Skip to content

സൗപ്തികപർവ്വം – 26

സൗപ്തികപർവ്വം

കൂട്ടിലടച്ച വെരുകിനെ പോലെ ദേവരാജൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ… പണ്ട് ഇത്തരം സന്ദർഭങ്ങൾ നിസ്സാരമായി തരണം ചെയ്തിരുന്നത് സത്യപാലന്റെ സഹായം കൊണ്ടാണ്… ഇന്ന് അവൻ കൂടെയില്ല… വിളിച്ചിട്ട് കിട്ടുന്നുമില്ല.. ജോസിന്റെ നമ്പറും  സ്വിച്ച് ഓഫ്‌  ആണ്…

അലമാരിയിൽ നിന്ന് മദ്യക്കുപ്പി എടുത്ത് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് അയാൾ  കസേരയിൽ ഇരുന്നു..

ഇപ്പോൾ പതനം  ഏകദേശം പൂർത്തിയായി.. സീതാ ഗ്രൂപ്പ് അവസാനിച്ചു കഴിഞ്ഞു… മറ്റ് സമ്പാദ്യങ്ങളും ഏറെ കുറേ പോയി.. അവശേഷിക്കുന്നത്  സീതാലയവും  കുറച്ചു ഭൂസ്വത്തും മാത്രം … എല്ലാത്തിലും ഉപരിയായി  ദേവരാജനെ തളർത്തിയത്  സീതലക്ഷ്മിയും മക്കളും  ഉപേക്ഷിച്ചു പോയതായിരുന്നു.. അത് അയാൾ  തീരെ പ്രതീക്ഷിച്ചിരുന്നില്ല.. എന്നിട്ടും യദു  തന്നെ രക്ഷിക്കാൻ വേണ്ടി ശ്രമിച്ചു എന്ന് കമ്മീഷണർ പറഞ്ഞപ്പോൾ  അയാൾ ജീവിതത്തിലാദ്യമായി കരഞ്ഞു പോയി..

ഫോൺ എടുത്ത് സീതലക്ഷ്മിയെ  വിളിച്ചു.. ഏറെ നേരം  ബെൽ അടിച്ച ശേഷമാണ് എടുത്തത്..

“സീതേ …” അയാൾ വിളിച്ചു..

“അവൾ  ഉറങ്ങുകയാ.. എന്ത് വേണം..?” പരുഷമായ ശബ്ദത്തിന്റെ ഉടമ  സീതാലക്ഷ്മിയുടെ  ഏട്ടൻ നാരായണന്റെ ആണെന്ന് അയാൾക്ക് മനസിലായി..

“ഞാൻ വെറുതേ വിളിച്ചതാ..”

“ദേവരാജാ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അവൾക്കു തീരെ  വയ്യ. മനസും ശരീരവും ഒരുപോലെ തളർന്നു പോയി.. പോലീസുകാരും  ചാനലുകാരുമൊക്കെ  ഇവിടെയും വന്നു ശല്യം  ചെയ്യുകയാ.. എനിക്ക് ആകെ ഒരു അനിയത്തി മാത്രമേ ഉള്ളൂ.. അവൾക്കു ഒന്നും സംഭവിക്കാതിരിക്കാൻ  ഞാനും കുട്ടികളും കൂടെ തന്നെ ഇരുന്ന് പരമാവധി ശ്രദ്ധിക്കുന്നുണ്ട്… നീയായിട്ട് ഇങ്ങോട്ട് വിളിച്ച് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്.. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.. കാരണം പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നികൃഷ്ടനാണ്  നീ..സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും  വിലയറിയാത്തവൻ.. നിന്നെ കൊണ്ട് അവൾക്കും കുഞ്ഞുങ്ങൾക്കും ഉപദ്രവം മാത്രമേ  ഉള്ളൂ.. അതുകൊണ്ട് ഇനി മേലാൽ ഇങ്ങോട്ട് വിളിക്കരുത്. കേട്ടല്ലോ?”

“അത് പറയാൻ താനാരാ? ഞാൻ എന്റെ ഭാര്യയെ ആണ് വിളിക്കുന്നത്.. ഇത്രയും കാലം അവൾക്കു ചിലവിനു കൊടുത്തവൻ.. ഒരു കുറവും വരുത്താതെയാ  ദേവരാജൻ ഭാര്യയെ  നോക്കിയിട്ടുള്ളത്… ഇപ്പോൾ കുറച്ച് ക്ഷീണം പറ്റി.. എന്നുവച്ച് വല്ലാതെ അങ്ങ് ചവിട്ടി താഴ്ത്താൻ  നോക്കല്ലേ..”

ഒരു നിമിഷം കൊണ്ട് അയാൾ പഴയ ദേവരാജൻ ആയി മാറി… നാരായണൻ  ചിരിക്കുന്ന ശബ്ദം കേട്ടു…

“പട്ടീടെ  വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല.. എന്റെ പെങ്ങൾ ആയതിന് ശേഷമാ അവൾ  നിന്റെ ഭാര്യ ആയത്… അവളുടെയും  ഞങ്ങളുടെ മാതാപിതാക്കളുടെയും  ബുദ്ധിമോശം കൊണ്ട് സംഭവിച്ച ഒരു തെറ്റ്.. പിന്നെ ചിലവിന് കൊടുത്ത കഥ… പൂജയും ഉപാസനയുമായി  കഴിയുന്ന ഞാൻ പറയാൻ പാടില്ലാത്തതാണ്, എന്നാലും പറയുകയാ.. പിഞ്ചുമക്കളുടെ ശരീരം വിറ്റ് നീയുണ്ടാക്കിയ കാശിലാണ് ഭക്ഷണം കഴിക്കുന്നത് എന്ന് അവൾ അന്നേ അറിഞ്ഞിരുന്നെങ്കിൽ നിനക്ക് വല്ല വിഷവും  തന്ന് കൊന്നിട്ടുണ്ടാകും… നീ മനുഷ്യനല്ല  മൃഗമാ… മരണം  തലയ്ക്കു മുകളിൽ  വട്ടമിട്ട് പറക്കുമ്പോഴും  നിന്റെ അഹങ്കാരം മാറിയില്ല  അല്ലേ… എന്നാൽ ഇതു കൂടി  കേട്ടോ ദേവരാജാ.. ഞാൻ ഉപാസിക്കുന്ന മൂർത്തികളും, അവരുടെ മുന്നിൽ വച്ച രാശിപ്പലകയും എനിക്ക് കാണിച്ചു തരുന്നത്  ഒരിക്കലും പിഴയ്ക്കാറില്ല… നിന്റെ സമയം വളരെ മോശമാണ്….. എന്റെ പെങ്ങളുടെ താലി അറ്റു പോകാതിരിക്കാൻ അവസാന ശ്രമമെന്ന  നിലയിൽ  നിന്റെ പേരിലൊരു നെയ്ത്തിരി ഞാൻ കൊളുത്തി പ്രാർത്ഥിച്ചു നോക്കി..പക്ഷേ പ്രയോജനമില്ലെന്നാ  ലക്ഷണങ്ങൾ  സൂചിപ്പിക്കുന്നത്… ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ചു കൊണ്ട്, ഇനി അടുത്ത ജന്മത്തിലെങ്കിലും നല്ല ബുദ്ധി വരുത്തണേ  എന്ന് ദൈവത്തോട് അപേക്ഷിക്ക് …”

“എടോ കള്ളസ്വാമീ,.. എന്റെ വിധി  തീരുമാനിക്കുന്നത് ഞാനാ…. ഞാൻ മാത്രം.. തന്റെ ഉപദേശത്തിന്  നന്ദി… ഈ പ്രശ്നങ്ങളെല്ലാം ഒതുക്കിയ ശേഷം ഞാൻ വരുന്നുണ്ട്, തന്നെയൊന്ന് കാണാൻ… അന്നും ഇത് പറയണം..”

ദേവരാജൻ ഫോൺ കട്ട് ചെയ്ത് മദ്യം  വായിലേക്ക് കമഴ്ത്തി..

“പന്നൻ…. അവനിങ്ങോട്ട് ഉപദേശിക്കാൻ വന്നിരിക്കുന്നു… പണ്ടേ ചവിട്ടി നടു ഓടിക്കേണ്ടതായിരുന്നു..”

അയാൾ പിറുപിറുത്തു കൊണ്ട് ഗ്ലാസിലേക്ക് വീണ്ടും മദ്യം പകർന്നു..

************

കതകിന്  തട്ടുന്ന ശബ്ദം കേട്ട് ജോസ് കണ്ണു തുറന്നു.. ഫോൺ എടുത്ത് സമയം നോക്കി… രാത്രി പതിനൊന്നര.. വിനോദ് മാത്രമേ  ഈ സമയത്ത് വരാറുള്ളൂ.. ഭക്ഷണവും മദ്യവും പിന്നെ പുറത്തെ വാർത്തകളും  കൊണ്ടു വരാൻ  അയാൾ  ഏർപ്പാട് ആക്കിയതാണ് വിനോദിനെ.. മൊബൈൽ ഉപയോഗിക്കരുത് എന്നാണ് സത്യപാലന്റെ ഓർഡർ… വീട്ടിൽ ലൈറ്റ് ഇടാനോ ശബ്ദം ഉണ്ടാക്കാണോ പാടില്ല എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ആൾതാമസം ഇല്ല എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാനാണ്.. എന്നും രാത്രി ആരും കാണാതെ  വിനോദ് വരും.. സാധനങ്ങൾ വച്ചിട്ട് പുറത്തു നിന്നും വീട് പൂട്ടി തിരിച്ചു പോവുകയും  ചെയ്യും…

വീണ്ടും തട്ട് കേട്ടപ്പോൾ ജോസ് എഴുന്നേറ്റ് ഡോറിന്റെ കീ ഹോളിലൂടെ  പുറത്തേക്ക് നോക്കി… കയ്യിൽ പ്ലാസ്റ്റിക് കവറുമായി നില്കുന്നത് വിനോദ് തന്നെയാണെന്ന് മനസിലായതോടെ  അയാൾ പതിയെ കതക്  തുറന്നു…

“വേഗം കേറി വാടാ..”  ജോസ് പറഞ്ഞു  തീരും  മുൻപ്  ഇരുട്ടിൽ നിന്ന് രണ്ട് പേർ പാഞ്ഞ് അകത്തു കയറി… ജോസിന് കതകടയ്ക്കാനോ ഒച്ചയിടാനോ സമയം കിട്ടിയില്ല.. മിനിറ്റുകൾക്കുള്ളിൽ മരക്കസേരയിൽ അയാൾ ബന്ധനസ്ഥനായി.വേറൊരാൾ കൂടി അകത്തു കയറി  എന്നിട്ട് ഒരു സിഗരറ്റ് കത്തിച്ചു.. അതിന്റെ വെളിച്ചത്തിൽ കണ്ട മുഖം അഭിമന്യുവിന്റേത് ആയിരുന്നു… ജോസിന്റെ രക്തയോട്ടം നിലച്ചു…

“വിനോദെ… താൻ ഞങ്ങളെ ഇവിടെ കണ്ടിട്ടില്ല..ഇനി അഥവാ എന്തെങ്കിലും മിണ്ടിയാൽ നീ  ദുഖിക്കേണ്ടി വരും..എനിക്ക് വേണമെങ്കിൽ നിന്നെ ഇവിടിട്ട് കൊല്ലാം.. പക്ഷേ നിന്റെ ഭാര്യ ആശുപത്രിയിൽ പ്രസവിക്കാൻ കിടക്കുകയല്ലേ… അതോർത്തിട്ടാ..”

അഭിമന്യു പറഞ്ഞു. പിന്നെ ഒരു കവർ വിനോദിന്റെ പോക്കറ്റിൽ ഇട്ടു..

“കുറച്ച് കാശാ …. വേഗം സ്ഥലം വിട്ടോ.”

വിനോദ് ഒന്നും മിണ്ടാതെ പോകുന്നത് കണ്ടപ്പോൾ ജോസ് ശരിക്കും തകർന്നു പോയി.. വര്ഷങ്ങളായി തന്റെ കൂടെ ഉണ്ടായിരുന്നവനാണ്  ശത്രുവിന്റ കാശ് വാങ്ങി പോകുന്നത്… അഭിമന്യു വാതിലടച്ചു കുറ്റിയിട്ടു.. പിന്നെ വേറൊരു കസേര  ജോസിന്റെ മുന്നിലേക്ക് നീക്കിയിട്ട് ഇരുന്നു.. അവന്റെ കൂടെ വന്നവരിൽ ഒരാൾ ഒരു മെഴുകുതിരി കത്തിച്ച് മേശപ്പുറത്ത് വച്ചു…

“സുഖമല്ലേ  ജോസേ? നിന്നെ ഒരുപാട് തിരഞ്ഞു… ഇവിടെ തീരെ പ്രതീക്ഷിച്ചില്ല..സത്യപാലൻ ആള് സൂപ്പറാണ് കേട്ടോ… പക്ഷേ എന്തു ചെയ്യാനാ… നിന്നെയൊക്കെ കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിപ്പോയില്ലേ?  ഒരുപാട് സംസാരിച്ചു നേരം കളയുന്നില്ല… നമുക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്..”

ജോസ് ഭീതിയോടെ ഇടം വലം  നോക്കി..

“രക്ഷപ്പെടാൻ വഴിയൊന്നുമില്ലെടോ.. നീ  കരഞ്ഞാലും ആരും  വരില്ല.. ഇവിടെ അടുത്ത് ആകെ ഒരു വീടല്ലേ ഉള്ളൂ? അവിടുത്തെ ത്രേസ്യാമ്മ ചേടത്തി  ശ്വാസം മുട്ടൽ അധികമായിട്ട് ഹോസ്പിറ്റലിൽ ആണ്.. പിന്നെ വരേണ്ടത് റോഡിനപ്പുറത്തെ തോട്ടത്തിലെ റബ്ബർടാപ്പിങ് തൊഴിലാളികളാ.. അവര് വരാൻ ഇനിയും മണിക്കൂറുകൾ കഴിയും…”

അവൻ പുക ജോസിന്റെ മുഖത്തേക്ക് ഊതി വിട്ടു..

“പിന്നെ നിന്റെ വായ അടച്ചു വച്ചത് എന്തിനാണെന്ന് ചോദിച്ചാൽ, ഞാൻ നിന്നെ വേദനിപ്പിക്കുമ്പോൾ നീ  കരയും.. എനിക്ക്  അധികം ശബ്ദം കേൾക്കുമ്പോൾ  ദേഷ്യം വരും.. അപ്പൊ ഞാൻ നിന്നെ പെട്ടെന്ന് കൊന്നു പോകുമോ എന്നൊരു പേടി.. അതോണ്ടാ..”

അഭിമന്യു പോക്കറ്റിൽ നിന്നൊരു ചെറിയ സ്ക്രൂഡ്രൈവർ എടുത്തു..അതിന്റെ അറ്റം ഒന്ന് പരിശോധിച്ച ശേഷം ജോസിന്റെ വലത്തെ തുടയിലേക്ക് കുത്തിയിറക്കി.. അയാൾ  ഉറക്കെ നിലവിളിച്ചെങ്കിലും ചുണ്ടുകൾക്ക് കുറുകെ പ്ലാസ്റ്റർ ഒട്ടിച്ചത് കൊണ്ട്  മൂളൽ മാത്രമാണ് പുറത്തേiക്ക് വന്നത്..

“നീ  ഇപ്പൊ ചിന്തിക്കുന്നുണ്ടാകും ചോദ്യമൊന്നും ചോദിച്ചില്ലല്ലോ പിന്നെന്തിനാ കുത്തിയതെന്ന് അല്ലേ?.. ഇതൊരു ഡെമോ കാണിച്ചതാ… ഉത്തരം പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിനക്ക് അറിയണ്ടേ,.?  ഇനി ചോദ്യത്തിലേക്ക് കടക്കാം..രാഖി എങ്ങനാ  മരിച്ചത്? ആരൊക്കെ ചേർന്നാ അവളെ…. എല്ലാം പറയണം.. ഒന്നും വിട്ടു പോകരുത്.. തെറ്റ് ഉത്തരത്തിനു മൈനസ് മാർക്ക് ഉണ്ട്… ഇപ്പൊ തന്നത് പോലെ.. വാ തുറക്കുന്നത് ഉത്തരം പറയാൻ വേണ്ടി മാത്രമായിരിക്കണം..”

അഭിമന്യു കണ്ണ് കാണിച്ചപ്പോൾ ഒരാൾ ജോസിന്റെ മുഖത്തെ പ്ലാസ്റ്റർ പറിച്ചു…

“പറഞ്ഞോ…”

“പലിശക്കെടുത്ത കാശും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാഖിയെ വണ്ടിയിൽ കേറ്റിയത് ഞാനും വാസവനും ചേർന്നാ…”

ജോസ് കിതപ്പോടെ പറഞ്ഞു.

“ഒരു ദിവസം റബ്ബർ തോട്ടത്തിലെ വീട്ടിൽ അടച്ചിട്ടു… പിറ്റേന്ന് സത്യപാലനാ  അവളെ ആദ്യം….. പിന്നെ വാസവനും… മാറി മാറി.. വൈകുന്നേരം ഞാൻ എത്തിയപ്പോഴേക്കും മരിച്ചിരുന്നു…”

“നീ  അവളെ  തൊട്ടില്ലേ..?”  മൂർച്ചയുള്ള സ്വരത്തിൽ അഭിമന്യു  ചോദിച്ചു.

“അത്….”   ജോസ് പരുങ്ങി.. അഭിമന്യു തന്റെ അനുയായിയെ നോക്കി.. അയാൾ  ജോസിന്റെ  വായിൽ  വീണ്ടും പ്ലാസ്റ്റർ ഒട്ടിച്ചു.. പിന്നെ തല പിറകോട്ടു മലർത്തി..മറ്റെയാൾ  ജോസിന്റെ ഇടതു കൺപോളകൾ  വിടർത്തി പിടിച്ചു.. അഭിമന്യു എഴുന്നേറ്റ് മേശപ്പുറത്തു നിന്നും മെഴുകുതിരി എടുത്ത്  ആ കണ്ണിനു മീതെ  ചരിച്ചു… മെഴുകുതുള്ളികൾ കണ്ണിനുള്ളിലേക്ക്  ഇറ്റു വീണു  തുടങ്ങി.. ജോസ് അമറിക്കൊണ്ട് പിടഞ്ഞു.. പക്ഷേ പ്രയോജനമുണ്ടായില്ല…. ഒരു മിനിറ്റിനു ശേഷം അവൻ മെഴുകുതിരി മേശമേൽ വച്ച്  കസേരയിൽ ഇരുന്നു…

“പെട്ടെന്ന് ഉത്തരം കിട്ടണം എന്ന് പറഞ്ഞതല്ലേ…?  ഒരു ചാൻസ് കൂടി തരാം..”

അവർ ജോസിനെ നേരെ ഇരുത്തി… ഇടതു കണ്ണ് തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

അയാൾ  തല കുടഞ്ഞു..വീണ്ടും വായയുടെ പ്ലാസ്റ്റർ നീക്കം ചെയ്യപ്പെട്ടു..

“പറ ജോസേ…”

“ഞാനും.. അവളെ….”  അയാൾ പാതിയിൽ നിർത്തി…

“നീ എത്തിയപ്പോഴേക്കും ആ കുട്ടി മരിച്ചു എന്നല്ലേ ആദ്യം പറഞ്ഞത്?.. അതിന്റെ അർത്ഥം?.. “

അവന്റെ തീഷ്ണമായ നോട്ടം നേരിടാനാവാതെ ജോസ് തല കുനിച്ചു… ആ നിമിഷത്തിൽ  തന്നെ  അഭിമന്യു  സ്ക്രൂ ഡ്രൈവർ അയാളുടെ കീഴ്താടിയിൽ നിന്ന് മുകളിലേക്ക് കുത്തിക്കയറ്റി.. വായ  തുളച്ച് അത് നാവിൽ മുറിവുണ്ടാക്കി…

“അവളുടെ ശവത്തെ പോലും വെറുതെ വിട്ടില്ല, അല്ലേടാ നായിന്റെ മോനേ…”

കലിയടങ്ങാതെ  അവൻ  രണ്ട് കൈപ്പത്തിയിലും സ്ക്രൂ ഡ്രൈവർ കുത്തി… ജോസ് ശക്തമായി കുതറി… പക്ഷേ എല്ലാം വിഫലമായി…അഭിമന്യു അയാളുടെ വലത്തെ കാൽപാദം തന്റെ മടിയിൽ എടുത്ത് വെച്ചു.. അവൻ എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയാതെ ജോസ് പകച്ചു…

“ബാക്കി കൂടെ പറ…”. ക്രൂരമായ ഒരു ചിരിയോടെ അഭിമന്യു അയാളെ നോക്കി..

“പിന്നെ… വീടിന്റെ പുറകിലെ ഷെഡ് പൊളിച്ചപ്പോ മിച്ചം വന്ന കോൺഗ്രീറ്റ് ബീമിൽ  ബോഡി കെട്ടി ചതുപ്പിൽ താഴ്ത്തി.. കൂടെ അവളുടെ  സാധനങ്ങളും.”

വേദനയും പേടിയും കാരണം  ജോസിന്റെ വാക്കുകൾ മുറിഞ്ഞുകൊണ്ടിരുന്നു..

“ജോസേ… എന്റെയും നിന്റെയും ദേഹത്ത് അനുവാദം കൂടാതെ ഒരാള് തൊട്ടാൽ നമുക്ക് ദേഷ്യം വരില്ലേ…? നിന്റെ സമ്മതമില്ലാതെ വസ്ത്രങ്ങൾ  വലിച്ചു കീറി നഗ്നനാക്കിയാൽ കാമത്തിന് പകരം വെറുപ്പല്ലേ തോന്നുക?”

ജോസ് അതെ എന്ന് തലയാട്ടി..

“നിനക്ക് അമ്മ ഉണ്ടോ?”

“ഉണ്ട്…”

“രാഖിയോട് ചെയ്തത്  നീ  നിന്റെ അമ്മയോട് ചെയ്തിട്ടുണ്ടോ?”

“ഇല്ല..”

“പെങ്ങളോടോ?”

“ഇല്ല.”

“അതെന്താ അവർ  സ്ത്രീകളല്ലേ?മറ്റുള്ളവർക്ക് ഉള്ള അവയവങ്ങൾ അവർക്കും ഇല്ലേ?”

ഉത്തരമില്ലായിരുന്നു.

“അതായത് അവരോട് ചെയ്യാൻ പാടില്ല എന്ന് നിനക്കറിയാം… നീയൊക്കെ കാമം തീർക്കാൻ നശിപ്പിച്ച ഓരോ പെൺകുട്ടിയും ആരുടെയൊക്കെയോ മകളോ പെങ്ങളോ ആയിരുന്നു എന്ന് ചിന്തിച്ചോ? “

“പറ്റിപ്പോയി… മാപ്പാക്കണം…” ജോസ് കരഞ്ഞു…

“താരാപുരത്ത്  നീയും അവന്മാരും ചേർന്ന് കുറേ പെണ്പിള്ളേരുടെ ജീവിതം തകർത്തില്ലേ? അന്ന്  ആ കുട്ടികളുടെ  പ്രായം തന്നെ ആയിരുന്നില്ലേ നിന്റെ അനിയത്തി സെലീനയ്ക്ക്?”

“അതെ…”

“നീയെന്താ  അവളെ കൂട്ടികൊടുക്കാഞ്ഞത്? “

അതിനും ഉത്തരമില്ല,..

“ആ കുട്ടികൾക്ക് ഇല്ലാത്ത എന്ത് പ്രിവിലേജ് ആണെടാ നിന്റെ അനിയത്തിക്ക്?..”

ജോസ് വീണ്ടും തല കുനിച്ചു… കണ്ണുനീരും  ചോരയും  ഷർട്ടിലേക്ക് വീണു കൊണ്ടിരുന്നു..

“മറ്റുള്ള പെൺകുട്ടികളെ നിനക്കൊക്കെ എന്തും ചെയ്യാം.. പണവും സ്വാധീനവും കയ്യൂക്കും കൊണ്ട് എന്തും സാധിക്കുമെന്ന് അഹങ്കാരിച്ചപ്പോൾ അവർക്ക് വേണ്ടി സംസാരിക്കാൻ ഇങ്ങനൊരുത്തൻ വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല അല്ലേ?.”

പ്ലാസ്റ്റർ ചുണ്ടുകൾക്ക് മേൽ ഒട്ടി… അഭിമന്യു സ്ക്രൂ ഡ്രൈവറിന്റെ മുന  അയാളുടെ പെരുവിരലിന്റെ നഖത്തിന് കീഴെ ചേർത്തു വെച്ചു ഉള്ളം കൈ  കൊണ്ട് അതിന്റെ പുറകിൽ ആഞ്ഞടിച്ചു..  അത് നഖത്തിനും മാംസത്തിനും ഇടയിലേക്ക് കയറിപ്പോയി..പിന്നെ പിടി താഴേക്ക് അമർത്തിയപ്പോൾ നഖം പറിഞ്ഞു വന്നു. ജോസിന്റെ കരച്ചിൽ മൂളലായി ഉയർന്നു…

ഇടത്തെ പെരുവിരലിന്റെ നഖവും  നഷ്ടപ്പെട്ടപ്പോൾ ബോധം മറയുന്നത് പോലെ ജോസിന് തോന്നി….

“ഒരു പെണ്ണിന് താല്പര്യമില്ലാതെ അവളിലേക്ക് നിന്റെ പുരുഷത്വം ആഴ്ന്നിറങ്ങുമ്പോൾ ഇതിനേക്കാൾ വേദനയാടാ പട്ടീ അവൾ അനുഭവിക്കുന്നത്. ശരീരത്തിനു മാത്രമല്ല , മനസിനും…”

അര മണിക്കൂറോളം ജോസിനെ അവൻ  മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..മരണമാണ്  ഭേദം എന്നയാൾക്ക് തോന്നിത്തുടങ്ങി..

അവന്റെ കൂട്ടുകാർ പുറത്തേക്കിറങ്ങുന്നത് കണ്ടു..

“നിനക്കുള്ള പട്ടുമെത്ത വിരിക്കാൻ പോയതാ  …”

അവൻ ജോസിന്റെ കൈകൾ സ്വാതന്ത്രമാക്കി.. പിന്നെ വലതു കൈ  പിടിച്ചു…

“ഈ കൈകൊണ്ടല്ലേ എന്റെ മാധവേട്ടനെ കൊല്ലാൻ സഹായിച്ചത്..?”

വിരലുകൾ കോർത്ത് അഭിമന്യു ഒന്ന് തിരിച്ചു..സന്ധികൾ വേർപെടുന്ന ശബ്ദം.. ജോസിന്റെ കൈ ഒടിഞ്ഞു തൂങ്ങി.. പിന്നെ  അയാളുടെ  ഇടത്  കൈ  മുട്ടിൽ തന്റെ കാൽ ഊന്നിവച്ചു കൊണ്ട് കൈക്കുഴയിൽ പിടിച്ച് മുകളിലോട്ട് ശക്തിയായി  വലിച്ചു.. വിറക് ഒടിക്കുന്നത് പോലെ… അതോടെ  ജോസിന്റെ ബോധം നഷ്ടപ്പെട്ടു..കസേരയ്ക്കടിയിലേക്ക് അയാളറിയാതെ തന്നെ  മൂത്രം പോയി..അഭിമന്യു   മൺകലത്തിൽ ഉണ്ടായിരുന്ന വെള്ളമെടുത്ത് അയാളുടെ  തലവഴി ഒഴിച്ചു….

“ഉറങ്ങല്ലേ… എന്റെ ത്രില്ല് പോകും..”

‘എന്നെയൊന്നു കൊന്നു താ… പ്ലീസ്… ”  ജോസ്  കുഴഞ്ഞ സ്വരത്തിൽ കെഞ്ചി..

“ഈ ഡയലോഗ് എന്നെ കൊണ്ട് പറയിക്കുമെന്നാ  നിന്റെ സത്യപാലൻ പറഞ്ഞത്.”

പുറത്തേക്ക് ഇറങ്ങിപ്പോയവർ  തിരിച്ചു വന്നു…

“എന്തായി? “

“എല്ലാം റെഡി…”

“ആരംഭിക്കലാമാ.?”

“സരി  തമ്പി..”

അവർ ജോസിനെ പിടിച്ചെഴുന്നേൽപ്പിച്ചു പുറത്തേക്ക് നടത്തിച്ചു… കൂടെ  അഭിമന്യുവും.. വീടിന്റെ പിൻ വശത്ത്  സെപ്റ്റിക് ടാങ്കിന്റെ കോൺഗ്രീറ്റ് സ്ലാബ് നീക്കി വച്ചിട്ടുണ്ട്.. വേറെ രണ്ടുപേർ കൂടി അവിടെ പരിസരം നിരീക്ഷിച്ചുകൊണ്ട് നിൽക്കുന്നു..അഭിമന്യു  ടാങ്കിനുള്ളിലേക്ക് എത്തി നോക്കി… പാതിയോളം  മലവും  മഴവെള്ളവും  നിറഞ്ഞിട്ടുണ്ട്…അവരെന്താണ്  തന്നെ ചെയ്യാൻ പോകുന്നതെന്ന് ജോസിന് മനസിലായി..

“ഓർമ്മയുണ്ടോ  അശോകനെ  കൊന്ന് കക്കൂസ് ടാങ്കിൽ ഇട്ടത്? എന്റെ ചേട്ടനെയും ചേച്ചിയെയും കൊന്നിട്ട് അയാൾ നാടുവിട്ടു പോയെന്നാ ഇന്നും എല്ലാവരും വിശ്വസിക്കുന്നത്..”

ജോസ് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അഭിമന്യു  അടുത്ത് ചെന്ന് പ്ലാസ്റ്റർ നീക്കി..

“ഞാൻ എവിടെ വേണമെങ്കിലും കുറ്റം ഏറ്റു പറയാം… “

അയാൾ കരഞ്ഞു.

“വൈകിപ്പോയി… ഞാൻ അസുരനാണ്  ജോസേ… ദേവന്മാര് മാത്രമേ  സെക്കന്റ് ചാൻസ് കൊടുക്കൂ..”

അവൻ പ്ലാസ്റ്റർ പഴയതു പോലെ ഒട്ടിച്ചു… ഒരാൾ  നിലത്തിരുന്ന് വലിയൊരു കരിങ്കല്ലിൽ കയർ  ചുറ്റിക്കെട്ടി… പിന്നെ ജോസിനെ മലർത്തി കിടത്തി  കയറിന്റെ അറ്റം അയാളുടെ കഴുത്തിൽ  ഭംഗിയായി കുരുക്കി… ഒടിഞ്ഞു തൂങ്ങിയ  കൈകൾ ശരീരത്തോട്  ചേർത്തു ബന്ധിച്ചു.. രക്‌തമൊഴുകുന്ന കാലുകളും  ചേർത്ത് കെട്ടി..

“അപ്പൊ ശരി  ജോസേ… ശുഭയാത്ര.

..മനോജിനോടും  റഫീഖ് അലിയോടും രഘുവിനോടും  വാസവനോടും എന്റെ അന്വേഷണം പറഞ്ഞേക്കണേ… പേടിക്കണ്ട.. സത്യപാലനും  ദേവരാജനും  പിന്നാലെ വരും. “

ജോസിന്റെ പ്രതീക്ഷകൾ അസ്തമിച്ചു… അയാൾ വെറുതെ പിടഞ്ഞു കൊണ്ടിരുന്നു. രണ്ടുപേർ കരിങ്കല്ലും രണ്ടുപേർ ജോസിനെയും താങ്ങിയെടുത്ത് ടാങ്കിലേക്ക് ഇട്ടു… പിന്നെ സ്ലാബ് പഴയത് പോലെ വച്ച ശേഷം  സിമന്റ് കുഴച്ച്  അരികുകൾ അടച്ചു..കരിയിലകൾ കൂടി  വാരി വിതറിയപ്പോൾ ആ ടാങ്ക് പഴയതു പോലെ ആയി.. ആർക്കും സംശയം തോന്നില്ല.

“ഉള്ളെ ശീഘ്രം  ക്ളീൻ പണ്ണിട്..” അവൻ കൂട്ടുകാരോട് പറഞ്ഞു..പിന്നെ വേഗത്തിൽ ഇരുട്ടിലേക്ക് നടന്നു..

************

“മിസ്റ്റർ സ്വാമിനാഥൻ  ഒന്നും പറഞ്ഞില്ല..?”

കമ്മീഷണർ  ഷബ്‌ന ഹമീദ്  ആകാംഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി..

“നല്ലൊരു ഡീൽ ആണ് ഞാൻ മുന്നോട്ട് വച്ചത് “

സ്വാമിനാഥൻ  ചിരിച്ചു..

“ഈ  കളി അവസാനിപ്പിക്കണം, ദേവരാജനെയും സംഘത്തെയും  നിയമത്തിനു വിട്ടു കൊടുക്കണം.. എന്നാൽ    ഞങ്ങളെ  രക്ഷിക്കാം.. ഇതുവരെ ചെയ്തതിലൊന്നും ഞങ്ങളുടെ പേര് വരാതെ  നോക്കാം.. ഇതല്ലേ  മാഡം ഉദ്ദേശിച്ചത്..?”

“എക്സാറ്റ്ലി… നിങ്ങളുടെ ഭാഗത്ത്‌ ന്യായമുണ്ടെന്ന് തോന്നിയിട്ടാ ഒരു പോലീസ് ഓഫിസർ ആയിരുന്നിട്ടും ഞാനിതു ചെയ്യാനൊരുങ്ങുന്നത്..”

“സമ്മതിച്ചു .. ഒന്ന് ചോദിച്ചോട്ടെ.. ഇനി അഥവാ  ഞങ്ങളുടെ കുറ്റങ്ങൾ തെളിഞ്ഞാൽ എന്തായിരിക്കും ശിക്ഷ?”

“ജീവപര്യന്തം… അല്ലെങ്കിൽ ചിലപ്പോൾ കൊലക്കയർ..”

“ഞാൻ, അഭിമന്യു , ദുർഗ്ഗ.. മൂന്ന് പേരും വർഷങ്ങൾക്ക് മുൻപേ മരിച്ചവരാണ് മാഡം…. വീണ്ടും കൊല്ലാൻ നിങ്ങളുടെ നിയമത്തിനു കഴിയില്ല..”

“എടോ.. വാപ്പാന്റെ പ്രായം ഉണ്ടല്ലോ എന്ന്  കരുതിയാ  ഇരുത്തി സംസാരിക്കുന്നത്.. താനും  അഭിമന്യുവും  ദേവരാജനുമൊക്കെ  എനിക്ക് ഒരുപോലെ തന്നെയാ… വെറും ക്രിമിനൽസ്… കുറച്ചു പെൺപിള്ളേരെ നശിപ്പിച്ചവന്മാർക്കെതിരെയാണ് നിങ്ങൾ പൊരുതുന്നത് എന്ന ഒറ്റ കാരണം കൊണ്ട് ഇത്രയും നാൾ ഞാൻ മിണ്ടാതെ നിന്നു.. പക്ഷേ ഇനി അത് വേണ്ട… തമിഴ്നാട് പോലീസ് അല്ല ഇത്.. തന്നെയൊക്കെ അനങ്ങാൻ വയ്യാത്ത വിധത്തിൽ പൂട്ടാൻ എനിക്ക് അധികം സമയമൊന്നും  വേണ്ട.. താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുത്തന് വേണ്ടി എന്തിനാടോ  വയസാം കാലത്ത് ഇങ്ങനെ ഓടുന്നത്?അവൻ പറഞ്ഞാ താനെന്തും ചെയ്യുമോ?..”

സ്വാമിനാഥൻ കൈകൾ  കെട്ടി കസേരയിൽ  നിവർന്നിരുന്നു..

“പറഞ്ഞത് മനസ്സിലായി.. ഞാൻ തമിഴനാ… എട്ടാം വയസിലാ ആദ്യമായി കേരളത്തിൽ  വരുന്നത്… പിന്നെ ഇവിടെ അങ്ങ് കൂടി.. എന്റെ നാട്ടിൽ മലയാളികൾ എന്ന് പറഞ്ഞാൽ ഭയങ്കര ബഹുമാനമായിരുന്നു… ഞാൻ പണ്ട് ജോലി ചെയ്തിരുന്ന സമയത്തും അങ്ങനെ തന്നെ.. എങ്ങും നല്ല മനുഷ്യർ.. അതുകൊണ്ട് ഈ  മണ്ണിനെ സ്നേഹിച്ചു… കാരക്കുടിയിൽ എന്നെ വിളിച്ചിരുന്നത് മല്ലു സ്വാമി എന്നാ.. കളിയായിട്ടാണെങ്കിലും   അതിൽ അഭിമാനിച്ചിരുന്നു… പക്ഷേ ഇവിടേം ചെകുത്താൻമാർ ഉണ്ടെന്ന് സ്വന്തം അനുഭവം വന്നപ്പോഴാ അറിഞ്ഞത്..എന്റെ മോൾ അനിത… അവളുടെ അതെ സ്ഥാനത്തു ഞാൻ കണ്ട  എന്റെ വൈശാലി, മാധവൻ… ഇവരെയൊക്കെ തിരിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ?… അശോകനാണ് കൊലയാളി എന്ന് വിധിയെഴുതി  കേസ് അവസാനിപ്പിച്ച നിങ്ങളുടെ നിയമവ്യവസ്ഥക്ക് പറ്റുമോ? എങ്കിൽ ഞാൻ എല്ലാം നിർത്താം.. പിന്നെ അഭിമന്യുവിന്റെ കാര്യം… എന്റെ മോളുടെ കൊലയാളിയെ  കഴുത്തറുത്ത് കൊന്ന് പതിനഞ്ചാം വയസിൽ  ജയിലിൽ പോയവനാ  അവൻ… ബന്ധങ്ങൾ ഉണ്ടാവാൻ ഒരേ രക്തത്തിൽ പിറക്കണം എന്നൊന്നും ഇല്ല മാഡം… അഭിമന്യുവിന് വേണ്ടി ഞാൻ എന്തും ചെയ്യും… ആരെയും കൊല്ലും… കമ്മീഷണർ  ഷബ്‌ന ഹമീദിനെ  കൊന്നിട്ട് വരാൻ പറഞ്ഞാൽ  അതും  സന്തോഷത്തോടെ ചെയ്യും.. പ്രായം ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ.. പകയുടെ ചൂളയിൽ വാർത്തെടുത്ത മനസ്സ് ഇന്നും ചെറുപ്പമാണ്… നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെ കൊല്ലാം.. പക്ഷേ ഞങ്ങൾ തുടങ്ങി വച്ചത് പൂർത്തിയാക്കാൻ ഇനിയും ആളുകൾ വരും… അത് പ്ലാൻ ബി.. “

അയാൾ എഴുന്നേറ്റു…

“പോട്ടെ മാഡം… ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വന്നു… ഇനി കമ്മീഷണറെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെങ്കിൽ ആകാം..”

അവളെ നോക്കി കൈ കൂപ്പിയ ശേഷം  സ്വാമിനാഥൻ  പുറത്തേക്ക് നടന്നു..

“പ്രതികാരത്തിനു വേണ്ടി മാത്രം ജീവിതം മാറ്റി വച്ച, ഭയം എന്തെന്ന് പോലും അറിയാത്ത കുറേ ആളുകൾ… അൺ ബിലീവബിൾ.!!”

ഷബ്‌ന  ആശ്ചര്യത്തോടെ സ്വയം പറഞ്ഞു.. പിന്നെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു..

“ജാഫറേ… അയാള് പുറത്തേക്ക് പോയിട്ടുണ്ട്.. ഫോളോ ചെയ്യണം… എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..”

മൊബൈൽ  ടേബിളിൽ വച്ച്  അവൾ  ചിന്തയിൽ  മുഴുകി….  റോഡിലിറങ്ങിയ സ്വാമിനാഥൻ  ദുർഗ്ഗയെ വിളിച്ചു നോക്കി.. ബെൽ അടിയുന്നതല്ലാതെ ഉത്തരമില്ല… അവളുടെ കൂടെ പോയ ആളുകളെയും  വിളിച്ചു.. അതിനും ഫലം കണ്ടില്ല… അരുതാത്തത് എന്തോ നടക്കുന്നത് പോലെ മനസ്സ് പറഞ്ഞപ്പോൾ അയാൾ  അഭിമന്യുവിന്റെ നമ്പറിലേക്ക് വിളിച്ചു…

ഇതേ സമയം  ഹൈവേയിലൂടെ  ചീറിപ്പാഞ്ഞു പോകുന്ന പഴയൊരു വാനിനുള്ളിൽ കൈകാലുകൾ ബന്ധിക്കപ്പെട്ട്, വായിൽ  തുണി തിരുകിയ നിലയിലായിരുന്നു ദുർഗ്ഗ… സത്യപാലൻ  അടുത്തിരുന്ന് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു..

“അവനെ തേടി ഞാൻ പോകുന്നത് കുറച്ച് റിസ്കാ…പോലീസ് എന്നെ അന്വേഷിച്ചു പരക്കം പായുകയല്ലേ? അവനിങ്ങോട്ട് വരട്ടെ… അതിനാ നിന്നെ പൊക്കിയത്… അവനെത്തും മുൻപ് നമുക്ക് രണ്ടുപേർക്കും  ഒന്ന് സ്നേഹിക്കാം.. പണ്ട് നിന്റെ വൈശാലിയെ ഞാനൊന്ന് സ്നേഹിക്കാൻ നോക്കിയതാ… പക്ഷേ ചത്തുപോയി… നിനക്ക് ആ ഗതി വരാതെ   ശ്രദ്ധിച്ചോളാം  കേട്ടോ.?.. പേടിക്കണ്ട..”

അയാൾ  കൈ വീശി  അവളുടെ കവിളിൽ ആഞ്ഞടിച്ചു…. ദുർഗ്ഗ വണ്ടിയുടെ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീണു….

(തുടരും ).

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!