“ഇതെന്താടാ..?” കയ്യിലൊരു സഞ്ചിയുമായി പ്രജിത്ത് കയറി വന്നപ്പോൾ കൗസല്യ ചോദിച്ചു…
“സൺഡേ സ്പെഷ്യൽ ഉണ്ടാക്കാമെന്നു വച്ചു… ഒരു പാത്രം ഇങ്ങെടുത്തേ…”
“ചിക്കനാണോ?”
“അയ്യേ..ആർക്ക് വേണം ചിക്കൻ… ഇത് ഫ്രഷ് ബീഫാ…”
“തന്നത്താൻ ഉണ്ടാക്കി കഴിച്ചാൽ മതി… എനിക്കൊന്നും വയ്യ…”
കൗസല്യ ദേഷ്യത്തോടെ അടുക്കളയിലേക്ക് നടന്നു.. പിന്നാലെ അവനും..
“ഇവിടുള്ളവരൊക്കെ എങ്ങോട്ട് പോയതാ?”
“ബാലേട്ടൻ കടയിലേക്ക് പോയി… കിച്ചു ജാനിയെയും കൊണ്ട് ഇപ്പോൾ ഇറങ്ങിയതേയുള്ളൂ… “
“അച്ചുവോ? “
“മുകളിലുണ്ട്… കുളിക്കുകയാണെന്ന് തോന്നുന്നു…”
“എന്തായാലും ഒരു ചട്ടി താ… ഞാൻ ഉണ്ടാക്കിക്കോളാം..”
“പ്രജീ… നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എനിക്ക് ഈ സാധനം അലർജിയാണെന്ന്… മനഃപൂർവം അല്ലേടാ ഇതും വാങ്ങിക്കൊണ്ട് വന്നത്?…”
“ചിക്കൻ, മീൻ, മുട്ട, ഇതൊക്കെ കഴിക്കാമെങ്കിൽ ബീഫും കഴിക്കാം.. അടുത്ത ഞായറാഴ്ച്ച ഞാൻ പന്നിഇറച്ചി കൊണ്ടുവരും.. നോക്കിക്കോ..”
കൗസല്യ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു…
“നീ കൊണ്ടുവരുമോ?”
“ആ… വേദനിക്കുന്നു… വിട് കൗസൂ…”
അർച്ചന അങ്ങോട്ട് വന്നത് ഇത് കണ്ടുകൊണ്ടാണ്..
“പ്രജിയേട്ടൻ കുറേ നേരമായോ വന്നിട്ട്..?”
“ഇല്ലെടീ.. ഇപ്പോൾ..കുറച്ചു ബീഫ് കൊണ്ടുവന്നു… അതിനാ ഈ യുദ്ധം.”
“മോളേ… എനിക്ക് ഇഷ്ടമല്ല എന്ന് ഇവനറിയാം..”
“ഞാൻ ഉണ്ടാക്കിക്കോളാം… കുഞ്ഞുവാവ അപ്പുറത്തെക്ക് പൊയ്ക്കോ…”
പ്രജിത്ത് കൗസല്യയെ ഉന്തിത്തള്ളി പുറത്തേക്ക് പറഞ്ഞയച്ചു…
“എല്ലാം കഴിഞ്ഞിട്ട് അടുക്കളയും ക്ളീൻ ചെയ്ത ശേഷം മാത്രം നീ പുറത്തേക്കിറങ്ങിയാൽ മതി… അവളും കഴിക്കില്ല.. അവളെക്കൊണ്ട് തൊടീക്കരുത്.. കേട്ടല്ലോ..?”
അവർ വിളിച്ചു പറഞ്ഞു..
“നീയും ബീഫ് കഴിക്കാറില്ലേ?” പ്രജിത്ത് അവളെ നോക്കി..
“ഇല്ല.. പക്ഷേ ഞാൻ സഹായിക്കാം..”
“അത് മതി.. കുറച്ച് ഉള്ളി, പച്ചമുളക്, ഇഞ്ചി, ഇതൊക്കെ ഒന്ന് ശരിയാക്കി തരണം.. ഇവിടെ വച്ച് പാചകം ചെയ്‌താൽ കൊലപാതകം നടക്കും.. അലക്ക് കല്ലിന്റെ അടുത്ത് ഒരടുപ്പ് കൂട്ടാം…”
അവൻ പുറകിലെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…അർച്ചന ചോപ്പിംഗ് ബോർഡ് എടുത്ത് അവന് വേണ്ടതൊക്കെ തയ്യാറാക്കാനും തുടങ്ങി..
“പ്രജിയേട്ടൻ പെണ്ണുകാണലൊക്കെ മതിയാക്കിയോ..?”
അരിഞ്ഞ് വച്ച സാധനങ്ങളും ആവശ്യമായ പൊടികളുമെല്ലാം അവന്റെ അടുത്ത് വച്ച് അലക്കു കല്ലിൽ ഇരുന്നു കൊണ്ട് അവൾ ചോദിച്ചു..
“മടുത്തു… എട്ട് സ്ഥലത്തു പെണ്ണ് കാണാൻ പോയതാ… ഒന്നും ശരിയായില്ല..”
“കുറേ ഡിമാൻഡ് വയ്ക്കുന്നത് കൊണ്ടാകും…”
“ആര് ഞാനോ..? ഒന്ന് പോ അച്ചൂ… എനിക്കല്ല, പെൺപിള്ളേർക്കും അവരുടെ വീട്ടുകാർക്കുമാ ഡിമാന്റുകൾ…. മതിയായി… ചുമ്മാ എല്ലായിടത്തും പോയി ചായ കുടിച്ചു വരാമെന്നല്ലാതെ ഒരു കാര്യവുമില്ല…എല്ലാം നിർത്തി… കല്യാണം കഴിക്കാതെയും ജീവിക്കാമല്ലോ?”
അവൻ അടുപ്പിലേക്ക് കുറച്ചു കൂടി ചുള്ളികമ്പുകൾ എടുത്തു വച്ചു…
“ശ്വേതചേച്ചി വരട്ടെ… എന്നിട്ട് ഞങ്ങൾ ഒന്നിറങ്ങി തപ്പാം…”
“ആദ്യം അവളെ കെട്ടിച്ചു വിടണം… അവളുടെ കറക്കം ഈയിടെയായി കൂടുന്നുണ്ട്..”
“ചേച്ചിക്കുമുണ്ടോ വല്ല പ്രേമ നൈരാശ്യവും? ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല..”
“ഏയ്… അങ്ങനെ ഉണ്ടെങ്കിൽ ഞാൻ അറിയും…. അവൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നതാ… കുടുംബം നോക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു…കൂലിപ്പണി വരെ ചെയ്ത് ചേച്ചിയെ പഠിപ്പിച്ച് ജോലിക്കാരിയാക്കി…അച്ഛൻ ഉണ്ടാക്കിയ കടങ്ങൾ തീർത്തു…. നിന്നോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.. ഇപ്പോൾ അവളുടെ ചേച്ചിക്ക് അവളെ പുച്ഛമാണ്… ആദ്യം എല്ലാരും ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസം… ചേച്ചിയുടെ കുത്തുവാക്കുകൾ കേട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാ അവൾ മാറിയത്… ഇപ്പോൾ ആരെയും ആശ്രയിക്കാതെ തനിച്ചു ജീവിക്കുന്നു… ഒരുപാട് യാത്രകൾ ചെയ്യും…. ഒരിക്കൽ നഷ്ടപ്പെട്ട സന്തോഷമെല്ലാം ഇന്ന് നേടിയെടുക്കുകയാ… അവളുടെ അമ്മയുടെ കുറച്ചു സ്ഥലം ഉണ്ടായിരുന്നു. അതിന് നല്ല വിലകിട്ടുമെന്ന് അറിഞ്ഞപ്പോൾ ചേച്ചിയും ഭർത്താവും അമ്മയെ പാട്ടിലാക്കി അത് എഴുതി വാങ്ങി.. ഇവൾക്ക് ഈ പൊളിഞ്ഞു വീഴാറായ വീടും എട്ട് സെന്റ് സ്ഥലവും… കിച്ചുവും ഞാനും കുറേ പറഞ്ഞിട്ടാ ഇവിടെ ടൗണിൽ ഷോപ്പ് തുടങ്ങാൻ അവൾ സമ്മതിച്ചത്.. ആദ്യം എല്ലാം വിറ്റ് നോർത്തിന്ത്യയിൽ എങ്ങാണ്ട് പോകാനായിരുന്നു പ്ലാൻ… അവിടെ ഏതോ ഒരു ഫ്രണ്ട് ഉണ്ട്…”
“എപ്പോഴാ ഇങ്ങോട്ട് വരുന്നേ?”
“മിക്കവാറും അടുത്തയാഴ്ച എത്തും… ഇവിടെ നല്ലൊരു ചെറുക്കനെ കണ്ടെത്തി അവളെ കെട്ടിച്ചു വിടണം… അവളും കൂടി വിവാഹം കഴിഞ്ഞു നരകിക്കുന്നത് കണ്ടാൽ എനിക്ക് സമാധാനമായി..”
“കിട്ടാത്ത മുന്തിരി പുളിക്കും..” അർച്ചന കുസൃതിച്ചിരിയോടെ അവനെ നോക്കി..
“ഇനിയെനിക്ക് മുന്തിരി വേണ്ട… എല്ലാ അവളുമാർക്കും എന്തൊരു അഹങ്കാരമാ… ഗവണ്മെന്റ് ജോലിക്കാർ, അല്ലെങ്കിൽ ഫാമിലിയെ കൊണ്ടുപോകാൻ പറ്റുന്ന ഗൾഫുകാർ.. ഇത് മാത്രമാ വേണ്ടത്.. കുറച്ചു നാൾ മുൻപ് ഒരു സ്ഥലത്തു പെണ്ണ് കാണാൻ പോയി.. അവള് പറയുവാ പഠിച്ച ചെറുക്കനെ മതി എന്ന്.. പത്താം ക്ലാസ് തോറ്റവൾക്ക് ഐ എ എസ് കാരൻ വരുമോ?…”
പ്രജിത്ത് കുറച്ചു വിറക് കൂടി അടുപ്പിൽ വച്ചു…
“എന്റെ ഭാര്യയാകുന്ന പെണ്ണ് ശരിക്കും ഭാഗ്യം ചെയ്തവളാ… അമ്മായിഅമ്മയോടോ, നാത്തൂനോടോ വഴക്കു കൂടേണ്ട… ആകെയുള്ളത് അച്ഛനാ… മൂപ്പരുടെ പണ്ടത്തെ വീര സാഹസ കഥകൾ കേൾക്കാൻ ഇരുന്നു കൊടുത്താൽ മതി…”
“ഇവിടേം അമ്മായി അമ്മ പോരില്ലല്ലോ…”
അർച്ചന അഭിമാനത്തോടെ പറഞ്ഞു.
“അതിന് കാരണം നിനക്കറിയാമോ?.. ഇവിടുത്തെ രണ്ടാൾക്കും പെൺകുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം… കഷ്ടകാലത്തിനു കിച്ചു ജനിച്ചു…അംഗൻ വാടിയിൽ പോകുന്നത് വരെ അവനെ പെൺകുട്ടിയെ പോലെ കണ്ണൊക്കെ എഴുതി മുടിയൊക്കെ ചീകി കെട്ടിയാ വളർത്തിയിരുന്നേ… “
“അയ്യേ… ചുമ്മാ ഇല്ലാത്തത് പറയല്ലേ പ്രജിയേട്ടാ..”
“സത്യം… നീ വേണേൽ കൗസുവിനോട് ചോദിച്ചു നോക്കിക്കോ..”
“പ്രജിയേട്ടൻ മാത്രമാ അമ്മയെ കൗസു എന്ന് വിളിക്കുന്നത്.. ചേച്ചിയൊക്കെ അമ്മ എന്നാ..”
അർച്ചന പരിഭവിച്ചു…
“കൗസൂ എന്ന് മാത്രമല്ല, പൊന്നേ, മുത്തേ.. ചക്കരേ എന്നൊക്കെ വിളിക്കാറുണ്ടല്ലോ..”
അവനൊന്നു ചിരിച്ചു..
” അമ്മ എന്ന് വിളിക്കാത്തതിന് കാരണമുണ്ട്.. സാധാരണ എല്ലാവർക്കും അമ്മ എന്നത് സ്നേഹത്തിന്റെ പ്രതീകമാണ്.. പക്ഷേ എനിക്കങ്ങനെ അല്ല.. മൂന്ന് വയസുള്ള മകനെ ഉപേക്ഷിച്ചു ഭർത്താവിന്റെ അനിയന്റെ കൂടെ ഒളിച്ചോടിപ്പോയ നികൃഷ്ടയായ സ്ത്രീയാ എന്റെ അമ്മ…”
അർച്ചന തീപൊള്ളലേറ്റത് പോലൊന്ന് ഞെട്ടി അവനെ നോക്കി… പുതിയ അറിവായിരുന്നു അത്.. പ്രജിത്തിന്റെ അമ്മ മരിച്ചു പോയി എന്നാണ് ഇത്രയും ദിവസം വിശ്വസിച്ചിരുന്നത്….
“പിന്നെ അച്ഛനാ വളർത്തിയതൊക്കെ… ഒന്നാം ക്ലാസിൽ പഠിക്കുമ്പോ അമ്മയെ കുറിച്ച് സംസാരിക്കാൻ മാഷ് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി.. എനിക്ക് സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല… അന്ന് എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചവനാ കിച്ചു….ഒരു ദിവസം അവൻ കൗസുവിനേം ബാലേട്ടനേം കൂട്ടി എന്റെ വീട്ടിലേക്ക് വന്നു… അന്ന് തൊട്ട് ഞാൻ ഈ കുടുംബത്തിലെ അംഗമാണ്…..ഇനി നീ പറ, സ്വന്തം സുഖം തേടിപ്പോയ സ്ത്രീയെ വിളിക്കുന്ന പേര്, എങ്ങനെ ഞാൻ ഇവരെ വിളിക്കും?..”
അവൾക്ക് വാക്കുകളൊന്നും കിട്ടിയില്ല…. മറ്റുള്ളവരെ ചിരിപ്പിച്ച്, ബഹളം വച്ചു നടക്കുന്ന ഒരാളുടെ മനസ്സിൽ ഇത്രയും വലിയ വേദന ഉണ്ടെന്നത് അവിശ്വസനീയം ആയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞത് പ്രജിത്ത് ശ്രദ്ധിച്ചു..
“നീയെന്തിനാ വിഷമിക്കുന്നെ? അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ? ഞാൻ കരുതി ഇതെല്ലാം നിന്നോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്നാ…. അതൊക്കെ പോട്ടെ… നീ എന്തോ പഠിക്കാൻ പോകുന്നെന്ന് കിച്ചു പറഞ്ഞല്ലോ..? അതെന്തായി?”
“ശ്വേത ചേച്ചി നാട്ടിലെത്തിയിട്ടേ പോകുന്നുള്ളൂ…”
“കൃഷ്ണേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനുണ്ട്?”
“വലിയ ബുദ്ധിമുട്ട് ഇല്ല.. മരുന്ന് കഴിക്കുന്നുണ്ട്…”
ബീഫ് വരട്ടിയത് ഉണ്ടാക്കി തീരുന്നത് വരെ അർച്ചന അവിടെ ഇരുന്ന് പ്രജിത്തിനോട് സംസാരിച്ചു… എല്ലാം കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ അവൻ കുറച്ച് എടുത്ത് ഭദ്രമായി അടച്ചു വച്ചു..
“ഇത് ബാലേട്ടനും കിച്ചുവിനും…ബാക്കിയുള്ളത് ഞാൻ കൊണ്ടുപോകുകയാ..”
“വീട്ടിലേക്കാണോ?”
“അല്ല… പുഴക്കരയിലേക്ക്.. കൂട്ടുകാർ അങ്ങോട്ട് വരും… ഞായറാഴ്ച അല്ലേ… വെള്ളമടിച്ച് ചൂണ്ടയിട്ട് അവിടെ ഇരിക്കും, രാത്രി വരെ…”
“പ്രജിയേട്ടാ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ?”
“എന്താടീ?”
“കിഷോറേട്ടൻ കുടിക്കാറുണ്ടോ?”
“പിന്നേ… കുടിച്ച് നാട്ടുകാരെ മൊത്തം തെറി വിളിക്കും…”
“പോ അവിടുന്ന്…” അർച്ചന മുഖം വീർപ്പിച്ചു നിന്നു..
“ഞാൻ കാര്യമായിട്ട് ചോദിച്ചതാ..”
“അവൻ വല്ലപ്പോഴും ഒന്നോ രണ്ടോ അടിക്കുന്നത് എന്റെ കൂടെ മാത്രമായിരുന്നു.. നിന്നെ കെട്ടിയതിന് ശേഷം അതും നിന്നു… കുറച്ചു ദിവസം മുൻപ് ഞാൻ അവനോട് നന്നായോ എന്ന് ചോദിച്ചു … അപ്പൊ അവൻ പറഞ്ഞു, അച്ചുവും മോളും ഉണ്ടല്ലോ, അവർക്ക് ഇഷ്ടപ്പെടില്ല എന്ന്…”
പ്രജിത്ത് അവളുടെ തൊട്ടടുത്ത് ചെന്നു നിന്നു…
“അച്ചൂ… അവന്റെ കൂട്ടുകാരനായിട്ടല്ല, നിന്റെ ഏട്ടനായിട്ട് ഒന്ന് പറയുകയാ… ശ്രീകലയെ അവൻ ഏറെക്കുറെ മറന്നു കഴിഞ്ഞു… ഇപ്പോൾ നീയും മോളും മാത്രമേ ആ മനസ്സിൽ ഉള്ളൂ… പെട്ടെന്ന് ദേഷ്യം വരുമെന്ന സ്വഭാവം ഒഴിച്ചാൽ ആളു പാവമാണ്…. ഭാര്യയായിട്ട് മാത്രമല്ല, നല്ലൊരു ഫ്രണ്ട് ആയിട്ട് കൂടി നീ ഒന്നിച്ചുണ്ടാകണം…”
അവൾ തലയാട്ടി..
“എന്നാൽ ഞാൻ പോകുകയാ… അവന്മാർ ഇപ്പോൾ തെറിവിളി തുടങ്ങും…”
അവൻ നടക്കാൻ തുടങ്ങി..
“അതേയ്…” അവൾ വിളിച്ചു… പ്രജിത്ത് തിരിഞ്ഞു നോക്കി
“ഞാൻ പ്രജിയേട്ടന്റെ ആരാന്നാ പറഞ്ഞത്? അനിയത്തി… അല്ലേ?”
“അതെ..”
“ആ അധികാരത്തിൽ പറയുവാ… കള്ളുകുടി കുറയ്ക്കണം… പൂർണ്ണമായും നിർത്താനല്ല, പരമാവധി കുറച്ചാൽ മതി.. സത്യം ചെയ്യ്…”
അവൾ കൈ നീട്ടി..
“എന്റെ വീക്നെസ്സിൽ തന്നെ കേറിപ്പിടിക്കണം… അല്ലേ..?”
” അനുസരിക്കാൻ പറ്റുമോ ഇല്ലയോ..?”
“ആകെയുള്ള ആശ്വാസമാ നീ ഉപേക്ഷിക്കാൻ പറയുന്നത് എന്നോർമ്മ വേണം…”
“ആശ്വസിപ്പിക്കാൻ ഞങ്ങളൊക്കെ ഉണ്ട്…”
അവൻ അവളുടെ ഉള്ളം കയ്യിലേക്ക് കൈ വച്ചു…
“ശരി… നീ ആദ്യമായിട്ട് ആവശ്യപ്പെട്ടതല്ലേ…? ഇന്നത്തേത് വിട്….ഇനി മുതൽ ഞായറാഴ്ചകളിൽ മാത്രം കൃത്യം രണ്ട് പെഗ്.. അതിൽ കൂടുതൽ കഴിക്കില്ല… സത്യം..”
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… പ്രജിത്ത് കയ്യിലൊരു പാത്രവുമായി വരുന്നത് ഉമ്മറത്തിരുന്ന കൗസല്യ കണ്ടു…
“പാചകം കഴിഞ്ഞോടാ?”
“കഴിഞ്ഞു…”
“നീ ഇതുമെടുത്ത് എങ്ങോട്ടാ? ഇവിടുന്ന് ഊണ് കഴിച്ചിട്ട് പോയാൽ മതി..”
“ഓ… വേണ്ടായേ….ഇന്ന് അവസാനത്തെ ആഘോഷമാ..പോയി തകർക്കട്ടെ…..”
“അതെന്താടാ?”
“ദേ.. ആ കുരിപ്പിനോട് ചോദിച്ചു നോക്ക്…”
പിന്നാലെ വന്ന അർച്ചനയെ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു…
“ഞാൻ പോകുകയാ.. നാളെ കാണാം..”
അവൻ മുറ്റത്തിറങ്ങി തന്റെ സൈക്കിൾ ചവിട്ടി ഗേറ്റ് കടന്നു പോയി…
“എന്താ സംഭവം മോളേ?”
“കള്ളുകുടി നിയന്ത്രിക്കാൻ സത്യം ചെയ്യിപ്പിച്ചു…”
“അതെന്തായാലും നന്നായി…. വേറെ രണ്ടുമൂന്നു തലതെറിച്ച കൂട്ടുകാരുണ്ട്.. അവന്മാരുടെ കൂടെ പോകുമ്പോഴാ ഇവനും കുടിക്കുന്നെ.. “
അവർ കയ്യിലിരുന്ന പത്രം മടക്കി കസേരയിൽ വച്ച് എഴുന്നേറ്റു..
“ഞാനൊന്ന് കിടക്കട്ടെ…..”
കൗസല്യ മുറിയിലേക്ക് പോയപ്പോൾ അർച്ചന ഹാളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന തന്റെ മൊബൈലും എടുത്ത് ഉമ്മറത്ത് വന്നിരുന്നു.. യുട്യൂബിൽ ഒരു വീഡിയോ കണ്ട് പാതി തീർന്നപ്പോഴേക്കും കിഷോറിന്റെ ബൈക്ക് മുറ്റത്തേക്ക് കയറിവന്നു…അവൾ പെട്ടെന്ന് എഴുന്നേറ്റു..
“ജാനി എവിടെ കിഷോറേട്ടാ?”
“സൂപ്പർമാർക്കറ്റിൽ ഉണ്ട്… അച്ഛന്റെ അടുത്ത് നിന്ന് വരുന്നില്ല…”
“അയ്യോ രാത്രി വരെ അവിടെ നിൽക്കാനോ?”
“അതറിയില്ല.. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് അച്ഛൻ നേരത്തെ വരുമായിരിക്കും…അമ്മയെവിടെ?”
“ഉറങ്ങുവാ… ഊണ് എടുത്ത് വയ്ക്കട്ടെ..?”
“കുളിച്ചിട്ട് മതി.. നീ കഴിച്ചോ?”
“ഇല്ല.”
അവൻ മുകളിലേക്കു കയറിപ്പോയി.. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ വിളിക്കുന്നത് കേട്ട് അവളും അങ്ങോട്ട് കയറിച്ചെന്നു..
“എന്താ?”
കിഷോർ ഒന്നും മിണ്ടാതെ ഡോർ അടച്ചു കുറ്റിയിട്ടു… എന്നിട്ട് അവളുടെ ഇരു തോളിലും കൈ വച്ചു… ഹൃദയമിടിപ്പ് കൂടുന്നത് അർച്ചന അറിഞ്ഞു…. കാലുകളിൽ വിറയൽ…
“അച്ചൂ. ” പ്രണയാർദ്രമായ വിളി..
“എന്തോ..” അവൾ പോലുമറിയാതെ വിളി കേട്ടു..
“നീ ഹാപ്പി ആണോ..?”
“അതെ… നൂറ്റൊന്ന് ശതമാനം…”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
“ജാനിയുടെ കഥകളൊക്കെ അറിഞ്ഞിട്ടും കിഷോറേട്ടന് അവളോട് സ്നേഹം കുറഞ്ഞിട്ടില്ല… കൂടിയിട്ടേയുള്ളു… അതുവരെ കൊച്ചച്ഛാ എന്ന് വിളിച്ചുകൊണ്ടിരുന്ന അവളെ നിർബന്ധിച്ച് അച്ഛാ എന്ന് വിളിപ്പിച്ചു തുടങ്ങി… ഏറ്റവും വലിയ ഭയം, ഇവിടുള്ളവരൊക്കെ സത്യമറിഞ്ഞാൽ അവളെ വെറുക്കുമോ എന്നതായിരുന്നു… പക്ഷേ അവൾ ചേച്ചിയുടെ കുഞ്ഞല്ല എന്നത് പുറത്തുള്ള ആരും അറിയരുതെന്ന് അമ്മ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു… ഇതൊക്കെ കാണുമ്പോൾ ശരിക്കും പേടിയാവുകയാ ..”
അവളുടെ ശബ്ദം ഇടറി..
“എന്തിന്?”
“ഇത്രയും സ്നേഹമൊക്കെ ഒന്നിച്ച് കിട്ടി, എന്നെങ്കിലും ഇതില്ലാതെ ആയാൽ ഞാൻ തകർന്നു പോകും…”
കിഷോർ അവളെ മാറോടു ചേർത്തു പിടിച്ചു..
“വെറുതെ ഓരോന്ന് കാട് കയറി ചിന്തിക്കല്ലേ പെണ്ണേ… ആത്മാർത്ഥമായ സ്നേഹം ഒരിക്കലും നശിക്കില്ല…”
അധരങ്ങളാൽ തന്റെ നെറ്റിയിലെ വിയർപ്പു തുള്ളികൾ അവൻ ഒപ്പിയെടുക്കുന്നത് അർച്ചന അറിഞ്ഞു…കൂമ്പിയടഞ്ഞ മിഴികൾക്ക് മീതെയും നാസികതുമ്പിലും മൃദുചുംബനങ്ങൾക്കൊടുവിൽ വിറ കൊള്ളുന്ന അവളുടെ ചുണ്ടുകൾക്ക് അടുത്തെത്തി അവൻ ഒരു നിമിഷം നിന്നു…. അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി..
“എനിക്ക് നിന്നോട് പ്രണയം തോന്നി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി… അത് തുറന്നു പറയുകയും ചെയ്തു… പക്ഷേ നീയിത് വരെ ഒന്നും പറഞ്ഞിട്ടില്ല.. ഒരു ഭർത്താവിന്റെ അധികാരം ഉപയോഗിച്ച് ദാമ്പത്യജീവിതം ആരംഭിക്കാനൊന്നും എനിക്ക് താല്പര്യമില്ല… പറ… നീ എന്നെ പ്രണയിക്കുന്നുണ്ടോ? അതോ ഞാനും വീട്ടുകാരും ചെയ്യുന്നതിനുള്ള നന്ദി ആയിട്ടാണോ നീ എല്ലാം സഹിക്കുന്നത്?”
പൂർത്തിയാക്കും മുൻപ് അർച്ചന അവന്റെ വാ പൊത്തി…
“എന്താ കിഷോറേട്ടൻ ഈ പറയുന്നേ? ഇഷ്ടക്കേട് എന്റെ വാക്കിലോ പ്രവർത്തിയിലോ എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?..”
“അങ്ങനെ അല്ല അച്ചൂ… നിന്റെ പെരുമാറ്റത്തിൽ ബഹുമാനം ഉണ്ട്…ഒരുപാട്… പക്ഷേ പ്രണയം കാണാൻ പറ്റുന്നില്ല..എന്ന് നിനക്കതിനു കഴിയുന്നുവോ അന്നേ എല്ലാ അർത്ഥത്തിലും നമ്മൾ ഒന്നാകൂ… അല്ലാതെ എന്റെ ഇഷ്ടം മാത്രം നോക്കി ഞാൻ ഒന്നും ചെയ്യില്ല..”
പുഞ്ചിരിയോടെ അവളുടെ കവിളിൽ ഉമ്മ
വച്ച് അവൻ ബാത്‌റൂമിലേക്ക് നടന്നു..
“ഫുഡ് എടുത്ത് വച്ചോ… ഞാനിപ്പോ വരാം..”
കണ്ണുകൾ നിറഞ്ഞത് കാരണം പടികളിറങ്ങാൻ അർച്ചന ബുദ്ധിമുട്ടി… മനസ്സ് പിടയുകയാണ്…. നിങ്ങളെന്റെ പ്രാണനാ കിഷോറേട്ടാ…. ഓരോ നിമിഷവും നിങ്ങളെ കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ… നിങ്ങൾക്ക് വേണ്ടിയാ ഞാൻ പ്രാർത്ഥിക്കുന്നത്….. ഞാൻ നിങ്ങളെ പ്രണയിക്കുന്നു… പക്ഷേ എന്റെയുള്ളിലെ വേദന നിങ്ങളോട് എങ്ങനെ പറഞ്ഞു മനസിലാക്കും എന്നറിയില്ല… ഒരുനാൾ എല്ലാം അറിയുമ്പോൾ എന്നെ വെറുക്കുമോ എന്ന പേടി കാരണം പല രാത്രികളിലും ഞെട്ടി ഉണർന്നിട്ടുണ്ട്…….
അവളുടെ കാൽ ഇടറി… കൈ വരിയിൽ പിടിച്ചത് കൊണ്ട് വീണില്ല… ശ്വേത ചേച്ചി പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു… താൻ പറയുന്നത് ക്ഷമയോടെ കേൾക്കാനും പരിഹാരം നിർദേശിക്കാനും ചേച്ചിക്ക് മാത്രമേ കഴിയൂ… കാലുകൾക്ക് ബലക്ഷയം അനുഭവപ്പെട്ടപ്പോൾ പടിയിൽ ഇരുന്ന് അവൾ ശബ്ദമില്ലാതെ കരഞ്ഞു…..
(തുടരും )….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission