കളിച്ചും ചിരിച്ചും ആദിയോടൊപ്പം പോകുന്ന ഊര്‍മ്മിളയെ അത്ഭുതത്തോടെ നോക്കി കൊണ്ട് സേവ്യറ് ബാക്കി ബാഗുകള്‍ എടുത്തു അവരുടെ പിന്നാലെ ചെന്നു..
” എങ്കിലും എന്റെ ആദി മോളേ മനുഷ്യര്‍ക്ക് ഇങ്ങനെ മാറാന്‍ പറ്റുമോ…. ” .
പാറു അമ്മയെ ഫ്ലാറ്റില്‍ കൊണ്ടു പോയി ദേഹമൊക്കെ ഒന്നു തുടച്ചു വൃത്തിയാക്കി കിടത്തി , കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കരുതെന്ന് ചട്ടം കെട്ടി ,സ്വന്തം ഫ്ലാറ്റിലെത്തി ഒന്നു ഫ്രഷായി രാത്രിയിലേക്കുള്ള ഭക്ഷണം തയാറാക്കുമ്പോഴാണ് മായാന്റിയും സേവ്യറ് ചേട്ടനും വന്നത്…. അവരുടെ മുഖത്തെ അത്ഭുതത്തെ ആസ്വദിച്ചു കൊണ്ട് അവള്‍ മെല്ലെ ചിരിച്ചു…
” എല്ലാ മനുഷ്യരും വ്യത്യസ്തരല്ലേ സേവ്യറ് ചേട്ടാ.. അനുഭവങ്ങള്‍ ചില മനുഷ്യരെ അടിമുടി മാറ്റും.. ഊര്‍മ്മിള അമ്മയ്ക്കും അവരുടേതായ വിഷമങ്ങളും സങ്കടങ്ങളും ഉണ്ടായിരുന്നു … അതുമല്ല നമ്മളാരും ഇതുവരെ അവരുടെ പ്രശ്നങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയോ അവരോട് മിണ്ടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലല്ലോ…. ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചു.. അതിന്റെ ഫലമാണ് ഇത്…” അവള്‍ പറഞ്ഞത് പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും ഇനിയും ഊര്‍മ്മിളയില്‍ നിന്നും പഴയതുപോലെ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പായി… അവര്‍ ആ ഫ്ലാറ്റിലുള്ളവയോട് ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു.. പ്രത്യേകിച്ചും സ്ത്രീകളോട്…
” ഊര്‍മ്മിള അമ്മയ്ക്ക് ആഹാരം കൊടുക്കണം.. ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.. ” അതു കേട്ടതും അവര്‍ പോകാനായി ഇറങ്ങി…
” ആഹാ .. കണ്ണും തുറന്നു കിടന്നു സ്വപ്നം കാണുകയാണോ പാറു അമ്മേ.. ” .ഭക്ഷണവുമായി ചെല്ലുമ്പോള്‍ കണ്ണു തുറന്നു കിടന്ന പാറു അമ്മയോട് വെറുതെ കുശലാന്വേഷണം നടത്തി… ,
” അതേയ്.. എല്ലാവര്‍ക്കും പുതിയ ഊര്‍മ്മിള ദേവിയെ കണ്ടപ്പോള്‍ അത്ഭുതം..,മനുഷ്യര്‍ക്ക് ഇങ്ങനെ മാറാന്‍ പറ്റൂമോന്നാണ് അവരൊക്കെ ചോദിക്കുന്നത്… ” .അവളുടെ ശബ്ദം കേട്ട് അവര്‍ പതിയെ കട്ടിലില്‍ എഴുന്നേറ്റിരുന്നു.. ,
” എന്നിട്ട് നീയെന്തു പറഞ്ഞു.. ” ആ മുഖത്തൊരു പുഞ്ചിരി പൊട്ടിവിരിഞ്ഞു.
” ഞാന്‍ പറഞ്ഞു.. ഞാന്‍ കുറച്ചു സ്നേഹത്തിന്റെ ഗുളിക തന്നതാണെന്നു…. അതല്ലേ സത്യം.. ” .കുസൃതിയോടെ അവള്‍ അത് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിക്കും മട്ടില്‍ തലയാട്ടി …
രാത്രിയില്‍ ഭക്ഷണം കഴിഞ്ഞു ഒരോന്നും പറഞ്ഞു അവര്‍ ഇരുന്നു..
” ആദി.. നീ ഇവിടെ താമസിക്കുമോ… വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് ഞാന്‍ താമസിച്ചിരുന്നത്… കുറച്ചു ദിവസം മാത്രമേ നീ എന്റെ കൂടെ താമസിച്ചിട്ടുള്ളു.. .. ,പക്ഷേ ഇപ്പോള്‍ എനിക്കു ഒറ്റയ്ക്ക് ആകുമ്പോള്‍ വല്ലാത്ത ശ്വാസം മുട്ടല്‍.. നിനക്കു ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഇവിടെ താമസിക്കാമോ… നിനക്കു ഇവിടെ ഒരു കുറവും ഉണ്ടാകില്ല….” മടിച്ചു മടിച്ചാണ് ചോദിച്ചത്…
അവള്‍ കുറച്ചു സമയം മിണ്ടാതെ ഇരുന്നു…..അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. അതാണ് ഭക്ഷണം റെഡിയായ ഉടനെ സേവ്യറ് ചേട്ടനെയും മായാന്റിയെയും പറഞ്ഞു വിട്ടിട്ട് ഇങ്ങോട്ടു പോന്നത്…
” അപ്പോള്‍ എന്റെ ഫ്ലാറ്റ് എന്തു ചെയ്യും.. വെറുതെ ഇട്ടിരുന്നാല്‍ പൊടിയടിച്ചു നാശമാകില്ലേ….”
” അത് നമ്മള്‍ക്ക് എന്നും ക്ലീന്‍ ചെയ്യാം.. ഇല്ലെങ്കില്‍ വാടകയ്ക്ക് കൊടുക്കാം…. അതാകുമ്പോള്‍ നിനക്കു ഒരു വരുമാനവും ആകുമെല്ലോ..,” .അവര്‍ തന്നെ പോംവഴിയും കണ്ടു. ..
” ഞാന്‍ വന്നു താമസിക്കുകയൊക്കെ ചെയ്യാം പക്ഷേ ഒരു കണ്ടീഷന്‍…. ”’ ചോദ്യ ഭാവത്തില്‍ ഊര്‍മ്മിള ഒന്നു നോക്കി…
” അത് .. പാറു അമ്മ എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇടപെടണം…. സമ്മതിച്ചോ.. ” . ആകാംക്ഷയോടെ അവള്‍ ചോദിച്ചു..
ഒരു പുഞ്ചിരി ആയിരുന്നു മറുപടി …
അടുത്ത ദിവസം തന്നെ ആദിയുടെ ഫ്ലാറ്റ് ഒഴിഞ്ഞു.. സാധനങ്ങള്‍ ,എല്ലാം ഊര്‍മ്മിളയുടെ ഫ്ലാറ്റിലേക്ക് മാറ്റുന്നത് കണ്ട് ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ എത്തി നോക്കുന്നുണ്ടായിരുന്നു.. സേവ്യറ് ചേട്ടനും മായാന്റിയും ഇടയ്ക്ക് സഹായിക്കാന്‍ വന്നു.. അവരോടും ഊര്‍മ്മിള നല്ല രീതിയില്‍ ആണ് ഇടപെട്ടത്..അവര്‍ക്കും അത് സന്തോഷമുണ്ടാക്കി… ജോലി ഒതുങ്ങി കഴിഞ്ഞപ്പോള്‍ സേവ്യറ് ചേട്ടനോട് തന്റെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാന്‍ ആണെന്നും ആരെങ്കിലും വരുകയാണെങ്കില്‍ അറിയിക്കണേന്നും പറഞ്ഞേല്‍പിച്ചു….
ശേഷം രണ്ടുപേരും പുറത്തു പോയി.. ഏറെനാളുകള്‍ക്ക് ശേഷമായിരുന്നു ഊര്‍മ്മിള ഷോപ്പിംഗിന് പോകുന്നത്.. പോയാല്‍ തന്നെ കണ്ണില്‍ കാണുന്നതൊക്കെ വാങ്ങിക്കൂട്ടി പെട്ടെന്ന് മടങ്ങിയെത്തിയിരുന്നു…
എന്നാല്‍ ആദി അവരെ അങ്ങനേ എടുക്കാന്‍ സമ്മതിച്ചില്ല.. കുറെയധികം കുര്‍ത്തകളും ചുരിദാറുകളും സാരിയും എല്ലാം നിര്‍ബന്ധിച്ചു എടുപ്പിച്ചു.. മുന്‍പ് അവര്‍ നിറം കുറഞ്ഞ വസ്ത്രങ്ങള്‍ ആയിരുന്നു ഉപയോഗിച്ചതെങ്കില്‍ അവള്‍ കൂടുതലും എടുത്തത് കടുത്ത വര്‍ണ്ണങ്ങള്‍ ആയിരുന്നു .. അതിനൊക്കെ ചേരുന്നതരം ഡ്രസുകള്‍ അവളും എടുത്തു.. പിന്നിട് അവര്‍ ബീച്ചില്‍ പോയിരുന്നു … ബീച്ചീലെ കാറ്റേറ്റ് ഐസ്ക്രിമും നുണഞ്ഞിരിക്കുമ്പോള്‍ ഊര്‍മ്മിളയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടെങ്കിലും അവള്‍ കണ്ടതായി ഭാവിച്ചില്ല.. ഉണ്ണിയേട്ടനൊപ്പം അവസാനം ബീച്ചില്‍ വന്നതായിരിക്കും ആ മനസ്സില്‍ അപ്പോള്‍ ഉണ്ടാകുകയെന്ന് അവള്‍ക്ക് അറിയാമായിരുന്നു..
ഒരു സിനിമയൊക്കെ കണ്ടു അവര്‍ തിരികെ എത്തിയപ്പോള്‍ സമയം പത്തു കഴിഞ്ഞിരുന്നു..
പുറത്തു നിന്നു കഴിച്ചിട്ടു വന്നതിനാല്‍ ഊര്‍മ്മിള മരുന്നു കഴിച്ചപാടെ അവര്‍ ഉറങ്ങാന്‍ ഒരുങ്ങി..
” നീ കൂടെ ഇവിടെ കിടക്കുമോ ആദി.. ” അടുത്ത മുറിയിലേക്ക് പോകാന്‍ തുടങ്ങിയ ആദിയുടെ കൈയ്യില്‍ പിടിച്ചു നിര്‍ത്തി ഊര്‍മ്മിള..
ഒരു സെക്കന്‍റ് ആലോചിച്ച ശേഷം ആദി കട്ടിലിലേക്ക് ഇരുന്നു….
” ഇന്നു പുറത്തു പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു .. ഇഷ്ടായോ.. ” ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് ആദി ചോദിച്ചു…
” ഇഷ്ടമായോന്ന് ചോദിച്ചാല്‍ ഇഷ്ടമായി.. ഒരുപാട് നാളായി ഞാനിങ്ങനെ മൈന്‍ഡ് ഫ്രീയായി , സന്തോഷത്തോടെ ഓരോന്നും ആസ്വദിച്ചിട്ട്… യഥാര്‍ത്ഥത്തില്‍ കുറ്റം എന്റെ ഭാഗത്തും ഇല്ലെ മോളേ…. ഉണ്ണിയേട്ടനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന നിരാശ മാത്രമേ ഇപ്പോള്‍ ഉള്ളു…… അദ്ദേഹത്തിന്റെ താല്‍പര്യമോ സമ്മതമോ ഒന്നും ഞാന്‍ ചോദിച്ചില്ല.. ഞാന്‍ നിനച്ചതൊക്കെ സത്യമെന്നു കരുതി… കല്യാണത്തിന് തലേന്നു എന്റെ മുന്നില്‍ വന്നു നിന്ന ഉണ്ണിയേട്ടന്റെ മുഖം മറക്കാന്‍ കഴിയുന്നില്ല…. എന്നെ ഉപേക്ഷിക്കുവാനോ ഏറ്റെടുക്കുവാനോ കഴിയാത്ത നിസ്സാഹായത… എല്ലാം ഞാനായി നശിപ്പിച്ചല്ലോ എന്ന അമര്‍ഷം , എന്നെ നഷ്ടപെട്ടല്ലോ എന്ന നിരാശ അതിലുപരി എന്നെ സ്നേഹിച്ചു മതിവരാത്ത നൊമ്പരം…. ഇപ്പോള്‍ ഉണ്ണിയേട്ടന്‍ ആളാകെ മാറി കാണും ഇല്ലേ ആദി… എന്നെ മറന്നു കാണും…. ഈ കാലത്തിന് ഇടയ്ക്ക് ഒരിക്കല്‍ പോലും എന്നെ അന്വേഷിച്ചില്ലല്ലോ… ” .
അവസാന വാക്കിനൊപ്പം അടക്കി പിടിച്ച തേങ്ങലിന്റെ അകമ്പടിയും ഉണ്ടായിരുന്നു … കിടപ്പു മുറിയിലെ ,ഇരുണ്ട വെളിച്ചത്തില്‍ രണ്ടൂ കണ്ണുനീര്‍ മൊട്ടുകള്‍ ഊര്‍മ്മിളയുടെ മൂക്കിന് താഴേക്ക് തിളങ്ങുന്നത് ആദി കണ്ടൂ…
അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവള്‍ കിടന്നു…
കുറച്ചു സമയത്തെ തേങ്ങലുകള്‍ക്ക് ശേഷം അവര്‍ ഒന്നു ശാന്തമായി..
” പാറു അമ്മയ്ക്ക് അവരെ കാണാനോ അവരെ പറ്റി അറിയാനോ താല്‍പര്യമുണ്ടോ… ” അവരുടെ ശരീരത്തിലേക്ക് കൈ വെച്ചു കൊണ്ടാണ് അവള്‍ ചോദിച്ചത്…
കുറച്ചു സമയം മറുപടി ഉണ്ടായില്ല..
” എങ്ങനെ കാണും.. അവള്‍ ഉണ്ണിയേട്ടനെയും തട്ടിയെടുത്തു മറഞ്ഞില്ലേ. .. സത്യങ്ങള്‍ ഞാന്‍ എപ്പോഴെങ്കിലും അറിയുമെന്ന് അവള്‍ കരുതിയിരിക്കണം… അതല്ലെ അവള്‍ അങ്ങനെ ചെയ്തത്… ഇനി എവിടെ പോയി തേടും.. കണ്ടെത്തിയാല്‍ തന്നെ മക്കളും കുടുംബവുമായി സന്തോഷത്തോടെ കഴിയുന്ന അവര്‍ക്ക് ഇടയിലേക്ക് യാത്ര നല്ലതായിരിക്കില്ല.. ഇനി കണ്‍മുന്നില്‍ ചെല്ലരുത് എന്നാണ് ഉണ്ണിയേട്ടന്‍ പറഞ്ഞത്.. ” ആ വാക്കുകളിലെ ഭാവങ്ങള്‍ അവള്‍ തിരഞ്ഞു…
” അവര്‍ എന്തു കരുതുമെന്നോ അവരെ എങ്ങനെ കണ്ടെത്തുമെന്നോ ഓര്‍ത്തു പാറു അമ്മ വിഷമിക്കേണ്ട .. പാറു അമ്മയ്ക്ക് പോകണമെന്നു പറഞ്ഞാല്‍ ഞാന്‍ തേടി പിടിച്ചു കൊണ്ടു പോയിരിക്കും.. അവരെയൊക്കെ എനിക്കും ഒന്നു കാണാലോ…. ” അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവരുടെ മനസ്സൊന്നിളകി…..
” വേണ്ട ആദി.. വെറൂതെ പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട.. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി… ഇതുവരെ ആരും എന്നെ അന്വേഷിച്ചില്ലല്ലോ.. എനിക്കു ആരുമില്ലെന്നു അറിയുന്നതല്ലേ.. ” .അവരുടെ വാക്കില്‍ പരിഭവം നിറഞ്ഞിരുന്നു .. ഇപ്പോഴും ഉണ്ണിയേട്ടനോടുള്ള അവരുടെ സ്നേഹം ആദി തൊട്ടറിയുകയായിരുന്നു…
” എന്നാലെ.. നമ്മള്‍ എന്തായാലും അവരെ ഒന്നു തേടി പോകുന്നു… ഒന്നും ഇല്ലെങ്കിലും ദൂരെ നിന്ന് ഒരു വട്ടം കണ്ടിട്ടു പോരാലോ.. ”
” ശരിക്കും . ? നമ്മള്‍ എങ്ങനെ അവരെ കണ്ടെത്തും ആദി.. ” ചെറിയ കുട്ടികളെ പോലെ തുള്ളിചാടുന്നത് പോലെയാണ് ഊര്‍മ്മിള ചോദിച്ചത്…
” ഭയങ്കരി… അപ്പോള്‍ അവരെ കാണണമെന്നൊക്കെ ഉണ്ടല്ലേ.. ” ചിരിച്ചു കൊണ്ടു കവിളില്‍ വിരലമര്‍ത്തി അത് ചോദിക്കൂമ്പോള്‍ പാറു അമ്മയുടെ അടക്കി പിടിച്ച ചിരി കേട്ടു..
പിന്നെയും ഓരോന്നും പറഞ്ഞു രണ്ടുപേരും എപ്പോഴോ ഉറങ്ങി.. അടുത്ത ദിവസം ഊര്‍മ്മിള ചായയുമായി വിളിച്ചപ്പോഴാണ് ആദി ഉണര്‍ന്നത്..
” ആഹാ.. ആള് ഉഷാറായല്ലോ… ”ചിരിയോടെ ചായ വാങ്ങി കൊണ്ട് ആദി പറഞ്ഞു….
” ഞാന്‍ നേരത്തെ ഉണര്‍ന്നു..നോക്കിയപ്പോള്‍ നീ നല്ല ഉറക്കം ..കുറച്ചു ദിവസം ഹോസ്പിറ്റലില്‍ ഒക്കെ നിന്നു ക്ഷീണിച്ചതല്ലേ.. ഉറങ്ങീക്കോട്ടെന്നു ഞാന്‍ കരുതി.. രാവിലെ കുളിച്ചു അടുക്കളയില്‍ കയറിയതാണ്.. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.. ബാക്കി നീ ഉണരട്ടെന്നു കരുതി.. ”
ഇത്ര സമയമായോന്നു ഓര്‍ത്തു ഭിത്തിയില്‍ ക്ലോക്കിനായി തിരഞ്ഞു…
” സമയം പത്തായി.. നീ ക്ലോക്ക് നോക്കേണ്ട.. ഈ മുറിയില്‍ ഞാന്‍ ക്ലോക്ക് വെച്ചിട്ടില്ല… ഈ വീട്ടില്‍ തന്നെ ക്ലോക്കിന്റെ ആവശ്യമില്ലെങ്കിലും വെറുതെ ഒരെണ്ണം ഹാളില്‍ വെച്ചിരുന്നു… അതിന്റെ ബാറ്ററി തീര്‍ന്നിട്ടു കുറേ കാലമായതാണ്.. .. ഇന്നു രാവിലെയാ അത് ഇട്ടു സമയം ശരീയാക്കിയത് തന്നെ. ” അവളുടെ മനസ് അറിഞ്ഞത് പോലെ ഊര്‍മ്മിള പറഞ്ഞു…
” അതെന്താ ക്ലോക്കിന്റെ ആവശ്യമില്ലാത്തത്.. ” ആകാംക്ഷ നിറഞ്ഞ ചോദ്യം തൊടുത്തു..
” എനിക്കു സമയത്തിന്റെ ആവശ്യം എന്തായിരുന്നു ആദി…
എവിടെയും പോകാനില്ല.. ആരും തേടി വരാനില്ല.. ആരും കാത്തിരിക്കാനില്ല.. എനിക്കും ആരെയും കാത്തിരിക്കേണ്ട… ശരിക്കും പറഞ്ഞാല്‍ ഒരു തരം തടവറ ആയിരുന്നു … പുറത്തു ഇരുട്ടി വെളുക്കുന്നതൊന്നും എന്നെ ബാധിച്ചില്ല.. വിശക്കുമ്പോള്‍ കഴിച്ചും ഉറക്കം വരുമ്പോള്‍ ഉറങ്ങിയും തോന്നുമ്പോള്‍ ഉണര്‍ന്നും ഒരു ജീവിതം…. . വി ആര്‍ എസ് എടുത്തതില്‍ പിന്നെ ഞാന്‍ കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഹോസ്പിറ്റലില്‍ പോയ ശേഷമായിരിക്കാം… ”
” അതുപോട്ടെ.. എന്താ ബ്രേക്ക് ഫാസ്റ്റിന് ..”
അവര്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ തുടങ്ങിയെന്നു കണ്ടപ്പോള്‍ ആദി വിഷയം മാറ്റി..
” നീ കുളിച്ചിട്ടു വാ.. പുട്ടും കടലും ഉണ്ടാക്കി വെച്ചിട്ടുണ്ട് .. ”
ഇപ്പോള്‍ വരാമെന്നു പറഞ്ഞു ചായ കപ്പ് അവരെ ഏല്‍പിച്ചു ആദി ബാത്ത്റൂമിലേക്ക് പോയി..
” നമ്മള്‍ എപ്പോഴാ പോകുക.. ” കുളി കഴിഞ്ഞൂ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഊര്‍മ്മിള ചോദിച്ചത്..
” എവിടേയ്ക്ക്.. ” ആദി ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് മറുചോദ്യം ചോദിച്ചു…
” ഇന്നലെ പറഞ്ഞില്ലേ.. ” മടിച്ചു കൊണ്ടാണ് പറഞ്ഞത്..
” ഓ… അതോ.. അത് അങ്ങനെ പെട്ടെന്ന് പോകാന്‍ പറ്റുമോ… ആദ്യം അവര്‍ എവിടെ ആണെന്ന് അറിയേണ്ടേ.. അത് ആദ്യം തിരയട്ടെ .. എന്നിട്ട് പറയാം.. ” അശ്രദ്ധയോടേ ആദി പറയുന്നത് കേട്ട് ഊര്‍മ്മിളയുടെ മുഖമൊന്നു വാടി..
തുടരും….
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission