“ആഹാ… കലക്കി.. “
സത്യപാലൻ കൈകൊട്ടി ചിരിച്ചു.. ജോസിന് കാര്യം മനസിലായില്ല..
“പതിനഞ്ചു വർഷത്തിലധികമായി പ്രതികാരത്തിനു വേണ്ടി മാത്രമായി ജീവിക്കുക എന്ന് പറഞ്ഞാൽ,. ഗ്രേറ്റ്,. അവനെ ഞാൻ ബഹുമാനിക്കുന്നു..എന്റമ്മോ.. സിനിമയെ വെല്ലുന്ന ഗെയിം പ്ലാൻ… ശത്രുവിന്റെ വീട്ടിൽ അവരുടെയൊക്കെ പോന്നോമനയായി താമസിക്കുക… എന്നിട്ട് മെല്ലെ മെല്ലെ നശിപ്പിക്കുക…അവനെപ്പോലൊരുത്തനെ എന്റെ കൂടെ കിട്ടിയിരുന്നേൽ കേരളസംസ്ഥാനം കാൽക്കീഴിൽ കിടന്നേനെ..”
അതോടെ ജോസിന് ദേഷ്യം വന്നു..
“നീ ഇങ്ങനെ എല്ലാം തമാശയാക്കി നടന്നോ.. ഓരോന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.. ബാർ പോയി, ട്രാവെൽസ് പോയി.. ഫിനാൻസ് പൊളിഞ്ഞു കൊണ്ടിരിക്കുന്നു.. മറ്റുകമ്പനികളിൽ ഇൻവെസ്റ്റ് ചെയ്ത കാശും, പിന്നെ കുറച്ചു ഇല്ലീഗൽ ബിസിനസുകളും മാത്രമേ ബാക്കിയുള്ളൂ..”
സത്യപാലൻ തന്റെ ചുരുട്ട് മൂക്കിന് കുറുകെ പിടിച്ച് ഒന്ന് മണത്തു.. പിന്നെ അത് വായിൽ വച്ച് കത്തിച്ചു..
“ജോസേ.. ഇത്രയും കാലത്തെ ജീവിതത്തിൽ നഷ്ടപ്പെട്ടും നേടിയും തന്നെയല്ലേ ഇവിടെ വരെ എത്തിയത്.? മറ്റൊരു ആംഗിളിൽ ചിന്തിച്ചു നോക്ക്… നീ പറഞ്ഞ നഷ്ടങ്ങളൊക്കെ നമ്മുടേത് ആണോ? സീതാഗ്രൂപ്പ് നശിക്കുന്നതിന് നിനക്കെന്താടാ? അർഹത ഇല്ലാത്തവന്റെ അധികാരം നഷ്ടപ്പെടുക എന്നത് പ്രകൃതിനിയമമാണ്..”
“അതെന്നാ നീ അങ്ങനെ പറഞ്ഞേ ? നീയും ഞാനുമൊക്കെ കൂടിയല്ലേ ഇതൊക്കെ ഉണ്ടാക്കിയത്? “
“അതേടാ… എന്നിട്ട് നമ്മൾ എന്തു നേടി? മുതലാളി വളർന്നു.. നമ്മളോ? അന്നും ഇന്നും അങ്ങേരുടെ വേട്ടപട്ടികൾ… അല്ലേ?..”
“ഇപ്പൊ ഇങ്ങനെ തോന്നാൻ?”
“തോന്നിയിട്ട് കാലം കുറെ ആയി.. പക്ഷേ മിണ്ടിയില്ല എന്നേ ഉള്ളൂ..”
ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു..
“മുതലാളി വന്നെന്ന് തോന്നുന്നു.. സത്യാ. തത്കാലം വേറൊന്നും സംസാരിക്കേണ്ട.. പ്രശ്ങ്ങളെല്ലാം തീരട്ടെ..”
ജോസിന്റെ ഫ്ലാറ്റിലായിരുന്നു അവർ.. അഭിമന്യു തങ്ങളുടെ അന്തകനായി വന്നവൻ ആണെന്ന് കണ്ടുപിടിച്ചതിനു ശേഷമുള്ള കൂടിക്കാഴ്ച… ജോസ് കതകു തുറന്നു… ക്ഷോഭവും സങ്കടവുമൊക്കെ കലർന്ന മുഖഭാവത്തോടെ ദേവരാജൻ അകത്തേക്ക് കയറി..
“എങ്ങനെയാ സത്യാ നമ്മൾ ഇത് വിട്ട് പോയത്?”
“ഏത്?”
“ഒരു മുള ബാക്കി വച്ചിട്ടാണ് താരപുരത്തു നിന്ന് പോന്നതെന്ന് നീ പോലും അറിഞ്ഞില്ലല്ലോ?”
സത്യപാലൻ വലത്തെ കാൽ ഇടതു തുടയിലേക്ക് കയറ്റി വച്ചു… പിന്നെ ചുരുട്ട് കടിച്ചു പിടിച്ചു തന്നെ ഒന്ന് ചിരിച്ചു..
“ഞാനല്ല.. മുതലാളിയാണ് ഇതിന് കാരണം..”
“ഞാനോ?!”
“അതെ… മാധവന്റെ ഭാര്യയുടെ അനിയൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്‌തെന്നും, ബോഡി കിട്ടിയില്ല എന്നും പോലീസും നാട്ടുകാരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല… എനിക്കൊരു സംശയം ഉണ്ടായിരുന്നു.. അത് മുതലാളിയോട് പറഞ്ഞതുമാ.. അപ്പോൾ എന്താണ് മറുപടി തന്നതെന്ന് ഓർമ്മയുണ്ടോ? സീതാ ഫിനാൻസ് കേരളത്തിന് അകത്തും പുറത്തും പടർന്നു പന്തലിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കാൻ… ഒരു പതിനെട്ടുകാരൻ നമ്മളെ എന്തു കാണിക്കാനാണെന്ന് ചോദിച്ചു എന്നെ കളിയാക്കി… പക്ഷേ ആ ചെറുക്കൻ പതിനഞ്ചാമത്തെ വയസ്സിൽ ഒരുത്തനെ കൊന്നതാണെന്ന് മുതലാളി മറന്നു…പിന്നെ ഞാനും അതു വിട്ടു. എനിക്ക് സമയമുണ്ടായിരുന്നില്ല..”
“എന്നാലും ഇത്രയും വർഷം കഴിഞ്ഞ്… അതും എന്റെ വീട്ടിൽ, എന്റെ കണ്മുന്നിൽ ഉണ്ടായിട്ടും എനിക്ക് മനസിലായില്ലല്ലോ… ഛെ…. അവൻ എവിടെ ആയിരുന്നു എന്നന്വേഷിച്ചോ?”
“ഉവ്വ്… തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കോർപറേറ്റ് കമ്പനികൾക്ക് വേണ്ടിയായിരുന്നു ജോലി ചെയ്തിരുന്നത്… ജോലി എന്ന് വച്ചാൽ ഓഫീസിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് ചെയ്യുന്ന ജോലി അല്ല.. ഞാൻ മുതലാളിക്ക് വേണ്ടി ചെയ്യുന്നത് തന്നെ… ഒറ്റവാക്കിൽ പറഞ്ഞാൽ ഹൈടെക്ക് ഗുണ്ട…ഇന്നേവരെ ഒരു പോലീസ് കേസുപോലും അവന്റെ പേരിൽ ഇല്ല..അവന്റെ വേഗം, അസാമാന്യ ധൈര്യം.. പിന്നെ ഡ്രൈവിംഗ് സ്കിൽ. ഡെയർ ഡെവിൾ ഡ്രൈവർ എന്നൊക്കെ കേട്ടിട്ടില്ലേ.?.. അതു തന്നെ… അവൻ കൈവച്ച സണ്ണിയുടെയും ആളുകളുടെയും അവസ്ഥ കണ്ടാൽ ശത്രുക്കളാണെങ്കിലും നമുക്ക് സങ്കടം വരും… ട്രെയിൻ വന്നിടിച്ച പോലെയാണ്… ഡോക്ടർ റഫീഖിനെ കൊന്നത് അവൻ തന്നെ… “
“ഒരു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തിയതിനോ?” ദേവരാജൻ അന്തം വിട്ടു..
“അതു മാത്രമല്ല… താരാപുരത്തെ ഹോട്ടലിൽ അങ്ങേര് കൊച്ചു പിള്ളേരെ റേപ്പ് ചെയ്തില്ലേ? ആ കുറ്റത്തിന്…”
” അവനുമായി യാതൊരു ബന്ധവുമില്ലാത്തവർക്ക് വേണ്ടി കൊലപാതകം ചെയ്യാൻ ഭ്രാന്തുണ്ടോ?..അവന്റെ കൂടെയുള്ളത് ആരൊക്കെയാ? “
“ദുർഗ്ഗ,… മാധവന്റെ അനിയത്തി… നേഴ്സ് ആയിരുന്നു… പിന്നെ അത് മതിയാക്കി വണ്ടിക്കച്ചവടം , സ്ഥലകച്ചവടം ഒക്കെ തുടങ്ങി… കർണാടക, തമിഴ്നാട് ആണ് മേച്ചിൽ പുറം…ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്..രഘുവിനെ കൊല്ലാൻ ആദ്യം ആളെ അയച്ചത് അവളാ.. പിന്നെ സ്വാമിനാഥൻ . മനോജ് കൊന്ന പെങ്കൊച്ചിന്റെ തന്ത… ബാക്കിയുള്ളവരൊക്കെ അയാളുടെ കുടുംബക്കാരാ… മാമനും മച്ചാനും ഒക്കെ.. പിന്നെ അഭിമന്യുവിന്റെ കൂടെ ദുർഗുണ പരിഹാര പാഠശാലയിൽ ഉണ്ടായിരുന്ന മൂന്നാല് പേരും… ചുരുക്കിപ്പറഞ്ഞാൽ കൊല്ലാനും ചാകാനും മടിയില്ലാത്തവർ… എല്ലാർക്കും ലക്ഷ്യം നമ്മളാ… നമ്മൾ മാത്രം..”
ദേവരാജൻ അവിശ്വസനീയതയോടെ കേട്ട് നിൽക്കുകയാണ്..
“മുതലാളിയുടെ കാര്യമോർക്കുമ്പോൾ എനിക്ക് ചിരി വരുന്നു… മരണത്തെ ഔട്ട് ഹൗസിൽ താമസിപ്പിച്ച ഒരേ ഒരാൾ മുതലാളിയാ… സ്വന്തം നിഴലിനെ പോലും വിശ്വസിക്കാത്ത ദേവരാജൻ അഭിമന്യുവിന്റെ തോളിൽ കയ്യിട്ടു നടന്നത് ഓർക്കുമ്പോൾ സഹതാപമാ തോന്നുന്നേ.. ആരുമറിയണ്ട… മുഖത്ത് തുപ്പും..”
“സത്യാ..”
“ഒച്ചയിടണ്ട… ഇനി ഞാൻ അന്വേഷിച്ചറിഞ്ഞ വേറൊരു കാര്യം കൂടി പറയാം.. അവനും മുതലാളിയുടെ മോളും മുടിഞ്ഞ പ്രേമത്തിലായിരുന്നു… വീട്ടിൽ ചെന്ന് അവളേം കൂട്ടി ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കാണ്.. അവൻ വിത്ത് വിതച്ചിട്ടുണ്ടോ എന്നറിയാം..”
“അനാവശ്യം പറയുന്നോടാ..” ദേവരാജൻ അലറികൊണ്ട് സത്യപാലന്റെ കോളറിൽ പിടിച്ചു… അയാൾ പക്ഷേ നിസ്സാരമായി ആ കൈകൾ പിടിച്ചു മാറ്റി..
“ചുമ്മാ ബിപി കൂട്ടണ്ട.. ഇത്രേം വർഷത്തെ സമ്പാദ്യമെല്ലാം പോകാൻ കാരണമായത് ഞാനല്ല… തലയെടുക്കാൻ വന്നവനെ കൂടെ നിർത്തിയ മുതലാളിയുടെ പുന്നാരമക്കളും ഭാര്യയുമാ…വിരട്ടലൊക്കെ അവരോട് മതി…”
“നീ തന്നെയാണോ ഈ പറയുന്നത് സത്യാ.?”
“അതെ… ഞാനും ഈ ജോസും വാസവനും എന്റെ രഘുവും ഒക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതലാ നിങ്ങളുടെ അശ്രദ്ധയും നിങ്ങളുടെ വീട്ടുകാരുടെ കയ്യിലിരിപ്പും കൊണ്ട് നഷ്ടപ്പെട്ടത്.. അതിന് പരിഹാരം ഉണ്ടാക്കിയിട്ട് വാ… സത്യപാലൻ പഴയതു പോലെ കാൽകീഴിൽ കിടക്കും.. അല്ലാതെ സ്വന്തം മക്കളെ നിയന്ത്രിക്കാൻ കഴിയാത്തവൻ എന്നോട് ഉണ്ടാക്കാൻ വരരുത്…”
ആ മുറിയിൽ കനത്ത നിശബ്ദത പരന്നു.. ജോസ് കുറച്ചു ഭയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കി നിൽക്കുകയാണ്… ദേവരാജൻ മുതലാളിയോട് ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ സംസാരിക്കുന്നത്… അതും വര്ഷങ്ങളായി നിഴലുപോലെ കൂടെ നടന്നയാൾ…
ദേവരാജൻ തലകുനിച്ച് ഇറങ്ങിപ്പോയി…
“അത്രക്ക് വേണ്ടായിരുന്നു സത്യാ..” ജോസ് കുറ്റപ്പെടുത്തി..
“എനിക്ക് വരുന്ന ദേഷ്യത്തിന് അങ്ങേരെ ഞാൻ തല്ലാത്തതു ഭാഗ്യം എന്ന് കരുതിക്കോ.. അത് പോട്ടെ. ഞാൻ പണി തുടങ്ങുകയാ… അഭിമന്യു എന്ന വില്ലാളി വീരന് നേരെ സത്യപാലൻ തൊടുക്കുന്ന ആദ്യത്തെ അസ്ത്രം… ഒറ്റുകാരന്റെ മരണം..”
“അതാര്?”
“അതൊക്കെ ഉണ്ട്..”
സത്യപാലൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു…
“വാസവാ… ഇപ്പൊ ഒരുത്തൻ ഫാമിലേക്ക് വരും… നമ്മുടെ കാര്യങ്ങളൊക്കെ ചോർത്തി കൊടുക്കുന്നത് അവനാ,. തീർത്തേക്ക്… ശവം അവന്മാർക്ക് കൊടുക്കാനുള്ളതാ…”
ഒന്നും മനസിലാകാതെ മിഴിച്ചു നിൽക്കുന്ന ജോസിനെ അവഗണിച്ച് സത്യപാലൻ പുറത്തേക്ക് നടന്നു…
************
സീതാലയം മരണവീട് പോലെയായിരുന്നു.. കാര്യങ്ങൾ അറിഞ്ഞ ശേഷം സീതാലക്ഷ്മി മുറിവിട്ട് എഴുന്നേറ്റിട്ടില്ല..ശിവാനിയും അമ്മയുടെ അടുത്ത് കിടപ്പാണ്… ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല.. യദുകൃഷ്ണൻ മാത്രം പുറത്തേക്ക് പോയി.. അകമ്പടി വരാൻ ഒരുങ്ങിയ ദേവരാജന്റെ ആളുകളെ അവൻ തടഞ്ഞു.. ഓഫിസിലും സമാനമായ അവസ്ഥ ആയിരുന്നു.. ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.. അഭിമന്യുവിനെ അത്രയ്ക്ക് എല്ലാവരും സ്നേഹിച്ചിരുന്നു… മീനാക്ഷി ഒന്നും സംഭവിക്കാത്തത് പോലെ ജോലി ചെയ്തെങ്കിലും വീട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു മതിവരുവോളം കരഞ്ഞു….
ദേവരാജന്റെ കാർ മുറ്റത്തു വന്ന് നില്കുന്നത് കണ്ടപ്പോൾ യദുകൃഷ്ണൻ എഴുന്നേറ്റു അകത്തേക്ക് നടന്നു…അഞ്ചു ദിവസങ്ങൾക്കു ശേഷമാണു അയാൾ വീട്ടിൽ വരുന്നത്… തന്റെ ഭൂതകാലം വീട്ടുകാർ അറിഞ്ഞതിനു ശേഷം എങ്ങനെ അവരെ അഭിമുഖീകരിക്കും എന്നയാൾക്ക് അറിയില്ലായിരുന്നു. പക്ഷേ ശിവാനിയും അഭിമന്യുവും പ്രണയത്തിലാണെന്ന് പറഞ്ഞ് സത്യപാലൻ അപമാനിച്ചതോടെ അയാൾ നഷ്ടപെട്ട വീര്യം വീണ്ടെടുത്തു…
“സീതേ…” അകത്തു കയറിയ ഉടൻ അയാൾ വിളിച്ചു… മറുപടി ഇല്ല… അയാൾ സീതാലക്ഷ്മിയുടെ മുറിയിൽ പ്രവേശിച്ചു… അവരുടെ മടിയിൽ തലവച്ചു കിടക്കുകയാണ് ശിവാനി..
“തള്ളേം മോളും ഇവിടുണ്ടായിരുന്നോ? ഞാൻ കരുതി ചത്തെന്നു…”
അവർ പ്രതികരിച്ചില്ല.. ശിവാനിയുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് വെറുതെ ഇരുന്നു… അതോടെ അയാളുടെ ക്രോധം ഇരട്ടിച്ചു..
“കണ്ടവന്മാരെ വീട്ടിൽ കേറി പൊറുപ്പിച്ചിട്ട് ഇപ്പൊ സമാധാനമായോ ? അഴിഞ്ഞാടി നടക്കുന്ന മോൾക്ക് സപ്പോർട്ട് തള്ളയും ചേട്ടനും…. ത്ഫൂ..”
“അനാവശ്യം പറയരുത്..” പിന്നിൽ നിന്നും യദുവിന്റെ അലർച്ച ആ വീടിനെ പിടിച്ചു കുലുക്കി..
“നിങ്ങള് ചെയ്തത്ര ചെറ്റത്തരം ഒന്നും ഇവിടാരും ചെയ്തിട്ടില്ല.. നിങ്ങളൊരു മനുഷ്യനാണോ? പെൺകുട്ടികളെ നശിപ്പിച്ചു കാശ് സമ്പാദിച്ചു.. അത് ചോദ്യം ചെയ്തവരെ കൊന്നു തള്ളി… ചെകുത്താൻ..”
“അതേടാ… ഞാൻ ചെകുത്താൻ തന്നെയാ… നീ കേട്ടതൊക്കെ സത്യമാ.. പണമുണ്ടാക്കാൻ പലതും ചെയ്തിട്ടുണ്ട്… അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ടാ നിന്നെയും നിന്റെ പുന്നാര പെങ്ങളെയും അമ്മയെയും ഒക്കെ പോറ്റിയത്…എനിക്ക് പണം തന്നെയാ വലുത്… അത് നേടാൻ എന്തു മാർഗവും സ്വീകരിക്കും..”
“അതെ… നാളെ കാശ് തരാമെന്ന് പറഞ്ഞാൽ നിങ്ങൾ എന്നെയും വിൽക്കും..”
ശിവാനിയുടെ ശബ്ദം കേട്ട് അയാളൊന്ന് ഞെട്ടി…
“പതിനഞ്ച് വയസുള്ള പെൺകുട്ടികളുടെ ശരീരം വിറ്റ് കാശുണ്ടാക്കിയ നിങ്ങൾ അതിനും മടിക്കില്ല…”
“നാവടക്കെടീ.. ഇല്ലേൽ ചവിട്ടി കൊല്ലും ഞാൻ..”
“എന്റെ പിള്ളേരെ തൊട്ട് നോക്ക്.. അപ്പോൾ വിവരമറിയും..”
സീതാലക്ഷ്മി ചാടിയെണീറ്റ് മുടി വാരിക്കെട്ടി…
“എന്റെ ഏട്ടൻ അന്നേ പറഞ്ഞതാ നിങ്ങളൊരു പിശാച് ആണെന്ന്… ഞാൻ വിശ്വസിച്ചില്ല… ചെറിയ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ മനുഷ്യത്വം ഉള്ളവനാണെന്ന് കരുതി.. പക്ഷേ തെറ്റി… കുഞ്ഞുങ്ങളുടെ മാംസം വിറ്റ് കോടീശ്വരൻ ആയ ദേവരാജൻ മുതലാളിയോട് ഒരു കാര്യത്തിൽ എനിക്ക് നന്ദിയുണ്ട്… പണത്തിനു വേണ്ടി ആരുടേയും കിടപ്പറയിലേക്ക് എന്നെ തള്ളി വിട്ടില്ലല്ലോ… ആ ഒരൊറ്റ കാരണം കൊണ്ട് നിങ്ങളുടെ കരണത്ത് അടിക്കുന്നില്ല..”
“എല്ലാരും കൂടി എന്നെ വിചാരണ ചെയ്യുകയാണോ…? എന്നാൽ കേട്ടോ.. ഞാൻ തോൽക്കില്ല.. എന്റെ വഴിയിൽ തടസം നിന്നതിനാ മാധവനെയും ഭാര്യയെയും തീർത്തത്… അവരെ മാത്രമല്ല.. ഒരുപാട് പേരെ തകർത്തിട്ട് തന്നെയാ സീതാ ഗ്രൂപ്പ് ഇത്രയും വളർന്നത്..”
“ഒരു ഗർഭിണിയെ പോലും വിടാനുള്ള ദയ തോന്നിയില്ലല്ലോ നിങ്ങൾക്ക്..”
സീതലക്ഷ്മിയുടെ ശബ്ദം ഇടറി… കണ്ണുകൾ തുളുമ്പി…
“അവളുടെ വയറ്റിലെ കുഞ്ഞ് നിങ്ങളോട് എന്തു തെറ്റ് ചെയ്തു..?. അതിന്റെയൊക്കെ ശവത്തിന് മീതെയാണ് എന്റെ പേരിൽ നിങ്ങൾ സാമ്രാജ്യം പണിതത് എന്നറിഞ്ഞില്ലല്ലോ ഈശ്വരാ…”
അവർ കരഞ്ഞു കൊണ്ട് തലയിലടിച്ചു… യദുകൃഷ്ണൻ അയാളുടെ മുൻപിലെത്തി.. ഒരു ചെക്ക് ലീഫ് മുഖത്തേക്ക് വലിച്ചെറിഞ്ഞു..
“എന്റെ കമ്പനി തുടങ്ങാൻ നിങ്ങൾ തന്ന കാശാ … പലിശ സഹിതമുണ്ട്…”
വേറൊരു ചെക്ക് കൂടി അവൻ അയാളുടെ നേരെ എറിഞ്ഞു..
“ഇത് വളർത്തി വലുതാക്കിയതിനും പഠിപ്പിച്ചതിനും… പേടിക്കണ്ട.. ഒട്ടും കുറയില്ല.. അമ്മയ്ക്ക് വീതം കിട്ടിയ സ്വത്ത് വിറ്റതാ… ഇനി കുറഞ്ഞു പോയാൽ പറഞ്ഞാൽ മതി… എത്തിച്ചോളാം.. നിങ്ങൾ വരാൻ കാത്തിരിക്കുകയായിരുന്നു.. അമ്മയും ഞങ്ങളും ഇറങ്ങുകയാ… സീതാലയം ഒരു അരക്കില്ലമാണ് … ഇവിടെ എരിഞ്ഞു തീരാൻ ഞങ്ങളൊരുക്കമല്ല…”
അവൻ സീതാലക്ഷ്മിയുടെ കയ്യിൽ പിടിച്ചു…
“അമ്മ വാ…”
അവർ കത്തുന്ന കണ്ണുകളാൽ ദേവരാജനെ ഒന്ന് നോക്കി അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി… പിന്നാലെ ശിവാനിയും… അവർ കയറിയ കാർ ഗേറ്റ് കടന്നു പോകുന്നത് ദേവരാജൻ കണ്ടു…
“പോ… എല്ലാവരും പോ… എനിക്കൊരു ചുക്കുമില്ല.. ഞാൻ തളരില്ല… ഇനിയും വളരും.. ഉയരങ്ങളിലേക്ക്… തടസ്സം നിൽക്കുന്നതെല്ലാം ഇനിയും വെട്ടി മാറ്റും. “
അയാളുടെ ഗുണ്ടകൾ മാത്രമായിരുന്നു കേൾവിക്കാർ…
**********
ഫാമിലെ പന്നിക്കൂടിന് മുന്നിൽ ചളിയിൽ കിടക്കുകയാണ് സന്തോഷ്… അടികൊണ്ട് അവശനായ അവനെ വാസവൻ ചാരിയിരുത്തി..
“നീ ആള് കൊള്ളാമല്ലോടാ. ഞങ്ങളെ കുറിച്ച് അറിഞ്ഞിട്ടും ചാരപ്പണി എടുക്കാൻ നിനക്ക് ധൈര്യം കിട്ടിയല്ലോ.. എത്ര ക്യാഷ് തരാമെന്നാ ഓഫർ..?”
അവൻ ഒന്നും മിണ്ടിയില്ല… വാസവൻ കാല് വീശി അവന്റെ മുഖത്തടിച്ചു .. ഒരു കവിൾ ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് സന്തോഷ് ഒന്ന് ചിരിച്ചു…
“പണത്തിനു വേണ്ടിയാണ് എന്ന് കരുതിയോ? വിഡ്ഢി… നീയും നിന്റെ മറ്റവന്മാരും ചെയ്തു കൂട്ടിയതെല്ലാം അറിഞ്ഞപ്പോൾ എല്ലാരേയും കൊന്ന് ജയിലിൽ പോകാൻ തോന്നിയതാ… നിന്റെയൊക്കെ പഴയ കഥകൾ കേൾക്കുന്ന എല്ലാർക്കും ആ വികാരമേ തോന്നൂ… പക്ഷേ വേറൊരാളുടെ ബലിമൃഗത്തെ ഞാൻ കൊല്ലുന്നത് ശരിയല്ലല്ലോ..”
വാസവൻ കൗതുകത്തോടെ അവനെ നോക്കി..
“മരണം ഉറപ്പിച്ചിട്ടും നിന്റെ ആത്മവിശ്വാസം ഗംഭീരം തന്നെ… പക്ഷേ അനിയാ… ആയുർരേഖ മുറിഞ്ഞത് നീ ശ്രദ്ധിച്ചില്ലല്ലോ.. നിന്നെ കൊന്ന് നിന്റെ പുതിയ കൂട്ടുകാർക്ക് കൊടുക്കാൻ പോകുകയാ. “
കൈ ചുരുട്ടി സന്തോഷിന്റെ നെഞ്ചിൽ അയാൾ ആഞ്ഞിടിച്ചു..അവൻ ഉറക്കെ ചുമച്ചു.. പക്ഷേ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു..
“ആരുടെ മരണം ഉറപ്പിച്ചെന്ന്…? വാസവാ.. എന്റെ ജീവൻ രക്ഷിക്കാമെന്ന് വാക്ക് തന്നത് ആരാണെന്നറിയോ? യമധർമ്മനാ… സാക്ഷാൽ കാലൻ… ആ വാക്ക് പാലിക്കപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്…”
“എന്നാൽ അതൊന്ന് കാണണമല്ലോ..”
വാസവൻ കശാപ്പ് കത്തി എടുത്തു..
“ഇവിടെ വന്നു നിന്നെ രക്ഷിക്കാനുള്ള ചങ്കൂറ്റം ആർക്കാണെന്ന് എനിക്കറിയണം..”
കത്തി വീശാൻ തുടങ്ങുമ്പോൾ ഒരു ചൂളം വിളി കേട്ടു… അയാൾ തിരിഞ്ഞു നോക്കി..പിറകിലെ പന്നിക്കൂടിലേക്ക് തീറ്റ ഇട്ടുകൊടുക്കുന്ന അഭിമന്യു..
“ഇവറ്റകൾക്ക് ഒന്നും കൊടുക്കാറില്ലേ? തൂക്കം കുറവാണല്ലോ? “
വാസവൻ അവനെ തന്നെ നോക്കി നില്കുകയായിരുന്നു.ശത്രു തന്റെ തൊട്ട് മുന്നിൽ… അയാളുടെ കണ്ണുകളിൽ ഇരയെ കിട്ടിയ വേട്ടക്കാരന്റെ സന്തോഷം തെളിഞ്ഞു…
“നീയാണല്ലേ രക്ഷകൻ..?”
“ശോ… അങ്ങനൊന്നും ഇല്ല… ചെറുതായിട്ട്..”
അഭിമന്യു നാണം അഭിനയിച്ചു..പിന്നെ സന്തോഷിനെ നോക്കി..
“നല്ലോണം കിട്ടിയോ?”
“ഇച്ചിരി.. കുഴപ്പമില്ല… സാർ കറക്ട് ടൈമിൽ എത്തിയല്ലോ…” സന്തോഷ് മുഖത്തെ ചോര തുടച്ചു..
“ഇവിടെ എത്തിപ്പെടാൻ കുറച്ചു പണിപ്പെട്ടു. എന്തു സ്ഥലമാ ഇത്? ആമസോൺ കാട് പോലെയുണ്ട്…”
അവൻ ഷൂ ലേസ് മുറുക്കി കെട്ടി…
“വാസവാ… സമയം കളയണ്ട. അല്ലേ.?”
“അതേടാ… വാ… ആദ്യം നീ… പിന്നെ ഇവൻ… “
വാസവൻ കത്തിയും കൊണ്ട് മുന്നോട്ട് വന്നു…. അഭിമന്യുവിന്റെ ചിരി മാഞ്ഞു.. മുഖത്ത് പക നിറഞ്ഞു…ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്ത് അവൻ മുന്നോട്ട് കുതിച്ചു.വാസവന്റെ കാലിൽ ചവിട്ടി അവൻ അന്തരീക്ഷത്തിൽ ഉയർന്നു. പിന്നെ കൈ മുട്ട് കൊണ്ട് അയാളുടെ തലയ്ക്കു മധ്യത്തിൽ ആഞ്ഞിടിച്ചു.. വാസവന്റെ കാഴ്ച മങ്ങി… ശരീരം മൊത്തം വിറച്ചു.. അടുത്ത ഇടി കീഴ്ത്താടിയിൽ ആയിരുന്നു.. നാവ് പല്ലുകൾക്കിടയിൽ പെട്ട് മുറിഞ്ഞു… കഠിനമായ വേദനയും ദേഷ്യവും കാരണം അയാൾ ഉറക്കെ അലറി… പിന്നെ അഭിമന്യുവിന്റെ വയറിൽ തൊഴിച്ചു.. അവൻ പിന്നിലേക്ക് വീണു…
പിന്നെ യുദ്ധം തന്നെയായിരുന്നു.. എതിരാളി നിസ്സാരൻ അല്ലെന്ന് രണ്ടുപേർക്കും തോന്നി… അഭിമന്യുവിന്റെ കഴുത്തിൽ അയാളുടെ ഇടം കൈ മുറുകി.. സന്തോഷ് കയ്യിൽ കിട്ടിയ വടിയുമായി ഓടി വന്നെങ്കിലും അഭിമന്യു കണ്ണുകൾ കൊണ്ട് തടഞ്ഞു.. പിന്നെ വാസവനെ നോക്കി പല്ലിളിച്ചു.. അയാൾക്ക് ഒന്നും മനസിലായില്ല.. പെട്ടെന്ന് അഭിമന്യുവിന്റെ കയ്യിൽ രണ്ടിഞ്ച് മാത്രം നീളമുള്ള ഒരു ചെറിയ കത്തി പ്രത്യക്ഷപ്പെട്ടു.. വാസവന് തടയാൻ കഴിയും മുൻപ് അത് അയാളുടെ ഇടത് കണ്ണിൽ ആഴ്ന്നിറങ്ങി… ഒരു നിലവിളിയോടെ അയാൾ പിറകോട്ടു മാറി…
അഭിമന്യു നിലത്തേക്ക് കുനിഞ്ഞ് അയാളുടെ കാലിൽ പിടിച്ചുയർത്തി. അതോടെ വാസവൻ തലയിടിച്ചു വീണു.. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൻ അയാളുടെ കാൽപാദത്തിന് പിറകിലെ ഞരമ്പ് മുറിച്ചു മാറ്റി പിന്നെ നെഞ്ചിൽ കയറി ഇരുന്ന് വലത്തെ കണ്ണിലും കത്തി ഇറക്കി.. വാസവന്റെ കരച്ചിൽകേട്ട് കൂട്ടിൽ കിടന്ന പന്നികൾ അങ്ങോട്ടുമിങ്ങോട്ടും വിരണ്ട് ഓടി…
“വാസവാ…. ഞാൻ ചില ചോദ്യങ്ങൾ ചോദിക്കും… കറക്ട് ഉത്തരം പറഞ്ഞാൽ മരണം എളുപ്പത്തിലാകും…”
അയാൾ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.. അഭിമന്യു കത്തി അയാളുടെ കവിളിൽ കുത്തികയറ്റി…
“ചുമ്മാ മോങ്ങിക്കൊണ്ട് എന്റെ സമയം കളയരുത്…. ചോദ്യം നമ്പർ വൺ.. മാധവേട്ടനെ കൊന്നത് ആരാ? നീ കൂടെ ഉണ്ടായിരുന്നു എന്നറിയാം… പക്ഷേ ആരാണ് അദ്ദേഹത്തിന്റെ കഴുത്തിൽ കൊലക്കയർ മുറുക്കിയത്…? ഉത്തരം വൈകും തോറും നിന്റെ മുറിവുകൾ കൂടും..”
“സത്യപാലൻ സാർ…” വാസവൻ പെട്ടെന്ന് പറഞ്ഞു…
“സാർ വേണ്ട…. വെറും സത്യപാലൻ… ഒന്നൂടെ പറഞ്ഞേ..”
“സത്യപാലൻ….” അയാളുടെ സ്വരം വിറച്ചു… കണ്ണുകളിൽ നിന്നും കവിളിലിൽ നിന്നും രക്തം കുതിച്ചൊഴുകിക്കൊണ്ടിരുന്നു..
“എന്റെ ചേച്ചിയെ കൊന്നത് ആരാ? ആരുടെ പല്ലിന്റെയും നഖത്തിന്റെയും മുറിവുകളാ എന്റെ ചേച്ചിയുടെ ദേഹത്ത് ഉണ്ടായിരുന്നത്..?”
“സത്യപാലന്റെ…” ഉത്തരം വൈകിയില്ല… അഭിമന്യുവിന്റെ മുഖം വലിഞ്ഞു മുറുകി…
“നിനക്കറിയോ വാസവാ… പണ്ട്, ഞാനും ചേച്ചിയും ദുർഗയും മുറ്റത്തു ക്രിക്കറ്റ് കളിക്കുകയായിരുന്നു.. ഞാൻ അടിച്ച ബോൾ ചേച്ചിയുടെ കയ്യിൽ കൊണ്ട് ചുവന്നു തടിച്ചു… ഞാൻ ഉറക്കെ കരയുന്നത് കണ്ട് അവരൊക്കെ കളിയാക്കി…’സാരമില്ലെടാ എനിക്കൊന്നും പറ്റിയില്ല’ എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിച്ചെങ്കിലും രണ്ടു ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല….ആ ചേച്ചിയെയാണെടാ പട്ടീടെ മോനെ നീയൊക്കെ കൂടി കൊന്നത്… ആ ചേച്ചിയുടെ ദേഹമാ കടിച്ചു പറിച്ചത്…. അതും വയറ്റിലൊരു കുഞ്ഞ് ഉണ്ടെന്ന് കൂടി ഓർക്കാതെ..”
അവൻ കത്തി വീശി.. അയാളുടെ ഇടതു ചെവി അറ്റു വീണു….വാസവൻ വീണ്ടും നിലവിളിച്ചു… സന്തോഷ് ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ്…ഫോൺ അടിക്കുന്നത് കേട്ട് അഭിമന്യു ചുറ്റും നോക്കി.. പന്നികളെ കൊല്ലുന്ന സ്ഥലത്ത് അരഭിത്തിയിൽ വാസവന്റെ മൊബൈൽ കിടപ്പുണ്ടായിരുന്നു,.. അവൻ അതെടുത്തു.. എസ് പി സാർ കാളിംഗ്..
“പോലീസ് സൂപ്രണ്ട് ആണോടാ? അതോ സത്യപാലനോ..?”
വാസവൻ കരയാൻ പോലും ശേഷിയില്ലാതെ കിടക്കുകയാണ്..
“ചോദിക്കുന്നതിനു മറുപടി കിട്ടിയില്ലെങ്കിൽ ഞാൻ ഒന്നിൽ നിന്ന് തുടങ്ങും..”
“സത്യപാലനാ…” അയാൾ പറഞ്ഞൊപ്പിച്ചു.. അഭിമന്യു കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു..
“എന്തായി..?.. തീർന്നോ?” സത്യപാലന്റെ പരുക്കൻ ശബ്ദം..
“ഇപ്പൊ തീരും സാറേ..” അഭിമന്യു പന്നിയെ അടിച്ചു കൊല്ലുന്ന കൂടം വലതു കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു..അപ്പുറത്ത് കുറച്ച് സമയം നിശബ്ദത..
“ആരാടാ നീ?” സത്യപാലൻ ചോദിച്ചു..
“അതെന്നാ ചോദ്യമാ സാറേ.. ഈ മലമുകളിൽ വാസവനെ തേടി വേറാരു വരാനാ…?”
“നിനക്കു തോന്നുന്നുണ്ടോ അവനെ പിടിച്ച് എന്നെയങ്ങു ഒലത്തി കളയാമെന്ന്?”
“ഇല്ലല്ലോ.. നിനക്കു ഉള്ളത് ഞാൻ നേരത്തെ എഴുതി വച്ചിട്ടുണ്ട്…ഇത് ചുമ്മാ.. നമ്മള് വിഷുവിനു പടക്കം മേടിച്ചാൽ വീട്ടിൽ എത്തിയ ഉടനെ അതിൽ നിന്ന് ഒന്നുരണ്ടെണ്ണം വെറുതെ എടുത്ത് പൊട്ടിച്ചു നോക്കില്ലേ? അതു പോലെ തന്നെ..”
“നീ കരയും… കൊന്നു താ എന്ന് പറഞ്ഞു എന്റെ കാലുപിടിക്കും.. ഓർത്തോ”… മുന്നറിയിപ്പ് പോലെ സത്യപാലൻ പറഞ്ഞു..
“കരച്ചിൽ പതിനഞ്ചാമത്തെ വയസിൽ നിർത്തിയതാ… ഇനി ഉണ്ടാകില്ല.. നീ ലൈനിൽ തന്നെ നിൽക്ക്. ഒന്ന് കേൾപ്പിക്കാം..”
ഫോൺ അരഭിത്തിയിൽ വച്ച് അഭിമന്യു വാസവന്റെ അടുത്തെത്തി… കൂടം കൊണ്ട് അയാളുടെ തലയിൽ ഓങ്ങി അടിച്ചു… തലയോട്ടി ഉടഞ്ഞു രക്തം തെറിച്ചു.. ആ കാഴ്ച കാണാനാകാതെ സന്തോഷ് കണ്ണുകൾ ഇറുക്കി അടച്ചു… ഒന്ന് വിറച്ച ശേഷം വാസവന്റെ ശരീരം നിശ്ചലമായി…. അവൻ വീണ്ടും ഫോൺ എടുത്തു..
“എസ് പി സാറിന്റെ അരുമശിഷ്യൻ യശശ്ശ രീരനായ വിവരം വ്യസനപൂർവം അറിയിച്ചു കൊള്ളുന്നു…”
സത്യപാലൻ ഉറക്കെ തെറിവിളിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു…അഭിമന്യു ടാപ് തുറന്ന് കയ്യും മുഖവും കഴുകി…പിന്നെ സന്തോഷിനെ നോക്കി..
“തമിഴ്നാട്ടിലെ കാരക്കുടിയിൽ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.. നിങ്ങളും കുടുംബവും അങ്ങോട്ട് മാറിക്കോ… പേടിക്കാനൊന്നുമില്ല.. സ്വാമിയേട്ടന്റെ നാടാണ്.. ഇവിടുത്തെ ശുദ്ധികലശം കഴിഞ്ഞിട്ട് വന്നാൽ മതി..”
സന്തോഷ് തലയാട്ടി… നാല് ചെറുപ്പക്കാർ അങ്ങോട്ട് വന്നു.. കൂടെ സ്വാമിനാഥനും..
“ഇവിടെ ഒന്ന് ക്‌ളീൻ ആക്കണം… അതിന് ശേഷം പന്നികളെ തുറന്നു വിട്ടിട്ട് മൊത്തം തീയിട്ടേക്ക്..”
അവർ കയ്യിലിരുന്ന ബാഗുകൾ നിലത്ത് വച്ചു തുറന്നു…
“സ്വാമിയേട്ടാ… സന്തോഷിനെയും കുടുംബത്തെയും ഇപ്പോൾ തന്നെ നാടുകടത്തണം… ഇദ്ദേഹത്തിന്റെ അളിയൻ മധുവിന് വരാൻ താല്പര്യം ഉണ്ടെങ്കിൽ മൂപ്പരെയും കൂട്ടിക്കോ…”
“നീയിനി എങ്ങോട്ടാ മോനേ?”
“കുറച്ചു പേർസണൽ ജോലി ബാക്കിയുണ്ട്.. അത് തീർത്തിട്ട് വരാം..”
അവൻ ഫാമിനു വെളിയിലേക്ക് ഇറങ്ങി നടന്നു…
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission