Skip to content

താലി – 7

thaali novel

ആദർശ് ആ ഫോട്ടോ എടുത്തു നോക്കി …ആദർശിന്റെ കൈകൾ വിറച്ചു ..

ആദർശിന്റെ ഹൃദയം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി … അവൻ ആ മേൽവിലാസത്തിലൂടെ ഒന്ന് കണ്ണോടിച്ചു …

ഈശ്വരാ !! നീ പരീക്ഷിക്കുകയാണോ !!! ആദർശ് കണ്ണുകൾ ഇറുക്കി  അടച്ചു !!!

എന്താ ആദർശേട്ടാ എന്തുപറ്റി ???

ഏയ്‌  ഒന്നുമില്ല !! നമുക്ക്‌ തിരിച്ചു പോയാലോ മിഥുനാ ?? അമ്മ  മയക്കമായില്ലേ ??ഇനി ഉണരാൻ സമയം എടുക്കുമെന്നല്ലേ ആ കുട്ടി പറഞ്ഞത് ……നമുക്ക് ഇപ്പോൾ പോകാം .. എപ്പോൾ ആവശ്യം വന്നാലും ഇങ്ങോട്ട് ഓടി വരാമല്ലോ ?? ആദർശ് മിഥുനക്ക് മുഖം കൊടുക്കാതെ പറഞ്ഞു …

മ്മ് !! പോകാം ആദർശേട്ടാ !! അമ്മക്ക് ഇപ്പോൾ എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും … സ്വന്തം മകളെ കരുതുന്നത് പോലെ തന്നെയാണ് അമ്മ എന്നെ നോക്കിയത് .. അതുകൊണ്ട് എനിക്ക് എന്റെ അമ്മയോട് സ്നേഹം കൂടിയിട്ടേ ഒള്ളു ..

അമ്മ  ഇത്രെയും  കാലം എന്നിൽ നിന്ന് ഈ സത്യം ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും …

അമ്മ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒന്നും എനിക്ക് അറിയാൻ താല്പര്യം ഇല്ല ആദർശേട്ടാ… നമുക്ക്‌ പോകാം !!!

മിഥുന  ഒന്നുകൂടി അരുന്ധതി കിടന്നിരുന്ന മുറിയുടെ വാതിൽ പതിയെ തുറന്ന് നോക്കി … അമ്മ നല്ല ഉറക്കമാണ് !!!

മോളേ !! ഞങ്ങൾ തിരിച്ചു പോവാണ് !! എന്ത് ഉണ്ടേലും അപ്പോൾ തന്നെ വിളിക്കണേ !!

ശെരി ചേച്ചീ !!

മിഥുന യാത്ര പറഞ്ഞു ആദർശിനോടൊപ്പം മഠത്തിൽ നിന്ന് ഇറങ്ങി …

തിരിച്ചുള്ള  യാത്രയിൽ മിഥുന സംസാരിക്കുന്നതിന് യാന്ത്രികമായി ആദർശ് മറുപടി പറഞ്ഞു ..:

ആദർശിന്‌ പെട്ടെന്നുണ്ടായ മാറ്റം മിഥുന ശ്രദ്ധിച്ചിരുന്നു എങ്കിലും അതിനെ പറ്റി കൂടുതലൊന്നും. ചോദിക്കാൻ തോന്നിയില്ല …

മിഥുനാ !! നിനക്ക് നിന്റെ അച്ഛൻ ആരാണെന്ന് അറിയേണ്ടേ ???

ആദർശ് മിഥുനയുടെ മനസ്സ് അറിയാൻ വേണ്ടി ചോദിച്ചു ..

അങ്ങനെ ചോദിച്ചാൽ ഉണ്ട് !! പക്ഷെ എനിക്ക് ഇപ്പോൾ എന്താണ് തീരുമാനിക്കേണ്ടത് എന്ന് അറിയില്ല ..

എന്റെ മനസ്സിൽ ഒരുപാട്‌ ചോദ്യങ്ങൾ ഉണ്ട് …

എനിക്ക് ജന്മം തന്ന മനുഷ്യൻ എന്തിന് എന്റെ അമ്മയെ ഉപേക്ഷിച്ചിട്ട് പോയി ??

എവിടെയും അഭയം കിട്ടാത്തത് കൊണ്ടാകുമല്ലോ അമ്മ മഠത്തിൽ അഭയം തേടിയത് …

അയാൾ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചുപോയോ എന്നൊന്നും അറിയില്ലല്ലോ ?? ഞാൻ ജനിക്കുന്നതിനും മുൻപ് എടുത്ത ഒരു പഴയ ഫോട്ടോയും മേൽവിലാസവും കൊണ്ട് എന്ത് പ്രയോചനം ??

അഥവാ അച്ഛനെ കണ്ടെത്തിയാലും ഇപ്പോൾ ഒരു കുടുംബബായി കഴിയുകയാണെങ്കിൽ നമ്മൾ അന്വേഷിച്ചു ചെല്ലുമ്പോൾ അത്‌  രണ്ട് കൂട്ടർക്കും വേദനയും ബുദ്ധിമുട്ടും ആയിരിക്കും ..

അതുകൊണ്ട്  എനിക്ക് ഇനി ഒന്നിന്റെയും പിറകെ പോകാൻ വയ്യാ !!! മിഥുനയുടെ മറുപടി കേട്ട് ആദർശ് മിഥുനയെ ഒന്ന് നോക്കി …

ഇയാൾക്ക് അറിയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ?? എനിക്ക് എന്തായാലും ഇതിന്റെ പിന്നിലെ സത്യം എന്താണെന്ന് അറിയണം മിഥുനാ !!

വിധിയാണ് നമ്മളെ ഒരുമിപ്പിച്ചത് എന്ന്  നമുക്ക്‌ രണ്ടാൾക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ് … അതുപോലെ ഇതും ഒരു നിയോഗമാണ്  മിഥുനാ !!

മരിക്കുന്നതിന് മുൻപ്  നിന്റെ അമ്മയും അച്ഛനും ഒരിക്കൽ കൂടി പരസ്പരം കാണണം ……നിന്റെ അമ്മക്ക് ഒന്നും പറയാൻ കഴിയില്ലെങ്കിലും നിന്റെ അച്ഛന്  എന്താണ് പറയാൻ ഉള്ളത് എന്ന് അമ്മക്ക് കേൾക്കാമല്ലോ !!!

മനസ്സിൽ ഒരു ഭാരവും വിഷമവും ഇല്ലാതെ വേണം നിന്റെ അമ്മയെ യാത്രയാക്കാൻ !!! ആദർശിന്റെ ശബ്ദം ഇടറുന്നത് മിഥുന തിരിച്ചറിഞ്ഞു …

ആദർശും മിഥുനയും വീട്ടിൽ എത്തി …

നീ ഇറങ്ങു !!! ഞാൻ ഒരാളെ കണ്ടിട്ട് വരാം !!

അമ്മ ചോദിച്ചാൽ ഞാൻ അരുണിനെ കാണാൻ പോയെന്ന് പറഞ്ഞാൽ മതി …

മിഥുനയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ആദർശ് കാറോടിച്ചു പോയി ..

ഉമ്മറത്തു ശിവദാസനും സാവിത്രിയും ഇരിപ്പുണ്ടായിരുന്നു ..

എന്താ മോളെ അവൻ വീട്ടിൽ കയറാതെ പോയത് ?? ഉമ്മറത്തു ഇരുന്ന ശിവദാസൻ ചോദിച്ചു …

ഏതോ കൂട്ടുകാരനെ കാണണം എന്ന് പറഞ്ഞു പോയതാണ്…മിഥുന അച്ഛനോട് പറഞ്ഞു ..

അരുന്ധതിക്ക് എങ്ങനെയുണ്ട് മോളെ ?? സാവിത്രി ചോദിച്ചു ..

കിടപ്പിലാണ് അമ്മേ !! സംസാരിക്കാൻ ഒന്നും കഴിയുന്നില്ല … അവിടെത്തന്നെ താമസിക്കുന്ന ഒരു കുട്ടിയുണ്ട് !!! അവളാണ് അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് …

മ്മ് ,, മിഥുന മോൾക്ക് നമ്മുടെ സ്കൂളിൽ ജോലി കിട്ടിയതിന് ശേഷം മുടങ്ങാതെ എന്നെ വിളിച്ചു മോളുടെ കാര്യം അന്വേഷിക്കാറുണ്ടായിരുന്നു …

മുരളിയുടെ കല്യാണക്കാര്യം വന്നപ്പോഴും അരുന്ധതിക്ക് മോളേ നല്ലയൊരാളുടെ കൈ പിടിച്ചു ഏൽപ്പിക്കണം എന്ന് മാത്രമേ നിർബന്ധം ഒള്ളു എന്ന് എന്നോട് പറഞ്ഞിരുന്നു ..

ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും … അരുന്ധതിക്ക് കൊടുത്ത വാക്ക് പാലിക്കാൻ എനിക്കായല്ലോ !! സാവിത്രി സംതൃപ്തിയോടെ പറഞ്ഞു …

മിഥുന ഒന്ന് ചിരിച്ചിട്ട് മുറിയിലേക്ക് കയറി പോയി …

അതേ!!! അമ്മ ഒരു മകൾക്ക് വേണ്ടി ചെയ്തുകൊടുക്കേണ്ട എല്ലാ കാര്യങ്ങളും എനിക്ക് ചെയ്തുതന്നു …അമ്മയോട് എനിക്ക് ഒരു പിണക്കവും ഇല്ല …

മിഥുന വേഷം മാറി കട്ടിലിലേക്ക് കിടന്നു ……….മനസ്സിന് ഒരു ഭാരം പോലെ മിഥുനക്ക് അനുഭവപെട്ടു … പാവം ആദർശേട്ടൻ !!! ഞാൻ വന്നു കയറിയ സമയം തൊട്ട്  ഏട്ടന്  മനഃസമാദാനം ഇല്ല !!! ഇനി  ഇതെല്ലാം എന്റെ കർമ്മദോഷം കൊണ്ടാണോ ?? ഈശ്വരാ ഞാൻ കാരണം എന്റെ ആദർശെട്ടനൊ കുടുംബത്തിനോ ഒരു ആപത്തും വരരുതേ !!! മിഥുന കണ്ണുകൾ അടച്ചു …

പടിപ്പുരക്ക് അപ്പുറം കാർ നിറുത്തിയിട്ട് ആദർശ്  കാറിൽ നിന്നും ഇറങ്ങി …

ലക്ഷ്മി അമ്മായി പുഴുങ്ങിയ നെല്ല്   ഉണക്കുവാനായി  പായിൽ  നിരത്തുകയായിരുന്നു …

പടിപ്പുര കടന്ന് വരുന്ന ആദർശിനെ കണ്ടതും ലക്ഷ്മി ചിരിച്ചു …

ആരാ ഈ വരുന്നത് ?? പുതുമണവാളനോ ?? നീ തനിച്ചേ ഒള്ളോ ?? മോള് എവിടെ ?? ലക്ഷ്മി തിരക്കി ..

ഞാൻ തനിച്ചേ ഒള്ളു അമ്മായി ?? ഞാൻ അരുണിനെ കാണാൻ വേണ്ടി ഇറങ്ങിയതാണ് .. അപ്പോൾ ഇവിടെകൂടി ഒന്ന് കയറിയേക്കാം എന്ന് കരുതി …

മ്മ് ,, അല്ലാതെ ഇവിടെയായിട്ട് വന്നതല്ല അല്ലേ ?? ലക്ഷ്മി പരിഭവിച്ചു ..

എന്താ അമ്മായി ഇത് !!! ഞാൻ എപ്പോൾ ഈ വഴി പോയാലും അമ്മായിയെ കാണാതെ പോകാറില്ലലോ !! പിന്നെ എന്തിനാ ഈ പിണങ്ങുന്നത് … അരുൺ ജോലി ചെയ്യുന്നിടത്ത് ഒരു ഒഴിവ് വരുന്നുണ്ട്‌ … അവിടെ ജോലിക്ക്‌ അപേക്ഷിക്കുന്ന കാര്യം  സംസാരിക്കാൻ  വേണ്ടി ഇറങ്ങിയതാണ് …

അമ്മാവൻ എവിടെ ?? ഇന്നലെ വിരുന്നിനും കണ്ടില്ലലോ ??ആദർശ് തിരക്കി …

മ്മ് ,,നല്ല  ചോദ്യം !! ഭദ്രേട്ടൻ എവിടെ പോയെന്ന് അറിയാൻ മഷി ഇട്ടു നോക്കണം മോനേ ????അതൊരു പ്രത്യേക പ്രകൃതമാണ് !! ഇത്രെയും നാൾ കൂടെ ജീവിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരാളാണ് നിന്റെ അമ്മാവൻ !!!

അത്‌ കള  !!!!

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എടുത്ത  തീരുമാനം ഏറ്റവും മികച്ചതാണ് … ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ കാണിച്ച മനസ്സ് ഈശ്വരൻ കാണുന്നുണ്ട് !!! ഈശ്വരൻ രണ്ടാളെയും എല്ലാ സൗഭാഗ്യങ്ങളും  നൽകി അനുഗ്രഹിക്കട്ടെ …ലക്ഷ്മി  ഭദ്രന്റെ വിഷയം മാറ്റി ..

നീ വന്ന കാലിൽ  തന്നെ നിൽക്കാതെ അവിടെ ഇരിക്ക് !! അമ്മായി കുടിക്കാൻ സംഭാരം എടുക്കാം …

ആദർശ് ഉമ്മറത്തെ അരമതിലിൽ കയറി ഇരുന്നു ……ലക്ഷ്മി സംഭാരം എടുക്കാൻ വേണ്ടി പോയി …

ആദർശ് ചുവരിൽ തൂക്കി ഇട്ടിരുന്ന കീർത്തിയുടെ ഫോട്ടോയിലേക്ക് നോക്കി …

ആ കണ്ണുകളിൽ ഇപ്പോഴും തിളക്കം ഉള്ളതായി അവന് തോന്നി ….

സംഭാരവുമായി വന്ന ലക്ഷ്മി കണ്ടത് കീർത്തിയുടെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന ആദർശിനെ ആണ് !!

എന്റെ മോള് നിന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് അല്ലേടാ ?? ലക്ഷ്മി സംഭാരം കൊടുത്തുകൊണ്ട് പറഞ്ഞു …

ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്ന്  കീർത്തിമോൾ നിന്റെ ഭാര്യയായി  കൂടെ കണ്ടേനെ അല്ലേ  മോനെ ?? ലക്ഷ്മി നിറഞ്ഞുവന്ന കണ്ണുകൾ നേര്യതിന്റെ തുമ്പിൽ ഒപ്പി …

എല്ലാം  സുകൃതക്ഷയം ആണ് മോനേ ?? ആരുടെയൊക്കെയോ  ശാപം ഞങ്ങളുടെ ജീവിതത്തിൽ ഒഴിയാബാധയായിട്ട് കൂടെ ഉണ്ട് … ഞാൻ എന്ത് പറഞ്ഞാലും ഭദ്രേട്ടന് പുച്ഛമാണ് … ഒരു പൂജ നടത്താനോ  വഴിപാട് കഴിക്കുന്നതോ ഒന്നും ഭദ്രേട്ടന്  ഇഷ്ടമല്ല .. ഞാൻ ഇത്രെയൊക്കെ പ്രാർത്ഥിച്ചിട്ടും ആകെ ഉണ്ടായിരുന്ന മോളെ ഈശ്വരൻ തിരികെ വിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത് …ലക്ഷ്മി  പറഞ്ഞു …

ഇതൊക്കെ എനിക്ക് അറിവുള്ള കാര്യം അല്ലേ  അമ്മായി !! ഒരു വിളിപ്പാട് അകലെ  അമ്മായിക്ക് ഞാനില്ലേ ??

കീർത്തിയുടെ മരണം ആർക്കും ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ് … ഒരു നാട് മൊത്തം അവളെ  അന്വേഷിച്ചു ഇറങ്ങിയ സമയം നമ്മൾ അറിഞ്ഞില്ലാലോ  അവൾ വിഷം തീണ്ടി സർപ്പക്കാവിൽ കിടക്കുകയായിരുന്നു എന്നത് ??

ആദർശിന്റെ മനസ്സിൽ ആ രംഗം മിന്നിമറഞ്ഞു …

മോളെയും കൂട്ടി  സൗകര്യം പോലെ ഒരു ദിവസം ഇവിടെവരണം കേട്ടോ … രണ്ടാൾക്കും അമ്മായി ഒരു സദ്യ ഒരുക്കുന്നുണ്ട് ……ലക്ഷ്മി പറഞ്ഞു …

ശെരി അമ്മായി ഞാൻ ഇറങ്ങുന്നു !! അമ്മാവൻ വരുമ്പോൾ എന്റെ അന്വേഷണം പറഞ്ഞേക്കണം …

ആദർശ്  ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന കീർത്തിയുടെ മുഖത്തേക്ക് നോക്കി …

ഒപ്പം തൊട്ടടുത്തു  ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന  ഭദ്രൻ അമ്മാവന്റെയും ലക്ഷ്മി അമ്മായിയുടെയും വിവാഹഫോട്ടോ അവന്റെ കണ്ണിൽ പതിഞ്ഞു …

അമ്മായി !! നിങ്ങളുടെ വിവാഹം  കഴിഞ്ഞിട്ട് എത്ര വർഷമായി !!

ഇരുപത്തിമൂന്ന് വർഷം കഴിഞ്ഞെടാ !!

മ്മ് ,, എന്തേ ?? ലക്ഷ്മി ചോദിച്ചു …

ഏയ്‌  ഒന്നുമില്ല  … രണ്ടാളും ഇപ്പോഴും ആ ഫോട്ടോയിൽ കാണുന്നത് പോലെ തന്നെ !!! യാതൊരു മാറ്റവും ഇല്ല …

ആദർശ് അത് പറയുമ്പോഴും അവന്റെ നോട്ടം മൊത്തം ഭദ്രൻ അമ്മാവനിൽ ആയിരുന്നു …

ആദർശ്  മുറ്റത്തേക്ക് ഇറങ്ങിയതും  കുടയും നിവർത്തി  മുറ്റത്തേക്ക് നടന്ന് വരുന്ന  ഭദ്രൻ അമ്മാവനെ കണ്ടു …

മിഥുനയുടെ അച്ഛൻ !! ആദർശ്  അമ്മാവനെ  രൂക്ഷമായി നോക്കി …

ആ !! നീയോ ?? നീ എപ്പോൾ വന്നു ?? തനിച്ചേ ഉള്ളു ??

വായിൽ കിടന്ന  മുറുക്കാൻ നീട്ടി തുപ്പികൊണ്ട് ഭദ്രൻ ചോദിച്ചു …

അതെ !! ഞാൻ തനിച്ചാണ് വന്നത് !!സത്യത്തിൽ എനിക്ക് അമ്മാവനെ കാണേണ്ടിയ ഒരു കാര്യം ഉണ്ടായിരുന്നു …

ഭദ്രൻ പുരികം ചുളിച്ചു ആദർശിനെ നോക്കി …

നീ കയറി ഇരിക്ക് !! ലക്ഷ്മി കുടിക്കാൻ കുറച്ചു  വെള്ളം കൊണ്ടുവാ !! ഭദ്രൻ മുറ്റത്തെ ടാപ്പ് തുറന്ന് കൈയും കാലും കഴുകി ഉമ്മറത്തേക്ക്  കയറി കസേരയിൽ ഇരുന്നു …

മ്മ്  !! എന്താ ?? എന്തിനാ  നിനക്ക് എന്നെ കാണേണ്ടിയ ആവശ്യം ??

എനിക്ക് അമ്മാവനിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയുവാനുണ്ട്.. തൽകാലം അമ്മായി ഒന്നും അറിയേണ്ട !! നമുക്ക്‌  പുറത്തേക്ക് ഒന്ന് പോയാലോ ??

ലക്ഷ്മി  വെള്ളവുമായി വന്നു … ഭദ്രൻ വെള്ളം വാങ്ങി കുടിച്ചു …

ലക്ഷ്മി !!! ഞങ്ങൾ കവല വരെ ഒന്ന് പോയിട്ട് വരാം … ലക്ഷ്മിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഭദ്രൻ  മുറ്റത്തേക്ക് ഇറങ്ങി … ആദർശും ഒപ്പം നടന്നു …

രണ്ടാളും കാറിൽ കയറി … ആദർശ്  കാർ നേരെ അമ്പലത്തിന്റെ ആൽത്തറയുടെ മുന്നിൽ കൊണ്ട് നിറുത്തി …

എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് ?? ഭദ്രൻ തിരക്കി …

ആദർശ് ഭദ്രനെ സൂക്ഷിച്ചു നോക്കി …

ഞാൻ ഇനി അമ്മാവനോട് പറയാൻ പോകുന്ന കാര്യം അമ്മാവന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് … അമ്മാവൻ ഒരുപക്ഷേ മറക്കാൻ ശ്രമിച്ച കാര്യങ്ങൾ ആയിരിക്കാം അത് ഒരിക്കൽ കൂടി ഓർമിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് വിഷമം ഉണ്ട് … ആദർശ് പറഞ്ഞു …

നീ വളച്ചുകെട്ടാതെ കാര്യം പറ ചെക്കാ !! എനിക്ക് പോയിട്ട് വേറെ പണിയുണ്ട് – ഭദ്രൻ അസ്വസ്ഥനായി …

അമ്മാവന് ഒരു അരുന്ധതിയെ അറിയാമോ ???

ആദർശ് ചോദിച്ചു …

ഭദ്രൻ ഞെട്ടിത്തരിച്ചു ആദർശിനെ നോക്കി !!!

ഏത് !! ഏത്  അരുന്ധതി !!! നീ എന്ത് പിച്ചും പേയുമാടാ ഈ പറയുന്നത് ?? ഭദ്രൻ ഞെട്ടൽ മറച്ചുവെച്ചു ആദർശിനോട് തിരിച്ചടിച്ചു …

വെറുതെ ഞാൻ അമ്മാവന്റെ മുന്നിൽ വന്ന് ഒരു സ്ത്രീയുടെ പേര് പറയാൻ അമ്മാവൻ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്തില്ല !!! ആദർശിന്റെ സംസാരത്തിലെ ഭവവത്യാസം കണ്ട് ഭദ്രൻ പകച്ചിരുന്നു …

(തുടരും… …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!