രാത്രി ഏഴര മണിയോളം ആയി കിഷോർ ജനനിയെയും കൊണ്ടു വരുമ്പോൾ… ഒരു കവർ നിറയെ കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെ ഉണ്ടായിരുന്നു…
“കാശ് വെറുതെ കളയുകയാ അല്ലേ?”
കൃഷ്ണൻ ശാസന നിറഞ്ഞ നോട്ടത്തോടെ അവനോട് ചോദിച്ചു.
“ഇവൾക്ക് ഞാനല്ലാതെ വേറാരാ ഇതൊക്കെ വാങ്ങിക്കൊടുക്കുക? എന്റെയൊരു സന്തോഷം..”
കിഷോർ പുഞ്ചിരിച്ചു… പിന്നെ അകത്തു കയറി… അർച്ചന അടുക്കളയിലെ ജോലിയൊക്കെ ഏകദേശം തീർത്തിരുന്നു… കിഷോർ അങ്ങോട്ട് ചെന്നു..
“എനിക്കൊന്ന് കുളിക്കണമല്ലോ?”
അപ്പോഴാണ് അവളൊരു കാര്യം ഓർത്തത്… കിഷോറിനു കുളിച്ചു മാറാൻ ഡ്രസ്സ് ഒന്നും ഇവിടെ ഇരിപ്പില്ല…
“നീയെന്താ ആലോചിക്കുന്നെ?”
“അല്ല, കിഷോറേട്ടന് ഇടാൻ ഡ്രസ്സ്….”
“നിന്റെ അച്ഛന്റെ ഉണ്ടാവില്ലേ?”
“അയ്യേ…”
“എന്ത് അയ്യേ?.. പോയി എടുത്തോണ്ട് വാ…”
അവൾ മുറിയിൽ ചെന്ന് ഒരു കൈലിയും ഷർട്ടും എടുത്ത് അവന് നൽകി… പാത്രങ്ങൾ കഴുകിക്കഴിഞ്ഞപ്പോഴേക്കും അവൻ കുളിമുറിയിൽ നിന്നും പുറത്തിറങ്ങി…. അച്ഛന്റെ ഷർട്ട് അവൻ ധരിച്ചത് കണ്ട് അവൾക്ക് ചിരി പൊട്ടി… കൃഷ്ണൻ പൊക്കം കുറഞ്ഞ മനുഷ്യനാണ്…അതുകൊണ്ട്തന്നെ ഷർട്ട് കിഷോറിനു ഇറുകിയതായിരുന്നു…
“നീയെന്താ കിണിക്കുന്നെ ?”
“ബംഗാളിയെ പോലുണ്ട്…”
“ബംഗാളി നിന്റെ അച്ഛൻ… നീ കുളിക്കുന്നെങ്കിൽ ചെല്ല്… എന്നിട്ട് ഫുഡ് എടുത്ത് വയ്ക്ക്… വിശക്കുന്നു…”
അവൾ പെട്ടെന്ന് തന്നെ മേൽ കഴുകി വന്നു… എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിച്ചത്… ജനനിമോൾ കഴിക്കുന്നത് കണ്ടപ്പോൾ അർച്ചനയ്ക്ക് സങ്കടം തോന്നി… ഇഷ്ടപ്പെട്ട വിഭവങ്ങൾ കിട്ടിയപ്പോൾ ആ കുരുന്ന് ആർത്തിയോടെ കഴിക്കുകയാണ്… അവൾക്ക് വേണ്ടത് ഉണ്ടാക്കി കൊടുക്കാൻ അച്ഛനെ കൊണ്ട് പറ്റുന്നുമില്ല…കിഷോർ അവളുടെ അടുത്തിരുന്ന് ഫ്രൈ ചെയ്ത മീൻ മുള്ളുകൾ മാറ്റി അവളുടെ പ്ളേറ്റിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട്…
“മതി കൊച്ചച്ഛാ…” വയറു നിറഞ്ഞ സംതൃപ്തിയിൽ നന്ദിയോടെ അവനെ നോക്കി ജനനി പറഞ്ഞു…
“നീയെന്താ വിളിച്ചത്?”.. കൃഷ്ണൻ അത്ഭുതത്തോടെ ചോദിച്ചു..
“കൊച്ചച്ഛാന്ന്…”
“ഞാൻ പറഞ്ഞിട്ടാ…” കിഷോർ ഇടം കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു… ജനനിയോട് സ്നേഹം കാട്ടാൻ വൈകിപ്പോയി എന്നൊരു വിഷമം അവനുണ്ടായിരുന്നു….
“ഇപ്പോൾ ഞാൻ പുറത്തായി അല്ലേ?” അർച്ചന പരിഭവിച്ചു…
അത്താഴം കഴിച്ചു കഴിഞ്ഞ് നാല് പേരും ഉമ്മറത്തിരുന്നു കുറേ നേരം സംസാരിച്ചു… അർച്ചന അതിനിടയിൽ ഫോൺ എടുത്ത് കൗസല്യയെ വിളിച്ചു…
“അമ്മ അത്താഴം കഴിച്ചോ?”
“ഉവ്വ് മോളേ…?”
“അച്ഛനോ?”
“കഴിച്ച് മുറ്റത്തൂടെ നടക്കുകയാ…നീയോ?”
“ഞങ്ങളും കഴിച്ചു…”
“അവർക്കൊക്കെ സന്തോഷമായിക്കാണും അല്ലേ?”
“ഒരുപാട്…”
“നാളെ ഉച്ചയാകുമ്പോ വരില്ലേ?.. നീയില്ലാഞ്ഞിട്ട് എന്തോ പോലെ…”
അവരുടെ സ്നേഹം അർച്ചനയ്ക്ക് മനസിലാകുന്നുണ്ടായിരുന്നു…
“ഒരു മിനിറ്റ്… അച്ഛന് എന്തോ സംസാരിക്കാനുണ്ട്.. ഞാൻ കൊടുക്കാം..”
“മോളേ…” ബാലന്റെ വിളി..
“അച്ഛൻ കടയിൽ നിന്ന് നേരത്തെ വന്നോ?”
“വന്ന് കുളിച്ച് അത്താഴം കഴിഞ്ഞു…ങാ പിന്നേ…. നിന്റെ അച്ഛൻ കുറച്ചു മാവിൻതൈ തരാമെന്ന് പറഞ്ഞിട്ടുണ്ട്… നാളെ വരുമ്പോ എടുക്കാൻ മറക്കരുത്… നമുക്ക് ഇവിടെ നടാം..”
“നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്,…? അവര് അതൊക്കെ എടുത്ത് ബൈക്കിൽ എങ്ങനെ വരാനാ?”
കൗസല്യ ദേഷ്യപ്പെടുന്നത് അവൾ കേട്ടു..
“എടീ മാവിന്റെ തൈ കൊണ്ടുവരാനാ പറഞ്ഞേ .. അല്ലാതെ തടി അല്ല… നീ അവരുടെ വീട്ടിലെ മാങ്ങ കഴിച്ചിട്ടുണ്ടോ… എന്തൊരു രുചിയാ…”
“ഞാൻ കൊണ്ടുവരാം അച്ഛാ..” അർച്ചന സമാധാനിപ്പിച്ചു… കുറച്ച് നേരം കൂടി സംസാരിച്ച് അവൾ ഫോൺ വച്ചു… രാത്രിയിലുള്ള മെഡിസിനും കഴിച്ച് കൃഷ്ണൻ ഉറങ്ങാൻ പോയി… ജനനിയെ ഉറക്കി കിടത്തിയ ശേഷം അവൾ വീണ്ടും ഉമ്മറത്തേക്ക് വന്നു … കിഷോർ മൊബൈലിൽ നോക്കി ഇരിക്കുകയാണ്.
“ഉറക്കം വരുന്നുണ്ടോ കിഷോറേട്ടന്?”
“ഇല്ല.. ജാനി ഉറങ്ങിയോ?”
“ഉം…”
“പാവം… അവളുടെ അമ്മ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു… നിന്റെ ചേച്ചിയുടെ ഭർത്താവും വീട്ടുകാരും എത്ര ദുഷ്ടന്മാരാ… ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ അവർക്ക് എങ്ങനെ തോന്നി? ഒരിക്കൽ പോലും അവൻ കാണാൻ വന്നില്ലേ?”
അർച്ചന മറുപടി ഒന്നും പറയാതെ തല കുനിച്ചു… കിഷോർ എഴുന്നേറ്റു അവൾക്കരികിൽ ഇരുന്നു…
“സോറി… പറയാൻ ഇഷ്ടമില്ലാത്തത് ആണെങ്കിൽ എനിക്ക് അറിയണ്ട..”
“അങ്ങനൊന്നും ഇല്ല…”
“എന്നാലും വേണ്ട…. നിനക്ക് എന്ന് തോന്നുന്നോ.. അന്ന് പറഞ്ഞാൽ മതി..”
അവന്റെ ഫോൺ റിങ് ചെയ്തു… പ്രജിത്ത് ആയിരുന്നു…
“കെട്യോനും കെട്യോളും ഹണിമൂൺ ആഘോഷിക്കാൻ പോയെന്നറിഞ്ഞു..?”
“ഉവ്വ്…ആഘോഷിച്ചോണ്ടിരിക്കുകയാ… നീ എവിടെയാടാ?”
“നമ്മൾ എവിടെ പോകാനാ? നാട്ടിൽ തന്നെയുണ്ട്… വായനശാലയിൽ..”
“രാത്രിക്ക് അവിടെന്താ പരിപാടി?”
“ഒരു മീറ്റിംഗ് ഉണ്ടായിരുന്നു… അതുകഴിഞ്ഞു രണ്ടെണ്ണം അടിക്കാൻ പ്ലാൻ ഇട്ടതാ..ഒരബദ്ധം പറ്റി… കൂടെയുള്ളവന്മാർ തല്ലിയില്ല എന്നേ ഉള്ളൂ.. മൂന്ന് തലമുറയെ തെറിവിളിച്ചു..”
“അത് പതിവാണല്ലോ… ഇന്നെന്താ പ്രശ്നം?”
“എടാ,ഷെയർ ഇട്ട് കുപ്പി വാങ്ങാൻ ഞാനും ഉണ്ണിയും സനൂപും ബീവറേജിൽ പോയി.. അവിടെത്തിയപ്പോൾ അടക്കാറായിരുന്നു.. കെഞ്ചി കാലുപിടിച്ച് കുപ്പി വാങ്ങി എന്റെ അരയിൽ വച്ചു…ലുങ്കിയാണ് ഉടുത്തിരുന്നത്..തിരിച്ചു വരുന്നേരം പോലീസ് ചെക്കിങ്.. മൂന്ന് പേര് ബൈക്കിൽ വരുന്നത് കണ്ടാൽ പെറ്റി ഉറപ്പാ… ഏറ്റവും പുറകിലിരുന്ന എന്നോട് ഇറങ്ങി നിൽക്കാൻ പറഞ്ഞു… ഉണ്ണിയെ കുറച്ചു അപ്പുറം കൊണ്ട് വിട്ടിട്ട് തിരിച്ചു വന്നിട്ട് എന്നെ കൂട്ടാമെന്ന്.. ഞാൻ ഇറങ്ങി.. അപ്പൊ കുപ്പി നിലത്തു വീണ് പൊട്ടി…”
“അതെങ്ങനെ?”
“വീഴുമ്പോൾ താങ്ങാൻ അടിയിൽ ഒന്നും ഇട്ടിട്ടുണ്ടായിരുന്നില്ല…”
കിഷോർ ഉറക്കെ ചിരിച്ചു…
“എന്നിട്ട്?”
“എന്നിട്ടെന്താ…വേറെ കുപ്പി വാങ്ങാൻ പൈസ ഇല്ല.. ആരോടെങ്കിലും കടം മേടിച്ച് വാങ്ങാമെന്ന് വച്ചാൽ ബീവറേജ് അടക്കുകയും ചെയ്തു… അന്നേരം തൊട്ട് തുടങ്ങിയ ചീത്തവിളിയാ .. അവർക്ക് മടുക്കും വരെ… ഇപ്പൊ തൊണ്ട വരണ്ടപ്പോൾ നിർത്തിയതാ… ബാക്കി നാളെ തരാമെന്ന് പറഞ്ഞു..”
“നീ ഇപ്പോഴും സ്വാതന്ത്രനായാണോ നടപ്പ്..? പണിയെടുത്ത് കാശുണ്ടാക്കുന്നുണ്ടല്ലോ? രണ്ട് ജട്ടി വാങ്ങിക്കൂടെ?”
“എനിക്കത് അലർജിയാ… അത്യാവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ… ഇത് രാത്രി ആണല്ലോ,.. പെട്ടെന്ന് പ്ലാൻ ചെയ്തതും ആയിരുന്നു..ഇങ്ങനൊരു അപകടം പ്രതീക്ഷിച്ചിരുന്നെങ്കിൽ രണ്ടെണ്ണം ഇട്ടേനെ…. സാരമില്ല… പോയത് പോയി..ഇന്ന് കുടിക്കാൻ യോഗമില്ല..അതു പോട്ടെ അച്ചു ഉറങ്ങിയോ?”
“ഇല്ല.. ഇവിടെ അടുത്തിരുന്നു ചിരിക്കുന്നുണ്ട്… ഫോൺ ലൗഡ്സ്പീക്കറിൽ ആണ്..”
“ങേ… പട്ടീ…. എന്നോട് ഈ ചതി വേണ്ടായിരുന്നു..”
പ്രജിത്ത് ഫോൺ കട്ട് ചെയ്തു… അർച്ചന വാ പൊത്തി ചിരിക്കുകയാണ്…
“ഇനി രണ്ടു ദിവസത്തേക്ക് അവനെ നോക്കണ്ട… നിന്റെ മുന്നിൽ നിൽക്കാൻ നാണം ഉണ്ടാകും…”
“ഞാൻ കേട്ടു എന്ന് പറയണ്ടായിരുന്നു..”
“അങ്ങനെങ്കിലും അവന്റെ ആ സ്വഭാവം മാറട്ടെ… ഇനി മേലിൽ അണ്ടർവെയർ ഇടാതെ പുറത്തിറങ്ങരുത്…”
കിഷോർ എഴുന്നേറ്റു…
“വാ… ഉറങ്ങാം.. നേരം ഒരുപാട് ആയി..”
മുൻവശത്തെയും പിറകിലെയും വാതിലുകൾ അടച്ച് ലൈറ്റും ഓഫ് ചെയ്ത് അർച്ചന മുറിയിലേക്ക് വന്നപ്പോഴേക്കും കിഷോർ കട്ടിലിൽ കയറിക്കിടന്നിരുന്നു…. അവൾ ഒന്ന് പരുങ്ങി നിന്നു… വളരെ ചെറിയ കട്ടിൽ ആണത്… കിഷോറിന്റെ വീട്ടിലുള്ളതിന്റെ പാതി വലിപ്പം പോലുമില്ല… അടുത്ത് കിടന്നാൽ അവനിഷ്ടപ്പെടുമോ എന്നൊരു സംശയം… അകൽച്ച കുറഞ്ഞിട്ടും, എന്തോ ഒരു ഭയവും ഉണ്ട്… നിലത്തു കിടന്നാലോ എന്നവൾ ഒരു നിമിഷം ആലോചിച്ചു..
“കിടക്കുന്നില്ലേ? ” ചുമരിന്റെ അടുത്തേക്ക് നീങ്ങികിടന്ന് അവൾക്ക് സ്ഥലം ഒരുക്കി അവൻ ചോദിച്ചു…അനുസരിക്കുകയെ നിവൃത്തി ഉള്ളൂ… ഹൃദയം പെരുമ്പറ മുഴക്കുന്നു… അവൾ കതകടച്ച് ലൈറ്റ് ഓഫ് ചെയ്തു പതിയെ വന്നു കിടന്നു…
“ശ്വേത നിന്നെ വിളിച്ചിരുന്നോ?”
“ഉച്ചയ്ക്ക് ഞാൻ വിളിച്ചിരുന്നു.”
“നീയും അവളും നല്ല കൂട്ടല്ലേ? ഒരു കല്യാണം കഴിക്കാൻ നിർബന്ധിക്ക്.. എത്രകാലം ഒറ്റത്തടിയായി കഴിയും?.. ഞങ്ങള് കുറേ ആയി പറയുന്നു… കേൾക്കുന്നില്ല..”
“ഞാൻ ചോദിച്ചതാ… മനസിന് പിടിച്ച ആരെയെങ്കിലും കാണട്ടെ അപ്പൊ ആലോചിക്കാമെന്ന് പറഞ്ഞു..”
“സംസാരിച്ച് അവളെ തോല്പിക്കാൻ പറ്റില്ല..”
“കിഷോറേട്ടാ?”
“ഉം?”
“ശ്രീകലചേച്ചി ഇപ്പൊ എവിടാ?”
“തിരുവനന്തപുരം… അവളുടെ ഹസ്ബൻഡ് അവിടെ സിവിൽ എഞ്ചിനീയർ ആണ്…”
“ആ ചേച്ചിയുടെ വിവാഹം കഴിഞ്ഞ ശേഷം നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ?”
“ഇല്ല… ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം…”
“ശരിക്കും ആ ചേച്ചി എത്ര ലക്കിയാ… പിരിഞ്ഞിട്ടും ഇപ്പോഴും കിഷോറേട്ടൻ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ എത്രത്തോളം ആഴത്തിലുള്ള ബന്ധം ആയിരുന്നിരിക്കും?”
“ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് നിന്നോടാര് പറഞ്ഞു?”
കിഷോർ ദേഷ്യപ്പെട്ടു.. അവൾ ഒന്നും മിണ്ടിയില്ല..
“മറക്കാൻ ശ്രമിക്കുകയാ… നീയായിട്ട് ഓർമിപ്പിക്കാതിരുന്നാൽ മതി..”
“അതുകൊണ്ടല്ല… എന്നെങ്കിലും, എന്റെ സ്ഥാനത്ത് ആ ചേച്ചി ആയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് കിഷോറേട്ടൻ ചിന്തിച്ചു പോയാൽ പിന്നെ ഞാനീ താലിയും അണിഞ്ഞു നടക്കുന്നതിൽ അർത്ഥം ഉണ്ടാവില്ല…”
അവളുടെ ശബ്ദം ഇടറി.. കിഷോർ അവളുടെ നേരെ ചരിഞ്ഞു കിടന്നു..
“ഒരിക്കലും ഞാൻ അങ്ങനെ താരതമ്യം ചെയ്യില്ല..”
“ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… നാളെ എന്താവുമെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ..ഞാനൊരു സാധാരണ പെണ്ണാ.. വല്യ പഠിപ്പും വിവരവും ഒന്നുമില്ല… പ്രത്യേകിച്ച് കഴിവുകളുമില്ല… ഈ ചെറിയ വീടും നിങ്ങളുടെ സൂപ്പർമാർക്കറ്റും മാത്രമായിരുന്നു എന്റെ ലോകം….”
കിഷോർ അവളുടെ മുഖം തനിക്കു നേരെ തിരിച്ചു… മുറിയിലേക്ക് അരിച്ചിറങ്ങുന്ന നേരിയ നിലാവെളിച്ചതിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു… പതിയെ തലയുയർത്തി അവൻ അർച്ചനയുടെ നെറ്റിയിൽ അധരങ്ങൾ അമർത്തി…. ഭർത്താവിന്റെ ആദ്യചുംബനം….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു….ഈറൻമിഴികൾക്ക് മേലെയും കവിളിലും അവൻ ഉമ്മ
വച്ചു… പിന്നെ മലർന്ന് കിടന്ന് അവളുടെ ശിരസ് തന്റെ നെഞ്ചിലേക്ക് എടുത്തു വച്ചു.
“അച്ചൂ…”
“എന്തോ..”
“ഞാൻ സ്വയം മാറാൻ ശ്രമിക്കുകയാണ്…അതിന് നീ കൂടെയുണ്ടാവണം.. എന്നും..”
മറുപടി ഉണ്ടായില്ല.. പക്ഷേ അവളുടെ ശരീരം വിറയ്ക്കുന്നത് കണ്ടപ്പോൾ നിശബ്ദമായി കരയുകയാണ് എന്ന് അവന് മനസിലായി… പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല.. അവളുടെ മുടിയിലൂടെ അരുമയായി തഴുകിക്കൊണ്ട് അവൻ കണ്ണുകളടച്ചു….
രാവിലെ ആദ്യം ഉണർന്നത് അർച്ചനയാണ്.. താൻ അപ്പോഴും കിഷോറിന്റെ നെഞ്ചിൽ തലവച്ചു കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ അവൾക്ക് ലജ്ജ തോന്നി…. അവൻ നല്ല ഉറക്കത്തിലാണ്… തന്നെ ചുറ്റിപ്പിടിച്ച കൈ പതിയെ എടുത്ത് മാറ്റി അവൾ എഴുന്നേറ്റു… ഒരു നിമിഷം അവനെ നോക്കി നിന്ന ശേഷം അടുക്കളയിലേക്ക് നടന്നു…. തലേന്ന് കിഷോർ കൊണ്ട് വന്ന സഞ്ചി തുറന്ന് പുട്ട് പൊടി പുറത്തെടുത്തു വച്ചു… പിന്നെ പച്ചക്കറികളും…പുട്ടും വെജിറ്റബിൾ കുറുമയും തയ്യാറാക്കി… രാത്രിയിലെ ചിക്കൻ കറി ചൂടാക്കിയും വച്ചു… അതിന് ശേഷം പോയി കുളിച്ചു വന്നപ്പോഴേക്കും കിഷോർ എഴുന്നേറ്റു കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു…
“കിഷോറേട്ടന് രാവിലെ പത്രം വായിക്കുന്ന ശീലം ഉണ്ടല്ലേ,..? ഇവിടെ വരുത്താറില്ല..”
മുടിയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു കൊണ്ട് അവൾ പറഞ്ഞു..
“സാരമില്ല.. ജാനി എഴുന്നേറ്റില്ലേ?”
“ഇല്ല… നമ്മൾ ഇവിടെ ഉള്ളത് കൊണ്ട് ഇന്ന് സ്കൂളിൽ പോകുന്നില്ല എന്ന് ഇന്നലെ രാത്രിയിലേ അവൾ പറഞ്ഞിരുന്നു..”
“അത് നന്നായി..”
“മിക്കവാറും ഇവിടുന്ന് ഇറങ്ങുമ്പോൾ കരഞ്ഞു ബഹളം ഉണ്ടാക്കും.. എന്നെക്കാൾ ഇപ്പൊ കിഷോറേട്ടനോടാ അടുപ്പം…”
“നോക്കാം… നിന്റെ അച്ഛനോ..?”
“എഴുന്നേറ്റു പറമ്പിലേക്ക് പോയിട്ടുണ്ട്.. ഇന്നലെ അവിടുന്ന് അച്ഛൻ വിളിച്ചപ്പോൾ മാവിൻ തൈ വേണമെന്ന് പറഞ്ഞിരുന്നു..”
“എല്ലായിടത്തു നിന്നും ഇതുപോലെ ഓരോന്ന് കൊണ്ടുവന്ന് നടും.. പിന്നെ തിരിഞ്ഞ് നോക്കില്ല.. അമ്മയ്ക്കാ പണി കിട്ടുക… “
“സാരമില്ല.. അച്ഛന്റെ ആഗ്രഹമല്ലേ…?”
കിഷോർ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു…അവൻ തിരിച്ചു വന്നപ്പോൾ ജനനി അവിടെ നില്കുന്നുണ്ട്… മുഖത്ത് ഇന്നലത്തെ തെളിച്ചമില്ല.. ഒരു വിഷാദം…
“എന്തു പറ്റി ജാനിക്കുട്ടീ?”
അവളെ എടുത്ത് കട്ടിലിൽ ഇരുത്തി അവൻ ചോദിച്ചു..
“കൊച്ചച്ഛൻ ഇന്ന് പോകും അല്ലേ?”
“പിന്നെ പോകാതെ,? ഒരുപാട് ജോലിയുണ്ട്…”
“ഇനിയെപ്പോഴാ വരിക?”
“അതൊക്കെ വരാം… മോള് പോയി പല്ല് തേച്ച് കുളിച്ചിട്ട് വാ… ചായ കുടിക്കണ്ടേ?”
“അച്ചൂമ്മയെ കൊണ്ടുപോകുന്നുണ്ടോ?”
“ജാനിക്ക് വേണോ അച്ചൂമ്മയെ?”
“എനിക്ക് രണ്ടാളെയും വേണം..”
കിഷോർ ചിരിയോടെ അവളുടെ കവിളിൽ ഉമ്മ
വച്ചു..
“ആലോചിക്കാം… എന്തായാലും പോയി കുളിക്ക്… എനിക്ക് വിശക്കുന്നു…”
അവൾ പുറത്തേക്ക് പോയി… പത്തു മണിയോടെ അവർ തിരിച്ചു പോകാൻ തയ്യാറായി… അർച്ചനയെ സാരിയുടുക്കാൻ സഹായിച്ചത് കിഷോറാണ്…
“ഇതൊരു ശീലമാക്കണ്ട.. പെട്ടെന്ന് പഠിച്ചോണം…”
“എനിക്ക് സാരി ഇഷ്ടമല്ല…”
“സാരിയുടുത്താൽ നിന്നെ കാണാൻ കുറച്ചു പക്വത തോന്നിക്കുന്നുണ്ട്… വേറെ വല്ല ഡ്രസ്സുമാണെങ്കിൽ എന്നെ പോലീസ് പിടിക്കും.. ശൈശവ വിവാഹം ആണെന്ന് പറഞ്ഞ്..”
“പിന്നേ… ഞാൻ കൊച്ചു കുഞ്ഞല്ലേ…”
“കണ്ടാൽ അങ്ങനെയേ പറയൂ… അതുകൊണ്ടല്ലേ അച്ഛനും അമ്മയും നിന്നെ തലയിൽ വച്ചു കൊഞ്ചിക്കുന്നെ?”
അവൾ കോപത്തോടെ പുറത്തേക്ക് നടക്കാൻ തുടങ്ങി..
“ഒന്ന് നിന്നേ…”
അവൾ തിരിഞ്ഞു…
“എന്താ?”
അവൻ പേഴ്‌സ് തുറന്ന് കുറച്ച് പണം എടുത്ത് അവൾക്ക് നീട്ടി..
“ഇതെന്തിനാ?”
“നിന്റെ അച്ഛന് കൊടുക്ക്… ഞാൻ കൊടുത്താൽ വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകും…”
“വേണ്ട.. ശരിയാവില്ല.”
“നീ ജോലിക്ക് പോയിരുന്നപ്പോൾ കൊടുക്കാറുണ്ടായിരുന്നില്ലേ? പിന്നെന്താ?”
“അതുപോലെ ആണോ ഇത്? “
“അതെ…കൂടുതൽ ഡയലോഗ് അടിക്കാതെ കൊണ്ടു കൊടുക്ക്…”
അവൻ മുറിയിൽ നിന്നിറങ്ങി ജനനിയെ വിളിച്ചു… വരാന്തയിൽ വീർപ്പിച്ച മുഖവുമായി ഇരിക്കുകയായിരുന്ന ജനനി അകത്തേക്ക് വന്നു….
“ഇന്നലെ കൊച്ചച്ഛൻ കൊണ്ടുവന്ന കുപ്പായം ഇല്ലേ?. അത് ഇട്ടിട്ട് വാ.. “
“എന്തിനാ?”
“മോളല്ലേ പറഞ്ഞത് ഞങ്ങളെ രണ്ടാളേം വേണമെന്ന്?”
അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി..
“എന്നാൽ പിന്നെ പറഞ്ഞത് അനുസരിക്ക്..”
ഒന്നും മനസിലായില്ലെങ്കിലും അവൾ മുറിയിലേക്കോടി… അർച്ചന അവനെ തന്നെ നോക്കി നിൽക്കുകയാണ്..
“മിഴിച്ചു നില്കാതെ മോൾക്ക് അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് വയ്ക്കെടീ… നേരം വൈകുന്നു.. “
“എനിക്കൊന്നും മനസിലാകുന്നില്ല കിഷോറേട്ടാ..”
“അവൾ നമ്മുടെ കൂടെ വരുന്നു… നമ്മുടെ വീട്ടിലേക്ക്…. ഇതിലെന്താ ഇത്ര മനസിലാക്കാൻ?”
അവൻ പുഞ്ചിരിച്ചു…
“നീ ഞെട്ടണ്ട.. ഞാനെടുത്ത തീരുമാനവും അല്ല.. അച്ഛനും അമ്മയും പറഞ്ഞിട്ടാ…”
“എന്നാലും… അതൊന്നും ശരിയാവില്ല മോനേ… ആളുകൾ എന്തു കരുതും?”
മാവിൻ തൈകൾ പ്ലാസ്റ്റിക് കവറിൽ ഇട്ട് നിലത്തു വച്ചു കൊണ്ട് കൃഷ്ണൻ ചോദിച്ചു..
“എന്തു കരുതാൻ….? പറയുന്നവരുടെ അടുത്തല്ലല്ലോ… ഞങ്ങളുടെ വീട്ടിലേക്ക് അല്ലേ? പിന്നെ വേറൊന്നു കൂടി പറയാൻ മറന്നു… ഇവിടെ അടുത്തുള്ള ഒരു സ്ത്രീയോട് ജോലിക്ക് വരാൻ ഏല്പിച്ചിട്ടുണ്ട്… പാചകവും വീട് വൃത്തിയാക്കലുമെല്ലാം അവർ ചെയ്തോളും…ഈ അസുഖങ്ങളും കൊണ്ട് അച്ഛൻ അടുക്കളയിൽ പുക കൊള്ളാൻ നിൽക്കണ്ട… ആരോഗ്യം ശ്രദ്ധിച്ചാൽ മാത്രം മതി…. പേടിക്കണ്ട… എനിക്കറിയാവുന്ന സ്ത്രീയാ… എന്റെ കടയിൽ ജോലി ചെയ്യുന്ന പയ്യന്റെ പെങ്ങളാണ്….അവർക്ക് കാശൊന്നും കൊടുത്തേക്കരുത്.. അതൊക്കെ ഞാൻ ചെയ്തോളാം…”
കൃഷ്ണൻ ദയനീയമായി അർച്ചനയെ നോക്കി. അവൾക്കും എന്ത് പറയണമെന്നറിയില്ലായിരുന്നു…
“നിന്നോടല്ലേ പറഞ്ഞേ മോളുടെ സാധനങ്ങൾ പാക്ക് ചെയ്യാൻ?”
അവന്റെ ശബ്ദം ഉയർന്നതോടെ അവൾ മുറിയിലേക്ക് പോയി.. അവൻ കൃഷ്ണന്റെ അടുത്തെത്തി കൈയിൽ പിടിച്ചു..
“സഹതാപം കൊണ്ട് ചെയ്യുന്നതാണെന്ന് കരുതരുത്…ജാനിക്ക് ഒരു സ്ത്രീയുടെ ശ്രദ്ധ ആവശ്യമാണ്… അമ്മയില്ലാത്ത കുഞ്ഞല്ലേ ? എന്റെ വീട്ടിലാണെങ്കിൽ അർച്ചനയും അമ്മയും ഉണ്ടല്ലോ…”
“എന്നാലും….”
“വെറുതെ കാട് കയറി ചിന്തിക്കണ്ട… ഇതൊക്കെ അച്ഛൻ പണ്ടേ പ്ലാൻ ചെയ്തതാണെന്ന് പറയാൻ പറഞ്ഞു..”
കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. തികച്ചും നിസ്സഹായരാവുന്ന സമയത്ത് ദൈവം ആരുടെയെങ്കിലും രൂപത്തിൽ വരുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് അയാൾക്ക് തോന്നി… അമ്മ നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികളെ ഒരുപാട് ബുദ്ധിമുട്ടിയാണെങ്കിലും വളർത്തിയിരുന്നു. പക്ഷേ ഇപ്പോൾ വയസ്സായി… അസുഖങ്ങൾ ശരീരത്തെ തളർത്തി…ഒരു എട്ടുവയസുകാരിയെ നോക്കാനുള്ള കഴിവ് തനിക്കു ഇല്ലല്ലോ എന്നോർത്തു ഒരുപാട് രാത്രികളിൽ കരഞ്ഞിട്ടുണ്ട്… വിവാഹത്തിന് മുൻപ് ബാലൻ വാക്ക് തന്നതാണ് കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാക്കാമെന്ന്. വെറുതെ പറഞ്ഞതാണെന്ന് കരുതി ഒന്നും പ്രതീക്ഷിച്ചില്ല . പക്ഷേ ഇതാ, തന്റെ പഴയ കൂട്ടുകാരൻ വാക്ക് പാലിച്ചിരിക്കുന്നു….
ജനനി പെട്ടെന്ന് തന്നെ റെഡി ആയി… അർച്ചന അവളുടെ കുറച്ചു സാധനങ്ങൾ പാക്ക് ചെയ്തു.. എല്ലാം എടുത്ത് ബൈക്കിൽ പോകാൻ പറ്റില്ല… കൃഷ്ണൻ ജനനിയെ കെട്ടിപ്പിടിച്ചു ഉമ്മ
വച്ചു…
“ഇവര് പറയുന്നതൊക്കെ അനുസരിക്കണം.. കുസൃതി കാട്ടരുത്…”
അവൾ തലയാട്ടി…അർച്ചന പൈസ അയാളുടെ പോക്കറ്റിൽ വച്ചു കൊടുത്തു.. തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല… യാത്ര പറഞ്ഞ് അവർ കയറിയ ബൈക്ക് ദൂരേക്ക് പോകുമ്പോൾ കൃഷ്ണൻ പ്രാർത്ഥിച്ചു..
“ഈശ്വരാ… എന്റെ കുഞ്ഞുങ്ങൾക്ക് എന്നും നല്ലത് മാത്രം വരുത്തണേ…”
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission