എടാ ഗിരി …ഗിരി …
ഒന്നീടിക്കടാ … എത്രനേരമായി അമ്മ വിളിക്കുന്നു ??
സരോജിനി മകൻ ഗിരിയുടെ പുതപ്പ് മാറ്റി തട്ടി വിളിച്ചു …
ഹോ എന്റെ അമ്മേ എന്തായിത് ?? ഇത്ര രാവിലെ എഴുനേൽക്കാനായി ഇവിടെ ഇപ്പോൾ എന്താ ഇത്ര അത്യാവശ്യം ??ഉറക്കത്തിന് ഭംഗം വന്ന ദേഷ്യത്തിൽ ഗിരി അമ്മയോട് തട്ടിക്കയറി …
എടാ ഇന്ന് നിന്റെ പേരിൽ ക്ഷേത്രത്തിൽ പൂജ ഉണ്ട് … നീ വരണം … വന്നേ പറ്റൂ …ദേവനും അമ്പലവും ഇല്ലാതെ ഇങ്ങനെ നടക്കുന്നത് കൊണ്ടാണ് നിനക്ക് നല്ല വിവാഹാലോചന പോലും വരാത്തത് ??
അമ്മേ !! തൽകാലം ഞാൻ എങ്ങോട്ടും ഇല്ല … ഒന്നാമത് ഞാൻ പുലർച്ചെ മൂന്നുമണി കഴിഞ്ഞാണ് ഒന്ന് ഉറങ്ങാൻ കിടന്നത് … അമ്മക്ക് എന്റെ ജോലിയും അതിന്റെ സമയവും അറിയാവുന്നതല്ലേ ?? അമ്മ തന്നെ പോയാൽ മതി … അമ്മയുടെ പ്രാർത്ഥന ഈശ്വരൻ കേട്ടോളും ..
ഗിരി പുതപ്പ് വലിച്ചു മുഖത്തേക്ക് ഇട്ടു തിരിഞ്ഞു കിടന്നു …
ദേ ഗിരി ഞാൻ ഇപ്പോൾ നിന്നെ അമ്പലത്തിലേക്ക് വിളിച്ചാലും നീ എന്തേലും പറഞ്ഞു ഒഴിഞ്ഞുമാറും … ഇന്ന് നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല … നീ ഇപ്പോൾ എഴുന്നേറ്റ് എന്റെ കൂടെ വന്നില്ലെങ്കിൽ നിന്റെ തലവഴി ഞാൻ വെള്ളം ഒഴിക്കും !! എന്താ അതുവേണോ ??
ഗിരി പുതപ്പ് മാറ്റി അമ്മയെ നോക്കി ?? മേശയിൽ ഇരുന്ന വെള്ളം നിറച്ച ജഗ് പിടിച്ചുകൊണ്ട് അമ്മ നിൽക്കുന്നത് കണ്ടപ്പോൾ ഗിരി സരോജിനിയെ മിഴിച്ചു നോക്കി …
അമ്മക്ക് ഇപ്പോൾ ഞാൻ അമ്പലത്തിൽ വരണം ആത്രേയല്ലേ ഒള്ളു ?? ഞാൻ വരാം !! ഗിരി ദേഷ്യത്തോടെ പുതപ്പ് എടുത്തു മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു ……ഒരു പത്തുമിനിറ്റ് താ !! ഞാൻ കുളിച്ചിട്ട് വരാം …
മ്മ് നീ റെഡി ആയി വാ … ഞാൻ താഴെ കാണും സരോജിനി ജഗ് മേശയിൽ വെച്ചിട്ട് താഴേക്ക് പോകാനായി തിരിഞ്ഞു ..
ഹോ !! ഇന്നത്തെ ദിവസം പോയി എന്ന് പറഞ്ഞാൽ മതി …
ഗിരി ഫോൺ എടുത്തു നോക്കി …
2മിസ്സ് കാൾ മധു …അവൾ എന്താ രാവിലെ വിളിച്ചത് ??
വാട്സാപ്പിൽ മധുവിന്റെ മെസ്സേജ് കണ്ടു ..
ഹലോ !!
സോറി വിളിച്ചതിന് ശേഷമാണ് ഓർത്തത് നിനക്ക് നൈറ്റ് ഷിഫ്റ്റ് ആരുന്നു എന്നത് …. നിനക്ക് എന്നെ ഇന്ന് രാത്രി 8.30ന് റെയിൽവേ സ്റ്റേഷനിൽ വന്ന് പിക്ക് ചെയ്യാൻ പറ്റുമോ ??
മധുവിന്റെ മെസ്സേജ് ഗിരി വായിച്ചു …
അവൾക്ക് ഇപ്പോൾ റിപ്ലൈ കൊടുത്താൽ അവൾ തിരിച്ചു വിളിക്കും … അമ്മ താഴെ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി നില്കുന്നു … പിന്നെ വിളിക്കാം …
ഗിരി വേഗം കുളിച്ചു റെഡിയായി താഴേക്ക് ചെന്നു …
സരോജിനിയുടെ കൂടെ ഗിരിയുടെ അച്ഛൻ ഗോവിന്ദമേനോനും ഉണ്ടായിരുന്നു
ആഹാ അച്ഛനും അമ്പലത്തിൽ വരുന്നുണ്ടോ ?? പിന്നെ എന്തിനാ അമ്മേ എന്റെ ഉറക്കം കളഞ്ഞത് ….അച്ഛനെ കൂടെ കൂട്ടിയാൽ പോരായിരുന്നോ ??
മതിയാരുന്നടാ മോനെ !!! പക്ഷെ എന്ത് ചെയ്യാനാ ഇത് സ്വയംവര പൂജയല്ലേ ?? ഞാൻ പോയിട്ട്. കാര്യം ഇല്ലല്ലോ !!! നിന്റെ അച്ഛൻ ഒന്ന് കെട്ടിയതല്ലേ ?? അതിന്റെ ക്ഷീണം മാറിയിട്ടില്ല അല്ലേ സരോജിനി …
അമ്പലത്തിൽ നിന്ന് വന്നിട്ട് നിങ്ങളുടെ ക്ഷീണം ഞാൻ മാറ്റിത്തരാം … രണ്ടും കൂടി എനിക്കിട്ട് പണിയാൻ നിൽക്കാതെ വേഗം വാരാൻ നോക്ക് ..
മൂന്നാളും കൂടെ കാറിൽ കയറി …
മോനെ !! ഗിരി ഒരു നല്ല കല്യാണാലോചന വന്നിട്ടുണ്ട് ..പെണ്ണിന് ബാങ്കിൽ ആണ് ജോലി കാണാനും തരക്കേടില്ല ….ഇന്ന് നിനക്ക് വേറെ പരുപാടി ഒന്നുമില്ലെങ്കിൽ നമുക്ക് അത്രേടം വരെ ഒന്ന് പോയാലോ ?? ഗോവിന്ദൻ ചോദിച്ചു
അച്ഛാ ഇന്ന് വേണ്ട ഒന്നാമത് ഉറക്കം ശെരിയായിട്ടില്ല അതിന്റെകൂടെ ഇന്ന് മധു ചെന്നൈയിൽ നിന്ന് വരുന്നുണ്ട് അവളെ പിക്ക് ചെയ്യാൻ പോണം …
ദേ !!! ഇതാണ് എനിക്ക് ഇഷ്ടമല്ലാത്തത് … ആ പെണ്ണിന്റെ വീട്ടുകാർ ഇല്ലേ അതിനെ കൊണ്ടുവിടാനും വിളിക്കാൻ പോകാനുമൊക്കെ ?? നീ എന്താ കരവൊഴിവായി കിടക്കുവാനോ ?? അവൾ വിളിക്കുമ്പോളൊക്കെ പോകാൻ ?? സരോജിനി നീരസം പ്രകടിപ്പിച്ചു …
അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് മധു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് .. എഞ്ചിനീയറിംഗ് പഠിക്കാൻ പോയ സമയം മുതൽ എനിക്ക് അവളെ അറിയാം .. അമ്മക്ക് ഞങ്ങളുടെ സൗഹൃദത്തെ ഇപ്പോഴും സംശയത്തോടെ കാണാനേ കഴിയൂ ….അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .. അവൾക്ക് എന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ് ഏത് പാതിരാത്രിക്കും വിളിക്കുന്നത് …
ഞങ്ങളുടെ സൗഹൃദത്തിന് വേറെ നിറങ്ങൾ ഒന്നും കൊടുക്കേണ്ട …സരോജനി മറുപടി ഒന്നും പറഞ്ഞില്ല …
ഹാ എന്താടാ ഇത് ??? നിന്റെ അമ്മക്ക് നിന്നെ സംശയം ഉള്ളതായി അവള് പറഞ്ഞോ ??ഇല്ലല്ലൊ ……അ കൊച്ചിന്റെ വീട്ടിൽ അതിനെ കൂട്ടികൊണ്ട് വാരാൻ ആരുമില്ലേ എന്ന് ചോദിച്ചു എന്നല്ലേ ഒള്ളു ……ഗൊവിണ്ടന് മയപ്പെടുത്തി …
അച്ഛാ !!! വേണ്ട …അച്ഛൻ അമ്മയെ ന്യായീകരിക്കേണ്ട ….മധു ഇടക്കൊക്കെ നമ്മുടെ വീട്ടിൽ വരുമായിരുന്നു .. എന്നാൽ പലപ്രാവശ്യം അമ്മയുടെ മുനവെച്ചുള്ള സംസാരം കേട്ടിട്ടാണ് മധു വീട്ടിലേക്ക് വരാറായത് ……അവൾ അത് എന്നോട് പറഞ്ഞില്ല … എങ്കിലും എനിക്ക് അറിയാം …
നീ പറഞ്ഞത് ശെരിയാണ് !! മധു വീട്ടിൽ വരുന്നതും നിന്നോട് ഇടപെടുന്നതും കണ്ടപ്പോൾ എനിക്ക് അത്ര ദഹിച്ചില്ല എന്നുള്ളത് സത്യമാണ് … ആ കുട്ടി അനാവശ്യമായി നിന്നോട് സ്വാതന്ത്ര്യം എടുക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് വിലക്കിയതാണ് ….അത് വേണമെന്ന് തോന്നി അതിൽ എനിക്ക് ഒരു ശരികേടും തോന്നിയില്ല …സരോജിനി തീർത്തു പറഞ്ഞു …
ഗിരി ഒന്ന് മൂളി ……അമ്മയെ ഒന്നും പറഞ്ഞു തിരുത്താൻ കഴിയില്ല എന്ന് ഗിരി മനസ്സിൽ പറഞ്ഞു ….
ഗിരിയും മധുവും പ്ലസ്ടു മുതൽ തുടങ്ങിയ സൗഹൃദം ആണ് ..എൻജിനീയറിംഗിനും ഒരുമിച്ചു പ്രവേശനം കിട്ടിയപ്പോൾ രണ്ടാളും തങ്ങളുടെ സൗഹൃദം മുറിഞ്ഞുപോകില്ലലോ എന്ന് ഓർത്തു ആശ്വസിച്ചു ……പലപൊഴും ബാക്കിയുള്ള കൂട്ടുകാർ ഞങ്ങളുടെ ബന്ധത്തെ സംശയിച്ചപ്പോൾ എല്ലാം ഞങ്ങൾ തമാശയായി കണ്ട് ചിരിച്ചു തള്ളി …
മധുവിനാണ് ആദ്യം പ്ലേസ്മെന്റ് കിട്ടിയത് അതും ചെന്നൈയിൽ .. മധുവിന് ജോലി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഞാൻ തന്നെയാണ് …അവൾ ചെന്നൈയിൽ പോയെങ്കിലും ഞങ്ങളിലെ സൗഹൃദത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല …എല്ലാ ദിവസവും വിളിക്കും .. വിശേഷങ്ങൾ പറയും ..രണ്ട് ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ അവൾ അപ്പോൾ വണ്ടി കയറും ……മധുവിന്റെ വീട്ടിൽ ഞങ്ങളുടെ ബന്ധം അറിയാം ……മധുവിന്റെ അച്ഛനും അമ്മയും അധ്യാപകർ ആണ് ..സ്വന്തം മകനെ പോലെയാണ് അവർ എന്നെ കാണുന്നതും ……അമ്മക്ക് മാത്രമേ ഒള്ളു എല്ലാ പ്രശ്നങ്ങളും …ഗിരിയുടെ ഓർത്തു …
ഒരു സ്വയംവരപുഷ്പാഞ്ജലി !! ഗിരീഷ് ഗോവിന്ദ് ഉത്രം നക്ഷത്രം …. സരോജിനി കൗണ്ടറിൽ ചെന്ന് പേര് കൊടുത്തു ..
തൊട്ടടുത്ത് നിന്ന ഗോവിന്ദൻ പോക്കറ്റിൽ നിന്ന് പൈസ എടുത്തു കൊടുത്തു …
അവൻ എവിടെപ്പോയി .. സരോജിനി തിരക്കി ..
ഗിരിക്ക് ഒരു ഫോൺ വന്നു … അവൻ ഇപ്പോൾ വരും .. ഗോവിന്ദൻ മറുപടി പറഞ്ഞു …
ഹോ ആ നശൂലം ഇവിടെ വരുമ്പോൾ എങ്കിലും അവനൊന്ന് ഓഫ് ചെയ്തുകൂടെ ?? ഇത് ഇപ്പോൾ നമുക്ക് വേണ്ടി നടത്തുന്ന വഴിപാട് പോലെ ഉണ്ട് ..
കമ്പനിയിൽ നിന്ന് വന്ന ഫോൺ വല്ലതും ആയിരിക്കും … നമുക്ക് നടക്കാം !! അവൻ വന്നോളും …
ഗിരി ഫോണിൽ സംസാരിച്ചു കൊണ്ട് കാറിന്റെ അരികിൽ നിൽക്കുകയായിരുന്നു …
പെട്ടെന്ന് ഒരു സ്കൂട്ടി വന്ന് നിന്നു ….
ചേച്ചീ !!! ഇത് ഏത് ലോകത്താണ് ??ഇറങ്ങുന്നില്ലേ അമ്പലമെത്തി …കാവ്യ ചേച്ചീ ഹൃദ്യയോട് ചോദിച്ചു
സംസാരം കേട്ട ഭാഗത്തേക്ക് ഗിരി തിരിഞ്ഞു നോക്കി …
രണ്ട് പെൺകുട്ടികൾ !! ഒരാൾ ചുരിദാറും മറ്റെയാൾ സെറ്റും മുണ്ടും ……കണ്ടിട്ട് ചേച്ചിയും അനിയത്തിയും ആണെന്ന് തോന്നുന്നു !!
ഗിരി ഒരു നിമിഷം അവരെ തന്നെ നോക്കി …
ഗിരിയുടെ നോട്ടം കണ്ടു സ്കൂട്ടിയുടെ പിന്നിൽ നിന്നും ഇറങ്ങിയ ഹൃദ്യ ..കാവ്യയെ തോണ്ടി കണ്ണ് കാണിച്ചു….
ചേച്ചീ എന്തിനാ അങ്ങോട്ട് നോക്കുന്നത് ?? കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോൾ ആണുങ്ങളുടെ സ്ഥിരം നോട്ടമാണ് ഇത് …ചേച്ചീ മൈൻഡ് ചെയ്യേണ്ട …
കാവ്യ ചേച്ചിയോട് അടക്കി പറഞ്ഞു അമ്പലത്തിലേക്ക് കയറുവാനായി ചെരിപ്പ് ഊരി കാവ്യയെ അനുഗമിച്ച ഹൃദ്യ ഗിരിയെ ഒന്ന് നോക്കി …
ഗിരി ഹൃദ്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു …
പെട്ടെന്ന് കാവ്യ ഹൃദ്യയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി …
ഗിരിയും അമ്പലത്തിലേക്ക് കയറി …
ഹൃദ്യ തിരിഞ്ഞുനോക്കിയപ്പോൾ ഗിരി പിന്നാലെ വരുന്നത് കണ്ടു … ഹൃദ്യ പിന്നെ നോക്കാൻ പോയില്ല ..
ശ്ശെ ,, അമ്മയെ ഇനി എവിടെ പോയി നോക്കാം … ചിലപ്പോൾ പണമടക്കുന്ന കൗണ്ടറിൽ കാണും … കാവ്യയും ഹൃദ്യയും വഴിപാട് നടത്തിവനായി പണമടക്കുവാൻ കൗണ്ടറിൽ പോയി …
കാവ്യ തിരിഞ്ഞു നോക്കിയപ്പോൾ ഗിരിയെ കണ്ടു.. ശ്ശെടാ .. ഇയാൾ പിന്നാലെ ഉണ്ടല്ലോ !! അമ്പലനട ആയി പോയി !!!കാവ്യ ഹൃദ്യ കേൾക്കാൻ വേണ്ടി പറഞ്ഞു …
ഹൃദ്യ തിരിഞ്ഞുനോക്കിയപ്പോൾ കാവ്യ പറഞ്ഞത് നേരാണെന്ന് തോന്നിപോയി ..
എടാ മോനെ നീ എന്താ ഇവിടെ നിൽക്കുന്നത് ?? ഗോവിന്ദൻ ഗിരിയെ കണ്ടുകൊണ്ട് ചോദിച്ചു …
അല്ല !! വഴിപാടിൻറെ പൈസ അടക്കേണ്ടേ ?? ഗിരി ചോദിച്ചു ..
അതൊക്കെ എപ്പോഴേ അടച്ചു … നീ വാ …
ഗോവിന്ദൻ നടന്നു … ഗിരി പിന്നാലെ പോയി …
ഗിരി ഒന്ന് തിരിഞ്ഞു നോക്കി …ഇല്ല ഇത്തവണ ഹൃദ്യ നോക്കിയില്ല …
ഗിരീഷ് ഗോവിന്ദൻ ഉത്രം നക്ഷത്രം !! പ്രാർത്ഥിച്ചോളു !! എത്രെയും വേഗം ഉത്തമമായ ഒരു മംഗല്യം നടക്കട്ടെ !!! പൂജാരി പറഞ്ഞു …
കൈകെട്ടി നിന്ന ഗിരിയെ അമ്മ സൂക്ഷിച്ചു നോക്കി ……കൈയും കെട്ടി നിൽക്കാതെ കണ്ണടച്ചു പ്രാർത്ഥിക്കാൻ നോക്ക് ഗിരി !! സരോജിനി അടക്കം പറഞ്ഞു …
ഗിരി കണ്ണുകൾ അടച്ചു … ആദ്യമായി അവന്റെ മുന്നിൽ ആ പെൺകുട്ടിയുടെ രൂപം തെളിഞ്ഞു വന്നു …..ആരായിരിക്കും അവൾ ?? അമ്മ പൂജ നടത്താനായി കൊണ്ടുവന്ന അന്നുതന്നെ കണ്മുന്നിൽ വന്ന പെൺകുട്ടി !!
ആരായാലും പേരെങ്കിലും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഗിരി മനസ്സിൽ ആഗ്രഹിച്ചു …
പ്രാർത്ഥിച്ചു കണ്ണ് തുറന്നു ……സരൊജിനി ഇലകീറിൽ നിന്ന് ചന്ദനം എടുത്തു ഗിരിയുടെ നെറ്റിയിൽ തോട്ടികൊടുത്തു …
അമ്മേ!!
കഴിഞ്ഞെങ്കിൽ നിങ്ങൾ കാറിൽ പോയി ഇരിക്ക് ഞാൻ ഇപ്പോൾ വരാം …
കാറിന്റെ കീ അച്ഛന് കൊടുത്തിട്ട് ഗിരി തിരിഞ്ഞു നടന്നു ..
ഇവൻ ഇത് എങ്ങോട്ടാ ?? സരോജിനി ചോദിച്ചു … എന്നോട് പറഞ്ഞില്ല അവൻ എങ്ങോട്ട് പോകുവാണെന്ന് … നീ വാ നമുക്ക് കാറിൽ പോയി ഇരിക്കാം … അവൻ വന്നോളും … ഗോവിന്ദൻ നടന്നു …
ഗിരി കാവ്യയെയും ഹൃദ്യയേയും അവിടെയെല്ലാം തിരഞ്ഞു … എന്ന നിരാശ്ശ ആയിരുന്നു ഫലം …
എന്തായാലും മെനെക്കെട്ട് വന്നതല്ലേ !!ഒന്നുകൂടി നടയിൽ പോയി തൊഴുത്തിട്ട് പോകാം …
ഗിരി … തിരുനടയിലേക്ക് നടന്നു … ഗിരിക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല … രണ്ടാളും ദേ അവിടെ തൊഴുതുകൊണ്ട് നില്കുന്നു … ഈ തവണ ഗിരി ഈശ്വരനോട് ആത്മാർത്ഥമായി നന്ദി പറഞ്ഞു …
കാവ്യയും ഹൃദ്യയും തൊഴുതു കഴിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗിരി അവരെ പിന്നിൽ നിന്ന് വിളിച്ചു …
ഹലോ !! ഒന്ന് നിൽക്കണേ !!
ഗിരിയുടെ വിളി കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി …
ഹായ് !! എന്റെ പേര് ഗിരീഷ് …..അടുപ്പം ഉള്ളവർ ഗിരി എന്ന് വിളിക്കും …
അതിന് !!! കാവ്യ പുരികം ഉയർത്തി ചോദിച്ചു !!
കുട്ടിയുടെ പേര് എന്താ ?? ഗിരി ഹൃദ്യക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു ….
ഹൃദ്യ ഗിരിയെ ഒന്ന് നോക്കി …ശേഷം മറുപടി ഒന്നും പറയാതെ മുന്നോട്ട് നടന്നു ….
ഹോ !!!!ഒരു പേര് ചോദിച്ചപ്പോഴേക്കും എന്തൊരു ജാഡ !!കടിച്ചാൽ പൊട്ടാത്ത പേര് വല്ലതും ആണെങ്കിൽ പറയേണ്ട കേട്ടോ !! ഗിരി ഹൃദ്യ കേൾക്കാൻ വേണ്ടി പറഞ്ഞു …
ഹൃദ്യ കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ നടന്നു ..
അതേയ് !! കണ്ണിൽ കണ്ടവരോട് പേര് പറയണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ ?? താൻ ഒന്ന് പോടോ … കാവ്യ ചിറി കോട്ടി …
അയ്യോ !!! പറയേണ്ടായേ … ചോദിച്ചതും പറഞ്ഞതും അടിയൻ തിരിച്ചെടുത്തു ..പേര് പറഞ്ഞെന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല പെങ്ങളെ !! ഗിരി പറഞ്ഞിട്ട് നടന്നു …
ചേട്ടാ !! ജാഡ കാണിച്ചതൊന്നും അല്ല !! എന്റെ പേര് കാവ്യ .. അത് എന്റെ ചേച്ചീ … പേര് “ഹൃദ്യ “…
പിന്നെ ചേച്ചീ ആരോടും മിണ്ടില്ല !! ചേച്ചീ അങ്ങനെയാ !!!
എന്താ തന്റെ ചേച്ചീ ഊമ ആണൊ ?? ഗിരി കളിയാക്കി ചോദിച്ചു .:
പെട്ടെന്ന് കാവ്യയുടെ കണ്ണ് നിറഞ്ഞു …
അതെ !! എന്റെ ചേച്ചിക്ക് ഈശ്വരൻ സംസാരിക്കാൻ ഉള്ള ശേഷി കൊടുത്തിട്ടില്ല … എന്റെ ചേച്ചീ ഊമയാണ് … കാവ്യയുടെ കണ്ഠം ഇടറി …
ഗിരി സ്‌തബ്ധനായി നിന്നു ….
കാവ്യ ഗിരിയെ നോക്കിയിട്ട് നടന്നുപോയി …
ഈശ്വരാ !!! മാപ്പ് ഞാൻ അറിയാതെ പറഞ്ഞുപോയതാണ് … ആ പാവത്തിന് വിഷമം ആയി കാണുമോ …
ഗിരി നോക്കിയപ്പോൾ അവർ അമ്പലത്തിൽ നിന്നും ഇറങ്ങുന്നത് കണ്ടു …
ഗിരി അവരുടെ അടുക്കലേക്ക് എത്തിയപ്പോഴേക്കും കാവ്യ സ്കൂട്ടി സ്റ്റാർട്ട് ചെയ്തിരുന്നു …
ഹൃദ്യ ഗിരിയെ കണ്ടു … ഗിരി കൈകൂപ്പി കെഞ്ചി കാണിച്ചു … ഹൃദ്യയുടെ ചുണ്ടിൽ ഒരു ചിരി മിന്നി .. അവൾ കണ്ണ് ചിമ്മി കാണിച്ചു …
കാവ്യയുടെ സ്കൂട്ടി കണ്ണിൽ നിന്ന് മായുന്ന വരെ ഗിരി ആ നിൽപ്പ് നിന്നു …
(തുടരും ….)
SHEROON4S
പുതിയ ഒരു തുടർകഥ തുടങ്ങുകയാണ് … എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission