ചാലക്കുടി ടൌൺ കഴിഞ്ഞു അരകിലോമീറ്റർ മുൻപോട്ടു പോയി ജീപ്പ് ഇടത്തോട്ടു തിരിഞ്ഞു.
അവിടെ “സ്വാന്തനം..”എന്നെഴുതിയ ഒരു ബോർഡ് കണ്ടു. അതിനെ മറികടന്നു ഒരു പഴയ കെട്ടിടത്തിനു മുൻപിൽ ജീപ്പ് നിർത്തി ടോമിച്ചനും ആൻഡ്റൂസും പുറത്തേക്കിറങ്ങി.
“ആ മദർ പറഞ്ഞത് ഇതുതന്നെ ആണല്ലോ അല്ലെ “
ടോമിച്ചൻ ചോദ്യഭാവത്തിൽ ആൻഡ്രൂസിനെ നോക്കി.
“ലക്ഷണം കണ്ടിട്ട് ഇതുതന്നെ ആണെന്ന് തോന്നുന്നു “
ആൻഡ്രൂസ് ചുറ്റും നോക്കികൊണ്ട് പറഞ്ഞു.
മനോഹരമായ വിവിധ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടം. അതിനുള്ളിൽ കുറച്ച് പേർ ചെടികൾ നനക്കുകയും, പുല്ല് പറിക്കുകയും മറ്റും ചെയ്യുന്നു. കെട്ടിടത്തിനു മുൻഭാഗം മുഴുവൻ തട്ടുതട്ടായ പുൽത്തകിടികൾ ആയിരുന്നു. അവക്കിടയിലൂടെ ഉള്ള വഴിയുടെ ഇരുവശങ്ങളിലും ഫലവൃക്ഷാദികൾ ആയ ഞാവൽ, ആത്ത, ചാമ്പ, നെല്ലി, പേര തുടങ്ങിയ വൃക്ഷങ്ങളും കൂടാതെ ഇലഞ്ഞിയും തണൽ മരങ്ങളും, അലങ്കാരം പനകളും വളർന്നു നിന്നിരുന്നു.
അവയുടെ ചുവട്ടിലുള്ള ബെഞ്ചുകളിൽ വൃദ്ധരായ ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
“ആരാണ്? എവിടുന്നു വരുന്നു “
ശബ്‌ദം കേട്ടു ടോമിച്ചനും ആൻഡ്റൂസും തിരിഞ്ഞു നോക്കി.
മദ്ധ്യവയസ്ക്കനായ ളോഹ ധരിച്ച ഒരു പുരോഹിതൻ മുൻപിൽ നിൽക്കുന്നു.
“ഞാൻ ഫാദർ ജയിംസ്… നിങ്ങൾ ആരാണ് “?
പുഞ്ചിരിയോടെ ഫാദർ ജയിംസ് അവരെ സസൂക്ഷ്മം നോക്കി.
“അച്ചോ.. ഞാൻ ടോമിച്ചൻ, ഇത് ആൻഡ്രൂസ്. ഞങ്ങൾ അങ്കമാലിയിൽ നിന്നും വരുകയാ. ഹോളിഫാമിലി ഓർഫനേജിലെ മദർ അൽഫോൻസാ പറഞ്ഞിട്ട്.”
ടോമിച്ചൻ പറഞ്ഞു.
“ഓഹോ… മദർ പറഞ്ഞിട്ട് വരുന്നവർ ആണോ? എന്താ പ്രേത്യേകിച്ചു. ആരെ കാണാനാണ് “?
ഫാദർ ജെയിംസ് ചോദ്യഭാവത്തിൽ നോക്കി.
“അച്ചോ.. ഞങ്ങൾക്ക് അത്യാവശ്യമായി ബെനഡിക്ട് അച്ചനെ ഒന്ന് കാണണം. ഒന്ന് സംസാരിക്കണം “
ടോമിച്ചൻ ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ വച്ചിരുന്ന ഫയൽ കയ്യിലെടുത്തു.
“ഫാദർ ബെൻഡിക്ട് പ്രാർത്ഥനയിൽ ആണ്. കാഴ്ച്ചക്ക് കുറച്ചു മങ്ങൽ ഉണ്ട്. ഓര്മശക്തിക്കു കുഴപ്പമൊന്നും ഇല്ല.”
പറഞ്ഞിട്ട് പൂച്ചെടികൾ നനച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനായ ഒരു അച്ചനെ അങ്ങോട്ടേക്ക് വിളിച്ചു.
“ജെറിയച്ചോ. ഇവർ ബെനഡിക്ട് അച്ചനെ കാണാൻ വന്നതാണ്. ഇവർക്ക് വഴിയൊന്നു കാണിച്ചു കൊടുക്ക് “
ഫാദർ ജെയിംസ് ജെറിയച്ചനോട് പറഞ്ഞു.
ഫാദർ ജെറി ടോമിച്ചനെയും ആൻഡ്രൂസിനെയും നോക്കി ചിരിച്ച ശേഷം വരുവാൻ ക്ഷണിച്ചു.
ജെറിയച്ഛന് പുറകെ ടോമിച്ചനും ആൻഡ്റൂസും അനുഗമിച്ചു.
“ഫാദർ ബെനഡിക്ട് അധികം ആരോടും അങ്ങനെ സംസാരിക്കാറില്ല. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന പ്രെകൃതം ആണ്. മിക്കപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കും.എന്തോ വിഷാദം ബാധിച്ചപോലെ ആണ് പെരുമാറ്റം ഒക്കെ. പിന്നെ വർദ്ധ്യക്യസഹജമായ കുറച്ചു അസുഖങ്ങളും ഉണ്ട് “
ജെറിയച്ചൻ നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.
കരിങ്കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ ചുമരുകൾക്കിടയിലൂടെയുള്ള ഇടനാഴിയിലേക്ക് അവർ പ്രേവേശിച്ചു. റെഡ്ഓക്സിഡ് ഇട്ട തറ ചുവന്ന പരവതാനി വിരിച്ചപോലെ കാണപ്പെട്ടു. ഭിത്തിയിൽ അങ്ങിങ്ങായി ക്രൂശിത രൂപത്തിന്റെ ഫോട്ടോകൾ പതിപ്പിച്ചിരുന്നു. സിമന്റു പാളികൾ ചിലയിടങ്ങളിൽ കല്ലുകൾക്കിടയിൽ നിന്നും ഇളകി പോയി കാലപ്പഴക്കത്തെ അനുസ്മരിപ്പിച്ചിരുന്നു.
പഴമയുടെ ഗന്ധം ഇടനാഴിയിൽ തങ്ങി നിൽക്കുന്നപോലെ ടോമിച്ചന് അനുഭവപ്പെട്ടു.
നടന്നു അവർ ഒരു ചാപ്പലിന് മുൻപിൽ എത്തി.
“ഫാദർ ഇതിനുള്ളിൽ പ്രാർത്ഥനയിൽ ആണ്. നിങ്ങൾ ആ കാണുന്ന കസേരകളിൽ ഇരുന്നോളൂ. ഞാൻ വിളിക്കാം “
ജെറിച്ചൻ അവരോടു പറഞ്ഞിട്ട് ചാപ്പലിന്റെ അകത്തേക്ക് കയറി പോയി.
ടോമിച്ചനും ആൻഡ്റൂസും അവിടെ കിടന്ന കസേരകളിൽ ഇരുന്നു.
ടോമിച്ചൻ കയ്യിലിരുന്ന ഫയൽ ഒരു കസേരയിൽ വച്ചു. ആൻഡ്രൂസ് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്തു ചുണ്ടിൽ വച്ചു തീകൊളുത്താൻ ലൈറ്റ്ർ എടുത്തു.
“നീ എന്താ കാണിക്കുന്നത്. ഇവിടെയിരുന്നൊന്നും ബീഡി വലിക്കരുത്. അതൊന്നും ഇവിടെയുള്ളവർക്ക് ഇഷ്ടപെടത്തില്ല. ആ ബീഡിയെടുത്തു പോക്കറ്റിൽ ഇട് “
ടോമിച്ചൻ ശബ്‌ദം താഴ്ത്തി പറഞ്ഞു.
“അങ്ങനെയാണോ?എങ്കിൽ വലിക്കുന്നില്ല. ഞാൻ പുകച്ചതിന്റെ പേരിൽ ഇവിടെ ആരും ശ്വാസം മുട്ടി ചാകണ്ട. മാത്രമല്ല പ്രായമായവർ അല്ലെ. നമ്മളായി ആരെയും ഉപദ്രെവിക്കണ്ട “
ആൻഡ്രൂസ് ചുണ്ടിൽ നിന്നും ബീഡിയെടുത്തു പോക്കറ്റിൽ തിരികെയിട്ടു.
“എനിക്കിതൊക്കെ ആരെങ്കിലും പറഞ്ഞുതരാനുണ്ടായിരുന്നോ. തന്നെയുമല്ല ഇങ്ങനെയുള്ള സ്ഥലത്തു വരേണ്ട ആവശ്യം എനിക്കുണ്ടായിട്ടില്ലല്ലോ “
ആൻഡ്രൂസ് ഭിത്തിയിലേക്ക് ചാരിയിരുന്നു.
“ഞാൻ പുകവലിക്കുമ്പോൾ ജെസ്സി പറയുമായിരുന്നു, ഓട്ടു കമ്പനിയുടെ പുകകുഴലിൽ നിന്നും പുക വരുന്നത് പോലെയാ മൂക്കിൽ കൂടിയും വായിൽ കൂടിയും പുക പോകുന്നതെന്ന്.അന്നത്തെ കാലത്താടാ ആൻഡ്രൂ ഞാൻ യഥാർത്ഥത്തിൽ ജീവിതത്തെ കുറച്ചു ചിന്തിച്ചത്. അവളെ കണ്ടുമുട്ടിയതാ എന്റെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റ്”
എന്തോ ആലോചിച്ചു കൊണ്ട് ടോമിച്ചൻ ഒന്ന് ഊറി ചിരിച്ചു.
“നീ ഭാഗ്യവനാടാ ടോമിച്ചാ.. ആവോളം സ്നേഹം വാരി കോരി തരാൻ അമ്മച്ചി,ജെസ്സി, മോള് ഇതൊക്കെയില്ലേ നിനക്ക്. എന്നും ഉണരാനും ഉറങ്ങാനും ഒരു കുടുംബം ഇല്ലെ. അതൊക്കെ ഒരു ഭാഗ്യമാട. നിന്റെ നല്ല മനസ്സ് കർത്താവിനു അങ്ങ് ഇഷ്ടപ്പെട്ടു. അതാ നിനക്കെല്ലാം വാരികോരി തരുന്നത്. അതുകൊണ്ടല്ലേ എനിക്ക് വല്ലപ്പോഴും കേറി വരാൻ ഒരിടം ഈ ഭൂമിയിൽ ഉള്ളത്. ശരിയല്ലേടാ. അതെന്റെ ഭാഗ്യവും”
പറഞ്ഞിട്ട് ആൻഡ്രൂസ് മുഖം തിരിച്ചു ഭിത്തിയിലെ മാതാവിന്റെ രൂപത്തിൽ നോക്കിയിരുന്നു.
“എടാ ആൻഡ്രൂ, നീ എന്റെ മുഖത്തേക്കൊന്നു നോക്കിക്കേ. എടാ ഇങ്ങോട്ട് നോക്കാൻ “
പറഞ്ഞിട്ട് ടോമിച്ചൻ ആൻഡ്രൂസിനെ ബലമായി തനിക്കഭിമുഖമായി തിരിച്ചു.
അപ്പോൾ ടോമിച്ചൻ കണ്ടു.
ആൻഡ്രൂസിന്റെ കണ്ണുകളിൽ ഉരുണ്ടു കൂടി ഇരിക്കുന്ന രണ്ട് കണ്ണുനീർ തുള്ളികൾ!!
ആൻഡ്രൂസ് പുറം കൈകൊണ്ടു കണ്ണുകൾ തുടച്ചു.
“എടാ ടോമിച്ചാ… നിനക്കറിയാമോ, വല്ലപ്പോഴും ഞാൻ നിന്റെ വീട്ടിൽ വരുന്നത് എന്തിനാണെന്ന്. നിന്നെ കാണാൻ മാത്രമല്ല. നിന്റെ അമ്മച്ചിയുടെ കയ്യിൽ നിന്നും ഒരുപിടി ചോറ് മേടിച്ചു തിന്നാൻ. ആൻഡ്രൂ ശരിക്കും കഴിക്കട എന്ന് പറഞ്ഞു എന്റെ പ്ലേറ്റിലേക്ക് ചോറ് കോരിയിടുമ്പോൾ ശോശാമ്മച്ചിയെ ഞാനൊന്നു നോക്കും. അപ്പൊ കാണാം ആ മുഖത്തു ഒരു മകനോടുള്ള വാത്സല്യം, സ്നേഹം ഒക്കെ. ആ പ്ലേറ്റിൽ ഞാൻ ആരും കാണാതെ എന്റെ ഒരു തുള്ളി കണ്ണീരും ചേർത്തിളക്കി കഴിക്കും. അങ്ങനെ ആ ഈ ആൻഡ്രൂസ് സങ്കടം മറക്കുന്നത്. ആരുമില്ലാത്ത അവസ്ഥ ഭീകരമാടാ.”
ആൻഡ്രൂസ് തല താഴ്ത്തി നിലത്തേക്ക് നോക്കിയിരുന്നു.
“ചെറിയ പ്രായത്തിൽ അച്ചന്മാർ നടത്തുന്ന ഒരു അനാഥലയത്തിൽ ആയിരുന്നു ഞാൻ. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നപോലെ ഒരോർമയുണ്ട്. എന്റെ കളിക്കൂട്ടുകാരി ആയിരുന്നു അവൾ.കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയെ ആരോ വന്നു കൊണ്ടുപോകുന്നത് ഞാൻ കണ്ടു. ഒറ്റപെട്ട എന്നെ വൃദ്ധനായ ഒരച്ചൻ അവരുടെ തന്നെ നഴ്സറിയിൽ ചേർത്തു. എന്നും വൈകുന്നേരം എല്ലാവരുടെയും വീട്ടിൽ നിന്നും അവരുടെ അപ്പനും അമ്മയും വരും കൂട്ടികൊണ്ട് പോകാൻ. ചോക്ലേറ്റും ബിസ്‌ക്കറ്റും ഒക്കെ കൊടുത്തു ചേർത്തു പിടിച്ചു കൊണ്ടുപോകുന്നത് കൊതിയോടെ ഞാൻ നോക്കി നിൽക്കും. പിന്നെ തന്നേ കൂട്ടികൊണ്ട് പോകാൻ ആരുമില്ല എന്ന് തോന്നുമ്പോൾ എന്റെ കുഞ്ഞ് കാലുകൾ പെറുക്കി വച്ചു ഞാൻ നടക്കും. ഇടക്ക് തിരിഞ്ഞു നോക്കും “മോനെ ” എന്ന് വിളിച്ചു ആരെങ്കിലും വരുന്നുണ്ടോ എന്ന്.എനിക്ക് അന്ന് വിലകൂടിയത് ഒന്നും വേണ്ടായിരുന്നു. ഒരു അഞ്ചു പൈസയുടെ നാരങ്ങ മിട്ടായി ആണെങ്കിലും മതി.ആരെങ്കിലും ഒരാൾ എന്നെ സ്നേഹിക്കാൻ വന്നിരുന്നു എങ്കിലെന്നു കൊതിച്ചു പോയിട്ടുണ്ട്. ആരുമില്ലെന്നു ബോധ്യമാകുമ്പോൾ പിന്നെ അങ്ങ് നടക്കും. അവിടെയുള്ള ഒരു കൊച്ചച്ചന് എന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു. സമയം കിട്ടിയാൽ തുടയിൽ പിടിച്ചു നുള്ളുകയും ചെവിയിൽ പിടിച്ചു തിരുമുകയും ചെയ്യുമായിരുന്നു. അപ്പോഴും ആ വൃദ്ധനായ അച്ചനായിരുന്നു ഏക ആശ്രയം. രണ്ടിൽ പഠിക്കുന്ന സമയത്ത് ഒരുനാൾ ആ കൊച്ചച്ചൻ എന്നോട് പറഞ്ഞു.
“നിന്നെ തീറ്റിപോറ്റാൻ ഇവിടെയാർക്കും പറ്റത്തില്ല. സ്വൊന്തം കാര്യം നോക്കി എവിടെയെങ്കിലും പൊക്കോണം. നിന്റെ ആരും ഇവിടെയില്ലെന്ന്.”രാത്രിയിൽ ഒരുപാടു കരഞ്ഞു.സ്കൂളിൽ കൊണ്ടുപോകുന്ന തുണിസഞ്ചിയും കയ്യിലെടുത്തു ഞാൻ ആരും കാണാതെ ഇറങ്ങി നടന്നു. രാത്രിയാണ്, പേടിയുണ്ട് എങ്കിലും നടന്നു. നടന്നു തളർന്നപ്പോൾ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കയറി കിടന്നു. ഉണരുമ്പോൾ എന്നെ നോക്കിയിരിക്കുന്ന ലോറി ഡ്രൈവറെ ആണ് കണ്ടത്.ഒരു രാമൻകുട്ടി. എന്നെ കൂട്ടികൊണ്ട് പോയി വയറു നിറച്ചു ഭക്ഷണം വാങ്ങി തന്നു. കൂടെ കൂട്ടി. അയാൾക്കൊരു മകളുണ്ടായിരുന്നു ഭാഗ്യ. അവൾക്കു ട്യൂഷൻ എടുക്കാനൊരു സാറ് വരുമായിരുന്നു. ഞാനും അവിടെ പോയിരിക്കും. അങ്ങനെ മലയാളം വായിക്കാനും എഴുതാനുമൊക്കെ പഠിച്ചു. എന്നെ ഭയങ്കരകാര്യം ആയിരുന്നു അവൾക്ക്. അവൾക്കു ഞാൻ ചേട്ടനായി. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഒരു അപകടത്തിൽ ആ ലോറി ഡ്രൈവരും മകളും മരണമടഞ്ഞു…. അതോടെ വീണ്ടും ഞാൻ ആരുമില്ലാത്തവനായി. ഒരുപാടു അലഞ്ഞു, ജോലിചെയ്തു, അപമാനം സഹിച്ചു. അങ്ങനെ കാലങ്ങൾ കടന്നുപോയപ്പോഴാ നിന്നെ കണ്ടുമുട്ടിയതും നിന്റെ കൂടെ കൂടിയതും. എനിക്ക് ടിപ്പർ ലോറികളോട് കമ്പം ആയിരുന്നു. അതറിഞ്ഞപ്പോൾ നീയാ എന്നെ ആദ്യമായി ടിപ്പർ ആൻഡ്രൂസ് എന്ന് വിളിച്ചത്…. “
ആൻഡ്രൂസ് പറഞ്ഞു നിർത്തി.
“എടാ നീയെന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നത്. ങേ.”
ടോമിച്ചൻ ആൻഡ്രൂസിനെ ചേർത്തു പിടിച്ചു.
“ചിലപ്പോഴൊക്കെ ഓരോന്നും ഓർക്കുമ്പോൾ ചങ്കിലിരുന്നു ഒരു പിടച്ചിലാ. വലിഞ്ഞു മുറുകുന്നപോലെ.അപ്പൊ നിയത്രണം വിട്ടുപോകും ടോമിച്ചാ. ഇനി എനിക്ക് നിന്നോട് ഇതു പറയാനുള്ള ഒരവസരം കിട്ടിയില്ലെങ്കിലോ. എന്റെ മനസ്സ് അങ്ങനെ പറയുന്നു “
ആൻഡ്രൂസ് പറഞ്ഞു നിർത്തിയതും ചാപ്പലിന്റെ വാതിൽ തുറന്നു പ്രായമായ ഒരാൾ പുറത്തേക്കു വന്നു. പ്രായാധിക്യം കാരണം അദ്ദേഹത്തിന് നടക്കാൻ പ്രെയാസം ഉണ്ടായിരുന്നു.
കസേരയിൽ നിന്നും എഴുനേറ്റു നിന്ന ടോമിച്ചനെയും ആൻഡ്രൂസിനെയും മനസ്സിലാകാത്ത രീതിയിൽ ഒന്ന് നോക്കിയശേഷം കൈകൊണ്ടു വരാൻ ആംഗ്യം കാണിച്ചു കൊണ്ട് മറ്റൊരു മുറിയിലേക്ക് കയറി.
ടോമിച്ചനും ആൻഡ്രൂസും പുറകെ ചെന്നു.. ഒരു ടേബിളിന് മുൻപിൽ നിരത്തി ഇട്ടിരുന്ന കസേരകൾ ചൂണ്ടി ഇരിക്കാൻ പറഞ്ഞിട്ട് ഫാദർ ബെനഡിക്ട് മറുഭാഗത്തു ഇട്ടിരുന്ന കസേരയിൽ ഇരുന്നു.
മേശപ്പുറത്തിരുന്ന തടിച്ച കണ്ണട എടുത്തു മുഖത്തു വച്ചു മുൻപിൽ ഇരിക്കുന്നവരെ സൂക്ഷിച്ചു നോക്കി.
“എന്താ എന്നെ കാണാൻ വന്നത്. പ്രത്യേകിച്ചു എന്തെങ്കിലും കാര്യമുണ്ടോ”?
വർദ്ധ്യക്യ സഹജമായ അവശതകൾ കൊണ്ട് ഫാദർ ബെന്ഡിക്ടിന്റെ ശബ്‌ദം ദുർബലമായിരുന്നു.
ടോമിച്ചൻ കയ്യിലിരുന്ന ഫയൽ ഫാദർറിനു നേരെ നീട്ടി.
ചോദ്യഭാവത്തിൽ നോക്കിയ ശേഷം ഫാദർ ആ ഫയൽ വാങ്ങി മെല്ലെ മറച്ചു നോക്കി.
ഓരോ പേജുകൾ മറിക്കുമ്പോഴും അദേഹത്തിന്റെ പുരികങ്ങൾ ഉയർന്നു താഴുകയും മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകുന്നതും ടോമിച്ചൻ ശ്രെദ്ധിച്ചു.ഇടക്കിടെ ഫാദർ മുഖമുയർത്തി മുൻപിലിരിക്കുന്നവരെ നോക്കുനുണ്ടായിരുന്നു.
പൂർണ്ണമായും ഫയൽ പരിശോധിച്ച ശേഷം ഫാദർ കുറച്ചു നേരം കണ്ണടച്ചിരുന്നു.
പിന്നെ കണ്ണുകൾ തുറന്നു.
“ആ വാതിൽ അടച്ചേക്കു.”
ഫാദർ പറഞ്ഞത് കേട്ടു ആൻഡ്രൂസ് എഴുനേറ്റു പോയി മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു തിരികെ വന്നു കസേരയിൽ ഇരുന്നു.
“അച്ചന് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ? സത്യമറിയാനും, അകന്നുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും സഹായിക്കും “
ടോമിച്ചൻ പറഞ്ഞത് കേട്ടു ഫാദർ മെല്ലെ എഴുനേറ്റു പോയി അവിടെ ഉണ്ടായിരുന്ന ഒരു പഴയ ഷെൽഫ് തുറന്നു അതിൽ നിന്നും ഒരു ഡയറി എടുത്തു കൊണ്ടുവന്നു മേശപുറത്തു വച്ചു. കാലപ്പഴക്കം ആ ഡയറിയുടെ ഭംഗി നഷ്ടപ്പെടുത്തിയിരുന്നു.
കസേരയിൽ ഇരുന്ന ശേഷം ഫാദർ ടോമിച്ചനെയും ആൻഡ്രൂസിനെയും മാറി മാറി നോക്കി.
“സെലീനാമ്മ ഇപ്പോൾ അങ്കമാലിയിൽ ഉണ്ട് അല്ലെ.”
ഫാദറിന്റെ വാക്കുകൾ ചിലമ്പിച്ചിരുന്നു.
“എല്ലാം ദൈവഹിതം ആയിരിക്കാം.”
ഫാദർ ബെനഡിക്ട് ഡയറി തുറന്നു എന്തോ നോക്കി.
“ഇതിൽ ആരാ ടോമിച്ചൻ “
ഫാദർ ബെൻഡിക്ടിന്റെ ചോദ്യം കേട്ടു ടോമിച്ചൻ ആശ്ചര്യപ്പെട്ടു.
“ഞാനാണ് അച്ചോ “
ടോമിച്ചൻ പറഞ്ഞു.
“അപ്പൊ ഇദ്ദേഹം ആൻഡ്രൂസ്. അല്ലെ “
ഇപ്പോൾ ആൻഡ്റൂസും ഒന്ന് അമ്പരന്നു.
“അതേ അച്ചോ “
ആൻഡ്രൂസ് അച്ചന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ഫാദർ ബെൻഡിക്റ്റും ആൻഡ്രൂസിനെ നോക്കുകയായിരുന്നു അപ്പോൾ.
“ഞങ്ങളെ എങ്ങനെ മനസ്സിലായി അച്ചോ”?
ടോമിച്ചൻ കൗതുകത്തോടെ ചോദിച്ചു.
“അതാണ് ഞാൻ പറഞ്ഞത്. എന്റെ മുൻപിൽ നിങ്ങൾ രണ്ടുപേരും ഒരുമിച്ചു വന്നിരിക്കണം എന്നത് ദൈവനിശ്ചയം ആണെന്ന് “
ഒന്ന് നിർത്തിയശേഷം തുടർന്നു.
“എനിക്കറിയാമായിരുന്നു എന്നെങ്കിലും നിങ്ങൾ എന്നെത്തേടി വരുമെന്ന്. ഓരോ ദിവസവും ഞാൻ പ്രതിക്ഷിച്ചിരുന്നു ഇത്. നിങ്ങൾ ചോദിക്കാൻ വരുന്ന കാര്യങ്ങൾ എന്തെല്ലാമെന്നു എനിക്കറിയാം. മരണം മാടിവിളിക്കുന്നതിനു മുൻപ് എനിക്കതു ആരോടെങ്കിലും പറയണം എന്നുണ്ടായിരുന്നു. കർത്താവ് അതിനുള്ള ഒരവസരം ഉണ്ടാക്കി തന്നിരിക്കുന്നു.”
ഫാദർ ബെനഡിക്ട് ഒന്ന് കുരിശു വരച്ചതിനു ശേഷം ഒന്നിളക്കി ഇരുന്നു.
“സെലിനമ്മ ഒരു പാവപെട്ട തൊഴിലാളി കുടുംബത്തിലെ അംഗം ആയിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ സെലീനമ്മ തേയില തോട്ടത്തിൽ കൊളുന്ത് നുള്ളുവാൻ പോകുമായിരുന്നു.കാരണം അവളുടെ അപ്പൻ കറിയ സദാസമയവും മദ്യത്തിന് അടിമയായിരുന്നു. പട്ടണി മാറ്റുവാൻ അവൾക്ക് പണിക്കു പോകേണ്ടി വന്നു. ആ സമയത്താണ് അവിടുത്തെ പള്ളിയിലെ വികാരിയായി ഒരു പുരോഹിതൻ അവിടെയെത്തുന്നത്.ദിവസേന പള്ളിയിലെത്തി പ്രാർത്ഥിച്ചു, തന്റെ ഒറ്റപ്പെടൽ ആ പുരോഹിതനുമായി പങ്കുവയ്ക്കുമായിരുന്നു സെലിനാമ്മ. വെളുത്തു സുന്ദരിയായ, ദൈവഭയമുള്ള ആ പെൺകുട്ടി ആ പുരോഹിതനിൽ കൗതുകം ഉണർത്തി. പതിയെ അവരിൽ ഒരു പ്രണയം മൊട്ടിട്ടു. അത് വഴിവിട്ട ബന്ധങ്ങളിലേക്ക് അവരെ നയിച്ചു.അങ്ങനെയിരിക്കെ ഒരുനാൾ സെലിനാമ്മ ആ പുരോഹിതനോട് ആ രഹസ്യം വെളിപ്പെടുത്തി.താൻ ഗർഭിണി ആണെന്ന സത്യം.
ആ വാർത്ത ഒരു ഇടിത്തീ പോലെയാണ് ആ പുരോഹിതന്റെ കാതിൽ പതിച്ചത്. പുറത്തു ആരെങ്കിലും അറിഞ്ഞാൽ, സമൂഹത്തിൽ തന്റെ അവസ്ഥ എന്താകും എന്ന പേടി ആയിരുന്നു അപ്പോൾ. ആരുമറിയാതെ അബോർട്ടു ചെയ്തു കളയുവാൻ ആ പുരോഹിതൻ സെലിനമ്മയെ ഉപദേശിച്ചു. മനസ്സില്ല മനസ്സോടെ അവർ അതിനു സമ്മതിച്ചു എങ്കിലും ഹോസ്പിറ്റലിൽ എത്തി പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞത് അബോർട്ടു ചെയ്‌താൽ സെലിനാമ്മയുടെ ജീവനും അപകടത്തിൽ ആകുമെന്നാണ്. അതുകൊണ്ട് അബോർട്ടു ചെയ്യാമെന്ന തീരുമാനത്തിൽ നിന്നും പിന്മാറി.
ആരുമറിയാതെ, യാഥാർഥ്യം ആരോടും പറയാതെ താൻ വളത്തിക്കോളാം എന്ന ഉറപ്പ് കൊടുത്തു സെലിനമ്മ പുരോഹിതാണ് ധൈര്യം പകർന്നു.മകൾ അവിഹിതഗർഭം ധരിച്ചു എന്നറിഞ്ഞ അവളുടെ അപ്പൻ കറിയ ആത്മഹത്യ ചെയ്തു. തീർത്തും ഒറ്റപെട്ടു പോയ സെലിനമയേ സാമ്പത്തികമായി ആ പുരോഹിതൻ സഹായിച്ചിരുന്നു.
ഡെലിവറിക്കു സെലിനമയേ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുന്ന ദിവസം മറ്റൊരു ഡെലിവറി കൂടി ഉണ്ടായിരുന്നു അവിടെ. ഒരു ശോശാമ്മ.വർഗീസ്…
ഒരേ സമയം ആയിരുന്നു രണ്ടുപേരെയും ഡെലിവറി റൂമിൽ കയറ്റിയത്.
സെലിനാമ്മ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അതേ സമയം തന്നെ ശോശാമ്മ വർഗീസും ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം ആ പുരോഹിതനെ കാണാൻ ആ ഹോസ്പിറ്റലിലെ നേഴ്സ് മാർഗരറ്റ് എത്തി. കുമ്പസാരത്തിനിടയിൽ ആ നേഴ്സ് പറഞ്ഞത് കേട്ടു ആ പുരോഹിതൻ സങ്കടത്തിലായി.
കാരണം അവർ പറഞ്ഞത് അന്ന് പ്രസവിച്ച സെലിനമ്മയുടെ ആൺകുട്ടിയും ശോശാമ്മ വർഗീസിന്റെ ആൺകുട്ടിയും തമ്മിൽ മാറി പോയി എന്നായിരുന്നു.പിന്നീട് പുറത്തറിഞ്ഞാൽ ആകെയുള്ള തന്റെ ജോലി നഷ്ടപ്പെടുമോ എന്നോർത്ത് ആ സത്യം ആരോടും പറഞ്ഞില്ല.
തന്റെ കുഞ്ഞ് മറ്റൊരാളുടെ കയ്യിൽ ആണെന്ന് ചിന്ത ആദ്യം വേദനിപ്പിച്ചു എങ്കിലും അവിടെ തന്റെ മകൻ ഒരപ്പന്റെയും അമ്മയുടെയും ഇടയിൽ സ്നേഹം അനുഭവിച്ചു കഴിയും എന്ന ചിന്ത ആ പുരോഹിതനെ സ്വാർത്ഥനാക്കി. നേരത്തെ പരിചയമുള്ള, കൊളുന്ത് കയറ്റാൻ എത്താറുള്ള വർഗീസിനോട് മകന് ടോമി വർഗീസ് എന്ന പേര് നന്നായിരിക്കുമെന്ന് ആ പുരോഹിതൻ പറഞ്ഞു. എന്തായാലും ദൈവഭയം ഉള്ള ശോശാമ്മ ആ കുഞ്ഞിന് ടോമി എന്ന് പേരിട്ടു.
അതേ സമയം സെലിനമ്മയുടെ കുഞ്ഞുങ്ങൾക്ക് അവൾ തന്നെ പേര് കണ്ടു പിടിച്ചിരുന്നു. ആൺകുട്ടിക്ക് ആൻഡ്രൂസ് എന്നും മകൾക്കു റോസ്‌ലിൻ എന്നും. പകൽ മക്കളെ ഓർഫനേജിലെ ആയയെ ഏല്പിച്ചു സെലിനാമ്മ തേയില തോട്ടത്തിൽ ജോലിക്ക് പോയി തുടങ്ങി. ജോലിക്ക് പോകേണ്ടെന്നും താൻ സഹായിച്ചു കൊള്ളാമെന്നു പറഞ്ഞു എങ്കിലും സെലിനമ്മ സമ്മതിച്ചില്ല. ആ പുരോഹിതനിൽ നിന്നും ഒരു സഹായവും സ്വീകരിക്കുവാൻ അവൾ തയ്യാറായിരുന്നില്ല.ഒരു ദിവസം ജോലിക്ക് പോയ സെലിനാമ്മ സമയം കഴിഞ്ഞിട്ടും തിരിച്ചു എത്തിയില്ല. അന്വേഷിച്ചു എങ്കിലും ഒരിടത്തും കണ്ടെത്താനായില്ല.പോലിസിൽ പരാതി കൊടുക്കുവാൻ ആ പുരോഹിതൻ വിസമ്മതിച്ചു. കാരണം പോലിസ് അന്വേഷണം തന്റെ നേരെ നീളുമോ എന്ന ഭയം.
മാസങ്ങൾ കഴിഞപ്പോൾ ഓർഫാനെജിൽ രണ്ടുപേർ എത്തി. വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാതിരുന്ന ഇല്ഞ്ഞിക്കൽ മത്തച്ചനും ചിന്നമ്മയും ആയിരുന്നു അത്. ഒരു കുട്ടിയെ ദെത്തെടുക്കുവാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. അപ്പോൾ ആ പുരോഹിതന്റെ മനസ്സിൽ വീണ്ടും സ്വാർത്ഥത തലപൊക്കി. തന്റെ മകൾ മറ്റൊരു വീട്ടിൽ സുഖമായി കഴിയണം എന്നൊരു സ്വാർത്ഥത.
ആ പുരോഹിതൻ റോസ്‌ലിൻ എന്ന മകളെ അവർക്കു നൽകി.
എന്നാൽ അവിടെ ശേഷിച്ച ആൻഡ്രൂസിനെ ആ പുരോഹിതന് ഇഷ്ടപെടാൻ കഴിഞ്ഞില്ല. കാരണം അവൻ മറ്റൊരാളുടെ കുഞ്ഞാണ് എന്ന ചിന്ത അയാളെ അലട്ടിയിരുന്നു.എന്നാൽ അവിടുത്തെ പ്രായമായ ഫാദർ ഗീർവർഗീസിന് ആൻഡ്രൂസിനോട് പ്രേത്യേക താത്പര്യം ഉണ്ടായിരുന്നു. അദ്ദേഹം അവനെ നഴ്സറിയിൽ ചേർത്തു, പഠിപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞു ഒരു രാത്രി അവനെ കാണാതായി.എവിടെ പോയി എന്ന് ആരും അന്വേഷിച്ചുമില്ല “
പറഞ്ഞു കഴിഞ്ഞ ഫാദർ ബെന്ഡിക്ട് കസേരയിൽ പുറകിലേക്ക് ചാഞ്ഞു കിടന്നു.
ടോമിച്ചൻ തലതിരിച്ചു ആൻഡ്രൂസിനെ നോക്കി. നിർവികാരനായി ഇരിക്കുകയാണ് ആൻഡ്രൂസ്.
“ആൻട്രു “
ടോമിച്ചൻ ആൻഡ്രൂസിനെ കുലുക്കി വിളിച്ചു. വിളികേട്ട് ഉറക്കത്തിൽ നിന്ന് എന്നപോലെ ഞെട്ടി ടോമിച്ചനെ ഒന്ന് നോക്കി. നിറഞ്ഞ വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ആൻഡ്രൂസ് എഴുന്നേറ്റു ഫാദർ ബെനഡിക്ടിനെ നോക്കി.
തന്നെ ചെറുപ്പത്തിൽ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ആ പുരോഹിതൻ ആണ് മുൻപിൽ ഇരിക്കുന്നതെന്ന സത്യം ആൻഡ്രൂസിനു മനസ്സിലായി. ടോമിച്ചന്റെ കയ്യിൽ മുറുക്കെ പിടിച്ച ശേഷം മുറിയുടെ പുറത്തേക്കു നടന്നു.
ടോമിച്ചൻ കസേരയിൽ കണ്ണടച്ചു കുറച്ചു നേരം ഇരുന്നു.
തോളിൽ ഒരു കരം പതിച്ചപ്പോൾ ടോമിച്ചൻ കണ്ണിത്തുറന്നു നോക്കി. ഫാദർ ബെനഡിക്ട് അടുത്ത് നിൽക്കുന്നു. അദേഹത്തിന്റെ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു.
“അച്ചോ.. ഈ ടോമിച്ചന് ജന്മം നൽകിയ ആ പുരോഹിതൻ ആരാണ് “?
ടോമിച്ചൻ തലതിരിച്ചു ഫാദറിനെ നോക്കി.
“നിന്റെ ചോദ്യത്തിന് ഉത്തരം നൽകുവാൻ സെലിനാമ്മക്ക് മാത്രമേ സാധിക്കൂ. എനിക്കതു പറയുവാൻ അനുവാദം ഇല്ല. മൂന്നാമതൊരാൾ ആ രഹസ്യം അറിയരുതെന്നു സെലിനമ്മ ആഗ്രഹിച്ചിരുന്നു. അതെങ്കിലും എനിക്ക് പാലിക്കണം .ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പാപം ചെയ്തിട്ടുള്ളവര. ആർക്കും കർത്താവ് ആകാൻ പറ്റത്തില്ല.”
ഫാദർ ബെനഡിക്ട് മെല്ലെ പുറത്തേക്കു നടന്നു ചാപ്പലിനുള്ളിലേക്ക് പോയി.
മുൻപിൽ ഇരുന്ന ഫയലും, ഡയറിയും എടുത്തു ടോമിച്ചൻ എഴുനേറ്റു പുറത്തേക്കിറങ്ങി.
അവിടെയെങ്ങും ആൻഡ്രൂസിനെ കണ്ടില്ല.ടോമിച്ചൻ കെട്ടിടത്തിന്റെ പുറത്തേക്കു ചെന്നു. ജീപ്പിനടുത്തേക്ക് നടക്കുമ്പോൾ കണ്ടു ജീപ്പിൽ ചാരി നിന്ന് പൂത്തോട്ടത്തിലേക്കു നോക്കി നിൽക്കുകയാണ് ആൻഡ്രൂസ്.
ടോമിച്ചൻ അടുത്തേക്ക് ചെന്നു.
“ആൻഡ്രൂ… നിനക്ക് സന്തോഷം ആയില്ലേ. സ്വൊന്തം പെറ്റമ്മയെ കണ്ടെത്തിയില്ലേ. ആരുമില്ലെന്നു ഉള്ള നിന്റെ സങ്കടം മാറിയില്ലേ “
ടോമിച്ചന്റെ ചോദ്യം കേട്ടു ആൻഡ്രൂസ് തലതിരിച്ചു നോക്കി.
“ടോമിച്ചാ…പോകാം.. വാ “
ആൻഡ്രൂസ് ജീപ്പിന് നേരെ നടന്നു. ടോമിച്ചൻ ഒരു നിമിഷം നിന്നശേഷം പുറകെ ചെന്നു…
തിരിച്ചു പോകുമ്പോൾ കുറച്ചു നേരത്തേക്ക് രണ്ടുപേരും സംസാരിച്ചില്ല. ടോമിച്ചൻ ഇടക്കിടെ ആൻഡ്രൂസിനെ നോക്കുന്നുണ്ടെങ്കിലും ആൻഡ്രൂസ് പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു.
“ടോമിച്ചാ… വണ്ടി ഒന്ന് സൈഡ് ഒതുക്ക് “
കുറച്ചു കൂടി മുൻപോട്ടു പോയി കഴിഞ്ഞതും ആൻഡ്രൂസ് പറഞ്ഞു.
ടോമിച്ചൻ വഴിയിൽ നിന്നും സൈഡിലേക്ക് ഇറക്കി ജീപ്പ് നിർത്തി.
ആൻഡ്രൂസ് പുറത്തേക്കിറങ്ങി.
ഒരു ബീഡികത്തിച്ചു ചുണ്ടിൽ വച്ചു.
മറ്റൊരു ബീഡി കത്തിച്ചു ടോമിച്ചന് നേരെ നീട്ടി.
“വലിക്കടാ…. ഇന്നൊരു പ്രേത്യേകതയുള്ള ദിവസമല്ലേ?”
ടോമിച്ചൻ ബീഡി മേടിച്ചു ചുണ്ടിൽ വച്ചു.
“ടോമിച്ചാ… നിന്റെ മനസ്സിൽ എന്താ… ഇന്ന് വരെ സ്വൊന്തം അമ്മയാണെന്നു കരുതിയ ആൾ ഇപ്പോൾ മറ്റൊരാളുടെ അമ്മ. ആരുമില്ലെന്നു പറഞ്ഞു കൊണ്ട് പോയവൻ തിരിച്ചു വരുമ്പോൾ പെറ്റമ്മയെ സമ്പാദിച്ചു കൊണ്ട്. എന്താടാ ഇതൊക്കെ. ശോശാമ്മച്ചി വിളമ്പിതരുന്ന ചോറുണ്ണുമ്പോൾ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഇതെന്റെ പെറ്റമ്മ ആയിരുന്നെങ്കിൽ എന്ന്. അത് അറം പറ്റിയത് പോലെ ആയല്ലോടാ “
ആൻഡ്രൂസ് ടോമിച്ചന്റെ മുൻപിൽ വന്നു നിന്നു.
“ഇതൊന്നും കേട്ടിട്ട് നിനക്കൊന്നും തോന്നുന്നില്ലെടാ. എന്റെ പെറ്റ തള്ളയെ ഇത്രയും കാലം കണ്ണിലെ കൃഷ്ണ മണിപോലെ നോക്കിയില്ലേടാ നീ.എല്ലാവിധ സൗകര്യങ്ങളും കൊടുത്തു നോക്കിയില്ലേ.എനിക്ക് പറ്റുമോ ഇങ്ങനെ നോക്കാൻ. ആ അമ്മ നിന്റെ പെറ്റ തള്ളയല്ലന്ന് അറിഞ്ഞപ്പോൾ നിനക്കെന്താ സങ്കടം ഇല്ലാത്തത്? ങേ “
ആൻഡ്രൂസ് ടോമിച്ചന്റെ കണ്ണിലേക്കു നോക്കി.
ചുണ്ടിൽ എരിയുന്ന ബീഡി ഒന്നുകൂടി വലിച്ചു പുക പുറത്തേക്കു ഊതി വിട്ടു,ബീഡി കുറ്റി ദൂരേക്ക് എറിഞ്ഞു ടോമിച്ചൻ. എന്നിട്ട് ആൻഡ്രൂസിന്റെ തോളിൽ കൈവച്ചു.
“എടാ ആൻഡ്രൂ, ശോശാമ്മച്ചി എന്റെ പെറ്റമ്മ അല്ലെന്നു അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ സ്നേഹിച്ചത്. ആദ്യമൊക്കെ ദേഷ്യമായിരുന്നു എനിക്ക്. പിന്നെ ആ അമ്മയുടെ സ്നേഹത്തിന് മുൻപിൽ ഞാൻ തോറ്റുപോയെടാ.ആ അമ്മക്ക് അറിയില്ലല്ലോ താൻ പ്രെസവിച്ച മകനാണെന്നു കരുതി സ്നേഹിക്കുന്നത് മറ്റൊരാളെ ആണെന്ന്. ഈ കാര്യം എന്റെ ജെസ്സിക്ക് പോലും അറിയില്ല. പക്ഷെ ഇനി അമ്മച്ചി അറിയണം. ഈ ടോമിച്ചനല്ല, അമ്മച്ചി മോനെ പോലെ കരുതുന്ന നീയാണ് യഥാർത്ഥ മകനെന്ന്.പക്ഷെ ആ അമ്മച്ചിയുടെ മകൻ നീയാണെന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ നിന്നെ പിടിച്ചു ആ മുൻപിൽ നിർത്തി കൊടുത്തേനെ ഈ ടോമിച്ചൻ “
ടോമിച്ചൻ കൈവിരലുകൾ കൊണ്ട് ജീപ്പിന്റെ ബോണറ്റിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു.
ആൻഡ്രൂസ് ആശ്ചര്യത്തോടെ ടോമിച്ചനെ നോക്കി.
“ടോമിച്ചാ.. നീ എന്തൊക്കെയാ ഈ പറയുന്നത്. നീ ഈ കാര്യം ആരുമറിയാതെ മനസ്സിൽ കൊണ്ട് നടന്നുവെന്നോ. എന്റെ അമ്മച്ചിയെ ഇത്രമാത്രം സ്നേഹിക്കാൻ നിനക്കല്ലാതെ ഈ ലോകത്തു മറ്റാർക്കും സാധിക്കില്ലടാ. ഈ ആൻഡ്രൂസിനു പോലും. നീ കൊടുക്കുന്ന സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലടാ “
ആൻഡ്രൂസ് ടോമിച്ചനെ കെട്ടിപിടിച്ചു.
“എടാ ആൻഡ്രൂ, എന്തായാലും നമ്മൾക്ക് നമ്മുടെ പെറ്റമ്മമാരെ തിരിച്ചറിഞ്ഞില്ലേ . പിന്നെ സ്വൊന്തം കൂടെ പിറന്ന പെങ്ങളെയും.. യഥാർഥ്യത്തെ നമ്മൾ ഉൾകൊള്ളാൻ പഠിക്കണം ആൻഡ്രൂ.”
ദേഹത്ത് നിന്നും ആൻഡ്രൂസിനെ അടർത്തി മാറ്റിയശേഷം ആ മുഖത്തേക്ക് നോക്കി ടോമിച്ചൻ.
“നിന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ നീ “
ടോമിച്ചന്റെ ചോദ്യം കേട്ടു ആൻഡ്രൂസ് എന്ത് ആണെന്ന ഭാവത്തിൽ നോക്കി.
“നീ ചോദിക്കട ടോമിച്ചാ.. എന്റെ തല വേണോ. വെട്ടിയെടുത്തു നിന്റെ കൈക്കുമ്പിളിൽ വച്ചു തരും ഈ ആൻഡ്രൂസ്. അത്രക്കും കടപ്പാട് ഉണ്ടെടാ നിന്നോട് “
ആൻഡ്രൂസിന്റെ നോട്ടം ടോമിച്ചന്റെ മുഖത്തു തറച്ചു.
“ശോശാമ്മച്ചിയെ നീ അവിടെനിന്നും വേറൊരിടത്തും കൊണ്ട് പോകരുത്.പെറ്റമ്മ ആയാലും പോറ്റമ്മ ആയാലും മനസ്സിൽ പതിഞ്ഞു പോയി. പറിച്ചു മാറ്റാൻ നോക്കിയാൽ ചിലപ്പോൾ എന്റെ ഹൃദയം കൂടി പറിഞ്ഞു പോകും. അത് ചിലപ്പോൾ ടോമിച്ചന്റെ അവസാനമായിരിക്കും.”
അത്രയും നേരം ശാന്തമായിരുന്ന ടോമിച്ചന്റെ മുഖത്തു സങ്കടം തിങ്ങി.ദൂരേക്ക് നോക്കി കുറച്ചു നേരം നിന്ന ശേഷം ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.
“പിന്നെ സെലിനമ്മച്ചിയെ നന്നായി ചികിതസിക്കണം. റോസ്‌ലിനു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം.അവർക്കും വേണ്ടേ ജീവിതത്തിൽ കുറച്ചു സന്തോഷം “
ടോമിച്ചന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രെദ്ധിച്ചു കൊണ്ട് നിന്ന ആൻഡ്രൂസ് ജീപ്പിലേക്കു കയറി .
“നിനക്ക് ശോശാമ്മച്ചിയെ പിരിഞ്ഞിരിക്കാൻ കഴിയതില്ലെന്നു ഈ ആൻഡ്രൂസിനു അറിയാം ടോമിച്ചാ. നീ ജീപ്പെടുക്ക് “
എന്തോ ആലോചിച്ചു കൊണ്ട് ആൻഡ്രൂസ് പറഞ്ഞു.
ഹോളി ഫാമിലി മെന്റൽ ഹോസ്പിറ്റലിന്റെ മുൻപിൽ ജീപുനിർത്തി ടോമിച്ചനും ആൻഡ്റൂസും മുറ്റത്തേക്കിറങ്ങി.
ജിക്കുമോനെയും കളിപ്പിച്ചു കൊണ്ട് റോസ്‌ലിൻ പൂത്തു നിൽക്കുന്ന വാകമരത്തിന്റെ ചുവട്ടിലെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.
ആൻഡ്രൂസിനെ കണ്ടതും ജിക്കുമോൻ ഓടിവന്നു കെട്ടിപിടിച്ചു. ആൻഡ്രൂസ് അവനെ പൊക്കിയെടുത്തു ഒരുമ്മ കൊടുത്തു ചേർത്തു പിടിച്ചു. പതിവ് ഉള്ളതുപോലെ തന്നേ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്തു കൊടുത്തു.
ടോമിച്ചൻ നടന്നു വരുന്നത് കണ്ടു റോസ്‌ലിൻ ബെഞ്ചിൽ നിന്നും എഴുനേറ്റു.
“പോയ കാര്യം എന്തായി? അച്ചനെ കണ്ടോ? എന്ത് പറഞ്ഞു?”
റോസ്‌ലിൻ ആകാംഷ അടക്കാനാവാതെ ചോദിച്ചു.
“പറയാം. നീയൊന്നു സമാധാനപ്പെട്. അങ്ങോട്ട് പോയവരുടെ മേൽവിലാസം അല്ല ഇങ്ങോട്ട് വന്നപ്പോൾ. കുറച്ച് മണിക്കൂറുകൾ കൊണ്ട് എല്ലാം മാറി മറിഞ്ഞു “
ടോമിച്ചൻ പറയുന്നത് എന്താണെന്നു മനസിലാകാതെ റോസ്‌ലിൻ മുഖത്തേക്ക് നോക്കി.
“മനസ്സിലായില്ല ഒന്നും അല്ലെ. എങ്കിൽ കേട്ടോ നീ എന്റെ കൂടപ്പിറപ്പാണ്. സെലിനാമ്മ എന്നയാളിൽ ഒരേ സമയം ജനിച്ച ഇരട്ടകുട്ടികൾ. ഇപ്പൊ മനസ്സിലായോ “?
ഇല്ല എന്ന് അമ്പരപ്പോടെ റോസ്‌ലിൻ തലകുലുക്കി.
ടോമിച്ചൻ നടന്നകാര്യങ്ങളെ കുറച്ചു വിശദമായി റോസ്‌ലിനോട് പറഞ്ഞു കേൾപ്പിച്ചു. കൂടെ ഫാദർ ബെൻഡിക്ടിന്റെ അടുത്ത് നിന്നും എടുത്ത ഡയറിയും റോസ്‌ലിന്റെ നേർക്കു നീട്ടി.
അവൾ തിടുക്കത്തിൽ അത് മേടിച്ചു മറിച്ചു നോക്കി. ഓരോ പേജുകൾ മറിക്കുമ്പോഴും അവളുടെ മിഴികളിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഡയറിയിൽ വീണുകൊണ്ടിരുന്നു. ഡയറി അടച്ചു കുറച്ച് നേരം മുഖം പൊത്തിയിരുന്നു. പിന്നെ തേങ്ങലായി അത് പൊട്ടികരച്ചിലിലേക്ക് നീങ്ങി.
കരഞ്ഞു മനസ്സിലെ ഭാരം ഒഴുകി പോകട്ടെ എന്ന് കരുതി ടോമിച്ചൻ വാകമരത്തിൽ ചാരി നിന്നു.
കുറച്ചു കഴിഞ്ഞു റോസ്‌ലിൻ മുഖമുയർത്തി ടോമിച്ചനെ നോക്കി. പിന്നെ അടുത്തേക്ക് ചെന്നു.
“ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണോ “? അതോ ആശിപ്പിച്ചു, മോഹിപ്പിച്ചിട്ടു അവസാനം വീണ്ടും ഒറ്റപ്പെടുമോ. ഞാനും മോനും.. ഒരിക്കൽ താൻ അപ്പനും അമ്മയുമായി കണ്ടവർ പെട്ടെന്ന് അന്യരാകുക. അന്യരായവർ സ്വന്തമാകുക. ഇതൊക്കെയാ ഈ ജീവിതത്തിൽ നടക്കുന്നത് “
റോസ്‌ലിൻ നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു.
“അമ്മയും സഹോദരനും ഉണ്ടായിട്ടും ഇത്രയും നാൾ തിരിച്ചറിയാനാവാതെ, കണ്ടുപിടിക്കാനാവാതെ… ഞാനും എന്റെ മോനും… ഒറ്റപെട്ടു.. അപമാനം സഹിച്ചു… എത്രഎത്ര നാളുകൾ… ഒരു കെട്ടുകഥ പോലെ തോന്നുന്നു എല്ലാം…..”
റോസ്‌ലിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഇറങ്ങിയ കണ്ണുനീർ ടോമിച്ചൻ കൈ നീട്ടി തുടച്ചു.
“റോസി.. നീ കേട്ടതൊക്കെ സത്യം തന്നെ. രക്തബന്ധങ്ങൾ എത്രയൊക്കെ വേർപിരിഞ്ഞു പോയാലും ഒരിക്കൽ കൂടിച്ചേരുക തന്നെ ചെയ്യും. അത് ഇവിടെയും സംഭവിച്ചു. അത്രതന്നെ “
റോസ്‌ലിൻ ഒരു നിമിഷം നിശബ്ദതയായതിനു ശേഷം ടോമിച്ചനെ കെട്ടിപിടിച്ചു.
നിസ്സഹായതയുടെ മരവിപ്പ് അവളുടെ മിഴികളിൽ ചാലിച്ച ശോകം തണുത്തു കണ്ണുനീർ മാരിയായി പെയ്തു ടോമിച്ചന്റെ ഷർട്ട് നനച്ചു.
“മമ്മി എന്തിനാ കരയുന്നത് ആൻഡ്റൂച്ചേ “
ജിക്കുമോൻ റോസ്‌ലിൻ കരയുന്നത് കണ്ടു ആൻഡ്രൂസിനെ നോക്കി.
“അത് സന്തോഷം കൊണ്ടാ… മോന് കരയാൻ തോന്നുന്നുണ്ടോ “?
ആൻഡ്രൂസ് ജിക്കുമോനോട് ചോദിച്ചു കൊണ്ട് ദേഹത്തേക്ക് ചേർത്തു പിടിച്ചു ടോമിച്ചന്റെയും റോസ്‌ലിന്റെയും അടുത്തേക്ക് നടന്നു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission