“ഇവളിത്ര പെട്ടെന്ന് അടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..”
മാധവൻ അത്ഭുതത്തോടെ വൈശാലിയോട് പറഞ്ഞു. അയാളുടെ വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്നു രണ്ടുപേരും… മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ അനിതയെ ഇരുത്തി ആട്ടുകയാണ് ദുർഗ്ഗയും അഭിമന്യുവും..പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വരുമ്പോൾ സ്വാമിനാഥന്റെ വീട്ടിൽ പോയി അനിതയെയും കൂടെ കൂട്ടിയിരുന്നു..
“അത് അഭിയുടെ പ്രത്യേകതയാ.. എല്ലാവർക്കും അവനെ പെട്ടെന്ന് ഇഷ്ടപ്പെടും..”
വൈശാലി പുഞ്ചിരിച്ചു…
“തനിക്ക് അച്ഛനെ കാണണം എന്നു തോന്നാറില്ലേ?”
“മുൻപ് തോന്നിയിരുന്നു.. ഇവിടെ ടീച്ചർ ജോലി കിട്ടിയ ശേഷം ഞാൻ ഒരിക്കൽ പോയതാ.. സുഖമാണോ എന്നൊരു വാക്ക് പോലും എന്നോട് ചോദിച്ചില്ല… എന്തിന്, അകത്തേക്ക് കേറിവാ എന്നുപോലും പറഞ്ഞില്ല.. പുതിയ ഭാര്യയെ പേടിച്ചിട്ടാകും.. പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടില്ല.. “
“തന്നെ സമ്മതിച്ചിരിക്കുന്നെടോ… തനിച്ച്, ഒരു പേടിയുമില്ലാതെ ജീവിക്കുന്നില്ലേ?”
“ജീവിക്കാനെന്തിനാ പേടി? തനിച്ചായത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.. നമ്മുടെ നാടല്ലേ,..?. ഒരു പെണ്ണ് തനിച്ചാണെന്നതിനർത്ഥം അവൾ പിഴയാണെന്നും നമുക്ക് അവസരമുണ്ടെന്നും ചിന്തിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ടു എന്നത് സത്യമാണ്…പക്ഷേ ഇപ്പൊ അതൊക്കെ ശീലമായി..”
“അതെന്താ ഇപ്പൊ ആരും ശല്യപ്പെടുത്താറില്ലേ?”
അവൻ കുസൃതിചിരിയോടെ ചോദിച്ചു..
“ഉണ്ട്. പക്ഷെ കുറവാണ്… ഇനി അഥവാ ആരെങ്കിലും വന്നാൽ മുഖമടച്ചു ഒന്ന് കൊടുക്കാനുള്ള ധൈര്യം ഉണ്ട്..”
“ഞാൻ വന്നാലോ?”
“തീർച്ചയായും അടി മേടിക്കും… പ്രായം കുറവാണെങ്കിലും എറിഞ്ഞു വീഴ്ത്താൻ കഴിവുള്ള അനിയൻ എനിക്കുണ്ടെന്ന് ഒരിക്കൽ അനുഭവിച്ചതല്ലേ…?”
“അയ്യോ..ഓര്മിപ്പിക്കല്ലേ…”
അയാൾ ഉറക്കെ ചിരിച്ചു… അഭിമന്യു വിളിച്ചപ്പോൾ അവർ രണ്ടുപേരും താഴേക്ക് ചെന്നു..
“ഏട്ടാ… എനിക്ക് ഇവനെക്കാൾ വയസ്സ് കൂടുതൽ അല്ലേ? എന്നിട്ടും എന്നെ പേരാ വിളിക്കുന്നത്..”
ദുർഗ്ഗ പരാതിപ്പെട്ടു…
“വൈശാലിയെ അല്ലാതെ വേറാരെയും അവൻ ചേച്ചി എന്ന് വിളിക്കില്ലെടീ.. നീ നിർബന്ധിക്കണ്ട…”
“എന്നാൽ വേണ്ട.. ഇനി ഞാനായിട്ട് ഒന്നിനും നിര്ബന്ധിക്കില്ല… അഭീ.. കടയിൽ വരുന്നോ? ഐസ്ക്രീം വാങ്ങാം..”
അഭിമന്യു വൈശാലിയെ നോക്കി..
“പൊയ്ക്കോ..”
ദുർഗ്ഗ, മാധവന്റെ ബൈക്കിൽ കയറിയിരുന്നപ്പോൾ എല്ലാരും അമ്പരന്നു..
“ഇതിലോ?”
അഭിമന്യു ചോദിച്ചു.
“അതിനെന്താ? നിനക്ക് പേടിയാണോ?”
“ചെറിയ പേടി… മാധവേട്ടന്റെ കൂടെയാണെങ്കിൽ പ്രശ്നമില്ല..”
“നീ ധൈര്യമായി പൊയ്ക്കോ അഭീ.. എന്നേക്കാൾ നന്നായി ഇവൾ ഓടിക്കും..”
മാധവൻ പറഞ്ഞപ്പോൾ അവൻ ബൈക്കിന്റെ പുറകിൽ കയറി .. അനിതയെ നടുവിൽ ഇരുത്തി.. ബൈക്ക് റോഡിലേക് പോകുന്നത് ചെറിയ ഭയത്തോടെ വൈശാലി നോക്കി നിന്നു.
“ടെൻഷൻ അടിക്കണ്ട..ബാംഗ്ലൂരിൽ അവൾ കാറും ബൈക്കുമൊക്കെ ഓടിക്കാറുണ്ട്… കാണാൻ ഇങ്ങനെ ഇരിക്കുന്നു എന്നതൊന്നും നോക്കണ്ട.. ആ പോയ മുതല് ഭയങ്കര സംഭവമാ…അവിടെ ആണും പെണ്ണുമായിട്ട് കുറച്ചു ഫ്രണ്ട്‌സ് ഉണ്ട്..അവരുടെ കൂടെ വണ്ടി കച്ചവടമൊക്കെ നടത്തും… ആ വഴിയിൽ വട്ടചിലവിനുള്ള കാശ് ഉണ്ടാക്കുന്നുണ്ട്…”
“കൊള്ളാലോ..”
“ചിലപ്പോൾ എനിക്ക് തോന്നും ഇവളെന്റെ മൂത്തത് ആണോ എന്ന്.. അതുപോലത്തെ ഐഡിയകളാ പറയാറ്…”
വൈശാലി ഊഞ്ഞാലിനു നേരെ നോക്കി നില്കുകയായിരുന്നു..
“തനിക്ക് ആടണോ?”
“അയ്യേ വേണ്ട…”
“എന്ത് അയ്യേ? ഊഞ്ഞാലാടുന്നത് അത്ര മോശമായ കാര്യമൊന്നും അല്ല..താൻ വാടോ..”
മടി തോന്നിയെങ്കിലും ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് അവൾ ഊഞ്ഞാലിൽ ഇരുന്നു.. മാധവൻ പുറകിൽ നിന്ന് പതിയെ ആട്ടി തുടങ്ങി….കടയിൽ പോയ ദുർഗ്ഗയും അഭിമന്യുവും തിരിച്ചു വന്നത് ഈ കാഴ്ച കണ്ടുകൊണ്ടാണ്.. അവരെ കണ്ടപ്പോൾ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും മാധവൻ വിട്ടില്ല.. അഭിമന്യുവും വന്ന് ആട്ടി തുടങ്ങി.. ഊഞ്ഞാലിന്റെ വേഗം കൂടി…
“യ്യോ… മതി… എനിക്ക് തല ചുറ്റും…” വൈശാലി വിളിച്ചു കൂവി… പ്രായം തീരെ കുറഞ്ഞത് പോലെ അവൾക്ക് തോന്നിയ ദിവസമായിരുന്നു അത്.. കുട്ടിക്കളികളും തമാശകളുമായി സന്ധ്യ വരെ അവിടെ ചിലവഴിച്ചു… തിരിച്ചു പോകാൻ അയാൾ തന്നെ ഒരു ഓട്ടോ ഏർപ്പാടാക്കി കൊടുത്തു..
“പോട്ടെ?” വൈശാലി യാത്ര പറഞ്ഞു..
“ഇനിയും വരണം..ഇവള് മറ്റന്നാൾ ബാംഗ്ലൂർക്ക് വണ്ടി കയറും … പിന്നെ ഞാൻ തനിച്ചാ.. ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങ്.. അടുത്തപ്രാവശ്യം വരുമ്പോൾ സ്വാമിയേട്ടനെ കൂടെ കൊണ്ട് വാ…”
അവൾ തലയാട്ടി… മാധവന്റെ കണ്ണുകളെ നേരിടാൻ തനിക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നവൾക്ക് അറിയില്ലായിരുന്നു… അഭിമന്യു ദുർഗ്ഗയോട് എന്തോ സംസാരിക്കുകയാണ്… അവൾ കുറെ പുസ്തകങ്ങൾ അവന് സമ്മാനിച്ചു.. അനിതയ്ക്ക് കളിപ്പാട്ടങ്ങളും…. ഓട്ടോ ദൂരെ മറയുന്നതും നോക്കി നില്കുകയായിരുന്ന മാധവനെ നോക്കി ദുർഗ്ഗ ചോദിച്ചു..
“നല്ല ചേച്ചി.. അല്ലേ ഏട്ടാ?”
“ഉം..”
“കെട്ടിക്കൂടെ?”
“എന്താ?”
“ഏട്ടന് ആ ചേച്ചിയെ കെട്ടിക്കൂടെ എന്ന്?”
“നിന്റെ തലയ്ക്കു ഓളമുണ്ടോ?. അവൾ ഒരു ടീച്ചറാണ്.. ഞാനോ? തന്നെയുമല്ല അവൾക്ക് ഇതിനോടൊന്നും താല്പര്യം ഇല്ലെടീ..”
“അത് ഏട്ടനെങ്ങനെ അറിയാം? ചോദിച്ചോ?”
അയാളൊന്ന് പരുങ്ങി…
“സത്യം പറ… ഏട്ടന് ഇഷ്ടമാണോ?”
മാധവൻ ചവിട്ടു പടിയിൽ ഇരുന്ന് അവളുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തി..
“ഇഷ്ടമാണോ എന്ന് ചോദിച്ചാൽ…ഇത് മൂന്നാമത്തെ തവണയാ ഞങ്ങൾ കാണുന്നത്… എനിക്ക് ബഹുമാനം ഉണ്ട്…കുറച്ച് ഇഷ്ടവും ഉണ്ട്.. പക്ഷേ ആഗ്രഹങ്ങൾക്ക് പരിധി ഉണ്ടല്ലോ…?അവളെ പോലൊരു പെണ്ണിനെ ഞാൻ അർഹിക്കുന്നില്ല…”
“നമുക്കൊന്ന് ശ്രമിച്ചാലോ?”
“വേണ്ടെടീ… കൊതിച്ചിട്ട് ഒടുക്കം കിട്ടാതെ ആയാൽ ഒരുപാട് വേദനിക്കും..നമുക്ക് നമ്മൾ മതി…”
അയാൾ ദുർഗയുടെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു..
************
മാസങ്ങൾ പിന്നെയും കടന്നു പോയി.. കുറെ പണിപ്പെട്ടെങ്കിലും അഭിമന്യുവിനെ ഒടുവിൽ വൈശാലി തന്റെ സ്കൂളിൽ ചേർത്തു… കോളനിക്ക് അടുത്തുള്ള സ്കൂളിൽ അനിതയ്ക്കും അഡ്മിഷൻ ശരിയായി…. ഒരിക്കൽ വിരസമായിരുന്ന ജീവിതത്തിൽ വർണങ്ങൾ നിറഞ്ഞത് അവർ അനുഭവിച്ചറിയുകയായിരുന്നു.. മാധവൻ ഇടയ്ക്കൊക്കെ അവരെ കാണാൻ വരും… ദുർഗ്ഗ നാട്ടിലെത്തിയാൽ അഭിമന്യു അവിടെ തന്നെയാകും…ചേച്ചി എന്നു വിളിക്കുന്നില്ല എങ്കിലും ആ സ്ഥാനം അവൾക്ക് അവൻ നൽകി,. എല്ലാവരുടെയും പൊന്നോമന ആയി അനിതയും ഉണ്ട്…. തികച്ചും അപരിചിതരായിരുന്ന അവർ ഇപ്പോൾ ഒരു കുടുംബമായി കഴിയുന്നു….
ഒരു ശനിയാഴ്ച മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു വൈശാലി.. അഭിമന്യു സ്വാമിനാഥന്റെ വീട്ടിൽ പോയതിനാൽ തനിച്ചാണ് വന്നത്… അവിടെ വച്ച് മാധവനെ കണ്ടു… ലോറിയിൽ നിന്ന് ചാക്കുകൾ ഇറക്കി വച്ച് മുഖം തുടക്കുകയായിരുന്നു അയാൾ…
“ഇതാര്, ടീച്ചറോ? അഭിയെവിടെ?”
“വന്നില്ല… സ്വാമിയേട്ടന്റെ വീട്ടിലേക്ക് പോയി.”
“ഷോപ്പിംഗ് കഴിഞ്ഞോ? ” അവളുടെ കയ്യിലെ സഞ്ചികളിൽ നോക്കി അയാൾ ചോദിച്ചു..
“അങ്ങനെ കാര്യമായിട്ടൊന്നും ഇല്ല.. കുറച്ചു പച്ചക്കറികൾ വാങ്ങി..”
“താൻ വാ.. ഓരോ ചായ കുടിക്കാം..”
അവൾ വേണ്ട എന്നു പറഞ്ഞില്ല… മാർക്കറ്റിൽ തന്നെയുള്ള ഒരു ഹോട്ടലിൽ അവർ കയറി…
“വൈശാലീ… ” ചായ കുടിച്ചു കൊണ്ടിരിക്കെ അയാൾ വിളിച്ചു..അവൾ അയാളുടെ മുഖത്തേക്ക് നോക്കി..
“ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ?”
“എന്താ?” അവൾ ഞെട്ടലോടെ ചോദിച്ചു..
“വൈശാലി എന്ന തന്നെ, മാധവൻ എന്ന ഈ ഞാൻ കെട്ടിക്കോട്ടെ എന്ന്…?”
അവൾ പകച്ചിരിക്കുകയാണ്…
“ചോദിക്കേണ്ട സ്ഥലവും രീതിയും ഇതല്ല എന്നറിയാം… പെട്ടെന്ന് മനസ്സിൽ തോന്നിയതും അല്ല.. എനിക്ക് തന്നെ ഇഷ്ടമാണ്… നമ്മൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ട്… കൂടാതെ ഞാൻ ഒരു ചുമട്ടു തൊഴിലാളിയും… അതുകൊണ്ട് ഈ കാര്യത്തിൽ തന്നെ നിർബന്ധിക്കില്ല.. ആലോചിച്ച് പറഞ്ഞാൽ മതി…”
അവൾ തല താഴ്ത്തി ഇരിക്കുകയാണ്..
“ദുർഗ്ഗയാണ് തന്നോട് നേരിട്ട് സംസാരിക്കാൻ ഉപദേശിച്ചത്…”
“ഞാൻ.. വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല…”
“അറിയാം… നമ്മൾ പരിചയപ്പെട്ടിട്ടും സുഹൃത്തുക്കളായിട്ടും ഒരുപാട് നാളായില്ലേ? എടോ, പ്രേമിച്ചു നടക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല.. തനിക്കു ഓക്കേ ആണെങ്കിൽ കഴുത്തിൽ ഒരു താലി കെട്ടി വീട്ടിൽ കൊണ്ട് പോകും.. അത്രേ ഉള്ളൂ.. പിന്നെ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനമൊക്കെ എനിക്കുണ്ട്.. തന്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും എനിക്ക് വേണ്ട… സ്വന്തം വീടുണ്ട്.. അമ്മയുടെ വീതം വിറ്റപ്പോൾ കിട്ടിയ പൈസയ്ക്ക് കുറെ സ്വർണം വാങ്ങി ബാങ്ക് ലോക്കറിൽ വച്ചിട്ടുണ്ട്. അതോണ്ട് അനിയത്തിയുടെ കാര്യത്തിൽ ടെൻഷനും ഇല്ല.. ചുരുക്കി പറഞ്ഞാൽ സുമുഖനും സുന്ദരനും സൽസ്വഭാവിയും ആയ , സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലാത്ത ഈ ചെറുപ്പക്കാരൻ തന്നെ ഭാര്യയാക്കുവാൻ ആഗ്രഹിക്കുന്നു എന്ന്…”
വൈശാലി ചിരിച്ചു പോയി..
“ഈ തോന്നൽ കുറെ നാളായോ?”
“അഭി എന്നെ എറിഞ്ഞു വീഴ്ത്തിയ അന്ന് തുടങ്ങിയതാ. അപ്പൊ തന്നെ പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് വിചാരിച്ചാലോ… അതാണ് കാത്തിരുന്നത്…”
“ഉം…”
“തനിക്കു ഇനി വേറെ ആരോടെങ്കിലും..?”
“ഇല്ല…”
“അപ്പൊ എന്റെ റൂട്ട് ക്ലിയർ ആണെന്ന് സാരം….”
“അഭിയോട് ചോദിക്കണം…. അവനാണ് എന്റെ എല്ലാം… അവന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല..”
“അവൻ സമ്മതിച്ചാലോ?”
“അപ്പോൾ ആലോചിക്കാം..”
“മതി… സാധാരണ വീട്ടിലെ മുതിർന്നവരോടാണ് സംസാരിക്കേണ്ടത്.. തന്റെ വീട്ടിലെ മുതിർന്ന ആള് അഭി അല്ലേ? ഞാൻ അവനെ കണ്ടോളാം… കാല് പിടിച്ചിട്ടായാലും സമ്മതിപ്പിക്കും… താനിപ്പോ ചായ കുടിക്ക്..”
മാധവന്റെ മുഖത്ത് ആശ്വാസം കലർന്ന ഒരു ചിരി വിരിഞ്ഞു…
മൂന്നാമത്തെ ദിവസം അത്താഴം കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോൾ അഭിമന്യു വൈശാലിയെ നോക്കി പറഞ്ഞു..
“മാധവേട്ടനെ കണ്ടിരുന്നു..”
അവളുടെ മുഖം ചുവക്കുന്നുണ്ട് എന്ന് അവനു മനസിലായി..
“ചേച്ചീ…”
“ഉം..”
“ചേച്ചിക്ക് ഇഷ്ടമാണോ?”
“ഇഷ്ടക്കേട് ഒന്നുമില്ല.. പക്ഷേ എനിക്ക് പ്രധാനം നിന്റെ കാര്യമാ…”
“എനിക്കെന്താ കുഴപ്പം?”
“അഭീ… നിന്നെ എനിക്ക് കിട്ടുന്നതിനു മുൻപ് ഒരുപാട് ആലോചനകൾ വന്നിരുന്നു..അന്ന് അതിനു നോ പറഞ്ഞത് എന്റെ ആത്മവിശ്വാസക്കുറവ് കൊണ്ടാ. പക്ഷേ ഇപ്പൊ അതല്ല കാരണം.. നിനക്ക് ഞാനേ ഉള്ളൂ… എന്നെ വിവാഹം ചെയ്യുന്ന ആൾ നിന്നെ അവഗണിച്ചാൽ, നിന്നോട് ഇഷ്ടക്കുറവ് കാണിച്ചാൽ അത് എനിക്ക് സഹിക്കാനാവില്ല….ആ പേടി കൊണ്ടാ ഇപ്പൊ ഓരോ ആളുകളെയും നിരസിക്കുന്നത്..”
“മാധവേട്ടനെ നമുക്കറിയാലോ ചേച്ചീ…? എന്നെ വല്യ ഇഷ്ടമാ… ഇന്ന് ഒരുപാട് സംസാരിച്ചു.. എന്റെ പഠിത്തത്തെ കുറിച്ചും, ആശകളെ കുറിച്ചുമൊക്കെ… പിന്നെ എല്ലാം എന്റെ തീരുമാനത്തിന് വിടുന്നു എന്നും പറഞ്ഞു..”
വൈശാലി ഒന്നും മിണ്ടിയില്ല…
“എനിക്ക് വേണ്ടി എത്രനാൾ ചേച്ചി ഇങ്ങനെ ജീവിക്കും? “
“മരണം വരെ… ആരുമില്ലെങ്കിലും എനിക്ക് നീ മാത്രം മതിയെടാ…”
അവൾ അഭിമന്യുവിന്റെ ചുമലിലേക്ക് തല വച്ചു..
“വേണ്ട… ചേച്ചി ഇതിനു സമ്മതിക്കണം… എത്രയും പെട്ടെന്നു നിങ്ങളുടെ കല്യാണം നടക്കണം… എന്റെ പേര് പറഞ്ഞു ചേച്ചിയുടെ ജീവിതം നശിച്ചാൽ ഞാനൊരിക്കലും ഗതിപിടിക്കില്ല..”
“ചെറുക്കാ… വേണ്ടാത്ത വർത്തമാനം പറയല്ലേ…”
“എന്നാൽ ഓക്കേ പറ..”
“നിനക്ക് ഇഷ്ടമാണോ?”
“ഒരുപാട്…. നമ്മുടെ മാധവേട്ടൻ അല്ലേ..? എനിക്ക് സന്തോഷമാ… കഴിഞ്ഞ പ്രാവശ്യം ദുർഗ്ഗ വന്നപ്പോൾ ഇക്കാര്യം എന്നോട് സൂചിപ്പിച്ചതാ.. ആദ്യം നിങ്ങൾ ഒരു തീരുമാനത്തിൽ എത്തട്ടെ എന്ന് വിചാരിച്ചു..”
“രണ്ടാളും കൊള്ളാലോ… ഞാനറിയാതെ പ്ലാനിങ്ങുകൾ നടക്കുണ്ട് അല്ലേ..?”
അവൾ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു…
പിന്നെ എല്ലാം പെട്ടെന്നായിരുന്നു… രണ്ട് മാസത്തിനു ശേഷം, മാധവന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ലളിതമായ ഒരു ചടങ്ങ്….അതിഥികൾക്ക് വീട്ടിൽ വച്ച് ഭക്ഷണം… അധികമാരും ഉണ്ടായിരുന്നില്ല… മാധവന്റെ അമ്മയുടെ അനിയത്തിയും കുടുംബവും , വൈശാലിയുടെ ഒന്ന് രണ്ടു സുഹൃത്തുക്കൾ… പിന്നെ മാധവന്റെ തൊഴിലാളി സുഹൃത്തുക്കൾ… സ്വാമിനാഥൻ എല്ലായിടത്തും എല്ലായിടത്തും ഉത്സാഹത്തോടെ ഓടി നടന്നു.. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം മകളുടെ വിവാഹമായിരുന്നു അത്…. സ്വർണത്തിന്റെ നേരിയ ഒരു വള വൈശാലിയുടെ കൈയിൽ വച്ചു കൊടുത്തു…
“എന്തിനാ സ്വാമിയേട്ടാ ഇതൊക്കെ?”
ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“എന്റെ അനിതയെപ്പോലെ തന്നെയല്ലേ മോളും? ഇതെങ്കിലും സ്വാമിയേട്ടൻ തരണ്ടേ?”
അവൾ ശരിക്കും കരഞ്ഞു പോയി.. സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്ന അച്ഛനെ കുറിച്ചോർത്തപ്പോൾ അവൾക്ക് പുച്ഛം തോന്നി… മൂലയ്ക്ക് മാറി നിൽക്കുന്ന അഭിമന്യുവിനെ അവൾ കൈകാട്ടി വിളിച്ചു..
“എന്താ അഭീ മുഖം വല്ലാതിരിക്കുന്നെ?”
“എല്ലാരും ചേച്ചിക്ക് ഓരോ സമ്മാനങ്ങൾ തരുന്നു… എന്റെ കയ്യിൽ ഒന്നുമില്ലല്ലോ… അന്ന് എന്നെ പണിക്ക് പോകാൻ വിട്ടിരുന്നെങ്കിൽ എന്തേലും വാങ്ങി തരാമായിരുന്നു…”
വൈശാലി അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം നൽകി..
“നിന്റെ സ്നേഹം മാത്രം മതിയെടാ ചേച്ചിക്ക്.. വേറൊന്നും വേണ്ട…”
ആളുകളൊക്കെ യാത്ര പറഞ്ഞു പോയി..സ്വാമിനാഥനെ വിട്ട് അഭിമന്യുവിന്റ സാധനങ്ങളൊക്കെ മാധവൻ എത്തിച്ചിരുന്നു…ആ വീട്ടിൽ ഒരു മുറി അവന് വേണ്ടി ഒരുക്കി… രാത്രി ബെഡ്റൂമിലേക്ക് അയാൾ കടന്നു ചെന്നപ്പോൾ വൈശാലി എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു..
അയാളെ കണ്ടതും അവൾ എഴുന്നേറ്റു..
“ഹാ… ഇരിക്കെടോ… താനൊരുമാതിരി സിനിമയിലെ നായികയെ പോലെ ഓവറായി ബഹുമാനം കാണിക്കല്ലേ..”
അവൾ കട്ടിലിൽ പതിയെ ഇരുന്നു..കൂടെ അയാളും..
“എന്താ ഇത്ര വലിയ ആലോചന..?”
“അഭിയെ കുറിച്ച്…”
“അവനെ കുറിച്ച് ആലോചിക്കാൻ ഇനി ഞാനുണ്ട്.. ഇത്രയും നേരം അവനും ദുർഗ്ഗയും സംസാരിച്ചിരിക്കുകയായിരുന്നു… ഇപ്പൊ ഉറങ്ങി…”
“അതല്ല…”
“തന്റെ പേടി എനിക്ക് മനസിലാവുന്നുണ്ട്.. ഇനി ഭാവിയിൽ ഞാനും താനും അടിച്ചു പിരിഞ്ഞാലും അവനെ ഞാൻ കൂടെ തന്നെ നിർത്തും… പോരേ..?”
“ങേ.. കല്യാണം കഴിയുമ്പോഴേക്കും പിരിയുന്ന കാര്യത്തിലും തീരുമാനമായോ?”
“പറയാൻ പറ്റില്ലല്ലോ..”
അയാൾ ഉറക്കെ ചിരിച്ചു…
“അതേയ്… ഇന്ന് ആദ്യരാത്രിയാണ്.. അല്ലാതെ കോമഡി ഷോ ഒന്നുമല്ല.. സൗണ്ട് കുറച്ചാൽ ബാക്കിയുള്ളവർക്ക് ഉറങ്ങാമായിരുന്നു..ഈ വാതിൽ അടയ്ക്കാനും പറഞ്ഞു തരണോ? ഇങ്ങനെ വെളിവില്ലാത്ത രണ്ടെണ്ണത്തിനെ ആണല്ലോ ദൈവമേ പിടിച്ചു കെട്ടിച്ചത്..”
റൂമിന്റെ മുന്നിൽ നിന്ന് ദുർഗ്ഗ പറഞ്ഞു.. ചമ്മിയ മുഖത്തോടെ മാധവൻ എഴുന്നേറ്റ് വാതിൽ അടച്ചു കുറ്റിയിട്ടു…
“ചിരിച്ചത് ഇത്തിരി ഉറക്കെ ആയിപ്പോയി അല്ലേ?”
അയാൾ വൈശാലിയോട് ചോദിച്ചു..
“ഇത്തിരിയല്ല… ഒരുപാട്… അടുത്ത വീട്ടിലുള്ളവർ കേട്ടിട്ടുണ്ടാകും..”
“അതിന് സാധ്യത ഇല്ല.. ആ വീട്ടിലെ നാണിയമ്മയ്ക്ക് ചെവി കേൾക്കില്ല.. മോൻ ഗൾഫിലുമാണ്..താൻ അങ്ങോട്ട് കേറി കിടന്നേ..”
അവൾ കട്ടിലിൽ കയറിക്കിടന്നു…ലൈറ്റ് ഓഫ് ചെയ്തിട്ട് അയാളും…
“വൈശാലീ…”
“ഉം?”
“തനിക്ക് അച്ഛനെ കാണാൻ പോകണോ? “
“വേണ്ട..”
“ഉറപ്പാണോ? “
“അതെ.. ഇത്രയും നാൾ ഞാൻ ജീവനോടെ ഉണ്ടോ എന്നുപോലും അന്വേഷിക്കാത്ത ഒരു മനുഷ്യനെ ഞാനെന്തിന് കാണണം.?”
“ശരി വേണ്ട… താൻ ഹാപ്പി അല്ലേ?”
“അതെ… ഇപ്പൊ ഒരു കുടുംബം ആയല്ലോ..അത് മതി..”
അയാൾ പതിയെ അവളുടെ തല തന്റെ ഇടതു കൈയിലേക്ക് എടുത്തു വച്ചു… പിന്നെ നെറുകയിൽ ചുംബിച്ചു കൊണ്ട് പതിയെ പറഞ്ഞു.
“ഇനി മുതൽ നമുക്കൊന്ന് ജീവിക്കണം… “
ഇരുട്ടിൽ, സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ അയാൾ കാണാതെ അവൾ തുടച്ചു…..
************
“ഒരു പുരോഗമനമില്ലല്ലോ സത്യാ… എത്ര നാളെന്നു വച്ചാ ഇങ്ങനെ?”
ദേവരാജൻ പരാതി പറഞ്ഞു..
“തുടങ്ങിയ ബിസിനസുകൾ എല്ലാം പൊളിയുകയാ… പലിശക്ക് പണം കൊടുത്തിട്ട് മാത്രം നമുക്ക് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല..”
“ഒന്ന് ക്ഷമിക്ക് മുതലാളീ… ഒറ്റയടിക്ക് മുകളിലെത്തിയവർ ആരുമില്ല.. പതിയെ പതിയെ കയറണം… ഈ പുള്ളിക്കാരനെ വച്ച് നമുക്കൊന്ന് കളിച്ചു നോക്കാം..”
“റിസ്ക് ആണ്.. പിടിക്കപ്പെട്ടാൽ പുറം ലോകം കാണില്ല…”
ജോസ് സത്യപാലനെ ഓർമിപ്പിച്ചു…
“റിസ്ക്ക് എടുത്താലേ ജയിക്കാൻ പറ്റൂ.. അശോകൻ നമുക്കൊരു വഴിയാണ്… നമ്മുടെ ഭാവിയിലേക്കുള്ള വഴി…”
സത്യപാലൻ പറഞ്ഞു നിർത്തി.. കച്ചവടക്കാർക്കും കൂലിപ്പണിക്കാർക്കും പലിശയ്ക്ക് പണം കൊടുക്കുക എന്നതാണ് ദേവരാജന്റെ ജോലി… അത് കൃത്യമായി പിരിച്ചെടുക്കുന്ന ഉത്തരവാദിത്തം സത്യപാലനും ജോസിനുമാണ്… താരാപുരത്തെ അനന്തമായ സാധ്യതകളെ കുറിച്ച് അവർ അറിഞ്ഞിട്ട് ഒരു വർഷത്തോളമായി.അതിനാൽ സ്വന്തം നാട്ടിൽ നിന്നും ഇവിടെയെത്തി… പക്ഷേ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടത് കുറച്ച് നാൾ മുൻപാണ്.. അതിന്റെ ആദ്യപടിയായി നഗരത്തിൽ ഒരു റെസ്റ്റോറന്റ് വാങ്ങി.. താരാപുരത്തെ ഒരു ഫാക്ടറിയുടെ ഓണർ ആയ അശോകൻ ആണ് ഇപ്പോഴത്തെ അവരുടെ സുഹൃത്ത്..കേരളത്തിലും പുറത്തുമായി ഒരുപാട് ബിസിനസുകൾ ഉള്ളയാൾ… ദേവരാജനെ അയാൾക്ക് ഒത്തിരി ഇഷ്ടമായി… അവർക്കു പണം സമ്പാദിക്കാനുള്ള മാർഗം പറഞ്ഞു കൊടുത്തത് അശോകനാണ്….
“മുതലാളി കൂടുതലൊന്നും ആലോചിക്കണ്ട.. കേരളം മുഴുവൻ ബ്രാഞ്ചുകളുള്ള ഫിനാൻസ് കമ്പനി തുടങ്ങണം എന്നല്ലേ മുതലാളിയുടെ സ്വപ്നം? അതു നടക്കും.. ആഗ്രഹം പോലെ തന്നെ ഭാര്യയുടെ പേരിൽ ബിസിനസ് ഗ്രൂപ്പ് തുടങ്ങാം… അതിനൊക്കെ കോടികൾ വേണം… അധികാര സ്ഥാനങ്ങളിൽ നമുക്ക് വേണ്ടപ്പെട്ടവർ വേണം.. അതൊക്കെ താരപുരത്തെ മണ്ണിൽ വിളയിച്ചെടുക്കാം… ഈ നാടിന്റെ പ്രത്യേകത അറിയാല്ലോ.. തമിഴ്നാടിന്റെ അതിർത്തി ആണ്.. അഥവാ പിടിവീഴും എന്ന് തോന്നിയാൽ തലയിൽ വച്ചു കെട്ടാൻ ഇവിടുള്ള ആരെയെങ്കിലും ഒപ്പിക്കാം.. നമ്മളെ ആരും സംശയിക്കില്ല…”
ദേവരാജൻ അർദ്ധസമ്മതം മൂളി…
*************
കാലം കടന്നു പോയി…
“പത്താം ക്‌ളാസിലാണ് പഠിക്കുന്നത് എന്നോർമ്മ വേണം…”
മാധവൻ ശാസിക്കുന്നത് കേട്ടാണ് വൈശാലി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നത്…കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയേ പോലെ അഭിമന്യു തലകുനിച്ചു നിൽപ്പുണ്ട്…
“എന്താ പ്രശ്നം?”
“നീയൊരുത്തിയാ ഇവനെ വഷളാക്കുന്നെ..”
“കാര്യം എന്താണെന്ന് പറ മനുഷ്യാ…”
“വൈകിട്ട് സ്കൂൾ വിട്ടാൽ ട്യൂഷന് പോകണമെന്ന് ഞാൻ പറഞ്ഞതല്ലെ?”
“അവൻ പോകാറുണ്ടല്ലോ?”
“പോകാറുണ്ട്… പുഴയിലേക്കാണെന്ന് മാത്രം..”
“പുഴയിലേക്കോ?”
“അതെ… പുന്നാര അനിയൻ നീന്തൽ പഠിക്കുകയായിരുന്നു… ഗുരു നമ്മുടെ സ്വാമിയേട്ടനും..”
“എന്താടാ… ഉള്ളതാണോ?”
അവൾ അഭിമന്യുവിന്റെ നേരെ തിരിഞ്ഞു..
“ട്യൂഷന് ചെന്നതാ ചേച്ചീ… സാറിന് എവിടെയോ പോകാനുണ്ട് എന്ന് പറഞ്ഞു.. അങ്ങനെ സ്വാമിയേട്ടനെ കാണാൻ പോയതാ… മൂപ്പര് ചൂണ്ടയിടാൻ പുഴയിൽ വരുന്നോ എന്ന് ചോദിച്ചു.. ഞാനും അനിതയും പോയി.. അവിടെ കുറെ ആളുകൾ നീന്തുന്നുണ്ടായിരുന്നു… എനിക്കും പഠിക്കണമെന്ന് ആഗ്രഹം… സ്വാമിയേട്ടൻ അതിന് സമ്മതിച്ചു… “
“എന്നിട്ട്?”
“എന്നിട്ടെന്താ ?.. ഇവന്റെ കഷ്ടകാലത്തിന് ഞാൻ അതുവഴി ചെന്നു… ചെവിക്കു പിടിച്ച് കൂട്ടികൊണ്ട് വന്നതാ “
“സ്വാമിയേട്ടനോ..?”
“എന്നെ കണ്ടപ്പോൾ വെള്ളത്തിൽ മുങ്ങി.. മിക്കവാറും അക്കരയ്ക്ക് പൊങ്ങിയിട്ടുണ്ടാകും..”
വൈശാലി ചിരിയടക്കി ഗൗരവത്തിൽ അവനെ നോക്കി..
“കുറെ നാളെയോ നിന്റെ നീന്തൽ പരിശീലനം തുടങ്ങിയിട്ട്.?”
“ഇല്ല ചേച്ചീ… ഇന്ന് ആദ്യമായിട്ടാണ്..”
അഭിമന്യു കള്ളം പറഞ്ഞു… ഇടയ്ക്കിടെ അവനും സ്വാമിനാഥനും പുഴയിൽ പോകാറുണ്ട്.. അവളറിഞ്ഞാൽ വഴക്കു പറയും എന്ന് പേടിച്ച് ഒളിച്ചു വച്ചു വച്ചു..
“ഇനി ആവർത്തിക്കരുത് കേട്ടല്ലോ?”
അവൻ തലയാട്ടി..
“നിനക്ക് നീന്തൽ പഠിക്കണമെങ്കിൽ മാധവേട്ടൻ പഠിപ്പിക്കും…”
“എനിക്കതിന് നീന്തൽ അറിയില്ല..” മാധവൻ പറഞ്ഞു..
ഇത്തവണ അവൾക്ക് ചിരിപൊട്ടി…
“നല്ലയാളാ ചെറുക്കനെ ഉപദേശിക്കുന്നത്..അഭീ.. നീ പോയി കുളിച്ച് വല്ലതും കഴിക്ക്..”
അവൻ രക്ഷപ്പെട്ട ആശ്വാസത്തിൽ കുളിമുറിയിലേക്ക് ഓടി…
“വേറൊന്നും കൊണ്ടല്ല.. പുഴയുടെ ആ ഭാഗത്ത് നല്ല അടിയൊഴുക്കാ..കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇവന്റെ പ്രായത്തിലൊരു കുട്ടി അവിടെ വീണു.. അവനും , രക്ഷിക്കാൻ ഇറങ്ങിയ ആളും മുങ്ങി മരിച്ചു… പേടിച്ചിട്ടാ വഴക്ക് പറഞ്ഞത്.. അഭിക്ക് വിഷമമായി കാണുമോ?”
“ഏയ്.. അതൊന്നുമില്ല..”
അവൾ ആശ്വസിപ്പിച്ചു…മാധവൻ അഭിമന്യുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവൾക്ക് സന്തോഷം നിറഞ്ഞ അസൂയ തോന്നാറുണ്ട്… അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യും.. ഒരു കുറവും വരുത്തില്ല…. ദുർഗ്ഗയും അതുപോലെ തന്നെ..ഇടയ്ക്ക് അവനെ ബാംഗ്ലൂരിൽ കൊണ്ട് പോയി താമസിപ്പിക്കും… കുട്ടിക്കാലത്ത് കിട്ടാത്ത സ്നേഹലാളനങ്ങൾ ആവോളം അവന് നൽകാൻ എല്ലാവരും മത്സരിക്കുകയായിരുന്നു…
ഒരു ദിവസം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ വൈശാലി അസ്വസ്ഥയായിരുന്നു.. ജോലി കഴിഞ്ഞ് മാധവൻ കുളിച്ചു വന്നപ്പോഴും അവൾ തല കൈയിൽ ഊന്നി ചിന്തയിൽ മുഴുകി ഇരിക്കുകയാണ്..
“എടോ…” അയാളുടെ വിളി കേട്ട് അവൾ ഞെട്ടി തിരിഞ്ഞു..
“എന്ത് പറ്റി?”
“ഒന്നുമില്ല…” അവൾ ചിരിക്കാൻ ശ്രമിച്ചു..
“കാര്യം പറയെടോ.. തന്റെ മുഖം കണ്ടാൽ അറിയാം എന്തോ പ്രശ്നമുണ്ട് എന്ന്..”
അവൾ മിണ്ടിയില്ല.. മാധവൻ അടുത്തിരുന്ന് അവളുടെ കൈയിൽ മൃദുവായി തലോടി…
“പറ… എന്താ?”
“മാധവേട്ടന് ഓർമ്മയുണ്ടോ? പണ്ട് കൂട്ടുകാരന്റെ മോനെ ശ്രദ്ധിക്കണം എന്ന് പറയാൻ സ്കൂളിൽ വന്നത്..”
“രാജേട്ടന്റെ മോനെ അല്ലേ? അതോടെ അവൻ നന്നായി….”
“അതിനു ശേഷം സ്കൂളിൽ സ്ട്രിക്ട് ആയിരുന്നു… ആഴ്ചയ്ക്ക് പേരന്റസ് മീറ്റിംഗ് വിളിക്കും… കുട്ടികൾ സ്കൂളിൽ വരുന്നുണ്ട് എന്ന് ഉറപ്പിക്കും… കുറെ കാലമായി കുഴപ്പമൊന്നും ഇല്ലായിരുന്നു.. പക്ഷേ ഇപ്പോൾ കുറച്ചു നാളായി എനിക്കൊരു സംശയം… പത്താം ക്‌ളാസിലെ ചില കുട്ടികളുടെ പെരുമാറ്റം അത്ര ശരിയല്ലാത്തത് പോലെ..”
“അഭിയുടെ ക്ലാസ്സ് ആണോ?”
“അല്ല… പത്ത് ഡി… നന്നായി പഠിച്ചു കൊണ്ടിരുന്ന പലരും ഇപ്പോൾ പുറകോട്ടാണ്…പെട്ടെന്ന് ദേഷ്യപ്പെടുന്നു.. മറ്റു കുട്ടികളുമായി അടികൂടുന്നു,.. ടീച്ചേഴ്സിനോട് വരെ മോശമായിട്ടാ സംസാരിക്കുന്നത്… മറ്റു രണ്ടു ഡിവിഷനുകളിലും ഇതേ പ്രശ്നം ഉണ്ടെന്ന് ക്ലാസ് ടീച്ചർ പറഞ്ഞു… പേരന്റ്സിനെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല…”
അവൾ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..
” ഇന്നലെ ഞാൻ ഒരു ക്ലാസ് ടെസ്റ്റ് നടത്തി… രേണുക എന്നൊരു കുട്ടി, അവൾ പഠിച്ച എല്ലാ ക്ലാസിലും ഫസ്റ്റ് ആയിരുന്നു.. പക്ഷേ ടെസ്റ്റിൽ ഒരു ശരിയുത്തരം പോലും എഴുതിയില്ല… എനിക്കത് ഷോക്ക് ആയിപ്പോയി… റാങ്ക് പ്രതീക്ഷ ഉണ്ടായിരുന്ന കുട്ടിയാ… ആ ദേഷ്യത്തിൽ ഞാൻ വഴക്ക് പറഞ്ഞു,.. അവൾ വീട്ടിൽ പോയി തൂങ്ങി മരിക്കാൻ ശ്രമിച്ചു.. അമ്മ കണ്ടത് കൊണ്ട് മാത്രമാ രക്ഷപെട്ടത്..”
വൈശാലിയുടെ കണ്ണ് നിറഞ്ഞു…
“ഞാൻ ചീത്തവിളിച്ചിട്ടാണ് അങ്ങനെ ചെയ്തതെന്ന് ആ കുട്ടി വീട്ടുകാരോട് പറഞ്ഞു.. അവർ സ്കൂളിൽ വന്ന് ബഹളമുണ്ടാക്കി… എന്നെ അറിയുന്ന ചിലർ ഇടപെട്ടത് കൊണ്ട് അവർ അടങ്ങി… പക്ഷേ മാധവേട്ടാ… എന്താണ് ആ കുട്ടികൾക്ക് പറ്റിയത് എന്നറിയാതെ ഞാൻ ഉരുകുകയാ…”
“താനിങ്ങനെ നേർവസ് ആകല്ലേ… നമുക്ക് വഴിയുണ്ടാക്കാം… രേണുകയുടെ വീടെവിടെയാ? “
“റെയിൽവെ സ്റ്റേഷന്റെ അടുത്തെവിടെയോ ആണ്…”
“ഈ കുഴപ്പക്കാരായ ആൺകുട്ടികൾ സ്ഥിരമായി സ്കൂളിൽ വരാറുണ്ടോ?”
“ഇടയ്ക്ക് വരില്ല… പക്ഷേ അവർ വീട്ടിൽ പറഞ്ഞിട്ടാണ് ലീവ് എടുക്കുന്നത് എന്ന് രക്ഷിതാക്കൾ സമ്മതിക്കുന്നുണ്ട്… എല്ലാം പാവപ്പെട്ടവരുടെ മക്കളാ… അവർ ഇടയ്ക്ക് ജോലിക്ക് പോയി കാശ് വീട്ടിൽ കൊടുക്കാറുണ്ടെന്ന് അവർ പറയുന്നു..”
“എന്ത് ജോലി?”
“കൺസ്ട്രഷൻ വർക്ക്… ചിലർ ഫാക്ടറിയിൽ താത്കാലിക ജോലിക്ക്.മറ്റു ചിലർ ഹോട്ടലിൽ ക്‌ളീനിങ്..”
“ഈ പിള്ളേരെ ജോലിക്ക് വയ്ക്കുന്നവന്മാരെ ആദ്യം തല്ലണം,. എന്തായാലും താൻ സമാധാനിക്ക്… ഞാനൊന്ന് അന്വേഷിക്കട്ടെ… അഭിയുടെ കാര്യം ശ്രദ്ധിക്കാറില്ലേ?”
“എനിക്ക് അതൊരു പേടിയുണ്ടായിരുന്നു. പക്ഷേ അവന്റെ ക്ലാസിൽ എല്ലാം പഴയത് പോലെ തന്നെ… അവൻ സ്കൂൾ വിട്ടാൽ നേരെ ട്യൂഷന് പോകും.. അത് കഴിഞ്ഞ് സ്വാമിയേട്ടന്റെ വീട്ടിൽ… അനിതയുടെ കൂടെ കുറച്ച് നേരം കളിച്ചിട്ട് നേരെ ഇങ്ങോട്ട് വരും..”
“ഉം… താൻ ഫുഡ് എടുത്ത് വയ്ക്ക്.. നേരം വൈകി… അഭി കഴിച്ചോ?”
“ഉവ്വ്.. കുറെ നേരം മാധവേട്ടനെ നോക്കിയിരുന്നു.. ഞാൻ നിർബന്ധിച്ചിട്ടാ അത്താഴം കഴിച്ച് ഉറങ്ങിയത്.. രാവിലെ പഠിക്കാൻ എഴുന്നേൽക്കുന്നതല്ലേ?”
“മാർക്കറ്റിൽ ലോഡ് സന്ധ്യയ്ക്കാ വന്നത്.. ഇറക്കി തീർന്നപ്പോൾ വൈകി… ഞാനവന് കുറച്ചു സ്വീറ്റ്സ് വാങ്ങിയിട്ടുണ്ട്.. ഇനി നാളെ കൊടുത്താൽ മതി..”
“അതെന്താ എനിക്കില്ലേ?” അവൾ പരിഭവം നടിച്ചു…
“നിനക്കു ജീവിതം തന്നെ തന്നില്ലേ..? പിന്നെന്തു വേണം…?”
അയാൾ അവളുടെ കവിളിൽ നുള്ളി..
“കൊഞ്ചല്ലേ…. ദുർഗ്ഗ വിളിച്ചിരുന്നു… എപ്പോഴാ അവൾക്കൊരു കുഞ്ഞുവാവയെ കൊടുക്കുന്നത് എന്ന് ചോദിച്ചു..”
“ഉടനടി തീരുമാനം ഉണ്ടാക്കാമെന്ന് പറയണ്ടേ.. ഇങ്ങനെ ആരെങ്കിലും ചോദിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ..”
“മതി, മതി.. വന്നേ… ഫുഡ് തണുക്കും..”
അവൾ മാധവനെ അടുക്കളയിലേക്ക് തള്ളി വിട്ടു…
അന്ന് രാത്രി ഉറങ്ങുമ്പോൾ അവർ ആരും അറിഞ്ഞില്ല, ഇനി ഉണരാൻ പോകുന്നത് ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് ആണെന്ന്…..
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission