Skip to content

പ്രിയ സഖി – 1

priyasakhi

സുന്ദരമായ ഒരു സ്വപ്നത്തിൽ നിന്നും കിഷോർ ഉണർന്നത് കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ്…. കണ്ണു തുറന്ന് രണ്ടു നിമിഷം കൂടി അവൻ കിടന്നു,.. എന്തായിരുന്നു ആ സ്വപ്നമെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…. കറുപ്പ് കരയുള്ള സെറ്റ് സാരിയും  കറുത്ത ബ്ലൗസും…. വിടർത്തിയിട്ട ചുരുൾമുടിയിൽ നിന്നും സാരിയിലേക്ക് ഇറ്റ് വീഴുന്ന  വെള്ളംതുള്ളികൾ…. തിരിഞ്ഞു നിന്ന് തന്നെ നോക്കി ചിരിക്കുമ്പോൾ ഇടത്തെ കവിളിൽ വിരിയുന്ന നുണക്കുഴി…. ഇല ചീന്തിലെ ചന്ദനവും കുങ്കുമവും ശ്രദ്ധയോടെ തന്റെ നെറ്റിയിൽ തൊട്ടു തരുമ്പോൾ  അവൾ  ആത്മവിശ്വാസത്തോടെ പറഞ്ഞു…

“എനിക്കുറപ്പുണ്ട് കിച്ചൂ…. ഈ ജോലി ശരിയാകും.. അതിന് ശേഷം വീട്ടിൽ വന്നു ചോദിച്ചാൽ  അമ്മ  സമ്മതിക്കും… ഇതേ അമ്പലനടയിൽ വച്ചു തന്നെ  നമ്മൾ  വിവാഹിതരാവും…”

ആ പുഞ്ചിരിക്ക് അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകല മാനസിക സംഘർഷങ്ങളെയും തുടച്ചു നീക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു….ശ്രീകല…കിച്ചുവിന്റെ ശ്രീക്കുട്ടി…. അവളായിരുന്നോ  സ്വപ്നത്തിൽ?

കണ്ണുകളിൽ നനവും ഹൃദയത്തിലൊരു വേദനയും കിഷോറിനു അനുഭവപ്പെട്ടു… കതകിൽ ആരോ വീണ്ടും തട്ടി… പുറത്ത് എന്തൊക്കെയോ ബഹളങ്ങൾ… അവൻ എഴുന്നേറ്റു വാതിൽ തുറന്നു.. അമ്മയാണ്..

“എന്ത് ഉറക്കമാണെടാ ഇത്? ”  കൗസല്യ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു..

“നിനക്ക് യാതൊരു ബോധവുമില്ലേ? സമയം എട്ടു കഴിഞ്ഞു… ബന്ധുക്കളൊക്കെ ചോദിക്കുകയാ  കല്യാണ ചെറുക്കൻ എവിടെയെന്ന്…”

ഇന്ന് തന്റെ വിവാഹമാണ് എന്നോർത്തപ്പോൾ അവന് ചിരി വന്നു…മെല്ലെ ഒന്ന് തല പുറത്തേക്കിട്ട് നോക്കി…. കുടുംബക്കാരൊക്കെ ഹാജറായിട്ടുണ്ട്…. ആത്മമിത്രം പ്രജിത്ത് അവർക്കിടയിലൂടെ  ഒരു കുല പഴവും പൊക്കി പിടിച്ചു നടക്കുന്നു….

“അച്ഛനെവിടെ അമ്മേ?”

“പുറത്തുണ്ട്,.. നീ പെട്ടെന്ന് റെഡി ആയി വാ.. പതിനൊന്നരയ്ക്കും പന്ത്രണ്ടിനും ഇടയിലാ മുഹൂർത്തം…. അത് ഓർമയുണ്ടല്ലോ..?”

“അതെന്താ, അത് കഴിഞ്ഞു കെട്ടിയാൽ കല്യാണം നടന്നതായി അംഗീകരിക്കില്ലേ?”

“ചെറുക്കാ… നല്ലൊരു ദിവസമായിട്ട് തർക്കിക്കാൻ നിൽക്കല്ലേ.”

കൗസല്യ അലമാര തുറന്ന്  ടവൽ എടുത്ത് അവന്റെ ദേഹത്തേക്ക് ഇട്ടു… പിന്നെ പുറത്തിറങ്ങി വാതിൽ ചാരി… കുളിച്ച് കഴിഞ്ഞ് മുടി ചീകി കൊണ്ടിരിക്കെ പ്രജിത്ത് അങ്ങോട്ട് വന്നു..

“മണവാളൻ ഇനിയും ഒരുങ്ങിയില്ലേ?എന്തെങ്കിലും ഹെല്പ് വേണോ?”

“ജട്ടി ഇടാൻ സഹായിക്കുമോ?”

പ്രജിത്ത് ഒന്ന് കയ്യടിച്ചു..

“പഴയ ഫോമിലേക്ക് തിരിച്ചു വന്നതിൽ അഭിനന്ദനങ്ങൾ

…”

“അല്ലാതെ പറ്റില്ലല്ലോ…. മറ്റുള്ളവർക്ക് വേണ്ടി അഭിനയിക്കുന്നതിലും ഒരു സുഖമുണ്ട്… പക്ഷേ കണ്ണാടിയിൽ നോക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു…”

പ്രജിത്ത് ഡോർ ലോക്ക് ചെയ്‌ത് അവന്റെ അരികിലെത്തി രണ്ടു കൈകളും കിഷോറിന്റെ തോളിൽ വച്ചു…

“എടാ…. ഇതാണ് ജീവിതം.. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല…കഴിഞ്ഞതിനെ കുറിച്ചോർത്തു എത്രകാലം ദുഃഖിക്കും…?. നിന്നെ ഉപദേശിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല… പക്ഷേ വേണ്ട കിച്ചൂ… എല്ലാം മറന്നേക്ക്…. ഇനി മുന്നോട്ടുള്ളതിനെ കുറിച്ച് മാത്രം ചിന്തിക്ക്…”

കിഷോർ മറുപടി ഒന്നും പറയാതെ  തിരിഞ്ഞ് ഷർട്ട് എടുത്തിട്ടു….. പിന്നെ അവനെ നോക്കി…

“ഇന്നലത്തെ സാധനം വല്ലതും ഇരിപ്പുണ്ടോ?”

“ഞാൻ പച്ചതെറി വിളിക്കും… താലികെട്ടാൻ പോകുമ്പോ.. അതും  അമ്പലത്തിൽ വച്ച്… വെള്ളമടിക്കണം അല്ലേ? “

പ്രജിത്ത് ദേഷ്യപ്പെട്ടു..

“എന്നാൽ രാത്രിയിലേക്ക് റെഡിയാക്ക്…”

“നീ മിണ്ടാതെ വന്നേ… എനിക്ക് വിശക്കുന്നു.. വല്ലതും കഴിക്കാം…”

എല്ലാവരോടും കുശലം പറഞ്ഞു ഡൈനിങ്  റൂമിൽ  ചെന്നപ്പോഴേക്കും  കൗസല്യ  പുട്ടും പഴവും  പപ്പടവും ചായയും  മേശപ്പുറത്തു വച്ചു…

“കറിയൊന്നും ഇല്ലേ  മാതാശ്രീ?”  പ്രജിത്ത് ചോദിച്ചു…

“ഇച്ചിരി നേര് വെയിറ്റ് ചെയ്യ്… പുറകിലെ തോട്ടിൽ ചൂണ്ട ഇട്ടിട്ടുണ്ട്.. മീൻ കൊത്തിയാൽ പിടിച്ചു കറിയുണ്ടാക്കി തരാം..”

“നല്ല ചൂടിലാണല്ലോ കൗസൂ”  അവൻ  അവരുടെ  മൂക്കിൽ പിടിച്ചു വലിച്ചു…

“നീ എന്തൊക്കെയാ ഇന്നലെ രാത്രി കാണിച്ചത് എന്നോർമ്മയുണ്ടോ?”

“എന്ത്?”

“പാട്ട് വച്ചു ഡാൻസ് കളിക്കുന്നത് പോട്ടെ, അത് എല്ലാ വീട്ടിലും കല്യാണതലേന്ന്  ഉണ്ടാകാറുണ്ട്…വാടകയ്ക്ക് എടുത്ത മേശപ്പുറത്തു കേറി നിന്ന് ഡാൻസ് കളിച്ച് അതിന്റെ കാലൊടിച്ചു… കത്തികൊണ്ടിരുന്ന ട്യൂബ് ലൈറ്റ് ഊരിയെടുത്ത് അടിച്ചു പൊട്ടിച്ചു…… ഇതൊക്കെ കഴിഞ്ഞ് ആ തെങ്ങിൻ ചോട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.. എപ്പോഴാ എണീറ്റ് പോയത്?”

“ആര് ഞാനോ?”

പ്രജിത്ത് വിശ്വാസം വരാത്ത പോലെ ചോദിച്ചു…

“അല്ല.. നിന്റെ അച്ഛൻ കുഞ്ഞിരാമൻ… നല്ല ദിവസമായിപ്പോയി… അല്ലെങ്കിൽ പറഞ്ഞു തന്നേനെ…വല്ലതും കഴിച്ചിട്ട് പോയേ രണ്ടും…”

കൗസല്യ  അവന്റെ തലയിൽ  ഒരു തട്ട് കൊടുത്ത് അടുക്കളയിലേക്ക് നടന്നു… പ്രജിത്ത് കസേരയിൽ ഇരുന്ന് എന്തോ ആലോചിക്കുകയാണ്…

“എന്താടാ?” 

“ഇങ്ങനെയൊക്കെ നടന്നോ? എനിക്ക് ഓർമയില്ല… ഞാനും ഭാസ്കരേട്ടനും, ഉണ്ണിയും  വെള്ളമടിച്ചാരുന്നു… അതിന്റിടയിൽ നീ വന്നു രണ്ടു പെഗ് കഴിച്ചിട്ട് പോയി… പിന്നെ എന്റെ മെമ്മറി കട്ടായി…”

“ഇതുമാത്രമല്ല… അമ്മ കാണാത്ത പലതും  നടന്നിരുന്നു… രാഷ്ട്രീയം പറഞ്ഞു നീയും ഭാസ്കരേട്ടനും അടി ആയി…. അങ്ങേര് മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു  നീ  വല്യ ബഹളമായിരുന്നു..”

“അയ്യേ… നമ്മുടെ ഭാസ്കരേട്ടനോ…? പാവം… ഇതാ പറയുന്നത്  മദ്യം വിഷമാണെന്ന്… ഇനി ഞാൻ തൊടില്ല..”

“ഇതു തന്നെയല്ലേ  രണ്ടാഴ്ചമുൻപ്  സന്തോഷിന്റെ അനിയത്തിയുടെ കല്യാണത്തിനു പറഞ്ഞത്..?”

“കിച്ചൂ…. സമയം പോകുന്നു.. നീ പെട്ടെന്ന് കഴിച്ചേ…”

പ്രജിത്ത് വിഷയം മാറ്റാൻ ശ്രമിച്ചു…പത്തു മണിയോടെ  എല്ലാവരും  ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു… താലി കെട്ട് അമ്പലത്തിൽ വച്ചും ഭക്ഷണം അതിനടുത്തുള്ള  ഓഡിറ്റോറിയത്തിലും ആയിരുന്നു… ഞായറാഴ്ച്ച ആയതിനാൽ  വേറെയും വിവാഹങ്ങൾ ഉണ്ട്… നല്ല ജനക്കൂട്ടം….. കിഷോറിനു വല്ലാത്തൊരു അസ്വസ്ഥത തോന്നി…

“മോനേ… കുടിക്കാൻ വെള്ളം വേണോ?”

അവന്റെ മുഖം ശ്രദ്ധിച്ച അച്ഛൻ   ബാലൻ ചോദിച്ചു.. അവൻ വേണ്ട എന്ന് തലയാട്ടി…മുഹൂർത്തം ആകാറായി….പെണ്ണിനെ വിളിക്ക് എന്ന് ആരോ പറയുന്നത് കേട്ടപ്പോൾ കിഷോറിന്റെ ഹൃദയമിടിപ്പ്  കൂടി…. ക്ഷേത്രത്തിനു മുൻപിലുള്ള കതിർ മണ്ഡപത്തിലേക്ക് സാവധാനം  നടന്നു വരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അവന് ഹൃദയം പൊട്ടും എന്ന് തോന്നി…. അർച്ചന… തന്റെ  ഭാര്യയാകാൻ പോകുന്നവൾ… ഒരൊറ്റ തവണയെ നേരിൽ കണ്ടിട്ടുള്ളൂ… ഇന്നുവരെ മനസ് തുറന്നു സംസാരിച്ചിട്ടുപോലുമില്ല…. സിനിമകളിലും സീരിയലുകളിലും മാത്രം കണ്ടിട്ടുള്ളത് ജീവിതത്തിൽ നടക്കുകയാണ്….

വലിയ  മേക്ക് അപ്പ്‌ ഒന്നുമില്ലായിരുന്നു അർച്ചനയ്ക്ക്… രണ്ടു കൈകളിലുമായി നാല് വളകളും  കഴുത്തിൽ രണ്ടു മാലയും,. മെറൂൺ കളറുള്ള കല്യാണ സാരി… അവൾ പതിയെ വന്ന് മണ്ഡപത്തിൽ കയറി.. ആരൊക്കെയോ തന്നെയും  പിടിച്ചു അങ്ങോട്ട് കയറ്റുന്നത് കിഷോർ അറിഞ്ഞു… ശരീരം വിയർത്തൊലിക്കുന്നു.. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിച്ചു… അർച്ചന തലകുനിച്ചു തന്നെ നിൽക്കുകയാണ്…അവൻ ചുറ്റുമൊന്നു കണ്ണോടിച്ചു… എല്ലാവരും മണ്ഡപത്തിലേക്ക് ഉറ്റുനോക്കുകയാണ്… ഇതിനും മാത്രം ഇവിടെയും എന്താ ഇത്ര കാണാൻ? വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി താല്പര്യമില്ലാതെ  ഒരു വിവാഹം നടക്കുന്നു… നിങ്ങൾക്കൊന്നും വേറൊരു ജോലിയുമില്ലേ? എന്ന് വിളിച്ചു ചോദിക്കാൻ തോന്നിയെങ്കിലും അവൻ അടക്കി….ബാലനും  അർച്ചനയുടെ  അച്ഛൻ കൃഷ്ണനും  അങ്ങോട്ട് കയറി… പിന്നെ പ്രായം ചെന്ന വേറൊരാളും… അയാൾ ഓരോ നിർദേശങ്ങൾ  നൽകുന്നുണ്ട്… താലിമാല കയ്യിൽ കിട്ടിയപ്പോൾ അവൻ ദയനീയമായി അച്ഛനെ ഒന്ന് നോക്കി… അയാൾ കെട്ട്  എന്ന് കണ്ണു കാണിച്ചു… രണ്ടു സ്ത്രീകൾ  അർച്ചനയുടെ  പുറകിൽ  നിന്ന് അവളുടെ  മുടി വകഞ്ഞു മാറ്റി പിടിച്ചു… വിറയാർന്ന കൈകൾ കൊണ്ട് കിഷോർ  മാല അവളുടെ കഴുത്തിൽ ചാർത്തി…… പരസ്പരം പുഷ്പഹാരം ഇട്ട്, മോതിരവും അണിയിച്ച് കൈ പിടിച്ചു മണ്ഡപത്തെ വലം വയ്ക്കുമ്പോൾ കാൽ കുഴയുന്നതായി  കിഷോറിനു തോന്നി…. ശ്രീക്കുട്ടിയുടെ സ്ഥാനത്ത് വേറൊരു പെണ്ണ്… അവിശ്വസനീയം….!!

ശ്രീകോവിലിനു മുന്നിൽ നിന്ന് തൊഴുമ്പോൾ  അവന്  ദേഷ്യം സങ്കടവുമെല്ലാം വന്നു… ഇതാണോ ഞാൻ ആഗ്രഹിച്ചത്? ഇതിനാണോ  ഞാൻ ഇവിടെ വന്ന് മനമുരുകി പ്രാർത്ഥിച്ചത്…? എല്ലാം നഷ്ടപ്പെട്ടു… ഇത് അവസാനത്തേതാണ്… ഇന്നത്തെ ദിവസത്തിന് ശേഷം ഞാൻ ഈ നടയിൽ വരില്ല,… അവൻ മനസ്സിൽ ശപഥം ചെയ്തു… പിന്നെ ഇടംകണ്ണിട്ട് അർച്ചനയെ നോക്കി.. അവൾ  ശാന്തമായ മുഖത്തോടെ കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കുകയാണ്…ഇരുപത്തി അഞ്ച് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി….തന്റെ സൂപ്പർ മാർക്കറ്റിലെ സെയിൽസ് ഗേൾ… അച്ഛന്റെ ബാല്യകാല സുഹൃത്തിന്റെ മകൾ… ഇതു മാത്രമാണ് അവളെ കുറിച്ച് അറിയാവുന്നത്… കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുമില്ല….

തൊഴുത് കഴിഞ്ഞപ്പോൾ പിന്നെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു… ആരൊക്കെയോ പറയുന്നത് അനുസരിച്ച് അർച്ചനയെ  ചേർത്തു പിടിച്ചും തോളിൽ കയ്യിട്ടുമൊക്കെ പോസ് ചെയ്തു..

“ഒന്ന് ചിരിക്കെടാ… ”   പ്രജിത്ത് ഉറക്കെ പറഞ്ഞപ്പോൾ  രൂക്ഷമായ ഒരു നോട്ടം കൊണ്ട് കിഷോർ അവന്റെ വായടപ്പിച്ചു,. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും  ബന്ധുക്കളോട് സംസാരിക്കുമ്പോഴുമെല്ലാം അവന്റെ മനസ്സ് ശ്രീകലയെ ഓർമിപ്പിച്ചു കൊണ്ടിരുന്നു….അർച്ചന , എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ മടിയിലിരുത്തി എന്തൊക്കെയോ പറയുന്നു… ആ കുട്ടി അവളുടെ  താലിയിലും  നെറുകയിലെ  സിന്ദൂരത്തിലുമെല്ലാം തൊട്ടു നോക്കുന്നു.. ഇതായിരിക്കാം ജനനി… അർച്ചനയുടെ  ചേച്ചിയുടെ മകൾ…

“ആ പെങ്കൊച്ചിന് ഒരു ചേച്ചി ഉണ്ടായിരുന്നു.. അനിത… കൃഷ്ണന്റെ ഭാര്യ തമിഴത്തിയാ… ഇവര്  തേനിയിൽ ആയിരുന്നല്ലോ താമസം… ഭാര്യ മരിച്ചതിൽ പിന്നെ അവൻ ആ പിള്ളേരെ നോക്കാൻ ഒരുപാട് കഷ്ടപ്പെട്ടു… മൂത്തമോള് കല്യാണം കഴിഞ്ഞ് രണ്ടു വർഷം തികയും മുൻപേ മരിച്ചു… അവളുടെ കെട്യോനും വീട്ടുകാർക്കും കുഞ്ഞിനെ നോക്കാൻ വയ്യ.. പെൺകുട്ടി അല്ലേ? ബാധ്യത ആകുമോ എന്ന പേടി… ഒടുക്കം കൃഷ്ണൻ രണ്ടാളെയും കൊണ്ട് ഇങ്ങോട്ട് വന്നു..”

അച്ഛൻ കുറച്ച് നാൾ മുൻപ് പറഞ്ഞത് അവ്യക്തമായി ഓർക്കുന്നുണ്ട്.. പ്രണയ നൈരാശ്യം കൊണ്ട് മോൻ വഴി തെറ്റി പോകുമെന്ന  പേടി കൊണ്ട്  ചങ്ങാതിയുടെ മകളെ  വിവാഹം കഴിപ്പിക്കുക എന്ന ചടങ്ങ് ആണിപ്പോൾ കഴിഞ്ഞത്…. അച്ഛനെ കുറ്റം പറയാനും കഴിയില്ല… തനിക്കു വേണ്ടി ശ്രീകലയുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ  ചെന്നിരുന്നു… പക്ഷേ ജാതിയിൽ കുറച്ചു കീഴെ ആയി പോയി എന്ന കുറ്റത്തിന് ആ പാവത്തിനെ അവളുടെ അമ്മയും അമ്മാവന്മാരും ആട്ടിഇറക്കി….കള്ള് ചെത്തു തൊഴിലാളി  ആയിരുന്ന കേളുവിന്റെ  ചെറുമകനെ കൊണ്ട് കെട്ടിക്കുന്നതിലും നല്ലത് അവളെ വിഷം കൊടുത്തു കൊല്ലുന്നതാണ് എന്നായിരുന്നു അവരുടെ വാദം…. ഒരുത്തന്റെയും അനുവാദത്തിന് കാത്തു നില്കാതെ ശ്രീക്കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരാൻ കഴിവില്ലാഞ്ഞിട്ടല്ല… പക്ഷേ,…….

“മോനേ… ”  തോളിൽ തട്ടിക്കൊണ്ട്  ബാലൻ

വിളിച്ചപ്പോൾ കിഷോർ ചിന്തകളിൽ നിന്ന് ഉണർന്നു…

“എന്താ ആലോചിക്കുന്നെ?”

“ഒന്നുമില്ല..”

അയാൾ അവന്റെ അടുത്തിരുന്ന് കൈയിൽ പിടിച്ചു..

“എനിക്കറിയാം നിന്റെ മനസ്സ്.. പക്ഷേ നിനക്ക് മോശമായതൊന്നും അച്ഛൻ ചെയ്യില്ല എന്നോർമ്മ വേണം.. എത്രകാലമെന്നു വച്ചാ  അവളെയോർത്ത് നീ സങ്കടപ്പെടുക? നിനക്കൊരു കുടുംബജീവിതം ഉണ്ടാവണമെന്ന് മാത്രമാ ഞാനും നിന്റെ അമ്മയും പ്രാർത്ഥിച്ചു കൊണ്ടിരുന്നത്… അർച്ചന നല്ല കുട്ടിയാണ്.. ഒരു പാവം.. കൃഷ്ണന്റെ മോളായത് കൊണ്ട് മാത്രമല്ല, നമ്മുടെ ഷോപ്പിൽ ജോലിക്ക് വരാൻ തുടങ്ങിയ അന്ന് തൊട്ടേ എനിക്കവളെ ഒത്തിരി ഇഷ്ടമായിരുന്നു…”

“സെയിൽസ് ഗേൾ പോലെയുള്ള ജോലി ആണോ അച്ഛാ ഭാര്യ എന്നത്?”

കിഷോറിന്റെ സ്വരത്തിലെ പരിഹാസം ബാലൻ  തിരിച്ചറിഞ്ഞു…അയാൾ ഒന്നും മിണ്ടിയില്ല…പറഞ്ഞത് വേണ്ടായിരുന്നു എന്ന് കിഷോറിനും തോന്നി,. അവൻ അയാളുടെ അടുത്തേക്ക് കുറച്ച് നീങ്ങിയിരുന്നു..

“സങ്കടം കൊണ്ട് പറഞ്ഞതാ … അച്ഛൻ ക്ഷമിച്ചേക്ക്… നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാ ഞാൻ ഇതിനു സമ്മതിച്ചത്.. അല്ലാതെ കൂടെ ഒരു പെണ്ണ് വേണമെന്ന് ഒരാഗ്രഹവും എനിക്കില്ല..മരണം വരെ ശ്രീകുട്ടിയുടെ ഓർമകൾ മാത്രം മതിയാരുന്നു… അതുകൊണ്ട് തന്നെ ഇതിനോടൊക്കെ പൊരുത്തപ്പെടാൻ കുറച്ചു സമയം വേണം…”

“ആയിക്കോട്ടെ.. പക്ഷേ ആ കുട്ടിയേ വേദനിപ്പിക്കരുത്,.. നീ  ഞങ്ങൾക്ക് വേണ്ടി ഈ ബന്ധത്തിന് സമ്മതിച്ചത് പോലെ തന്നെ  അവളുടെ അച്ഛന് വേണ്ടി ഒന്നും ആലോചിക്കാതെ  സമ്മതിച്ചവളാ അർച്ചന… അവളുടെ ലോകം   ആ കുഞ്ഞും അച്ഛനും മാത്രമാണ്… അത് വിട്ടിട്ട് നമ്മുടെ വീട്ടിലേക്ക് വരുമ്പോ അർഹിക്കുന്ന പരിഗണന നൽകണം… എനിക്ക് ഉറപ്പുണ്ട് എന്നെങ്കിലും ഒരുനാൾ അച്ഛന്റെ തീരുമാനം  ശരിയാണെന്ന് നീ മനസിലാക്കും….”

അവന്റെ കയ്യിൽ ഒന്നമർത്തിയിട്ട് അയാൾ എഴുന്നേറ്റ് നടന്നു…പ്രജിത്ത് അവിടേക്ക് വന്നു..

“എന്തെങ്കിലും വേണോടാ?”

“എനിക്ക് ഒരു സിഗരറ്റ് വലിക്കണം..”

“നല്ലതൊന്നും ചോദിക്കാൻ പാടില്ല..”

പ്രജിത്ത് കോപത്തോടെ പറഞ്ഞു തിരിച്ചു നടക്കാൻ തുടങ്ങി..

“പ്രജീ….”  അവൻ നിന്നു..

“ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് നിനക്ക് അറിയാല്ലോ?…. പറ്റുന്നില്ലെടാ..”

“പുകവലിച്ചാൽ  മാറുമോ?”

മറുപടി ഇല്ല… പ്രജിത്തിന് സഹതാപം തോന്നി…

“നോക്കട്ടെ.. നീ എന്തായാലും  ആ പാർക്കിംഗ് ഏരിയയിലോട്ട് വാ…ഉണ്ണിയുടെ കയ്യിൽ ഉണ്ടാകും… അതും വാങ്ങി ഞാനവിടെ എത്താം…”

പ്രജിത്ത് ഓഡിറ്റോറിയത്തിന്റെ മുന്നിലേക്കും, കിഷോർ പാർക്കിങ്ങിലേക്കും നടന്നു… അവിടെ ആൽത്തറയിൽ  ഇരിക്കുമ്പോൾ മനസിന്‌ ഒരാശ്വാസം തോന്നി… അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സിഗരറ്റും ലൈറ്ററുമായി പ്രജിത്ത് വന്നു..

“ഇന്നാ കേറ്റ്…. ടെൻഷൻ മാറട്ടെ…”

പുക വലിച്ച് ഊതുമ്പോൾ ആൽത്തറയുടെ മറുവശത്തു നിന്ന് സ്ത്രീകളുടെ സംസാരം കേട്ടു.. അതു തന്നെ കുറിച്ചാണ് എന്ന് മനസിലായപ്പോൾ  കിഷോർ കാതോർത്തു.. കൂടെ  പ്രജിത്തും…

“ചേച്ചിയുടെ കൊച്ചാണെന്നൊക്കെ പറയുന്നുണ്ട്.. ആർക്കറിയാം? എനിക്ക് തോന്നുന്നത് ഇതിന്റെ തന്നെ ആയിരിക്കുമെന്നാ… രണ്ടാളുടേം മുഖം ഒരുപോലെ ഇരിക്കുന്നത് ശ്രദ്ധിച്ചോ? ഇപ്പോഴത്തെ പിള്ളേരല്ലേ, വല്ല അബദ്ധവും പറ്റിക്കാണും…. അതോണ്ടാവും  നാട് വിട്ട് ഇങ്ങോട്ട് വന്നത്….. എന്തെങ്കിലും ആകട്ടെ.. ഞാനൊന്നും പറയുന്നില്ലേ….”

തടയാൻ ശ്രമിച്ച കിഷോറിനെ തള്ളി മാറ്റി പ്രജിത്ത് അവിടേക്ക് നടന്നു.. മൂന്ന് സ്ത്രീകൾ അവിടെ നില്കുന്നുണ്ട്…

“ആഹാ  സരസുചേച്ചി ആയിരുന്നോ? ഞാൻ കേട്ടു നിങ്ങള് പറയുന്നത്…”

“അത്… മോനേ.. ഞാൻ…”   അവർ പരുങ്ങി..

“ഭർത്താവിനേം രണ്ടു പിള്ളേരേം ഉപേക്ഷിച്ച് അലുമിനിയം പാത്രം വിൽക്കാൻ വരുന്ന തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയ  സുമ  നിങ്ങളുടെ മോളല്ലേ?… അപ്പൊ ഇതൊക്കെ പറയാൻ നിങ്ങൾക്ക് യോഗ്യത ഉണ്ട്…”

ആ സ്ത്രീ അപമാനം കൊണ്ട് ചൂളിപ്പോയി..

“ആദ്യം അവനവന്റെ അടുക്കള വൃത്തിയാക്ക്… എന്നിട്ട് മറ്റുള്ളവരുടെ പറമ്പിലേക്ക് നോക്ക്… എല്ലാ നാട്ടിലും കാണും ഇങ്ങനെ കുറേ മരപ്പാഴുകൾ.. കെട്ടിയൊരുങ്ങി വന്ന് മൂക്കുമുട്ടെ തിന്നതും പോരാഞ്ഞിട്ട് കുറ്റം പറച്ചിലും…”

അവരെന്തോ പറയാൻ തുടങ്ങവേ കിഷോറിനെ കണ്ടു .. അതോടെ  മറ്റുള്ളവരോട് യാത്ര പറഞ്ഞു അവർ സ്ഥലം വിട്ടു….

“പ്രജീ പോട്ടെടാ,.. നീ അടങ്ങ്.. അവരെ പറ്റി നിനക്കറിയാല്ലോ ” 

കിഷോർ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

“എന്ത് പോട്ടെന്നു..? ഈ തള്ളയുടെ സ്ഥിരം പരിപാടിയാണിത്… കരണത്തൊന്നു പൊട്ടിക്കാൻ തോന്നുന്നുണ്ട്..”

പ്രജിത്തിന് കലിയടങ്ങിയില്ല…

“അവര് പറയുന്നത് കേട്ട് ആസ്വദിക്കാൻ വേറെ കുറേ തോൽവികളും…”

അവന്റെ അടുത്ത ഇര  തങ്ങളാണെന്ന് മനസിലായതോടെ  മറ്റു രണ്ടു സ്ത്രീകൾ എഴുന്നേറ്റു റോഡിലേക്ക് നടന്നു…

“ഇനി നിന്നോട്…. നീ യാതൊരു താല്പര്യം ഇല്ലാതെ സമ്മതിച്ചതാണ് എന്നറിയാം..പക്ഷേ എനിക്കൊരു കടമ ഉണ്ടല്ലോ… ഞാൻ അർച്ചനയെ കുറിച്ച് അന്വേഷിച്ചു… ഒരാൾ പോലും മോശം പറഞ്ഞിട്ടില്ല.. ജോലിയും വീടുമായി  ഒതുങ്ങി കഴിയുന്ന ഒരു പെണ്ണ്…. സുഹൃത്തുക്കൾ എന്നുപറയാൻ  ആരുമില്ല.. ഡിഗ്രി ഒന്നാം വർഷം  കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി.. അപ്പോഴാ  കേരളത്തിലോട്ട് വന്നത്..പിന്നെ നിങ്ങളുടെ കടയിൽ ജോലിക്ക് കേറി… “

“അവളുടെ പാസ്റ്റ് എന്തായിരുന്നാലും എനിക്ക് പ്രശ്നമില്ല….”

“അറിയാം… ഒന്നേ പറയാനുള്ളൂ.. ഇപ്പൊ നീയൊരു ഭർത്താവാണ്… പഴയ കാര്യങ്ങൾ മനസിലിട്ട് ആ പെണ്ണിനെ കരയിക്കരുത്… വലിച്ചു കഴിഞ്ഞല്ലോ? പോകാം… ഇവിടുന്ന് ഇറങ്ങാനും  വീട്ടിൽ കയറാനുമൊക്കെ മുഹൂർത്തം ഉണ്ട്പോലും…”

“ആര് പറഞ്ഞു ?”

“കേശവേട്ടൻ…”

“അതാരാ?”

“എടാ  ആ വെള്ളമുണ്ടും ഷർട്ടും ഇട്ട് മണ്ഡപത്തിൽ നിന്ന് നിന്റെ കല്യാണം ഡയറക്ട് ചെയ്ത ആളില്ലേ? അങ്ങേരു തന്നെ..”

“എനിക്ക് പുള്ളിയെ മനസിലായില്ല…”

“നിന്റെ അമ്മയുടെ ഏതോ ബന്ധുവാ… ഇന്നലെ തൊട്ട് വീട്ടിൽ ഉണ്ടായിരുന്നല്ലോ..? നാല് പെഗ് കട്ടയ്ക്ക് അടിച്ച് അച്ചാറിന് എരിവ് പോരാന്നും പറഞ്ഞു പോകുന്നത് കണ്ടു…”

“എനിക്കറിയാൻ മേല ..”

“കിച്ചൂ… ഈ സ്ലീപ്പർ സെൽ എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലെ ചില കാരണവന്മാർ എല്ലാ കുടുംബത്തിലും ഉണ്ടാകും… നോർമലായി അവരെയൊന്നും കാണാൻ കിട്ടില്ല.. പക്ഷേ ഒരു കല്യാണമോ, മരണമോ ഒക്കെ നടക്കുമ്പോൾ മുൻപിൽ അവരുണ്ടാകും…. കാലങ്ങളായി നമ്മുടെ നാട്ടിലെ ആചാരമാണത്….. എന്തായാലും  നവ വരന് ആശംസകൾ…”

പ്രജിത്ത് അവന്റെ കയ്യിൽ പിടിച്ചു കുലുക്കി. പിന്നെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ  ബോക്സ്‌ എടുത്ത് അവന്റെ കയ്യിൽ വച്ചു…

“എന്താടാ ഇത്?”

“തുറന്ന് നോക്ക്..”

ഒരു നേരിയ സ്വർണമാല ആയിരുന്നു അത്..

“ഇതേ വാങ്ങാൻ പറ്റിയുള്ളു.. സ്വർണത്തിനൊക്കെ എന്താ വില…”

“ഇതിന്റെയൊക്കെ ആവശ്യമുണ്ടോടാ പുല്ലേ?”

കിഷോറിന്റെ കണ്ണ് നിറഞ്ഞു…

“പിന്നില്ലാതെ? ഒന്നാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ച് ഇപ്പോഴും കൂടെയുള്ള നിനക്ക് അല്ലാതെ വേറാർക്ക് കൊടുക്കാനാ …? ഇന്നലെ തരണമെന്ന് വിചാരിച്ചതാ… വെള്ളമടിച്ച് ഓഫ് ആയതിനാൽ മറന്നു പോയി.. “

പ്രജിത്ത് അവന്റെ കയ്യിൽ പിടിച്ച് അമ്പലത്തിനു അടുത്തേക്ക് നടന്നു… തിരിച്ചു പോകാനുള്ള സമയമായി… അർച്ചന  ജനനിയെയും  അച്ഛനെയും കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ കിഷോർ മുഖം തിരിച്ചു കാറിൽ കയറി.. അവളെ ആശ്വസിപ്പിച്ച് കൃഷ്ണൻ  കാറിലേക്ക് കയറ്റി… വീടെത്തുന്നത് വരെ അവൾ വിതുമ്പിക്കൊണ്ടിരുന്നു… കിഷോർ അത് ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു…

നാലര മണിയോടെ  അവർ വീട്ടിലെത്തി… കൗസല്യ  നിലവിളക്കുമെടുത്ത് വാതില്പടിയിൽ നില്കുന്നുണ്ടായിരുന്നു.. ഒരു പെൺകുട്ടി കിണ്ടിയിൽ വെള്ളം കൊണ്ടുവന്ന് കിഷോറിന്റെയും അർച്ചനയുടെയും കാലിൽ ഒഴിച്ചു…. അതിന് ശേഷം  കൗസല്യ  വിളക്ക് അവളുടെ കയ്യിൽ കൊടുത്തു..

“വലതുകാൽ വച്ച് കയറിവാ മോളേ”… അവർ  നിറഞ്ഞ പുഞ്ചിരിയോടെ, അവളോട് പറഞ്ഞു… നിലവിളക്കുമായി  വലതുകാൽ എടുത്ത് വച്ച് അർച്ചന, കൗസ്തുഭം എന്ന ആ വീടിനകത്തേക്ക് പ്രവേശിച്ചു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!