Skip to content

സൗപ്തികപർവ്വം – 9

സൗപ്തികപർവ്വം

ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ  ജീവിതത്തിലാദ്യമായി ദേവരാജന്റെ കാലുകൾക്ക് ബലക്ഷയം അനുഭവപ്പെട്ടു..അയാളെ കണ്ടപ്പോൾ ജോസ് ഓടി വന്നു…

“എന്തായെടാ…?”  അയാൾ പരിഭ്രമത്തോടെ ചോദിച്ചു… ലോകത്തിൽ എന്തു നഷ്ടപ്പെട്ടാലും ദേവരാജൻ സഹിക്കും.. സീതാലക്ഷ്മി ഒഴികെ…

“ഇപ്പൊ കുഴപ്പമൊന്നുമില്ല മുതലാളീ… മോൻ ഡോക്ടറോട് സംസാരിക്കുകയാ…”

സീതലക്ഷ്മിക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോൾ പാലക്കാട് നിന്നും പറന്നെത്തിയതാണ്  ദേവരാജൻ…

“ഏതവനാ വണ്ടിയൊടിച്ചേ?”

“മോന്റെ കമ്പനിയിലെ ഡ്രൈവർ ചെറുക്കനാ..”

യദുകൃഷ്ണൻ ഡോക്ടറുടെ റൂമിൽ  നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു… അയാൾ വേഗം അവന്റെ അടുത്ത് ചെന്നു..

“ഡോക്ടർ എന്തു പറഞ്ഞു..?”

“പേടിക്കാനൊന്നുമില്ല അച്ഛാ… ഇടത് കാലിന്റെ എല്ലിന് പൊട്ടലുണ്ട്… പിന്നെ പെട്ടെന്നുള്ള ഷോക്കും… നാളെ റൂമിലേക്ക് മാറ്റാം…”

“നാട്ടിൽ കണ്ടവന്മാരെയൊക്കെ പിടിച്ചു ജോലിക്ക് ചേർത്തിട്ട് ഇപ്പൊ കിട്ടിയല്ലോ? അവൾക്കു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയും?”

അയാൾ ദേഷ്യപ്പെട്ടു..

“അവന്റെ തെറ്റൊന്നുമല്ല.. ലോറി പിറകിൽ വന്ന് ഇടിച്ചതാ…. അപകടം കണ്ട ആൾക്കാരുണ്ട്… അവൻ പതറാതെ  വണ്ടി വെട്ടിച്ചത് കൊണ്ട് കൊക്കയിലേക്ക് പോയില്ലെന്നാ അവർ പറഞ്ഞത്..”

ഒരു നേഴ്സ് വന്നു വിളിച്ചപ്പോൾ യദുകൃഷ്ണൻ അങ്ങോട്ട് പോയി..

“മുതലാളീ…ഇത് ആക്സിഡന്റ് അല്ല..”  ജോസ് ദേവരാജനെ മാറ്റി നിർത്തി പറഞ്ഞു..

“ഞാൻ അന്വേഷിച്ചു..ആരോ മനഃപൂർവം ചെയ്തതാ.. വീട്ടീന്ന് ഇറങ്ങിയത് തൊട്ട് ആ ലോറി നമ്മുടെ കാറിന്റെ പിറകിലുണ്ടായിരുന്നു.. ഒരിക്കൽ ഇടിച്ചത് പാളിപ്പോയി എന്നറിഞ്ഞപ്പോ അവൻമാര് റിവേഴ്സ് ഇട്ടു വന്നു… പക്ഷേ ശബരിമലക്ക് പോകുന്ന ഒരു ജീപ്പ് തക്ക സമയത്ത് അവിടെത്തിയത് കൊണ്ട്  അവര് രക്ഷപെട്ടു…”

“ആരായിരുന്നാലും  കളിച്ചത് ദേവരാജനോടാ… കൊല്ലും ഞാൻ എല്ലാത്തിനെയും…”

അയാൾ പല്ലു ഞെരിച്ചു…

“ജോസേ… വാസവനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ..”

“അത് വേണോ,? ” തെല്ലു ഭയത്തോടെ  ജോസ് ചോദിച്ചു..

“വേണം… സത്യന്റെ കൂടെ സഹായത്തിനു ഒരാൾ  വേണം… എതിരാളി പ്രബലനാണ്.. ഒരേ സമയത്ത് പല  ഭാഗത്തുനിന്നുമല്ലേ ആക്രമിക്കുന്നത്?…അവസാനത്തെ ശത്രുവിനെയും തീർക്കുന്നത് വരെ  അവനിവിടെ കാണണം..”

അന്ത്യശാസന പോലെ ദേവരാജൻ പറഞ്ഞു… ജോസ് പുറത്തിറങ്ങി ഫോണെടുത്തു ഒരു നമ്പറിൽ  വിളിച്ചു.. കുറെ നേരം  അടിച്ചിട്ടും എടുക്കുന്നില്ല.. വേറൊന്നിലേക്ക് വിളിച്ചു..

“ജോസേട്ടാ… പറഞ്ഞോ .”  അപ്പുറത്തുനിന്നും ബഹുമാനത്തോടെയുള്ള ശബ്ദം..

“ഉണ്ണീ… വാസവൻ എവിടാ? ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ?”

“രാവിലെ വണ്ടിപ്പെരിയാറിൽ പോയതാ… എന്തോ ഡീലിങ്ങ്… ഫോൺ ഇവിടെ വച്ചു മറന്നു .. “

“ആരുടെയെങ്കിലും ഫോണിൽ വിളിച്ചിട്ട് അവനോട് എന്നെയൊന്നു വിളിക്കാൻ പറ .. എത്രയും പെട്ടെന്ന്.”

“ശരി  ജോസേട്ടാ..ഇപ്പൊ പറയാം..”

ജോസ് ഫോൺ പോക്കറ്റിൽ ഇട്ടു… വാസവൻ,… ദേവരാജനും സത്യപാലനും തീറ്റിപ്പോറ്റിയ വേട്ടപ്പട്ടി…  മാനസികരോഗിയായ ഒരു ക്രിമിനൽ..അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ  അവനെ കളത്തിലിറക്കാറുള്ളൂ.. ബാക്കി സമയത്ത്  കഞ്ചാവ്കൃഷി ആണ് … അതുപക്ഷെ  ദേവരാജന്  വേണ്ടിയല്ല.. സ്വന്തം ബിസിനസ്… തമിഴ്നാട്ടിൽ  രഘുവിന് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത് വാസവനാണ്….

അരമണിക്കൂർ കഴിഞ്ഞപ്പോൾ  ജോസിന്റെ ഫോണടിച്ചു… പരിചയമില്ലാത്ത നമ്പർ..

“ജോസേ… വാസവനാ…, “

പരുക്കൻ സ്വരം …

“ഇവിടുത്തെ കാര്യമൊക്കെ നീ അറിഞ്ഞില്ലേ?”

“ങാ . രഘുവിനെ തീർത്തു അല്ലേ? ഞാൻ സത്യപാലൻ സാറിനെ വിളിച്ചിരുന്നു…”

“അതുമാത്രമല്ല…. മുതലാളിയുടെ ഭാര്യയെ കൊല്ലാനും ഒരു ശ്രമം  നടന്നു… നീ  എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ..ഇവിടെ ആവശ്യമുണ്ടെന്ന് മുതലാളി പറഞ്ഞു..”

“ശരി.. ഇന്ന് വൈകിട്ട് ഞാൻ വരാം..”

ലൈൻ കട്ടായി…ജോസ് ദീർഘമായി ഒന്ന് നിശ്വസിച്ചു… എതിരാളി ആരായാലും അവന്റെ മരണം  ദയനീയമായിരിക്കും എന്നയാൾക്ക് ഉറപ്പായി… നാളെ രാവിലെ സത്യപാലനും ഇങ്ങോട്ട് എത്തും..വിശ്വസ്തരായ  കുറെ പേരെ ഒരുക്കി നിർത്താൻ അയാൾ പറഞ്ഞത്  ഓർമ്മ വന്നപ്പോൾ ജോസ് പാർക്കിംഗ് ഏരിയയിൽ നിന്ന് കാറുമെടുത്ത് റോഡിലേക്ക് ഇറങ്ങി…

*************

കങ്കനടി  – മംഗലാപുരം…

ലോഡ്ജ് മുറിയിൽ സണ്ണി അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടന്നു..  മേശപ്പുറത്തു  നിന്നും മദ്യക്കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി… പിന്നെ മുൻപിൽ നിൽക്കുന്ന അഫ്സലിനെ നോക്കി..

“ഈ അവസ്ഥയിലും  എനിക്ക് ഒരു സിനിമാ ഡയലോഗ് ഓർമ്മ വരുവാ… എന്തൊക്കെ ബഹളമായിരുന്നു..മലപ്പുറം കത്തി, അമ്പും വില്ലും… അവസാനം പവനായി  ശവമായി…!!”

അഫ്സൽ ഒന്നും മിണ്ടിയില്ല..

“നിന്നെയും നിന്റെ ടീമിനെയും വിശ്വസിച്ച് ഇത് രണ്ടാമത്തെ തവണയാ ഞാൻ നാറുന്നത്… സത്യം പറയെടാ .. ഇതിനു മുൻപ് ചെയ്തു എന്ന് അവകാശപ്പെട്ട ക്രൈമുകളൊക്കെ നിങ്ങൾ തന്നെ  ചെയ്തതാണോ? അതോ  മറ്റുള്ളവരുടെ ഗർഭം  നീയൊക്കെ ഏറ്റെടുത്തതോ? ഒരു കോഴിയെ എങ്കിലും കൊന്നിട്ടുണ്ടോ എന്നാ എന്റെ സംശയം…”

അതോടെ അഫ്സലിന്റെ അഭിമാനം വ്രണപ്പെട്ടു..

“സാറ് അങ്ങനെ സംസാരിക്കരുത്… എന്റെ പിള്ളേര് രാവും പകലും അവന്മാരുടെ പിന്നാലെ നടക്കുകയായിരുന്നു.. നല്ലൊരു ചാൻസ് കിട്ടിയപ്പോൾ ശ്രമിച്ചു.. പക്ഷേ ജസ്റ്റ് മിസ്സ്‌ ആയി… ചുമ്മാ വായിട്ട് അലക്കും പോലെ എളുപ്പമല്ല കളത്തിലിറങ്ങി കളിക്കുന്നത്.. പിന്നെ നാറിയ കാര്യം… തമിഴ്നാട്ടിൽ വച്ച്  സത്യപാലന്റെ അനിയനെ   ബീഹാറികളെ കൊണ്ട് തീർത്തത് എന്നോട് ചോദിച്ചിട്ടാണോ? സാറ് ഓരോന്ന് ചെയ്തു കൂട്ടീട്ട് എന്റെ മെക്കിട്ട് കേറാൻ  വരല്ലേ… താല്പര്യമില്ലെങ്കിൽ വിട്ടേക്ക്.. ഞാനും  എന്റെ ചെക്കന്മാരും  തിരിച്ചു പോയേക്കാം.. “

സണ്ണി കട്ടിലിൽ ഇരുന്ന് മുടി പിടിച്ചു വലിച്ചു…

“അപ്പച്ചനോട് വീരവാദം മുഴക്കി ഇറങ്ങിയതാ… ഞാനിനി എന്തു ചെയ്യും?”

അഫ്സൽ അവന്റെ അടുത്തിരുന്നു..

“സാറേ.. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു തോൽവി.. അതുകൊണ്ട് തന്നെ ഇനി ഇതെന്റേം കൂടി പ്രശ്നമാണ്… എല്ലാത്തിനേം തീർക്കുന്നത് വരെ  അഞ്ചു പൈസ  വേണ്ട… കൊല്ലത്തു നിന്നും ഞാൻ കുറച്ചാളുകളെ കൂടി ഇറക്കാൻ പോകുകയാ… “

അഫ്സലിന്റെ ഉറച്ച ശബ്ദം സണ്ണിയിൽ നഷ്ടപ്പെട്ട  ആത്മവിശ്വാസം തിരിച്ചെത്തിച്ചു,..

“അടുത്ത പ്രാവശ്യം മിസ്സ്‌ ആകരുത്…”.

അഫ്സൽ എഴുന്നേറ്റു.

“ഇല്ല.. തത്കാലം സാർ  ഇവിടെ തന്നെ കൂടിക്കോ..എല്ലാം കഴിഞ്ഞിട്ട് നാട്ടിലേക്ക് വന്നാൽ മതി.ഞാൻ ഉച്ചയ്ക്കത്തെ ട്രെയിനിനു തിരിച്ചു പോകും..”

“അപ്പച്ചനെ ഒന്ന് ശ്രദ്ധിക്കണം.. വീട്ടിൽ തനിച്ചേ ഉള്ളു..”

“അതൊക്കെ ഞാൻ നോക്കിക്കോളാം..സാറ് രണ്ടെണ്ണം അടിച്ച് ഒന്നുറങ്ങിക്കോ,.”

അഫ്സൽ പുറത്തിറങ്ങി വാതിൽ  ചാരി…

***********

സീതാലക്ഷ്മിയെ റൂമിലേക്ക് മാറ്റിക്കഴിഞ്ഞു… ദേവരാജൻ ബെഡിൽ അവരുടെ അടുത്ത് ഇരുന്നു…ശിവാനിയും  യദുവും  തൊട്ടടുത്ത് നിന്നു.. അവർ കണ്ണു തുറന്ന് എല്ലാവരേയും നോക്കി..

“വേദനിക്കുന്നുണ്ടോ?”  ദേവരാജൻ ചോദിച്ചു…

“ഇല്ല ദേവേട്ടാ… എനിക്ക് ഒന്നുമില്ല..”

അതു കള്ളമാണെന്ന് എല്ലാവർക്കും മനസിലായി..

“കണ്ണാ.. അഭിമോൻ  എവിടെ?”

“അവനു കുഴപ്പമൊന്നും ഇല്ലമ്മേ…”

“എനിക്കൊന്ന് അവനെ കാണണം..”

“ഇപ്പൊ വേണ്ട.. നീ അനങ്ങാതെ കിടന്നേ..”

ദേവരാജൻ ശാസിച്ചു..

“പ്ലീസ് ദേവേട്ടാ…എനിക്കൊന്നവനെ കാണണം “.

തളർന്ന സ്വരത്തിൽ അവർ കെഞ്ചി.. യദു പുറത്തേക്ക് നടന്നു… പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അഭിമന്യുവിനെ വീൽചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് അവൻ വന്നു… വലത്തെ കാല്പാദത്തിൽ ബാന്റെജ് ഇട്ടിട്ടുണ്ട്… നെറ്റിയിലും കയ്യിലുമൊക്കെ ചെറിയ ചെറിയ പരിക്കുകൾ… അവൻ പതിയെ എഴുന്നേറ്റ് ആരെയും  ഗൗനിക്കാതെ അവരുടെ അടുത്ത് ചെന്ന് കയ്യിൽ പിടിച്ചു…അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട് സീതാലക്ഷ്മി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…ശിവാനിയും ദേവരാജനും അമ്പരപ്പോടെ അവരെത്തന്നെ നോക്കുകയായിരുന്നു… മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരടുപ്പം അവർക്കിടയിൽ ഉണ്ടെന്നത് യദു അറിഞ്ഞു.

“ഞാൻ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു..”

അഭിമന്യു കുറ്റബോധത്തോടെ പറഞ്ഞു..

“അങ്ങനൊന്നും ചിന്തിക്കല്ലേ മോനേ.. എനിക്കൊന്നും പറ്റിയില്ലല്ലോ? കുറച്ചു ദിവസം കഴിഞ്ഞാൽ  എല്ലാം ശരിയാവും…”

സീതാലക്ഷ്മി ആശ്വസിപ്പിച്ചു..

“മോൻ പോയി കിടന്നോ… എനിക്കൊന്നു കാണാൻ തോന്നി അതാ വിളിച്ചത്,”

അഭിമന്യു അവരുടെ പുറം കൈയിൽ ചുംബിച്ചു… എന്നിട്ട് പതിയെ  തിരിഞ്ഞു നടന്നു… യദു അവനെ വീണ്ടും വീൽ ചെയറിൽ  ഇരുത്തി പുറത്തേക്ക് പോയി..

ദേവരാജന്റെ മുഖഭാവത്തിൽ നിന്നും അഭിമന്യുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായെങ്കിലും  അവർ  ഒന്നും മിണ്ടിയില്ല…

എന്തോ തമാശപറഞ്ഞു ചിരിച്ചു കൊണ്ട് കാറോടിക്കുകയായിരുന്നു അഭിമന്യു..ഗ്ലാസ്സിലൂടെ പിന്നിൽ പാഞ്ഞു വരുന്ന ലോറി കണ്ടപ്പോൾ അവന്റെ  ചിരി മാഞ്ഞു.. ഒരു സെക്കന്റ് കൊണ്ട് അവൻ കാർ വെട്ടിച്ചു… അതുകൊണ്ട് മാത്രം ഇടിയുടെ ആഘാതം കുറയുകയായിരുന്നു.. മുന്നിലേക്ക് തെറിച്ചു വീണ സീതാലക്ഷ്മിയെ ഇടതു കൈ കൊണ്ട് വാരിപ്പിടിച്ച് അവൻ കാറിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചു… മതിൽക്കെട്ടിൽ ഇടിച്ചു കാർ  നിന്നപ്പോഴും അവൻ അവരുടെ പിടി വിട്ടില്ല…. ബോധം മറയുന്നത്  വരെ  താൻ  അവന്റെ കയ്യിൽ സുരക്ഷിതയാണെന്ന്  സീതലക്ഷ്മിക്ക് തോന്നിയിരുന്നു…

ഒരു ഫോൺ വന്നപ്പോൾ ദേവരാജൻ പുറത്തേക്ക് ഇറങ്ങി… ശിവാനി അമ്മയുടെ അടുത്തിരുന്ന് പരിഭവിച്ചു..

“അമ്മയ്ക്ക് ഇപ്പൊ ഞങ്ങളെക്കാൾ  വലുത് അവനാണ് അല്ലേ? ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴും അഭിമോനെ ചോദിച്ചു കരയുകയായിരുന്നു എന്ന് നേഴ്സ് പറഞ്ഞു.. അവനെന്തു കൂടോത്രമാണോ  ചെയ്തത്..?”

സീതാലക്ഷ്മി  അവളുടെ കയ്യിൽ മെല്ലെ നുള്ളി…

“ആ മോൻ ഉണ്ടായിരുന്നത് കൊണ്ട് നിങ്ങൾക്ക് അമ്മയെ ജീവനോടെ കാണാൻ പറ്റി… റോഡിലേക്ക് തെറിച്ചു വീഴാതെ എന്നെ മുറുകെ പിടിച്ച് അവൻ പറഞ്ഞ വാക്ക് ഇപ്പഴുമെനിക്ക് ഓർമയുണ്ട്…. ‘പേടിക്കണ്ട അമ്മേ… ഞാൻ കൂടെയുണ്ട് എന്ന്…’  നിനക്കവനോട് കാരണമില്ലാത്ത കുശുമ്പ് ആണ്.. അതാദ്യം ഒഴിവാക്ക്..”

ശിവാനിയുടെ മുഖം തെളിഞ്ഞില്ല… ദേവരാജൻ തിരിച്ചു വന്നപ്പോൾ ആ സംഭാഷണം അവർ  നിർത്തി..

***********

അമ്മയ്ക്കുള്ള ഭക്ഷണവും കൊണ്ട് ഹോസ്പിറ്റലിൽ വന്ന യദുകൃഷ്ണൻ   റിസപ്‌ഷനിൽ  നിൽക്കുന്ന മീനാക്ഷിയെ കണ്ടു…

“മീനാക്ഷീ…”

അവൾ  തിരിഞ്ഞു നോക്കി. അവൾക്ക് സമാധാനമായി..

‘ഞാൻ സാറിനെ വിളിക്കാൻ തുടങ്ങുകയായിരുന്നു… റൂം നമ്പർ ചോദിക്കാൻ പോയതാ .. അവിടെ നല്ല തിരക്ക്.. “

“മുകളിലാണ്  വാ…”

ലിഫ്റ്റിൽ നല്ല തിരക്കുണ്ടായിരുന്നു… തന്റെ ശരീരം അവനോട് ഉരസുന്നത് അറിഞ്ഞിട്ടും  വേറെ വഴിയില്ലാത്തത് കൊണ്ട് മീനാക്ഷി ശ്വാസമടക്കി നിന്നു.. അവനാകട്ടെ, തനിക്കേറ്റവും പ്രിയപ്പെട്ട അവളുടെ  ഗന്ധം ആവോളം ആസ്വദിക്കുകയായിരുന്നു..നാലാം നിലയിലെത്തിയപ്പോൾ അവർ പുറത്തിറങ്ങി.. എന്തൊക്കെയോ സംസാരിക്കണമെന്ന് യദുവിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സ്ഥലവും സന്ദർഭവും അനുയോജ്യമല്ല… ജിൻസി അലന്റെയും മീനാക്ഷിയുടെയും  ബന്ധത്തെ കുറിച്ച്  ആദ്യാവസാനം വിവരിച്ചിരുന്നു.. അതിനു ശേഷം അവളോടുള്ള ബഹുമാനവും സ്നേഹവും ഇരട്ടിയായതായി അവനു തോന്നി… ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അയാളെ വെറുക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല..വർഷങ്ങൾക്കിപ്പുറവും  ആ ഓർമ്മകൾ അവളെ അലട്ടുന്നെങ്കിൽ അലനോടുള്ള പ്രണയം എത്ര ആത്മാർഥമായിരിക്കും?  യദുവിന് അതിശയം  തോന്നി…

സീതലക്ഷ്മിയെ ബെഡിൽ ചാരിയിരിക്കാൻ സഹായിക്കുകയായിരുന്നു ശിവാനി.. മീനാക്ഷിയെ കണ്ടപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി..

“അമ്മേ… ഇതാണ്  മീനു  ചേച്ചി… ഞാൻ പറയാറില്ലേ?”

“വാ മോളേ ഇരിക്ക്..”  അവർ ക്ഷണിച്ചു.. മീനാക്ഷി അവർക്കരികിൽ ഇരുന്നു..

“ഇപ്പൊ എങ്ങനെയുണ്ട്?”

“എനിക്കൊരു കുഴപ്പവുമില്ല.. വീട്ടിലേക്ക് പൊയ്ക്കോ എന്ന് ഡോക്ടർ പറഞ്ഞതാ.. ഇവര് വിടണ്ടേ…? രണ്ടു ദിവസം കൂടി കിടക്കാൻ നിർബന്ധിക്കുകയാ..”

“വീട്ടിൽ പോയാൽ അമ്മ അടങ്ങിയിരിക്കില്ല ചേച്ചീ… വയ്യാത്ത കാലും കൊണ്ട് നടക്കും… അപ്പൊ ഇവിടെയല്ലേ നല്ലത്?”

യദു  ഫ്ലാസ്കിൽ നിന്ന് ചായ  കപ്പിലേക്ക് പകർന്നു..

“മീനാക്ഷിക്ക് ചായ  എടുക്കട്ടെ?”  അവൻ  ചോദിച്ചു.

“വേണ്ട സാർ… ഞാൻ കുടിച്ചിട്ടാ വന്നത്..”

“വേണോ എന്ന് ചോദിക്കരുത് കണ്ണാ… എടുത്ത് കൊടുക്കണം..”

സീതാലക്ഷ്മി  അവനെ  തിരുത്തി..

“അതിന്റെയൊന്നും ആവശ്യമില്ലമ്മേ.. മീനു ചേച്ചിക്ക് വേണമെങ്കിൽ എടുത്തു കുടിക്കാം..അതിനുള്ള അവകാശം ചേച്ചിക്ക് ഉണ്ട്…. അല്ലേ ഏട്ടാ?”

ശിവാനിയുടെ വാക്കുകൾ  കേട്ട് മീനാക്ഷിയുടെ മുഖം ചുവന്നു… യദുകൃഷ്ണൻ  അവളോട് അരുതെന്ന് കണ്ണു കാണിച്ചു… കുറച്ച് നേരം കൂടി സംസാരിച്ചിരുന്ന ശേഷം മീനാക്ഷി എഴുന്നേറ്റു..

“ഞാൻ പോകട്ടെ..?. ഓഫിസിലെത്താൻ വൈകും… അഭിയേയും  ഒന്ന് കാണണം..”

“ഞാൻ ഡിസ്ചാർജ് ആയാൽ മോള് വീട്ടിലേക്ക് വരണം കേട്ടോ?”

അവൾ തലയാട്ടി.. എന്നിട്ട് യദുവിനെ നോക്കി.. അവൻ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു…

“ആ ഇൻഷുറൻസ് കമ്പനിയുടെ മീറ്റിംഗ് ഇന്നല്ലേ?”

“അതെ സർ “

“താൻ ജിൻസിയെയും കൂട്ടി പൊയ്ക്കോ.. കഴിഞ്ഞിട്ട് എന്നെ വിളിച്ചാൽ മതി.. ഓഫിസിലെ കാര്യങ്ങൾ നോക്കാൻ സമീറയോട് പറഞ്ഞിട്ടുണ്ട്.. എന്നാലും തന്റെ കണ്ണൊന്നു വേണം..”

“ഷുവർ..”

“എന്നാൽ പൊയ്ക്കോ… റൂം  നമ്പർ ത്രീ വൺ ത്രീ.. ആ സ്റ്റെയറിന്റെ തൊട്ടടുത്ത്.. അവിടെയാ  അഭി ഉള്ളത്..”

“ഓക്കേ സർ.. താങ്ക്സ്. ”  അവൾ  പുറത്തേക്കിറങ്ങി.. അവൾ പോയവഴിയേ  നോക്കി നിൽക്കുന്ന യദുവിനോട്  കുസൃതിയോടെ  സീതാലക്ഷ്മി ചോദിച്ചു.

“എന്താണ് എന്റെ കള്ളക്കണ്ണന് ഒരു വിഷമം?”

“എന്ത് വിഷമം? ഒന്നുമില്ല…”

“ഡാ… ഞാൻ നിന്റെ അമ്മയാ… അത് മറക്കരുത്..”

അവൻ അത് കേൾക്കാത്ത മട്ടിൽ കൊണ്ടുവന്ന ഭക്ഷണം പാത്രത്തിലേക്ക് മാറ്റി..

“ഞാൻ എല്ലാം അറിഞ്ഞു… ഇവളെന്നോടൊക്കെ പറഞ്ഞിരുന്നു…”

യദു ഒന്ന് ഞെട്ടി.. പിന്നെ അരിശത്തോടെ  ശിവാനിയെ  നോക്കി… അവൾ  ചിരിയടക്കി നിൽക്കുകയാണ്..

“കണ്ണാ.. എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു.. നമുക്ക് ആലോചിക്കാം..”

“അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ? എനിക്കൊരു ഇഷ്ടം തോന്നിയെന്നത് സത്യമാ. . പക്ഷേ ഇപ്പൊ അതില്ല. മീനാക്ഷി എന്റെ സ്റ്റാഫ്‌ മാത്രമാണ് .. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കുന്നില്ല..”

അവന്റെ സ്വരത്തിലെ നഷ്ടബോധം അവർ  തിരിച്ചറിഞ്ഞു…

“കണ്ണാ… എന്തു പറ്റിയെടാ  മോനേ? അമ്മയോട് പറ..”

“അത് വിട്ടേക്ക് അമ്മേ..”

“നീ കാര്യം പറ .. എന്നിട്ട് തീരുമാനിക്കാം..”

“അവൾക്ക് താല്പര്യമില്ല..”

“എന്ന് ആ കുട്ടി നിന്നോട് പറഞ്ഞോ?”

“ശിവയോട് പറഞ്ഞല്ലോ..?”

“അത് മാറിക്കൂടാ  എന്നുണ്ടോ?”

“സാധ്യത ഇല്ല..”

“അതിന്റെ കാരണം പറ കണ്ണാ…”

ഏറെ നിർബന്ധിച്ചപ്പോൾ മീനാക്ഷിയുടെയും അലന്റെയും പ്രണയത്തെ കുറിച്ചും അവർ പിരിയാനുണ്ടായ കാരണത്തെ കുറിച്ചുമെല്ലാം യദുകൃഷ്ണൻ  വിശദീകരിച്ചു…

ശിവാനിയും  സീതാലക്ഷ്മിയും എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു..

“ആറു വർഷത്തോളം  ജീവന് തുല്യം സ്നേഹിച്ചവൻ ചതിച്ചു  എന്ന തിരിച്ചറിവ് അവളെ  തളർത്തി .. അതിൽ നിന്നും പുറത്ത് കടക്കാൻ ഇനിയും സാധിച്ചിട്ടില്ല.. ഇതൊക്കെ അറിഞ്ഞിട്ടും അവളോട് പോയി എന്റെ പ്രണയം തുറന്നു പറയുന്നതിലും  വലിയ  വൃത്തികേട് വേറെ ഇല്ല.. എനിക്ക് ഒന്നും വേണ്ടമ്മേ.. അവൾ  ഇതുപോലെ എന്റെ അടുത്ത് ഉണ്ടായാൽ മതി… ഒരു സ്റ്റാഫ്‌ ആയിട്ടെങ്കിലും…”

കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ അവൻ  പുറത്തിറങ്ങി…

അഭിമന്യുവിന്റെ മുറിയിലേക്ക് മീനാക്ഷി പ്രവേശിച്ചപ്പോൾ അവൻ ആരോടോ ഫോണിൽ  സംസാരിക്കുകയായിരുന്നു..

“എടീ  എനിക്ക് കുഴപ്പമൊന്നുമില്ല .. ചുമ്മാ കിടന്ന് മോങ്ങല്ലേ… എത്ര തവണ പറഞ്ഞു? ഇനി ഞാൻ വല്ല തെറിയും  വിളിക്കും.. ഫോൺ വച്ചിട്ട് പോയേ..”

അവൻ  തിരിഞ്ഞത് മീനാക്ഷിയുടെ മുഖത്തേക്കാണ്..

“ആരോടാ  ദേഷ്യപ്പെടുന്നെ?”

“എന്റെ ആകെയുള്ള ഫ്രണ്ട് ആണ്… കഷ്ടകാലത്തിന് അപകടം പറ്റിയത് അവളോട്‌ പറഞ്ഞു പോയി.. അന്നേരം തൊട്ട് തുടങ്ങിയ  വിളിയാ ..”

മീനാക്ഷി അവന്റെ കണ്ണുകളിലേക്ക് തന്നെ  നോക്കി..

“ഒരു പ്രേമം മണക്കുന്നുണ്ടല്ലോ മോനേ…”

“ഒന്ന് പോയേ മീനൂ…. അങ്ങനൊന്നും ഇല്ല.. വർഷങ്ങളായുള്ള  സൗഹൃദമാ… “

“ആയിക്കോട്ടെ… നിനക്ക് ഇപ്പൊ എങ്ങനുണ്ട്?”

“ഞാൻ ഫുൾ ഓക്കേ ആണ്…” അവൻ  കയ്യും കാലുമൊക്കെ ഒന്ന് അനക്കി…

“പക്ഷേ സാറിന് നിർബന്ധം.. ഇവിടെ കിടന്ന് തടിയൊക്കെ പുഷ്ടിപ്പിച്ചു പോയാൽ മതീന്ന്… പിന്നെ ഞാനും ചിന്തിച്ചു അതാണ്‌ നല്ലത്. റൂമിൽ  കിടന്നാൽ ഹിന്ദിക്കാരന്റെ ചപ്പാത്തിയും പരിപ്പും കഴിക്കേണ്ടി വരും..”

അവൾ  ബാഗിൽ നിന്ന്  പൊതിയെടുത്തു..

“രാവിലെ അമ്പലത്തിലൊന്ന് പോയി..”

അഭിമന്യുവിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊണ്ട് അവൾ പുഞ്ചിരിച്ചു…

“നിനക്കു വിശ്വാസം ഉണ്ടോ എന്നൊന്നും അറിയില്ല.. എന്നാലും നിനക്കു വേണ്ടി പ്രാർത്ഥിച്ചു..”

“ആരാ പറഞ്ഞേ എനിക്ക് വിശ്വാസമില്ലെന്ന്?”

“അന്ന് അമ്പലത്തിൽ പോയപ്പോൾ നീ അകത്തു കയറിയില്ലല്ലോ?”

“അത് ആ പിശാശ് കൂടെ ഉണ്ടായിരുന്നത് കൊണ്ടല്ലേ? അവൾ അടുത്തുണ്ടാവുമ്പോ പ്രാർത്ഥിക്കാൻ പറ്റില്ല..”

“അവളോടുള്ള നിന്റെ ദേഷ്യം മാറിയില്ലേ?”

“കൂടിയിട്ടേ ഉള്ളൂ… ഞാനിവിടെ കിടന്നിട്ട് ഇതുവരെ അവളൊന്ന് വന്നു നോക്കിയില്ല.. ഒന്നുമില്ലേലും ഞാനവളുടെ ജോലിക്കാരനല്ലേ..? അവളുടെ അച്ഛനും അവളും ഒരേ സ്വഭാവമാണെന്നാ തോന്നുന്നേ… മനുഷ്യത്വം ഇല്ലാത്തവർ..”

“നീ  ചുമ്മാ ബിപി കൂട്ടണ്ട.. ഞാൻ പോകുവാ  ലേറ്റ് ആയി… വൈകിട്ട് വിളിക്കാം..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.. എത്തിച്ചോളാം..”

“മീനൂ…”  അവന്റെ വിളി കേട്ട് മീനാക്ഷി  ചോദ്യഭാവത്തിൽ  നോക്കി..

“താങ്ക്സ്..”

“എന്തിനാടാ..?”

“എന്നെ കാണാൻ  വന്നതിന്… സുഖവിവരം  അന്വേഷിക്കാൻ എനിക്ക് അങ്ങനെ ആരുമില്ല..”

“ആദ്യം നിന്റെ ഈ  ചിന്ത മാറ്റ്… പെട്ടെന്നു സുഖമായി  വാ.. എന്നിട്ട് ഒരുദിവസം എന്റെ വീട്ടിലോട്ട് ഇറങ്ങ്… അച്ഛൻ നിന്നെ കാണണമെന്ന് പറഞ്ഞു..”

“അച്ഛന്റെ പേരെന്താ?”

“ഹരിദാസ്..”

“ആ പേരുള്ള ആരുടെ അടുത്തു നിന്നും ഞാൻ കാശ് കടം വാങ്ങിച്ചിട്ടില്ലല്ലോ..”

” നിന്നോട് സംസാരിച്ചിരുന്നാൽ ഓഫീസിൽ പോക്കുണ്ടാവില്ല..”

ചിരിയോടെ അവൾ വെളിയിലേക്ക് നടന്നു…

**************

എസ്റ്റേറ്റ് ബംഗ്ലാവിൽ, കിടക്കും മുൻപുള്ള മരുന്നുകൾ  കഴിച്ച് കസേരയിൽ  ചാരിയിരിക്കുകയാണ് തോമസ്.. അയാളുടെ മനസ്സ് കലുഷിതമായിരുന്നു.. ദേവരാജന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടത്  സണ്ണി മറച്ചു  വയ്ക്കാൻ ശ്രമിച്ചെങ്കിലും അയാൾ അറിഞ്ഞിരുന്നു.. ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല… സന്ധ്യയോടെ രണ്ടു പേർ വന്നു… സണ്ണി അയച്ചതാണെന്നും  രാത്രി കാവലിനു ഇവിടുണ്ടാലുമെന്നും പറഞ്ഞു.. നാളെ രാവിലെ അവരുടെ കൂടെ  മംഗളാപുരത്തേക്ക് പോകണം.. ഇനി എല്ലാം ഒതുങ്ങുന്നത് വരെ  മാറി നിൽക്കാനാണ്  സണ്ണിയുടെ തീരുമാനം.. അതു  തന്നെയാണ് നല്ലത് എന്ന് അയാൾക്കും തോന്നി…

അവസാന ശ്രമം എന്നപോലെ ഒരിക്കൽ കൂടി  സണ്ണിയെ വിളിച്ചു.. അവൻ  എടുത്തു.

“ഞാൻ നല്ല ഉറക്കമായിരുന്നു അപ്പച്ചാ… വിളിക്കണമെന്ന് ആലോചിച്ചപ്പോഴേക്കും അപ്പച്ചന്റെ കാൾ വന്നു..അവിടെ കുഴപ്പമൊന്നുമില്ലല്ലോ?”

“ഇല്ല.. നീ അയച്ച ആളുകൾ പുറത്തുണ്ട്..”

“ഒന്നും പേടിക്കണ്ട,. അപ്പച്ചൻ ഉറങ്ങിക്കോ. പുലർച്ചെ ഇങ്ങോട്ട് വിട്ടോ… നമ്മൾ അവിടുന്ന് മാറുന്നത് ആരും അറിയണ്ട.”

അയാൾ ഒന്ന് മൂളി..ഫോൺ മേശപ്പുറത്തു വച്ചു  കട്ടിലിൽ കിടന്നു… ഉറക്കം വരാതായപ്പോൾ ടീവി ഓൺ ചെയ്തു… ഒന്നിലും മനസ്സ് നിൽക്കുന്നില്ല..

പുറത്തു നിന്നും എന്തോ ഒരു ശബ്ദം കേട്ടു.. ആദ്യം കാര്യമാക്കിയെടുത്തില്ല.. പിന്നെയും കേട്ടപ്പോൾ തോമസ് എഴുന്നേറ്റ് ജനൽ കർട്ടൻ നീക്കി  നോക്കി.. സണ്ണി അയച്ച രണ്ടു പേരും  ചലനമറ്റ് മുറ്റത്തു കിടക്കുന്നുണ്ട്. പറമ്പിലൂടെ  ആരൊക്കെയോ നടക്കുന്നത് പോലെ… പെട്ടെന്ന് കറന്റ് പോയി.. ഫോൺ എടുക്കാൻ മേശക്ക് നേരെ നടക്കുന്നതിനിടെ കാൽ  തടഞ്ഞു  വീണു.. പിന്നെയും തപ്പി  തടഞ്ഞ് എഴുന്നേറ്റപ്പോൾ അടുക്കളവശത്തെ വശത്തെ വാതിലിൽ  എന്തോ ശക്തമായി  ഇടിക്കുന്നത് കേട്ടു…. എന്താണ് സംഭവിക്കുന്നതെന്ന് തോമസിന് മനസിലായി… ശത്രുക്കൾ വീട് വളഞ്ഞു കഴിഞ്ഞു… രക്ഷപ്പെടാൻ വഴിയില്ല… സഹായത്തിന് അടുത്തെങ്ങും ആരുമില്ല..അയാൾ  ഫോൺ എടുത്ത് സണ്ണിയെ വിളിച്ചു..

“അപ്പച്ചൻ ഇനിയും ഉറങ്ങിയില്ലേ?”

“മോനേ… അവർ  വന്നു..”

“എന്താ..?”

“ആരൊക്കെയോ വീട്ടിൽ കയറിയിട്ടുണ്ട്..”

സണ്ണി പകച്ചു  പോയി… എന്തു ചെയ്യും എന്നറിയില്ല.. പിന്നെ അവൻ മനസാന്നിധ്യം വീണ്ടെടുത്തു..

“മേശയിൽ  ഗൺ ഇല്ലേ അപ്പച്ചാ?എടുത്ത് ആദ്യം കേറുന്നവനെ തീർത്തോ… ബാക്കി നമുക്ക് നോക്കാം.. അപ്പോഴേക്കും നമ്മുടെ ആളുകൾ അവിടെത്തും…”

തന്റെ റൂമിന്റെ വാതിലിനപ്പുറം കാപ്പെരുമാറ്റം കേട്ടപ്പോൾ തോമസിന്റെ ഉള്ളു കിടുങ്ങി…

“സണ്ണീ… മോനേ… നീ  സൂക്ഷിക്കണം… ഇങ്ങോട്ട് വരരുത്… എന്തു നടന്നാലും…”

അത്ര മാത്രം പറഞ്ഞ് കൊണ്ട് അയാൾ ഫോൺ ഓഫ്‌ ചെയ്തു നിലത്തേക്ക് ആഞ്ഞെറിഞ്ഞു..പല കഷണങ്ങളായി  അത് ചിതറി തെറിച്ചു.. പിന്നെ മേശ വലിപ്പ് തുറന്ന് പഴയമോഡൽ  റിവോൾവർ എടുത്ത് ലോഡ് ആണെന്നുറപ്പിച്ചു അതിനു ശേഷം വാതിൽക്കലേക്ക് നീട്ടി ട്രിഗറിൽ വിരൽ ചേർത്തു നിന്നു…

വാതിലിൽ ആഞ്ഞൊരിടി… വീട് കുലുങ്ങി… പിന്നെയും…അഞ്ചാമത്തെ ഇടിയിൽ വാതിൽ തകർന്നു… ഇരുട്ടിൽ എത്രപേരുണ്ടെന്ന് തോമസിന് മനസിലായില്ല..

“അകത്തു വന്നാൽ കൊല്ലും ഞാൻ . ” അലറാൻ ശ്രമിച്ചെങ്കിലും കരച്ചിൽ പോലൊരു ശബ്ദമാണ്  അയാളിൽ  നിന്നും വന്നത്… പെട്ടെന്ന് ഇരുട്ടിൽ ഒരു തീ  തെളിഞ്ഞു… അതിനു  പിന്നിലെ മുഖം വ്യക്തമായപ്പോൾ  നട്ടെല്ലിലൂടെ ഒരു തരിപ്പ് അരിച്ചു കയറുന്നത്  തോമസ് അറിഞ്ഞു..

‘സത്യപാലൻ’.. അയാൾ പോലുമറിയാതെ  ചുണ്ടുകൾ മന്ത്രിച്ചു…

“തോമസു ചേട്ടൻ എന്നെ മറന്നിട്ടില്ല അല്ല്യോ?”

ചുരുട്ട് വലിച്ചു കൊണ്ട് സത്യപാലൻ മുറിയിൽ പ്രവേശിച്ചു… പിന്നാലെ വേറെ നാല് പേരും..അതിലൊരാൾ  പെൻ ടോർച് അടിച്ചു ചുറ്റും നോക്കി.. മേശപ്പുറത്തു വീണു കിടന്ന മെഴുകുതിരി  നേരെ വച്ച് കത്തിച്ചു… മുറിയിൽ മങ്ങിയ വെളിച്ചം പരന്നു..

“ഇവിടുത്തെ ജനറേറ്റർ ഇവന്മാർ നശിപ്പിച്ചു..സോറി.”

തോമസ്  തോക്ക് സത്യപാലന്റെ തലയ്ക്കു നേരെ ചൂണ്ടി.

“ശ്ശെടാ… ഇങ്ങേരിതെന്താ  കൊച്ച് പിള്ളേരെ പോലെ? ഈ  തോക്കിൽ ആറ് ഉണ്ടയല്ലേ കാണൂ..? ഞങ്ങൾ  പന്ത്രണ്ടു പേരുണ്ട്..എന്നെ കൊന്നാൽ പേടിച്ച് ഓടുന്നവരൊന്നുമല്ല കൂടെയുള്ളത്.. ചേട്ടനെ എന്തായാലും  തീർക്കും.. അതവിടെ  വച്ചിട്ട് ഇരിക്ക്.. സംസാരിക്കാം..”

അറിയാതെ തോമസിന്റെ  കൈ  താഴ്ന്നു.. തളർച്ചയോടെ അയാൾ കട്ടിലിൽ ഇരുന്നു..

“നമ്മള് തമ്മിൽ കണ്ടിട്ട് വർഷം കുറെ ആയില്ലേ? ഫിനാൻസ് കമ്പനി കൊടുക്കുന്നോ എന്ന് ചോദിക്കാൻ വന്നപ്പോഴാ അവസാനമായി സംസാരിച്ചത്… നിങ്ങൾ അപ്പനും മകനും  സമ്മതിച്ചില്ല.പകരം എന്നെ അപമാനിച്ച് ഇറക്കി വിട്ടു.. ഞാൻ അതു നശിപ്പിച്ചു.. അന്നൊക്കെ ഒരു പ്രതികാരം പ്രതീക്ഷിച്ചിരുന്നതാ.. കാണാഞ്ഞപ്പോൾ നിങ്ങള് അഹിംസാവാദികളായി എന്നു കരുതി..”

സത്യപാലൻ എഴുന്നേറ്റ് അയാൾക്കരികിൽ ചെന്നു..

“ചേട്ടന് അറിയോ, എന്റെ അനിയനെ ആരൊക്കെയോ ചേർന്നു കൊന്നു കളഞ്ഞു.. കുടുംബമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് അവനാ.”

അയാൾ കരയുന്നത് പോലെ അഭിനയിച്ചു.. പെട്ടെന്ന് ആ  മുഖം മാറി .. തോമസിന്റെ കഴുത്തിൽ  കുത്തിപ്പിടിച്ചു കട്ടിലിൽ കിടത്തി… എന്നിട്ട് കാൽമുട്ട് അയാളുടെ വയറിൽ അമർത്തി…

“പട്ടീടെ മോനേ,.. ബീഹാറികളെ വിട്ടാൽ ആളെ കണ്ടുപിടിക്കില്ല എന്ന് കരുതിയോ? ഇത് സത്യപാലനാ… നിങ്ങൾക്ക് വേണ്ടി ആളെ ഇറക്കിയവനെ  തീർത്തിട്ടാ  ഞാനിങ്ങോട്ട് വന്നത്…പറയെടാ… സണ്ണി എവിടെ?”

ആ വൃദ്ധന് ശ്വാസം മുട്ടി….. അയാൾ കഴുത്തിലെ പിടി വിട്ടു.. പകരം കാൽമുട്ടിൽ കൂടുതൽ ശക്തി കൊടുത്തു… വേദനകൊണ്ട് തോമസ് പുളഞ്ഞു..

“എനിക്കധികം സമയമില്ല… പെട്ടെന്ന് പറ.. സണ്ണി എവിടെ?”

“എന്നെ കൊന്നാലും പറയില്ല..”

തോമസ് കിതച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു..

“കൊന്നാൽ പറയില്ല  എന്നെനിക്കും അറിയാം… കൊല്ലാൻ തന്നാ  വന്നതും… പിന്നെ നിന്റെ മോന്റെ കാര്യം… അവനീ ഭൂമിയിൽ എവിടെ പോയി ഒളിച്ചാലും ഞാൻ  പൊക്കും..”

സത്യപാലൻ കൈ നീട്ടിയപ്പോൾ ഗുണ്ടകളിൽ ഒരാൾ  വണ്ണം തീരെ കുറഞ്ഞ പ്ലാസ്റ്റിക് കയർ കൊടുത്തു…തോമസിനെ എഴുന്നേൽപ്പിച്ചു നിർത്തി സാവധാനം അത് അയാൾ തോമസിന്റെ  കഴുത്തിൽ  ചുറ്റി…കയറിന്റെ രണ്ടറ്റവും  ഇരു കൈകളാലും പിടിച്ച ശേഷം  ചോദിച്ചു.

“തോമസ് ചേട്ടന് അവസാനമായി വല്ലതും പറയാനുണ്ടോ..?”

“നീയും നിന്റെ മുതലാളിയും നശിക്കുന്ന ദിവസം വരുമെടാ…”

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“കണ്ടോടാ  സലീമേ… ചാകാൻ പോകുമ്പോഴും എന്താ കിളവന്റെ പെർഫോമൻസ്?”

എല്ലാവരും ചിരിച്ചു…

“അപ്പൊ. നരകത്തിൽ വച്ചു കാണാം… രാത്രിയിൽ യാത്ര പറച്ചിൽ ഇല്ല “..

സത്യപാലൻ കയറിന്റെ രണ്ടറ്റവും  പിടിച്ചു വലിച്ചു… കുരുക്ക് മുറുകി… ഒരാൾ മുന്നോട്ട് വന്ന് തോമസിന്റെ കൈകൾ പുറകിൽ പിടിച്ചു വച്ചു.. രണ്ടു  പാദത്തിന്റെയും മേലെ സത്യപാലൻ ചവിട്ടി നില്കുന്നത് കൊണ്ട്കാലുകളും അനക്കാൻ പറ്റിയില്ല.അയാളുടെ കണ്ണുകൾ തുറിച്ചു….നിന്ന നിൽപ്പിൽ മലമൂത്രവിസർജനം  ചെയ്തു… ക്രൂരമായ ഒരു ചിരിയോടെ സത്യപാലൻ കയർ ഒന്നുകൂടി വലിച്ചു പിടിച്ചു…. ഒരു നേർത്ത ശബ്ദം തോമസിന്റെ തൊണ്ടയിൽ  നിന്നും  വന്നു. പിന്നെ അയാളുടെ ചലനം നിലച്ചു… രണ്ടു മിനിറ്റ് കൂടി കയർ വലിച്ചു പിടിച്ച ശേഷം  സത്യപാലൻ കൈകൾ ലൂസാക്കി.. തോമസിന്റെ  ശരീരം  നിലത്തേക്ക് പതിച്ചു..

“അടുത്ത തവണ  കയറ്  വേണ്ടെടാ.. ഉള്ളം കൈ  വേദനിക്കുന്നു..”

റിവോൾവർ  എടുത്ത് അരയിൽ  തിരുകി അയാൾ അനുചാരന്മാരെ നോക്കി..

“പുറകിലൂടെ കുറച്ചു നടന്നാൽ ഒരു കമ്പി വേലി ഉണ്ട്…അതിനപ്പുറത്തെ ഫാം  ദേവരാജൻ മുതലാളി  വാങ്ങിയതാ… അവിടെ നല്ല സ്ഥലം നോക്കി ഇയാളേം പുറത്തു കിടക്കുന്നവന്മാരെയും കുഴിച്ചിട്ടേക്ക്…. തന്തയുടെ  ശവം തേടി  അവനിറങ്ങട്ടെ….”

അവർ  തലയാട്ടി..അണഞ്ഞു പോയ ചുരുട്ടിന്  വീണ്ടും തീ കൊളുത്തി കൊണ്ട്  സത്യപാലൻ പുറത്തേക്ക് നടന്നു..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!