കടയിൽ നിന്നു കുറച്ചു നേരത്തെ വീട്ടിൽ എത്തിയതായിരുന്നു കിഷോർ… ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ബെൽ അടിച്ചു..അർച്ചനയാണ് വാതിൽ തുറന്നത്.. മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു കളഞ്ഞ് അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു…
“കുറെ നേരമായോ വന്നിട്ട്? സോറി.. ഞാൻ ബാത്റൂം കഴുകുകയായിരുന്നു..”
“ഇല്ല.. ഇപ്പോൾ വന്നതേയുള്ളു.. അമ്മ എവിടെ?”
“ഏതോ കൂട്ടുകാരിയുടെ മകൾ പ്രസവിച്ചു.. ഹോസ്പിറ്റലിൽ കുഞ്ഞിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞു…”
“നീ ഊണ് കഴിച്ചോ?”..
“ഇല്ല… ജോലി തീർത്തിട്ട് കഴിക്കാമെന്ന് കരുതി…കിഷോറേട്ടന് ഊണ് എടുത്ത് വയ്ക്കട്ടെ..?”
“വേണ്ട.. നീ പെട്ടെന്ന് റെഡിയാക്.. നമുക്ക് ഒരിടം വരെ പോകാം..”
“എവിടെക്കാ?”
“അറിഞ്ഞാലേ വരൂ?”
അവൻ ദേഷ്യപ്പെടാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് മുകളിലേക്ക് കയറി… കിഷോർ ഹാളിലിരുന്നു ടീവി ഓൺ ചെയ്തു.. കുളി കഴിഞ്ഞ് ഡ്രസ്സ് തിരയുന്ന സമയത്തൊക്കെ എവിടേക്ക് ആയിരിക്കും പോകുക എന്നവൾ സ്വയം ചോദിച്ചു… കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം ആയി… ആകെ പുറത്ത് പോയത് തന്റെ വീട്ടിലേക്കും പിന്നെ അമ്പലത്തിലേക്കുമാണ്..ലെഗ്ഗിങ്‌സും ടോപ്പും ഇട്ട ശേഷം അവൾ ഫോണെടുത്ത് ശ്വേതയെ വിളിച്ചു…
“ചേച്ചി തിരക്കിലാണോ?”
“അല്ലെടീ… പറഞ്ഞോ…കിച്ചു കടയിൽ പോയില്ലേ? “
“നേരത്തെ വന്നു.. പുറത്ത് പോണം പെട്ടെന്ന് റെഡി ആകാൻ പറഞ്ഞു..”
“ആഹാ… കൊള്ളാലോ….എവിടേക്കാ.?”
“അതറിയില്ല..”
“പോയിട്ട് വാ… ഇതൊക്കെ നല്ല മാറ്റങ്ങളാ.. ഞാൻ പറഞ്ഞില്ലെടീ.. എല്ലാം ശരിയാകും.. നീയും മാറാനുണ്ട്.. ഇച്ചിരി ബോൾഡ് ആകണം..നോക്കിക്കോ… അടുത്ത തവണ ഞാൻ നാട്ടിൽ വരുമ്പോഴേക്കും നിങ്ങൾ തമ്മിൽ പൂർണമായും അടുത്തിരിക്കും..”
“ചേച്ചി എപ്പോഴാ ഇങ്ങോട്ട് വരുന്നേ?”
“കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. അതിന് ശേഷം വരാം…എന്തായാലും ഓൾ ദി ബെസ്റ്റ്..”
അവൾ ഫോൺ വച്ചു… അർച്ചനയുടെ ഏറ്റവുമടുത്ത സുഹൃത്ത് ഇപ്പോൾ ശ്വേതയാണ്… അവൾ നാട്ടിൽ നിന്ന് ചെന്നൈക്ക് തിരിച്ചു പോകുമ്പോൾ അർച്ചന കരയുന്നത് കണ്ട് എല്ലാവരും കളിയാക്കിയിരുന്നു…പക്ഷേ അവളുടെ മനസ്സറിയാവുന്ന ശ്വേത അതിന് ശേഷം എന്നും പല തവണ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും…
“നീ ഇതുവരെ ഒരുങ്ങിയില്ലേ?”
കിഷോറിന്റെ ചോദ്യം കേട്ട് അവൾ ഞെട്ടിപ്പോയി.. അവൻ വാതിൽക്കൽ നിൽപ്പുണ്ട്…
“കഴിഞ്ഞു..”
“ഈ ഡ്രെസ്സോ?.. സാരിയൊന്നും ഇല്ലേ?”
അവൾ ഒന്നു പരുങ്ങി… കിഷോർ അലമാര തുറന്ന് ഒരു കവർ എടുത്തു അവൾക്കു നേരെ നീട്ടി… അവൾ തുറന്ന് നോക്കി..മയിൽപ്പീലി കളറുള്ള സാരിയും ബ്ലൗസും…
“ഇത് ഇട്… ഞാനൊന്നു കുളിച്ചിട്ട് വരാം…”
അവൻ ടവ്വൽ എടുത്ത് ബാത്‌റൂമിൽ കയറി.. അർച്ചന ആകെ കുഴങ്ങി നിൽക്കുകയാണ്.. സാരി ഉടുക്കാൻ അറിയില്ല എന്ന് അവനോട് പറയാൻ ചമ്മൽ… പിന്നെ ഇച്ചിരി പേടിയും….അമ്മ ഉണ്ടായിരുന്നെങ്കിൽ സഹായം ചോദിക്കാമായിരുന്നു…കിഷോർ കുളിച്ചു വന്നപ്പോഴും അവൾ അത് കയ്യിൽ പിടിച്ചു നിൽക്കുകയാണ്..
“എന്തേ?”
“എനിക്ക് സാരിയുടുക്കാൻ അറിയില്ല..”
അവൾ പറഞ്ഞൊപ്പിച്ചു…അവൻ ആശ്ചര്യത്തോടെ ഒരുനിമിഷം നോക്കി നിന്നു…
“കല്യാണത്തിന് ഉടുത്തില്ലായിരുന്നോ?”
“അത് മറ്റുള്ളവർ സഹായിച്ചിട്ടാ…”
“ശരി.. ഞാൻ ഹെല്പ് ചെയ്യാം…”
മേശപ്പുറത്തെ പ്ലാസ്റ്റിക് ബോക്സ് തുറന്ന് അവൻ സേഫ്റ്റിപിന്നുകൾ എടുക്കുന്നത് കണ്ടപ്പോൾ അവൾ കവറും കൊണ്ട് ബാത്‌റൂമിൽ കയറി.. പെട്ടെന്ന് തന്നെ അടിപ്പാവാടയും ബ്ലൗസും ധരിച്ചു പുറത്ത് വന്നു.. സാരിയുടെ അറ്റം എടുത്ത് കുത്തി… കിഷോർ ശ്രദ്ധാപൂർവ്വം ഉടുപ്പിച്ചു തുടങ്ങി.. വിരലുകൾ കൊണ്ട് ഞൊറിവുകളെടുക്കുന്ന അവനെത്തന്നെ അവൾ നോക്കി നിന്നു…
“ഇത് അവിടെ, അകത്തേക്ക് തിരുകി വയ്ക്ക്..”
അവൻ അർച്ചനയുടെ വയറിനു നേരെ വിരൽ ചൂണ്ടി…. അവൾ അനുസരിച്ചു…സേഫ്റ്റിപിന്നുകൾ കുത്തിയത് അർച്ചന തന്നെയാണ്… തറയിൽ ഇരുന്ന് പ്ലീറ്റ്സ് നേരെയാക്കുന്ന അവനെ കണ്ടപ്പോൾ എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു..പത്തു മിനിട്ടോളം എടുത്തു എല്ലാം കഴിയാൻ… രണ്ടടി പിന്നോട്ട് മാറി നിന്ന് അവൻ അവളെയൊന്നു നോക്കി..
“കൊള്ളാം… നന്നായി ചേരുന്നുണ്ട്…”
” സാരിയുടുപ്പിച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ..?”
ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും കിഷോർ അത് കേട്ടു..
“ഉണ്ട്… എനിക്ക് പച്ചക്കറിക്കട തുടങ്ങും മുൻപ് ഇതായിരുന്നു പണി…മുടിയൊന്ന് ചീകിയിട്ട് ഇറങ്ങാൻ നോക്ക്..”
അവൻ പുറത്തേക്കിറങ്ങിയപ്പോൾ അർച്ചന ഒന്ന് ചിരിച്ചു.ശ്വേതചേച്ചി പറഞ്ഞത് ശരിയാണ്… എല്ലാം മാറി വരുന്നുണ്ട്… പക്ഷേ ഉള്ളിൽ ഒരു ഭയം… സ്നേഹിച്ച് തുടങ്ങിയിട്ട് ഒടുക്കം വേദനിക്കേണ്ടി വരുമെന്ന് ആരോ മന്ത്രിക്കുന്നത് പോലെ,…
വീടു പൂട്ടി ഇറങ്ങും മുൻപ് അവൾ ബാലനെയും കൗസല്യയെയും വിളിച്ചു അനുവാദം വാങ്ങി… കിഷോർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കാത്തിരിക്കുന്നുണ്ടായിരുന്നു… അവൾ അതിൽ കയറി… നേരെ പോയത് അവന്റെ വെജിറ്റബിൾ ഷോപ്പിലേക്ക് ആയിരുന്നു.. നല്ല തിരക്കുണ്ട്… ജോലിക്കാർ അവളെ കണ്ട് ബഹുമാനത്തോടെ ചിരിച്ചു… അവർക്ക് എന്തൊക്കെയോ നിർദേശങ്ങൾ നൽകിയശേഷം അടുത്തതായി പോയത് കുറച്ചു അകലെയുള്ള റെസ്റ്റോറന്റിലേക്ക് ആണ്…
“എന്താ കഴിക്കാൻ വേണ്ടത്?”
അവൻ ചോദിച്ചു..
“എന്തായാലും കുഴപ്പമില്ല…”
ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓർഡർ ചെയ്ത് അവൻ അർച്ചനയെ നോക്കി..
“നിന്റെ വീട്ടിലേക്ക് ഒന്ന് പോയാലോ? കുറച്ചു നാളായില്ലേ അവരെ കണ്ടിട്ട്..”
അവൾ സന്തോഷത്തോടെ തലയാട്ടി…. ഒരുപാട് കൊതിച്ചതാ അച്ഛനെയും ജാനി മോളെയും കാണാൻ… അടുത്ത ഞായറാഴ്ച്ച അനുവാദം വാങ്ങി അവിടേക്കു പോകണം എന്ന് ഇന്നലെയും ആലോചിച്ചതാണ്… അവൾക്കു കിഷോറിനോട് അതിരറ്റ സ്നേഹവും ബഹുമാനവും തോന്നി… ഭക്ഷണം കഴിച്ച് കഴിഞ്ഞ് പിന്നെ പോയത് പാർക്കിലേക്കാണ്… ചെടിപ്പടർപ്പുകൾക്ക് താഴെയുള്ള ബെഞ്ചിൽ രണ്ടുപേരും ഇരുന്നു….
“നിനക്ക് എന്നോട് വെറുപ്പുണ്ടോ?”
മുഖവുരയൊന്നും കൂടാതെ കിഷോർ ചോദിച്ചു..
“എന്തിന്?”
“പഴയ പ്രണയത്തിന്റെ പേരും പറഞ്ഞു നിന്നെ അവഗണിക്കുന്നത് കൊണ്ട്…”
അവൾ കിഷോറിന്റെ കണ്ണുകളിലേക്ക് നോക്കി…
“ആര് പറഞ്ഞു എന്നെ അവഗണിക്കുന്നു എന്ന്? എന്റെ എല്ലാ കാര്യങ്ങളും കിഷോറേട്ടൻ ശ്രദ്ധിക്കുന്നുണ്ടല്ലോ?… കൂടാതെ അച്ഛനും, അമ്മയും, ശ്വേതചേച്ചിയും പ്രജിയേട്ടനും എല്ലാവരും കൂടെയുണ്ട്… ഞാൻ ഹാപ്പിയാണ്…”
കോളേജ് സ്റ്റുഡന്റ്സ് എന്ന് തോന്നിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും അവർ ഇരുന്നതിന്റെ എതിർവശം ഇരിപ്പുണ്ട്… കമിതാക്കൾ ആണെന്ന് കണ്ടാലറിയാം… ആ പെൺകുട്ടിയുടെ മുഖത്ത് ചെറിയ പരിഭ്രമം ഉണ്ട്… ആരെങ്കിലും കാണുന്നുണ്ടോ എന്ന് അവൾ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്…
“പഠിക്കുന്ന കാലം തൊട്ട് അറിയാമെങ്കിലും ഞാനും ശ്രീക്കുട്ടിയും ഇഷ്ടത്തിലാകുന്നത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞിട്ടാണ്…”
കിഷോർ പിന്നിലോട്ട് ചാഞ്ഞിരുന്ന് കൈകൾ മാറിൽ കെട്ടി…
“അന്ന് ഞാൻ പാതി തൊഴിൽരഹിതൻ ആയിരുന്നു… എന്നുവച്ചാൽ സ്ഥിരവരുമാനം ഇല്ല.. നല്ലൊരു ജോലി തേടിക്കൊണ്ടിരിക്കുമ്പോ ഇടയ്ക്ക് ചിലവിന് കാശുണ്ടാക്കാൻ പ്രജിയും ഞാനും പല പണികൾക്കും പോകും.. ശ്രീക്കുട്ടിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പെയിന്റിംഗിന് പോയപ്പോഴാണ് അവളെ വീണ്ടും കണ്ടത്…പഴയ പരിചയം പുതുക്കി… പിന്നത് സൗഹൃദമായി… ഒടുവിൽ പ്രണയവും… ഒന്നു ചേരാൻ ബുദ്ധിമുട്ട് ആണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു എങ്കിലും ആ സമയത്ത് അതൊന്നും ചിന്തിച്ചില്ല…വലിയൊരു തറവാട്ടിലെ കുട്ടിയാ.. അവരെ അപേക്ഷിച്ചു താഴ്ന്ന ജാതിക്കാരനായ എനിക്ക് അവളെ കെട്ടിച്ചു തരുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു… പക്ഷേ, പ്രണയിക്കുന്ന സമയത്ത് അതൊന്നും കാര്യമാക്കിയില്ല…. എനിക്ക് അവൾ എല്ലാത്തിലും നല്ല സപ്പോർട് ആയിരുന്നു.. നല്ലൊരു ജോലി കണ്ടെത്താൻ അവളും പ്രയത്നിച്ചു.. ഒരു ഡാൻസ് സ്കൂളിൽആയിരുന്നു അവൾക്ക് ജോലി… എല്ലാ കൂട്ടുകാരോടും എനിക്ക് ജോലി കിട്ടാൻ അവൾ കെഞ്ചുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയിട്ടുണ്ട്… നല്ലൊരു നിലയിലെത്തിയാൽ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാം എന്നൊരു വിശ്വാസം അവൾക്കു ഉണ്ടായിരുന്നു…. അന്ന് നമുക്ക് ഈ സൂപ്പർ മാർക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല കേട്ടോ… ചെറിയൊരു കട..ടൗണിലൊന്നുമല്ല, നമ്മുടെ തൊട്ടടുത്ത കവലയിൽ…. പ്രജിയുടെ ഒരു ബന്ധു വഴി ഖത്തറിലേക്ക് ഒരു വിസ കിട്ടി ഞാൻ പോയി. ആ സമയത്ത് അവൾക്ക് കല്യാണലോചനകൾ തുടങ്ങി.. എനിക്ക് വേണ്ടി പരമാവധി അവൾ പിടിച്ചു നിന്നു.. മകൻ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ വീട്ടുകാർക്ക് മുന്നിൽ കുറച്ചു കൂടി സ്റ്റാൻഡേർഡ് കിട്ടാൻ വേണ്ടിയാ തനിക്കു ഓഹരി കിട്ടിയ സ്ഥലം വിറ്റതും വർഷങ്ങളായി ചേർത്തു വച്ച കാശ്ശെടുത്തും അച്ഛൻ സൂപ്പർമാർക്കറ്റ് തുടങ്ങിയത്…. പക്ഷേ എല്ലാം വിഫലമായി… “
കിഷോർ ഒന്ന് നെടുവീർപ്പിട്ടു…
“ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലറിഞ്ഞു… അവളുടെ അച്ഛൻ നേരത്തെ മരിച്ചതാ… അമ്മയും മാമന്മാരുമാ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നെ…. അവർ ഒരിക്കലും സമ്മതിക്കില്ല എന്ന് പറഞ്ഞു… എനിക്ക് വേണ്ടി അച്ഛൻ പെണ്ണ് ചോദിക്കാൻ പോയതാ… തല്ലിയില്ല എന്നേയുള്ളൂ.. ആ പാവത്തിനെ എല്ലാരും ചേർന്ന് ആട്ടിയിറക്കി വിട്ടു… ഞാൻ നാട്ടിലെത്തിയപ്പോഴേക്കും വേറൊരു വിവാഹം അവൾക്ക് നിശ്ചയിച്ചു കഴിഞ്ഞിരുന്നു… എന്റെ കൂടെ ഇറങ്ങി വരാൻ ആവശ്യപ്പെട്ടതാ… പക്ഷേ അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ വളർത്തി വലുതാക്കിയ അമ്മയെ വേദനിപ്പിച്ചു വന്നാൽ നമുക്ക് ജീവിതത്തിൽ ഒരിക്കൽ പോലും സമാധാനം ഉണ്ടാകില്ല എന്ന് പറഞ്ഞു അവൾ എതിർത്തു…. അങ്ങനെ, എന്റെ സ്വപ്‌നങ്ങൾ അവിടെ മരിച്ചു…”
ശ്രീകലയെ അവൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ആ നിറഞ്ഞ കണ്ണുകളിൽ അർച്ചനയ്ക്ക് കാണാമായിരുന്നു…
“എനിക്ക് അവളെ കുറ്റപ്പെടുത്താൻ കഴിയില്ല.. കാരണം ഞാൻ എന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നത് പോലെ തന്നെയായിരിക്കില്ലേ അവൾക്ക് അവളുടെ വീട്ടുകാരും?.. ശ്വേതയും പ്രജിയും എപ്പോഴും ചോദിക്കും, ഒരിക്കലും ഒന്നിക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും പിന്നെന്തിനാ ഈ പണിക്ക് നിന്നതെന്ന്….. അതിന് എനിക്ക് ഉത്തരമില്ല…. ഇതെല്ലാം ഭൂതകാലമാണെന്ന് അറിയാം… ഇനി ഒന്നും തിരിച്ചു കിട്ടുകയുമില്ല… അവളെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്… പൂർണമായും മനസ്സിൽ നിന്ന് അടർത്തി മാറ്റി നിന്നെ സ്നേഹിക്കുന്നതാണ് നല്ലതെന്ന് കരുതിയാ കുറച്ചു അകലം വച്ചത്… അല്ലാതെ നിന്നോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല… “
“എനിക്ക് മനസിലാകുന്നുണ്ട് കിഷോറേട്ടാ.. എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് പറഞ്ഞാൽ ഞാൻ ചെയ്യാം..”
കിഷോർ പതിയെ അവളുടെ കൈ പിടിച്ച് തന്റെ മടിയിൽ വച്ച് അരുമയായി തലോടി..
“വേറൊന്നും ചെയ്യണ്ട… എന്നെ മനസിലാക്കിയല്ലോ… അതു മതി… നിന്റെ ജീവിതം നശിപ്പിക്കുകയാണോ എന്നൊരു കുറ്റബോധം ഉണ്ട്.. “
“ഒരിക്കലുമില്ല… രണ്ട് അറ്റാക്ക് കഴിഞ്ഞ അച്ഛന്റെ ആഗ്രഹപ്രകാരം വിവാഹത്തിന് സമ്മതിച്ച മകളാണ് ഞാൻ… ഇതൊന്നും എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.. ജാനിയുടെയും അച്ഛന്റെയും കാര്യങ്ങളും നോക്കി കഴിഞ്ഞു കൂടുന്നതിനിടയിൽ ഇതെപ്പറ്റി ചിന്തിക്കാൻ സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. പക്ഷേ നിങ്ങളുടെ വീട്ടിൽ വന്നതിന് ശേഷം ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടു… കിഷോറേട്ടൻ എന്നെ വഞ്ചിച്ചിട്ടൊന്നുമില്ലല്ലോ.. പിന്നെന്താ…?”
അവളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ കിഷോറിന് ആശ്വാസം തോന്നി.. മനസ്സിലെ ഭാരമെല്ലാം ഇറങ്ങിയത് പോലെ…
“പോകാം?”
അവൾ തലയാട്ടി… ടൗണിലെ ബേക്കറിയിൽ നിന്നു കുറേ പലഹാരങ്ങൾ വാങ്ങി… ടെക്സ്റ്റെയിൽസ് ഷോപ്പിൽ കയറി ജനനിക്കും കൃഷ്ണനും ഡ്രെസ്സുകളും എടുത്തു… ബൈക്ക് അവളുടെ വീട്ടിലേക്ക് ഓടിക്കൊണ്ടിരിക്കെ കിഷോർ ഒരുപാട് സംസാരിച്ചു… തന്റെ ആഗ്രഹങ്ങളെക്കുറിച്ച്… ബൈക്ക് മാറ്റി ഒരു കാർ വാങ്ങണം, മറ്റൊരു വെജിറ്റബിൾ ഷോപ്പ് കൂടി തുറക്കാനുള്ള പ്ലാൻ ഉണ്ട്.. അതിനായി കടമുറി നോക്കണം..അങ്ങനെ പലതും… അർച്ചന എല്ലാം താല്പര്യത്തോടെ കേട്ടിരുന്നു… അവൻ പറഞ്ഞതിൽ അവൾക്ക് ഏറ്റവും സന്തോഷം നൽകിയത് ശ്വേത ചെന്നൈയിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് വരുന്നുണ്ട് എന്നതാണ്… അവന്റെ കടയുടെ അടുത്ത് ഒരു ഗിഫ്റ്റ് ഷോപ്പ് തുടങ്ങാനാണ് പരിപാടി…. അങ്ങനെ പലതും സംസാരിച്ചു കൊണ്ട് അവർ അവളുടെ വീട്ടിലെത്തി….. കൃഷ്ണൻ മുറ്റത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു… അവരെ കണ്ടപ്പോൾ അയാൾ ആഹ്ലാദത്തോടെ അടുത്ത് വന്നു…
“മക്കളെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.?”
“ടൗണിൽ വരെ വന്നതാ…അപ്പൊ ഇവിടൊന്നു കയറിയിട്ട് പോകാമെന്നു വച്ചു..”
കിഷോർ പറഞ്ഞു…
“ജാനി എവിടെ അച്ഛാ?”
“അകത്തുണ്ട്…. എന്തോ എഴുതുകയാ..”
അർച്ചന അകത്തേക്ക് നടന്നു.. കിഷോർ, കൃഷ്ണനോട് സംസാരിച്ചു കൊണ്ട് വരാന്തയിൽ ഇരുന്നു…ജനനി നിലത്തിരുന്ന് എന്തോ എഴുതുകയാണ്… കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കിയ അവൾ അർച്ചനയെ കണ്ടു…”അച്ചൂമ്മേ… ” എന്നൊരു വിളിയോടെ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു…. അർച്ചനയുടെ നെഞ്ച് പിടഞ്ഞു…. ജനനി വല്ലാതെ മെലിഞ്ഞ് പോയിരുന്നു… മുഖമൊക്കെ കരുവാളിച്ച് എന്തോ അസുഖം വന്നത് പോലെ…..അവൾ നിലത്ത് ഇരുന്ന് ജനനിയെ മടിയിൽ ഇരുത്തി..
“എന്തു പറ്റി അച്ചൂമ്മയുടെ സുന്ദരിക്കുട്ടിക്ക്? ഒന്നും തിന്നാറില്ലേ?”
“എന്തു കൊടുത്താലും അവൾക്ക് വേണ്ട…എനിക്കാണേൽ പിന്നാലെ നടക്കാനുള്ള ആരോഗ്യവുമില്ല… ഒരു പിടി ചോറ് കൊടുത്താൽ അത് മുന്നിൽ വച്ചു മണിക്കൂറുകളോളം ഇരിക്കും.. എന്റെ കണ്ണു തെറ്റിയാൽ അതെടുത്തു കളയും… ഞാനെന്ത് ചെയ്യാനാ മോളേ..?”
വാതിൽക്കൽ നിന്ന് കൃഷ്ണൻ പറഞ്ഞു…
“നേരാണോ ജാനീ..? നീ അപ്പൂപ്പൻ പറഞ്ഞത് അനുസരിക്കാറില്ലേ?”
അർച്ചന കണ്ണുരുട്ടി..
“എനിക്ക് വേണ്ടാഞ്ഞിട്ടാ അച്ചൂമ്മേ…അപ്പൂപ്പൻ എപ്പോഴും ഒരേ കറിയാ തരിക… “
“അപ്പൂപ്പന് വയ്യാഞ്ഞിട്ടല്ലേ? “
“എന്നാൽ അച്ചൂമ്മ ഇവിടെ നിൽക്ക്… എങ്ങോട്ടും പോണ്ട..”
ആ കുഞ്ഞു മുഖത്തെ ഭാവം കണ്ടപ്പോൾ അർച്ചനയ്ക്ക് വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു…കൊണ്ടുവന്ന കവർ തുറന്ന് ഒരു ചോക്ലേറ്റ് പൊളിച്ച് അവളുടെ കയ്യിൽ കൊടുത്തു..
“മോളേ… കിഷോറിന് ഒരു ഗ്ലാസ് ചായ വച്ചു കൊടുക്കാമോ? എന്റെ ദേഹം മുഴുവൻ വിയർപ്പാണ്… ഒന്ന് കുളിക്കട്ടെ..”
ലോട്ടറി വില്പനയാണ് കൃഷ്ണന്റെ ജോലി… ആദ്യമൊക്കെ നടന്നിട്ടായിരുന്നു.. ആരോഗ്യം മോശമായപ്പോൾ കവലയിലെ പരിചയക്കാരന്റെ കടയുടെ മൂലയിൽ ആക്കി…അർച്ചന ചായ ഇട്ടു കൊണ്ടിരിക്കെ കിഷോർ അങ്ങോട്ട് വന്നു,. ജനനിയെ അവൻ എടുത്തിട്ടുണ്ട്,.
“ഇവളങ്ങ് കോലം കെട്ട് പോയല്ലോ?”
“അതു തന്നെയാ കിഷോറേട്ടാ ഞാനും പറയുന്നേ…ഒന്നും കഴിക്കാറില്ലത്രേ… അച്ഛൻ എത്രയാന്ന് വച്ചാ …”
“കുഞ്ഞല്ലേ.. സാരമില്ല… ഇനി ജാനിമോള് നല്ല കുട്ടിയാകും… അല്ലേ..?”
ജനനി തെല്ലൊരു നാണത്തോടെ തലയാട്ടി.. കിഷോർ ആദ്യമായാണ് അവളെ എടുക്കുന്നത്.. ഇതിനു മുൻപ് വന്നപ്പോൾ ഗൗരവത്തിൽ ഇരുന്നതേ ഉള്ളൂ… കൃഷ്ണനോട് പോലും കാര്യമായി ഒന്നും സംസാരിച്ചിട്ടില്ല….അർച്ചനയുടെ മനസും നിറഞ്ഞു…. അവൾ അടുക്കളയിൽ കയറി നോക്കി… കാര്യമായ സാധനങ്ങൾ ഒന്നുമില്ല… അവൾ കിഷോറിന്റെ അടുത്ത് ചെന്നു…
“എനിക്ക് ഒരു നൂറു രൂപ തരുമോ?”
മടിയോടെ അവൾ ചോദിച്ചു..
“എന്തിനാ?”
“രാത്രിയിലേക്ക് ഇവർ രണ്ടുപേർക്കും എന്തെങ്കിലും കറി ഉണ്ടാക്കി വയ്ക്കാനാ… ഇവിടെ ഒന്നും ഇരിപ്പില്ല…”
“എന്താണ് വേണ്ടത്?”
“ആ കവലയിൽ വൈകിട്ട് മീൻ വില്പന ഉണ്ടാകും..”
കിഷോർ ഒന്നും മിണ്ടാതെ പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി… ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് വന്നത്… വലിയൊരു സഞ്ചി അവന്റെ കൈയിൽ ഉണ്ടായിരുന്നു… ജനനിയുടെ കൂടെ മുറ്റത്തു കളിക്കുകയായിരുന്ന അർച്ചന ഓടിച്ചെന്നു അത് വാങ്ങി…
“എന്തിനാ മോനേ ഇതൊക്കെ?” കൃഷ്ണൻ വല്ലായ്മയോടെ പറഞ്ഞു…
“അതിനെന്താ…? അന്യനൊന്നും അല്ലല്ലോ…. രാത്രി എല്ലാർക്കും കൂടി കഴിക്കാനുള്ളത് ഉണ്ടാക്കണ്ടേ?”
“അത്താഴം കഴിച്ചിട്ടാണോ പോകുന്നെ? കിഷോറേട്ടാ?”
അർച്ചന ചോദിച്ചു..
“അല്ല… നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട്..”
അവൾക്ക് ഒന്നും മനസ്സിലായില്ല…
“നമ്മൾ ഇന്നിവിടെ കൂടുന്നു..ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്… ഇവർക്കും ആഗ്രഹമുണ്ടാകില്ലേ നിന്റെ കൂടെ താമസിക്കാൻ..?”
ഒന്ന് ചിരിച്ചിട്ട് അവൻ ജാനിമോളെ ബൈക്കിൽ കയറ്റിയിരുത്തി..
“ഞങ്ങളൊന്നു കറങ്ങിയിട്ട് വരാം.. എന്താണെന്ന് വച്ചാൽ ഉണ്ടാക്കിക്കോ.. വല്ലതും വേണമെങ്കിൽ വിളിച്ചാൽ മതി..”
ബൈക്ക് റോഡിലേക്ക് ഇറങ്ങിയപ്പോൾ മുതൽ അർച്ചനയ്ക്ക് ഒന്നും കാണാൻ പറ്റിയില്ല… കാരണം കണ്ണുനീരിന്റെ ഒരു പാളി അവളുടെ കാഴ്ച തടസപ്പെടുത്തിതുടങ്ങിയിരുന്നു……
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അസ്സലായിരിക്കുന്നു😊👌👌.