Skip to content

പ്രിയ സഖി – 3

priyasakhi

അടുക്കളയുടെ പുറത്ത്  തെങ്ങുകളിൽ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറിലേക്ക് കഴുകിയ വസ്ത്രങ്ങൾ  വിരിച്ചിടുകയായിരുന്നു അർച്ചന… കിണറിന്റെ  അടുത്ത് മതിലിനോട് ചേർന്നാണ് അലക്ക് കല്ല്.. പറമ്പിൽ ഒരുപാട് മരങ്ങളുണ്ട്.. ശാന്തമായ അന്തരീക്ഷം… തണുത്ത കാറ്റ്… അവൾക്ക് മനസ്സിനൊരു കുളിർമ്മ തോന്നി… വിവാഹം കഴിഞ്ഞ് രണ്ടാഴ്ച  തികഞ്ഞു….. ബ്രേക്ക്ഫാസ്റ്റ് കഴിച്ചയുടൻ  കിഷോർ എങ്ങോട്ടേക്കോ പോയി… ഒന്നും സംസാരിച്ചിട്ടില്ല… അത് പ്രതീക്ഷിക്കുന്നുമില്ല……

“കഴിഞ്ഞോ മോളെ?”

കൗസല്യ  വിളിച്ചു ചോദിച്ചു…

“രണ്ടു ഷർട്ട് കൂടിയുണ്ട് അമ്മേ..”

“അതവിടെ വച്ചിട്ട് നീ  ഇങ്ങ് വാ .. വിരുന്നുകാരുണ്ട്…”

അവർ പറയുന്നത് കേട്ട് ഡ്രെസ്സുകൾ ബക്കറ്റിൽ തന്നെ വച്ച് കൈ കഴുകി അവൾ അങ്ങോട്ട് ചെന്നു..

“വാ… ഒരാളെ പരിചയപ്പെടുത്താം..”

കൗസല്യ അവളെ ചേർത്തു പിടിച്ച് ലീവിങ് റൂമിലേക്ക് നടന്നു. അവിടെ സോഫയിൽ  ബാലന്റെ തൊട്ടടുത്ത് ഒരു യുവതി ഇരിപ്പുണ്ട്….സുന്ദരി… തോളൊപ്പം  കട്ട് ചെയ്ത  സ്വർണവർണമാർന്ന മുടി ഇടതു കൈ കൊണ്ട് കോതിയൊതുക്കി അവൾ അർച്ചനയെ നോക്കി… വെള്ള ടോപ്പും നീല ജീൻസുമാണ് വേഷം..

“ഇതാണ്  കക്ഷി… ഇനി കണ്ടില്ല എന്നുപറയരുത്…”

കൗസല്യ  അർച്ചനയുടെ  തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു.. ആ  യുവതി പുഞ്ചിരിയോടെ എഴുന്നേറ്റ് അവളുടെ അടുത്തെത്തി..

“ഫോട്ടോയിൽ കണ്ടതിനേക്കാൾ  സുന്ദരി തന്നെ..”

“എന്റെ സെലക്ഷൻ  തെറ്റുമോടീ?”

ബാലൻ  ചോദിച്ചു…

“ഇല്ല എന്നറിയാം,. അതുപോട്ടെ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം.. പേര് ശ്വേത…. കിഷോറിന്റെ ഫ്രണ്ട് ആണ്..”

അർച്ചന അവളുടെ മുഖത്തേക്ക് തന്നെ  ഉറ്റ് നോക്കി…

“ഇയാള് എന്താ ചിന്തിക്കുന്നതെന്ന് ഞാൻ പറയട്ടെ..?.. ഫ്രണ്ട് ആണെങ്കിൽ എന്താ മാരേജിന് കാണാഞ്ഞത് എന്നല്ലേ?”

അവൾ തലയാട്ടി..

“അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു…പിന്നെ,കല്യാണം ഒരു ചടങ്ങ് മാത്രമല്ലെ.?.. നമുക്ക് ഇനിയെന്നും കാണാല്ലോ..”

ശ്വേത, അർച്ചനയെ പിടിച്ചു സോഫയിൽ ഇരുത്തി… അവളും അടുത്തിരുന്നു…

” നിങ്ങളുടെ വീടിന്റെ പിറകിലെ വയലില്ലേ,? അതിന്റെ അപ്പുറമാണ് എന്റെ വീട്… കുട്ടിക്കാലം തൊട്ട് ഞാൻ ഈ മുറ്റത്താ കളിച്ചു വളർന്നത്.. “

“അയ്യോ… അതൊന്നും ഓർമിപ്പിക്കല്ലേ…”

കൗസല്യ ചിരിച്ചു…

“ഇവൾ, പ്രജി, കിച്ചു… മൂന്നും കൂടി  ഇവിടം  തലകീഴായി മറിച്ചിടും..എല്ലാ ദിവസവും ഇവള് കരഞ്ഞോണ്ടായിരിക്കും തിരിച്ചു പോകുന്നത്.. പക്ഷേ പിറ്റേന്ന് രാവിലെ ഇവിടെ ഹാജരാകും..”

പഴയ ഓർമകളിലേക്ക് അവർ ഒരു നിമിഷം സഞ്ചരിച്ചു…അർച്ചന കേട്ടിരുന്നതെ ഉള്ളൂ…

“കൊച്ചു നിക്കറും ഇട്ടോണ്ട് ഓടിക്കളിച്ച പെണ്ണാ… ഇപ്പൊ മുതുക്കിയായി…”

“അയ്യേ…. കൗസുവിന് മാത്രം ഒരു മാറ്റവുമില്ല… അല്ലേ അച്ഛാ…?”

ശ്വേത  ചുണ്ടുകൾ കൂർപ്പിച്ച് അവരെ കപട ദേഷ്യത്തോടെ നോക്കി..

“അർച്ചന  വാ… നമുക്ക് റൂമിലേക്ക് പോകാം..  എനിക്കൊന്ന് കുളിക്കണം..ഇവിടെ ഇരുന്നാൽ അടി ആകും…”

അവൾ എഴുന്നേറ്റ് ബാഗുമെടുത്ത് സ്റ്റെപ് കയറി… പിന്നാലെ അർച്ചനയും.

“എന്നെക്കുറിച്ച് കിച്ചു ഒന്നും പറഞ്ഞിട്ടില്ലേ?”

ബാഗ് കട്ടിലിൽ ഇട്ടു കൊണ്ട് ശ്വേത ചോദിച്ചു..

“ഇല്ല…”

“ദുഷ്ടൻ,…. ചങ്ക് ആണെന്നാ പറച്ചിൽ…”

“അതിന് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളൊന്നും  ആയിട്ടില്ല..”

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അർച്ചനയുടെ  നാവ് ചതിച്ചു…ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം ശ്വേത പൊട്ടിച്ചിരിക്കാൻ തുടങ്ങി..

“അതെനിക്ക് ഇഷ്ടപ്പെട്ടു..”.. ബാഗ് തുറന്ന് ഒരു ടൗവലെടുത്ത് ചുമലിലിട്ട് അവൾ  ചെയറിൽ ഇരുന്നു..

“ചേച്ചി ജോലി ചെയ്യുന്നുണ്ടോ?”

“യെസ്…. ചെന്നൈയിൽ ഒരു ഗിഫ്റ്റ് ഷോപ്പ് ഉണ്ട്… ഞാൻ അവിടെ തന്നെയാ  താമസം..”

“തനിച്ചോ?”

അവളുടെ കുടുംബത്തെ കുറിച്ച് അറിയാനാണ് അങ്ങനെ ചോദിച്ചത്…

“ആണെന്നും അല്ലെന്നും പറയാം… ഒരു ഫ്ലാറ്റിൽ ഞാൻ തനിച്ച് . അതിന്റെ തൊട്ടടുത്ത് തന്നെ അമ്മയും ചേച്ചിയും ചേച്ചിയുടെ ഭർത്താവും ..”

“അമ്മ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞല്ലോ… എന്തു പറ്റിയതാ…?”

“തെന്നി വീണതാ… ബോധം പോയി.. ഞാൻ നിങ്ങളുടെ മാരേജിന് വരാൻ റെഡി ആകുകയായിരുന്നു,.. അപ്പോഴാ സംഭവം.. പിന്നെ അതിന്റെ പിറകെ ആയി….. ഇപ്പൊ കുഴപ്പമില്ല.. അതാണ് ഞാനിങ്ങോട്ട് ചാടിയത് .”

“ഇവിടുത്തെ വീട്ടിൽ ഇപ്പൊ ആരാ താമസം?”

“അടച്ചിട്ടിരിക്കുകയാ… അച്ഛൻ മരിച്ചപ്പോൾ അമ്മയെ ചേച്ചി അങ്ങോട്ട് കൊണ്ടുപോയി.. കൂടെ എന്നെയും…ചേച്ചിയും ഭർത്താവും അവിടെ തന്നെയാ ജോലി ചെയ്യുന്നത്..ആ നാട് ഇഷ്ടപ്പെട്ടപ്പോ  ഞാൻ അവിടെ ഷോപ്പ് തുടങ്ങി…ഇപ്പൊ തട്ടിമുട്ടി കഴിഞ്ഞു കൂടുന്നു,.. ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും… എന്റെ വീടൊന്ന് ക്ളീൻ ചെയ്യണം… അത് വരെ  നിങ്ങളുടെ കൂടെ  താമസിക്കുന്നതിൽ  വിരോധമുണ്ടോ?”

“എനിക്കെന്തു വിരോധം?.. “

അർച്ചന പുഞ്ചിരിച്ചു…

“ചേച്ചി കുളിക്ക്.. ഞാൻ താഴേക്ക് പോകുകയാ… കുറച്ചു ജോലിയുണ്ട്…”

“ഓക്കേ ഡിയർ.. ഞാനും പെട്ടെന്ന് വരാം  വിശക്കുന്നു…”

കിഷോർ അങ്ങോട്ടേക്ക് കയറി വന്നു.. അവനെ കണ്ടതും  ശ്വേത  ആഹ്ലാദത്തോടെ ഓടിചെന്ന് കെട്ടിപ്പിടിച്ചു…

“നീ  വന്നിട്ട് കുറേ നേരമായോടീ?”

“കുറച്ച്… നീ  എവിടെ പോയതാടാ?”

“പ്രജിയുടെ കൂടെ  ഒരിടം വരെ പോകാനുണ്ടായിരുന്നു…”

തനിക്ക് ഇവിടെ ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയ  അർച്ചന  തിരിഞ്ഞു നടന്നു…താഴെ  എത്തിയപ്പോൾ അടുക്കളയിൽ  കൗസല്യ തിരക്കിട്ട പണിയിൽ ആയിരുന്നു… പ്ലാസ്റ്റിക് ബാഗുകളിൽ  ചിക്കനും, പച്ചക്കറികളുമൊക്കെ നിരത്തി വച്ചിട്ടുണ്ട്.. കൂട്ടുകാരി വന്ന വകയിൽ കിഷോർ വാങ്ങിയതാണെന്ന് അവൾക്ക് മനസിലായി…

“മോളേ… ചിക്കൻ ഫ്രൈ ഉണ്ടാക്കിയാൽ മതി  ശ്വേതയ്ക്ക് അതാണിഷ്ടം… “

അവൾ  തലയാട്ടി… ഓരോന്ന് സംസാരിച്ചു കൊണ്ട് അവർ  ജോലികൾ തുടർന്നു… കിഷോറിന്റെ അവഗണന ഒഴിച്ചാൽ ആ വീട് അവൾക്ക് സ്വർഗമായിരുന്നു… കുഞ്ഞുന്നാളിൽ നഷ്ടപ്പെട്ട മാതൃ വാത്സല്യം കൗസല്യ ആവോളം നൽകി…സ്വന്തം അച്ഛനെ വിട്ടു നില്കുന്നതിലുള്ള വിഷമം അറിയിക്കാതിരിക്കാൻ ബാലനും ശ്രദ്ധിക്കുന്നുണ്ട്… ദിവസവും രാവിലെയും വൈകിട്ടും പ്രജിത്തും വരും… അച്ഛനെയും ജാനകിയെയും  വിളിക്കുവാൻ പുതിയ ഫോൺ വാങ്ങി നൽകിയത് ബാലനാണ്… രാത്രി ഒരേ മുറിയിൽ അപരിചിതരെ പോലെ കഴിയുന്നത് മറ്റാർക്കും അറിയില്ലല്ലോ… പക്ഷേ അത് അവൾക്കും പ്രശ്നമായി തോന്നിയില്ല…

ബാൽക്കണിയിൽ ഇരുന്ന് കടയിലെ കണക്കുകൾ നോക്കുകയായിരുന്നു കിഷോർ… കുളി കഴിഞ്ഞ് ശ്വേത അവന്റെ അടുത്ത് ചെന്നിരുന്നു..

“നിന്റെ അടുത്ത പരിപാടി എന്താ?”

“കുറച്ചു ദിവസം ഈ  നാട്ടിൽ… പിന്നെ ഒരു നോർത്തിന്ത്യൻ ട്രിപ്പ്‌ ഉണ്ട്… അതൊക്കെ തന്നെ..”

അവൾ  പിന്നോട്ട് ചാരിയിരുന്നു കൊണ്ട് പറഞ്ഞു..

“അതല്ല  ഞാൻ ഉദ്ദേശിച്ചത്…”

“മനസിലായി… കുടുംബജീവിതം… അല്ലേ?”

“അതെ… ഒറ്റത്തടി ആയി എത്രനാൾ കഴിയും?”

” ഒരു ആണിന്റെ തുണ അനിവാര്യമാണെന്ന് തോന്നുമ്പോൾ ആരെയെങ്കിലും സ്വീകരിച്ചോളാം.. “

“എന്നെ പെണ്ണുകെട്ടിക്കാൻ ഇതൊന്നും ആയിരുന്നില്ലല്ലോ തിരക്ക്? അച്ഛനും അമ്മയും വാശിപിടിച്ചപ്പോൾ  എന്റെ കൂടെ നില്കുന്നതിന് പകരം നീയും പ്രജിയും അവരെ സപ്പോർട്ട് ചെയ്തു..”

“അതുകൊണ്ട് എന്താ കുഴപ്പം? ദേവത പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടിയില്ലേ?”

കിഷോർ ഒന്നും മിണ്ടാതെ  മുന്പിലെ നോട്ട് ബുക്കിൽ കുത്തിവരച്ചു കൊണ്ടിരുന്നു.

“അതു മാത്രമല്ല,.. അമ്മയെ വേദനിപ്പിച്ച് നിന്റെ കൂടെ ജീവിക്കാൻ വയ്യ എന്ന് പറഞ്ഞു വേറെ വിവാഹം കഴിച്ച ഒരുത്തിയെ ഓർത്ത് നീ ഉരുകുന്നത് കണ്ടിട്ടാ എല്ലാവരും ഇതിന് നിർബന്ധിച്ചത്…. ഞാൻ അങ്ങനെ അല്ല… എനിക്ക് എവിടുന്നും തേപ്പ് കിട്ടിയിട്ടില്ല… കള്ളും കുടിച്ച് കുടുംബം നോക്കാതെ നടക്കുന്ന അച്ഛനെ ആശ്രയിക്കാതെ , അസുഖക്കാരിയായ അമ്മയെ ചികിൽസിക്കാനും എന്നേക്കാൾ പഠിക്കാൻ മിടുക്കിയായ  ചേച്ചിയെ പഠിപ്പിക്കാനും കോളേജ് പാതിവഴിയിൽ ഉപേക്ഷിച്ചു ജോലിക്ക് പോയവളാ ഞാൻ.. അങ്ങനെ,  പ്രണയിക്കപ്പെടാനും  കല്യാണം കഴിക്കാനുമൊക്കെ കൊതിക്കുന്ന നല്ല പ്രായം നശിച്ചു.. ഇപ്പൊ ബാധ്യതകളെല്ലാം ഒഴിഞ്ഞപ്പോ ആ താല്പര്യം തീരെ ഇല്ല…”

അവളൊന്ന് നിർത്തി അവനെ നോക്കി..

“പക്ഷേ നീ നന്നാവുമെന്ന് എനിക്ക് തോന്നുന്നില്ല..”

“അതെന്താടീ?”

“അർച്ചനയെ  ഭാര്യയായി അംഗീകരിക്കാൻ നിനക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.. മനസിലിപ്പോഴും ശ്രീകലയാണ്… “

“എന്ന് അവൾ പറഞ്ഞോ?”

ശ്വേത പരിഹാസത്തോടെ  ചിരിച്ചു..

“അതിന്റെ ആവശ്യം ഉണ്ടോ?.നിന്നെ എനിക്ക് അറിയാല്ലോ..”

“നിനക്കൊരു പുല്ലും അറിയില്ല…”

കിഷോറിനു ദേഷ്യം വന്നു..

“ഞാനവളെ ഒരുതരത്തിലും ശല്യം ചെയ്യുന്നില്ല… ഉപേക്ഷിക്കുകയുമില്ല… ഇഷ്ടമില്ലാതെ ആണെങ്കിലും അമ്പലനടയിൽ വച്ച് താലി കെട്ടിയതാ .. അത് കുട്ടിക്കളി അല്ല…പക്ഷേ എനിക്ക് കുറച്ചു സമയം വേണം…”

“നീ അർച്ചനയോട് എന്താ പറഞ്ഞത്? ശ്രീകലയെ മറക്കാൻ പറ്റുന്നില്ല, മറന്നതിനു ശേഷം ദാമ്പത്യജീവിതം തുടങ്ങാമെന്നോ?”

“ഉം…”

“കഷ്ടം…. നിന്റെ സ്ഥാനത്ത് അവളാണ് ഇങ്ങനെ പറഞ്ഞതെങ്കിലോ? എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു.. അവനെ മറക്കുന്നത് വരെ  നീ കാത്തിരിക്ക് എന്ന് അവൾ  നിന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ത് തോന്നും?”

“ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല… വിവാഹത്തിന് മുൻപ് തന്നെ എല്ലാം അവൾക്കു അറിയാമായിരുന്നു..”

“ശരി… ശ്രീകല ഇനി നിന്റെ ലൈഫിൽ ഇല്ല എന്ന സത്യം അംഗീകരിക്കാൻ നിനക്ക് എത്ര കാലം  വേണ്ടി വരും…?”

“അറിയില്ല… ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാ…”

“ആയിക്കോട്ടെ… ഒന്നു മാത്രം ഞാൻ പറയാം… ശ്രീകല  അവളുടെ വീട്ടുകാർക്ക് വേണ്ടി നിന്നെ ഉപേക്ഷിച്ചു… നീ നിന്റെ വീട്ടുകാർക്ക് വേണ്ടി പെണ്ണ് കെട്ടി… അർച്ചനയും അതുപോലെ തന്നെയാ… അവളുടെ അച്ഛന് വേണ്ടി ഇതിന് സമ്മതിച്ചു… ആദ്യമൊക്കെ വെറുപ്പ് കാണിച്ച് അവസാനം സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താക്കന്മാരെ പറ്റിയുള്ള കഥകൾ വായിക്കാനും, ആ  തീം ഉള്ള സിനിമകൾ  കാണാനും  എല്ലാർക്കും ഇഷ്ടമാ… പക്ഷേ ജീവിതം നമുക്ക് പ്രവചിക്കാൻ പറ്റില്ല… നാളെ രാവിലെ ആരൊക്കെ ഉണരും  എന്ന് ദൈവത്തിന് മാത്രമേ അറിയൂ… അതുകൊണ്ട് ആ കൊച്ചിനെ വേദനിപ്പിക്കരുത്… “

ശ്വേത എഴുന്നേറ്റു താഴേക്ക് നടന്നു..ഉച്ചയാകുമ്പോഴേക്ക് പ്രജിത്ത് അവിടെത്തി.. പിന്നെ ഉത്സവമേളം ആയിരുന്നു.. അവരുടെ സൗഹൃദം അത്രയ്ക്ക് ആഴമേറിയതാണെന്ന്  അർച്ചനയ്ക്ക് മനസിലായി… കിഷോറിനു ഒരു ഫ്രണ്ട് ഉണ്ട് എന്ന് അമ്മ കുറച്ചു നാൾ മുൻപ് പറഞ്ഞിരുന്നെങ്കിലും അവൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല…അപ്പൊ ഈ പെണ്ണിനോടാണോ മണിക്കൂറുകളോളം തന്റെ കെട്ടിയോൻ ബാൽകണിയിൽ ഇരുന്ന് ഫോണിൽ സംസാരിക്കാറുള്ളത്?..

അവൾക്ക് ശരിക്കും അസൂയ തോന്നി..വയസ്സ് ഇത്രയും ആയിട്ടും കുട്ടികളെപ്പോലെ അവർ  പെരുമാറുന്നത് കണ്ടപ്പോൾ തനിക്കൊരു നല്ല സുഹൃത്ത് ഇല്ലല്ലോ എന്നതിൽ ആദ്യമായി അവൾ  സങ്കടപ്പെട്ടു… കിഷോറിനെ കാണുമ്പോഴാണ് അത്ഭുതം.. തന്നോട് ഒന്ന്  മിണ്ടാൻ പോലും മടിക്കുന്നയാളാ… ഇവിടെ തലയും കുത്തി ചിരിക്കുന്നു.. മറ്റുള്ളവരെ ചിരിപ്പിക്കുന്നു… നിരാശാകാമുകന്റെ  വേഷം തന്റെ മുന്നിലേ ഉള്ളൂ…

ശ്വേത അവളുടെ ചുമലിൽ ചാരി കിടക്കുകയാണ്… അവളുടെ കാലുകൾ  പ്രജിത്തിന്റെ മടിയിലും… ബാല്യത്തിലെ രസകരമായ സംഭവങ്ങളും ചെന്നൈയിലെ വിശേഷങ്ങളുമൊക്കെ പങ്കു വച്ചു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി….. ശ്വേത, അർച്ചനയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി… പാടവരമ്പിലൂടെ അഞ്ച് മിനിറ്റ് നടന്നാൽ നേരെ കയറി ചെല്ലുന്നത് അവളുടെ വീട്ടുമുറ്റത്താണ്… എങ്ങും കാടുപിടിച്ചു കിടക്കുന്നു…ഓടിട്ട പഴയ മോഡൽ  വീട്…

“നാളെ വൃത്തിയാക്കാൻ ആള് വരും…”

“ഇവിടെയാണോ  ചേച്ചി താമസിക്കാൻ പോകുന്നത്?”..

അർച്ചന ചോദിച്ചു…

“എന്താ കുഴപ്പം?”

“ഒറ്റയ്ക്ക്… അയ്യോ… എനിക്ക് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു,..”

അവളുടെ  മുഖഭാവം കണ്ടപ്പോൾ ശ്വേതയ്ക്ക് ചിരി വന്നു..

“അത് നിനക്ക് ശീലമില്ലാത്തത് കൊണ്ടാ… ഞാൻ അങ്ങനെയല്ല.. ഈ പ്രായത്തിനിടയ്ക്ക് തനിച്ച് പലയിടങ്ങളിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്… അതും  ഒരു പരിചയവും ഇല്ലാത്തയിടങ്ങളിൽ വരെ… ആദ്യമൊക്കെ പേടി ഉണ്ടായിരുന്നു… ഇപ്പോൾ മാറി…. പോരാത്തതിന്, ഇത് എന്റെ നാടല്ലേ? ധൈര്യം കൂടും…”

“നിങ്ങള് മൂന്നും വല്യ കൂട്ടാണല്ലേ…?”

“അതേലോ… എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയും..നിന്നെ കെട്ടുന്നതിൽ മാത്രമേ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളൂ… അത് നിന്നോട് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല കേട്ടോ.. എല്ലാം നിനക്കറിയാല്ലോ..?”

അർച്ചനയുടെ മുഖത്ത് വിഷാദം നിറഞ്ഞു..

“അറിയാം ചേച്ചീ… എനിക്കതിലൊന്നും ഒരു പരാതിയുമില്ല… കുറ്റബോധം മാത്രമേ ഉള്ളൂ.”

“എന്തിന്?”

“എനിക്ക് പകരം  സ്നേഹിച്ച പെണ്ണിനെ കെട്ടിയിരുന്നെങ്കിൽ കിഷോറേട്ടൻ സന്തോഷിച്ചേനെ… ഇതിപ്പോ മറ്റുള്ളവർക്ക് വേണ്ടി ജീവിതം നശിപ്പിച്ചപോലെ ആയില്ലേ?”

ശ്വേത അവളുടെ മുഖം പിടിച്ചുയർത്തി…ആ കണ്ണുകൾ നിറഞ്ഞിരുന്നു..

“അവനെ കുട്ടിക്കാലം തൊട്ട് എനിക്കറിയാം.. ആരെയും മനഃപൂർവം വേദനിപ്പിക്കാനൊന്നും അവന് കഴിയില്ല… ആറു വർഷം പ്രണയിച്ച്, ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ഒടുവിൽ തനിച്ചാക്കപ്പെട്ടപ്പോൾ തകർന്നു പോയി… അതിൽ നിന്ന് പുറത്തു വരാൻ വേണ്ടി എല്ലാവരും കൂടി  നിർബന്ധിച്ചപ്പോൾ വിവാഹത്തിന് സമ്മതിച്ചതാ… അപ്പോഴും അവന് ഒരൊറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ… കെട്ടാൻ പോകുന്ന പെണ്ണ് എല്ലാം അറിഞ്ഞിരിക്കണം എന്ന്… അതോണ്ടാ ആദ്യമേ നിന്റെ അച്ഛനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്…. അദ്ദേഹം സമ്മതിച്ചപ്പോൾ പിന്നെ വേറൊന്നും ആലോചിച്ചില്ല….”

അവൾ അർച്ചനയെ കുറച്ചുകൂടി ചേർത്തു നിർത്തി..

“എല്ലാം ശരിയാകും….അത്ര സീരിയസ് ഇഷ്യൂസ് ഒന്നും നിങ്ങൾക്കിടയിലില്ലല്ലോ.. കുറച്ചു ദിവസം ഒരുമിച്ച് താമസിക്കുമ്പോൾ  രണ്ടാളും അടുത്തോളും….നിനക്ക്   ഫ്രണ്ട്സ് ഒന്നും ഇല്ലാത്തത് കൊണ്ടാ  മനസിന് ഒരു മരവിപ്പ് പോലെ… ഇപ്പോൾ ഞാനുണ്ട്… എന്തും ഏതു സമയത്തും  എന്നോട് പറഞ്ഞോ,.”

അർച്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് ശ്വേത അമ്പരന്നു…

“എന്തു പറ്റി അച്ചൂ…?”

അവൾ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു…

“ഏയ്‌… ഒന്നുമില്ല…”  അർച്ചന പെട്ടെന്ന് കണ്ണുകൾ തുടച്ചു..

“നമുക്ക് പോകാം… സന്ധ്യയാകാറായി…”

ശ്വേത  തലയാട്ടി… അർച്ചനയുടെ മനസ്സിൽ എന്തോ വേദന ഉണ്ടെന്ന് അവൾക്കു  തോന്നി… കിഷോർ കാട്ടുന്ന അകൽച്ച മാത്രമല്ല അതിന് കാരണം….. വേറെ എന്തോ….പതിയെ അത് ചോദിച്ചു അറിയണം എന്നുറപ്പിച്ച്  ശ്വേത അവളുടെ കൂടെ തിരിച്ചു നടന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!