“ഇതൊക്കെ ഇടിച്ചു പൊളിച്ചു കളഞ്ഞ് നല്ലൊരു വീടു വയ്ക്കണം..”
പ്രജിത്ത് പറഞ്ഞു… ശ്വേതയുടെ വീടിന്റെ പൊട്ടിയ ഓടുകൾ മാറ്റുകയായിരുന്നു അവൻ..
“കാശ് നിന്റെ അച്ഛൻ കുഞ്ഞിരാമേട്ടൻ തരുമോ?”
അവൾ താഴെ നിന്ന് വിളിച്ചു ചോദിച്ചു..
“നിന്റെ ചെന്നൈയിലെ ഷോപ്പിൽ സാധനങ്ങൾ വാങ്ങുന്നവർ പണത്തിനു പകരം നെല്ലും അരിയും പച്ചക്കറിയുമൊക്കെ ആണോ തന്നോണ്ടിരുന്നത്? ടൂറ്, പബ്ബ് എന്നൊക്കെ പറഞ്ഞ് കാശ് ചിലവാക്കിയിട്ടല്ലേ?”
“സമ്പാദിച്ചതൊക്കെ ഇവിടെ കട തുടങ്ങാൻ എടുത്തു.. ഇനി ആകെയുള്ളത് ഈ മാലയും ഒരു വളയുമാ… ഇവിടുത്തെ കച്ചോടം പൊട്ടിയാൽ പൊന്നുമോനെ, ഞാൻ തൂങ്ങി ചാകേണ്ടി വരും…”
“പൊട്ടത്തതൊന്നും ഇല്ലെടീ… ഇപ്പോഴത്തെ പിള്ളേരൊക്കെ കാമുകിയെയോ കാമുകനെയോ കാണാൻ പോകുമ്പോ എന്തേലും ഗിഫ്റ്റ് വാങ്ങിക്കും.. ഇന്നാള് ടൗണിൽ ഞാൻ കണ്ടതാ, സ്കൂളിൽ പഠിക്കുന്ന ഒരു പയ്യൻ ഗിഫ്റ്റ് വാങ്ങുന്നു.. അവന്റെ ക്‌ളാസിലെ ഏതോ പെണ്ണിന് കൊടുക്കാൻ… നമ്മളൊക്കെ പഠിക്കുമ്പോ പെൺകുട്ടികളെ നോക്കാൻ പോലും പേടിയായിരുന്നു.. അതുമാത്രമല്ല, അന്നൊക്കെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ ക്‌ളാസിൽ കുറവും ആണല്ലോ….നിന്റെയൊക്കെ ആയകാലത്ത് എന്തായിരുന്നു കോലം? വട്ടപൊട്ടും ഓഞ്ഞ പൗഡറിന്റെ മണവും … പോരാഞ്ഞിട്ട് ഒന്നര ലിറ്റർ വെളിച്ചെണ്ണ തലയിലും… സഹിക്കാൻ പറ്റില്ല…”
“ഞാനിപ്പോ അങ്ങനൊന്നുമല്ലല്ലോ?”
“ഇപ്പോൾ അല്ല… എന്നാലും പ്രായമായില്ലേ?”
“പോടാ… നീയും ഞാനും ഒരേ വയസല്ലേ? പക്ഷേ കണ്ടാൽ നീ എന്റെ മാമൻ ആണെന്നെ പറയൂ…”
“അങ്ങനെ സ്വയം സമാധാനിച്ചോ..”
പ്രജിത്ത് ഒന്ന് ചിരിച്ചു… പിന്നെ ബാക്കിയുള്ള ഓട് മാറ്റി താഴെ ഇറങ്ങി..
“കഴിഞ്ഞു… ആ ദിനേശനോട് ഞാൻ തേങ്ങയിടാൻ വരാൻ പറഞ്ഞിട്ടുണ്ട്… ഇല്ലേൽ ഇനിയും ഓട് പൊട്ടും….”
മുഖത്തെ വിയർപ്പ് തുടച്ച് അവൻ അവിടെ ഇരുന്നു,.. ശ്വേതയും തൊട്ടടുത്ത് ഇരുന്നു..
“നിനക്ക് കാശ് വല്ലതും വേണോടീ? ചിട്ടി കിട്ടിയത് ബാങ്കിൽ ഇട്ടിട്ടുണ്ട്.. എനിക്കിപ്പോ അത്യാവശ്യം ഒന്നുമില്ല…”
“ഏയ്… വേണ്ട…തല്കാലത്തേക്ക് ഉള്ളതൊക്കെ കൈയിൽ ഉണ്ട്…”
“നിന്റെ അമ്മയും ചേച്ചിയുമൊന്നും വിളിക്കാറില്ലേ?”
“അമ്മ വിളിച്ചിരുന്നു… സുഖവിവരം അന്വേഷിക്കാനല്ല,… ശപിക്കാൻ..”
അവളുടെ മുഖത്ത് വിഷാദം കലർന്ന പുഞ്ചിരി പ്രത്യക്ഷപ്പെട്ടു..
“സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നത് ഇത്ര വലിയ കുറ്റമാണോടാ? അവർക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ടതൊക്കെ മറന്നു….ചേച്ചിയുടെ ഭർത്താവ് കൊണ്ടുവന്ന വിവാഹലോചന ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ പ്രശ്നങ്ങളാ… നിനക്കോർമ്മയുണ്ടോ പ്രജീ , അവൾക്ക് കൊടുത്ത ആ സ്ഥലമില്ലേ? അതിന്റെ ആധാരം ബാങ്കിൽ പണയത്തിലായിരുന്നു… ജപ്തി ചെയ്യുമെന്ന അവസ്ഥ വന്നപ്പോൾ ബാങ്ക് മാനേജരുടെ കാല് പിടിച്ച് കുറച്ചു സമയം വാങ്ങിയത് ഞാനാ.. രാവും പകലും കഷ്ടപ്പെട്ടിട്ടാ അത് തിരിച്ചെടുത്തത്… എന്നോട് ഒരു വാക്ക് പോലും പറയാതെ അത് അവൾക്ക് കൊടുത്തു… സാരമില്ല പോട്ടെ എന്ന് വയ്ക്കാം… പക്ഷേ അവളുടെ ഓരോ സമയത്തെ സംസാരം കേൾക്കുമ്പോ നെഞ്ച് പിടയും…. അവളെ പഠിപ്പിക്കാൻ വേണ്ടി പാറമടയിൽ ജോലിക്ക് പോയിട്ടുണ്ട്…. കരിങ്കല്ല് കൊണ്ട് ഉള്ളംകൈ മുറിഞ്ഞിട്ട് ഒരു ഉരുള ചോറ് പോലും കഴിക്കാനാവാതെ കരഞ്ഞുറങ്ങുമ്പോഴും മനസ്സിൽ ഉണ്ടായിരുന്നത് എന്റെ കുടുംബത്തിന് വേണ്ടിയല്ലേ എന്ന ചിന്ത ആയിരുന്നു.. നന്ദി കാണിക്കണമെന്നല്ല, കുത്തുവാക്കുകൾ ഒഴിവാക്കിക്കൂടെ?… കിച്ചുവിന്റെ വീട്ടിലാ താമസം എന്നറിഞ്ഞപ്പോൾ അമ്മ പറഞ്ഞത് കേട്ടാൽ അറയ്ക്കുന്നതൊക്കെയാ….ശരിക്കും ജീവിതം മടുത്തെടാ…”
അവളുടെ കണ്ണു നിറഞ്ഞു,. പ്രജിത്ത് അവളെ ചേർത്തു പിടിച്ചു..
“പോട്ടെ.. സാരമില്ല…”
“ചിലപ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നും.. അപ്പോഴാ എങ്ങോട്ടെങ്കിലും യാത്ര ചെയ്യുന്നത്…”
“ഇനി അതൊന്നും ഓർക്കണ്ട,..ഇവിടിപ്പോ ഞങ്ങളെല്ലാരും ഇല്ലേ?.. ഇന്നലെ ബാലേട്ടൻ ഏതോ ഒരു ചെറുക്കന്റെ കാര്യം പറയുന്നുണ്ടായിരുന്നു.. നിനക്ക് വേണ്ടി…”
“അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ..നിങ്ങളും ഭാരം ഒഴിവാക്കാൻ നോക്കുകയാണോ.?”
“അതല്ലെടീ… നിന്റെ കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.. എടുത്ത് ചാടി കല്യാണം കഴിക്കണമെന്നല്ല, പരസ്പരം മനസിലാക്കി നിനക്ക് നൂറുശതമാനം ഓക്കേ ആണെന്ന് തോന്നിയാൽ മാത്രം മതി..”
അവൾ നിലത്തേക്ക് നോക്കിയിരുന്നു…
“തനിച്ച് ജീവിക്കാനാ സുഖം എന്നൊക്കെ പറയാനെളുപ്പമാ.. പക്ഷേ ഒരു പരിധി കഴിഞ്ഞാൽ ആ ഒറ്റപ്പെടൽ നമ്മളെ കൊല്ലാക്കൊല ചെയ്യും… “
“ഇതൊന്നും നിനക്ക് ബാധകമല്ലേ? പറയുന്നത് കേട്ടാൽ തോന്നും നീ കെട്ടി മൂന്നാലു പിള്ളേരും ആയ ഒരാളാണെന്ന്..”
“ഞാൻ നോക്കുന്നുണ്ടല്ലോ? നാളെ ഒരിടത്തു പെണ്ണുകാണാൻ പോകുന്നുണ്ട്.. അച്ഛന്റെ ഏർപ്പാടാ…. ശരിയാകുമെന്നാ പ്രതീക്ഷ..”
“ഞാൻ വരണോ?”
“ആദ്യം പോയി നോക്കട്ടെ.. സെറ്റ് ആകുവാണേൽ എല്ലാരേയും കൂട്ടി പോകാം..”
കുറച്ചു നേരം കൂടി അവിടിരുന്ന ശേഷം രണ്ടുപേരും കിഷോറിന്റെ വീട്ടിലേക്ക് നടന്നു…. അവിടെ ആരോ ഉറക്കെ സംസാരിക്കുന്നുണ്ട്…
“വിരുന്നുകാർ ഉണ്ടെന്ന് തോന്നുന്നല്ലോ?” പ്രജിത്ത് പറഞ്ഞു…കിണറിന്റെ അടുത്ത് അർച്ചനയെ കണ്ടപ്പോൾ അവർ അങ്ങോട്ട് ചെന്നു..
“ആരാടീ അകത്ത്?” ശ്വേത ചോദിച്ചു..
“പേരറിയില്ല.. അച്ഛന്റെ വകയിലൊരു ചേച്ചിയാണെന്ന് പറഞ്ഞു.. കല്യാണത്തിന്റെ അന്ന് കണ്ടതാ..”
“ങാ.. കനകമ്മ ചേച്ചി… ഒരു വൃത്തികെട്ട ഐറ്റം ആണ്…. ഒരിക്കൽ ഞാനുമായി നന്നായി ഉടക്കിയിരുന്നു.. അതിൽ പിന്നെ എന്നോട് മിണ്ടാറില്ല..”
പ്രജിത്ത് പൈപ്പ് തുറന്ന് കൈകാലുകളും മുഖവും കഴുകി…
“ഞാൻ പോകുവാ… അവരുടെ ഡയലോഗ് കേട്ടാൽ ഞാൻ തെറി വിളിക്കും.. രാത്രി വരാം..”
അവൻ വീടിന്റെ ഇടതു വശത്തുകൂടി മുറ്റത്തേക്ക് നടന്നു..
“നീയെന്താ ഇവിടെ നിൽക്കുന്നെ?”
“എന്നോട് എന്തൊക്കെയോ ചോദിച്ചു.. എനിക്ക് പേടിയായി.. അതാ മുങ്ങിയേ.”
“അങ്ങനെ പേടിക്കേണ്ട ആവശ്യമെന്താ? നീ ഈ വീട്ടിലെ അംഗമാ.. വാ..”
ശ്വേത അവളുടെ കയ്യിൽ പിടിച്ച് അടുക്കള വഴി അകത്തേക്ക് കയറി…
“ഭാര്യയുടെ ചേച്ചിയുടെ കൊച്ചിനെ കൂടെ നിർത്തി പഠിപ്പിക്കുന്നതും അതിനെ കൊണ്ട് അച്ഛാന്ന് വിളിപ്പിക്കുന്നതുമെല്ലാം ലോകത്തിൽ എവിടെയും നടക്കാത്തതാണ്.. നാട്ടുകാർ പറയുന്നത് കേൾക്കുമ്പോ തൊലി ഉരിയുന്നു.. അതു പോട്ടേന്ന് വയ്ക്കാം… അയൽക്കാരിയെ വീട്ടിൽ കേറ്റി താമസിപ്പിക്കുന്നതൊക്കെ ഇച്ചിരി കടന്ന കയ്യാ… അതും കെട്ടുപ്രായം കഴിഞ്ഞൊരു പെണ്ണിനെ…. നിങ്ങൾക്കൊന്നും ഒരു ബോധവുമില്ലേ? ബാലൻ ഒരു പാവമാ… എല്ലാരും ചേർന്ന് അവനെ മുതലെടുക്കുകയാണല്ലേ..?”
കനകമ്മ ഹാളിൽ നിന്ന് സംസാരിക്കുന്നത് അവർ കേട്ടു… കൗസല്യ അടുക്കളയിൽ ചായ ഇടുകയാണ്… അവർ ഫോൺ ചെവിയിൽ വച്ചിട്ടുണ്ട്..ശ്വേതയെയും അർച്ചനയെയും കണ്ട് അവർ ഒന്ന് ചിരിച്ചു.. എന്നിട്ട് ഫോൺ അർച്ചനയ്ക്ക് നീട്ടി..
“അച്ഛനാ… “
അവൾ അത് വാങ്ങി..
“ഹലോ അച്ഛാ.., “
“കനകചേച്ചി അവിടെ എത്തിയിട്ടുണ്ട്.. അല്ലേ മോളെ?” ബാലൻ ചോദിച്ചു..
“ഉം..”
“ബന്ധം വച്ചു നോക്കുമ്പോ എന്റെ ചേച്ചിയായിട്ട് വരും.. പക്ഷേ അവരുടെ നാവ് വളരെ മോശമാ… എന്തൊക്കെ പറയും എന്നെനിക്ക് നന്നായിട്ട് അറിയാം… പണ്ട് ഞാൻ കൗസുവിനെയും കിച്ചുവിനെയും കൊണ്ട് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സമയത്ത് തിരിഞ്ഞു നോക്കാത്തവരാ… കഷ്ടപ്പെട്ട് ഒരു നിലയിലെത്തിയപ്പോൾ അടുക്കാൻ വന്നു…. എന്തൊക്കെയായാലും സ്വന്തക്കാരല്ലേ എന്ന് കരുതി… പക്ഷേ അവർ വരുന്നത് സുഖവിവരം അന്വേഷിക്കാനൊന്നും അല്ല… ഇവിടുന്ന് എന്തെങ്കിലും കൊണ്ടുപോകാനും കുറ്റം പറയാനും മാത്രമാ…. ഇപ്പോൾ നീയും ശ്വേതയും ആയിരിക്കും ഇരകൾ … അച്ഛൻ പറയുന്നത് പോലെ മോൾക്ക് ചെയ്യാമോ?”
“ചെയ്യാം..”
“ഇത് നിന്റെ വീടാ… പൂർണമായ അധികാരം ഞാനും അമ്മയും നിനക്ക് തന്നിട്ടുണ്ടല്ലോ? അവർക്കുള്ള മറുപടി മോള് കൊടുക്കണം..”
“അയ്യോ ഞാനോ?.. അതും പ്രായമുള്ള ഒരാളോട്?”.
“നീ തന്നെ… നിന്റെ തൊട്ടാവാടി സ്വഭാവം നന്നല്ല… സ്വന്തമായി ബ്യൂട്ടിപാർലർ ഒക്കെ നടത്തേണ്ട ആളാ… ഇച്ചിരി തന്റേടം വേണം.. ഇനി അവർ ദുഷിപ്പ് പറഞ്ഞോണ്ട് ഇങ്ങോട്ട് വരരുത്.. ഫോൺ കട്ട് ചെയ്യണ്ട.. അമ്മയുടെ കയ്യിൽ കൊടുത്തേക്ക്… ഞാനും കേൾക്കട്ടെ..”
“അത് വേണോ?”
“വേണം… പറയുന്നത് അനുസരിക്ക്..”
അവൾ ഫോൺ കൗസല്യയ്ക്ക് നൽകി..ഒന്ന് ദീർഘമായി ശ്വാസമെടുത്ത ശേഷം ചായ കപ്പിലേക്ക് പകർന്ന് അതുമെടുത്ത് ഹാളിലേക്ക് നടന്നു.. ശ്വേതയോടും കൂടെ വരാൻ ആംഗ്യം കാട്ടി.. കനകമ്മ സോഫയിൽ ഇരിക്കുകയാണ്..
“ആഹാ… പുതിയ താമസക്കാരി ഇവിടുണ്ടായിരുന്നോ?..”
ശ്വേതയെ നോക്കി അവർ പുച്ഛത്തോടെ ചിരിച്ചു..
“ചായ കുടിക്ക്..” അർച്ചന കപ്പ് അവർക്ക് നീട്ടി..
“നിന്റെ ചായ കുടിക്കാനൊന്നുമല്ല ഞാനിങ്ങോട്ട് വന്നത്… മറ്റുള്ളോരു കുടുംബത്തെ പറ്റി പറയുന്നത് കേൾക്കുമ്പോ കുറച്ചു ദണ്ഡമുണ്ട്… അതൊന്നും നിനക്ക് മനസിലാവില്ല… ഇതൊക്കെ പറഞ്ഞു തരേണ്ടത് വീട്ടിലുള്ളവരാ….”
അർച്ചന ചായ അവിടെ വച്ച് അവർക്ക് അഭിമുഖമായി ഇരുന്നു… ശ്വേതയെയും പിടിച്ചിരുത്തി…
“അതേയ്… ഞാനീ വീട്ടിൽ വന്നു കയറിയിട്ട് നാള് കുറച്ചായി… കല്യാണത്തിന്റെ അന്നല്ലാതെ വേറൊരു ബന്ധുക്കളെയും കണ്ടിട്ടില്ല… അത്യാവശ്യം ചിലരൊക്കെ ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.. പക്ഷേ ഇത്രയും ആകുലപ്പെടുന്നത് നിങ്ങൾ മാത്രമാ… അതിന് ഒത്തിരി നന്ദിയുണ്ട്…. നിങ്ങള് നേരത്തെ പറഞ്ഞത് ശരിയാ… ഇവരെയൊക്കെ ഞാൻ മയക്കി എടുത്തിരിക്കുകയാണ്… അതല്ലേ നാട്ട് നടപ്പ്…? ഞാനായിട്ട് തെറ്റിക്കുന്നത് എങ്ങനാ?”
അവർ അമ്പരന്ന് ഇരിക്കുകയാണ്… അതുകണ്ട് കൗസല്യ ചിരിയടക്കാൻ പാടുപെട്ടു…
“എന്റെ ചേച്ചീടെ കുഞ്ഞ് എന്റെ കെട്ടിയോനെ അച്ഛാന്ന് വിളിക്കുന്നതിൽ അങ്ങേർക്ക് പരാതിയില്ല.., ഈ വീട്ടിൽ ആർക്കും പരാതിയില്ല… പിന്നെ മറ്റുള്ളവർക്ക് എന്താ പ്രശ്നം? അവരുടെ ചിലവിലല്ല ഞങ്ങളാരും കഴിയുന്നത്… അതുപോലെ ശ്വേതചേച്ചിയുടെ കാര്യം…. ചേച്ചി ആവശ്യപ്പെട്ടിട്ടല്ല , ഞങ്ങൾ നിർബന്ധിച്ചിട്ടാ ഇവിടെ താമസിക്കുന്നത്… അതിൽ വേറെ ആരും സങ്കടപ്പെടണ്ട…മറ്റൊരു വീട്ടിനുള്ളിൽ എന്തൊക്കെ നടക്കുന്നുണ്ട് എന്നാലോചിച്ച് തലപുണ്ണാക്കാതെ അവനവന്റെ കാര്യം നോക്കി ജീവിക്ക്…”
അവൾ എഴുന്നേറ്റു…
“ഞാനിവിടെ വലിഞ്ഞു കയറി വന്നവളൊന്നും അല്ല… അതുകൊണ്ട് അഭിപ്രായം പറയാനുള്ള അവകാശം എനിക്കുമുണ്ട്… ഏകദേശം ഒന്നര മണിക്കൂർ ആയി നിങ്ങൾ ഇവിടെത്തിയിട്ട്… ഈ സമയം മുഴുവൻ എന്നെ കുറ്റം പറച്ചിലായിരുന്നു…ഒരു വീട്ടിൽ വന്നിട്ട് അവിടുള്ളവരെ പറ്റി ഇങ്ങനെ പറയുന്നത് കുടുംബത്തിൽ പിറന്നവർ ചെയ്യുന്നതാണോ?.. പ്രതികരിക്കാതിരുന്നത് നിങ്ങളെ പേടിച്ചിട്ടല്ല.. പ്രായത്തെയും പിന്നെ ഇവിടുത്തെ അച്ഛന്റെ വകയിലൊരു ചേച്ചി എന്ന സ്ഥാനത്തെയും കണക്കിലെടുത്തിട്ടാ…. എന്നുവച്ച് എപ്പഴും ആ സൗജന്യം പ്രതീക്ഷിക്കണ്ട… ഊണ് തയ്യാറായിട്ടുണ്ട്… കഴിച്ചിട്ട് പോകാം…”
കനകമ്മ ദയനീയമായി കൗസല്യയെ നോക്കി…
“അവള് പറഞ്ഞതിലും കാര്യമുണ്ട് ചേച്ചീ… ഞങ്ങൾ ആരുടെ കുടുംബത്തിലേക്കും എത്തി നോക്കാറില്ല….ഇങ്ങോട്ടും അങ്ങനെയാകണം എന്ന നിർബന്ധമുണ്ട്… കിച്ചു കുഞ്ഞായിരിക്കുമ്പോ ആശുപത്രിയിൽ കൊണ്ടുപോകാൻ കാശില്ലാതെ സ്വന്തക്കാരുടെ മുൻപിലൊക്കെ പോയി കൈ നീട്ടിയിട്ടുണ്ട്.. അന്നൊന്നും ഒരാളും സഹായിച്ചിട്ടില്ല… അരി വാങ്ങാൻ ഗതിയില്ലാതെ മരച്ചീനി വേവിച്ചു തിന്ന് ഉറങ്ങിയിട്ടുണ്ട്… ചേച്ചിയടക്കമുള്ള ഒരാളേം അന്നൊന്നും കണ്ടിട്ടില്ല… ദൈവാനുഗ്രഹം കൊണ്ട് ഇന്ന് അല്ലലില്ലാതെ കഴിയുമ്പോഴാ ഓരോരുത്തരായി ബന്ധം പുതുക്കാൻ വരുന്നത്… പഴയതൊന്നും മനസിലിട്ട് ഞങ്ങൾ ആരോടും പെരുമാറാറില്ല… പക്ഷേ ഇവിടെ എന്ത്, എങ്ങനെ വേണമെന്നൊക്കെ ഞങ്ങള് തീരുമാനിക്കും…. അതിൽ ആരും ഇടപെടേണ്ട… കിച്ചുവിന്റെ സ്വഭാവം ശരിക്കറിയാല്ലോ? ഇതൊക്കെ അവന്റെ ചെവിയിലെത്തിയാൽ നിങ്ങളുടെ വീട്ടിൽ വന്ന് ചീത്ത വിളിക്കും…”
കനകമ്മ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി… അവർ ഗേറ്റ് കടന്നയുടൻ അർച്ചന ഓടിച്ചെന്നു കൗസല്യയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. ബാലൻ ലൈനിൽ തന്നെയുണ്ട്..
“അച്ഛാ.. സോറി.. ഞാൻ പറഞ്ഞത് കൂടിപ്പോയോ?”
“ഏയ് ഇല്ല… കുറഞ്ഞോന്നാ സംശയം.. എന്റെ തെറ്റാ മോളേ.. ഇതൊക്കെ അന്നേ ഞാൻ പറയേണ്ടതായിരുന്നു… അത് വിട്.. നീയെന്താ ഇന്ന് ക്‌ളാസിന് പോകാഞ്ഞേ?”
“കിഷോറേട്ടന് വേറാരെയോ കാണാനുണ്ട് എന്ന് പറഞ്ഞു… “
കിഷോറിന്റെ കൂടെയാണ് അവൾ ടൗണിലേക്ക് പോകാറുള്ളത്..
“ഒരു സ്കൂട്ടർ വാങ്ങാം.. എന്നാൽ നിനക്ക് തനിച്ചു പോകാല്ലോ… ഇനി പാർലർ തുടങ്ങിയാൽ അവന്റെ സമയത്തിനു കാത്തു നിൽക്കണ്ട…”
“എനിക്ക് ഓടിക്കാൻ അറിയില്ല..”
“പഠിക്കണം… നമ്മുടെ ഫാമിലിയിലെ ഏറ്റവും വലിയ മൂശേട്ട ആയ കനകമ്മ ചേച്ചിയുടെ വാ അടപ്പിച്ച നിനക്ക് സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതൊക്കെ നിസ്സാരമായിരിക്കും…”
ചിരിയോടെ പറഞ്ഞിട്ട് ബാലൻ ഫോൺ വച്ചു…
“അപ്പൊ നിനക്ക് ഇങ്ങനൊക്കെ സംസാരിക്കാനും അറിയാം അല്ലേ?”
ശ്വേത ചോദിച്ചു..
“അതുപിന്നെ… അച്ഛന്റെ ഓർഡർ ആയിരുന്നു…”
“നിന്റെ കൂടെ നടന്നിട്ട് ഇവൾക്ക് നല്ല മാറ്റമുണ്ട്…”
കൗസല്യ ശ്വേതയോട് പറഞ്ഞു…
“ഇനിയും മാറ്റിക്കോളാം…. ഇവിടെ അമ്മായിഅമ്മ, മരുമകൾ ഫൈറ്റിങ് കൂടി ഉണ്ടാക്കണം… എന്നാലേ പൂർത്തിയാകൂ..”
“അത് നിന്നെ കെട്ടിക്കൊണ്ട് പോകുന്ന വീട്ടിൽ ഉണ്ടാക്കിയാൽ മതി.. ഞായറാഴ്ച്ച നിന്നെ കാണാൻ ഒരുത്തൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്… “
“അന്ന് രാവിലെ ഞാൻ മുങ്ങും…”
“നടന്നത് തന്നെ…അമ്പലത്തിലെ ഉത്സവം കഴിഞ്ഞയുടൻ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും… നോക്കിക്കോ..”
അവർ അടുക്കളയിലേക്ക് നടന്നു..
“ഞാൻ പെട്ടു… അല്ലേ അച്ചൂ?”
“പിന്നല്ലാതെ?… “
“അയ്യട… ഒരാള് കൂടി പെടാൻ പോകുന്നു എന്നറിഞ്ഞപ്പോ അവളുടെ ഒരു സന്തോഷം കണ്ടില്ലേ…? ഈശ്വരാ.. അടുത്ത മാസം ഉത്സവമായി… അതുവരെയേ ഉള്ളോ എന്റെ സിംഗിൾ ലൈഫ്.? “
അവൾ മുകളിലേക്ക് നോക്കി തൊഴുതു…
അന്ന് വൈകിട്ട് ജനനി സ്കൂളിൽ നിന്ന് വന്നപ്പോൾ ശ്വേത അവളെയും അർച്ചനയെയും കൂട്ടി ടൗണിൽ പോയി…ഗിഫ്റ്റ് ഷോപ്പിന്റെ ഇന്റീരിയർ വർക്കുകൾ പൂർത്തിയായിരുന്നു… തൊട്ടടുത്ത് തന്നെയാണ് അർച്ചനയ്ക്ക് വേണ്ടി കിഷോർ തുടങ്ങുന്ന ബ്യൂട്ടിപാർലറും… അതിന്റെ പണി നടക്കുകയാണ്… ജോലിക്കാർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി ഐസ്ക്രീം കഴിച്ച് കുറച്ചു സാധനങ്ങളും വാങ്ങി ഒന്ന് കറങ്ങിയിട്ട് നാട്ടിലേക്ക് തിരിച്ചു… വീട്ടിലെത്തുമ്പോൾ സന്ധ്യയായി…. ഉമ്മറത്ത് കിഷോറും പ്രജിത്തും ഇരിക്കുന്നുണ്ട്.. ജനനി ഓടിച്ചെന്നു കിഷോറിന്റെ മടിയിൽ കയറി…
“അച്ഛന് ഒന്നും കൊണ്ടുവന്നില്ലേ? ” അവൻ ചോദിച്ചു…
“ഞാൻ ഐസ്ക്രീം വാങ്ങാമെന്ന് പറഞ്ഞതാ ആന്റി വിട്ടില്ല… ഇവിടെത്തുമ്പോഴേക്കും അലിയും എന്ന് പറഞ്ഞു… പോപ്കോൺ ഉണ്ട്…”
അവൾ കവർ തുറന്ന് പോപ്പ്കോൺ എടുത്ത് അവന് നൽകി…
“ചായ വേണോ?” അർച്ചന കിഷോറിനെ നോക്കി..
“വേണ്ട… കുടിച്ചു.”
“ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം.” അവൾ മുകളിലേക്ക് നടന്നു..
“നീ രാവിലെ എങ്ങോട്ട് പോയതാടാ?” ശ്വേത അവർക്കരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു..
“രാവിലെ പത്രത്തിൽ ഒരു വാർത്ത കണ്ടു.. അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പോയതാ… നിങ്ങളാരും പത്രം വായിക്കാറില്ല അല്ലേ?”
“ഇന്ന് സമയം കിട്ടിയില്ല… രാവിലേമുതൽ ഞാനും പ്രജിയും പണിയിൽ ആയിരുന്നു.. അച്ചുവാണെങ്കിൽ പത്രം തൊടാറില്ല… എന്താ കാര്യം?”
കിഷോർ മടക്കി വച്ചിരുന്ന ന്യൂസ്‌പേപ്പർ എടുത്ത് അവൾക്കു നീട്ടി..
“ചരമ കോളം നോക്ക്… ഏറ്റവും താഴെ..”
അവളത് നിവർത്തി കണ്ണോടിച്ചു…
‘റിസോർട് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ….. പോണ്ടിച്ചേരി – മലയാളിയായ റോണി ജോർജ് (നാൽപതു വയസ്സ് ) ആണ് ലോഡ്ജിൽ തൂങ്ങി മരിച്ചത്… കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് പറയുന്നു.. ഭാര്യ ടീന, മകൾ നേഹ..’
അനേകം മരണവാർത്തകൾക്കിടയിൽ ഒരു ചെറിയ കോളം…. അത് വായിച്ച ഉടൻ ആശ്ചര്യത്തോടെ ശ്വേത കിഷോറിനെ നോക്കി..
“ഞാനിതിന്റെ ഡീറ്റെയിൽസ് അറിയാൻ പോയതാ… അവന്റെ ഭാര്യ കുട്ടിയേയും കൊണ്ട് വീട്ടിൽ പോയി കാര്യം പറഞ്ഞു.. അവളുടെ ചേട്ടന്മാർ വന്ന് ഇവനെയൊന്നു പെരുമാറി… റിസോർട്ട് അവളുടെ പേരിലായിരുന്നു.. അവിടെ നിന്നും ഇറക്കി വിട്ടു…..അതോടെ മറ്റു ബിസിനസുകളിലെ പാർട്ണർമാരും ഒഴിവാക്കി… കയ്യിൽ കാശില്ലാത്തവനെ അവർക്കും വേണ്ട.. രണ്ട് ദിവസം മുൻപ് അവിടെയൊരു ലോഡ്ജിൽ മുറിയെടുത്തതാ… വാതിൽ തുറക്കാതായപ്പോൾ അവിടുള്ളവർ ചവിട്ടി പൊളിച്ചു.. അപ്പോഴേക്കും ചത്തിരുന്നു..”
കിഷോർ ഒന്ന് നിർത്തി..
“പക്ഷേ എനിക്ക് നല്ല വിഷമമുണ്ട്.. അവനിത്ര പെട്ടെന്ന് തീരാൻ പാടില്ലായിരുന്നു… കുറച്ചു കൂടി അനുഭവിക്കണം…”
ശ്വേത മറുപടി പറയാതെ പത്രവുമെടുത്ത് മുകളിലേക്ക് നടന്നു… അർച്ചന കുളി കഴിഞ്ഞു വരികയായിരുന്നു…. അവൾ പത്രത്തിന്റെ ആ പേജ് ബെഡിലേക്കിട്ടു..
“എന്താ ചേച്ചീ?”
“വായിച്ചു നോക്ക്..”
അവളത് കയ്യിൽ എടുത്തു… വായിക്കുമ്പോൾ ആ മുഖത്തെ ഭാവം മാറുന്നത് ശ്വേത കണ്ടു…. കണ്ണുകൾ നിറഞ്ഞു വരുന്നു… വായിച്ചു തീർത്ത് അവൾ കട്ടിലിൽ ഇരുന്ന് ശ്വേതയെ നോക്കി..
“തിരിച്ചറിവ് വന്ന പ്രായം മുതൽ ഓരോ രാത്രിയിലും ഒരായിരം തവണ ഞാനിയാളെ എന്റെ മനസ്സിൽ കൊന്നിട്ടുണ്ട് ചേച്ചീ… ഒരിക്കലെങ്കിലും മുന്നിൽ പോയി നിന്ന് എന്നോട് എന്തിനങ്ങനെ ചെയ്തു എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു…. കിഷോറേട്ടനോട് അകൽച്ച കാണിക്കാൻ കാരണക്കാരനായ ഇയാളെ കൊന്നിട്ട് സ്വയം അവസാനിപ്പിക്കണം എന്നും തോന്നിയിട്ടുണ്ട്…. പക്ഷേ മരണം ഒരു ശിക്ഷയാണോ? ശരിക്കും ശിക്ഷിക്കപ്പെട്ടത് ഒരു തെറ്റും ചെയ്യാത്ത അയാളുടെ ഭാര്യയും കുഞ്ഞും അല്ലേ?”
ശ്വേത അവളുടെ അടുത്തിരുന്നു… എന്നിട്ട് കിഷോറും പ്രജിത്തും റോണിയെ കാണാൻ പോയത് മുതലുള്ള എല്ലാം അവളോട് വിശദീകരിച്ചു… അർച്ചനയുടെ കണ്ണുനീർ ഒലിച്ചിറങ്ങി…
“ഇതൊക്കെ നിന്നോട് പറയണ്ട എന്ന് വിചാരിച്ചതാ… പക്ഷേ ആ ദ്രോഹി എല്ലാം നഷ്ടപ്പെട്ട് ജീവനൊടുക്കിയത് അറിയുമ്പോ നിനക്ക് ആശ്വാസമാകും എന്നു കരുതി…”
“സന്തോഷം ഇല്ലാ എന്നു പറഞ്ഞാൽ അത് കള്ളമാ….എന്നാൽ എന്റെ വിഷമം അയാളുടെ മകളെയോർത്താ…”
“എന്തിന്? തന്നെപ്പോലൊരു പെണ്ണിന്റെ ജീവിതം തകർത്ത അച്ഛനോട് ലോകത്തിൽ ഒരു മോളും ക്ഷമിക്കില്ല…. ആ കുട്ടി വലുതായ ശേഷം കാര്യങ്ങളൊക്കെ മനസിലാക്കും..”
ശ്വേത അവളുടെ മുറിയിലേക്ക് പോയി…ബാലൻ കടയിൽ നിന്ന് വന്നതിന് ശേഷമാണ് എല്ലാവരും അന്ന് അത്താഴം കഴിച്ചത്.. കുറേ നേരത്തെ കളിതമാശകൾക്കൊടുവിൽ പ്രജിത്ത് തിരിച്ചു പോയി… അടുക്കളജോലി തീർത്ത് അർച്ചന മുറിയിലെത്തിയപ്പോൾ കിഷോർ കട്ടിലിൽ കിടന്ന് മൊബൈൽ നോക്കുകയാണ്…
“ശ്വേത ഉറങ്ങിയോടീ?”
“ഇല്ല. ബാൽക്കണിയിൽ ഇരുന്ന് ശരവണനോട് ഫോണിൽ സംസാരിക്കുകയാ…”
‘ഏത്? അവളുടെ കാമുകനോ..? “
“പോ അവിടുന്ന്.” അർച്ചന ദേഷ്യപ്പെട്ടു..
“അത് കാമുകനൊന്നും അല്ല.. ചേച്ചീടെ ഫ്രണ്ട് ആണ്..”
“അവളെ പറഞ്ഞാൽ നിനക്കിഷ്ടപ്പെടില്ലല്ലോ..”
“ഇല്ല..”
“വന്ന് കിടക്കെടീ… നാളെ ക്‌ളാസിന് പോണം.. ഈയിടെയായി നീ നല്ല ഉഴപ്പാണ്… എല്ലാരും ചേർന്ന് കൊഞ്ചിച്ചു വഷളാക്കി..”
“സഹിച്ചോ…” അവൾ കട്ടിലിൽ കയറിക്കിടന്നു…. കിഷോർ അവളെ തന്നിലേക്ക് അടുപ്പിച്ചു…
“അച്ചൂ… എല്ലാം അറിഞ്ഞല്ലോ?”
“ഉം..”
“കുറച്ചൊരു ആശ്വാസം തോന്നുന്നില്ലേ?”
“ഉണ്ട്…പക്ഷേ ഞാൻ അനുഭവിച്ച വേദനയ്ക്ക് ഇതൊന്നും പകരമാവില്ലല്ലോ…”
“ഒരാളുടെ ജീവിതം തകർത്തിട്ട് അവൻ ഹാപ്പി ആയി ജീവിക്കുന്നത് ശരിയല്ല.. അതുകൊണ്ട് മാത്രമാ ഞാൻ അവനെ തേടിപ്പിടിച്ചത്…”
“എന്നാലും കിഷോറേട്ടൻ ഒന്നാലോചിച്ച് നോക്ക്… എന്നെപ്പോലെ എത്ര പെൺകുട്ടികൾ ഉണ്ടാകും ഈ ലോകത്ത്? ആരോടും തുറന്ന് പറയാൻ കഴിയാതെ.. ഒന്നുറക്കെ കരയാൻ പോലും പറ്റാതെ…. കാമം എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത പ്രായത്തിൽ അനുഭവിക്കേണ്ടി വന്ന ക്രൂരത തകർത്ത മനസുമായി ജീവിതകാലം മുഴുവൻ….”
അവളൊന്ന് വിതുമ്പി…കിഷോറിന് ഉത്തരം ഉണ്ടായിരുന്നില്ല… ഒരു പുരുഷൻ അവന്റെ സുഖത്തിന് വേണ്ടി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുമ്പോൾ ശരീരത്തെക്കാൾ പെണ്ണിന്റെ മനസ്സിനാണ് മുറിവേൽക്കുന്നതെന്നും ആ വ്രണം ഒരിക്കലും ഉണങ്ങാതെ അവളെ വേദനിപ്പിച്ചു കൊണ്ടിരിക്കുമെന്നും ഇന്ന് അവനറിയാം…. ആ നീചകൃത്യത്തിന്റെ ഇരയാണ് അവന്റെ നെഞ്ചോട് ഒട്ടിച്ചേർന്ന് കിടക്കുന്നത്….. സൈക്യാട്രിസ്റ്റിന്റെ ചികിത്സ കൊണ്ട് അവൾക്ക് നല്ല മാറ്റമുണ്ട്… സ്നേഹിക്കുന്ന കുറച്ചു പേരുടെ സാമീപ്യവും അവളെ ഒരുപാട് മാറ്റി…ഇന്നവൾ സമാധാനമായി ഉറങ്ങാറുണ്ട്….
“കിഷോറേട്ടാ..” അവൾ പതിയെ വിളിച്ചു…
“പറ..”
“എനിക്കൊരു ആഗ്രഹം..”
“എന്താ?”
“വഴക്കു പറയരുത്.”
“ഇല്ല..”
“എനിക്ക് ശ്രീകലചേച്ചിയെ കാണണം..”
“അതെന്തിനാ?”
“ചുമ്മാ… പ്ലീസ്…”
“പെണ്ണേ… നീ അടുത്ത കുരിശെടുത്ത് എന്റെ തലയിൽ വയ്ക്കാനുള്ള പരിപാടി ആണോ?”
“അല്ലെന്നേ…. വെറുതെ ഒന്നു കാണാനാ.. പറ്റില്ലെന്ന് പറയരുത് ..”
“ആദ്യമായിട്ട് ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ…? നോക്കാം.. കുറച്ചു ദിവസം കഴിയട്ടെ… “
അവൾ ആഹ്ലാദത്തോടെ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി…
“നീ തന്നെയാണോ ഇത്? ഇനി വല്ല യക്ഷിയും കൂടിയോ..?”
“അതെന്താ അങ്ങനെ ചോദിച്ചേ?”
“കെട്ടികൊണ്ടു വന്നതിനു ശേഷം ആദ്യത്തെ കിസ്സ് ആണ്… അതോണ്ട് ചോദിച്ചതാ..”
“എന്തേ വേണ്ടേ?”
“വേണം… അത് മാത്രം പോര…” കിഷോർ കുസൃതിയോടെ ചിരിച്ചു..
“ആദ്യം ശ്രീകലചേച്ചിയെ കാണണം… എന്നിട്ടാലോചിക്കാം ബാക്കിയെല്ലാം…”
“സത്യം?”
“സത്യം…”
കിഷോർ പതിവ് പോലെ അവളുടെ നെറ്റിയിൽ ഉമ്മ
വച്ചു… പിന്നെ കൈകൾ കൊണ്ട് അവളെ വലയം ചെയ്തു..ഇനിയൊരിക്കലും റോണിയുടെ മുഖം തന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരല്ലേ എന്ന പ്രാർത്ഥനയോടെ അർച്ചന കണ്ണുകൾ അടച്ചു…
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
😍😍👌