” ആരാ ശരത്… ശരിക്കും ഈ AP? “
ആ ചോദ്യം കേട്ട് പെട്ടന്ന് ശരത് ജോസഫിനെ നോക്കുമ്പോൾ നിഗൂഢത നിറഞ്ഞ ഒരു ചിരി അയാളുടെ ചുണ്ടിലുണ്ടായിരുന്നു ,
അതോടൊപ്പം ആ ചുണ്ടുകൾ ഉരുവിടുന്നുണ്ടായിരുന്നു ആ രണ്ടക്ഷരം !
” AP… AP…… !!!”‘
************************************
ആ വൃദ്ധനെയും വഹിച്ചുകൊണ്ട് പജേറോ നേരെ പോയത് ജോസഫിന്റെ പഴയ ഒരു ബംഗ്ളാവിലേക്ക് ആയിരുന്നു. അധികം ആൾസഞ്ചാരമില്ലാതെ പ്രേതാലയം പോലെ കിടക്കുന്ന ബംഗ്ലാവിന്റെ മുറ്റത്ത് പജേറോ ഇരമ്പിനിന്നു.
ഡോർ തുറന്നിറങ്ങിയ ശരത് ഡിക്കിയിൽ നിന്നും ആ വൃദ്ധനെ തൂക്കിയെടുത്തുകൊണ്ട് ബംഗ്ളാവിനുളിലേക്ക് നടക്കുമ്പോൾ ജോസഫ് അവർക്ക് പിന്നാലെ അകത്തേക്കു കയറി വാതിൽ ചാരി.
ഒരു രാത്രി മുഴുവനും നേരം ഇതുവരെയും ഡിക്കിയിൽ ജലപാനമില്ലാതെ കിടന്നതിന്റെ ക്ഷീണം ആ വൃദ്ധനെ അവശനാക്കിയിരുന്നു.
” വെള്ളം.. വെള്ളം… “
അയാൾ പതിയെ പുലമ്പിക്കൊണ്ടിരുന്നു.
ചിതൽ കേറിയ ഒരു റൂമിന്റെ മൂലയ്ക്ക് കൂട്ടിയിട്ട പഴയ സാധനങ്ങളും കുറെ ദ്രവിച്ചു നശിച്ച ടയറിന്റെ അവശിഷ്ടങ്ങൾക്കും ഇടയിൽ കിടന്ന ഒരു കസേര നേരെ വലിച്ചിട്ട് അയാളെ അതിലേക്കിരുത്തുമ്പോൾ ശരത്തിന്റെ കണ്ണുകൾ ആ വൃദ്ധന്റെ കണ്ണുകളുമായൊന്നുടക്കി.
” വെള്ളം…. “
അയാൾ ദയനീയമായി വീണ്ടും ആവശ്യപ്പെടുമ്പോൾ ശരത് പിന്നിൽ നിന്നിരുന്ന ജോസഫിനെ നോക്കി.
” സർ… “
അവന്റ നോട്ടവും ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യവും മനസ്സിലായപ്പോൾ അയാൾ ശരത്തിന് നേരെ പജേറോയുടെ ചാവി നീട്ടി,
” ആരെ കൊല്ലുമ്പോഴും നാവിൽ ഒരിറ്റ് വെള്ളം കൊടുക്കണം എന്നല്ലേ… ചെല്ല്.. വണ്ടിയിൽ നിന്ന് വെള്ളം എടുത്തുകൊണ്ടുകൊടുക്ക്. ഇനി വെള്ളം കിട്ടാതെ ചത്തിട്ട് ആ പാപം കൂടി ചുമക്കാൻ വയ്യ.”
അയാൾ ഒരു സിഗററ്റെടുത്തു ചുണ്ടിൽ വെച്ച് പുച്ഛത്തോടെ ആ വൃദ്ധനെ നോക്കി.
അയാൾ നീട്ടിയ ചാവി വാങ്ങിയ ശരത് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു ജോസഫ് പിറകിൽ നിന്നും വിളിച്ചത്.
കാര്യമെന്തെന്നറിയാൻ തിരിഞ്ഞുനിന്ന ശരത്തിന് നേരെ കൈ നീട്ടി ജോസഫ്,
” താനാ ഫോൺ ഒന്ന് തന്നെ. എന്റെ മൊബൈൽ ഇവിടെ റേഞ്ച് കുറവാ… എന്നിട്ട് പോയി വെള്ളം എടുത്തിട്ട് വാ.. അപ്പോഴേക്കും എനിക്കൊരാളെ വിളിക്കാനുണ്ട്. ഒരു പിടികിട്ടാപുള്ളിയെ “
അയാളിലെ ചോദ്യവും ഭാവവും കണ്ട് ആദ്യമൊന്ന് സംശയിച്ചെങ്കിലും സീനിയർ ഓഫീസറെ ധിക്കരിക്കാൻ കഴിയാത്തത് കൊണ്ട് ശരത് പതിയെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ജോസഫിന് നേരെ നീട്ടി. പിന്നെ സംശയത്തോടെ ഒന്നുകൂടി ആ മുഖത്തേക്ക് നോക്കികൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവനേ തന്നെ ശ്രദ്ധിക്കുകയായിരുന്നു ജോസഫ്.
ശരത് വാതിൽ കടന്ന് പുറത്തേക്ക് പോയ ഉടൻ ജോസഫ് ആ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്ത് പ്രതീക്ഷയോടെ അതിലേക്ക് നോക്കി.
പ്രതീക്ഷിച്ചത് AP. എന്ന പേര് ആയിരുന്നെങ്കിൽ അതിൽ തെളിഞ്ഞത് വെറും നമ്പർ മാത്രമായിരുന്നു. വേഗം ആ കാൾ കട്ട് ചെയ്ത് മറ്റൊരു നമ്പർ കൂടി ഡയൽ ചെയ്ത് നോക്കിയെങ്കിലും പേരില്ലാതെ നമ്പർ മാത്രമായിരുന്നു അതും.
” അപ്പൊ ശരത്തിനെ വിളിക്കുന്ന AP. അനുപമയല്ലേ… അതോ, ഇനി അവൾക്ക് താനറിയാതെ മറ്റേതെങ്കിലും നമ്പർ ഉണ്ടാകുമോ.”
മനസ്സ് പലവഴിക്ക് ചിന്തകളെ ചികയുമ്പോൾ പെട്ടന്ന് ഓർത്തെടുത്തപോലെ ജോസഫ് വേഗം ശരത്തിന്റെ കാൾ ഹിസ്റ്ററിയിൽ നിന്ന് AP. എന്ന പേര് ഓപ്പൺ ചെയ്ത് ആ നമ്പർ സൂഷ്മതയോടെ നിരീക്ഷിച്ചു. അതോടൊപ്പം ആ നമ്പർ സ്വന്തം മൊബൈലിൽ സേവ് ചെയ്ത് ശരത് തിരികെ വരുംമുന്നേ അനുപമയുടെ നമ്പറിലേക്ക് ഒന്നുകൂടി വിളിച്ചു.
” ഹലോ….. “
അപ്പുറത് നിന്നും അവളുടെ ശബ്ദം കാത്തിലെത്തിയപ്പോൾ അൽപനേരം മൗനം പാലിച്ചു ജോസഫ്.
ആ നമ്പർ കാണുമ്പോൾ പരിചയക്കാരനേ പോലെ സംസാരിക്കുമോ അവൾ എന്ന് നിരീക്ഷിക്കാൻ വേണ്ടി മൗനം പാലിക്കുമ്പോൾ അവൾ ആ നമ്പർ ഒരു പരിചയവും ഇല്ലാത്ത പോലെ ആയിരുന്നു സംസാരിച്ചത്. !
” ഹലോ… ഹലോ….. ആരാ…. ഹലോ…. “
ആ നമ്പർ അവൾക്ക് ഒരു പരിചയവുമില്ലെന്ന് അവളുടെ ചോദ്യത്തിലും സംസാരത്തിലും വെക്തമായപ്പോൾ ആണ് ശരത് സംസാരിക്കുന്ന AP.അനുപമയല്ലെന്ന് ജോസഫിനെ ബോധ്യമായത്.
അതുകൊണ്ട് തന്നെ അതുവരെ ഉണ്ടായിരുന്ന മൗനം വെടിഞ്ഞുകൊണ്ട് അയാൾ സംസാരിച്ചത് ഗൗരവത്തോടെ ആയിരുന്നു.
” ജോസഫ് ആണ്… നീ വേഗം റെഡിയായി നിൽക്ക്. ഉള്ളതിൽ വെച്ച് നല്ല ഡ്രെസ് തന്നെ ഇട്ടോ. ഒരു യാത്ര പോകാനുണ്ട്… “
അപ്പുറത്തു നിന്ന് അവൾ എന്തെങ്കിലും ചോദിക്കുംമൂന്നേ ജോസഫ് കാൾ കട്ട് ചെയ്തിരുന്നു.
പിന്നെ അയാൾ മറ്റൊരു നമ്പർ കൂടി ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ ആയിരുന്നു ശരത് ഒരു കുപ്പി വെള്ളവുമായി അകത്തേക്ക് കേറി വന്നത്..
ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്ന ജോസഫിനെ സംശയത്തോടെ ഒന്ന് വീക്ഷിച്ചുകൊണ്ട് ശരത് വെള്ളം നൽകാനായി വൃദ്ധന്റ അരികിലേക്ക് നീങ്ങുമ്പോൾ ജോസഫ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് സേവ്യറിനോട് ആയിരുന്നു.
” നിങ്ങൾ എത്തിയില്ലേ? ഇതൊരു കലാശക്കൊട്ടാണ്.. ശത്രുക്കൾ എത്ര എന്നറിയില്ല.. ഭയം തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ പിന്മാറാം. “
” സർ… ഒരു വാക്ക് പറഞ്ഞാൽ മതി.. മുന്നിൽ തന്നെ ഉണ്ടാകും.. സേവ്യർ എന്ന വാക്കിനു രക്ഷകൻ എന്നൊരർത്ഥം മാത്രമല്ല, പ്രാണദാതാവ് എന്നൊരർത്ഥം കൂടി ഉണ്ട് സർ… പ്രാണൻ തന്നും കൂടെ നിൽക്കും.. അങ്ങനെ ആണ് ശീലവും “
അവന്റ വാക്കിലെ ധൈര്യവും തന്റേടവും ജോസഫിന് ബോധിച്ചെങ്കിലും എവിടെയോ ഒരു നെഗറ്റീവ് ഫീലിംഗ്സ് വേട്ടയാടുന്നുണ്ടായിരുന്നു.
ഫോൺ കട്ട് ആക്കി അയാൾ തിരികെ ശരത്തിനരികിലേക്ക് നടന്നു. നൽകിയ വെള്ളം ആർത്തിയോടെ കുടിക്കുന്ന ആ വൃദ്ധനെ നോക്കി നിൽക്കുന്ന ശരത്തിന്റെ തോളിൽ കൈവെച്ചു ജോസഫ്. തിരിഞ്ഞുനോക്കിയ ശരത്തിന് നേരെ ഫോൺ നീട്ടികൊണ്ട് പുഞ്ചിരിച്ചു ജോസഫ്.
അതെ സമയം ഒരു കുപ്പി വെള്ളം മുഴുവൻ അകത്താക്കിയ ആ വൃദ്ധൻ അതുവരെ ഉണ്ടായിരുന്ന ക്ഷീണം പാതി മാറിയപ്പോലെ ആശ്വാസത്തോടെ കിതയ്ക്കുകയായിരുന്നു.
” ശരത്തെ.. താൻ ഇയാൾക്ക് കഴിക്കാൻ വല്ലതും വാങ്ങികൊടുക്ക്. ഒട്ടും രുചി കുറയണ്ട.. അവസാനത്തെ അത്താഴമല്ലേ.. ആസ്വദിച്ചുകഴിക്കട്ടെ..
ഞാൻ ഇപ്പോൾ വരാം… പിന്നെ വരുമ്പോൾ ഒരു അതിഥി കൂടി ഉണ്ടാകും.. എന്റെ നിഗമനം ശരിയാണെങ്കിൽ ഇയാൾക്കൊപ്പം ഒരു ടിക്കറ്റ് കൂടി റിസർവ് ചെയ്യാം, അവസാനയാത്രയുടെ “
ജോസഫ് രണ്ട് പേരെയും നോക്കികൊണ്ട് പുറത്തേക്കിറങ്ങി പജേറോയിൽ കയറി. അയാളെ വാഹനത്തിനരികെ വരെ പിന്തുടർന്ന ശരത് തിരികെ ബംഗ്ളാവിനുള്ളിലേക്ക് കയറി വാതിൽ അടച്ചു.
************************************
” സർ…. ഇങ്ങനെ ഒരു സമയത്ത് ഒരു യാത്ര.. എങ്ങോട്ടാണ് സർ? “
അവൾ ജിത്ന്യാസയോടെ ജോസഫിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ കയ്യിൽ പാതി തീർന്ന സിഗരറ്റ് ഒന്നുകൂടി ആഞ്ഞുവലിച്ച് ബാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു.
” ഒരു യാത്ര…. മരണം തളർത്തിയ മനസ്സിന് ഒരു മോചനം വേണ്ടേ? വേണം…. നിനക്കും എനിക്കും.. ഈ യാത്രയ്ക്ക് പറ്റിയ ഡ്രസ്സ്.. നിനക്ക് നന്നായ് ചേരുന്നുണ്ട്. “
ജോസഫ് അവളെ പുകഴ്ത്തികൊണ്ട് നെഞ്ചിലേക്ക് ഒന്ന് അമർത്തിപ്പിടിച്ചു.
“നിനക്കിപ്പോ ചോരയുടെ ഗന്ധമാണല്ലോടി. തൊട്ടാൽ ചോര പൊടിയുന്ന ഈ ചുണ്ടുകൾ ഇപ്പോൾ കൂടുതൽ എന്നെ മത്തുപിടിപ്പിക്കുന്നുണ്ട്.
പക്ഷേ, എന്ത് ചെയ്യാം.. ഇപ്പോൾ ഈ യാത്ര അനിവാര്യമല്ലേ… “
ജോസഫ് അവളുടെ ചുണ്ടുകൾ വിരൽ കൊണ്ട് ഒന്ന് അമർത്തി തടവി. പിന്നെ അവൾക്ക് മുന്നേ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി. അയാൾക്ക് പിന്നാലെ അവളും പുറത്തേക്കിറങ്ങി വാതിൽ പൂട്ടുമ്പോൾ ” ചാവി ഇനി ഞാൻ വെച്ചോളാ ” ഇന്നും പറഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി.
ചാവി അയാൾക്ക് നൽകുമ്പോൾ അവൾക്ക് എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു. അല്പം സംശയിച്ചാണെങ്കിലും പതിയേ പജേറോയുടെ മുൻസീറ്റിലേക്ക് കയറി ഇരിക്കുമ്പോൾ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ നീട്ടി വിളിച്ചു,
” റോസ്സി… “
അത് കേൾക്കേണ്ട താമസം, തുറന്നിട്ട കൂട്ടിൽ നിന്നും റോസ്സി ഒറ്റ കുതിപ്പിന് വാഹനത്തിലേക്ക് കയറിയിരുന്നു.
റോസ്സി കയറിയ ഉടനെ ഡോർ അടച്ച് ഡ്രൈവിങ്സീറ്റിലേക്ക് കയറിയ ജോസഫ് വാഹനം മുന്നോട്ടെടുക്കുമ്പോൾ എന്തോ ഒരു അപകടം മണക്കുംപോലെ അനുപമയുടെ നെഞ്ചിടിപ്പിന്റെ താളം വർദ്ധിച്ചിരുന്നു.
” റോസിയുമുണ്ടോ സർ കൂടെ? “
അവളുടെ ചോദ്യം കേട്ട് അയാൾ ഒന്ന് അമർത്തിചിരിച്ചു.
” ഈ യാത്രയിൽ റോസ്സി ഇല്ല. യാത്ര തുടങ്ങുംമുന്നേ നമുക്ക് മറ്റൊരിടം വരെ പോകണം. അവിടം വരെ റോസ്സി ഉണ്ടാകും. പിന്നെ….. “
ആ വാക്കുകൾ മുഴുവനാക്കാതെ അയാൾ അവളെ ചുഴിഞ്ഞുനോക്കുമ്പോൾ അവളുടെ ഉള്ളിലെവിടെയോ പൊരുത്തക്കേടിന്റെ കരിനിഴൽ വീണിരുന്നു.
കുറച്ചു നേരം ഓടിയ പജേറോ നേരെ aa ബംഗ്ളാവിന്റ മുറ്റത് നിൽക്കുമ്പോൾ അവൾ അമ്പരപ്പോടെ നാലുപാടും നോക്കി.
” വാ…. “
അവളെ വിളിച്ചുകൊണ്ട് അയാൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ നാലുപാടും കണ്ണോടിച്ചുകൊണ്ട് അവളും പുറത്തേക്കിറങ്ങി. കൂടെ റോസ്സിയും.
” ഇവിടെ നിന്നാണ് നിന്റ യാത്ര.. നിനക്ക് കൂട്ട് വരാനുള്ള ആള് അകത്തുണ്ട്.. വാ “
അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. അവൾക്ക് അപകടം മണത്തു.
ഇവിടെ നിന്ന് പിന്തിരിഞ്ഞോടാൻ പോലും കഴിയില്ലെന്ന് തോന്നിയപ്പോൾ യാന്ത്രിലമെന്നോണം അവൾ അയാൾക്കൊപ്പം നടന്നു.
” ആരായിരിക്കും അകത്ത് “
അതായിരുന്നു അപ്പൊ അവളുടെ മനസ്സ് നിറയെ.. അതിന് ഉത്തരം അയാളെ അകത്തേക്ക് അനുഗമിച്ച അവൾക്ക് മുന്നിൽ ചോരയിൽ കുതിർന്നിരുപ്പുണ്ടായിരുന്നു.
ആ മുഖം കണ്ട മാത്രയിൽ അവൾ ഞെട്ടലോടെ രണ്ടടി പിന്നോട്ട് മാറി..
അവൾക് പിന്നിൽ ക്രൗര്യത നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന ജോസഫിന്റെ നെഞ്ചിൽ തട്ടി അവൾ നിന്നു.
പിന്നിൽ മരണമാണിപ്പോൾ നിൽക്കുന്നതെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.
മുന്നിൽ ഇരിക്കുന്ന ആ വൃദ്ധനെ അവൾ വേദനയോടെ നോക്കുമ്പോൾ അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു
” അച്ഛൻ…….. അച്ഛൻ…… !! “
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission