Skip to content

സൗപ്തികപർവ്വം – 2

സൗപ്തികപർവ്വം

“എങ്ങനെയുണ്ട് മോളേ പുതിയ ബോസ്സ് ?”

ഹരിദാസ് ചോദിച്ചു… ഡൈനിംഗ്ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു അവർ….

“പുള്ളിയെ കണ്ടില്ലഅച്ഛാ…. രാവിലെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. അത് കഴിഞ്ഞു വന്നപ്പോഴേക്കും ആള് പോയി.. തരക്കേടില്ല എന്നാ തോന്നുന്നേ… ബേബി സാർ ഞങ്ങളെ പറ്റി നല്ലത് പറഞ്ഞിട്ടുണ്ട്..”

“ഈ ദേവരാജൻ എന്നയാൾ തന്നാണോ?”

“അല്ല.. മൂപ്പരുടെ മോനാ.. യദുകൃഷ്ണൻ… അച്ഛന്റെ സഹായമില്ലാതെ സ്വന്തം ബിസിനസ്‌ ചെയ്യുകയാ ആള്…”

“അപ്പൊ മിടുക്കനായിരിക്കും…”

“ഉം…ആയിരിക്കും. നാളെ രാവിലെ സ്റ്റാഫ് മീറ്റിംഗ് ഉണ്ട്.. അപ്പൊ അറിയാം..”

ഒരു പാത്രത്തിൽ ചൂട് ദോശയുമായി  ഭാനുമതി അങ്ങോട്ട് വന്നു….

“എടീ.. നിന്റെ കട്ടിലിൽ ഒരു കവർ വച്ചിട്ടുണ്ട്.. കണ്ടോ?”

“ഉവ്വ്.. തുറന്നു നോക്കിയില്ല.. എന്താ അത്?”

“രണ്ടുമൂന്നു ജോഡി ഡ്രസ്സാ…ഇന്ന് ഞങ്ങളൊന്ന് പുറത്ത് പോയി.. അപ്പൊ വാങ്ങിച്ചു..”

“എന്തിനാമ്മേ? എനിക്ക് ആവശ്യത്തിനുള്ളത് ഉണ്ടല്ലോ?”

“ഞാൻ പറഞ്ഞതാ… നിന്റെ അച്ഛൻ കേൾക്കണ്ടേ? ഉള്ള കാശ് മൊത്തം കളഞ്ഞു…”

ഭാനുമതി അടുക്കളയിലേക്ക് പോയപ്പോൾ ഹരിദാസ്  മീനാക്ഷിയുടെ അരികിലേക്ക് ചേർന്നിരുന്നു..

“ചുമ്മാതാ മോളേ… നിനക്ക് ഡ്രസ്സ്‌ വാങ്ങണമെന്നും പറഞ്ഞ് എന്നെയും കൂട്ടി പോയത് അവളാ…”

“വേണ്ടായിരുന്നു.. ആ പൈസ കൊണ്ട് ലോണിന്റെ പലിശയെങ്കിലും അടക്കാമായിരുന്നില്ലേ?”

“അതൊക്കെ ശരിയാക്കാം… നീ എന്നിട്ട് ബാക്കി പറ… ക്ലയന്റ് മീറ്റിംഗിന് പോയിട്ട് എന്തായി?”

“അത് ഓക്കേ ആണ്.. മറ്റന്നാൾ അവർ ഓഫിസിലേക്ക് വരും.. “

“ചുരുക്കി പറഞ്ഞാൽ  ഏല്പിച്ച ആദ്യത്തെ ജോലി നിങ്ങൾ ഭംഗിയായി തീർത്തു അല്ലേ?”

“ഉം… അവിടുന്ന് ഇറങ്ങിയ ഉടൻ ഞങ്ങൾ ബേബി സാറിനെ വിളിച്ചിരുന്നു… കുറച്ചു നേരം സംസാരിച്ചു… സാറിന്റെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞു…”

ഭാനുമതി വന്നിരുന്നതോടെ സംസാരം നിർത്തി അവർ ഭക്ഷണം കഴിച്ചു തുടങ്ങി…. അടുക്കള വൃത്തിയാക്കാൻ അമ്മയെ സഹായിച്ചതിനു ശേഷം  മീനാക്ഷി  മുറിയിലെത്തി,.. കട്ടിലിൽ വച്ച കവർ തുറന്ന് ഡ്രെസ്സുകൾ ഓരോന്നായി എടുത്തു നോക്കി. എല്ലാം തനിക്ക് ഇഷ്ടപ്പെട്ട കളറുകൾ… അല്ലെങ്കിലും അമ്മയേക്കാൾ മക്കളുടെ ഇഷ്ടങ്ങൾ അറിയുന്ന ആരുണ്ട് ഈ ലോകത്ത്?.. എല്ലാം അലമാരയിൽ അടുക്കി വച്ച ശേഷം അവൾ കട്ടിലിൽ കിടന്ന് ഫോണെടുത്ത് ഹെഡ്സെറ്റ് കണക്ട് ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി… അതൊരു പതിവാണ്….പക്ഷേ അന്നെന്തോ അവൾക്ക് സംഗീതത്തിൽ ശ്രദ്ധിക്കാൻ പറ്റിയില്ല… എന്തോ ഒരു അസ്വസ്ഥത…. കുറച്ചു ദിവസം കഴിഞ്ഞാൽ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് അവൾ സ്വയം ആശ്വസിപ്പിച്ചു.

************

“സാറേ, ഒരാഴ്ച കൂടി സമയം തരണം .. അതിനുള്ളിൽ ഞാൻ മുഴുവൻ പൈസയും അടച്ചോളാം…”

ആ  വൃദ്ധൻ മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരോട് കെഞ്ചി…

“കേശവേട്ടൻ ഒരുമാതിരി സിനിമയിലെ വില്ലന്മാരോട് പറയണ ഡയലോഗ് പറയരുത്…ഞങ്ങളൊക്കെ ലോലഹൃദയരാ… കരഞ്ഞു പോകും..”

അതിലൊരാൾ സങ്കടം ഭാവിച്ചു….

“മോളെ മെഡിസിന് പഠിപ്പിക്കാൻ വേണ്ടി കാശ്  കടം വാങ്ങി.. ആ എരണംകെട്ടവൾ  ആ കാശും കൊണ്ട് കാമുകന്റെ കൂടെ ഓടിപ്പോയി.. ഇപ്പൊ എവിടാണെന്ന് ആർക്കും അറിയില്ല… പലിശ കേറികേറി മുതലിന്റെ മണ്ടയിലെത്തി… തിരിച്ചടക്കാൻ ഒരു നിർവാഹവുമില്ല… കൂനിന്മേൽ കുരു എന്ന പോലെ ഭാര്യക്ക് അസുഖവും… ഇതൊക്കെ ഞങ്ങൾക്ക് മനസ്സിലാവും… പക്ഷേ എന്തു ചെയ്യാനാ  ചേട്ടാ,..ഞങ്ങൾ വെറും ജോലിക്കാരാ.. മുതലാളി പറയുന്നത് അനുസരിക്കാനല്ലേ പറ്റൂ…”

ആ വീടിനു മുൻപിലേക്ക് ഒരു ഇന്നോവ കാർ വന്നു നിന്നു…

“ദേ, ഞങ്ങളുടെ മാനേജരാ…. മൂപ്പർ വിചാരിച്ചാൽ വല്ലതും നടക്കും…”

കാറിൽ നിന്ന് സാമാന്യം നല്ല ഉയരവും വണ്ണവുമുള്ള ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു….

“മധൂ… കേശവേട്ടൻ എന്താ പറയണേ?”

ഒരു സിഗരറ്റ് ചുണ്ടിൽ വച്ച് കൊണ്ട് അയാൾ ചെറുപ്പക്കാരിൽ ഒരാളോട് ചോദിച്ചു…

“പഴയ പല്ലവി തന്നെ ജോസേട്ടാ… അവധി വേണം പോലും…”

“അതെന്നാ പരിപാടിയാ ..? ഞങ്ങളിത്രേം  അവധി തന്നില്ലേ?. ഇനി പറ്റില്ല…. രണ്ടു ദിവസത്തിനുള്ളിൽ  മുതലും പലിശയും കിട്ടണം..അല്ലെങ്കിൽ എടുക്കാനുള്ളതൊക്കെ എടുത്തിട്ട് വീടൊഴിഞ്ഞു തരണം….”

“ചതിക്കല്ലേ കുഞ്ഞേ…. പോകാനൊരിടമില്ല…”

ആ വൃദ്ധൻ  അയാളുടെ കാല് പിടിക്കാനാഞ്ഞു..അയാൾ പിന്നോട്ട് മാറി..എന്നിട്ട്  ചെറുപ്പക്കാരെ നോക്കി..

“പിള്ളേരെ,.. കേട്ടല്ലോ? രണ്ടു ദിവസം… ഇങ്ങേർ പൈസ തന്നില്ലേൽ എന്നെ വിളിക്ക്… “

അവർ തലയാട്ടി… അയാൾ  തിരിച്ചു കാറിനടുത്തേക്ക് നടന്നു.. പിന്നാലെ അവരും… ഡോർ തുറന്ന ശേഷം അയാൾ തിരിഞ്ഞു നിന്നു..

“മധൂ… നിന്റെ അളിയനു നമ്മുടെ കമ്പനിയിലെ ജോലി ഇഷ്ടപ്പെട്ടോ?”

മധു കൂടെയുള്ള ചെറുപ്പക്കാരനെ ഒന്ന് നോക്കി…

“ഉവ്വ് ജോസേട്ടാ… കാര്യങ്ങളൊക്കെ ഞാൻ പഠിപ്പിച്ചു വരുവാ.. അതാ കൂടെ തന്നെ കൊണ്ട് നടക്കുന്നെ…”

“ഇവന്റെ പേരെന്നതാ?”

“സന്തോഷ്‌…”  മറ്റേ ചെറുപ്പക്കാരൻ പറഞ്ഞു…

“ങാ.. സന്തോഷേ….ഇപ്പൊ ജോലിയുടെ സ്വഭാവമൊക്കെ മനസ്സിലായില്ലേ? കൈനീട്ടി കാശ് വാങ്ങാൻ കാട്ടുന്ന ഉത്സാഹമൊന്നും ഒരു നാറിക്കും, അത് തിരിച്ചു തരാൻ ഉണ്ടാവില്ല… നമ്മള് ചോദിച്ചു ചെന്നാൽ  അപ്പൊ കരച്ചിലും ദാരിദ്ര്യം പറച്ചിലും….. ഇവറ്റകളുടെ പൂങ്കണ്ണീര് കണ്ട് മനസ്സലിയരുത്,…. കേട്ടല്ലോ?”

സന്തോഷ്‌ തലയാട്ടി,.. അയാൾ കാറിൽ കയറി…

“ഞാനൊരു സംശയം ചോദിച്ചോട്ടെ?”   പോകുന്ന വഴിയിൽ സന്തോഷ്‌ മധുവിനോട് ചോദിച്ചു…. മധു  ബൈക്ക് റോഡരികിൽ  നിർത്തി….

“എന്താ?”

“സീതാഫിനാൻസ്കാർക്കെതിരെ ആ  കേശവേട്ടൻ ഒരു പരാതി കൊടുത്താൽ ഇതൊക്കെ വല്യ പ്രശ്നമാകില്ലേ? “

“എന്ത് പ്രശ്നം?”

“അല്ല, വീട്ടിൽ നിന്ന് ഇറക്കി വിടുന്നു എന്നൊക്കെ പറഞ്ഞ്….”

മധു ഒന്ന് ചിരിച്ചു..

“ഇതിന് സീതാഗ്രൂപ്പുമായി ഒരു ബന്ധവുമില്ല അളിയാ… “

സന്തോഷിനു കാര്യം മനസിലായില്ല… അവൻ മധുവിനെ മിഴിച്ചു നോക്കി…

“സീത ഫിനാൻസ് ബിസിനസ്സുകാർക്കും, സിനിമക്കാർക്കുമൊക്കെയാ കാശ് കടം കൊടുക്കുന്നത്… അത് തികച്ചും ലീഗൽ… ഇതുപോലെയുള്ള പാവത്തുങ്ങളെ പിഴിയുന്നത് ഇല്ലീഗൽ… ഇതിനൊന്നും ഒരു തെളിവുമില്ല,.. ഒന്നൂടെ വ്യക്തമാക്കി പറഞ്ഞാൽ ഞാനും അളിയനുമൊന്നും സീതാ ഗ്രൂപ്പിന്റെ സ്റ്റാഫ്‌ അല്ല….”

സന്തോഷിന്റെ അമ്പരപ്പ് കണ്ട് മധു പൊട്ടിച്ചിരിച്ചു….

“അളിയൻ പേടിക്കണ്ട…ശമ്പളമൊക്കെ കൃത്യസമയത്ത് കിട്ടും…. നമ്മളെ പോലെ നൂറുകണക്കിന് ആളുകൾ ഇവർക്കുണ്ട്.. ശരിക്കും പറഞ്ഞാൽ ഗുണ്ടകൾ….. ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് സത്യപാലൻ… അളിയൻ കണ്ടിട്ടില്ലല്ലോ? ചെകുത്താൻ മനുഷ്യരൂപം എടുത്തതാ… ലോകത്ത് ഒന്നിനെയും പേടിയില്ല… ദേവരാജൻ മുതലാളിയുടെ വലം കൈ… ഈ പിടിച്ചു വാങ്ങുന്ന സ്വത്ത്‌ ഒക്കെ ഇവര് ഇരട്ടി വിലയ്ക്ക് മറിച്ചു വിൽകും.. അല്ലേൽ ഇവരെ സഹായിക്കുന്ന ആർകെങ്കിലും സമ്മാനമായി നൽകും…. ഇങ്ങനൊക്കെ തന്നാ ദേവരാജൻ മുതലാളി ഇത്രേം വളർന്നത്… പക്ഷേ ഇതൊന്നും അധികമാർക്കും അറിയില്ല എന്ന് മാത്രം..”

സന്തോഷ്‌ അവിശ്വസനീയതയോടെ കേട്ടു നിൽക്കുകയാണ്….

“അളിയന് വിശ്വാസം വരുന്നില്ല അല്ലേ? വേറൊരു കാര്യം കൂടെ പറഞ്ഞു തരാം… ഈ കേശവേട്ടന്റെ മോള് രാഖി …”

“ആരുടെയോ കൂടെ ഒളിച്ചോടി എന്ന് പറഞ്ഞ കുട്ടിയോ?”  സന്തോഷ്‌ ഇടയിൽ കയറി…

“അതേ… ആ  കൊച്ച് ഒളിച്ചോടിയതൊന്നുമല്ല…”

“പിന്നെ?..”

മധു ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല എന്നുറപ്പാക്കി എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു

“ഇവന്മാര് കൊന്നതാ…”

“എന്താ അളിയാ ഈ പറയുന്നേ?”

“സത്യം…കാശ് വാങ്ങാൻ  ഇങ്ങേരുടെ കൂടെ മോളും വന്നിരുന്നു… സത്യപാലൻ പെണ്ണ് വിഷയത്തിൽ ഒരു ഭ്രാന്തനാണ്,.. അയാൾക്ക് അവളെ ഇഷ്ടപ്പെട്ടു….. പൈസയും കൊണ്ട് തിരിച്ചു വരുന്ന വഴി ഈ കിളവൻ ആരെയോ കാണാൻ കേറി.. ആ തക്കത്തിനു അവന്മാർ ആ കൊച്ചിനെ പൊക്കി എങ്ങോട്ടോ കൊണ്ടു പോയി…എല്ലാ അവന്മാരുടേം പരാക്രമം കഴിഞ്ഞപ്പോൾ അതിന്റെ പ്രാണൻ പോയി…ബോഡി, സത്യപാലൻ താമസിക്കുന്ന വീടിനടുത്തുള്ള ചതുപ്പിലെങ്ങാണ്ട് താഴ്ത്തി… എല്ലാരും വിശ്വസിക്കുന്നത് കാശും കൊണ്ട് അവള് കാമുകന്റെ കൂടെ ഒളിച്ചോടി എന്നാ…”

ഒരു കെട്ടുകഥ പോലെയാണ്  സന്തോഷിനു തോന്നിയത്…

“ഇതൊക്കെ ഈ കേരളത്തിൽ നടന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല….. സിനിമയിൽ മാത്രമേ ഞാനിതൊക്കെ കണ്ടിട്ടുള്ളൂ…”

“ഇതിലും വലുതൊക്കെ ഇവന്മാർ ചെയ്തിട്ടുണ്ട്… അതൊന്നും ഒരിക്കലും പുറത്തു വരില്ല… എല്ലായിടത്തും നല്ല പിടിപാടാ….”

“എന്നാലും ഇതൊക്കെ അറിഞ്ഞിട്ടും അളിയൻ എന്തിനാ ഇവന്മാരുടെ കൂടെ ജോലി ചെയ്യുന്നെ? അതു പോട്ടെ, എന്നെയെന്തിനാ ഇതിലേക്ക് പിടിച്ചിട്ടേ? എനിക്ക് മനസമാധാനത്തിൽ ഇനി ഉറങ്ങാൻ പറ്റുമോ?”

“പത്തു വർഷമായി ഞാനിവരുടെ കൂടെ… ചെയ്യുന്ന ജോലിക്ക് കൂലി തരുന്നുണ്ട്.. ഇതൊക്കെ കേട്ടപ്പോൾ വിഷമം തോന്നിയിട്ടുണ്ട്…മൂന്നെണ്ണം അടിച്ചു കിടന്നുറങ്ങിയാൽ അത് മാറും…പിന്നെ അളിയനെ ഇതിലേക്ക് പിടിച്ചിട്ടത്,… കുറേ കാലം, രാഷ്ട്രീയം കളിച്ച്  ഉള്ളത് മുഴുവൻ വിറ്റ് തുലച്ചു കുത്തിയിരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി… ഒരു വരുമാനമായിക്കോട്ടെ എന്ന് കരുതി… അതിപ്പോ എനിക്ക് പാരയായോ?”

“ഏയ്.. ഞാനതല്ല ഉദ്ദേശിച്ചത്..”

“ഒന്നും ഉദ്ദേശിക്കണ്ട… ജോലി ചെയ്യുക, കുടുംബം നോക്കുക… നമുക്കിഷ്ടമില്ലാത്തത് കണ്ടാൽ കണ്ണടയ്ക്കുക.. എന്നാലേ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റൂ..”

മധു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

“ഇനി അളിയൻ ഇതെങ്ങാനും ആരോടെങ്കിലും പറഞ്ഞാൽ…… എനിക്ക് പ്രശ്നമൊന്നുമില്ല, വിധവയാകുന്ന പെങ്ങളെ ഞാൻ നോക്കിക്കോളാം,.പക്ഷേ അളിയനെ തട്ടും മുൻപ് അവന്മാർ  അളിയന്റെ മൂന്ന് ചേച്ചിമാരെയും  അച്ഛനേം അമ്മയെയും എന്തിന്, വീട്ടിലെ പൂച്ചയെയും പട്ടിയെയും വരെ  കണ്മുൻപിലിട്ട് തീർക്കും… എനിക്ക് ശരിക്കറിയാം…..”

“അയ്യോ… അമ്മ സത്യം… ഞാനാരോടും പറയില്ല….”

“എന്നാൽ അളിയന് കൊള്ളാം….വാ  കേറ്… പണി ബാക്കി കിടക്കുകയാ..”

ബൈക്ക് റോഡിലൂടെ മുന്നോട്ട് കുതിച്ചു…

**************

ഓഫീസിൽ  മീനാക്ഷി നേരത്തെ എത്തിയിരുന്നു.. വേറെയാരും എത്തിയില്ല…

മീറ്റിംഗിൽ സംസാരിക്കേണ്ടതൊക്കെ നോട്ട് പാഡിൽ കുറിച്ചിടുകയാണ് മീനാക്ഷി..തലേന്ന് രാത്രി ചിന്തിച്ചതൊക്കെ മറന്നു പോകുന്നു… ആദ്യത്തെ സ്റ്റാഫ്‌ മീറ്റിംഗ് ആണ്… മറ്റുള്ളവരുടെ മുന്നിൽ, പ്രത്യേകിച്ച് സമീറയുടെ മുന്നിൽ പതറിപ്പോകരുത്….

“എസ്ക്യൂസ്‌മീ…”

ഒരു പുരുഷസ്വരം…. അവൾ തലയുയർത്തി നോക്കി… മുന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ….

“ഗുഡ്മോർണിംഗ്….” അയാൾ പറഞ്ഞു

“ഗുഡ്മോർണിംഗ്… സോറി സർ… ഞങ്ങൾ ഓപ്പൺ ചെയ്യുന്നതേ ഉള്ളൂ… “

“അതല്ല, ഞാൻ…” അയാൾ  ഒന്നാം നമ്പർ റൂമിന് നേരെ കൈ  ചൂണ്ടി..

“ങാ , സാറിനെ കാണാനാണോ?.. ആളെത്തിയില്ല… പ്ലീസ് വെയ്റ്റ്…”

അവൾ പുഞ്ചിരിയോടെ വിസിറ്റേഴ്സ് ചെയറിനു നേരെ കണ്ണു കാണിച്ചു…

അവളെ ഒന്നുകൂടി നോക്കിയ ശേഷം ആ ചെറുപ്പക്കാരൻ  അവിടെ പോയിരുന്നു….

പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ രാജ്കുമാർ എത്തി…

“ഗുഡ്മോർണിംഗ് മീനാക്ഷീ…”

“ഗുഡ്മോർണിംഗ് സർ..” അവൾ എഴുന്നേറ്റു നിന്നു..

“ജിൻസിയെവിടെ?”

“മുകളിലുണ്ട്…”

അപ്പോഴാണ്  അവിടിരിക്കുന്ന ചെറുപ്പക്കാരനെ രാജ്‌കുമാർ കണ്ടത്… അയാൾ അമ്പരന്നു…

“സാറെന്താ ഇവിടിരിക്കുന്നത്?”

“ഈ കുട്ടി ഇരിക്കാൻ പറഞ്ഞു…”

“ങേ?”

“ബോസ്സിനെ കാണാൻ വന്നതാ  സർ.. ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യാൻ…”

രാജ്‌കുമാർ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു…

“ആ ബോസ്സ് തന്നെയാടോ ഇത്…. യദുകൃഷ്ണൻ,..”

മീനാക്ഷിക്ക് അപ്പോൾ ഉണ്ടായത് ചമ്മലാണോ അതോ ഷോക്ക് ആണോ എന്ന് വേർതിരിച്ചു അറിയാനായില്ല…

“ആക്ച്വലി, ഞാനെന്റെ ഓഫിസ് കീ എടുക്കാൻ മറന്നു… ഈ കുട്ടിയുടെ കൈയിൽ എല്ലാത്തിന്റെയും സ്പെയർ ഉണ്ടെന്ന് ഇന്നലെ രാജേട്ടൻ പറഞ്ഞില്ലേ,അത് വാങ്ങിക്കാൻ വന്നതാ…”

“ഇവൾക്ക് സാറിനെ അറിയില്ല… പറഞ്ഞൂടായിരുന്നോ…?”

“ഏയ്…എന്തോ കാര്യമായി എഴുതുകയായിരുന്നു… അതിനിടയിൽ  ഡിസ്റ്റർബ് ചെയ്യണ്ട എന്ന് തോന്നി… പിന്നെ, എനിക്കൊരു ടൈംപാസും ആകുമല്ലോ..”

യദുകൃഷ്ണൻ കണ്ണിറുക്കി… മീനാക്ഷി  വേഗം കീ എടുത്ത് നീട്ടി… അവൻ അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം  അകത്തേക്ക് നടന്നു… പിന്നാലെ രാജ്‌കുമാറും… അവർ പോയ ഉടൻ അവൾ ചെയറിലിരുന്ന് വലതു കൈ നെറ്റിയിൽ അടിച്ചു…

“പ്രാർത്ഥിക്കുമ്പോൾ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നതിന്റെ അർത്ഥം ഇതായിരുന്നു അല്ലേ കൃഷ്ണാ? ഇത്രേം വല്യൊരു പണി ഞാൻ പ്രതീക്ഷിച്ചതേ ഇല്ല.. എന്നോടിത് ചെയ്യാൻ നിനക്കെങ്ങനെ തോന്നി? “

“എന്താടീ ഒറ്റയ്ക്കിരുന്നു പിറുപിറുക്കുന്നെ “

അങ്ങോട്ട് വന്ന ജിൻസി ചോദിച്ചു…

“സ്വന്തം മുതലാളിയെ വിസിറ്റേഴ്സ് ചെയറിലിരുത്തിയ ആദ്യത്തെ തൊഴിലാളി ഞാനായിരിക്കും…”

“നീയെന്താ കൊച്ചേ പറയുന്നേ?”

അവൾ നടന്നത് വിവരിച്ചു… ചിരിയടക്കാൻ പാടുപെടുന്ന ജിൻസിയെ കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു….

“അടക്കി വയ്ക്കണ്ട… ഉച്ചത്തിൽ ചിരിച്ചോ… ന്റെ കൃഷ്ണാ… മറ്റുള്ളവരൊക്കെ അറിഞ്ഞാൽ എന്താകും അവസ്ഥ… പ്രത്യേകിച്ച് ആ സമീറ…”

“ഏയ്… ആരുമറിയില്ല… നീ ചുമ്മാ ടെൻഷനടിക്കാതെ…”

ജിൻസി സമാധാനിപ്പിച്ചെങ്കിലും മീനാക്ഷിക്ക് ഇരിപ്പുറച്ചില്ല…..

പത്തു മണിക്ക് മീറ്റിംഗ് ഹാളിലേക്ക് കടന്നു ചെന്നപ്പോൾ അവൾക്കു അത്യാവശ്യം നല്ല വിറയലുണ്ടായിരുന്നു….. യദുകൃഷ്ണൻ അങ്ങോട്ട് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു…

“പ്ലീസ് സിറ്റ്…” അവൻ കൈ കാട്ടി…

“ഇത് നമ്മുടെ ഫസ്റ്റ് സ്റ്റാഫ്‌ മീറ്റിംഗ് ആണ്… നിങ്ങൾ പലരും ഇതിനു മുന്നേ മറ്റു പല കമ്പനിയിലും ജോലി ചെയ്തത് കൊണ്ട്, ഇവിടുള്ള പലതും വിചിത്രമായി തോന്നിയെക്കാം… അതായത്  എല്ലാ ഡിപ്പാർട്മെന്റിലേക്കുമുള്ള സ്റ്റാഫിനെ എടുക്കും മുൻപേ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നു എന്നതൊക്കെ പുതുമയുള്ളതാവും… ബട്ട്‌,.. അതിനൊക്കെ എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്..”

യദുകൃഷ്ണൻ എല്ലാവരേയും ഒന്ന് നോക്കി..

“ഈ കമ്പനിക്ക് എനിക്കൊരു പാർട്ണർ കൂടിയുണ്ട്… സ്റ്റാഫ്‌ സെലക്ഷനൊക്കെ അയാൾ നോക്കിക്കോളും… ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ എല്ലാം സെറ്റ് ആകും… പക്ഷേ എനിക്ക് വേണ്ടത് നിങ്ങളുടെ സഹകരണവും ആത്മാർത്ഥമായ പരിശ്രമവുമാണ്… കാരണം  ഇതെന്റെ സ്വപ്നമാ….. നിങ്ങൾ കൂടെ നിന്നാൽ, നിങ്ങളുടെ എന്താവശ്യത്തിനും ഞാനും കൂടെയുണ്ടാകും….ഇപ്പൊ നമുക്ക് കിട്ടിയ ആദ്യത്തെ വർക്ക്‌ അലിഫ് ടെക്സ്റ്റയിൽസിന്റെതാണ് ….. അത് നേടിയെടുത്ത ജിൻസിക്കും മീനാക്ഷിക്കും അഭിനന്ദനങ്ങൾ

..”

എല്ലാരും പതിയെ കയ്യടിച്ചു..

“ഒന്നോ രണ്ടോ ഓഫിസുകൾ കൂടി തുറക്കാനുള്ള പ്ലാൻ ഉണ്ട്… നോട്ട് നൗ… ഇൻ ഫ്യൂച്ചർ… ബട്ട്‌ ഇതൊക്കെ നടക്കണമെങ്കിൽ നിങ്ങൾ കൂടി വിചാരിക്കണം…”

സമീറ മെല്ലെ കൈ ഉയർത്തി…

“യെസ് സമീറ?”

“സാറിന്റെ പാർട്ണർ ആരാണെന്ന് പറഞ്ഞില്ല…”

“ഓ സോറി… അത് മറന്നുപോയി… വേറാരുമല്ല, എന്റെ അനിയത്തി ശിവാനി… രണ്ടു ദിവസത്തിനുള്ളിൽ അവളിങ്ങോട്ട് വന്ന് എല്ലാവരെയും നേരിൽ പരിചയപ്പെട്ടോളും…”

ഓരോരുത്തരും സംശയങ്ങൾ ചോദിച്ചു കൊണ്ടിരിക്കവേ, മീനാക്ഷി  ജിൻസിയെ തോണ്ടി..

“എന്താടീ?”

“ഒരബദ്ധം പറ്റി ചേച്ചീ “.. അവൾ മന്ത്രിച്ചു

“അത് പതിവുള്ളതല്ലേ… ഇപ്പൊ എന്താ?”

“സംസാരിക്കാനുള്ളതൊക്കെ എഴുതി വച്ചിരുന്നു.. അതിങ്ങോട്ട് എടുക്കാൻ മറന്നു..”

“വെരി ഗുഡ്.,..”

“ഇനിയിപ്പോ എന്ത് ചെയ്യും?”

“ഏതേലും സിനിമാപ്പാട്ട് പാടിക്കോ…”

മീനാക്ഷി  അവളുടെ തുടയിൽ ആഞ്ഞു നുള്ളി..

“ആ…”  

കുറച്ചു ഉറക്കെ ആയതു കൊണ്ടാവണം, യദുകൃഷ്ണൻ ഉൾപ്പെടെ എല്ലാവരും അങ്ങോട്ട് നോക്കി….

“ജിൻസിക്ക് എന്തോ പറയാനുണ്ടല്ലോ ? “

“എനിക്കല്ല സർ, ഇവൾക്കാ..”   ജിൻസി  മീനാക്ഷിയുടെ കൈ പിടിച്ചു പൊക്കി..

“പറയൂ മീനാക്ഷീ… നിങ്ങൾ ഈ കമ്പനിയിലെ  പഴയ സ്റ്റാഫ് അല്ലേ? അതായത് എന്നെക്കാളും സീനിയർ.. “

“ദുഷ്ടേ, ഇത് കഴിഞ്ഞിട്ട് ഞാൻ തരാട്ടോ..”  ജിൻസിയോട് അടക്കം പറഞ്ഞ് അവൾ എഴുന്നേറ്റു…

“സർ,, പറയുന്നത്  തെറ്റാണെങ്കിൽ ക്ഷമിക്കണം… ഒരു ഫ്രിഡ്ജ്, കോഫി മെഷീൻ … ഇതു രണ്ടും വാങ്ങിച്ചാൽ നന്നായിരിക്കും…”

“ഇതു ചായക്കട അല്ല മീനാക്ഷീ…”   സമീറ പറഞ്ഞതും  യദുവും രാജ്‌കുമാറും ജിൻസിയുമൊഴികെ എല്ലാവരും ചിരിച്ചു…

“ലെറ്റ്‌ ഹെർ ഫിനിഷ് ”  യദുകൃഷ്ണൻ ശബ്ദമുയർത്തിയപ്പോൾ അവിടെ നിശബ്ദത പരന്നു..മീനാക്ഷി ഒന്ന് ശ്വാസം വലിച്ചെടുത്തു…

“സർ,.. പണ്ട് ഇതൊരു ചെറിയ ആഡ് കമ്പനി ആയിരുന്നു.. പക്ഷേ ഇപ്പൊ അല്ല, നമുക്ക് ഒരുപാട് ക്ലയന്റ്സ് വരും ..അവർക്ക് ഒരു ഒരു കോഫിയോ  കൂൾഡ്രിങ്സോ മുന്നിൽ വയ്ക്കുന്നത്  എന്തുകൊണ്ടും നല്ലതല്ലേ?….”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം യദുകൃഷ്ണൻ  സംസാരിച്ചു..

“അതൊരു നല്ല ഐഡിയ ആണ് മീനാക്ഷീ..പുറത്തു നിന്ന് വരുന്നവർക്ക് മാത്രമല്ല, എനിക്കും, ഇവിടുള്ള സ്റ്റാഫിനും അതുപകാരപ്പെടും…. രാജേട്ടാ, ആ  റൈറ്റ് കോർണറിൽ ഒരു ചെറിയ കിച്ചൻ റെഡിയാക്കണം… എത്രയും പെട്ടെന്ന്,.”

രാജ്‌കുമാർ തലയാട്ടി….

“ഓക്കേ, അപ്പൊ ഇന്ന് ഇത്രയേ ഉള്ളൂ,. എല്ലാവരും അവരവരുടെ വർക്ക് തുടങ്ങിക്കോളൂ… “

അവൾ ആശ്വാസത്തോടെ ഇരിക്കാൻ ഭാവിച്ചപ്പോൾ അവന്റെ ശബ്ദം കേട്ടു..

“മീനാക്ഷി, കം  ടു മൈ ക്യാബിൻ…” എല്ലാവരും പുറത്തേക്ക് നടന്നു…

“കൃഷ്ണാ… ഇനിയെന്താണാവോ…”

“പോയിട്ട് വാടീ….” ജിൻസി പ്രോത്സാഹിപ്പിച്ചു..

“കണ്ടു രസിക്കാൻ നല്ല സുഖമുണ്ടല്ലേ…?”

“ആദ്യത്തെ മീറ്റിംഗ് നീ തകർത്തു മോളെ..”

“ഒലക്ക… വേറൊന്നും കിട്ടാത്തത് കൊണ്ട് വായിൽ തോന്നിയത് പറഞ്ഞതാ…വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം മോട്ടിവേഷൻ തരുന്ന പരിപാടി ചേച്ചി ആദ്യം നിർത്ത്…”

അവൾ  യദുവിന്റെ ഓഫിസിന് നേരെ നടന്നു…

“മേ ഐ കമിൻ  സർ?”  ഗ്ലാസ്‌ ഡോർ പാതി  തുറന്നു അവൾ  ചോദിച്ചു..

“വാടോ…”

അകത്തു കയറുമ്പോൾ ഉള്ളം കൈ  വല്ലാതെ വിയർക്കുന്നത് അവളറിഞ്ഞു… പേടി കൂടുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്..

“ഇരിക്ക്…” അവൾ  ഇരുന്നു…

“സോറി സർ… രാവിലെ ഞാൻ ആളറിയാതെ….”

“ഇറ്റ്സ് ഓക്കേ…ഞാനതപ്പോഴേ  വിട്ടു… തന്നെ ഇങ്ങോട്ട് വിളിച്ചത് വേറൊരു കാര്യം ചോദിക്കാനാ”

“എന്താ?”

“മീറ്റിംഗിന് ഇതൊന്നുമല്ല താൻ പറയാൻ ഉദ്ദേശിച്ചത് എന്ന് മനസിലായി… “

“ഉവ്വ് സത്യമാണ്… ഞാൻ എഴുതി വച്ചത് എടുക്കാൻ വിട്ടുപോയി… പെട്ടെന്ന് സാർ സംസാരിക്കാൻ പറഞ്ഞപ്പോൾ മനസ്സിൽ വന്നത് ഇതാണ്…”

യദു ഒന്ന് ചിരിച്ചു….

“എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു…തനിക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ എപ്പോ വേണമെങ്കിലും ഇവിടെ വന്നു പറയാം… മീറ്റിംഗിന് കാത്തു നിൽക്കണ്ട…”

അവൾ തലയാട്ടി..

“അക്കൗണ്ട് സെക്ഷനിലേക്ക് നാളെ  ഒരു പെൺകുട്ടി  വരും… അതിന് ശേഷം ക്ലയന്റ് മീറ്റിംഗുകൾ താൻ തന്നെ അറ്റൻഡ് ചെയ്‌താൽ മതി…”

“അയ്യോ ഞാനോ?”

“അതേ… എന്താ, ബുദ്ധിമുട്ട് ആണോ?”

“അതല്ല സർ… ഇതൊക്കെ വലിയ പാർട്ടികൾ അല്ലേ? അവരെയൊക്കെ ഞാനൊറ്റയ്ക്ക് എങ്ങനെ?”

“ഒറ്റയ്ക്കല്ല… ഞാനുണ്ടാകും… എനിക്കൊരു സഹായത്തിനു കൂടെ വന്നൂടെ? രാജേട്ടൻ തത്കാലത്തേക്ക് ഇവിടെ നിൽക്കുന്നു എന്നേയുള്ളൂ…മൂപ്പര് ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്… ഞാനൊന്ന് ചുവടുറപ്പിച്ചു കഴിഞ്ഞാൽ  അദ്ദേഹം പോകും… അതിനു മുൻപ് ഇതൊക്കെ എനിക്ക് പഠിച്ചെടുക്കണം.. താൻ കൂടെ ഉണ്ടെങ്കിൽ അത് നടക്കും….”

അവൾ ഒന്നാലോചിച്ചു…

“ശരി സർ….”

“താങ്ക്സ്… എന്നാൽ മീനാക്ഷി പൊയ്ക്കോളൂ…”

അവൾ പുറത്തിറങ്ങി…. മനസ്സിൽ എന്തോ ഒരാശ്വാസം തോന്നി…യദുകൃഷ്ണൻ സർ പാവമാണ്.വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല എന്നൊരു വിശ്വാസം വന്നു…

***********

ചുറ്റും കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ  വീട്… സമയം വൈകിട്ട്  അഞ്ചുമണി…. സീതാലക്ഷ്മിയുടെ തറവാടാണ് അത്… അവരും ശിവാനിയും മുറ്റത്തേക്ക് കയറുമ്പോൾ  നാരായണൻ പൂമുഖത്തിരുന്ന് എന്തോ വായിക്കുന്നുണ്ട്… സീതലക്ഷ്മിയുടെ ഒരേയൊരു ജ്യേഷ്ഠനാണ്…. ബ്രഹ്മചാരി… ഉപാസനയും  പൂജയുമൊക്കെയായി ആ വീട്ടിൽ തനിച്ചാണ് താമസം…

“നിങ്ങളെന്താ ഈ നേരത്ത്?”

“ഇവളുടെ കൂടെപഠിച്ച കുട്ടിയുടെ വീട്ടിൽ പോയതാ… അപ്പൊ ഇവിടെ വന്നൊന്ന് ഏട്ടനെ കാണാൻ തോന്നി…”

“കേറി വാ.. ഞാൻ ചായ ഇടാം..”

“ഏട്ടനും അനിയത്തിയും സംസാരിക്ക്.. ഞാൻ ഇട്ടോളാം….”

ശിവാനി അകത്തേക്ക് നടന്നു…

“ഇവിടെ ഗ്യാസൊന്നും ഇല്ല… നീ കൈ പൊള്ളിക്കേണ്ട പെണ്ണേ…”

നാരായണൻ പറഞ്ഞു..

“ഒന്ന് ട്രൈ ചെയ്യാലോ…” അവൾ ചിരിച്ചു..

“വെറുതെ എന്നെ കാണാൻ വന്നതല്ല.. എന്താടീ? കാര്യം പറ..”

നാരായണൻ സീതലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി..

ശിവാനി കേൾക്കുന്നില്ല എന്നുറപ്പാക്കിയ ശേഷം  അവർ സംസാരിച്ചു തുടങ്ങി..

“എന്താണെന്നറിയില്ല ഏട്ടാ… കുറച്ചു ദിവസങ്ങളായി  മനസ് കലങ്ങിയിരിക്കുകയാ…എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ… എന്നും ദുസ്വപ്നങ്ങൾ… ദേവേട്ടന് ഇതിലൊന്നും വിശ്വാസമില്ല എന്നറിയാല്ലോ..പറഞ്ഞാൽ കളിയാക്കും… അതാ ഇവിടൊന്നു കയറാമെന്ന് കരുതിയത്…”

നാരായണൻ ആലോചനയിൽ മുഴുകി…

“ഏട്ടനൊന്നും പറഞ്ഞില്ല…”

“കാശുണ്ടാക്കാനുള്ള വ്യഗ്രതയിൽ ദേവരാജൻ ഒരുപാട് പാപങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്… നിരപരാധികളുടെ ശാപം നിനക്കും കുട്ടികൾക്കും കൂടി കിട്ടുമല്ലോ എന്ന് ഭയന്നാ ഒരിക്കൽ ഞാനവനെ ഉപദേശിച്ചത്… അന്നവൻ എന്നെ അപമാനിച്ച് ഇറക്കി വിട്ടു… ഒന്നിനും കൊള്ളാത്ത കള്ള സ്വാമി എന്നൊരു പേരും വിളിച്ചു….”

നാരായണൻ എഴുന്നേറ്റ് സീതലക്ഷ്മിയെ നോക്കി…

“എനിക്കതിലൊന്നും ദുഃഖമില്ല… ഇവിടെ കുടിയിരുത്തിയ മൂർത്തികൾക്ക് മുൻപിൽ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടേ ഉള്ളൂ… പക്ഷേ, ചിലതൊക്കെ നാം അനുഭവിക്കേണ്ടി വരും.. അത് തടയാനുള്ള ശക്തിയൊന്നുമെനിക്കില്ല..”

“ഏട്ടൻ പറഞ്ഞു വരുന്നത്?”

അവർ ഉത്കണ്ഠയോടെ അയാളെ നോക്കി..

“നിനക്കുണ്ടായ തോന്നലുകൾ  എനിക്കും വന്നിട്ടുണ്ട്… മുൻപേ തന്നെ…. ശിവയുടെ  സമയം കുറച്ചു മോശമാണ്… ഞാനന്ന് വിളിച്ചപ്പോൾ പറഞ്ഞില്ലേ, ക്ഷേത്രത്തിൽ ചെയ്യേണ്ട ചില പൂജകളെ കുറിച്ച്….? “

“ഉവ്വ്.. അതൊക്കെ ചെയ്തിരുന്നു…”

“ഞാൻ പ്രാർത്ഥിക്കാം…. ദേവരാജനെ ഒന്ന് നിയന്ത്രിക്കാൻ ശ്രമിക്കണം…”

“ഇപ്പൊ പഴയതു പോലെ അല്ല ഏട്ടാ… ബിസിനസ് ഒക്കെ നോക്കി ജീവിക്കുകയാ.. ആരോടും പ്രശ്നങ്ങൾക്കൊന്നും പോകാറില്ല…”

നാരായണൻ ഒന്ന് പുഞ്ചിരിച്ചു…

“അത് നിന്റെ വിശ്വാസം…. സത്യം ആയിക്കോളണം എന്നില്ല… ചെയ്ത തെറ്റുകളിൽ പശ്ചാതപിക്കാത്തവന്റെ മേലെ പാപങ്ങളുടെ കാർമേഘം വിട്ടൊഴിയില്ല… മോളെയും കൂട്ടി എല്ലാ ചൊവ്വയും വെള്ളിയും ഭദ്രകാളി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം…”

അവർ തലയാട്ടി… രണ്ടു ഗ്ലാസ്‌ ചായയുമായി  ശിവാനി അങ്ങോട്ട് വന്നു..

“രണ്ടാൾക്കും പഞ്ചസാര ഇട്ടിട്ടില്ല…”

“എനിക്കതിനു ഷുഗറൊന്നുമില്ല മോളെ “

“എന്നിട്ടല്ല… അവിടെ പഞ്ചസാര നോക്കിയിട്ട് കണ്ടില്ല….”

“നല്ല ആളാ  … അതുപോട്ടെ, നീയും കണ്ണനും കൂടി പുതിയ ബിസിനസ് തുടങ്ങിയെന്നു കേട്ടു…”

“ഉം… ഞാനിതുവരെ അങ്ങോട്ട് പോയിട്ടില്ല.. നാളെ മുതൽ പോണം… ഇല്ലെങ്കിൽ ഏട്ടനെന്നെ കൊല്ലും….”

“ഞങ്ങൾ ഇറങ്ങട്ടെ,..സമയം വൈകി…”

സീതാലക്ഷ്മി പറഞ്ഞു… ശിവാനി നാരായണന്റെ കാലിൽ തൊട്ടു..

“വല്യമ്മാവൻ അനുഗ്രഹിക്കണം… “

അയാൾ  അവളുടെ തലയിൽ സ്പർശിച്ചു..

“നല്ലതേ വരൂ…. “

അവർ പടിയിറങ്ങി…. അന്ന് പൂജമുറിയിലിരിക്കുമ്പോൾ നാരായണന് ഏകാഗ്രത കിട്ടിയില്ല… ഉപാസനാമൂർത്തിയുടെ രൂപം ധ്യാനത്തിൽ വരുന്നില്ല…. നെയ്യിൽ മുക്കിയ തിരി  കൊളുത്തി ചെമ്പട്ട്  വിരിച്ച പീഠത്തിനു മുന്നിലെ ചെറിയ വിളക്കിൽ വച്ച് അയാൾ പ്രാർത്ഥിച്ചു…..

“ശിവാനി… തിരുവാതിര  നക്ഷത്രം…”  പൊടുന്നനെ ഒരു കാറ്റു പോലുമില്ലാതെ ആ തിരി അണഞ്ഞു…മങ്ങിയ പ്രകാശത്തിൽ കത്തുന്ന മറ്റ് ദീപങ്ങൾ,… മച്ചിന് മുകളിൽ  നരിച്ചീറുകൾ ബഹളം വയ്ക്കുന്നു.. വീടിനു തെക്ക് ഭാഗത്ത് ദയനീയമായി ഒരു പട്ടി മോങ്ങുന്ന ശബ്ദം…. അതേ… ആസന്നമായ ദുരന്തങ്ങളുടെ സൂചന… സീതാലയത്തിൽ കണ്ണുനീർ വീഴാൻ പോകുകയാണ്….

“നരസിംഹ സ്വാമീ…. എന്റെ കുട്ടികളെ കാത്തുകൊള്ളണേ….”

അയാൾ  വലം കൈ നെഞ്ചിൽ വച്ച് കേണു…

സമയം രാത്രി ഒൻപതു മണി…   നഗരത്തിലെ ജെ കെ ബാർ ആൻഡ് റെസ്റ്റോറന്റ് എന്ന ബോർഡിന് കീഴിലേക്ക് ഒരു ബ്ലാക്ക് കളർ റേഞ്ച് റോവർ ഒഴുകി വന്നു നിന്നു….

“ഞാൻ ഇവിടെ നിൽക്കണോ?”. ഡ്രൈവിങ് സീറ്റിൽ ഇരുന്നയാൾ അടുത്തിരുന്നയാളോട് ചോദിച്ചു..

“വേണ്ട… “

“എന്താവശ്യമുണ്ടെങ്കിലും വിളിക്കണം..”

അയാളൊന്ന് മൂളി… എന്നിട്ട് ഡോർ തുറന്ന് ബാഗുമെടുത്ത് പുറത്തിറങ്ങി… ഒരു സിഗരറ്റിനു  തീ കൊളുത്തി എന്നിട്ട് ചുറ്റും നോക്കി.. ആ  മുഖത്ത് ക്രൂരമായ ഒരു ചിരി വിരിഞ്ഞു….

“ദി ഗെയിം വിൽ സ്റ്റാർട്ട്‌ സൂൺ….”  അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!