Skip to content

പിൻവിളി കാതോർക്കാതെ – 8

pinvilli kathorkathe

“അതെനിക്ക് അറിയില്ല മാഷേ..

പക്ഷേ..

മാഷിനേ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു പോയി..

കാലം വിരുന്നിനു വരുന്ന ചില നിമിഷങ്ങൾ ഉണ്ടാവും ജീവിതത്തിൽ..

കാണാൻ കൊതിച്ചു സ്വപ്നങ്ങളെ നെഞ്ചോടു ചേർത്ത് കൂടെ കൊണ്ടു പോകാൻ വരുന്ന കാലമെന്ന വിരുന്നുകാരൻ…”

“അറിയാതെ അതിനൊപ്പം യാത്രയാവാൻ കൊതിയാണ്..

പക്ഷെ..

ഒടുവിൽ എല്ലാം വെറും തോന്നൽ മാത്രമായിരുന്നു എന്നറിയുന്ന നിമിഷങ്ങളിൽ വേദന തരാൻ മാത്രമേ…

ആ വിരുന്നുകാരന് കഴിയൂ എന്നറിയുന്ന നിമിഷം..

ഒരുപാട് വെറുത്തു പോകും..

അറിയാതെ പൊട്ടി കരഞ്ഞു പോകും.. “

ഇടറിയിരുന്നു ശാലുവിന്റെ ശബ്ദം..

“തന്റെ വിവാഹം ഉറപ്പിച്ചു ല്ലേ..”

ഇന്ദ്രന്റെ ചോദ്യം കേട്ട് ശാലു ഞെട്ടി..

പതിയെ മുഖമുയർത്തി ഇന്ദ്രനേ നോക്കി..

നഷ്ടങ്ങളുടെ സങ്കട കടൽ ഇന്ദ്രന്റെ കണ്ണിലൂടെ ശാലു വായിച്ചറിഞ്ഞു…

“അതെങ്ങനെ അറിഞ്ഞു..”

ശബ്ദം താഴ്ത്തി ശാലു ചോദിച്ചു….

“ദാമുവേട്ടൻ പറഞ്ഞു എന്നോട്..”

“മ്മ്..”

ശാലു മൂളി..

“മാഷേ…

എന്നിൽ ന്ത്‌ പ്രത്യേകതയാണ് ഉള്ളത് മാഷേ…

എന്നേക്കാൾ എത്രയോ മികച്ച പെൺകുട്ടി മാഷിനേ കാത്തിരിക്കുന്നുണ്ടാവും..

ഈ നാടും ഈ നാട്ടുകാരും വളരേ മോശമാണ് മാഷേ..

എത്ര നന്നായി ന്ന് പറഞ്ഞാലും..

അവരുടെ ഉള്ളിലെ സ്വഭാവം എന്നേലും പുറത്ത് വരിക തന്നേ ചെയ്യും മാഷേ…

എന്നേ വേണോ മാഷിന്..

മറന്നൂടെ എന്നേ…

മാഷിന്റെ നല്ലൊരു ഭാവിക്ക് ഞാനായിട്ട് തടസ്സം നിക്കണോ… “

പതിയെ ആയിരുന്നുവെങ്കിലും ശാലുവിന്റെ വാക്കുകൾ ഇന്ദ്രന്റെ ഉള്ളൊന്നു പൊള്ളിച്ചു…

ശാലുവിന്റെ നെഞ്ചിലെ വിങ്ങൽ ശരിക്കും വാക്കുകളിൽ ഉണ്ടായിരുന്നു..

“എന്റെ  ഭാവിയല്ലേ…

അത് തീരുമാനിച്ചോളാം..”

ഇന്ദ്രൻ അലസമായി മറുപടി കൊടുത്തു…

“അന്ന് നാട്ടിൽ വെച്ച് കണ്ടപ്പോൾ…

ചോദിക്കാൻ കഴിഞ്ഞില്ല..

അന്ന്  ഒരു ആലോചന വന്നിരുന്നുലോ…

അതാണോ ഉറപ്പിച്ചത്..”

ഇന്ദ്രൻ ചോദിച്ചു…

“അല്ല…

ഇത് ഇവിടെ തന്നേ ഉള്ള ഒരാളാണ്..

മാഷ് അറിയും ആളെ..

മാഷിന്റെ അടുത്ത കൂട്ടുകാരൻ ആണ്..”

“എന്റെ കൂട്ടുകാരനോ..

എനിക്കി നാട്ടൽ അങ്ങനെയുള്ള കൂട്ടൊന്നുമില്ല ലോ…

പിന്നേ ആരാ..”

ഇച്ചിരി ആകാംഷയുണ്ടായിരുന്നു ഇന്ദ്രന്റെ ശബ്ദത്തിൽ…

“ഹരിയേട്ടൻ..”

ശാലുവിന്റെ മറുപടി ഇന്ദ്രന്റെ ഹൃദയം കീറിമുറിച്ചു..

നെഞ്ചിലെ വിങ്ങൽ മുഖത്തേക്ക് വഴി മാറാൻ തുടങ്ങും മുൻപ് ഇന്ദ്രൻ ശാലുവിന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി..

പക്ഷേ..

ശാലു വായിച്ചെടുത്തു ഇന്ദ്രന്റെ മനസ്..

ആ കണ്ണുകളിൽ അറിയാതെ നോവ് പടരുന്നത് ശാലു കണ്ടു…

“ഹരിയേട്ടന്റെ ഉള്ളിൽ ഇങ്ങനൊരാഗ്രഹമുണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു മാഷേ..

പിന്നെ ഞാൻ ആലോചിച്ചപ്പോൾ..

അതിൽ തെറ്റൊന്നും കണ്ടുമില്ല..

ആലോചന വന്നപ്പോൾ അതുകൊണ്ട്..

വീട്ടിലും എല്ലാർക്കും ഇഷ്ടായി..

എന്നോട് സമ്മതം ചോദിച്ചു…

എതിർത്തു പറഞ്ഞിട്ട് കാര്യമില്ല എന്നറിയാമായിരുന്നു..

അതോണ്ട് ഒന്നും പറഞ്ഞില്ല..

അച്ഛൻ ആൾക്ക് വാക്ക് കൊടുത്തു..”

“ഹരിയേട്ടൻ..

ശരിയാണ്..

മറ്റാരേക്കാളും നിനക്ക് ചേരും ആള്..

തന്നേ പൊന്നു പോലെ നോക്കുക തന്നേ ചെയ്യും..

എന്റെ ഇഷ്ടത്തെ ഞാൻ ഇങ്ങോട്ട് തിരിച്ചെടുക്കുവാ..

ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ..

ആഗ്രഹങ്ങളേ ചേർത്ത് പിടിച്ചാലും..

ആ ആഗ്രഹങ്ങൾ..

എന്നും എനിക്ക് വേദനമാത്രമേ നൽകിയിട്ടുള്ളൂവെന്ന്..”

“ഇവിടേം..

അങ്ങനെ തന്നേയായി..

തന്നേ ഞാൻ ചേർത്ത് പിടിക്കാൻ കൊതിച്ചു..

കൂടെ ചേർത്ത് നിർത്താൻ..

ആഗ്രഹിച്ചു…

പക്ഷെ..

എല്ലാം വൈകിപോയിരുന്നു…

ഉള്ളിലേക്ക് പെയ്തിറങ്ങുന്ന…

മഴയുണ്ട്…

ആരും കാണാതെ…

ആരും കേൾക്കാതെ..

മനസിന്റെ കൈപ്പിടിയിൽ നിന്നും തെന്നി മാറി…

ആർത്തലച്ചു പെയ്യുന്ന മഴ…

ആ മഴയാണ് ഇപ്പൊ…

ന്റെ നെഞ്ചിൽ..

പേമാരിയായി ഉള്ളിൽ പെയ്തിറങ്ങുന്നുണ്ട്…

നീ പോലുമറിയാതെ..

നിന്നോടുള്ള പ്രണയം..

ഒരു മഴയായി..

പേമാരിയായി..

പ്രളയമായി…

പെയ്തൊഴിഞ്ഞു പോട്ടെ എല്ലാം..

ഉള്ളിലുള്ളതെല്ലാം..

തന്റെ മുന്നിൽ വെച്ച് തന്നേ പെയ്തൊഴിയട്ടെ ല്ലേ…

ന്തിനായിരുന്നു പിന്നേ എന്നോടിങ്ങനെയൊക്കെ..”

ഇടറിയ വാക്കുകൾക്കൊടുവിൽ…

ഇന്ദ്രൻ ശാലുവിനേ നോക്കി..

തകർന്നു പോയ ഒരു ഇഷ്ടത്തിനെ..

കണ്ണുകൾ കൊണ്ടു ശാലുവിനെ അറിയിച്ചു ഇന്ദ്രൻ..

“മാഷേ…”

ശാലുവിന്റെ ശബ്ദം കരച്ചിലിന് വഴി മാറി…

“ഇഷ്ടമാണ് മാഷേ…

എനിക്ക് ഇപ്പോളും..

എപ്പോളും ഇഷ്ടാണ് മാഷിനേ..

ഞാൻ എവിടെയും പോവില്ല മാഷേ…

കാത്തിരുന്നോളാം ഞാൻ..

താലി കെട്ടാൻ ഞാൻ ശിരസു കുനിച്ചാൽ…

അത് എന്റെ മാഷിന്റെ മുന്നിൽ മാത്രമായിരിക്കും..

ഇത്..

ശാലുവിന്റെ വാക്കാണ് മാഷേ..

എന്നേ കൂടെ കൂട്ടുമെന്ന് മാഷ് എനിക്ക് വാക്ക് തന്നാൽ…

ഞാൻ കാത്തിരിക്കാം എത്ര കാലം വരെയും..”

വല്ലാത്തൊരു ആവേശത്തോടെയായിരുന്നു ശാലു ആ വാക്കുകൾ പറഞ്ഞത്..

“പെണ്ണേ…

കാത്തിരിക്കാൻ..

ഇനിയും ഞാൻ പറയണോ..

വേറെ ആർക്കും വിട്ടു കൊടുക്കാതെ ഞാൻ ചേർത്ത് പിടിക്കാം…

തന്റെ ഒരു വാക്ക് മതിയായിരുന്നു ഈ ഇന്ദ്രന്..

ഇനി ഈ ലോകം കീഴ്മേൽ മറിഞ്ഞാലും പെണ്ണേ..

നീ ഈ ഇന്ദ്രന് മാത്രമുള്ളതാ…

ഈ..

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ദ്രൻ പറയുന്നു..

ഈ കഴുത്തിൽ ഇന്ദ്രൻ താലി ചാർത്തും വൈകാതെ… പോരെ “

ശാലുവിന്റെ മുഖം പിടിച്ചു ഉയർത്തി കൊണ്ടു ഇന്ദ്രൻ ചോദിച്ചു..

“ശ്ശോ..

ന്താ ഈ കാണിക്കുന്നേ..

ആരേലും കാണും മനുഷ്യാ..”

അൽപ്പം നാണത്തോടെ ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ ചിരിച്ചു..

“യ്യോ…

ആരാ ഈ പറയുന്നത്…

ഈ ഭാവമെല്ലാം ഈ മുഖത്ത് വരുമോ ന്റെ ശിവനേ..”

“മാഷേ…

വൈകാതെ കൂടെ കൂട്ടുമോ എന്നേ…”

ഇന്ദ്രന്റെ കണ്ണിലേക്കു നോക്കി കൊണ്ടു ചോദിക്കുമ്പോൾ ശാലുവിന്റെ കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു..

ന്തിനോ ഉള്ളൊരു ദാഹം ആ കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചിരുന്നു ശാലു…

“ധൃതിയായോ നിനക്ക്..”

ഇന്ദ്രൻ ചോദിച്ചു…

“ധൃതി അല്ല മാഷേ…”

“പിന്നേ..”

ഇന്ദ്രൻ ചോദിച്ചു..

“പേടി..”

ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ ശാലുവിനെ നോക്കി..

“പേടിയോ…

ന്തിനാ എന്റെ പെണ്ണിന് പേടി..”

“ഏട്ടൻ ജയിലിൽ നിന്നും വരാറായി..

പരോൾ ഉണ്ടെന്നു അറിഞ്ഞു..”

“ഓ..

തന്റെ ഏട്ടനാണ് ല്ലേ…

പണ്ട് ഇവിടുള്ള ഒരു ഇൻസപെക്ടറെ കുത്തി കൊല്ലാൻ നോക്കിയത്…”

“മ്മ്..”

ശാലു മൂളി..

“ഞാൻ അറിഞ്ഞിരുന്നു..

ആള് വരുന്നത്..

പരോൾ അല്ല..

വെറുതെ വിട്ടതാ കോടതി..

തെളിവില്ല..

സാക്ഷിയില്ല..

പിന്നെങ്ങനെ ശിക്ഷ കിട്ടും…”

നിസാരമായി ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു ഇന്ദ്രനേ നോക്കി..

“ന്താ..

മാഷിന് പേടിയില്ലേ..

എന്റെ ഏട്ടനെ…

ഏട്ടന്റെ ആഗ്രഹമാണ് ഹരിയേട്ടനെ കൊണ്ടു എന്നേ കെട്ടിക്കണം ന്ന്…”

“ഞാൻ ന്തിന് പേടിക്കണം..

താൻ എന്റെ ഒപ്പമുണ്ടല്ലോ…

പിന്നെ ആരു എതിർത്താലും എനിക്കെന്താ..

പോരാത്തതിന് ഞാൻ ഒരു സബ് ഇൻസ്‌പെക്ടർ കൂടി ആണ് പെണ്ണേ..”

ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു..

“ന്തോ…

ആലോചിക്കുമ്പോൾ തന്നേ എന്റെ കയ്യും കാലും വിറക്കുവാ….”

ശാലു പറഞ്ഞു..

“പ്രിയനന്ദൻ…

അതല്ലേ നിന്റെ ഏട്ടന്റെ പേര്..”

“മ്മ്…

നന്ദേട്ടൻ..

അങ്ങനാ എല്ലാരും വിളിക്കുന്നത്…

സ്നേഹിച്ചാൽ നക്കി കൊല്ലും…

ദ്രോഹിച്ചാൽ ഞെക്കി കൊല്ലും..

എന്ന് എല്ലാരും പറയാറില്ലേ..

അതാണ് കക്ഷി..

പക്ഷേ..

എന്നേ ഒത്തിരി ഇഷ്ടാട്ടോ എന്റെ ഏട്ടന്… “

അത് പറയുമ്പോൾ ഇന്ദ്രൻ കണ്ടു നന്ദനോടുള്ള ശാലുവിന്റെ ഇഷ്ടം അവളുടെ കണ്ണികളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു..

“ആള് വരട്ടെ ന്നേ..

ഞാൻ നേരിട്ട് ചോദിക്കാം ആളോട്..”

ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു…

“മാഷേ….

അത് വേണോ….”

“പിന്നേ അത് വേണ്ടേ..

അങ്ങനെയല്ലേ വേണ്ടത്..

കാര്യം പറഞ്ഞാൽ ആൾക്ക് മനസിലായാലോ..”

“ങ്കിൽ മാഷ് ഹരിയേട്ടനോട് സംസാരിക്കു..

നമ്മുടെ കാര്യം..

ചിലപ്പോൾ കാര്യം പറഞ്ഞാൽ ഹരിയേട്ടന് മനസിലായാലോ…”

“ആഹാ…

അത് നല്ല ആശയമാണ് ലോ…

കെട്ടാൻ പോകുന്നവന്റെ മുഖത്ത് നോക്കി..

കാമുകിക്കു വേണ്ടി സംസാരിക്കാൻ പോകുന്ന കാമുകൻ…

അടിപൊളിയായിരിക്കും…

ആള് എടുത്തെന്നേ പഞ്ഞിക്കിടോ പെണ്ണേ..”

“അതല്ലടീ…

ഇനി ഹരിയേട്ടനും നിന്റെ ഏട്ടനും കൂടി നിന്റെ കല്യാണം അവരുടെ ഇഷ്ടം പോലെ നടത്തിയാലോ..”

“പിന്നേ ഒന്നും നോക്കണ്ട മാഷേ..

മ്മക്ക് ചാടാം..”

ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ നെറ്റിചുളിച്ചു..

“ചാടുകയോ..

അതെന്താ അങ്ങനെ പറഞ്ഞാൽ..”

ഇന്ദ്രൻ ശാലുവിനെ നോക്കി ചോദിച്ചു…

“ഡോ മനുഷ്യാ…

മ്മക്ക് ഒളിച്ചോടാം ന്ന്…”

ഒരു കൂസലുമില്ലാതെ ശാലു പറയുന്നത് കേട്ട് വാ പിളർന്നു നിന്നുപോയി ഇന്ദ്രൻ…

************************************

“ഹരിയേട്ടൻ ഒന്നും പറഞ്ഞില്ല ലോ..”

ഇന്ദ്രൻ പറയുന്നത് കേട്ട് ഹരി തിരിഞ്ഞു നോക്കി…

“ഞനെന്തു പറയാനാണ് സാറേ…

കെട്ടാൻ പോകുന്ന പെണ്ണിന് വേറൊരാളുമായി ഇഷ്ടമുണ്ടെന്നു അറിയുമ്പോൾ..

ന്തയായിരിക്കും അയ്യാളുടെ ഉള്ളിൽ അതേ അവസ്ഥ തന്നെയാണ് സാറേ എന്റെയുള്ളിലും..”

“എനിക്ക് വേണ്ടാ മാഷേ.. ഇനി അവളെ..

എന്റെ മുന്നിലേക്ക് സാറിനെ പറഞ്ഞു വിടാൻ മാത്രമവൾക്ക് സാറിനോട് ഇഷ്ടമുണ്ട്..

അത് ഞാൻ കാണാതെ പോകരുത്..

നിങ്ങളാണ് ചേരേണ്ടത്…

ഞാൻ ഒരു തടസമായി മുന്നിൽ ഞാനുണ്ടാവില്ല..”

ഹരി പറയുന്നത് കേട്ട് ഇന്ദ്രന്റെ ഉള്ളം പിടച്ചു..

“സാറ് ഈ ആലോചനയുമായി മുന്നോട്ട് പൊയ്ക്കോ..

നന്ദൻ വരുമ്പോൾ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം..

എന്റെ വാക്ക് തള്ളികളയില്ല നന്ദൻ…

എന്നാലും ശാലൂന് എന്നോട് ഒരു വാക്ക്  പറയാമായിരുന്നു ട്ടോ..

ഉള്ളിൽ ഇങ്ങനെ വേറൊരാളുണ്ടെന്നു..

അത് അവൾ പറഞ്ഞില്ല..

കുഴപ്പമില്ല സാറേ..

അവള് സാറിനുള്ളതാ..

കാണാം സാറേ..”

അതും പറഞ്ഞു ഹരി മുന്നോട്ട് നടന്നു..

ഇന്ദ്രന്റെ ഉള്ളിലേക്ക് കുളിർമഴയായി പെയ്തിറങ്ങി  ഹരിയുടെ വാക്കുകൾ…

**********************************

“ഹരിയേട്ടൻ ഇത്രയും പെട്ടന്ന് സമ്മതിക്കുമെന്ന് ഞാൻ കരുതിയില്ല ട്ടോ…”

ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു ഇന്ദ്രനേ നോക്കി…

“ഹരിയേട്ടൻ എന്നേ കാണാൻ വന്നിരുന്നു… ഇന്നലേ..”

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു..

“എന്നിട്ട്..”

“എന്നിട്ടെന്താ..

ഞാൻ കാര്യം പറഞ്ഞു..

ആൾക്ക് ന്റെ നാവിൽ നിന്നു കൂടെ കേൾക്കണം ന്ന്..

വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു…

അവരൊക്കെ ആകെ പേടിച്ചു എന്റെ മറുപടി കേട്ടിട്ട്…

കാരണം ഹരിയേട്ടനെ പിണക്കിയിട്ട് ഈ നാട്ടിൽ നിൽക്കാൻ കഴിയില്ല എന്നറിയാം…

പോരാത്തതിന് ഇപ്പൊ അച്ഛന് അത്യാവശ്യം വരുമാനവുമുണ്ട് ലോ..

ചെറുകിട ജോലികളിൽ നിന്നും..

അതെല്ലാം ഇല്ലാതാവുമോ എന്നൊരു പേടി.. “

“മ്മ്.. “

ഇന്ദ്രൻ മൂളി..

“അവരെയും കുറ്റം പറയാൻ പറ്റില്ല ലോ…

ഇവിടെ ജീവിക്കണമെങ്കിൽ ഹരിയേട്ടന്റെയൊക്കെ പിന്തുണ വേണം അതില്ലാതെ എങ്ങനെ..

അതാവും… “

ഇന്ദ്രൻ പറഞ്ഞു..

“അതൊക്കെ പോട്ടെ മാഷേ..

മാഷിന്റെ വീട്ടിൽ അവതരിപ്പിച്ചോ കാര്യം.. “

ചിരിച്ചു കൊണ്ടായിരുന്നു ശാലുവിന്റെ ചോദ്യം…

“ഹേയ് ഇല്ല…

വീട്ടിൽ പറഞ്ഞിട്ടുണ്ട് തന്റെ കാര്യം..

പക്ഷെ..

അതൊരു ഇഷ്ടത്തിലേക്ക് മാറി എന്ന് അറിയില്ല…

എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല ആരും..

പിന്നെ അച്ഛനും അമ്മയും പ്രേമിച്ചു കെട്ടിയതാ..

അതുകൊണ്ട് നൂറു ശതമാനം അവർ എന്റെ കൂടെ നിക്കും ന്നേ..”

“മാഷിന് ഞാനൊരു ബാധ്യതയാവോ മാഷേ..

ജീവിതത്തിൽ എന്നേ കൂട്ടിയാൽ..

നഷ്ടങ്ങൾ മാത്രമാവോ ഇനി മുന്നോട്ട്..”

“ദേ പെണ്ണേ ചുമ്മാ അതുമിതും പറയാതെ വീട്ടിൽ പോകാൻ നോക്ക്..

ഇല്ലേ തന്നേ ഇപ്പൊ തന്നേ ആളുകൾ അതുമിതും പറഞ്ഞു തുടങ്ങി..

സ്റ്റേഷനിലും ഒരു സംസാരമുണ്ട് നമ്മളെ പറ്റി..

വൈകുന്നേരം കോച്ചിങ് ക്ലാസിൽ ചെല്ലുമ്പോ എല്ലാരും അർത്ഥം വെച്ച് നോക്കി ചിരിക്കുന്നു..

ഗ്രൗണ്ടിൽ ചെന്നാലും സ്ഥിതി മോശമല്ല..

ഞാൻ ഒരു ഇൻസ്‌പെക്ടർ ആണ് എന്നുള്ളത് പോലും എല്ലാരും മറക്കുന്ന പോലെ.. “

“അത് നല്ല കാര്യമല്ലേ മാഷേ..

ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന..

ജന ഹൃദയം കീഴടക്കുന്ന പോലീസ്..

എനിക്കും ഈ പോലീസിനെ ആണ് ഇഷ്ടം… “

അതും പറഞ്ഞു ഇന്ദ്രന്റെ കയ്യിൽ പതിയെ നുള്ളി കൊണ്ടു ശാലു മുന്നോട്ട് നടന്നു..

************************************

“ദാമുവേട്ടാ..

പോയാലോ ങ്കിൽ..”

ഇന്ദ്രൻ വിളിക്കുന്നത് കേട്ട് കട പൂട്ടി ദാമുവേട്ടൻ പുറത്തേക്ക് ഇറങ്ങി..

“സാറേ…

ഞാൻ വരണോ…

അമ്മുക്കുട്ടിക്ക് അതൊരു മോശക്കേടാവും..”

ദാമുവേട്ടൻ ഇന്ദ്രനേ നോക്കി പറഞ്ഞു…

“ഇല്ല ചേട്ടാ..

അമ്മുക്കുട്ടി ആണ് എന്നോട് പറഞ്ഞത്…

ദാമുവേട്ടനെ കാണണം ന്ന്..”

“മ്മ്..”

ദാമുവേട്ടൻ മൂളി..

“പോയാലോ മ്മക്ക്…”

അതും പറഞ്ഞു ഇന്ദ്രൻ കാർ മുന്നോട്ടെടുത്തു..

“ദാമുവേട്ടാ…

അമ്മുക്കുട്ടി എന്റെ വീട്ടിൽ ഉണ്ട്..

ഇന്ന് വെള്ളിയാഴ്ചയല്ലേ..

ഇനി രണ്ട് ദിവസം ക്ലാസ് ഇല്ല ലോ..

അതുകൊണ്ട് ഇന്ന് എന്റെ അനിയത്തിയുടെ കൂടെ വീട്ടിലേക്ക് പോയിട്ടുണ്ട്..”

“ഉവ്വോ..”

“മ്മ്..

അതുകൊണ്ട് ഇന്ന് എന്റെ വീട്ടിൽ തങ്ങിട്ടു മ്മക്ക് നാളേ രാവിലെ ഇങ്ങോട്ട് തിരിക്കാം..

പിന്നെ ഒരാള് കൂടെ ഉണ്ട് മ്മടെ കൂടെ ഇന്ന്..

അങ്ങോട്ട്…”

“വേറെ ആരാ മാഷേ…”

ചിരിച്ചു കൊണ്ടു ദാമുവേട്ടൻ ചോദിച്ചു..

“ദേ..

ആ നിക്കുന്ന ആള് തന്നേ..

ഞാൻ കെട്ടാൻ പോണ പെണ്ണ്…”

മുന്നിലേക്ക് നോക്കി കൊണ്ടു ഇന്ദ്രൻ പറഞ്ഞത് കേട്ട് ദാമുവേട്ടൻ അങ്ങോട്ട് നോക്കി…

കാർ സൈഡിലേക്ക് ഒതുക്കി ഇന്ദ്രൻ…

“ശാലു മോളല്ലേ ഇത്..”

“മ്മ്…ശാലു തന്നേ…”

ഇന്ദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു…

“അപ്പോൾ ഞാൻ കേട്ടത് സത്യമായിരുന്നു ല്ലേ…”

ചിരിച്ചു കൊണ്ടു ഇന്ദ്രനേ നോക്കി ദാമുവേട്ടൻ പറഞ്ഞു…

“ഏറെക്കുറെ…”

ഇന്ദ്രൻ അത് പറയുമ്പോളേക്കും ശാലു ഡോർ തുറന്നു കാറിൽ കയറിയിരുന്നു…

“എന്നാ വിട്ടാലോ…”

ഇന്ദ്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു..

“ദാമുവേട്ടൻ ഉള്ളത് കൊണ്ടാണ് ട്ടോ ഞാനും കൂടിയത്..

ഇല്ലേ ഞാൻ വരില്ലായിരുന്നു ട്ടോ.. “

ചിരിച്ചു കൊണ്ടു ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ കാർ മുന്നോട്ടെടുത്തു..

ഈ സമയം നന്ദൻ നീലഗിരി താഴ്‌വരയിൽ കാലു കുത്തിയിരുന്നു..

ചുണ്ടിൽ ഒരു ബീഡി തിരുകി കയറ്റി തീപ്പെട്ടി എടുത്തു…

ബീഡി കത്തിച്ചു ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്ക് പതിയെ പുക ഊതുമ്പോൾ മൂക്കിലൂടെ വന്ന പുകച്ചുരുളിന്റെ ഇടയിലൂടെ നന്ദൻ കാർ പോകുന്നത് നോക്കി നിന്നു…

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!