Skip to content

സൗപ്തികപർവ്വം – 8

സൗപ്തികപർവ്വം

മുറിവിലമർന്ന ഉപ്പു പോലെ ഓർമ്മകൾ മനസ്സിനെ  വേദനിപ്പിച്ചു തുടങ്ങിയപ്പോൾ  മീനാക്ഷി കട്ടിലിൽ എഴുന്നേറ്റിരുന്നു… അല്ലെങ്കിലും ഇതു പതിവുള്ളതാണല്ലോ  എന്നവൾ ഓർത്തു… കാലമിത്രയായിട്ടും  എന്തുകൊണ്ട് അലനെ മറക്കാൻ പറ്റുന്നില്ല എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം കിട്ടിയില്ല… മൊബൈലിൽ  സമയം  നോക്കി… രാത്രി ഒരുമണി… അവൾ എഴുന്നേറ്റ് ജനൽ തുറന്നു…. തണുത്ത കാറ്റ്‌…. ആകാശത്ത് അങ്ങിങ്ങായി നക്ഷത്രങ്ങൾ.. മേഘത്തിന്റെ പുതപ്പ് നീക്കി ആലസ്യത്തോടെ അവളെ നോക്കി പുഞ്ചിരിക്കുന്ന നിലാവ്…. ഉറക്കം മറന്ന് അലനോട് സംസാരിച്ചു കൊണ്ടിരുന്ന രാത്രികളിൽ   പൂർണചന്ദ്രന്റെ മുഖത്ത് അസൂയ കണ്ടിട്ടുണ്ട്…..അലൻ… ഹൃദയഭിത്തികളിൽ  വരച്ചു  ചേർക്കപ്പെട്ട അയാളുടെ  രൂപം…

“കൊച്ചേ..എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നതാന്നറിയോ?”

ഒരിക്കൽ അലൻ  ചോദിച്ചു…. ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്ന് നഗരം നോക്കി കാണുകയായിരുന്നു അവർ  രണ്ടുപേരും..

“എന്താ?”  കടൽ കാറ്റിൽ അനുസരണയില്ലാതെ  പറക്കുന്ന മുടിയിഴകൾ  ഒതുക്കി വയ്ക്കാൻ ശ്രമിച്ചുകൊണ്ട് മീനാക്ഷി അവന്റെ മുഖത്തേക്ക് നോക്കി…

“ടൗണിന്റെ നടുവിൽ  തന്നെ  ഒരു വീട്… അത്ര വലുതൊന്നും  വേണ്ട…. മൂന്ന് ബെഡ്‌റൂം,.. ഒന്ന് തന്റെ  അച്ഛനും അമ്മയ്ക്കും… ഒന്ന് നമുക്ക്.. അടുത്തത് നമ്മുടെ കുട്ടികൾക്ക്..”

“ആഹാ…. അപ്പോ എന്നെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകാനുള്ള പ്ലാൻ ഒന്നുമില്ലേ…?”

അലൻ  അവളോട് ചേർന്നിരുന്നു..

“അവിടെ എനിക്കാരാ ഉള്ളത്.? എന്റെ ജീവൻ   ഇതാ ഇവിടല്ലേ..?. എനിക്ക് നിന്നെ മാത്രമല്ല.. നിന്റെ അച്ഛനെയും അമ്മയെയും വേണം. സ്നേഹിക്കാൻ ഒരു കുടുംബം പോലുമില്ലാത്ത ഭാഗ്യം കെട്ടവനാ  ഞാൻ…”

മീനാക്ഷി അവന്റെ ചുമലിലേക്ക് തല  ചായ്ച്ചു..

“നിന്റെ വീട്ടുകാർ സമ്മതിക്കുമോ കൊച്ചേ,? ഞാൻ ഒരു ക്രിസ്ത്യാനി… നിന്നെക്കാൾ പ്രായക്കൂടുതൽ . വിവാഹമോചിതൻ.ഒരു കുട്ടിയും ഉണ്ട്..”

“ഇച്ചായന്  എന്റെ വീട്ടുകാരെ അറിയാഞ്ഞിട്ടാ,.. എന്റെ സന്തോഷം മാത്രമേ  അവർ  നോക്കൂ.. അമ്മ ചിലപ്പോൾ വാശി കാണിക്കും… പക്ഷേ പാവമാ… സമ്മതിക്കും…. പോരാഞ്ഞിട്ട് അവര് പ്രണയവിവാഹം ആയിരുന്നു… അതോണ്ട് എതിർക്കില്ല..”

“എന്നാലും ഇപ്പോൾ പറയണ്ട… വെറുമൊരു ബസ് കണ്ടക്ടർക്ക് മോളെ കൊടുക്കാൻ അവർക്ക് ഇഷ്ടമുണ്ടാകില്ല.. അതിന് കുറ്റം പറയാനും പറ്റില്ല.. ആദ്യം നാട്ടിൽ എന്റെ പേരിലുള്ള വീടും സ്ഥലവും വിൽക്കണം.. ആ കാശുകൊണ്ട് ഇവിടെ ഇച്ചിരി മണ്ണ് വാങ്ങി വീട് കെട്ടണം… ബാങ്കിൽ കുറച്ചു പൈസ ഇരിപ്പുണ്ട്.. അതിന്റെ കൂടെ  എവിടുന്നേലും കുറച്ചു കൂടി  ചേർത്ത് രണ്ടു മൂന്ന് ടാക്സി വാങ്ങാം … ഒന്ന് ഞാൻ ഓടിച്ചിട്ട്  മറ്റുള്ളതിന് ഡ്രൈവർമാരെ വച്ചാൽ മതിയല്ലോ .. ജയിച്ചവനായിട്ട് അന്തസോടെ  മാത്രമേ  നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കൂ..”

“എല്ലാം നടക്കും.. ഇച്ചായൻ ടെൻഷനടിക്കല്ലേ…”

“ശരിക്കും പറഞ്ഞാൽ  എനിക്ക് പേടിയാടീ… ജീവിച്ചു തുടങ്ങിയത്  നീ  വന്നതിൽ പിന്നെയാ… അതില്ലാതെ ആയാൽ  ഞാൻ  മരിക്കും..”

അവൾ  അവന്റെ വായ  പൊത്തി…

“ഇങ്ങനെ ഓരോന്ന് പറയാനാണെങ്കിൽ ഞാൻ  പോവും.. ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങോട്ട് വന്നത്  ഇച്ചിരി നേരം  സന്തോഷത്തോടെയിരിക്കാനാ…”

“അതല്ല  കൊച്ചേ…”

“വേണ്ട… എന്നോട് മിണ്ടണ്ട..  പേടി തോന്നുന്നത് വിശ്വാസമില്ലായ്മ ആണ്..”

“നിന്നെയോ? കർത്താവേ… ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലെടീ…”

“അതേയ്, എന്നാൽ ആദ്യം നാട്ടിലെ സ്ഥലം വിൽക്കാനുള്ള പരിപാടി നോക്ക്..”

“അവിടെ മുഴുവൻ കാടുപിടിച്ചു കിടക്കുകയാ… ആരെയെങ്കിലും വൃത്തിയാക്കാൻ ഏൽപ്പിക്കണം.. മതില് മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്.അതൊന്ന് കെട്ടണം.. പിന്നെ അളക്കാൻ വരുന്നവർക്കു കൂലി കൊടുക്കണം… കുറച്ചു ദിവസം കഴിയട്ടെ… ഇപ്പൊ എന്റെ കയ്യിൽ ഒന്നുമില്ല…”

“ഏകദേശം എത്ര വേണ്ടിവരും?”

“എല്ലാം കൂടി മുപ്പത്തിനായിരം വേണ്ടി വരും..”

“കാശ്  ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കാം..”

“ഏയ്.. അതൊന്നും വേണ്ട… നീ ഒരുപാട് പൈസ  എനിക്ക് തന്നിട്ടുണ്ട്… ഇതിനുള്ളത് ഞാൻ ഉണ്ടാക്കിക്കോളാം..”

“സാരമില്ല ഇച്ചായാ… കാര്യം നടക്കട്ടെ… എനിക്ക് ഇപ്പോൾ തരക്കേടില്ലാത്ത സാലറി  ഉണ്ട്..”

“അതെനിക്കും അറിയാം… പക്ഷേ ആ കാശ് നിന്റെ വീട്ടുകാർക്ക് അവകാശപ്പെട്ടതാണ്..”

“അവരുടെ കാര്യങ്ങൾ ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്… അതോർത്തു വിഷമിക്കണ്ട.. പിന്നെ ഇതിൽ എനിക്കും ഉത്തരവാദിത്തം ഉണ്ടല്ലോ.. നമുക്ക് വേണ്ടിയല്ലേ..?”

“എന്നാലും കൊച്ചേ….”  അലൻ  മടിച്ചു..

“ഒരെന്നാലും ഇല്ല.. വെള്ളിയാഴ്ച ഞാൻ പൈസ തരാം… “

അവൾ  വാച്ചിൽ നോക്കി..

“അയ്യോ നേരം വൈകി… വാ  പോകാം..”

“കുറച്ചു നേരം  കൂടി കഴിയട്ടെടീ…”

“വേണ്ട… മോൻ വാ…ഇനി പിന്നെ എപ്പോഴെങ്കിലും ഇങ്ങോട്ട് വരാം..”

അവൾ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

അലൻ മാത്യൂസ് എന്ന പത്തനംതിട്ടക്കാരൻ  മീനാക്ഷിയുടെ എല്ലാമെല്ലാം ആയിരുന്നു… അവനോടു പ്രണയം തോന്നാനുള്ള കാരണം എന്താണെന്ന് അവൾക്കും അറിയില്ലായിരുന്നു… ആകസ്മികമായി പരിചയപ്പെട്ടു… പഠിച്ചുകൊണ്ടിരുന്ന കാലത്ത് ബസ്സിൽ വച്ച്  ഒരാൾ അപമര്യാദയായി പെരുമാറി… കണ്ടക്ടർ ആയിരുന്ന  അലൻ  അയാളോട് വഴക്കിട്ടു.. ആ  വഴക്ക്  അടിയിൽ കലാശിച്ചു.. സാമാന്യം നല്ല രീതിയിൽ മർദ്ദനമേറ്റ അയാളും കൂട്ടുകാരും അടുത്ത ദിവസം അലനെ കൈയേറ്റം ചെയ്തു..  പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോൾ, അതും തനിക്ക് വേണ്ടി പ്രതികരിച്ചതിനാലാണെന്നറിഞ്ഞപ്പോൾ  അവൾക്കു കാണാൻ  തോന്നി… അന്ന് തുടങ്ങിയ സൗഹൃദം വളർന്നു,.. പെട്ടെന്ന് തന്നെ…പ്രണയം ആദ്യമായി  തുറന്നു പറഞ്ഞത് അലൻ ആയിരുന്നു..

“എനിക്ക് കൊച്ചിനെ ഇഷ്ടമാ,. ഒത്തിരി… അതിമോഹമാണെന്നറിയാം.. “

മാസങ്ങൾക്കു ശേഷം ഒരുനാൾ  അവൻ പറഞ്ഞു… അതേ ഇഷ്ടം തന്റെ മനസ്സിലും  ഉണ്ടെന്ന സത്യം അവൾ അടക്കി വച്ചു…

“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.. അതു കേട്ടിട്ട് ഉൾകൊള്ളാൻ പറ്റുമെങ്കിൽ മാത്രം സമ്മതിച്ചാൽ മതി.. ഇല്ലേൽ ഇതേ ഫ്രണ്ട്ഷിപ് തുടരാം..”

അവൾ  തലയാട്ടി..

“എന്റെ അപ്പനും അമ്മയുമൊക്കെ പണ്ടേ മരിച്ചു പോയി.. അപ്പാപ്പൻ ആണ് വളർത്തിയത്… പത്താം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ… പിന്നെ തോട്ടപണിക്ക് പോയി തുടങ്ങി.. കാലം കുറെ കഴിഞ്ഞപ്പോൾ അപ്പാപ്പനും നഷ്ടപ്പെട്ടു.. അതോടെ ഞാൻ ശരിക്കും തനിച്ചായി… ഒറ്റപ്പെട്ട ജീവിതം എന്നെ ഞാനല്ലാതെയാക്കി… കിട്ടുന്ന പൈസക്ക് മുഴുവൻ കള്ളു കുടിക്കാൻ തുടങ്ങി… സ്വയം നശിച്ചോണ്ടിരിക്കുന്നത് കണ്ടപ്പോൾ പള്ളീലച്ചൻ കുറെ ഉപദേശിച്ചു.. എന്നെ ഒന്ന് മാറ്റിയെടുക്കാൻ വേണ്ടി അദ്ദേഹം കണ്ട വഴി  പെണ്ണുകെട്ടിക്കുകയായിരുന്നു…”

മീനാക്ഷി  ഒന്ന് ഞെട്ടി… അവൾ അലന്റെ കണ്ണുകളിലേക്ക് നോക്കി,.

“ബീന എന്നാ അവളുടെ പേര്.. എന്റെ നാട്ടിൽ തന്നാ… അത്യാവശ്യം സ്വത്തും ബന്ധുബലവും ഒക്കെ ഉണ്ട്… അവരോട് അച്ചൻ സംസാരിച്ചു.. ആർക്കും എതിർപ്പില്ല.. അങ്ങനെ കെട്ട് നടന്നു… ഒരു വർഷം കഴിഞ്ഞപ്പോൾ  മോനും ജനിച്ചു..”

അവൾ സ്വപ്നത്തിലെന്ന പോലെ കേട്ടിരിക്കുകയാണ്..

“ആദ്യമൊക്കെ നല്ല രീതിയിൽ ആയിരുന്നു.. പിന്നെ പതിയെ ഓരോ പ്രശ്നങ്ങൾ തുടങ്ങി.. നിസ്സാര കാര്യങ്ങൾക്ക് അവൾ വഴക്കിടും.. ഞാനെന്തെങ്കിലും പറഞ്ഞു പോയാൽ  നേരെ അവളുടെ വീട്ടിലേക്ക് പോകും.. അവിടെ പോയി കരഞ്ഞു കാണിച്ചാൽ  കുടുംബക്കാരു മുഴുവൻ വന്ന് എന്നെ ചീത്ത വിളിക്കും… മനസമാധാനം എന്താണെന്ന് പോലും ഞാൻ മറന്നു പോയി.. പിന്നെ കുഞ്ഞിന് വേണ്ടി സഹിച്ചു.. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ… ഒരു ദിവസം അവളുടെ അപ്പൻ എന്നെ തല്ലി.. അതും നടുറോഡിൽ വച്ച്.. ദേഹം നൊന്തപ്പോൾ ഞാനും തിരിച്ചു തല്ലി… അങ്ങനെ അത് വലിയ പ്രശ്നമായി .. ഒടുവിൽ ഡിവോഴ്സ് കഴിഞ്ഞു… അവര് വീടും സ്ഥലവുമൊക്കെ വിറ്റ് കോട്ടയത്തേക്ക് പോയി…. എന്റെ കുഞ്ഞിനെ കാണാൻ പോലും വിടില്ല എന്ന വാശി…”

അലൻ  കണ്ണുനീർ തുടച്ച് അവളെ നോക്കി..

“ഇതാണ് എന്റെ ജീവിതം.. സന്തോഷം എന്താണെന്ന് അറിഞ്ഞത് നീ വന്നതിന് ശേഷമാ… ഇഷ്ടപ്പെട്ടു… ഒരുപാട്… നീ എന്നും കൂടെ വേണമെന്ന് ആശിക്കുന്നു.. എനിക്കതിനുള്ള യോഗ്യത ഒന്നുമില്ല.. എന്നാലും, എല്ലാം നഷ്ടപ്പെട്ടവനു മറ്റുള്ളവരെ പോലെ ജീവിക്കാനൊരു കൊതിയുണ്ടാവില്ലേ..?നന്നായി ആലോചിച്ചു പറഞ്ഞാൽ  മതി.. എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം. ഇനി നിനക്കു താല്പര്യം ഇല്ലെങ്കിലും പ്രശ്നമില്ല.. ഒരു നല്ല കൂട്ടുകാരി ആയിട്ട് എന്റെ കൂടെ ഉണ്ടായാൽ  മതി..”

മീനാക്ഷിക്ക് വാക്കുകളൊന്നും കിട്ടിയില്ല.. അവൾ  തിരിഞ്ഞു നടന്നു ..

പിന്നെ കുറച്ചു ദിവസം അവർ കണ്ടില്ല.. ഫോൺ വിളിച്ചുമില്ല.. ഒരാഴ്ച കഴിഞ്ഞ് അവൾ  കാണാൻ പോയി.. വേറൊന്നും സംസാരിക്കാതെ  അലൻ അവളെ  ചായ കുടിക്കാൻ ക്ഷണിച്ചു.. ബസ്റ്റാൻഡിനു അരികിലുള്ള ഹോട്ടലിൽ ഇരിക്കുമ്പോൾ സാധാരണ പോലെ തന്നെ അവൻ പെരുമാറി…

“പറഞ്ഞതൊക്കെ സത്യമാണോ?”

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ഭാവം മാറി,..

“അതെന്നാ കൊച്ചേ നീ അങ്ങനെ ചോദിച്ചേ? നിന്നോട് കള്ളം പറയാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ?വിശ്വാസമില്ലെങ്കിൽ വീട്ടിൽ അനുവാദം മേടിച്ചിട്ട് എന്റെ കൂടെ  നാട്ടിലേക്ക് വാ.. അന്വേഷിച്ചാൽ മനസ്സിലാകും… ആ  നാട്ടിൽ തുടർന്നാൽ സമനില തെറ്റുമെന്ന് പേടിച്ചാണ് ഇവിടെ വന്ന് ജോലി ചെയ്യുന്നത്..”

“വിശ്വാസക്കുറവൊന്നുമില്ല..എല്ലാം തുറന്നു പറഞ്ഞപ്പോൾ ബഹുമാനം തോന്നുന്നു.. പിന്നെ…”

“പിന്നെ?”. അവൻ  ആകാംക്ഷയോടെ ചോദിച്ചു..

“എന്തോ ഒരിഷ്ടം തോന്നുന്നുണ്ട്..”

“ഒന്നൂടെ പറഞ്ഞേ.. കേട്ടില്ല.?.”

“അയ്യട.. അതു വേണ്ട..”

“പ്ലീസ്… പറ  കൊച്ചേ…” അവൻ കെഞ്ചി..

“എനിക്കും ഇഷ്ടം തോന്നുന്നുണ്ട് എന്ന്..”

പറഞ്ഞു തീരും  മുൻപ് അലൻ  ചാടിയെണീറ്റ് ഉറക്കെ കൂവി.. ഹോട്ടലിലെ ആളുകളൊക്കെ അമ്പരന്നു.. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ അവനൊന്നു ചുറ്റും നോക്കി.. എല്ലാ കണ്ണുകളും അവരിലാണ്..

“സോറി ചേട്ടന്മാരെ…” ചമ്മലോടെ പറഞ്ഞുകൊണ്ട് അവൻ ഇരുന്നു..

“നാണക്കേടായി അല്ലേ? ഒരു നിമിഷം ഞാൻ എല്ലാം മറന്നുപോയി,. അത്രക്ക് സന്തോഷം തോന്നി..”

“ഇവിടുന്നു പോകാം. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്…”

അവർ പുറത്തിറങ്ങി… ചേർന്നു നടക്കുമ്പോൾ അവന്റെ  മുഖത്ത് ലോകം കീഴടക്കിയ ഭാവമാണെന്ന് അവളറിഞ്ഞു..

“കൊച്ചേ… ഞാനൊന്ന് പറഞ്ഞോട്ടെ.. ചെയ്യാമോ?”

പിന്നീട് ഒരിക്കൽ അവൻ ചോദിച്ചു.. അതായിരുന്നു അവന്റെ സ്വഭാവം.. ആദ്യം അവളോട് അനുവാദം ചോദിക്കും,.. അത് സംസാരിക്കാൻ ആണെങ്കിലും, പ്രവർത്തിക്കാനാണെങ്കിലും…

“പറയൂ.”

“എന്നെ ഇച്ചായാ  എന്ന് വിളിക്കുമോ?.”

“അതെന്തിനാ?”

“ആ  വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു പണ്ട്…. കെട്ടിയ പെണ്ണ് പേരാ വിളിച്ചോണ്ടിരുന്നേ… ഇപ്പോൾ നീ അങ്ങനെ വിളിച്ചു കേൾക്കാൻ തോന്നുന്നു..”

അവന്റെ ശബ്ദം ഇടറി… മീനാക്ഷി ആ കൈയിൽ പിടിച്ചമർത്തി..

“ഇനി കഴിഞ്ഞതൊന്നും ഓർക്കണ്ട.. ഇച്ചായന്  ഞാനുണ്ട്.. എന്നും…”

അന്ന് തൊട്ട് അവൾ അങ്ങനെയേ വിളിച്ചിട്ടുള്ളൂ… പിന്നെ ആ ബന്ധം ദൃഡമായി…  എന്നും കാണാൻ വേണ്ടിയാണ്  അവളുടെ നാട്ടിലേക്ക് പോകുന്ന ബസിൽ അലൻ കണ്ടക്ടർ ആയത്… ആൾക്കൂട്ടത്തിൽ വച്ച് ഒന്നും സംസാരിക്കില്ല.. സമയം കിട്ടുമ്പോൾ ഫോൺ വിളിക്കും.. വല്ലപ്പോഴും എവിടെയെങ്കിലും കുറച്ചു നേരം ഒന്നിച്ചു ചിലവഴിക്കും… ജിൻസിക്ക് മാത്രമായിരുന്നു ആ ബന്ധത്തെ കുറിച്ച് അറിയുന്നത്…

സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലെത്തിയ ബന്ധം വർഷങ്ങൾ പിന്നിട്ട സമയത്താണ്  അത് സംഭവിച്ചത്… ഒരു ദിവസം രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ജിൻസി വിളിച്ചു..

“മീനൂ,. നീ  വീട്ടിൽ നിന്നിറങ്ങിയോ?”

“ഇറങ്ങി… ഞാൻ ബസ്സിലാ… ടൗണിൽ എത്താറായി… എന്താ ചേച്ചീ?”

“ഞാൻ സ്റ്റാന്റിലുണ്ട്.. നേരിട്ടു പറയാം..”

അവളുടെ ശബ്ദത്തിൽ പതിവില്ലാത്ത ഗൗരവം കലർന്നിട്ടുണ്ടെന്ന് മീനാക്ഷിക്ക് മനസ്സിലായി… ബസ്റ്റാന്റിലെത്തിയപ്പോൾ  ജിൻസി അവിടെ നിൽപുണ്ടായിരുന്നു..

“എന്താ ചേച്ചീ… എന്തു പറ്റി..?”

ജിൻസി ഒന്നും മിണ്ടാതെ  അതുവഴി വന്ന ഓട്ടോ കൈകാട്ടി നിർത്തി..

“വാ  കേറെടീ..”

“എങ്ങോട്ടാ? ഓഫിസിൽ പോണ്ടേ?”

“ഞാൻ ബാബുസാറിനെ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട്.. നീ കേറ്..”

കാര്യമറിയില്ലെങ്കിലും മീനാക്ഷി ഓട്ടോയിൽ കയറി… ഡ്രൈവറോട് ബീച്ചിലേക്ക് പോകാൻ പറഞ്ഞ ശേഷം  ജിൻസി പുറത്തേക്ക് കണ്ണും നട്ടിരുന്നു…അവളുടെ മൗനം മീനാക്ഷിയെ ഭയപ്പെടുത്തി…

“ഇവിടെ വന്നു തിരയെണ്ണാനാണോ  ചേച്ചി എന്നേം കൊണ്ടു വന്നത്..?”

ക്ഷമ നശിച്ചപ്പോൾ  മീനാക്ഷി ദേഷ്യപ്പെട്ടു.. കടലിൽ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറോളമായി.

“മീനൂ…. എങ്ങനെ പറയുമെന്ന് എനിക്കറിയില്ലെടീ…”

“എന്താ പ്രശ്നം… ചേച്ചി പറ…”

“അത്…. ഇന്നലെ  ഇവിടുത്തെ പള്ളീൽ പോയപ്പോൾ അലനെ കണ്ടിരുന്നു..”

“അതെയോ? ഇച്ചായൻ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകാറുണ്ട്.. പക്ഷേ ചേച്ചിയെ കണ്ടതൊന്നും  രാത്രി വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ..?”

“അവൻ എന്നെ കണ്ടില്ല.. എന്റെയൊരു ഫ്രണ്ടിന്റെ കൂടെ പോയതാ  ഞാൻ… അവളുടെ  കസിൻ സിസ്റ്ററും ഉണ്ടായിരുന്നു.. ആ കുട്ടിയെ കെട്ടിച്ചു വിട്ടത് പത്തനംതിട്ടയിലാ… കൃത്യമായി പറഞ്ഞാൽ അലന്റെ നാട്ടിൽ… അവന്റെ വീടിനു അടുത്ത്..”

ജിൻസി വേദനയോടെ  അവളെയൊന്ന് നോക്കി…

“അവൻ നിന്നെ ചതിച്ചതാ  മോളേ…. “

“ചേച്ചി എന്താ ഈ പറയുന്നേ?”

“അവന്റെ ഡിവോഴ്സ് കഴിഞ്ഞിട്ടൊന്നുമില്ല.. ഭാര്യയും  മോനും അവന്റെ വീട്ടിൽ തന്നെയാ ഇപ്പഴും…”

“ദൈവദോഷം പറയല്ലേ  ചേച്ചീ… ആ പെണ്ണിന് ആള് മാറിയതായിരിക്കും… ഇച്ചായൻ എന്നോട് കള്ളം പറയില്ല.. അതിനു കഴിയില്ല..”

കരച്ചിൽ  വാക്കുകളെ മുറിച്ചു…. ജിൻസി ഒന്നും മിണ്ടാതെ ഫോണെടുത്തു ഗാലറി തുറന്ന് അവൾക്കു നേരെ നീട്ടി..ഒരു ഫോട്ടോ. ഏതോ  ദമ്പതികളുടെ ഇരു വശവുമായി നിൽക്കുന്ന അലനും  ഒരു സ്ത്രീയും… അലന്റെ തൊട്ടു മുന്നിൽ ഒരാൺകുട്ടി.

“രണ്ടു മാസം മുൻപ് നടന്ന ഒരു വിവാഹത്തിന് എടുത്ത ഫോട്ടോയാ ഇത്.. ഞാൻ നേരത്തെ പറഞ്ഞ പെൺകുട്ടിയുടെ ഭർത്താവിന്റെ അനിയന്റെ വിവാഹം…”

ജിൻസിയുടെ ശബ്ദം വളരെ ദൂരത്തു നിന്നും കേൾക്കുന്നത് പോലെ മീനാക്ഷിക്ക് തോന്നി.. ശരിയാണ്… ആ  സമയത്ത് അലൻ  നാട്ടിൽ പോയിരുന്നു… വീടും സ്ഥലവും  നോക്കാൻ ഏതോ പാർട്ടി വരുന്നുണ്ടെന്നും അവർക്ക് നേരിട്ടു സംസാരിക്കണമെന്നും ആയിരുന്നു കാരണം പറഞ്ഞത്… ഒരാഴ്ച്ച കഴിഞ്ഞു  തിരിച്ചു വരാൻ…. കണ്ണിൽ ഇരുട്ട് കയറിയപ്പോൾ  അവൾ നിലത്തേക്ക് ഇരുന്നു.. ഒരു ദുസ്വപ്നത്തിലാണ് താനെന്നും , ഉണരുമ്പോൾ എല്ലാം പഴയതു പോലെ ഉണ്ടാകുമെന്നുമവൾ പ്രത്യാശിച്ചു..

“മീനൂ… തളരരുത്….”

ജിൻസി അവളുടെ അടുത്തിരുന്ന് ചേർത്തു പിടിച്ചു…

“എനിക്ക്….. എനിക്ക് ഇച്ചായനോട് സംസാരിക്കണം  ചേച്ചീ… “

“തീർച്ചയായും വേണം… നീ അവനെ  വിളിക്ക്…”

മീനാക്ഷി ഫോണെടുത്ത്  അലന്റെ നമ്പർ ഡയൽ  ചെയ്തു…

“ഇതെന്നാ കൊച്ചേ ഈ നേരത്ത്?.. വർക്ക്‌ ഇല്ലേ?”

“ഇച്ചായൻ എവിടെയാ?”

“റൂമിൽ.. ഇന്ന് ബസിൽ പോയില്ല..വൈകിട്ട് നീ ഓഫീസിൽ നിന്നിറങ്ങുമ്പോ അങ്ങോട്ട് വരാന്നു വച്ചു..”

“ഞാനിവിടെ ബീച്ചിലുണ്ട്… ഇച്ചായൻ ഇങ്ങോട്ട് വാ.. പെട്ടെന്ന്..”

“എന്തു പറ്റിയെടീ?”

അവൾ മറുപടി നൽകാതെ  ഫോൺ വച്ചു.. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ അലൻ അവിടെത്തി.. അവനെ കണ്ടപ്പോൾ ജിൻസി അവിടുന്നു കുറച്ച് ദൂരത്തേക്ക് മാറിയിരുന്നു…

“എന്താ..? നിനക്ക് സുഖമില്ലേ?” അവളുടെ  കലങ്ങിയ കണ്ണുകളും  ചുവന്ന മുഖവും കണ്ടപ്പോൾ അവൻ പരിഭ്രമത്തോടെ ചോദിച്ചു..

“എന്തിനാ എന്നോട് കള്ളം പറഞ്ഞത്?”

“കള്ളമോ? നീയെന്തൊക്കെയാടീ ഈ പറയുന്നേ? മനസിലായില്ല..”

“ഇച്ചായന്റെ ഡിവോഴ്സ് കഴിഞ്ഞെന്നു എന്തിനാ കള്ളം പറഞ്ഞതെന്ന്…?”

മീനാക്ഷിയുടെ സ്വരം കനത്തു..അലന്റെ മുഖം വിളറി  വെളുത്തു…

“ഉത്തരമില്ലേ?. എന്നാൽ കുറച്ചൂടെ  എളുപ്പമുള്ള ചോദ്യം ചോദിക്കാം..ഭാര്യയും കുഞ്ഞും വീട്ടിൽ ഉണ്ടായിട്ടും അവരെ പറ്റി ഇത്രയും വലിയ നുണ  എന്നോട് പറയാൻ  കാരണമെന്താ?”

തൊണ്ടയിൽ പൊട്ടിയ കരച്ചിലടക്കാൻ അവൾ പാടുപെട്ടു…അലൻ തലകുനിച്ചു നില്കുകയാണ്…

“ഒന്ന് പറ ഇച്ചായാ… ഈ നിമിഷം വരെ ഞാനൊന്നും പൂർണമായി  വിശ്വസിച്ചിട്ടില്ല.. നിങ്ങളും കുടുംബവും  ഒന്നിച്ചുള്ള ഫോട്ടോ കണ്ടിട്ട് പോലും… “

“സത്യമാണ്… ഞാൻ കള്ളം പറഞ്ഞു..” 

അലൻ ശബ്ദിച്ചു…

“നീ കേട്ടതൊക്കെ സത്യമാണ്.. അവരിപ്പോഴും എന്റെ വീട്ടിലാ…”

“എന്തിനാ എന്നോട് മറച്ചു വച്ചത്…?”

“നിന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ.. അത്രയ്ക്ക് സ്നേഹിച്ച് പോയി..”

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“ആറു വർഷമായി  എന്നെ ചതിക്കുകയായിരുന്നു അല്ലേ? ഞാനെന്തു തെറ്റാ  ഇച്ചായനോട് ചെയ്തത്? എന്റെ ജീവിതത്തിലെ എന്തെങ്കിലും ഒരു കാര്യം ഞാൻ മറച്ചു വച്ചിട്ടുണ്ടോ? ഇച്ചായന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ? ഇന്ന് വരെ  മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടോ? എന്നിട്ടും..”

“അത് തന്നെയാ  കാരണം.. നിന്നെപ്പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല… നിന്നോട് പറഞ്ഞതിൽ  ഇതൊന്നു മാത്രമായിരുന്നു കള്ളം.. എന്നും വഴക്ക്, പരിഹാസം, അവഗണന,.. ഇതൊക്കെയാ എന്റെ ദാമ്പത്യം… അവളുടെ അപ്പനുമായി പ്രശ്നം ഉണ്ടായതും സത്യമാ.. അതിന് ശേഷം അവൾ കുഞ്ഞിനേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി…അപ്പോഴാ  ഞാൻ ഇവിടേക്ക് വന്നത്… കുറെ കാലത്തിനു ശേഷം എല്ലാവരും ചേർന്ന് സംസാരിച്ച് ഒത്തു തീർപ്പാക്കി അവളെ വീട്ടിൽ കൊണ്ടുവന്നു വിട്ടു.. പക്ഷേ അതിനു മുമ്പ് തന്നെ  ഞാനും  നീയും  ഇഷ്ടത്തിലായിരുന്നു.. എങ്ങനെയെങ്കിലും ഡിവോഴ്സ് വാങ്ങിച്ച്  നിന്നോട് എല്ലാം തുറന്ന് പറയാമെന്നു കരുതിയതാ… പറ്റിയില്ല…ആ വീടും പറമ്പും അവളുടെയും കൂടി പേരിലാണ്.. അത് വിറ്റ് പാതി കാശ് തരാം ഒഴിഞ്ഞു പോകുമോ എന്ന് ചോദിച്ചു നോക്കി.. സമ്മതിക്കുന്നില്ല… കുറച്ചു നാൾ കൂടി കഴിഞ്ഞ് എന്തേലും പ്രശ്നം ഉണ്ടാക്കി വിവാഹമോചനം നേടാമെന്നാ ഞാൻ വിചാരിച്ചത്..”

“അവർ സമ്മതിച്ചില്ലെങ്കിലോ? അവിടെ ഒരു ഭാര്യ… ഇവിടെ ഞാനും… അല്ലേ?”

“ഒരിക്കലുമല്ല കൊച്ചേ.. നിന്നെ സ്നേഹിക്കും പോലെ വേറാരെയും ഞാൻ സ്നേഹിച്ചിട്ടില്ല…”

“സ്നേഹം… നിങ്ങൾക്ക് ആ വാക്കിന്റെ അർത്ഥം അറിയാമോ? എന്നും രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും, കൃഷ്ണാ, എന്റെ ഇച്ചായന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണേ എന്നാ  അപേക്ഷിച്ചിരുന്നത് . എനിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാറില്ല.. ഓരോ നിമിഷവും നിങ്ങളെപ്പറ്റി മാത്രം ചിന്തിച്ചു കൊണ്ടിരുന്ന എന്നോട് ഇത് ചെയ്യാൻ നിങ്ങൾക്കങ്ങനെ തോന്നി?”

മീനാക്ഷിയുടെ കണ്ണുനീർ  ഒഴുകിയിറങ്ങുന്നത് കണ്ടപ്പോൾ അലൻ കൈ നീട്ടി അവളുടെ ചുമലിൽ പിടിച്ചു..

“വിശ്വസിക്കെടീ…. നീയില്ലാതെ എനിക്ക് പറ്റില്ല… ചെയ്തത് തെറ്റാണ്.. അതിനു മാപ്പ്.. കുറച്ചു സമയം കൂടി താ… എല്ലാം അവസാനിപ്പിച്ചിട്ട് ഞാൻ നിന്റെ കൂടെ വരാം…”

അവൾ അവന്റെ കൈ തട്ടി മാറ്റി..

“എന്താവസാനിപ്പിക്കാമെന്ന്?… ഭാര്യയെയും കുഞ്ഞിനേയും കൊല്ലാമെന്നാണോ ഉദ്ദേശിക്കുന്നത്? നിങ്ങൾ അതിനും മടിക്കില്ല.. മതി… ഇതോടെ നിർത്താം…”

“നിനക്കതിനു കഴിയുമോ? ഞാനില്ലാതെ?”

“കഴിയണം… ഇനി നിങ്ങളെ സ്വീകരിച്ചാലും  ജീവിതകാലം മുഴുവൻ ഈ  ചതി  എന്നെ അലട്ടും… അത് വേണ്ട… കൂടാതെ നിങ്ങളുടെ ഭാര്യയുടെയും കുഞ്ഞിന്റെയും ശാപം വാങ്ങിയിട്ടൊരിക്കലും എനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റില്ല..”

അവൾ  ഷാൾ കൊണ്ട് കണ്ണുനീർ തുടച്ചു..

“അവസാനമായി ഒരിക്കൽ കൂടി  വിളിക്കുകയാ… ഇച്ചായാ..നിങ്ങളെന്റെ പ്രാണനായിരുന്നു..നിങ്ങളെ മറക്കാനോ  നിങ്ങളുടെ സ്ഥാനത്തു വേറൊരാളെ കാണാനോ  എനിക്ക് പറ്റിയെന്നു വരില്ല.. പക്ഷേ ഞാനതിന് ശ്രമിക്കും… എന്റെ കൂടെ  ഈശ്വരനുണ്ട്…. എന്റെ അച്ഛനും അമ്മയുമുണ്ട്…ഇനിയൊരിക്കലും എന്റെ മുന്നിൽ വരരുത്… സംസാരിക്കാൻ ശ്രമിക്കരുത്… ഇച്ചായനും കുടുംബത്തിനും നല്ലത് വരട്ടെ…”

അവൾ  ജിൻസി നില്കുന്നിടത്തേക്ക് നടന്നു… കാലുകൾക്ക് വല്ലാത്ത ഭാരം അവൾക്കു അനുഭവപ്പെട്ടു..

“ചേച്ചീ  ആരുമില്ലാത്ത എവിടെങ്കിലും കുറച്ച് ഇരിക്കണം…”

അബോധാവസ്ഥയില്ലെന്നപോലെ അവൾ മന്ത്രിച്ചു.. ബീച്ചിന്റെ ഒരു സൈഡിലെ കരിങ്കൽക്കെട്ടിൽ ജിൻസി അവളെ പിടിച്ചിരുത്തി…കൈകളാൽ  മുഖം പൊത്തിപ്പിടിച്ച് അവൾ  ഉറക്കെ കരഞ്ഞു… തിരമാലകളുടെ അലർച്ചയിൽ ആ ശബ്ദം അലിഞ്ഞു ചേർന്നു…

പിന്നീട് അങ്ങോട്ട് മീനാക്ഷിയുടെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ദിനങ്ങളായിരുന്നു.. മനസിലെ വേദന മുഖത്ത് പ്രതിഫലിച്ചാൽ വീട്ടുകാർക്ക് മനസ്സിലാവുമെന്ന പേടി ഒരു വശത്ത്.. രാത്രി കിടന്നാൽ അലന്റെ ഓർമ്മകൾ കടന്നു വരുന്നതിലുള്ള അസ്വസ്ഥതകൾ  മറുവശത്ത്… ജോലിയിൽ ശ്രദ്ധ നഷ്ടപ്പെട്ടു.. മാനസിക സംഘർഷവും ഉറക്കമില്ലായ്മയും ഭ്രാന്തിന്റെ വക്കിലെത്തിച്ചപ്പോൾ ജിൻസി അവളെയും കൂട്ടി സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോയി..

മാസങ്ങൾ  വേണ്ടി വന്നു കുറച്ചൊന്നു നോർമൽ ആകാൻ.. പല ദിവസങ്ങളിലും ജിൻസിയെ കെട്ടിപ്പിടിച്ചു അവൾ കരയും… മതിയാവോളം… അലൻ  തിരിച്ചു പത്തനംതിട്ടയിലേക്ക് പോയെന്ന് ജിൻസി അറിഞ്ഞു..പക്ഷെ മീനാക്ഷിയോട് ഒന്നും പറഞ്ഞില്ല. അവൾ ചോദിച്ചുമില്ല..

എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും അവളുടെ മാറ്റം   വീട്ടുകാർക്ക് മനസിലായി..

“അച്ഛാ… എനിക്ക് ഒരാളോട് ഇഷ്ടമുണ്ടായിരുന്നു… പക്ഷേ ഞങ്ങൾ പിരിഞ്ഞു.. എനിക്ക് അതിൽ നിന്ന് പുറത്തു വരാൻ സമയം  വേണം… കൂടുതലൊന്നും  ചോദിക്കരുത്.. “

ഏറെ നിർബന്ധിച്ചപ്പോൾ അത്രമാത്രം മീനാക്ഷി ഹരിദാസിനോട് പറഞ്ഞു.. അതിനു ശേഷം ആരും അവളോട് അതിനെ കുറിച്ച് സംസാരിച്ചില്ല…

മറവിയുടെ കയത്തിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുംതോറും അലന്റെ ഓർമ്മകൾ  വാശിയോടെ പൊങ്ങി വരുന്നത് അവളറിഞ്ഞു… ആ  മുഖം… ആ  ചിരി.. ആ  സംസാരം… കൊച്ചേ എന്നുള്ള വിളി…. ഒന്നും മറക്കാൻ കഴിയുന്നില്ല… പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക എന്നത് തന്റെ കടമയാണെന്ന് മനസിലാക്കിയപ്പോൾ അവൾ അഭിനയിക്കാൻ തുടങ്ങി…. പുഞ്ചിരിക്കു പിന്നിലെ കരച്ചിൽ  ജിൻസി മാത്രമേ കണ്ടുള്ളൂ….

ദൂരെ ഏതോ അമ്പലത്തിലെ പാട്ട് കേട്ടപ്പോൾ മീനാക്ഷി ചിന്തകളിൽ നിന്നുണർന്നു.. മണി അഞ്ച് ആകുന്നു,. ഇത്രയും നേരം ജനാലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നില്കുകയായിരുന്നു… അടുത്ത മുറിയിൽ അമ്മയുടെയും അച്ഛന്റെയും സംസാരം കേട്ടു… അമ്മ എന്നും ഈ നേരത്ത് എഴുന്നേൽക്കും… അവൾ അങ്ങോട്ട് നടന്നു.. ഭാനുമതി പുറത്തിറങ്ങുകയായിരുന്നു…

“നീയെന്തിനാടീ ഇത്ര നേരത്തെ എണീറ്റത്? ഇന്ന് ഓഫിസിൽ പോകണ്ട എന്നല്ലേ പറഞ്ഞേ…?”

“വേണ്ട.. ഇന്ന് ലീവാ .. പക്ഷേ ഉറക്കം പോയി.. എന്നും ഈ സമയത്തു എഴുന്നേൽക്കുന്നത് കൊണ്ടാവും..”

അവൾ അവരുടെ മുറിയിലേക്ക് കയറി.. ഹരിദാസ് ഒരു കൈ കൊണ്ട് കണ്ണുകൾ മറച്ച് മലർന്ന് കിടക്കുകയാണ്… അവൾ പതിയെ കട്ടിലിൽ കയറി.. ശബ്ദമുണ്ടാക്കാതെ  അയാളോട് ചേർന്നു കിടന്നു…

“എന്താ പറ്റിയത് എന്റെ മോൾക്ക്?” ഹരിദാസിന്റെ ചോദ്യം…

“ഉറക്കം വരുന്നില്ല…”

അയാൾ അവളെ മെല്ലെ ദേഹത്തോട് അടുപ്പിച്ചു.. അവളുടെ  ശിരസ് തന്റെ  നെഞ്ചിൽ എടുത്ത് വച്ചു…

“മനസ്സിൽ ഒരുപാട് സങ്കടം ഒളിപ്പിച്ചിട്ടാ നീ ഞങ്ങളെ ചിരിപ്പിക്കുന്നത് എന്നറിയാം… പക്ഷേ ഒന്നും ചോദിക്കരുത് എന്ന് നീ പറഞ്ഞത് കൊണ്ട് മാത്രം ഞങ്ങൾ മിണ്ടാതിരിക്കുകയാ…എന്നെങ്കിലും എല്ലാം നീ തുറന്നു പറയുമെന്ന് പ്രതീക്ഷിക്കുന്നു..”

അയാൾ അവളുടെ  പുറത്ത് തലോടി..

“എനിക്കും നിന്റെ അമ്മയ്ക്കും നീ മാത്രമേ ഉള്ളൂ… നിന്റെ മുഖം വാടുമ്പോ ഞങ്ങളുടെ ചങ്കു പിടയുന്നുണ്ട്…ഇന്ന് വരെ നിന്നെ ഒരു കാര്യത്തിലും ഞങ്ങൾ നിർബന്ധിച്ചിട്ടില്ല.. പക്ഷേ ഓർമകളിൽ ജീവിച്ച് എന്തിനാ സ്വയം നശിക്കുന്നത്?”

അവൾ അയാളുടെ നെഞ്ചിൽ മുഖമമർത്തി ശബ്ദമില്ലാതെ കരഞ്ഞു..

“സാരമില്ല… എല്ലാം ശരിയാകും…”

“അതേ.. അച്ഛാ… എല്ലാം ശരിയാകും… ഇനി അയാളെ ഓർത്തു ഞാൻ കരയില്ല.. എനിക്ക് നിങ്ങൾ ഉണ്ടല്ലോ.. അതു മാത്രം മതി..”

ഹരിദാസ് അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി… അച്ഛന്റെ ചൂട് പറ്റി അവൾ  വർഷങ്ങൾക് ശേഷം സമാധാനമായി  ഉറങ്ങി… ഒരു കൈക്കുഞ്ഞിനെ പോലെ…

***********

“ആ വീട്ടിൽ ആരാ താമസം?”

അഭിമന്യു സീതാലക്ഷ്മിയോട് ചോദിച്ചു,..

“എന്റെ ഏട്ടൻ..”  അവർ പറഞ്ഞു… കാർ തറവാട്ടിലേക്ക് പോവുകയാണ്.. അമ്മയെ ഒരിടത്തു കൊണ്ടു വിടണമെന്ന് യദു കൃഷ്ണൻ  അവനോട് പറഞ്ഞിരുന്നു.. ശിവാനിയെ ഓഫിസിൽ ആക്കി അഭിമന്യു സീതാലയത്തിലേക്ക് എത്തിയപ്പോഴേക്കും  അവർ തയ്യാറായി പുറത്തു നിൽപുണ്ടായിരുന്നു..

“സാറിന്റമ്മയ്ക്ക് ഏട്ടൻ മാത്രമേ ഉള്ളോ?”

“അതെ… അച്ഛനും അമ്മയുമെല്ലാം മരിച്ചിട്ട് വര്ഷങ്ങളായി..ഏട്ടൻ തറവാട്ടിൽ തനിച്ചാ.. ഇപ്പൊ തീരെ  വയ്യ.. ഞാനും ശിവയും ഇടയ്ക്കിടെ അവിടെ പോയി നിൽക്കും.. ഒരു സഹായത്തിന്…”

“എന്നാൽ പിന്നെ സ്ഥിരമായി  ആരെയെങ്കിലും നിർത്തിക്കൂടെ? ഹോം നേഴ്സ് പോലെ?.അങ്ങനെ ആരെയെങ്കിലും വേണേൽ സാറിന്റമ്മ എന്നോട് പറഞ്ഞാൽ മതി . എന്റെ കൂട്ടുകാരന്  ഹോം നഴ്സുകളെ അറേഞ്ച് ചെയ്തു കൊടുക്കുന്ന ജോലിയാ..”

“അതൊന്നും ഏട്ടന് ഇഷ്ടപ്പെടില്ല..”

“ചിലരങ്ങനെയാ  സാറിന്റമ്മേ… ഒറ്റയ്ക്കുള്ള ജീവിതത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞാൽ  വേറൊരാളുടെ സാമീപ്യം അവരെ വീർപ്പുമുട്ടിക്കും..”

“അഭീ… നീ  സാറിന്റമ്മ എന്ന് എന്നെ കളിയാക്കി വിളിക്കുന്നതാണോ..?”

“അയ്യോ അല്ല… എന്താ അങ്ങനെ ചോദിച്ചത്?”

“അത് കേൾക്കുമ്പോ എന്തോ പോലെ…”

“ഞാൻ വേറെന്താ  വിളിക്കുക..? മാഡം എന്ന് വിളിക്കാൻ മനസ്സ് വരുന്നില്ല…”

“അമ്മേ എന്ന് വിളിച്ചോ..”

അഭിമന്യുവിന്റെ കാൽ  അറിയാതെ ബ്രേക്കിലമർന്നു.. വണ്ടി നിർത്തി അവൻ പുറകോട്ടു തിരിഞ്ഞു…

“എന്താ പറഞ്ഞത്?”

“അമ്മേ എന്ന് വിളിച്ചോന്ന്.. ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട… “

“അതൊന്നുമല്ല… എനിക്ക് ആരെയും അങ്ങനെ വിളിച്ചു ശീലമില്ല.”

“അഭിയുടെ അമ്മയെ പിന്നെന്താ വിളിച്ചോണ്ടിരുന്നേ?”

“ഒരിക്കലെങ്കിലും കണ്ടാലല്ലേ  വിളിക്കൂ.. അങ്ങനൊരാളുടെ മുഖം ഓർമയിലില്ല.. അമ്മയുടെ മാത്രമല്ല  ആരുടേയും.. എവിടൊക്കെയോ, എങ്ങനൊക്കെയോ വളർന്നു, ഇത്രവരെ ആയി..”

സീതാലക്ഷ്മി  സങ്കടത്തോടെ മുന്നോട്ടാഞ്ഞ് അവന്റെ കവിളിൽ തഴുകി..

“ഇനി ഞങ്ങളൊക്കെ ഉണ്ട്.. അമ്മ എന്ന് തന്നെ വിളിച്ചാൽ മതി..”

അഭിമന്യുവിന്റെ തുളുമ്പുന്ന കണ്ണുകൾ അവർ  തുടച്ചു..

“എന്തിനാ കരയുന്നേ…?”

“സന്തോഷം കൊണ്ടാ… ദയവ് ചെയ്ത് ഞാൻ കരഞ്ഞത് ശിവാനി മാഡത്തോട് പറഞ്ഞേക്കല്ലേ… എനിക്കിട്ട് താങ്ങാൻ ഒരു കാരണം നോക്കിയിരിക്കുവാ..”

“ഇല്ല പറയില്ല… പോരേ?”

അവൻ ചിരിച്ചു കൊണ്ട് കാർ മുന്നോട്ടെടുത്തു… അവർക്ക് പിന്നിൽ കുറച്ച് അകലത്തിൽ  ഒരു ലോറി വരുന്നുണ്ടായിരുന്നു..അതിലൊരാൾ ഫോണെടുത്തു സംസാരിച്ചു..

“സാറേ.. മോളെ കിട്ടിയില്ല… തള്ളയും ഡ്രൈവറും തൊട്ട് മുന്നിലുണ്ട്…എന്ത് വേണം?”

അപ്പുറത്ത് സണ്ണി ഒരു നിമിഷം ആലോചിച്ചു..

“പെട്ടെന്ന് പറ  സാറേ.. രണ്ടു കിലോമീറ്റർ കൂടി കഴിഞ്ഞാൽ  ടൗൺ ഏരിയ ആണ്.. റോഡിൽ തിരക്കുണ്ടാകും.. “

“എന്നാൽ തീർത്തേക്ക്…” സണ്ണി അനുവാദം കൊടുത്തു..

അയാൾ ഫോൺ കട്ട് ചെയ്ത് ഡ്രൈവിംഗ് സീറ്റിലിരുന്ന ആളെ  നോക്കി.

“ഷാജൂ.. ആ  ട്രാൻസ്‌ഫോർമർ കഴിഞ്ഞയുടൻ പൊക്കിക്കോ.. ഒറ്റയിടിക്ക് കാർ  കൊക്കയിൽ കിടക്കണം..”

ഡ്രൈവർ തലയാട്ടിക്കൊണ്ട് ഗിയർ ചേഞ്ച്‌ ചെയ്തു… ലോറിയുടെ വേഗം വർദ്ധിച്ചു… കൊലവിളി പോലെ മുരണ്ടു കൊണ്ട് അത് ഫോർച്യൂണറിന്റെ പിന്നിലേക്ക് പാഞ്ഞു ചെന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!