ ?
അല്ല ,പക്ഷേ അമ്മയുടെ പേരിലാണത് വന്നത് ,ബോംബെയിലുള്ള
ഒരു സിക്കന്തറാണത് അയച്ചിരിക്കുന്നത്,,
എത്ര രൂപ ?
ഒരു ലക്ഷം രൂപ ,,,
ഒരു ലക്ഷം രൂപയോ ?
അതും മണിയോർഡറായി ??
ആശ്ചര്യത്തോടെ അയാൾ ഗോപികയോട് ചോദിച്ചു.
അതെ ഗോകുൽ ,,
എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടെ ,, ? ഇനിയും താമസിച്ചാൽ, അമ്മൂമ്മ തിരക്കി വരും, നമ്മളെയെങ്ങാനും കണ്ടാൽ, പിന്നെ, എല്ലാം അതോടെ തീരും ,നീയിനി ഉടനെയൊന്നും എന്നെ കാണാൻ വരരുത് കെട്ടോ?
ഭീതിയോടെ പറഞ്ഞിട്ട്, അവൾ വേഗം മുന്നോട്ട് നടന്ന് പോയപ്പോൾ, കുറച്ചകലെയായി മെയിൻ റോഡരികിൽ, അവരെ വാച്ച് ചെയ്യുകയായിരുന്ന, മഫ്തിയിലുള്ള രണ്ട് പോലീസുകാർ, അവൻ്റെ അടുത്തേയ്ക്ക് നടന്ന് വന്നു.
എന്താടാ ചോദിച്ചോ?
ഉവ്വ് സർ ,, പക്ഷേ അവൾക്ക് കൂടുതലായൊന്നുമറിയില്ല ,
കുറച്ച് നാളുകൾക്ക് മുൻപ്, മറ്റാരുടെയൊ ഫോണിൽ നിന്ന് വിളിച്ചെങ്കിലും, അധികമൊന്നും അമ്മ സംസാരിച്ചില്ലെന്നാണ് അവൾ പറഞ്ഞത് ,,,
ഉം ,,, ബാക്കി അവള് പറഞ്ഞതൊക്കെ ഞങ്ങൾ ഇതിൻ്റെ റെക്കോഡിൽ നിന്ന് കേട്ടോളാം ,ഇനിയും നിൻ്റെ സഹായം ഞങ്ങൾക്കാവശ്യമുണ്ട് ,
അത് കൊണ്ട്, ഞങ്ങളാവശ്യപ്പെടുമ്പോഴൊക്കെ നീ അവളുമായി സംസാരിക്കേണ്ടി വരും,, ഞങ്ങളന്വേഷിക്കുന്ന കേസ്സിന് ഒരു തുമ്പുണ്ടാകുന്നത് വരെ ,നീ ഈ നാട് വിടാനോ? നിൻ്റെ കാമുകിയെ ഈ വിവരങ്ങൾ ധരിപ്പിക്കാനോ പാടില്ല ,അങ്ങനെയെങ്ങാനുമുണ്ടായാൽ നീയും, ഈ കേസ്സിൽ പ്രതിയാകും,, മനസ്സിലായോ ?
ഗോകുലിൻ്റെ പോക്കറ്റിൽ നിന്നും റെക്കോഡ് ചെയ്യപ്പെട്ട ഫോൺ കൈയ്യിലെടുത്ത് കൊണ്ട്, പോലീസുകാരിൽ ഒരാൾ, താക്കീതെന്നോണം അവനോട് പറഞ്ഞു .
തുടരും,
സജി തൈപ്പറമ്പ് .
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission