Skip to content

പ്രിയ സഖി – 11

priyasakhi

ടാക്സി കൗസ്തുഭത്തിന്റെ മുറ്റത്ത് എത്തിയപ്പോൾ ബാലനും കൗസല്യയും  ജനനിയും കാത്തു നിൽപുണ്ടായിരുന്നു.. ഡോർ തുറന്ന് ഇറങ്ങിയ അർച്ചനയെ കണ്ടപ്പോൾ ജനനി  ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു..

“അച്ചൂമ്മയ്ക്ക് എന്താ പറ്റിയത്?”  അവൾ സങ്കടത്തോടെ  ചോദിച്ചു..

“ഒന്നുമില്ല മോളേ… നീയെന്താ സ്കൂളിൽ പോകാഞ്ഞേ?”

“അച്ചൂമ്മ ഇന്ന് വരുമെന്ന് മുത്തശ്ശി പറഞ്ഞു… അതാ..”

കൗസല്യ അടുത്ത് വന്ന് അർച്ചനയുടെ കയ്യിൽ പിടിച്ച് അകത്തേക്ക് നടത്തിച്ചു.. കൂടെ  ശ്വേതയും ബാലനും… കിഷോർ  അതേ ടാക്സിയിൽ തന്നെ  ടൗണിലേക്ക് പോയി.. അവന്റെ ബൈക്ക് ഹോസ്പിറ്റലിൽ ആണ്.. അവൻ  സ്റ്റാഫിനെ വിളിച്ച് ബൈക്ക് കടയിലെത്തിക്കാൻ പറഞ്ഞിരുന്നു….

“ഞാൻ വീട്ടിൽ പോയി വരാം “.. ശ്വേത, കൗസല്യയോട് പറഞ്ഞു..

“എന്തിനാ?”

“പോയി കുളിച്ച് കുറച്ചു നേരം ഉറങ്ങട്ടെ… ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ല… വൈകുന്നേരം വരാം..”

“ഇവിടെ ബാത്‌റൂമിൽ വെള്ളമുണ്ട്… ഉറങ്ങാൻ മുകളിൽ ഒരു മുറിയുമുണ്ട്… മാറ്റാൻ ഡ്രസ്സ്‌ ആണെങ്കിൽ ഞാൻ രാവിലെ പോയി നിന്റെ അത്യാവശ്യം വേണ്ടതെല്ലാം ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്..”

“എന്തിന്?”  ശ്വേത അമ്പരന്നു..

“ഒറ്റയ്ക്കുള്ള പൊറുതി  വേണ്ട… ഒരാൾക്ക് കൂടി  ചോറുണ്ടാക്കണം എന്നല്ലേയുള്ളൂ.. അത് ഞാൻ ചെയ്തോളാം… നീ ഇനി ഇവിടെ താമസിച്ചാൽ മതി…”

“അതൊന്നും ശരിയാവില്ല അമ്മേ… വെറുതേ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ…. എനിക്ക് തനിച്ചു കഴിയുന്നതാ ഇഷ്ടം…”

“അങ്ങനെ തന്നിഷ്ടം നോക്കി ജീവിക്കുന്നത് ഇനി വേണ്ട എന്നാ പറഞ്ഞത്… ചോദിക്കാനും പറയാനും  ഞങ്ങളൊക്കെ ഉണ്ട്..”

കൗസല്യയുടെ ശബ്ദം ഉയർന്നു..

“മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം കളഞ്ഞവളാ നീ… വയസ്സ് എത്രയായി എന്ന് വല്ല ബോധവുമുണ്ടോ? ഇനിയെങ്കിലും അവനവന്റെ  കാര്യം നോക്കണം… ഷോപ്പ് ഒക്കെ തുടങ്ങി കുറച്ചു കഴിഞ്ഞാൽ ഉടൻ  ഞങ്ങൾ  നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചു തരും… അതുവരെ ഇവിടെയാ നീ  താമസിക്കാൻ പോകുന്നത്… പിന്നെ ആളുകൾ പറയുന്നതൊന്നും  നീ  നോക്കണ്ട… നാട്ടുകാരുടെ അഭിപ്രായം നോക്കിയിട്ടല്ല ഞാനും ബാലേട്ടനും ഇത്രയും കാലം ജീവിച്ചത്…ഇനിയും അങ്ങനെ തന്നെയായിരിക്കും… മുകളിലെ മുറി വൃത്തിയാക്കിയിട്ടുണ്ട്…പോയി കുളിച്ച് കുറച്ചു നേരം ഉറങ്ങിക്കോ… ഊണ് റെഡി ആയാൽ ഞാൻ വിളിച്ചോളാം..”

ശ്വേത തേങ്ങികരഞ്ഞു കൊണ്ട് അവരെ കെട്ടിപ്പിടിച്ചു…

“അയ്യേ… ഇത്രേ ഉള്ളോ എന്റെ കാന്താരി?.. ആരെയും പേടിയില്ലാത്ത, മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കുന്നവളാണോ ഇങ്ങനെ കരയുന്നത്?  ..”

കൗസല്യ അവളുടെ പുറത്ത് പതിയെ  തട്ടികൊണ്ടിരുന്നു..

“ഈ വീട്ടിൽ എപ്പോ നോക്കിയാലും കെട്ടിപ്പിടിച്ചു കരച്ചിലാണല്ലോ? ഒരുമാതിരി സീരിയലിലെപ്പോലെ..”

ജനനിയെ  ചുമലിൽ ഇരുത്തി ബാലൻ അങ്ങോട്ട് വന്നു പറഞ്ഞു….ശ്വേത പിന്നിലേക്ക് മാറി കണ്ണുകൾ തുടച്ചു..

“എന്താ ഇപ്പോഴത്തെ കാരണം?”

“ഇവൾക്ക് വീട്ടിൽ പോകണമെന്ന്.. ഞാൻ  വിട്ടില്ല..”

“അതാണോ? ഞാനും  വിടില്ല.. നിന്റെ കാര്യത്തിൽ കുറച്ചു തീരുമാനങ്ങൾ എടുക്കാനുണ്ട്… അതുവരെ ഇതാണ് നിന്റെ വീട്… എതിര് പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന്  അടി വാങ്ങിക്കും..”

ബാലൻ ദേഷ്യം അഭിനയിച്ചു….

“തത്കാലം നീ പോയി റസ്റ്റ്‌ എടുക്ക്.. ഞാൻ ജാനിയെയും കൊണ്ട് സൂപ്പർ മാർക്കറ്റിലേക്ക് ഇറങ്ങുകയാ… ഇവൾ ഇവിടെ നിന്നാൽ അച്ചുവിനെ ഉറങ്ങാൻ വിടില്ല..”

“ഊണ് കഴിച്ചിട്ട് പോയാൽ പോരേ ബാലേട്ടാ?”  കൗസല്യ ചോദിച്ചു…

“വേണ്ട.. ഞങ്ങൾ പുറത്തുനിന്നു കഴിച്ചോളാം..”

അവർ പോയതിനു ശേഷം  ശ്വേത മുകളിലേക്ക് നടന്നു.. അർച്ചന ഉറങ്ങുകയാണ്… നല്ല ക്ഷീണം ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.. അവളെ പുതപ്പിച്ച ശേഷം   ശ്വേത അടുത്ത മുറിയിലേക്ക് നടന്നു..

രാത്രി വൈകിയാണ്  കിഷോർ തിരിച്ചെത്തിയത്… ബാലൻ അത്താഴം കഴിച്ച്  ടീവി കാണുകയായിരുന്നു.. കൗസല്യ അടുക്കളയിലും… അച്ഛനോട് കുറച്ചു നേരം സംസാരിച്ച ശേഷം  അവൻ  മുകളിലേക്ക് കയറി…. മുറിയിലേക്ക് കയറിയപ്പോൾ അർച്ചന ചെയറിൽ ഇരിക്കുന്നുണ്ട്.. അവനെ കണ്ടതും, അവൾ എഴുന്നേറ്റു…

“നീ അത്താഴം കഴിച്ചോ?”

അവൾ തലയാട്ടി..

“രാത്രിയിൽ മെഡിസിൻ ഉണ്ടോ? “

“കഴിച്ചു…”

അവൻ കുളിക്കാൻ കയറി… തിരിച്ചു വരുമ്പോൾ അവൾ ജനലഴിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്…

“എന്താ, ഉറക്കം വരുന്നില്ലേ…?”

അവൾ പെട്ടെന്ന് തിരിഞ്ഞു….

“എന്തു പറ്റി?”

“അപ്പുറത്തെ മുറിയിൽ ശ്വേതചേച്ചി ഉണ്ട്..”

“അതിന്?”

“കിഷോറേട്ടൻ എവിടെയാ കിടക്കുക?”

അതായിരുന്നു അവളുടെ ടെൻഷൻ…

“ഇവിടെ എന്താ പ്രശ്നം?”

“എനിക്ക് ഇപ്പഴും പനി മാറിയിട്ടില്ല… പകരും.”

“പനിയല്ലേ? മാറാരോഗം ഒന്നുമല്ലല്ലോ..?”

തീരെ മയമില്ലാത്ത  സ്വരത്തിൽ അവൻ ചോദിച്ചു..പിന്നെ ജനലിന്റെ പാളികൾ അടച്ചു..

“നീ  കേറി കിടക്ക്.. ഞാൻ അവളെയൊന്ന് കണ്ടിട്ട് വരാം..”

ഷർട്ട് എടുത്തിട്ട് അവൻ മുറിവിട്ടിറങ്ങി.. ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു.. ശ്വേത അവിടെയുള്ള ഊഞ്ഞാലിൽ  ഇരുന്ന് ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കുകയാണ്..

അവൾ അവനോട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു.. പിന്നെ ഹെഡ്സെറ്റിന്റെ ഒരു ഭാഗം  അവന്റെ ചെവിയിൽ വച്ചു കൊടുത്തു…എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടാണ്… “ഇളയനിലാ  പൊഴിഗിറതേ..”.. കണ്ണടച്ചിരുന്ന് രണ്ടുപേരും അതിൽ ലയിച്ചു..

“എന്തൊരു രസമാ പുള്ളീടെ പാട്ട് കേൾക്കാൻ… അല്ലേടാ?”

“ഉം..”

“മനസ്സിൽ എത്ര വിഷമം ഉണ്ടായാലും ഇങ്ങേരുടെ ശബ്ദം കേട്ടാൽ എല്ലാം മാറും.”

“ഇപ്പോൾ നിനക്കെന്താ വിഷമം?”

അവൾ ഒന്നും മിണ്ടിയില്ല… തണുത്ത കാറ്റ് വീശുന്നുണ്ട്… നിലാവെളിച്ചത്തിൽ അവളുടെ  മുഖത്തെ വിഷാദം അവൻ ശ്രദ്ധിച്ചു..

“എന്തുപറ്റിയെടീ?”

“ഞാൻ നിങ്ങൾക്ക് ഒരു ഭാരമായോ എന്ന തോന്നൽ… അമ്മയും അച്ഛനും പറഞ്ഞപ്പോൾ എതിർക്കാനും കഴിയുന്നില്ല… അല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ താമസിച്ചേനെ..”

“നിന്നെ ജീവിതകാലം മുഴുവൻ ഇവിടെ പൊറുപ്പിക്കാനൊന്നും ഞാൻ സമ്മതിക്കില്ല… രണ്ടാഴ്ചയ്ക്കുള്ളിൽ നിന്റെ ഷോപ്പ് തുറക്കണം… പിന്നെ ഏതേലും ഒരു കോന്തനെ കണ്ടെത്തി ശല്യം ഒഴിവാക്കും… അതിന് ശേഷം പ്രജിക്കും ഒരു പെണ്ണിനെ കണ്ടെത്തി കൊടുക്കണം.. അത് പറഞ്ഞപ്പോഴാ ഓർത്തത്… നീയല്ലേ അവനെ  ചെന്നൈയിലോട്ട് വിട്ടത്? വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല… അവിടെ ഏതെങ്കിലും തമിഴത്തിയെ  സെറ്റ് ആക്കിയോ?”

“നാളെ എത്തും…. നിന്റെ കാൾ എടുക്കാത്തത് മനഃപൂർവം ആണ്.. അവനോടു എന്തൊക്കെയാ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ…? പാവത്തിന് ഒരുപാട് നൊന്തു… എന്നെവിളിച്ച് കുറേ പരാതി പറഞ്ഞു.. അച്ചുവിന്റെ കാര്യം അറിഞ്ഞതോടെ ആള് പകുതി മരിച്ച പോലെയാ… അത്രക്ക് ജീവനാടാ  പ്രജിക്ക് അച്ചുവിനെ….”

“എനിക്കറിയാം.. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഓരോന്ന് വിളിച്ചു പറഞ്ഞു… പക്ഷേ അവനെന്നോട് ക്ഷമിക്കും… എനിക്കുറപ്പുണ്ട്… വഴക്കിട്ടു പിരിഞ്ഞു പോകാനുള്ള ബന്ധമാണോ  നമ്മൾ മൂന്ന് പേർക്കും ഇടയിലുള്ളത്?”

“ഇനി മുതൽ മൂന്നല്ല… നാല്… അങ്ങനെ വേണം പറയാൻ… കേട്ടല്ലോ?”

ശ്വേത ഓർമ്മിപ്പിച്ചു..

“അച്ചുവിനെ ഒരിക്കലും ഒറ്റയ്ക്ക് ആക്കരുത്.. ഭർത്താവ് ആയിട്ട് മാത്രമല്ല, നല്ലൊരു ഫ്രണ്ട് ആയിട്ടും നീ കൂടെയുണ്ടാവണം..”

കിഷോർ ഒന്ന് മൂളി…

“കിച്ചൂ….. അവളുടെ മനസ്സ് ഇപ്പോഴും അസ്വസ്ഥമാണ്… മാറാൻ സമയം എടുത്തേക്കാം… നിന്റെ ഉത്തരവാദിത്തം ചെറുതല്ല  എന്നർത്ഥം… നീ തനിച്ചല്ല, എല്ലാവരും ചേർന്ന് അവളെ മാറ്റിയെടുക്കും… എനിക്ക് ചെറുക്കനെ ആലോചിക്കുന്നതൊക്കെ അതിന് ശേഷം മതി….. “

“നീ പോയിക്കിടന്നുറങ്ങ്… നാളെ  ടൗണിലേക്ക് എന്റെ കൂടെ വരണം..നിന്റെ കടയുടെ ഇന്റീരിയർ വർക്കിന് ആൾകാർ നാളെയെത്തും… ബ്യൂട്ടിപാർലറിന്റെ പണിയും  നാളെ തന്നെ  തുടങ്ങും… പ്രജി എത്രമണിക്ക് വരും?”

“ഉച്ചയ്ക്ക് മുൻപ്…”

“അവന്റെ പിണക്കം മാറ്റിയിട്ട് അവനെയും കൊണ്ട് പോയി കാർ എടുക്കണം… ഷോറൂമിൽ നിന്ന് വിളിച്ചിരുന്നു..”

അവൻ എഴുന്നേറ്റ് അവളുടെ കൈ പിടിച്ചു വലിച്ചു… അവളും എഴുന്നേറ്റു… ഡോർ അടച്ച് രണ്ടുപേരും രണ്ടു മുറികളിലേക്കും പോയി.. അവൻ അകത്തു ചെന്നപ്പോൾ അർച്ചന കണ്ണുകൾക്ക് മീതെ കൈ വച്ച് കിടക്കുകയാണ്… ലൈറ്റ് ഓഫ്‌ ചെയ്ത് അവനും   ചെന്നു കിടന്നു… പുറത്തെ ചീവീടുകളുടെ ശബ്ദം മാത്രം കേൾക്കാം,..കുറച്ചു കഴിഞ്ഞ് കിഷോർ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.. എന്നിട്ട് കൈ അവളുടെ വയറിനു കുറുകെ വച്ചു.. പ്രതികരണം ഒന്നുമില്ല… കുറച്ചു കൂടി  ചേർന്ന് കിടന്നു… ശ്വാസമടക്കിപ്പിടിച്ച് അവൾ കിടക്കുകയാണെന്ന് മനസിലായി…..

“അച്ചൂ…” അവൻ പതിയെ വിളിച്ചു… അവൾ നിശബ്ദയായി കിടക്കുകയാണ്…മുഖം അവളുടെ കാതിനോട് ചേർത്ത് വച്ച് ഒരിക്കൽ കൂടി വിളിച്ചു…

“അച്ചൂ… എന്നോട് ദേഷ്യമാണോ?”

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി…ഒരു നിമിഷം അവൻ പകച്ചു പോയി… പിന്നെ അവളുടെ  ശിരസ്സ് തന്റെ നെഞ്ചിലേക്ക് എടുത്ത് വച്ചു… രണ്ടു കൈകൾ കൊണ്ടും അവളെ  മുറുക്കി പിടിച്ചു….

“കരയല്ലേടീ… സോറി… ഞാൻ നിന്നെ ഒത്തിരി വിഷമിപ്പിച്ചു…എന്റെ തെറ്റാ… നീ ക്ഷമിക്ക്…”

അതോടെ കരച്ചിലിന്റെ ശക്തി കൂടി.. പിന്നെ പൊടുന്നനെ അത് നിലച്ചു.. അവളുടെ കൈകൾ  അവന്റെ നെഞ്ചിൽ അമർന്നു… എന്താണെന്ന് കിഷോറിന് മനസിലായില്ല.   കൈ എത്തിച്ച് ലൈറ്റ്  ഇട്ടപ്പോൾ അവൻ  ഞെട്ടിപ്പോയി… അവൾ  വാ  തുറന്നപടി കിടക്കുകയാണ്.. ശ്വാസം കിട്ടുന്നില്ല… കണ്ണുനീർ ഒഴുകുന്നുണ്ട്… പിടഞ്ഞെഴുന്നേറ്റ് അവളെ പിടിച്ചിരുത്തി..

“അച്ചൂ… മോളേ..”  അവൻ  കുലുക്കി വിളിച്ചു…കവിളിൽ  പതുക്കെ രണ്ടടി അടിച്ചപ്പോൾ ശ്വാസം വീണ്ടെടുത്ത് അവൾ വാവിട്ടു കരഞ്ഞു തുടങ്ങി…കിഷോർ ചാരിയിരുന്ന് അവളെ മടിയിൽ കിടത്തി…പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു….

“നീ കരയുമ്പോൾ എനിക്കത്ര വേദനിക്കുന്നു എന്നറിയാമോ?.. മതി… നിർത്ത്…”

“എന്നെപ്പോലൊരുത്തിയെ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ കിഷോറേട്ടന്?”

അവൻ മുഖം കുനിച്ച് അവളുടെ  നനഞ്ഞ കണ്ണുകളിൽ ഉമ്മ

വച്ചു…

“ഒരിക്കലുമില്ല… ഞാൻ കുറച്ചു പക്വതയോടെ പെരുമാറണമായിരുന്നു… അങ്ങനൊക്കെ പറഞ്ഞെന്ന് വച്ച് നീ മരിക്കാനൊരുങ്ങുകയാണോ വേണ്ടത്? എനിക്ക് നീയില്ലാതെ പറ്റില്ല അച്ചൂ… അത്രയ്ക്ക് ഇഷ്ടമാ…”

“സോറി…. “

“സോറിയൊന്നും വേണ്ട… ഇനിമേലാൽ ഇങ്ങനൊന്നും ചിന്തിക്കരുത്…സത്യം ചെയ്യ്.”

“സത്യം.. “

കിഷോർ  അവളെ ശരിക്കു കിടത്തി…അവനും കിടന്നു…അതിന് ശേഷം അവളുടെ  ഒരു കാൽ  തന്റെ ദേഹത്തോട്ട് കയറ്റി വച്ചു… കഴുത്തു വരെ പുതച്ച ശേഷം  ആ  കവിളിൽ ചുണ്ടുകളമർത്തി..

“അച്ചൂ…” ആ  വിളിയിൽ അർച്ചനയുടെ മനം കുളിർന്നു…

“എന്തോ….”

“ഉറങ്ങിക്കോ…. മറ്റൊന്നും ആലോചിക്കണ്ട..”

നാളുകൾക്ക് ശേഷം  അവൾ മനസമാധാനത്തോടെ  ഉറങ്ങി.. കിഷോറിനു പക്ഷേ ഉറങ്ങാൻ കഴിഞ്ഞില്ല.. തന്റെ  നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന പെൺകുട്ടിയോട് പ്രണയത്തെക്കാൾ  വാത്സല്യം അവന്  തോന്നി… നേരം പുലരും വരെ  അവൻ  അവളെ നോക്കി കിടന്നു… ഇടയ്ക്കിടെ, അവളെ ഉണർത്താതെ  മൃദു ചുംബനങ്ങൾ  നൽകിക്കൊണ്ട്…….

*************

പോണ്ടിച്ചേരി……

മനോഹരമായ  ഒരു റിസോർട്ട് ആയിരുന്നു അത്… അതിനോട്‌ ചേർന്ന് ഔട്ട്‌ഹൗസ് പോലത്തെ ഒരു കെട്ടിടം.. തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരെ അയാൾ അടിമുടി നോക്കി…

“സാർ ഇവിടെ തന്നെയാണോ  താമസം?”

“അതെ… സ്വന്തം ബിസിനസ്‌ ആകുമ്പോൾ നമ്മൾ  തന്നെ  കെയർ ചെയ്യണമല്ലോ…? അതുകൊണ്ട് മോളും വൈഫും  ഞാനും ഇവിടെ കൂടി… അമ്മച്ചിയും മറ്റ് കുടുംബക്കാരുമെല്ലാം നാട്ടിൽ തന്നെയാണ്..”

ഒരു യുവതി രണ്ടു ഗ്ലാസ്‌ ജ്യൂസ് അവരുടെ മുൻപിൽ വച്ചു… ഒന്ന് പുഞ്ചിരിച്ചിട്ട് പുറത്തേക്ക് പോയി..

“എന്റെ വൈഫാണ്  ടീന…”  അയാൾ പറഞ്ഞു…

“സാറിന്റെ ലേറ്റ് മാരേജ് ആയിരുന്നോ? പുറത്ത് മോളെ കണ്ടു…ചെറിയ കുട്ടി ആണ്.. അതുകൊണ്ട് ചോദിച്ചതാ..”

“യെസ്… ഞാൻ മലേഷ്യയിൽ ആയിരുന്നു കുറേക്കാലം… അതുകൊണ്ട് കെട്ടാൻ വൈകി….”

അയാൾ  ചിരിച്ചു..

“നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ഇത്രയും ദൂരത്തു നിന്ന് എന്നെ കാണാൻ വന്നതെന്തിനാ…?”

“ഓ.. സോറി… അത് മറന്നു പോയി… ഞാൻ കിഷോർ… ഇതെന്റെ ഫ്രണ്ട് പ്രജിത്ത്… സാറിന് ഞങ്ങളെ അറിയാൻ വഴിയില്ല… പക്ഷേ അർച്ചനയെ അറിയാല്ലോ…”

“അർച്ചന..?”.. അയാൾ  ഒരു നിമിഷം ആലോചിച്ചു…

“ഓർമയില്ലേ?… എന്താ റോണിസാറേ… വർഷം കുറെ ആയെങ്കിലും മറക്കാൻ പറ്റുന്നതാണോ നിങ്ങളുടെ അപ്പന്റെ കൂട്ടുകാരൻ കൃഷ്ണനെയും  അയാളുടെ പെണ്മക്കളെയും?”

റോണിയുടെ മുഖം വിളറി… തൊണ്ട വരണ്ടു..

“ഏട്ടനെപ്പോലെ സ്നേഹിച്ച പത്തു വയസുള്ള കുഞ്ഞിനെ പിച്ചിച്ചീന്തിയത് മറന്നു പോയോ?”

“നിങ്ങൾ.. നിങ്ങളാരാ…?” അയാൾ പതർച്ചയോടെ ചോദിച്ചു… പിന്നെ വാതിൽക്കലേക്ക് നോക്കി..

“ഓ.. ഭാര്യ കേൾക്കുന്നുണ്ടോ എന്ന് നോക്കുകയാണോ?ഭർത്താവിന്റെ പണ്ടത്തെ വീര സാഹസകഥകൾ  അവരും കൂടി  കേൾക്കട്ടെ….”

“പ്ലീസ്… വരൂ .. നമുക്ക് ഓഫീസിൽ വച്ച് സംസാരിക്കാം…”

പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം… കവിൾ പൊത്തിപ്പിടിച്ച് റോണി പിന്നിലേക്ക് ചാഞ്ഞിരുന്നു…

“അനങ്ങിയാൽ  നിന്നെ ഇവിടിട്ട് കുത്തിക്കീറും…”

പതിഞ്ഞതെങ്കിലും  കിഷോറിന്റെ വാക്കുകൾ ഉറച്ചതായിരുന്നു… ഒരു പെൺകുഞ്ഞ് അങ്ങോട്ട് ഓടി വന്നു..

“എന്താ പപ്പാ  ഒരു സൗണ്ട് കേട്ടത്?”

“ഒന്നുമില്ല… മോള് മമ്മിയുടെ അടുത്ത് പൊയ്ക്കോ..”

അയാൾ പറഞ്ഞു മുഴുമിപ്പിക്കും മുൻപ് പ്രജിത്ത് അവളെ എടുത്ത് മടിയിലിരുത്തി..

“മോളുടെ പേരെന്താ?”.

“നേഹ…”

“എത്രയിലാ പഠിക്കുന്നെ?”

“ഫോർത്തിൽ…”

“മിടുക്കി..”  പ്രജിത്ത് അവളുടെ കവിളിൽ തലോടി.. പിന്നെ ഒരു ചോക്ലേറ്റ് എടുത്ത് അവൾക്ക് നൽകി..

“മോള് അപ്പുറത്തേക്ക് പൊയ്ക്കോ… പപ്പയോടു ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുണ്ട്..”

അവൾ രണ്ടുപേരെയും നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വന്ന വഴി തിരിച്ചോടി…

“നാലാം ക്ലാസ്… ഏകദേശം ഈ പ്രായത്തിൽ തന്നെയായിരുന്നു അർച്ചന അന്ന്…. അല്ലേ?”

റോണി ഇരുന്ന് വിയർക്കുകയാണ്..

“നിന്റെ മോള് സുന്ദരിയാട്ടോ…” നേർത്ത ചിരിയോടെ  കിഷോർ പറഞ്ഞു… റോണി അവന്റെ കാൽക്കലേക്ക് വീണു…

“എന്റെ മോളെ ഒന്നും ചെയ്യരുത്… എനിക്ക് അന്നങ്ങനെ ഒരു തെറ്റ്‌ പറ്റിപ്പോയി…എന്തുവേണമെങ്കിലും തരാം..”

“എന്തു തരും?”  അവൻ അയാളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി…

“എന്തും…”

“നിന്റെ സകല സ്വത്തും എന്തിന്, നിന്റെ ജീവൻ തന്നെ  തന്നാൽപ്പോലും ആ പെൺകുട്ടി പതിനഞ്ച് വർഷമായി  അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മർദത്തിനു പകരമാവില്ല…”

കിഷോർ പല്ലു ഞെരിച്ചു…

“ദിവസം കുറേ ആയി  ഞങ്ങൾ നിന്നെ അന്വേഷിക്കുന്നു.. കണ്ടു കിട്ടാൻ ഒത്തിരി പാടുപെട്ടു… അവളുടെ ജീവിതം തകർത്തിട്ട് നീയിവിടെ സുഖിച്ചു ജീവിക്കുകയാണ് അല്ലേ..? സ്വന്തമായി  റിസോർട്ട്.. സൗന്ദര്യവും സമ്പത്തുമുള്ള ഭാര്യ, മകൾ….  അർച്ചനയോ? ഒന്നുറങ്ങാൻ പോലും കഴിയാതെ , ആരോടെങ്കിലും പറഞ്ഞു കരയാൻ പോലും പറ്റാതെ നരകിക്കുകയായിരുന്നു…”

അവൻ റോണിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു….

“നിന്നെ കൊല്ലാൻ അധികസമയമൊന്നും വേണ്ട… പക്ഷേ ഞാനത് ചെയ്തു  ജയിലിൽ പോയാൽ  അവൾ  കൂടുതൽ വിഷമിക്കും.. പിന്നെ അടുത്ത വഴി  നിയമത്തിന്റെതാണ്…. അവളുടെ മുറിവുകളുടെ ആഴം  കൂട്ടാനേ അതുകൊണ്ട് കഴിയൂ… എന്നിട്ടും ഇന്ന് നിന്നെ കാണാൻ  വന്നത് വേറൊന്നിനുമല്ല,നീ  ചെയ്ത  തന്തയില്ലായ്മ ഒരിക്കലും ആരും അറിഞ്ഞിട്ടില്ല എന്ന് നീ  കരുതരുത്… അതിന് വേണ്ടി മാത്രമാ…”

അവൻ  എഴുന്നേറ്റു…

“സ്ത്രീധനം കിട്ടിയ കാശിൽ റിസോർട്ട് പണിത്  സുഖമായി ഇത്രയും നാൾ ജീവിച്ചില്ലേ… ഇനി നിനക്ക് ഉറക്കമില്ലാത്ത രാത്രികളാണ് റോണീ… അതിന് വേണ്ടി തന്നെയാ  ദൈവം നിനക്ക് പെൺകുഞ്ഞിനെ തന്നത്… അർച്ചനയ്ക്ക് സംഭവിച്ചത്  നിന്റെ മോൾക്ക് സംഭവിക്കാതിരിക്കട്ടെ,.,…”

കിഷോർ  വാതിലിനു നേരെ നടന്നു… പിന്നാലെ നടന്ന പ്രജിത്ത് ഒരു നിമിഷം നിന്നു… പിന്നെ കുതിച്ചു വന്ന് ഒരൊറ്റ ചവിട്ടായിരുന്നു… റോണി തെറിച്ച് ഭിത്തിയിലടിച്ചു നിലത്തേക്ക് വീണു…

“നിന്നെ തീർത്തിട്ട് ഞാൻ  തൂക്കുകയറോ ജീവപര്യന്തമോ വാങ്ങിക്കോളാം എന്ന് പറഞ്ഞതാ… ഇവൻ സമ്മതിക്കുന്നില്ല.. പക്ഷേ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ അവളുടെ ഏട്ടനല്ലാതാവും….”

കിഷോർ അവനെ പിടിച്ചു വലിച്ച് പുറത്തിറങ്ങി… വാതിലിനു പുറത്ത് ചുമരിൽ ചാരി, മോളെ ചേർത്തു പിടിച്ച് ടീന  നിൽപ്പുണ്ടായിരുന്നു… നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് അവൾ അവരെ നോക്കി,..

“നിങ്ങളെ വിഷമിപ്പിക്കണം എന്ന് കരുതിയതല്ല… പക്ഷേ നിങ്ങളുടെ ഭർത്താവ് ചെയ്ത തെറ്റിന് ഇന്നും ഒരു പെൺകുട്ടി ശിക്ഷ അനുഭവിക്കുകയാ.. മോളെ സൂക്ഷിച്ചോ…. അയാൾക്ക് കൊച്ചു പിള്ളേരോടാ താല്പര്യം,. ഒരാളുടെ കഥ മാത്രമേ ഞങ്ങൾക്കറിയൂ.. ഇനി എത്ര ഇരകൾ ഉണ്ടെന്ന് അയാൾക്കും ദൈവത്തിനുമറിയാം… നിങ്ങളെപ്പോലുള്ള പണക്കാർക്ക് ഇതൊന്നുമൊരു പ്രശ്നമായിരിക്കില്ല… ഞങ്ങൾ പോകുകയാ.. സന്തോഷമായി  ജീവിക്ക്,..”

കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കിഷോർ പുറത്തിറങ്ങി കാറിൽ കയറി.. കൂടെ പ്രജിത്തും… അവൻ കിഷോറിനെ ദഹിപ്പിക്കും പോലെ നോക്കി..

“എന്താടാ?”

“നീ ഇത്രയ്ക്ക് പുണ്യാത്മാവ് ആയത് ഞാനറിഞ്ഞില്ല…. അവനെ വെറുതേ വിട്ടല്ലോ… ഛെ..”

“ആര് വെറുതേ വിട്ടു?”

“ഇപ്പോൾ ചെയ്തത് പിന്നെന്താ?”

“ഞാനത്രക്ക് ഉണ്ണാക്കാനൊന്നും അല്ല പ്രജീ.. അവന്റെ പെണ്ണുമ്പിള്ളയെ കുറിച്ചും അവളുടെ വീട്ടുകാരെക്കുറിച്ചുമൊക്കെ ഞാൻ ശരിക്ക് അന്വേഷിച്ചിരുന്നു… അപ്പന്റെ നിർബന്ധത്തിന് വഴങ്ങി  ഇഷ്ടമില്ലാതെയാ  ഇവന്റെ ഭാര്യയായത്.. അവളുടെ പൈസയ്ക്കാ അവൻ നിലനിൽക്കുന്നത് തന്നെ…. ഇപ്പോൾ അപ്പൻ മരിച്ചു… അല്ലെങ്കിലേ ഇവനോട് കലിപ്പാണ്… ഇതു കൂടി ആയാലോ?.. അവൾ  വാതിലിന് പിന്നിൽ മറഞ്ഞു നില്കുന്നുണ്ട് എന്ന് അറിഞ്ഞിട്ട് തന്നെയാ  ഞാൻ അവിടെ സംസാരിച്ചത്….”

കിഷോറിന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി  വിടർന്നു…

“ഇനിയങ്ങോട്ട് റോണി ജോർജിന്റെ പതനമാ…ഈ  കാര്യത്തിൽ ടീന  ഒരിക്കലും അവനോട് ക്ഷമിക്കില്ല…. നീ  കണ്ടോ… ഡയലോഗ് അടിച്ച് അവനെ ചുമ്മാ വിടാൻ ഞാൻ അത്രയ്ക്ക് നല്ലവനൊന്നും അല്ല… നമ്മൾ രണ്ടു പൊട്ടിച്ചാലോ, കയ്യോ കാലോ ഒടിച്ചാലോ,ഇനി ജയിലിൽ കിടത്തിയാലോ ഒന്നും അവൻ ചെയ്‌ത തെറ്റിന് പകരമാകില്ലെടാ… അതിനു ഇതാണ് വഴി…അവൻ അർച്ചനയുടെ ജീവിതം തകർത്തു .. ഞാൻ അവന്റെ കുടുംബവും  മനസമാധാനവും തകർത്തു ..  ഇനി ഇതൊക്കെ അവൻ അതിജീവിച്ചു വന്നെങ്കിൽ മാത്രം അടുത്ത ഡോസ് കൊടുക്കും…”

അവൻ കാർ മുന്നോട്ടെടുത്തു… ഇതേ സമയം  നിലത്ത് നിന്ന് പണിപ്പെട്ട് എഴുന്നേറ്റ റോണി നേരെ മുന്നിൽ നിൽക്കുന്ന ടീനയെ കണ്ട് ഒന്ന് ഞെട്ടി… അവളുടെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കാൻ അവന് ഭയം  തോന്നി…

“ടീനാ.. അത്… അന്ന് അങ്ങനെയൊക്കെ…”

വാക്കുകൾക്കായി അയാൾ പരതി… ടീന  കഴുത്തിലെ  മിന്ന് പൊട്ടിച്ച് അയാളുടെ നേരെ എറിഞ്ഞു… പിന്നെ ആ  മുഖത്തേക്ക് കാറിത്തുപ്പി…

“മിണ്ടരുത് പട്ടീ…”  അവൾ  കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പോകുന്നത് നിസ്സഹായനായി  നോക്കി നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ…

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!