Skip to content

പ്രിയ സഖി – 10

priyasakhi

തേനി റെയിൽവേസ്റ്റേഷന്റെ അടുത്തുള്ള ചെറിയൊരു കോളനി..മൂന്നോ നാലോ കുടുംബം ഒഴിച്ച് ബാക്കിയെല്ലാം തമിഴന്മാരാണ്…അവിടെയുള്ള ഒറ്റമുറിവീട്ടിൽ വെറും നിലത്ത്  ചവിട്ടിയരയ്ക്കപ്പെട്ട പുഷ്പം പോലെ ഒരു പത്തുവയസുകാരി… കണ്ണു തുറന്ന് നോക്കിയപ്പോൾ അയാൾ  അടുത്ത് തന്നെയിരുന്ന് മദ്യപിക്കുകയാണ്…. അവൾ ഉണർന്നത് കണ്ടപ്പോൾ അയാൾ  അവളുടെ  വായിൽ തിരുകിയ പഴന്തുണി  വലിച്ചെടുത്തു..മൂലയിലേക്ക് വലിച്ചെറിഞ്ഞ അവളുടെ  വസ്ത്രങ്ങൾ എടുത്ത് നീട്ടി…

“ആരോടെങ്കിലും പറഞ്ഞാൽ… നിന്റെ ചേച്ചിയെയും ആശുപത്രിയിൽ കിടക്കുന്ന അച്ഛനെയും ഞാൻ കൊല്ലും….”

മുരൾച്ച പോലെ പറഞ്ഞിട്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി… അവൾ  എഴുന്നേൽക്കാൻ ശ്രമിച്ചു.. ശരീരം നുറുങ്ങുന്ന വേദന…. വാ പൊത്തിപ്പിടിച്ച് അവൾ കരഞ്ഞു ….ഏറെ നേരം… പിന്നെ എഴുന്നേറ്റ് ഒരു തുണിയെടുത്ത് മുഖം തുടച്ചു…. തുടകളിലൂടെ ഒലിച്ചിറങ്ങുന്ന രക്തം കണ്ടപ്പോൾ അവൾക്ക് പേടിയായി… താൻ മരിച്ചു പോകുവാണോ? അങ്ങനെ സംഭവിച്ചാൽ  അച്ഛനും ചേച്ചിയും ഒരുപാട് വിഷമിക്കില്ലേ..?

“എന്റെ മക്കള് രണ്ടും സന്തോഷത്തോടെ  ജീവിക്കുന്നത് കണ്ട് ചത്താൽ മതി…”

അച്ഛൻ എപ്പോഴും പറയുന്നതാണ്…പുലർച്ചെ നാല് മണിക്ക് ജോലിക്ക് പോയി രാത്രി പന്ത്രണ്ടു വരെ  കഷ്ടപ്പെടുന്നത് രണ്ടു പെൺകുട്ടികൾക്കും വേണ്ടിയാണ്… ആ  അച്ഛനോട് ഇതെങ്ങനെ പറയും? ആര് വിശ്വസിക്കും?.. ചേച്ചിയോട് പറഞ്ഞാലോ? വേണ്ട… ചേച്ചിയും കരയും… അമ്മയില്ലാത്ത കുറവ് അറിയിക്കാതെ  തന്നെ വളർത്തുന്ന ചേച്ചിക്ക് ഇത് സഹിക്കാൻ പറ്റില്ല… തന്റെ കാലിൽ  തേൾ കുത്തിയപ്പോൾ ചേച്ചി അലറികരഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്… തന്നേക്കാൾ വേദന ചേച്ചിക്കാണെന്ന് തോന്നിയിരുന്നു…  ചേച്ചിയോട് റോണിച്ചേട്ടൻ ഉപദ്രവിച്ചിട്ട് ചോര വന്നെന്ന് പറഞ്ഞാൽ  സഹിക്കില്ല…. അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല… എന്തൊരു ഇഷ്ടമായിരുന്നു ചേട്ടനോട്…അച്ഛന്റെ ചങ്ങാതി  ജോർജേട്ടന്റെ മകൻ…. രണ്ടു വർഷം മുൻപാണ് ജോർജേട്ടൻ മരിച്ചത്… റോണിച്ചേട്ടന് തേനിയിൽ ഏതോ കമ്പനിയിലാണ് ജോലി… തെരുവിന്റെ അങ്ങേയറ്റത്താണ് താമസം… എന്താവശ്യത്തിനും ഓടി വരും.. കഴിഞ്ഞ ദീപാവലിക്ക്  തനിക്കും ചേച്ചിക്കും കുപ്പായമൊക്കെ വാങ്ങി തന്നു… ഏട്ടാ എന്ന് എത്ര ഇഷ്ടത്തോടെയാണ് വിളിച്ചത്.. എന്നിട്ടും…..

കണ്ണുകൾ തുടയ്ക്കുംതോറും വീണ്ടും നിറഞ്ഞു വരികയാണ് …. വേദന കാരണം നടക്കാൻ പറ്റുന്നില്ല… എന്താണ് അയാൾ  ചെയ്തത് എന്നാലോചിക്കുമ്പോൾ  ഓക്കാനം വരുന്നു…. ബോധം നഷ്ടപ്പെടുന്ന നിമിഷം വല്ലാത്തൊരു ചിരിയോടെ തന്നെ നോക്കുന്ന അയാളുടെ  മുഖമാണ്  കണ്ടത്…

അവൾ തകരം കൊണ്ടുണ്ടാക്കിയ കുളിമുറിയിൽ ചെന്നു.. ദേഹത്ത് വെള്ളം വീഴുമ്പോൾ  പുകച്ചിലുണ്ട്….നിലത്തേക്കൊഴുകുന്ന വെള്ളത്തിൽ ചോര കണ്ടപ്പോൾ അവൾ  വീണ്ടും കരഞ്ഞു…. പിന്നെ ഡ്രസ്സ്‌ മാറി  മുടിയൊക്കെ ചീകി വച്ചു… അച്ഛൻ ആശുപത്രിയിൽ ആണ്… രാവിലെ ജോലിക്ക് പോകുമ്പോൾ  ബോധം കെട്ട് വീണു… ചേച്ചിയെ അവിടെ കൊണ്ടു വിട്ടത് റോണി ചേട്ടനാണ്… ഈ  രാത്രി അയാൾ  ഇങ്ങോട്ട് വന്നത് കൂട്ടിരിക്കാനാണെന്ന് കരുതി… പക്ഷേ….

കതക്  തട്ടുന്ന ശബ്ദം കേട്ട് അവളൊന്ന് ഞെട്ടി.. ചേച്ചിയുടെ ശബ്ദം കേട്ടപ്പോഴാണ് സമാധാനം ആയത്.. പോയി തുറന്നു.

“നീ എവിടെ ആയിരുന്നു മോളേ? കുറെ നേരമായല്ലോ വിളിക്കുന്നു?”

“കുളിക്കുകയായിരുന്നു… ചേച്ചി എങ്ങനാ  വന്നേ? “

“സെന്തിലണ്ണൻ കൊണ്ടു വിട്ടതാ ..”

“അച്ഛന് എങ്ങനുണ്ട് ചേച്ചീ?”

“വാ പറയാം…” അനിത  അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു..

“അച്ഛന് ഹൃദയത്തിനാ പ്രശ്നം എന്നാ ഡോക്ടർ സെന്തിലണ്ണനോട്‌ പറഞ്ഞത്… മൂന്നാല് ദിവസം കൂടി അവിടെ കിടക്കേണ്ടി വരും.. വീട്ടിൽ വന്നാലും  റസ്റ്റ്‌ എടുക്കണം…”

അനിത ഒരു നിമിഷം ആലോചനയിലാണ്ടു..

“ഒരാവശ്യം  വന്നാൽ  പെട്ടെന്ന് ഓടി വരാൻ ഉണ്ടായിരുന്നത് റോണിചേട്ടനാണ് .. ഇനി അതും ഉണ്ടാകില്ല .. ചേട്ടൻ നാളെ  രാവിലെ കേരളത്തിലേക്ക് പോകുകയാ… അവിടുന്ന് മലേഷ്യയിലേക്കും… എന്തോ ജോലി ശരിയായിട്ടുണ്ടത്രേ..”

അയാളുടെ പേര് കേട്ടതോടെ അർച്ചനയുടെ കണ്ണുകളിൽ  നിറഞ്ഞ ഭയം അനിത കണ്ടില്ല.. പക്ഷേ അവൾ  വേച്ചു വേച്ച് നടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അനിത ചോദിച്ചു..

“എന്തു പറ്റി നിനക്ക്?”

“മൂത്രമൊഴിക്കുമ്പോൾ  വേദനിക്കുന്നു..”

“എപ്പോഴും പറയുന്നതല്ലേ മോളേ വെള്ളം ഒരുപാട് കുടിക്കണമെന്ന്…? അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻപോലും പൈസ ഇല്ല എന്ന് നിനക്കറിയാല്ലോ..? അച്ഛനും ഇങ്ങനെ ആയി… നീ അഞ്ചാം ക്ലാസിൽ എത്തിയല്ലോ…എല്ലാം നോക്കിയും കണ്ടും ചെയ്യണം…”

അതോടെ തനിക്കു സംഭവിച്ചത്  എന്തെന്ന് ആരും അറിയരുത് എന്ന് അർച്ചന തീരുമാനിച്ചു.. എന്തായാലും ഇനി അയാൾ ഉപദ്രവിക്കാൻ വരില്ല… നാളെ പോയാൽ പിന്നൊരിക്കലും കാണുകയുമില്ല… ആ സമാധാനത്തോടെ അവൾ  ചേച്ചിയെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ കിടന്നു… പക്ഷെ കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് പുകയിലക്കറ  പിടിച്ച ചുണ്ടുകളും  ചുവന്ന കണ്ണുകളുമാണ്.. അന്നവൾ ഉറങ്ങിയില്ല… അന്ന് മാത്രമല്ല, പിന്നീടങ്ങോട്ട് പല രാത്രികളിലും അവൾക്കുറങ്ങാൻ സാധിച്ചില്ല…

വർഷങ്ങൾ  പിന്നെയും കടന്നുപോയി… അനിതയെ വിവാഹം കഴിച്ചത്  സെന്തിൽ തന്നെയാണ്… നല്ലൊരു ചെറുപ്പക്കാരൻ .. മുനിസിപ്പാലിറ്റിയിൽ ആണ് ജോലി..കൃഷ്ണന്റെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അപ്പുറമാണ് അവന്റെ വീട്… അനിത പോയതോടെ  അർച്ചനയും കൃഷ്ണനും  മാത്രമായി… അവശതകൾ ഉണ്ടെങ്കിലും അയാൾ  പതിവ് പോലെ തന്റെ ജോലിക്ക് പോകും…. തനിച്ചാവുന്ന നിമിഷങ്ങളിൽ  ഒരിക്കൽ അനുഭവിക്കേണ്ടി വന്നത് അർച്ചനയുടെ മനസ്സിൽ തെളിയും… തന്റെ ശരീരത്തിൽ  നോക്കുമ്പോഴൊക്കെ അവൾക്ക് വല്ലാത്തൊരു അറപ്പ് തോന്നി..സഹപാഠികളായ ആൺകുട്ടികളെയും  അദ്ധ്യാപകരെയും, എന്തിന്, സ്വന്തം ചേച്ചിയുടെ ഭർത്താവായ  സെന്തിലിനെ കാണുമ്പോൾ പോലും ഭയം….

പണ്ടേ അന്തർമുഖ ആയത് കാരണം അവൾ എല്ലാത്തിൽ നിന്നും ഉൾവലിയുന്നത് ആരും ഗൗനിച്ചില്ല…. മുതിർന്ന ക്ലാസുകളിൽ എത്തിയതോടെയാണ് തനിക്ക് സംഭവിച്ചത് എന്താണെന്നു അവൾക്ക് മനസിലായത്.. നശിപ്പിക്കപ്പെട്ടു എന്ന തോന്നൽ  ദിനവും  അലട്ടിതുടങ്ങി… പഠനത്തിൽ ശ്രദ്ധ കുറഞ്ഞു…. ലോകത്തോട് തന്നെ  വെറുപ്പ്… അപ്പോഴാണ്  വിധി അടുത്ത ആഘാതം ഏല്പിച്ചത്.. ന്യൂമോണിയയുടെ രൂപത്തിൽ മരണം  അനിതയെ  കൊണ്ടുപോയി… അതോടെ ആ  അച്ഛനും മകളും  പൂർണമായി  തളർന്നു…മരിക്കുമ്പോൾ അനിത അഞ്ചു മാസം ഗർഭിണി ആയിരുന്നു….ചേച്ചി പോയതോടെ  അർച്ചനയ്ക്ക് മനസിന്റെ താളം  തെറ്റിയത് പോലെയായി… രണ്ടു വർഷങ്ങൾക്കു ശേഷം  ആരോ ഉപേക്ഷിച്ച ജനനിയെ കൃഷ്ണൻ വീട്ടിൽ കൊണ്ടു വരുന്നത് വരെ അങ്ങനെയായിരുന്നു…

പിന്നെ പതിയെ അവരുടെ ജീവിതം മാറി… ആദ്യമൊക്കെ കുഞ്ഞിനെ അവൾക്ക് ഇഷ്ടമല്ലായിരുന്നു… പിന്നെ ആ നിഷ്കളങ്കമായ  ചിരി കാണുമ്പോൾ, തന്റെ ചൂടുപറ്റി അവൾ ഉറങ്ങുന്നത് കണ്ടപ്പോൾ, സ്നേഹിച്ച് തുടങ്ങി… സ്വന്തം മോളെപ്പോലെ.. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് കേരളത്തിലേക്ക്. ഭാഗം  വച്ചപ്പോൾ കൃഷ്ണന് കിട്ടിയ വീട്ടിൽ താമസവും  തുടങ്ങി… ചേച്ചിയുടെ മകളാണ് ജനനി എന്ന് എല്ലാവരോടും പറഞ്ഞു….ഏറെ കുറേ പഴയതൊക്കെ മറന്നു തുടങ്ങിയതാണ്.. പക്ഷേ പത്രങ്ങളിലും മറ്റുമൊക്കെ  പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ കാണുമ്പോൾ താനും  ഇരയായിരുന്നല്ലോ  എന്ന ചിന്ത അവളെ അലട്ടി….സ്വപ്നങ്ങളിൽ തറയിൽ പടർന്ന രക്തവും  അടിവയർ പൊത്തിപ്പിടിച്ചു കുളിമുറിയിൽ ഇരുന്ന് കരയുന്ന പത്തു വയസുകാരിയും  നിറയും…. കാമസക്തിയോടെ അയാൾ  വീണ്ടും വരുന്നത് പോലെ… ആ  ശരീരത്തിന്റെ ഭാരം  താങ്ങാനാവാതെ  ശ്വാസം മുട്ടുന്നു…

“അച്ഛാ… “

അവൾ ഉറക്കെ വിളിച്ചു കൊണ്ട് ഞെട്ടിയുണർന്നു…

“അച്ചൂ… പേടിക്കണ്ട…”  പരിചിതമായ സ്വരം… അവൾ  നോക്കിയപ്പോൾ ശ്വേത തൊട്ടടുത്തുണ്ട്…

“ചേച്ചീ…. ഞാൻ… ഞാനിതെവിടാ?”

അമ്പരപ്പോടെ അവൾ ചോദിച്ചു..

“ഹോസ്പിറ്റലിൽ…”

“ങേ… എനിക്കെന്തു പറ്റി?”

“അപ്പൊ നിനക്കൊന്നും ഓർമ്മയില്ലേ?”

അർച്ചന വിരലുകൾ നെറ്റിയിൽ അമർത്തി ഒന്നാലോചിച്ചു…. പക്ഷേ എന്തോ മങ്ങൽ പോലെ…ശ്വേത അവളുടെ അടുത്തിരുന്ന് തലയിൽ  മെല്ലെ തലോടി..

“ഞാൻ വരുമ്പോൾ നീ കിടക്കുകയായിരുന്നു.. രണ്ടു മൂന്നു തവണ വിളിച്ചിട്ടും എഴുന്നേറ്റില്ല.. നല്ല പനി ഉണ്ടായിരുന്നു,… എന്തൊക്കെയോ പിച്ചും പേയും പറയുന്നു… പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടുവന്നു…”

അവളൊന്നും മിണ്ടിയില്ല… തലവേദന കാരണം കിടന്നതോർമ്മയുണ്ട്…

“കിഷോറേട്ടൻ അറിഞ്ഞോ?”  തെല്ലു മടിയോടെ അവൾ ചോദിച്ചു.

“എന്റെ പെണ്ണേ…. അവനാ നിന്നെ കട്ടിലിൽ നിന്ന് കോരിയെടുത്ത് വണ്ടിയിൽ കേറ്റിയത്.. ഇത്രേം നേരം ഇവിടെ തന്നെയുണ്ടായിരുന്നു… നിന്റെ അച്ഛനെ കൊണ്ടുവിടാൻ പോയതാ…”

അവൾ അത്ഭുതത്തോടെ ശ്വേതയെ നോക്കി….

“ചുമ്മാ പറയല്ലേ?”

“ഉള്ളതാടീ… ഞാനും അവനുമാ നിന്നെ കാണാൻ വന്നത്… നീയിപ്പോ ക്‌ളാസിന് പോകാറില്ല എന്ന് അറിഞ്ഞു..അതിന്റെ കാരണം ചോദിക്കാനാ… വന്നപ്പോൾ കണ്ടത് ഇതും…”

“കിഷോറേട്ടന്  എന്നോട് ദേഷ്യമുണ്ടോ?”

“എന്തിന്? വഴക്കിട്ടതിനോ?  കെട്ടിയോനും കെട്ട്യോളും വഴക്കിടുന്നതൊക്കെ സാധാരണ വിഷയമാ…”

“അതല്ല  ചേച്ചീ…. എനിക്ക് സംഭവിച്ചത് അറിഞ്ഞാൽ…”

“കൊച്ചേ… സുഖമില്ലാതെ കിടക്കുകയാണെന്നൊന്നും ഞാൻ നോക്കില്ല… നല്ല വീക്ക് വച്ചു തരും…”

ശ്വേത  ദേഷ്യപ്പെട്ടു…

“നിനക്കൊന്നും സംഭവിച്ചിട്ടില്ല… മേലിൽ അതേക്കുറിച്ച് ഒരു സംസാരം  വേണ്ട.. കേട്ടല്ലോ?”

അർച്ചന എന്തോ പറയാൻ  തുടങ്ങുമ്പോഴേക്കും വാതിൽ  തുറന്ന് ബാലനും  കൗസല്യയും  ജനനിയും അങ്ങോട്ടേക്ക് വന്നു..

“എങ്ങനുണ്ട് മോളേ..?” ബാലൻ പരിഭ്രമത്തോടെ ചോദിച്ചു..

“എനിക്കൊന്നുമില്ല അച്ഛാ..” അവൾ എഴുന്നേൽക്കാൻ  ശ്രമിച്ചു..

“വേണ്ട കിടന്നോ..” അയാൾ  തടഞ്ഞു.. ജനനി  സങ്കടത്തോടെ  അവളുടെ  കയ്യിൽ തൊട്ടു..

“അച്ചൂമ്മയ്ക്ക് ഒന്നുമില്ല…മോള് വിഷമിക്കണ്ടാട്ടോ..” ശ്വേത കുഞ്ഞിനെ ആശ്വസിപ്പിച്ചു.. കൗസല്യ അർച്ചനയെ തന്നെ നോക്കി നിൽക്കുകയാണ്..

“നീയൊന്നും കഴിക്കാറൊന്നുമില്ലേ? കോലം  നോക്കിക്കേ… അച്ഛനെ ശുശ്രൂഷിക്കാൻ വന്നിട്ട്  നീയാണല്ലോ  കിടപ്പിലായത്… മതി.. ഇവിടുന്ന് ഇറങ്ങിയാൽ നേരെ നമ്മുടെ വീട്ടിലേക്ക് വന്നേക്കണം .”

അവർ പറഞ്ഞത് കേട്ടപ്പോൾ അർച്ചനയുടെ കണ്ണു നിറഞ്ഞു… കുറെ നേരം അവരെല്ലാം അവളുടെ അടുത്തിരുന്നു.. ഒടുവിൽ നേഴ്സ് വന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടപ്പോൾ  മനസില്ലാ മനസ്സോടെ അവർ  എഴുന്നേറ്റു.. ബാലൻ അവളുടെ  കവിളിൽ  കരം ചേർത്തു…

“എല്ലാം ശരിയാകും… മനസ്സ് വിഷമിപ്പിക്കരുത്…”

അത്രമാത്രം പറഞ്ഞു കൊണ്ട് അയാൾ  പുറത്തേക്ക് നടന്നു.. പിന്നാലെ ജനനിയെയും കൂട്ടി കൗസല്യയും..

“പ്രജിയേട്ടൻ വന്നിരുന്നോ?”

“ഇല്ല.. അവനെ  ചെന്നൈക്ക് വിട്ടിരിക്കുകയാ… എന്റെ കുറേ സാധനങ്ങൾ  കൊണ്ടുവരാനുണ്ട്…. “

“ചേച്ചീ…”

“എന്താടീ?”

“ഇനി ചേച്ചി പോകല്ലേ… എന്റടുത്ത് വേണം…അനിതചേച്ചിയുടെ സ്ഥാനത്താ  ഞാൻ കാണുന്നെ… എനിക്ക് വേറെ ആരുമില്ല..”

ശ്വേത  അലിവോടെ അവളുടെ  നെറ്റിയിൽ ഉമ്മ

വച്ചു…

“ഇല്ല…. ചേച്ചിയുണ്ട് കൂടെ… എന്നും… നിനക്കാരുമില്ല എന്ന തോന്നൽ ആദ്യം മാറ്റ്.. ഇന്നൊരു കുടുംബമുണ്ട്… പിന്നെ, ഞാൻ , പ്രജി…ഇതൊക്കെ പോരേ…? ഉറങ്ങിക്കോ…”

ശ്വേതയുടെ കൈ  പിടിച്ച് തന്റെ മാറിലേക്ക് ചേർത്തു വച്ച്  അവൾ കണ്ണടച്ചു….. രാത്രി ഒൻപതു മണിയോടെ  കിഷോർ എത്തി.. അർച്ചന നല്ല ഉറക്കമായിരുന്നു… അവനെ കണ്ടപ്പോൾ ശ്വേത അവളുടെ പിടി വിടുവിച്ച് എഴുന്നേറ്റു… അർച്ചനയെ ഒന്ന് നോക്കി കയ്യിലിരുന്ന ബാഗ് അവിടെ വച്ചിട്ട് കിഷോർ പുറത്തിറങ്ങി.. പിന്നാലെ ശ്വേതയും…

“ഡോക്ടർ വന്നോ?”

“ഉവ്വ്‌… പേടിക്കാനൊന്നും ഇല്ലെടാ… ഉറക്കക്കുറവും  പിന്നെ ഭക്ഷണം കഴിക്കാത്തതിന്റെ പ്രശ്നവും… മാനസികമായി അവൾ  വല്ലാതെ തളർന്നു..”

കിഷോർ ദൂരേക്ക് നോക്കി നിൽക്കുകയാണ്…

“കിച്ചൂ…”

“ഉം?”

“നിനക്കവളോട് ദേഷ്യമുണ്ടോ?”

“ഉണ്ട്…. എന്നോട് ഇതൊക്കെ പറഞ്ഞൂടായിരുന്നോ?.. ഒരു തെറ്റും ചെയ്യാതെ  എന്തിനാ അവളിങ്ങനെ ശിക്ഷ അനുഭവിക്കുന്നത്?.. ഇതൊക്കെ അറിഞ്ഞാൽ അവളെ ഉപേക്ഷിക്കാൻ മാത്രം വിവരമില്ലാത്തവനാണ് ഞാൻ എന്നാണോ കരുതിയത്? ഛെ…”

“അങ്ങനെയല്ല കിച്ചൂ… നീ അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക്… നിന്നെ കാണാൻ  തുടങ്ങിയിട്ട് നാള് കുറച്ചേ ആയുള്ളൂ.. ഏത് അർത്ഥത്തിൽ നീ എടുക്കും എന്നറിയില്ല.. നിന്നെയും അച്ഛനെയും അമ്മയെയുമൊക്കെ ഒരുപാട് ഇഷ്ടമാണവൾക്ക്… എല്ലാവരും നഷ്ടപ്പെടുമോ എന്ന പേടി…പറയാതിരുന്നാൽ  എന്നെങ്കിലും നീ അറിയുമ്പോൾ മറച്ചു വച്ചു എന്ന കുറ്റത്തിന് അവളെ ഉപേക്ഷിക്കുമോ എന്ന ഭയവും…. ഒരാളുടെ സമനില  തെറ്റാൻ ഇതൊക്കെ പോരേടാ?.. “

കിഷോർ  അവിടെയുള്ള ചെയറിൽ ഇരുന്നു..

“അമ്മയില്ലാതെ വളർന്ന കുട്ടിയാണ്… അച്ഛനോട് ഇതൊക്കെ പറയുന്നതിന് പരിധി ഉണ്ട്.. നല്ല കൂട്ടുകാർ ഇല്ല…ഇതൊക്കെ നമ്മൾ മനസിലാക്കണം..”

“ഒക്കെ ശരിയാ… പക്ഷേ ഇതും മനസ്സിൽ അടക്കി എത്ര കാലം അവൾ ജീവിക്കും?..”

ശ്വേത അവന്റെ കൈ പിടിച്ചു…

“നിനക്കറിയാമോ  കിച്ചൂ…. ഒരുപാട് പെൺകുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്നമാ  ഇത്..കഥാപാത്രങ്ങൾ  മാത്രമേ  മാറുന്നുള്ളൂ… കഥ ഒന്നു തന്നെ. എന്താണ് ബാഡ് ടച്ച് എന്നൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല… നമ്മൾ എല്ലാവരെയും അന്ധമായി വിശ്വസിക്കും… കൃഷ്ണേട്ടന് പറ്റിയത് അതാണ്…നമ്മുടെ മക്കളോട് മറ്റുള്ളവർക്കും നമ്മളെപ്പോലെ തന്നെ സ്നേഹവും വാത്സല്യവുമാണെന്ന് നമ്മളങ്ങ്  ഉറപ്പിക്കും…എല്ലാവരും ചീത്ത ആണെന്നല്ല….. ഈ സമൂഹത്തിൽ  ചെന്നായ്ക്കൾ ഒരുപാട് ഉണ്ട്… എന്നും കുഞ്ഞുങ്ങളുടെ മേൽ ഒരു കണ്ണ് വേണം… അർച്ചനയുടെ കാര്യത്തിൽ, ശ്രദ്ധിക്കാൻ ആരുമില്ലാതെ പോയി…”

അവൾ  ദീർഘമായി നിശ്വസിച്ചു…

“അവളെ മാറ്റിയെടുക്കേണ്ടത് നീയാണ്… ഇവിടുന്നിറങ്ങി ഒരു നല്ല  സൈക്യാട്രിസ്റ്റിനെ കാണണം… പിന്നെ നിന്റെ സ്നേഹവും.. എല്ലാം ശരിയാകും.. തത്കാലം നീയിപ്പോ വീട്ടിൽ പോ… രാവിലെ വന്നാൽ മതി..”

“വേണ്ട… ഇവിടെ നിന്നോളാം..”

“പറയുന്നത് കേൾക്ക് കിച്ചൂ… ഞാനുണ്ടല്ലോ കൂടെ… രാവിലെ വാ… അവൾ മരുന്നിന്റെ ക്ഷീണം കൊണ്ട് ഉറങ്ങുകയാ… എഴുന്നേൽക്കുമ്പോൾ നീ എത്തിയാൽ മതി..”

മനസ്സില്ലാമനസ്സോടെ  കിഷോർ  വീട്ടിലേക്ക് തിരിച്ചു…ബൈക്ക് പാർക്ക് ചെയ്തു അകത്തേക്ക് കയറിയപ്പോൾ ബാലൻ ഹാളിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു..

“ജാനിയും അമ്മയും ഉറങ്ങിയോ അച്ഛാ..?”

“ഉവ്വ്‌…യാത്രാക്ഷീണം… പോരാഞ്ഞിട്ട് അച്ചുവിനെ ഓർത്തുള്ള ടെൻഷനും…”

അയാൾ പതിയെ എഴുന്നേറ്റു അവന്റെ അരികിലെത്തി ..

“കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.. നിനക്ക് ഉറക്കം വരുന്നുണ്ടോ?”

അവൻ ഇല്ലെന്ന് തലയാട്ടി…

“അച്ചുവിന്റെ കാര്യമാ…”

“അച്ഛന് എല്ലാം അറിയാമായിരുന്നു അല്ലേ?”

അവന്റെ ചോദ്യം കേട്ട് ബാലൻ ഒന്ന് ഞെട്ടി..കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവനെ നോക്കി..

“നമ്മുടെ സൂപ്പർ മാർക്കറ്റിൽ മോൾക്ക് എന്തെങ്കിലും ജോലി കിട്ടുമോ എന്ന് ചോദിച്ച് കൃഷ്ണൻ വന്നപ്പോൾ എനിക്ക് ആലോചിക്കാനൊന്നും ഉണ്ടായില്ല… പഴയ കൂട്ടുകാരൻ ആദ്യമായി ഒരു സഹായം ആവശ്യപ്പെട്ടതാണ്… പിറ്റേ ദിവസം തന്നെ അച്ചു വന്നു.. ആരോടും അധികം സംസാരിക്കില്ല.. ജോലികൾ കൃത്യമായി ചെയ്യും… എന്തോ ഒരിഷ്ടം തോന്നി… അപ്പോഴാ കൗസു  നിനക്ക് ഒരു പെണ്ണന്വേഷിക്കാൻ പറഞ്ഞത്.. മനസ്സിൽ തെളിഞ്ഞ മുഖം ഇവളുടേതാണ്… കൃഷ്‌ണനും സമ്മതം… പക്ഷേ ഇവൾ  പറ്റില്ല എന്ന് പറഞ്ഞു… ഒരുപാട് നിർബന്ധിച്ചപ്പോഴാ  എന്നോട് മനസ്സ് തുറന്നത്…. അതോടെ എനിക്ക് ഇഷ്ടം കൂടി… പതിനഞ്ചു വർഷമായി മുറിവേറ്റ മനസ്സോടെ ജീവിക്കുന്ന പെൺകുട്ടി… കൃഷ്ണന്റെ കാലം കഴിഞ്ഞാൽ  ചിലപ്പോൾ അവൾ ആത്മഹത്യ ചെയ്യാനും സാധ്യത ഉണ്ട്…നമ്മുടെ സ്നേഹം അവളെ മാറ്റിയെടുക്കും എന്ന് ഞാൻ വിശ്വസിച്ചു… ഇതൊന്നും വേറാരുമറിയരുതെന്ന് അവളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതും ഞാനാ… നിങ്ങൾ ഒരുമിച്ചാൽ രണ്ടുപേരും പഴയകാലത്തെ  വേദനകൾ  മറക്കും എന്നായിരുന്നു പ്രതീക്ഷ….”

കിഷോർ എല്ലാം കേട്ടു നിൽക്കുകയാണ്..

“മോനേ…”

അവൻ തലയുയർത്തി..

“നിന്നോട് മറച്ചു വച്ചത് തെറ്റു തന്നെയാ.. കണ്മുന്നിൽ ഒരു പെൺകുട്ടി ഉരുകിതീരുന്നത് സഹിക്കാൻ പറ്റിയില്ലെടാ… പതിയെ നിന്നോട് എല്ലാം പറഞ്ഞു മനസിലാക്കാമെന്നു കരുതി… നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ അവളെല്ലാം മറന്നു എന്ന് തോന്നിയത് കൊണ്ടാ മിണ്ടാഞ്ഞത്.. ഇങ്ങനൊക്കെ ആകുമെന്ന് ഞാനറിഞ്ഞില്ല.. എന്നോട് ക്ഷമിക്കെടാ… “

കിഷോർ പെട്ടെന്ന് അയാളുടെ  കൈ പിടിച്ചു..

“ഓർമ്മ വച്ച കാലം  തൊട്ട് എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നിട്ടുണ്ട്… എനിക്ക് വേണ്ടതൊക്കെ ചെയ്തിട്ടുമുണ്ട്.. പക്ഷേ ഈ പ്രായത്തിനിടയിൽ എനിക്ക് വേണ്ടി അച്ഛൻ ചെയ്ത ഏറ്റവും നല്ല കാര്യം അവളെ  എനിക്ക് തന്നതാണ്… “

ബാലന്റെ കണ്ണുകൾ നിറഞ്ഞു…

“മറച്ചു വച്ചതിൽ ദേഷ്യമല്ല അച്ഛാ..കാര്യം അറിയാതെ അവളെ ഞാൻ വേദനിപ്പിച്ചതും  തെറ്റിദ്ധരിച്ചതും എല്ലാം ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുകയാ… അവളെക്കാൾ നല്ല ഒരു പെണ്ണിനെ എനിക്ക് കിട്ടില്ല,.. ഞാൻ നഷ്ടപ്പെടും എന്ന തോന്നൽ മനസിനെ അലട്ടിയപ്പോൾ ജീവിതം അവസാനിപ്പിക്കാമെന്നു വരെ  തീരുമാനിച്ച  ഒരുത്തിയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം…. അവളെ ഞാൻ വിടില്ല… എനിക്ക് വേണം… എന്നും…..”

അയാൾ കിഷോറിനെ കെട്ടിപ്പിടിച്ചു… രണ്ടുപേരും കരയുകയായിരുന്നു….

“അമ്മയ്ക്ക് അറിയുമോ?” കുറച്ചു കഴിഞ്ഞ് അവൻ ചോദിച്ചു..

“ഇല്ലായിരുന്നു… ഇന്ന് പറഞ്ഞു…നീ വേണ്ട എന്ന് പറഞ്ഞാലും  അവളെ ഈ വീട്ടിൽ തന്നെ നിർത്തുമെന്നാ കൗസു പറയുന്നത്..”

കിഷോർ പുഞ്ചിരിച്ചു….അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല.. പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ അർച്ചന കട്ടിലിൽ ഇരിക്കുകയായിരുന്നു.. അവൻ  അവളുടെ അടുത്ത് ചെന്ന് നെറ്റി തൊട്ടു നോക്കി..

“പനിയൊന്നുമില്ല… ശ്വേത എവിടെ?”

“ഡോക്ടറെ കണ്ടിട്ട് വരാമെന്നു പറഞ്ഞിട്ട് പോയതാ..”

“നീ വല്ലതും കഴിച്ചോ?”

“ഉം… ചായ കുടിച്ചു..”

രണ്ടുപേർക്കും ഒരുപാട് സംസാരിക്കണം എന്നുണ്ട്… പക്ഷേ വാക്കുകൾ കിട്ടുന്നില്ല.. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ശ്വേത അങ്ങോട്ട് വന്നു…

“രാവിലെ എത്തണം എന്നല്ലേടാ നിന്നോട് പറഞ്ഞത്? നല്ല ഉത്തരവാദിത്തം…”

“കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടാരുന്നു. നീ ഡോക്ടറെ കണ്ടോ?”

“ഉവ്വ്‌… ഡിസ്ചാർജ് ചെയ്യാമോ എന്ന് ചോദിച്ചു… സമ്മതിച്ചിട്ടുണ്ട്.. പക്ഷേ വീട്ടിൽ പോയാലും  ഇവിടെ കിടക്കുന്നത് പോലെ തന്നെ…. കുറച്ചു ദിവസം ഫുൾ റസ്റ്റ്…”

“എന്നാൽ പിന്നെ എല്ലാം പാക്ക് ചെയ്തോ..”

“ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോയ്ക്കോളാം… നിനക്ക് ഇവളെ വേണ്ടല്ലോ..”

ശ്വേത കുസൃതിചിരിയോടെ പറഞ്ഞു.. കിഷോർ അവളെ രൂക്ഷമായി ഒന്ന് നോക്കി..

“ഇവളുടെ അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട്.. അതാലോചിച്ചു ടെൻഷൻ അടിക്കണ്ട എന്ന് പറഞ്ഞേക്ക്… ഞാൻ താഴെയുണ്ട്.. ബിൽ പെട്ടെന്ന് കിട്ടുമോ എന്ന് നോക്കട്ടെ..”

അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. അർച്ചന അവൻ പോയ വഴിയേ കണ്ണും നട്ട് ഇരിക്കുകയാണ്….

“എന്താടീ ആലോചിക്കുന്നത്?”.

“കിഷോറേട്ടൻ എന്നോടൊന്നും മിണ്ടിയില്ലല്ലോ..”

“എങ്ങനെ മിണ്ടാനാ? അവനെ ഓർക്കാതെ ചാകാനൊരുങ്ങിയ നിന്റെ കരണം അടിച്ചു പുകയ്‌ക്കേണ്ടതാ…ജീവിതം അവസാനിപ്പിക്കാൻ എളുപ്പമാണ്… പക്ഷേ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ നമ്മളെ സ്നേഹിക്കുന്നവരെ അതെത്രമാത്രം  ബാധിക്കും എന്നുകൂടെ ഓർക്കണം…”

ശ്വേത, അർച്ചനയുടെ അടുത്തിരുന്ന് അവളെ ചേർത്ത് പിടിച്ചു..

“അച്ചൂ… ഇതൊരു തുടക്കമാണ്.. എല്ലാം മറന്ന് നമ്മൾ  ജീവിക്കും… എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന തോന്നൽ ആദ്യം മനസ്സിൽ നിന്നെടുത്തു കളയ്…”

അവൾ മറുപടി പറയാതെ  ശ്വേതയുടെ തോളിൽ മുഖം അമർത്തി… കണ്ണുനീരിന്റെ ചൂടും  നനവും ശ്വേതയ്ക്ക് അനുഭവപ്പെട്ടു.. കരയട്ടെ.. ഇത്രയും വർഷം അടക്കി വച്ചതെല്ലാം  പുറത്തേക്ക് ഒഴുകട്ടെ… ഇനിയീ കണ്ണുകൾ നിറയാതിരിക്കേണ്ടത്  തന്റെയും കൂടി ചുമതലയാണ്… അവൾ സ്വയം പറഞ്ഞു… പക്ഷേ എന്തിനോ, അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!