അശോകന്റെ വീട്ടിൽ നിന്നും ദേവരാജൻ പുറത്തിറങ്ങിയപ്പോൾ ജോസ് കാത്തു നിൽപുണ്ടായിരുന്നു..
“സത്യൻ എവിടെടാ?”
“ഹോട്ടലിലേക്ക് പോയിരിക്കുകയാണ്..മനോജും ഉണ്ട് കൂടെ..”
“നീ വണ്ടിയെടുക്ക്.. കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്..”
“അശോകൻ സാർ എന്തു പറഞ്ഞു?”
കാർ ഓടിച്ചു കൊണ്ടിരിക്കെ ജോസ് ചോദിച്ചു..
“ഹൈദരാബാദിൽ പോകുകയാ, ഇയാളുടെ തല തെറിച്ച അനിയന്റെ കൂടെ തന്നെ നമ്മൾ ഉണ്ടാകണം എന്നും പറയാൻ വിളിപ്പിച്ചതാ.”
“നമ്മളെ കാവൽക്കാർ ആക്കിയോ?.. ഛെ.. ഇതിലും ഭേദം നാട്ടിൽ ബ്ലേഡിന്റെ പണി ആയിരുന്നു..”
“എടാ. ഡൽഹിയിൽ നിന്ന് രണ്ടു മണ്ടന്മാർ ഹോട്ടലിൽ താമസിക്കുന്നില്ലേ? അവരു വഴി കിട്ടാൻ പോകുന്നത് കോടികളാ.. അവരുടെ ബ്ലാക്ക് മണി വെളുപ്പിക്കണം… അതിനുള്ള മറയാണ് ഈ ഫാക്ടറിയും മറ്റ് ബിസിനസുമൊക്കെ … അത് അശോകനെക്കാൾ വൃത്തിയായി നമ്മൾ വെളുപ്പിച്ചു കൊടുത്താലോ? ഇവരുടെ മറ്റ് ടീമും നമ്മുടെ അടുത്തേക്ക് വരും… അല്ലേ?”
“അതിന് അശോകൻ സമ്മതിക്കുമോ?”
“ഇല്ല..”
“പിന്നെന്ത് ചെയ്യും? “
ദേവരാജൻ ക്രൂരമായി പുഞ്ചിരിച്ചു..
“ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ..”
“മനസിലായില്ല മുതലാളീ…”
വഴിയേ മനസിലായിക്കോളും..സമയമെന്തായി?”
“മൂന്ന് മണി..”
“നാലുമണിക്കല്ലേ സ്കൂൾ വിടുക?. വേഗം ഹോട്ടലിലേക്ക് പോ..”
ജോസ് കാറിന്റെ വേഗം കൂട്ടി..
**********
രണ്ട് ദിവസങ്ങൾക്കു ശേഷം…
ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള ആദ്യത്തെ പിരീഡ്.. ഒരു കണക്ക് , ബോർഡിൽ എഴുതി തിരിഞ്ഞ വൈശാലി കണ്ടത് മൂന്നാമത്തെ ബഞ്ചിലെ രണ്ട് ആൺകുട്ടികൾ എന്തോ സംസാരിക്കുന്നതാണ്…
“നവീൻ, റിജോ…സ്റ്റാൻഡ് അപ്പ്…”
അവർ പതിയെ എഴുന്നേറ്റു..
“എന്താ ഇത്രയ്ക്ക് പറയാനുള്ളത്? ഞാൻ നിങ്ങൾക്ക് ഒരുപാട് പ്രാവശ്യം വാണിങ് തന്നിട്ടുള്ളതാണ് ക്ലാസ്സ് എടുക്കുമ്പോ സംസാരിക്കരുതെന്ന്… താല്പര്യമില്ലെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ട് വരുന്നേ? മറ്റു കുട്ടികളെ ബുദ്ധിമുട്ടിക്കാനോ?”
അവൾക്ക് ദേഷ്യപ്പെട്ടു.. നവീൻ എന്തോ ബാഗിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് അവൾ കണ്ടു..
“തന്റെ കയ്യിലെന്താ..?”
അവൾ അടുത്ത് ചെന്നപ്പോൾ അവൻ ബാഗിൽ മുറുകെ പിടിച്ചു…
“കാണിക്ക്.. നോക്കട്ടെ…”
“ഒന്നുമില്ല..ടീച്ചർ..”
“ബാഗ് തുറക്ക്…”
അവന്റെ മുഖത്തെ പരിഭ്രമം മാറി ദേഷ്യം ഇരച്ചു കയറുന്നത് വൈശാലി കണ്ടു.
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ?”
അവൾക്കും വാശിയായി..
“എന്റെ ക്‌ളാസിൽ നീയൊക്കെ എന്താ ചെയ്തുകൊണ്ടിരുന്നത് എന്നറിയാനുള്ള അവകാശം എനിക്കുണ്ട്… അതു കഴിഞ്ഞിട്ട് മതി ബാക്കി പഠിത്തം…”
അവൾ ബാഗിൽ പിടിത്തമിട്ടു… പൊടുന്നനെ അവളെ തള്ളി മാറ്റി അവൻ പുറത്തേക്ക് പാഞ്ഞു… പിന്നാലെ റിജോയും.. കാൽ തെറ്റി വൈശാലി നിലത്തു വീണു.. പെൺകുട്ടികളുടെ ഇടയിൽ നിന്ന് നിലവിളികൾ ഉയർന്നു… രണ്ടു കുട്ടികൾ വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…
“ടീച്ചറേ… ഇത് നോക്കിക്കേ..”
ഒരു പെൺകുട്ടി തറയിൽ നിന്നും എന്തോ എടുത്ത് അവൾക്ക് നേരെ നീട്ടി.. വൈശാലി അതു വാങ്ങി.. നവീനിന്റെ ബാഗിൽ നിന്നും പുറത്തേക്ക് തെറിച്ചതാണ്.. ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ്.. അതിൽ വെളുത്ത നിറത്തിലുള്ള പൊടി.. അവളുടെ മനസ്സിൽ ഭീതി നിറഞ്ഞു.. പെട്ടെന്ന് തന്നെ അവൾ സ്റ്റാഫ് റൂമിലേക്ക് ഓടി.. മറ്റ് അദ്ധ്യാപകർക്ക് അത് കാട്ടികൊടുത്ത് നടന്നത് വിവരിച്ചു.. എല്ലാവരും തരിച്ചു നിൽക്കുകയാണ്..
“ടീച്ചറേ… ഇത്, ഡ്രഗ്സ് ആണല്ലോ? നമ്മുടെ കുട്ടികൾക്ക് ഇതെവിടുന്നു കിട്ടി..?”
കെമിസ്ട്രി അധ്യാപകനായ മുകുന്ദൻ അമ്പരപ്പോടെ ചോദിച്ചു..
“സ്റ്റുഡന്റ്സിൽ ചിലരുടെ പെരുമാറ്റത്തെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ നിങ്ങളാരും വിശ്വസിച്ചില്ലല്ലോ… ഇപ്പോൾ കണ്ടോ…? എന്തായാലും പോലീസിൽ റിപ്പോർട്ട് ചെയ്യണം,..”
“ഇതിപ്പോ പുറത്ത് അറിഞ്ഞാൽ സ്കൂളിന്റെ പേര് പോകും..വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്ത അദ്ധ്യാപകർ എന്ന പഴിയും വീഴും…”
പ്രിൻസിപ്പൽ കോശി സാർ പറഞ്ഞു..
“അതുകൊണ്ട്? ആരോടും പറയാതെ മൂടി വയ്ക്കാം എന്നാണോ? സാറേ… ഇത് മയക്കുമരുന്നാണ്… അതും പത്താം ക്‌ളാസിലെ കുട്ടികളുടെ കയ്യിൽ… വൈശാലി ടീച്ചർ പറഞ്ഞതാണ് ശരി.. എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കണം….”
മുകുന്ദൻ വൈശാലിയുടെ പക്ഷം ചേർന്നു.. എല്ലാവരും നിർബന്ധിച്ചതോടെ കോശി ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു…
*********
“മോള് ആരെയും പേടിക്കണ്ട.. എന്നോട് സത്യം പറഞ്ഞോ.. ടീച്ചർ വഴക്കു പറഞ്ഞത് കൊണ്ടൊന്നും അല്ല മോളിത് ചെയ്തത് എന്ന് എനിക്ക് നന്നായി അറിയാം.. എന്താണ് ശരിക്കും പ്രശ്നം?”
മാധവൻ സൗമ്യമായ സ്വരത്തിൽ രേണുകയോട് ചോദിച്ചു.. അവൾ കട്ടിലിൽ കൂനിക്കൂടി ഇരിക്കുകയാണ്… ഭയം നിറഞ്ഞ കണ്ണുകൾ… അവളുടെ അച്ഛൻ കൃഷ്ണൻ അടുത്ത് നിൽപ്പുണ്ട്..
“കൃഷ്ണേട്ടാ… ഞാൻ മോളോടൊന്ന് ഒറ്റയ്ക്ക് സംസാരിച്ചോട്ടെ? അഞ്ചു മിനിട്ട് മതി “
അപേക്ഷ പോലെ മാധവൻ ചോദിച്ചപ്പോൾ അയാൾ പുറത്തേക്കിറങ്ങി…മാധവന്റെ കൂടെ ആ വീട്ടിലേക്ക് വന്ന നാലഞ്ച് ചുമട്ടു തൊഴിലാളികൾ മുറ്റത്തു മാറി നില്കുന്നുണ്ട്.
“ഇനി മോള് പറഞ്ഞോ… എന്തായാലും ഞാൻ നോക്കിക്കോളാം.. ആരോടും പറയില്ല.. ആരും അറിയില്ല.. ഇതെന്റെ വാക്കാ.. എനിക്കും ഒരു അനിയത്തിയുണ്ട്…”
പലവട്ടം നിർബന്ധിച്ചപ്പോൾ രേണുക അയാളുടെ കയ്യിൽ പിടിച്ചു..
“എനിക്ക് പേടിയാ… അവരെന്നെ..”
“ആരും മോളെ ഒന്നും ചെയ്യില്ല..”
“ബർത്ത്ഡേ പാർട്ടി ആണെന്ന് പറഞ്ഞിട്ടാ ഞാനും ഹസീനയും ഒരു ശനിയാഴ്ച നവീനിന്റെ കൂടെ ആ ഹോട്ടലിൽ പോയത്..”
“ഹസീനയും നവീനുമൊക്കെ മോളുടെ ക്‌ളാസ്‌മേറ്റ്സ് ആണോ?”
“അതെ..”
“ഏത് ഹോട്ടലിൽ?”
“സിറ്റി ടവർ…”
“എന്നിട്ട്..”
“അവിടെ റിജോയും പത്തു സി യിലെ വേറെ കുറച്ച് കുട്ടികളും ഉണ്ടായിരുന്നു.. കേക്ക് ഒക്കെ മുറിച്ചു,.. ഞാൻ അപ്പൊ അവനോട് ചോദിച്ചതാ ഇവിടെ ഒത്തിരി പൈസ ആവില്ലേ എന്ന്… അവൻ പറഞ്ഞു അവന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വകയാണ് പാർട്ടി, എല്ലാം അയാള് നോക്കുമെന്ന്..”
അവൾ പുതപ്പിന്റെ അറ്റം കൊണ്ട് കണ്ണീർ തുടച്ചു…
“പെൺകുട്ടികൾക്ക് മുകളിൽ ഫുഡ് റെഡിയാണെന്നും ക്ലാസിലെ മറ്റുള്ളവരും വരുമെന്ന് പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയി റൂമിൽ ഇരുത്തി.. കുറെ കഴിഞ്ഞപ്പോ ഒരു അങ്കിൾ വന്നു പരിചയപ്പെട്ടു.. സ്വന്തം ഹോട്ടലാണെന്നും, ഞങ്ങളുടെ പ്രായത്തിലുള്ള മക്കൾ ഉണ്ടെന്നുമൊക്കെ പറഞ്ഞു… പിന്നെ ഞങ്ങൾക് ഐസ്ക്രീം തന്നു..അതു തിന്നപ്പോ ഉറക്കം വന്നു ഏട്ടാ.. എണീറ്റപ്പോൾ എന്റെ ഡ്രസ്സ് ഒക്കെ ആരോ.. “
അവളുടെ ശബ്ദം മുറിഞ്ഞു..മാധവൻ അവിശ്വസനീയതയോടെ കേട്ടിരിക്കുകയാണ്..
“വേറെ ഏതോ ഒരാൾ അവിടെ കിടക്കുന്നുണ്ടായിരുന്നു.. ഞാൻ ഉറക്കെ കരഞ്ഞു… അപ്പോൾ നേരത്തെ കണ്ട അങ്കിൾ അങ്ങോട്ട് വന്ന് എന്നെ അടിച്ചു… ഞാൻ ഉറങ്ങിയപ്പോൾ എന്റെ ഡ്രസ്സ് ഇല്ലാത്ത വിഡിയോയും ഫോട്ടോയുമൊക്കെ എടുത്തു വച്ചിട്ടുണ്ട്, അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു..എനിക്ക് പേടിയായി ഏട്ടാ…. നല്ല വേദന ഉണ്ടായിരുന്നു. നടക്കുമ്പോൾ ചോര വരുന്നു..എങ്ങനെയൊക്കെയോ പുറത്തേക്ക് വന്നപ്പോൾ ഹസീനയെ കണ്ടു.. അവളെയും അവർ എന്നെ ചെയ്തത് പോലെ തന്നെ…”
രേണുക, മാധവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. ദേഷ്യവും സങ്കടവും കൊണ്ട് അയാളുടെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു…
“പനിക്കുന്നു എന്ന് പറഞ്ഞു രണ്ടു ദിവസം സ്കൂളിൽ പോയില്ല.. മൂന്നാമത്തെ ദിവസം പോയപ്പോൾ നവീൻ വന്നു കുറെ മാപ്പ് പറഞ്ഞു.അവർക്ക് വേണ്ടി മയക്കുമരുന്ന് കടത്താറുണ്ട്.. ഞങ്ങളെ അവിടെ എത്തിച്ചില്ലെങ്കിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നാ പറയുന്നത്.. “
“നവീൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ മോളേ?”
“ഉണ്ടെന്ന് പിന്നെയാ ഞാൻ അറിഞ്ഞേ. അവൻ മാത്രമല്ല ഏട്ടാ… സ്കൂളിലെ കുറെ കുട്ടികൾ ഉപയോഗിക്കാറുണ്ട്…”
“അതിന് ശേഷം മോളെ അവർ ഉപദ്രവിച്ചോ?”
ദയനീയമായി രേണുക മാധവനെ നോക്കി…പിന്നെ തല താഴ്ത്തി..
“കുറച്ചു ദിവസം കഴിഞ്ഞ് സ്കൂൾ വിട്ട് വരുമ്പോ വേറൊരാൾ അടുത്തു വന്ന് എന്നെ ഒരു ഫോട്ടോ കാണിച്ചു… ഞാൻ ആരുടെയോ കൂടെ കട്ടിലിൽ കിടക്കുന്നത്..അടുത്ത ദിവസം നാലുമണിക്ക് ശേഷം സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് വീട്ടിൽ പറഞ്ഞിട്ട് ഹോട്ടലിലേക് പോകണമെന്നും ഇല്ലെങ്കിൽ ആ ഫോട്ടോ എല്ലായിടത്തും ഒട്ടിക്കുമെന്നും പറഞ്ഞു… വേറെ വഴിയില്ലായിരുന്നു ഏട്ടാ… അവിടെ വച്ചു ആരൊക്കെയോ വീണ്ടും എന്നെ….”
കരയാൻ പോലും അവൾക്ക് ശേഷിയില്ല എന്ന് മാധവനു മനസിലായി…
“മറ്റ് ഏതെങ്കിലും പെൺകുട്ടികളെ അവർ ഇതുപോലെ?”
“ഉണ്ടെന്ന് തോന്നുന്നു..രണ്ടാമത് ഞാൻ പോയപ്പോൾ അടുത്ത റൂമിലേക്ക് ഒരു കുട്ടി പോകുന്നത് കണ്ടു.. ഞങ്ങളുടെ സ്കൂൾ യുണിഫോം ആയിരുന്നു. പക്ഷേ മുഖം കണ്ടില്ല…”
അയാൾക്ക് ഏകദേശം കാര്യങ്ങൾ മനസിലായി.. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അങ്ങോട്ട് കൊണ്ടുപോകും.. പത്താം ക്ലാസ് ആയത് കൊണ്ട് സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് വീട്ടിൽ പറഞ്ഞാൽ സംശയം തോന്നില്ല.. കൂടാതെ ഭൂരിഭാഗവും പാവപ്പെട്ടവരുടെ മക്കൾ… അവരൊരിക്കലും ഇങ്ങനൊരു ക്രൂരത നടക്കുമെന്ന് ചിന്തിക്കുകയില്ല…
“സാരമില്ല… മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല.. പേടിക്കണ്ടാട്ടോ… ഇനി ഒരാളും മോളെ ഉപദ്രവിക്കില്ല.. എല്ലാം ഏട്ടൻ നോക്കിക്കോളാം..ആര് ചോദിച്ചാലും ഇതെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്.. കേട്ടല്ലോ? “
രേണുകയുടെ പ്രതീക്ഷയോടെയുള്ള നോട്ടം കണ്ടപ്പോൾ അയാൾക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു..പുറത്തിറങ്ങിയ ഉടൻ അവളുടെ അച്ഛൻ അടുത്തെത്തി.
“കൃഷ്ണേട്ടാ.. അവളോട് തത്കാലം ഒന്നും ചോദിക്കണ്ട….”
“എന്തു പറ്റിയതാ മോനെ എന്റെ കുട്ടിക്ക്? ഇങ്ങനൊന്നും അല്ലായിരുന്നു അവൾ… എപ്പോഴും ബഹളം വച്ചു നടക്കും…ഇപ്പോൾ എന്തെങ്കിലും ചോദിച്ചാൽ കരച്ചിൽ മാത്രം.. ഞങ്ങൾ ആകെ വിഷമത്തിലാ..”
“വിഷമിക്കാനൊന്നുമില്ല.. എല്ലാം ഞാൻ പിന്നെ പറയാം… ഇപ്പോൾ കുറച്ചു തിരക്കുണ്ട്..”
മാധവൻ കൂട്ടുകാരോടൊപ്പം റോഡിലേക്ക് ഇറങ്ങി..
“എന്താടാ പ്രശ്നം? “
“രാജേട്ടാ.. ഹോട്ടൽ സിറ്റി ടവർ ആരുടെയാ?”
“അത് ഏതോ വരത്തന്മാരാ…കൂടെ അശോകനും അനിയനും…”
“ഏത്.. ഫാക്ടറി മുതലാളിയോ? “
“അതേടാ… താഴെ റെസ്റ്റോറന്റും മുകളിൽ റൂമുകളും… വല്യ പാർടീസ് ഒക്കെ വന്നു താമസിക്കാറുണ്ട്.. എന്താ കാര്യം?”
മാധവൻ ശബ്ദം താഴ്ത്തി എല്ലാം വിവരിച്ചു..
“എന്തൊക്കെയാ… ഈ കേൾക്കുന്നെ!! “
രാജൻ നെഞ്ചിൽ കൈവച്ചു..
“ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ…നമ്മുടെ നാട്ടിൽ, അതും നമ്മുടെ കുഞ്ഞുങ്ങളെ….. വിടരുത് ഒരുത്തനെയും..”
അയാൾ പല്ലു ഞെരിച്ചു..
“മാധവാ…നീ വണ്ടിയെടുക്ക്… “
“രാജേട്ടാ… എടുത്ത് ചാടി ഒന്നും ചെയ്യാൻ പാടില്ല.. കുട്ടികളുടെ ഭാവികൂടി നമ്മൾ നോക്കണം..”
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മാധവന്റെ ഫോൺ ശബ്ദിച്ചു… വൈശാലി ആണ്..
“നിന്നെ ഞാൻ അങ്ങോട്ട് വിളിച്ചാൽ മതിയോ? ഒരു പ്രശ്നമുണ്ട്..”
“അതിലും വലിയ പ്രശ്നമാ മാധവേട്ടാ ഇവിടെ..”
അവൾ പറഞ്ഞത് കേട്ട് അയാൾ ഞെട്ടിത്തരിച്ചു….
“എന്നിട്ട്? “
“പോലീസ് വന്നു.. പക്ഷേ സ്കൂൾ വിട്ടത് കൊണ്ട് കുട്ടികളോട് ഒന്നും ചോദിക്കാൻ പറ്റിയില്ല.. നാളെ വീണ്ടും വരാം എന്ന് പറഞ്ഞു പോയി..”
“ഓടിപ്പോയ കുട്ടികളോ?”
“അവർ വീട്ടിലെത്തിയില്ല എന്നാ പോലീസുകാർ പറയുന്നത്.”
“ശരി നീ വച്ചോ.. എനിക്ക് കുറച്ചു പണിയുണ്ട്..”
ഫോൺ പോക്കറ്റിലിട്ട് അയാൾ രാജനെ നോക്കി..
“രാജേട്ടാ… ലോഡിങ് കാരെ മുഴുവൻ വിളിക്കണം.. പിന്നെ ഓട്ടോക്കാരെയും… ഇനി ആ ഹോട്ടൽ അവിടെ വേണ്ട…നാളെ കേസ് ആയാൽ പറയാനുള്ള കാരണങ്ങൾ ഇപ്പോൾ പോയാൽ നമുക്ക് കിട്ടും.”
“എന്നാൽ വൈകിക്കണ്ട… കേറെടാ..”
ബൈക്കുകൾ ടൗണിലേക്ക് കുതിച്ചു…
***********
“ഏതോ പാർട്ടിക്കാരുടെ ജാഥ വരുന്നുണ്ടെന്ന് തോന്നുന്നു..”
ഹോട്ടൽ സിറ്റി ടവറിന്റെ സെക്യൂരിറ്റിക്കാരിൽ ഒരാൾ റോഡിലേക്ക് നോക്കി മറ്റേയാളോട് പറഞ്ഞു..
“ഇലക്ഷൻ അടുത്തില്ലേ.. ഇനി ഇതുതന്നെ ആയിരിക്കും..”
അയാൾ മറുപടി പറഞ്ഞു.. പക്ഷേ ആ തോന്നൽ തെറ്റായിരുന്നു എന്ന് മനസിലായപ്പോഴേക്കും പത്തോളം ബൈക്കുകൾ ഹോട്ടലിന്റെ മുറ്റത്തേക്ക് ഇരച്ചു കയറി.. പിന്നാലെ കുറെ ഓട്ടോറിക്ഷകളും..
ബൈക്ക് നിലത്തിട്ട് മുണ്ട് മടക്കി കുത്തി മാധവൻ അലറി..
“മുജീബേ.. വന്ന ജോലി കഴിയും വരെ പോലീസല്ല പട്ടാളം വന്നാൽ പോലും അകത്തു കയറരുത്..”
ഓട്ടോഡ്രൈവർമാർ രണ്ടു സെക്യൂരിറ്റിഗാർഡിനേയും മുറിയിലിട്ട് പൂട്ടി.. പിന്നെ ഗേറ്റ് അടച്ചു നിരന്നു നിന്നു.. അമ്പതോളം തൊഴിലാളികൾ ആദ്യം റെസ്റ്റോറന്റ് അടിച്ചു തകർത്തു… ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും സപ്ലെയർമാരുമെല്ലാം പുറത്തേക്കോടി.. അടഞ്ഞ ഗേറ്റിന് മുന്നിൽ കാവൽ നിന്നവർ അവരെയെല്ലാം ഒരു സൈഡിലേക്ക് മാറ്റി..
മാധവനും കൂട്ടാളികളും മുകളിലേക്ക് കുതിച്ചു.. അടഞ്ഞു കിടന്ന മുറികൾ ഓരോന്നായി ചവിട്ടി തുറന്നു.. ഒരു മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നവീനെയും റിജോയെയും അവർ കണ്ടെത്തി… അവിടെ മേശപ്പുറത്തെ ബാഗിൽ മയക്കുമരുന്ന് പൊതികളും… അതിനടുത്ത മുറിയിൽ നേർത്തൊരു കരച്ചിൽ കേട്ടപ്പോൾ മാധവൻ അങ്ങോട്ട് ഓടി… അയാളും രാജനും ഒന്നിച്ച് ചവിട്ടിയപ്പോൾ ലോക്ക് പൊളിഞ്ഞു.. അകത്തു കയറിയ അവർ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.. രണ്ടു മധ്യവയസ്കർ നഗ്നത മറയ്ക്കാൻ പാട് പെടുന്നു.. ബെഡിൽ അടിവസ്ത്രം മാത്രം ധരിച്ച് രണ്ടു പെൺകുട്ടികൾ.. അവരുടെ സ്കൂൾയൂനിഫോം തറയിൽ കിടക്കുന്നുണ്ട്… ആളുകളെ കണ്ടപ്പോൾ അവർ ഉറക്കെ കരഞ്ഞു.. മാധവൻ രണ്ടുപേരെയും കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു… രാജൻ നിലത്തു കിടന്ന ഡ്രെസ്സുകൾ അവർക്ക് നൽകി ബാത്‌റൂമിലേക്ക് തള്ളി വിട്ടു..
“മക്കളേ.. പേടിക്കണ്ട.. വേഗം ഡ്രസ്സ് ഇട്.. നമുക്ക് വീട്ടിൽ പോകാം..”
അയാൾ ബാത്റൂം ഡോർ വലിച്ചടച്ചു..പുറത്തേക്ക് ഓടാൻ തുടങ്ങിയ ഒരുത്തനെ മാധവൻ പൊക്കിയെടുത്ത് നിലത്തേക്ക് ഇട്ടു. മറ്റേയാളുടെ അടിവയറിൽ കാൽമുട്ട് കൊണ്ട് ആഞ്ഞിടിച്ചു.. അയാൾ ഇരുന്നുപോയി..
“കൊച്ചുമക്കളുടെ പ്രായമുള്ള പെൺകുട്ടികളെ വേണം നിനക്കൊക്കെ. അല്ലെടാ കഴുവേറികളെ…?”
മലർന്നു കിടക്കുന്നയാളുടെ നെഞ്ചിൽ തൊഴിച്ചു കൊണ്ട് മാധവൻ ചോദിച്ചു…മറ്റവന്റെ തല പിടിച്ച് രാജൻ ചുവരിൽ ഇടിച്ചു… അപ്പോഴേക്കും ആ പെൺകുട്ടികൾ ഡ്രസ്സ് ധരിച്ചു പുറത്തിറങ്ങി.. കരഞ്ഞു കൊണ്ട് തങ്ങളുടെ സ്കൂൾ ബാഗ് എടുത്തു…
” നിങ്ങൾ ഇവിടെ വന്നിട്ടില്ല.. കേട്ടല്ലോ?”
അവർ തലയാട്ടി..
“രാജേട്ടാ… പിന്നിലൂടെ വഴിയുണ്ടാകും.. ഇവരെ പുറത്തെത്തിക്കണം… ആരും കാണരുത്… മയക്കുമരുന്ന് കൊടുത്ത് കുട്ടികളെ വഴിതെറ്റിച്ചതിനാൽ നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു.. അതായിരിക്കണം കേസ്.. ഒരൊറ്റ പെൺകുട്ടിയുടെയും പേര് വരരുത്..”
“അത് ഞാനേറ്റു.. പക്ഷേ ആ രണ്ടു ആണ്പിള്ളേരുടെ കാര്യമോ?”
“അവരുടെ ഡീറ്റെയിൽസ് പോലീസിന് കിട്ടിയിട്ടുണ്ട്..എന്തായാലും പിടിക്കപ്പെടും.. സാരമില്ല… എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാം….”
രാജൻ പെൺകുട്ടികളെയും കൊണ്ട് പുറത്തേക്ക് പോയി..
“എവിടെടോ ഇതിന്റെ ഓണർ?”
എഴുന്നേൽക്കാൻ ശ്രമിക്കുന്നയാളോട് മാധവൻ ചോദിച്ചു..
“ക്യാ..?”
“ഹിന്ദിയോ?. സോറി.. ഞാൻ ഹിന്ദിയിൽ വീക്ക് ആണ്..”
മുന്നിലിരുന്ന മരക്കസേര കൊണ്ട് അയാളുടെ തലയിൽ ഒരടി… അതോടെ ബോധം പോയി.. നാല് ചുമട്ടു തൊഴിലാളികൾ അകത്തേക്ക് വന്നു…
“വേറെ ആരെയെങ്കിലും കിട്ടിയോ? “
“ഇല്ല.. ഒരു മുറി അടഞ്ഞു കിടക്കുന്നുണ്ട്.. ജോലിക്കാരൻ പറഞ്ഞത് മുതലാളിയാ അകത്ത് എന്നാ…”
“അവനെയാ എനിക്കും വേണ്ടത്.. ബിനൂ, മിക്കവാറും പോലീസ് ഇപ്പോൾ എത്തും..അതിനു മുൻപ് ഈ രണ്ടെണ്ണത്തിനെയും ഒന്ന് മിനുക്കി എടുക്കണം..ഇവന്മാർ ഈ ജന്മത്തിൽ ഒരു പെണ്ണിനേയും തൊടരുത് .. മുള്ളാൻ പോലും പറ്റരുത്… അതുപോലെയാക്കിക്കോ.. ജീവൻ മാത്രം ബാക്കി വച്ചാൽ മതി..”
“ഞാനേറ്റു… നീ അവനെ പൊക്ക്..”
മാധവൻ കോറിഡോറിലൂടെ ഇടത്തോട്ട് നടന്നു.. അങ്ങേയറ്റത്തെ റൂമിന് മുന്നിൽ മൂന്നു ഓട്ടോ ഡ്രൈവർമാർ നില്കുന്നുണ്ടായിരുന്നു..
“മാധവേട്ടാ ..അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുകയാ…നിങ്ങള് വന്നിട്ട് തുറക്കാമെന്ന് വച്ചു..”
“സമയമില്ലെടാ.. ആ പെരുച്ചാഴിയെ പുറത്തോട്ട് എടുക്ക്..”
എല്ലാവരും കൂടി രണ്ടര മിനിട്ട് കൊണ്ട് ആ വാതിൽ തകർത്തു… ദേവരാജൻ കയ്യിലെ കത്തി വീശി കൊണ്ട് മുന്നോട്ട് വന്നു…
“എല്ലാത്തിനെയും കൊന്നു കളയും ഞാൻ..”
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
“അപ്പോൾ ഇതാണ് ആള്… കുട്ടികളുടെ ജീവിതം വിറ്റ് കാശുണ്ടാക്കുന്നവൻ അല്ലേ?”
മാധവൻ അയാളെ അടിമുടി നോക്കി… പിന്നെ മേശപ്പുറത്തിരുന്ന ഫ്ലവർവേസ് എടുത്ത് അയാളെ എറിഞ്ഞു… ദേവരാജന് മാറാനുള്ള സമയം കിട്ടിയില്ല..മൂക്കിനാണ് കൊണ്ടത്.. അയാൾ പിറകിലേക്ക് വേച്ചു പോയി.. അടുത്ത ഇടി നെഞ്ചിന്… കൈ വേദനിക്കുന്നത് വരെ മാധവൻ അയാളെ തല്ലിച്ചതച്ചു…
ഏകദേശം അരമണിക്കൂർ കഴിഞ്ഞു പോലീസ് അകത്തു വരാൻ.. അപ്പോഴേക്കും ഹോട്ടൽ തൊണ്ണൂറ് ശതമാനത്തോളം തകർക്കപ്പെട്ടിരുന്നു… മയക്കുമരുന്നും ബാഗ് നിറയെ കാശും അവർ പോലീസ് കണ്ടെടുത്തു.. സാരമായി പരിക്കുകൾ പറ്റിയതിനാൽ ദേവരാജനെയും ഹിന്ദിക്കാരെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി…. മാധവനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജനരോഷം കാരണം അവർ പിൻവലിഞ്ഞു…പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാവാം എന്ന് അയാൾ പോലീസുകാർക്ക് വാക്ക് കൊടുത്തു..
*************
“അശോകേട്ടൻ ഇനി പറയാൻ ബാക്കിയൊന്നുമില്ല…”
മനോജ് രോഷത്തോടെ സത്യപാലനെ നോക്കി.
“നിങ്ങൾക്ക് നഷ്ടം ആ ഹോട്ടലിന്റെ കാശ് മാത്രമാ . ഞങ്ങൾക്കോ? എത്ര രൂപയുടെ മരുന്നാ നഷ്ടം എന്നറിയുമോ? അതു പോട്ടേന്ന് വയ്ക്കാം.. പോലീസ് കൊണ്ടുപോയ ഡൽഹിക്കാർ പൊന്മുട്ടയിടുന്ന താറാവ് ആയിരുന്നു…അതു നഷ്ടപ്പെട്ടു.. ചീത്തപ്പേര് വേറെയും… കസ്റ്റഡിയിലിരിക്കുന്ന പിള്ളേര് വല്ലതും പറഞ്ഞാൽ… സത്യപാലാ… നീയുംജോസും ഞാനും എന്റെ ഏട്ടനും എല്ലാവരും കമ്പിയെണ്ണും.. “
“ആർക്കും ഒരു കുഴപ്പവും ഉണ്ടാകില്ല..”
സത്യപാലന്റെ ശബ്ദത്തിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു…
“ആദ്യം ദേവരാജൻ മുതലാളിയെ ഇറക്കണം…”
“നിനക്ക് ഭ്രാന്തുണ്ടോ ? മയക്കുമരുന്ന് കേസ് ആണ്..ജാമ്യം പോലും കിട്ടില്ല.. “
“അത് കുറ്റം തെളിഞ്ഞാലല്ലേ..? മുതലാളിയുടെ ഹോട്ടലിൽ മുറിയെടുത്തവരുടെ കയ്യിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു..അതിൽ അദ്ദേഹത്തിന് പങ്കില്ല… പിന്നെ ആ ചെറുക്കന്മാർ… അവര് മുതലാളിയുടെ പേര് പറയില്ല.. അതിനുള്ളവഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്… പിന്നെ ഉള്ളത് പെൺകുട്ടികളാ.. അവര് കേസിൽ വരാതിരിക്കാൻ ആ ചുമട്ടുകാരൻ പ്രത്യേകം ശ്രദ്ധിച്ചത് നമുക്ക് ഗുണമായി… കാരണം മുതലാളി നേരിട്ട് സംസാരിച്ചത് അവരോട് മാത്രമാ…”
“എന്നാലും..”..
“ഒരെന്നാലുമില്ല… ആരാണ് നിങ്ങൾക്ക് ഡ്രഗ്സ് തന്നത് എന്ന് ആ പയ്യന്മാരോട് ചോദിക്കുമ്പോൾ അവര് രണ്ടാളെ കാണിച്ചു കൊടുക്കും… അവന്മാർ കുറ്റം സമ്മതിക്കും… ജയിലിൽ പോകും.. അതോടെ കേസ് ക്ലോസ്..”
“ആര്?”
“അതിനുള്ള ആളുകൾ എന്റെ കയ്യിലുണ്ട്… പക്ഷേ ചോദിക്കുന്ന കാശ് കൊടുക്കണം.അത് നിങ്ങൾ തരണം..”
“ഞങ്ങളോ..?”
“പിന്നല്ലാതെ? ദേവരാജൻ മുതലാളിയുടെ കയ്യിൽ ഒന്നുമില്ല… ആകെ ഉണ്ടായിരുന്നത് ഹോട്ടലാ.. ഇപ്പോൾ അതും പോയി..”
സത്യപാലൻ ഒരു സിഗരറ്റ് ചുണ്ടിൽ വച്ചു തീ കൊളുത്തി.പിന്നെ മനോജിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..
“പിന്നെ ഇത് ഔദാര്യം ഒന്നുമല്ല.. നിങ്ങളുടെ കടമയാ…”
“മനസിലായില്ല..?”
“ഡ്രഗ്സ് ബിസിനസിലൂടെ പെട്ടെന്ന് കാശുണ്ടാക്കാമെന്ന് പറഞ്ഞത് സാറും സാറിന്റെ ഏട്ടനുമാ… സമ്മതിച്ചു… സ്കൂൾ സ്റ്റുഡൻസിനെ വച്ചു നടത്തിയാൽ റിസ്ക് കുറവും ലാഭം കൂടുതലുമാണെന്ന ഐഡിയ എന്റെയാ.. അതിന് വേണ്ടി കഷ്ടപ്പെട്ടത് ഞാനും എന്റെ ആളുകളുമാ..ലാഭം നിങ്ങൾക്കും കിട്ടിയതല്ലേ….? പക്ഷേ സാറിന് അപ്പൊ വേറെ സൂക്കേട് തുടങ്ങി… പതിനഞ്ചുകാരികളുടെ മാംസത്തിന്റെ രുചി അറിയാൻ പൂതി… ആൺപിള്ളേരെ നിർബന്ധിച്ചു മയക്കുമരുന്നിന്റെ അടിമകളാക്കി കൂടെ പഠിക്കുന്ന കുട്ടികളെ ഹോട്ടലിൽ കൊണ്ട് വരാൻ ഏല്പിച്ചത് സാറാ.. ബോധം കെടുത്തി കൂടെ കിടന്നതും, അതു ഫോട്ടോയും വിഡിയോയും എടുത്ത് ഭീഷണിപ്പെടുത്തി പിന്നെയും പിന്നെയും ഉപയോഗിച്ചതുമൊന്നും ഞങ്ങൾക്ക് വേണ്ടിയായിരുന്നില്ലല്ലോ? ..നോർത്ത് ഇന്ത്യയിലെ ബിഗ് ഷോട്ടുകൾക്ക് കൗമാരക്കാരികളായ കന്യകമാരെ കൂട്ടി കൊടുത്താൽ മറ്റു ബിസിനസുകളിൽ മുതൽമുടക്കില്ലാതെ പാർട്ണർഷിപ്പ് തരാമെന്ന് പറഞ്ഞപ്പോഴാ ഞങ്ങളും ഇതിനു കൂട്ടുനിന്നതും, കാണാൻ കൊള്ളാവുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പെൺപിള്ളേരെ കണ്ടെത്തി ഹോട്ടലിൽ എത്തിച്ചതും…”
അയാൾ സിഗരറ്റ് തറയിലിട്ട് ചവിട്ടിയരച്ചു..
“പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.. ദേവരാജൻ മുതലാളി പുറത്തിറങ്ങണം… അതിന് വേണ്ട പണം നിങ്ങൾ തരണം.. ഇല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ റേപ്പ് ചെയ്ത കേസിനു സാറും അകത്തു പോകും.. അന്വേഷണം നോർത്ത് ഇന്ത്യയിലേക്ക് കടക്കും… ഇവിടെ വന്ന് അർമാദിച്ചിട്ട് പോയവന്മാരൊക്കെ കുടുങ്ങും. അതോടെ സാറിന്റെ ഏട്ടന്റെ ബിസിനസ് സാമ്രാജ്യം തകരും… ഇതൊക്കെ ഒഴിവാക്കണമെങ്കിൽ ആദ്യം മുതലാളി രക്ഷപ്പെടണം.. ഈ നഷ്ടപ്പെട്ടതൊക്കെ പത്തിരട്ടിയായി തിരിച്ചു പിടിക്കാം… എന്താ? സമ്മതമാണോ?”
വേറെ വഴിയില്ല എന്ന് മനോജിന് മനസിലായി..
“അശോകേട്ടനോട് ആലോചിക്കണം..”
“അതൊക്കെ നിങ്ങളുടെ കാര്യം.. പക്ഷേ എത്രയും പെട്ടെന്ന് വേണം… മുതലാളി ഇറങ്ങിയ ഉടൻ നമ്മൾ അടുത്ത കളി തുടങ്ങും.. “
സത്യപാലൻ പുറത്തേക്ക് നടന്നു… കുറച്ച് സമയം ആലോചിച്ച ശേഷം മനോജ് ഫോണെടുത്ത് അശോകന്റെ നമ്പർ ഡയൽ ചെയ്തു..
*************
വിചാരണകൾക്കൊടുവിൽ ദേവരാജൻ ജയിൽ മോചിതനായി… ഹോട്ടൽ മാനേജറും റിസെപ്ഷനിലെ ജോലിക്കാരനും പിന്നെ റെസ്റ്റോറന്റിലെ സപ്ലയറും കുറ്റം സമ്മതിച്ചു… വേറാരും അറിയാതെ ഇതൊക്കെ ചെയ്തത് തങ്ങളാണെന്ന് അവർ തെളിവുകൾ സഹിതം ഏറ്റ് പറയുകയായിരുന്നു….
കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദേവരാജൻ, മാധവനെ കണ്ടു… അയാളുടെ കണ്ണുകൾ ചുവന്നു.. സത്യപാലൻ അയാളുടെ കയ്യിൽ പിടിച്ചു..
“മുതലാളീ… വേണ്ട.. ഇത് കോടതിയാണ്…”
അടങ്ങാത്ത പകയോടെ ഒന്നുകൂടി മാധവനെയും കൂട്ടുകാരെയും നോക്കിയ ശേഷം ദേവരാജൻ കാറിൽ കയറി..
മൂന്ന് മാസങ്ങൾ കൂടി കടന്നുപോയി … എസ് എസ് എൽസി പരീക്ഷ കഴിഞ്ഞ് അഭിമന്യു വെറുതെ നടക്കുകയാണ്.. എന്തെങ്കിലും ജോലിക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചതിന് മാധവൻ അവനെ വഴക്ക് പറഞ്ഞു..
“നീ പണിയെടുത്ത് കുടുംബം കഴിയേണ്ട അവസ്ഥ ഇപ്പോൾ ഇല്ല.ഞങ്ങളെക്കൊണ്ട് പറ്റാവുന്നിടത്തോളം പഠിപ്പിക്കും… നല്ലൊരു നിലയിലെത്തിയ ശേഷം എന്നെയും നിന്റെ ചേച്ചിയെയും പോറ്റിയാൽ മതി.. കേട്ടല്ലോ..?”
പിന്നെ ഒന്നും ചോദിക്കാൻ അവന് കഴിഞ്ഞില്ല…അവധിക്കാലം ആയതിനാൽ ദിവസവും അവൻ സ്വാമിനാഥന്റെ വീട്ടിലേക്ക് പോകും.. അവിടുന്ന് അനിതയെയും സൈക്കിളിൽ ഇരുത്തി വെറുതെ കറങ്ങും.. ഉച്ചഭക്ഷണം സ്വാമിനാഥന്റെ വകയാണ് .. അതിന് ശേഷം അവളെയും കൊണ്ട് വീട്ടിലേക്ക് വരും.. രാത്രി വരെ വൈശാലിയുടെ കൂടെ.. മാധവൻ ജോലി കഴിഞ്ഞ് വന്നാൽ അവളെ തിരിച്ചു കൊണ്ട് വിടും… ദുർഗ്ഗ ബാംഗ്ലൂരിൽ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് പ്രവേശിച്ചിരുന്നു… എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ലഭിച്ചയുടൻ വിദേശത്തേക്ക് പറക്കുക എന്നതാണ് അവളുടെ സ്വപ്നം…
ഒരു ദിവസം അനിതയെയും സൈക്കിളിൽ ഇരുത്തി സ്വാമിനാഥന്റെ കടയിലേക്ക് പോകുകയായിരുന്നു അഭിമന്യു..
“കാലം കുറെ ആയില്ലെടീ നീ കേരളത്തിൽ വന്നിട്ട്? മലയാളം അത്യാവശ്യം അറിയാലോ.. എന്നിട്ടും എന്നെ എന്തിനാ അണ്ണാ എന്ന് വിളിക്കുന്നെ?”
“അതിനെന്താ കുളപ്പം?”
“കുളപ്പം അല്ല… കുഴപ്പം.. ഴാ കിട്ടൂല അല്ലേ?”
“അതൊക്കെ മതി.. ഞാൻ വേറെന്ത് വിളിക്കും?”
“ഏട്ടാ എന്ന് വിളിച്ചോ..”
“അത് വേണ്ട.. ഇതാണ് സുഖം..”
“നിനക്കു സുഖമാ.. കേൾക്കുന്ന എനിക്കൊരു സുഖം വേണ്ടേ.?”
“എന്നാൽ ചെവിയിൽ പഞ്ഞി വച്ചോ.. ഞാൻ അങ്ങനെയേ വിളിക്കൂ.”
“പിണങ്ങല്ലേ… ഞാൻ വെറുതേ പറഞ്ഞതാ..നീയൊരു പാട്ട് പാടിക്കേ..”
അവളെ കൊണ്ട് പാടിക്കുക എന്നത് എല്ലാവരുടെയും വിനോദമാണ്.. പഴയ തമിഴ് പാട്ടുകൾ അവൾ ഭംഗിയായി പാടുമായിരുന്നു..
“ഇപ്പോഴോ?”
“അതിനെന്താ.. ഇവിടെ ആരുമില്ലല്ലോ..” വിജനമായ റോഡ് ആയിരുന്നു അത്.. പുതിയതായി കെട്ടിക്കൊണ്ടിരിക്കുന്ന ഫാക്ടറിയിലേക്ക് വല്ലപ്പോഴും വരുന്ന വാഹനങ്ങൾ മാത്രം.. ആ റോഡിലൂടെ പോയാൽ സ്വാമിനാഥന്റെ കടയിലേക്ക് എളുപ്പം എത്താം..
“നല്ല മോളല്ലേ..? പ്ലീസ്..”
സൈക്കിളിന്റെ പിറകിലിരുന്ന് ഒരുനിമിഷം അനിത ആലോചിച്ചു.പിന്നെ പതിയെ പാടിത്തുടങ്ങി..
“കണ്ണേ കലൈമാനേ
കന്നി മയിലെന
കണ്ടേൻ ഉനൈ നാനെ..”
അടുത്ത വരി തുടങ്ങും മുൻപ് പിന്നിൽ നിന്നും ഒരു ഒമ്നിവാൻ പാഞ്ഞു വന്നു… അഭിമന്യുവിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.. സൈക്കിളും അവരും റോഡിന്റെ ഇടതു വശത്തേക്ക് തെറിച്ചു വീണു… അനിത ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു…വാനിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന മനോജ് ജോസിനെ നോക്കി..
” ചെറുക്കനെ താഴേക്ക് ചവിട്ടി ഇട്ടേര്… എന്നിട്ട് ആ പെണ്ണിനെ വണ്ടിയിൽ കേറ്റ്…നാട്ടുകാരുടെ പെണ്പിള്ളേരുടെ രക്ഷകൻ അല്ലെ മാധവൻ? അവന് വേണ്ടപ്പെട്ട ഈ പെണ്ണിനെ രക്ഷിക്കാൻ വരുമോ എന്ന് നോക്കാം.. “
“അത് വേണോ..?സത്യനോട് ഒരു വാക്ക് ചോദിച്ചിട്ട് ..”
“നിനക്ക് പറ്റില്ലെങ്കിൽ വേണ്ടെടാ..” മനോജ് ചാടിയിറങ്ങി…. അഭിമന്യു എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു..
“നീ അവന്റെ അനിയനല്ലേ..? നിന്നെ പിന്നെ എടുത്തോളാം…. തത്കാലം ഇവൾ മതി. “
അഭിമന്യുവിന്റെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ച് മനോജ് ആഞ്ഞു തള്ളി.ഇടതു വശത്തുള്ള ചരിവിലൂടെ അവൻ താഴേക്ക് ഉരുണ്ടു പോയി..
“അണ്ണാ..” അനിത കരഞ്ഞു.
മനോജ് അവളെ തൂക്കിയെടുത്തു വണ്ടിയിലിട്ടു.. വാൻ ചീറിപ്പാഞ്ഞു പോയി..കുറെ നേരം കഷ്ടപ്പെട്ടിട്ടാണ് അഭിമന്യു റോഡിലേക്ക് തിരിച്ചു കയറിയത്.. ദേഹമൊക്കെ മുറിഞ്ഞിട്ടുണ്ട്… അതൊന്നും അവനറിഞ്ഞതേയില്ല…
“അനീ…. മോളേ..” അവൻ ഉറക്കെ വിളിച്ചു.. എങ്ങോട്ട് പോകുമെന്നോ എന്തു ചെയ്യുമെന്നോ അറിയാതെ അവൻ ചുറ്റും നോക്കി.. പിന്നെ ഒരു ഭ്രാന്തനെപ്പോലെ ഓടി… നേരെ സ്വാമിനാഥന്റെ കടയിൽ ചെന്ന് തളർന്ന് വീണു.
“എന്തു പറ്റി മോനെ?”അയാൾ പരിഭ്രമത്തോടെ ചോദിച്ചു…ഒരുവിധം അവൻ കാര്യം പറഞ്ഞു…
“സ്വാമിയേട്ടാ… മാധവേട്ടനെ വിളിക്ക് വേഗം..”
വിറച്ചു കൊണ്ട് സ്വാമിനാഥൻ ഫോണെടുത്ത് മാധവനെ വിളിച്ചു…. എടുക്കുന്നില്ല.. വൈശാലിയേയും വിളിച്ചു.. അതും കിട്ടുന്നില്ല..
“ചേച്ചിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു… അതാവും.. ഇനി എന്തു ചെയ്യും.?”
അഭിമന്യു തളർച്ചയോടെ ചോദിച്ചു..
“എനിക്കറിയില്ല… ഈശ്വരാ… എന്റെ മോള്..”
അയാൾ കരഞ്ഞു തുടങ്ങി…
“സ്വാമിയേട്ടൻ വണ്ടിയെടുക്ക്..”
അയാളുടെ പഴയ സ്കൂട്ടറിൽ അവർ രണ്ടുപേരും പുഴക്കരയിലെ റോഡിലേക്ക് കുതിച്ചു…. കുറെ നേരം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.. അഭിമന്യു അയാളുടെ ഫോണിൽ നിന്ന് മാധവന്റെ കൂട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു.. ദുർഗയോടും പറഞ്ഞു…
കുറെ ദൂരം മുന്നോട്ട് പോയപ്പോൾ ആക്രിസാധനങ്ങൾ പെറുക്കുന്ന ഒരു വൃദ്ധനെ കണ്ടു…
“ചേട്ടാ… വെള്ളകളർ ഉള്ള ഒരു വണ്ടി ഇതുവഴി പോകുന്നത് കണ്ടോ?”
അവൻ കരഞ്ഞു കൊണ്ട് ചോദിച്ചു.. അവനെ അടിമുടി നോക്കിയ ശേഷം ആ വൃദ്ധൻ പിറകിലേക്ക് കൈ ചൂണ്ടി… പുഴക്കരയിലെ ഫാക്ടറിയിലേക്ക് പോകുന്ന റോഡ് ആണത്…സ്കൂട്ടർ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.. പണി തീരാത്ത ഫാക്ടറിക്ക് മുന്നിൽ ഒമ്നിവാൻ കിടപ്പുണ്ടായിരുന്നു….അവിടെ ചാരി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ജോസ് അവരെ കണ്ടതോടെ ഓടാൻ ശ്രമിച്ചു…സ്വാമിനാഥൻ സ്കൂട്ടർ കൊണ്ട് അയാളെ ഇടിച്ചിട്ടു…
“എവിടെടാ എന്റെ മോള്?” മുഖമടച്ചു ഒരടി കൊടുത്തുകൊണ്ട് സ്വാമിനാഥൻ ചോദിച്ചു..
“ഒന്നാമത്തെ നിലയിലുണ്ട്..” അയാൾ പറഞ്ഞു തീരും മുൻപ് അഭിമന്യു അങ്ങോട്ട് ഓടി… രണ്ടു തവണ തടഞ്ഞു വീണെങ്കിലും അതൊന്നും കാര്യമാക്കിയില്ല…
“മോളേ…” അവന്റെ ശബ്ദം ആ കെട്ടിടത്തിൽ അലയടിച്ചു..
“നീ ഇവിടെത്തിയോ? കൊള്ളാലോ?” മനോജിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. അടുക്കി വച്ച സിമന്റ് ചാക്കുകൾക്ക് മീതെ ഇരുന്ന് സിഗരറ്റ് വലിക്കുകയാണ് അയാൾ… ഷർട്ട് ഊരി ഇടത് ചുമലിൽ ഇട്ടിട്ടുണ്ട്…
“അനിത എവിടെടാ..?”
“അവളുടെ പേര് അനിത എന്നാണോ? ഞാൻ ചോദിക്കാൻ വിട്ടുപോയി… ഇതാ ഇവിടുണ്ട്..”
അയാൾ പുറകിലേക്ക് കണ്ണു കാട്ടി . ഒറ്റകുത്തിപ്പിന് അഭിമന്യു അവിടെയെത്തി.. അവന്റെ ഹൃദയം തകർന്നു പോയി… വെറും നിലത്ത് കിടക്കുന്ന അനിത…നഗ്നമായ ശരീരത്തിലും തറയിലും നിറയെ രക്തം…
അഭിമന്യു തന്റെ കുപ്പായം വലിച്ചൂരി അവളുടെ അരക്കെട്ടിലേക്ക് ഇട്ടു.. ബനിയൻ കൊണ്ട് മാറും മറച്ചു…
“മോളേ… അനീ .. എഴുന്നേൽക്കെടീ..” കരഞ്ഞു കൊണ്ട് വിളിച്ചപ്പോൾ അവൾ കണ്ണുകൾ പാതി തുറന്നു..
“അണ്ണാ…” നേർത്ത ശബ്ദത്തിൽ ഒരു വിളി.. പിന്നെ ആ ശരീരം നിശ്ചലമായി.. അവളുടെ കഴുത്തിൽ വിരലുകൾ മുറുകിയ പാട് ഉണ്ടായിരുന്നു..
“കുറച്ചു നേരം അനങ്ങാതിരുന്നാൽ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞതാ.. കേൾക്കണ്ടേ..”
കഞ്ചാവ് നിറച്ച സിഗരറ്റ് ആഞ്ഞു വലിച്ച് കൊണ്ട് മനോജ് പറഞ്ഞു..
“നായിന്റെ മോനേ…കൊല്ലും നിന്നെ ഞാൻ..” അഭിമന്യു അലറിക്കൊണ്ട് അവന്റെ നെഞ്ചിൽ ചവിട്ടി.. മനോജ് പിറകിലേക്ക് വീണു,.. കയ്യിൽ കിട്ടിയ ഒരു ബോട്ടിൽ അഭിമന്യു നിലത്തിട്ട് പൊട്ടിച്ചു.. അതിൽ നിന്ന് ഒരു ഗ്ലാസിന്റെ കഷ്ണം എടുത്ത് മനോജിന്റെ വയറിൽ കുത്തിയിറക്കി.. അയാൾ അവനെ തള്ളി മാറ്റിയെങ്കിലും അവൻ അയാളുടെ പിന്നിൽ ചെന്നു നിന്ന് മുടിക്ക് പിടിച്ച് തല പിറകിലേക്ക് മലർത്തി… പിന്നെ കുപ്പിച്ചില്ല് കൊണ്ട് കഴുത്തിൽ അമർത്തി വരഞ്ഞു. ഒരിക്കലല്ല.. പല തവണ …. അനിതയുടെ കുഞ്ഞുമുഖം കണ്ടപ്പോൾ ആ പതിനഞ്ചുകാരന്റെ കയ്യിലേക്ക് ശക്തി പ്രവഹിച്ചു.. മനോജിന്റെ തല , ഉടലിൽ നിന്ന് പാതിയോളം വേർപെട്ടതും, പിടച്ചിൽ അവസാനിച്ചതും ഒന്നും അവനറിഞ്ഞില്ല… ചുടുചോരയുടെ ഗന്ധം അവിടെങ്ങും പരന്നു……
(തുടരും )…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission