“എങ്ങനെയാടാ ഇത് സംഭവിച്ചത്?”
വാസവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് സത്യപാലൻ അലറി…
“എൺപതു കിലോ കഞ്ചാവ് പിടിച്ചത് പോട്ടെ…. മലമുകളിൽ കുഴിച്ചിട്ട തോമസിന്റെ ശവം എങ്ങനെ ബസ്സിൽ വന്നു?”
വാസവന് ഉത്തരം ഉണ്ടായില്ല..
“അന്വേഷണം തുടങ്ങി കഴിഞ്ഞു.. കേരളാപോലീസിൽ മിടുക്കന്മാർ ഒരുപാടുണ്ട്… അന്വേഷണം എന്റെ നേർക്ക് തിരിയാൻ അധിക നേരം വേണ്ടി വരില്ല..”
“ഒരെത്തുംപിടിയുമില്ല.. ബസിലെ ജോലിക്കാർക്ക് തോമസ് ആരാണെന്ന് പോലുമറിഞ്ഞൂടാ..അവന്മാരെ പോലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു… ഒരേ ഉത്തരം.. അങ്ങനൊരു പെട്ടി അവര് ബസിൽ കയറ്റിയിട്ടില്ല… യാത്രക്കാരുടെ ലഗേജ് മുഴുവൻ അകത്തു വച്ച് ബോക്സ് പൂട്ടിയിട്ട് ചായ കുടിക്കാൻ പോയി എന്നു പറഞ്ഞു… ആ സമയത്ത് ആരോ ചെയ്തതായിരിക്കും…”
“വാസവാ… ഞാൻ തന്തയ്ക്ക് വിളിക്കണ്ട എങ്കിൽ മിണ്ടാതിരുന്നോ..”
സത്യപാലൻ വിരൽ ചൂണ്ടി..
“അത് പോലീസ് വിശ്വസിക്കുമോ? സീതാഗ്രൂപ്പും സണ്ണിയുമായുള്ള പ്രശ്നങ്ങൾ എല്ലാർക്കും അറിയാം… സണ്ണിയുടെ അപ്പനെ കൊന്ന് ബോഡി ദൂരേക്ക് മാറ്റാൻ വേണ്ടി നമ്മൾ ബസിൽ കയറ്റി വിട്ടതാണെന്നേ വരൂ…”
മേശപ്പുറത്തിരുന്ന് അയാളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു..
“മുതലാളിയായിരിക്കും.. ഞാനെന്താ പറയേണ്ടത്? അങ്ങേരറിയാതെ കഞ്ചാവ് കടത്തിയത് ഞാനും കൂടി ചേർന്നിട്ടാണെന്നോ? തോമസിന്റെ ശവം തനിയെ വന്ന് ബസിൽ കിടന്നതാണെന്നോ?”
വാസവൻ തലകുനിച്ചു നിന്നു… വാതിൽ തുറന്ന് ജോസ് അകത്തേക്ക് കയറി..
“എന്തായെടാ..?”
സത്യപാലൻ ആകാംഷയോടെ ചോദിച്ചു..
“ആകെ കുഴഞ്ഞിരിക്കുകയാ… കഞ്ചാവ് കടത്തിയവന്മാർ വാസവന്റെ പേര് പോലീസിനോട് പറഞ്ഞു.. കുറെ നാളായി നമ്മുടെ ബസുകളിൽ ആണ് ഇത് കടത്തുന്നതെന്നും സമ്മതിച്ചു… ഇപ്പൊ ട്രാവൽസിന്റെ മാനേജരെ അറസ്റ്റ് ചെയ്തു.. എല്ലാ ബസുകളും കസ്റ്റഡിയിൽ എടുത്തു..”
“ചുരുക്കം പറഞ്ഞാൽ സീതാ ട്രാവൽസ് ഇനി ഇല്ല… അല്ലേ?”
ജോസ് തല കുലുക്കി,… സത്യപാലൻ വാസവനെ നോക്കി..
“എടാ.. നീ തല്ക്കാലം പിടി കൊടുക്കണ്ട.. എങ്ങോട്ടെങ്കിലും മുങ്ങിക്കോ… ഞാൻ ആ വക്കീലിനെ വിളിച്ച് ഊരാൻ എന്തേലും വഴിയുണ്ടോ എന്ന് നോക്കട്ടെ..”
വെള്ളം ചേർക്കാത്ത മദ്യം വായിലേക്ക് ഒഴിച്ച് അയാൾ എഴുന്നേറ്റു…
“ഒളിഞ്ഞിരുന്നു കളിക്കുന്നവൻ മഹാ ബുദ്ധിശാലി തന്നെ.. സമ്പത്തും പിടിപാടുകളും നഷ്ടപ്പെടുത്തി എതിരാളിയെ ദുർബലനാക്കുക…. അതിനു ശേഷം അറ്റാക്ക് ചെയ്യുക… ഇതാണ് പ്ലാൻ..”
“ആരാവും സത്യാ അത്?”
സത്യപാലൻ അണഞ്ഞു തുടങ്ങിയ ചുരുട്ടിലേക്ക് വീണ്ടും തീ പകർന്നു..
“ആരായാലും അവന് നമ്മളെ ചുമ്മാ കൊല്ലാൻ ഇഷ്ടമില്ല… പൂച്ച എലിയെ തട്ടിക്കളിക്കുന്നത് പോലെ ഇങ്ങനെ കളിപ്പിക്കണം…. സണ്ണിയെ പോലെ വെറും പക അല്ല, ഹൃദയമിടിപ്പിൽ പോലും പ്രതികാരദാഹം നിറച്ച ആരോ ഒരാൾ… അല്ലെങ്കിൽ ഒരുകൂട്ടം ആളുകൾ..മറ്റവൻമാരുടെ അവസ്ഥ അറിഞ്ഞല്ലോ? മുരുകന്റെ ശരീരത്തിൽ ഒടിയാത്ത ഒരെല്ല് പോലും ബാക്കിയില്ല.. വേറൊരുത്തന്റെ കഴുത്തിനു താഴോട്ട് തളർന്നു പോയി.. അഫ്സൽ കോമായിലാ… അതിൽ നിന്ന് തിരിച്ചു വരാൻ ഒരു സാധ്യതയുമില്ല… ആയുധങ്ങളുമായി പതിനഞ്ചു പേരെ പോലീസ് പൊക്കി… ഇവന്മാര് മൂന്നിനേയും കൂട്ടാളികൾ കർണാടകയിലെ ഏതോ ഹോസ്പിറ്റലിലേക്ക് മാറ്റി… കാരണം ആശുപത്രി വിട്ടാൽ പോലീസ് പിടിക്കും..”
അയാൾ പുക അന്തരീക്ഷത്തിലേക്ക് ചുരുളുകളായി പറത്തി വിട്ടു…
“ചെയ്തത് ആരായാലും നമ്മളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. അവർക്ക് നമ്മളെ ഒറ്റയ്ക്ക് വേണം… അതുകൊണ്ട് നമ്മുടെ മറ്റ് ശത്രുക്കളെ ഇല്ലാതാക്കി.. ജോസേ… ഒന്ന് ഭൂതകാലം മുഴുവൻ ചികഞ്ഞു നോക്ക്.. നമ്മൾ ബാക്കി വച്ച എന്തെങ്കിലും ഉണ്ടോ എന്ന്…എത്രയും പെട്ടെന്ന് വേണം.. അടുത്ത അടി എവിടെയാ കിട്ടുക എന്നറിയില്ല..അതു കൂടാതെ നമ്മുടെ ആളുകളെ ഒന്ന് നിരീക്ഷിക്കണം… ഏതോ ഒറ്റുകാരൻ ഉണ്ട്.. കഞ്ചാവിനെ കുറിച്ചുള്ള ഇൻഫർമേഷൻ പോലീസിന് കിട്ടിയത് നമുക്കിടയിൽ നിന്നാ..”
ജോസ് പുറത്തേക്ക് നടന്നു…
“ഞാൻ എങ്ങോട്ട് പോകും?”
വാസവൻ ചോദിച്ചു..
“ഫാമിൽ പോയി താമസിച്ചോ… അവിടെ ജോലിക്കാരൻ ബംഗാളി മാത്രമേ ഉള്ളൂ.. പോലീസ് അങ്ങോട്ട് വരാൻ സാധ്യത കുറവാണ്.. ഇനി അഥവാ വന്നാൽ അതിന്റെ അപ്പുറത്ത് കാടാണ്. അങ്ങോട്ട് കേറിക്കോ..എല്ലാം ഞാൻ ഏർപ്പാടാക്കിക്കോളാം…”
“മുതലാളിയോട് എന്തു പറയും? “
“അത് എന്തെങ്കിലും ചെയ്യാമെടാ.. ഇപ്പൊ തടി രക്ഷിക്കാൻ നോക്ക്..പുറത്ത് സന്തോഷ് ഉണ്ട്.. അവന്റെ ബൈക്കിൽ പോയാൽ മതി… ദൂരം ഒരുപാട് ഉണ്ടെങ്കിലും ഇപ്പൊ അതാണ് സേഫ്… വഴിയിലെവിടെയും ഇറങ്ങണ്ട..”
വാസവനും പുറത്തേക്ക് ഇറങ്ങിയപ്പോൾ സത്യപാലൻ ഫോൺ എടുത്ത് നോക്കി. ദേവരാജന്റെ ഇരുപത് മിസ്ഡ് കാൾസ് കിടപ്പുണ്ട്… ഒരു പെഗ് മദ്യം കൂടി കഴിച്ചതിനു ശേഷം അയാൾ തിരിച്ചു വിളിച്ചു..
“ഫോണിലൂടെ ഒന്നും സംസാരിക്കണ്ട മുതലാളീ.. ഞാൻ അങ്ങോട്ട് വരാം…”
മറുപടി കാത്തു നില്കാതെ അയാൾ ഫോൺ കട്ട് ചെയ്തു.. കണ്ണുകളടച്ചു കസേരയിൽ ചാരിയിരിക്കുമ്പോൾ ഒരു ചോദ്യം അയാളുടെ മനസ്സിൽ ബാക്കിയായി..
“ആരായിരിക്കും അത്?”
*************
പോസ്റ്റ്മോർട്ടത്തിന് ശേഷം തോമസിന്റെ ശവം ഏറ്റു വാങ്ങാൻ സണ്ണിയും ഹോസ്പിറ്റലിൽ എത്തിയിരുന്നു…ഇനിയെന്തായാലും സത്യപാലൻ തന്റെ നേരെ തിരിയില്ല എന്ന ധൈര്യം അവനുണ്ട്.. മോർച്ചറിയുടെ വാതിൽക്കൽ നിൽക്കുന്ന അവന്റെ അടുത്തേക്ക് കമ്മീഷണർ ഷബ്ന ഹമീദ് ചെന്നു..
“മിസ്റ്റർ സണ്ണി… കൊലപാതകം തന്നെയാണ്.. കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച്…. പക്ഷേ മരിച്ചിട്ട് ഏറെ ദിവസങ്ങളായി… അപ്പനെ കാണാനില്ല എന്ന് എന്തുകൊണ്ട് കംപ്ലയിന്റ് ചെയ്തില്ല?”
അവൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു..
“സണ്ണിക്ക് ആരെയെങ്കിലും സംശയം ഉണ്ടോ?”
“മാഡം ഒരുമാതിരി ആക്കിയ ചോദ്യം ചോദിക്കരുത്… ചെയ്തത് ആരാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാകും.. പക്ഷേ എനിക്ക് പരാതിയില്ല.. എന്റെ അപ്പൻ ആത്മഹത്യ ചെയ്തതാണ്… അതിനു ശേഷം ഉയർത്തെഴുന്നേറ്റ് ദേവരാജന്റെ ബസിൽ പോയി കിടന്നു… പോരേ…?”
ഷബ്‌ന ഹമീദ് ഒരു സ്റ്റെപ് കൂടി മുന്നോട്ട് എടുത്തു വച്ചു..
“ഡാ പുല്ലേ,.. ഓവർ സ്മാർട്ട് ആകല്ലേ… നീയും അവന്മാരും തമ്മിൽ തല്ലി ചാവുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.. പക്ഷേ ബാക്കിയുള്ളവർക്ക് മിനക്കേട് ഉണ്ടാക്കരുത്… നീ പുണ്യാളനൊന്നും അല്ലല്ലോ? തമിഴ്നാട്ടിൽ വച്ച് രഘുവിനെ തീർത്തതും ദേവരാജന്റെ ഭാര്യയെ കൊല്ലാൻ നോക്കിയതും നീ തന്നെയാണ് എന്ന് എനിക്ക് അറിയാം.. കൊല്ലത്തു നിന്ന് ഇറക്കിയ പതിനഞ്ചു പേരിൽ ഒരാളെങ്കിലും വാ തുറന്നാൽ തീരും നിന്റെ ഈ നെഗളിപ്പ്… അതോണ്ട് മോൻ പോയി അപ്പന്റെ ബോഡി അടക്കം ചെയ്യാൻ നോക്ക്….ഇനി ഇതിന്റെ പേരിൽ വല്ല ഷോയും കാണിക്കാൻ നിന്നാൽ, ഷബ്‌ന ഹമീദ് ആരെന്ന് നീ അറിയും…”
ശബ്ദം താഴ്ത്തി അത്രയും പറഞ്ഞിട്ട് അവൾ കാത്തു നിൽക്കുന്ന മീഡിയക്കാരുടെ അടുത്തേക്ക് നടന്നു…ആശുപത്രിയുടെ തൂണിനു പിന്നിൽ മറഞ്ഞു നിന്ന ഒരാൾ സണ്ണിയുടെ പിറകിലെത്തി..
“ഡാനീ… അവള് പറഞ്ഞതൊക്കെ നീ കേട്ടല്ലോ?”
“ഉവ്വ്… ആള് ഇച്ചിരി പ്രശ്നക്കാരി തന്നാ… കൊച്ചിയിൽ ഉണ്ടായിരുന്നു ഒരു വർഷം മുൻപ്…എന്റെ പിള്ളേരെയൊക്കെ ഒരൊറ്റ ദിവസം കൊണ്ട് അകത്താക്കിയവളാ …ഇറക്കാൻ കുറെ പാട് പെട്ടു… ഒരാളെയും ഭയമില്ല… വീക്നെസ് ഒന്നുമില്ല… സൈക്കോ ക്രിമിനൽ എന്നു പറയുന്നത് പോലെ സൈക്കോ പോലീസ്.. അതാണ് ഷബ്‌ന ഹമീദ് ..”
“നീ അവളെ പൊക്കിപ്പറയാതെ നമ്മുടെ കാര്യം സംസാരിക്ക്… ഡാനീ.. എല്ലാം നിന്നോട് കുടകിൽ വച്ചു തന്നെ പറഞ്ഞിരുന്നതാണ്.. അഫ്സലും മുരുകനും തോറ്റു.. എന്റെ പ്ലാനുകൾ ഒക്കെ തകിടം മറിഞ്ഞു… അപ്പനും സ്നേഹിച്ച പെണ്ണും എല്ലാം നഷ്ടപ്പെട്ടു… ഇനി ഒന്നും നോക്കാനില്ല… ഒന്നുകിൽ എല്ലാരേയും തീർക്കുക, അല്ലെങ്കിൽ അവന്മാരുടെ കൈ കൊണ്ട് തീരുക… നിനക്കു കൂടെ നില്കാൻ പറ്റുമെങ്കിൽ നിൽക്ക്.. ഇനി ഞാൻ ചത്താലും പോലീസ് പിടിച്ചാലും പറഞ്ഞുറപ്പിച്ച കാശ് നിനക്കു കിട്ടും..”
“കാശ് അല്ല സാർ എനിക്ക് വലുത്… സാറിന്റെ കൂട്ടുകാരൻ യോഗേഷിനോട് എനിക്ക് വല്യ കടപ്പാടുണ്ട്… അദ്ദേഹമാ പറഞ്ഞത് ഒരു കൂട്ടുകാരൻ കുടകിലെ മൂപ്പരുടെ എസ്റ്റേറ്റിൽ ഒളിച്ചു താമസിക്കുന്നുണ്ട്, ഒന്ന് സഹായിക്കണമെന്ന്… അതാ ഞാൻ പറന്നെത്തിയത്… കാര്യങ്ങളൊക്കെ എനിക്ക് മനസിലായി.. ഒരു വശത്ത് സീതാഗ്രൂപ്പ്… മറുവശത്ത് ഷബ്‌ന അലിയും പോലീസ് ഫോഴ്‌സും… തീക്കളി തന്നെയാ… പക്ഷേ ഞാൻ കൂടെ നില്കും…കൊല്ലം ടീമും തൃശ്ശൂർ ഗെഡികളും തോറ്റ കളിയിൽ കൊച്ചിക്കാരൻ ജയിച്ചാൽ അതൊരു ക്രെഡിറ്റ് അല്ലേ…”
ഡാനി ഒന്ന് ചിരിച്ചു…
“സാർ ആദ്യം അപ്പനെ അടക്കാനുള്ള പരിപാടി നോക്ക്… ബാക്കി ഞാനേറ്റു… “
സംതൃപ്തിയോടെ സണ്ണി മോർച്ചറിയുടെ മുൻവശത്തേക്ക് നടന്നു..
**********
സീതാലയം..
“നിനക്ക് സന്തോഷമായി കാണും അല്ലേ?”
ദേവരാജൻ രൂക്ഷമായി നോക്കി കൊണ്ട് സത്യപാലനോട് ചോദിച്ചു..
“ബാർ പൂട്ടി, ട്രാവൽസും പോയി, ഇനി ഫിനാൻസ് കൂടിയുണ്ട്, അതും പൂട്ടി തെണ്ടാനിറങ്ങാം…ആവശ്യമുള്ള പൈസ നിനക്ക് ഞാൻ തരുന്നില്ലെടാ..? പിന്നെന്തിനാ ഞാനറിയാതെ കഞ്ചാവ് കടത്തൽ? അതും എന്റെ ബസ്സിൽ? “
സത്യപാലൻ ഒന്നും മിണ്ടിയില്ല..
“നിന്റെ അനിയനെ കൊന്നതിനു പകരമായി നീ തോമസിനെ കൊന്നു.. അതു നിങ്ങളുടെ പേർസണൽ കാര്യം…അതിൽ ഞാനെന്തിനാ തൂങ്ങുന്നത്? കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുകയാ ചോദ്യം ചെയ്യാൻ.. നീ കാണിച്ച നെറികേടിനു ഞാൻ നാണം കെടണം അല്ലെ?”
“അതെനിക്ക് മനസ്സിലായില്ലല്ലോ മുതലാളീ?”
സത്യപാലൻ കണ്ണുകൾ ചുരുക്കി ദേവരാജനെ നോക്കി..
“അവന്റെ പുരയിടത്തിലൂടെ വഴിവെട്ടി എന്നും പറഞ്ഞിട്ടല്ല എന്റെ അനിയനെ കൊന്നത്..സീതാഗ്രൂപ്പിന് ആകാശം മുട്ടെ വളരാൻ വേണ്ടി, അവന്റെ ബിസിനസുകൾ ഓരോന്നായി നശിപ്പിച്ചതിലുള്ള പക… ഒന്നുകൂടി വ്യക്തമാക്കിയാൽ ദേവരാജൻ മുതലാളിയോടുള്ള പക… അതിന്റെ ഇരയാ എന്റെ അനിയൻ …. ആ നന്ദി മുതലാളിക്ക് ഉണ്ടായിരുന്നെങ്കിൽ രഘുവിനെ ദഹിപ്പിക്കും മുൻപ് സണ്ണിയെ കൊന്നിട്ട് എന്റെ മുന്നിൽ വരുമായിരുന്നു… കാരണം ഇതൊക്കെ നിങ്ങൾക്ക് വേണ്ടിയാ… സത്യപാലൻ കൊണ്ടും കൊടുത്തും കൊന്നു തള്ളിയും തെളിച്ച പാതയിലൂടെ നടന്നിട്ടാ ദേവരാജൻ മുതലാളി ഇന്നീ നിലയിൽ എത്തിയത്… പിന്നെ കഞ്ചാവ് കടത്തിയ കാര്യം… അതു സത്യമാ… വാസവനെ ഓർത്തു ചെയ്തതാ….മുതലാളിക്ക് വേണ്ടി അവനും കാലങ്ങളായി കഷ്ടപ്പെടുന്നു.. സ്വന്തമായി എന്തെങ്കിലും സമ്പാദിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നു പറയാൻ മനസ് വന്നില്ല… അതു പറയാതെ ചെയ്തത് തെറ്റു തന്നെ, മാപ്പ്..”
സത്യപാലൻ കൈ കൂപ്പി തൊഴുതു.. അത് പരിഹാസമാണ് എന്നു ദേവരാജന് മനസിലായി..
“എനിക്ക് ആ കച്ചവടത്തിൽ വല്യ ലാഭമൊന്നും ഉണ്ടായിട്ടില്ല.. പോലീസുകാർക്കും മറ്റും വീതിച്ചു കൊടുത്ത് ബാക്കിയാവുന്ന നക്കാപ്പിച്ച കാശ് കള്ളു കുടിക്കാനും പെണ്ണുപിടിക്കാനും പോലും തികയില്ല.. എന്നിട്ടും ഞാനത് ചെയ്തത് , മുതലാളിക്ക് വേണ്ടി തല്ലാനും കൊല്ലാനും ഒക്കെ വരുന്ന ചിലർ ഇതുകൊണ്ട് നാല് കാശുണ്ടാക്കുന്നുണ്ട്… അതിനാൽ മാത്രമാ… മഹാപരാധമാണെന്ന് തോന്നിയിട്ടില്ല..”
“എന്നിട്ട് നിനക്കൊന്നും നഷ്ടപ്പെട്ടില്ലല്ലോ? എല്ലാം പോയത് എനിക്കല്ലേ?”
“മുതലാളിക്ക് നഷ്ടപ്പെട്ടതൊക്കെ ഞാനും കൂടി നേടി തന്നതാണെന്ന് മറക്കരുത്… ഇനിയും ഇതൊക്കെ തിരിച്ചു പിടിക്കും.. ഇനി എന്നെ വിശ്വാസമില്ല എന്നാണെങ്കിൽ തുറന്നു പറഞ്ഞേക്കണം.. എല്ലാം അവസാനിപ്പിക്കാം..”
സത്യപാലൻ വാതിലിനു നേരെ നടന്നു.. പിന്നെ തിരിഞ്ഞു..
“ആ വക്കീല് വരും… കമ്മീഷണറെ കാണാൻ അയാളുടെ കൂടെ പോയാൽ മതി.. ഈ കേസിൽ അകത്തു പോകുകയൊന്നുമില്ല എന്ന് മുതലാളിക്കും എനിക്കും നന്നായി അറിയാം.. എന്നോട് ചൂടായത് അതുകൊണ്ടൊന്നും അല്ല… അനുവാദമില്ലാതെ ഞാൻ പണം സമ്പാദിച്ചല്ലോ എന്ന കോംപ്ലക്സ് കൊണ്ടാ.. അതത്ര നന്നല്ല… കൂടെയുള്ളവരെ പറ്റി മുതലാളി ചിന്തിച്ചിരുന്നെങ്കിൽ ഞാനിതു ചെയ്യേണ്ടി വരില്ലായിരുന്നു….”
അയാൾ പുറത്തേക്ക് നടന്നു…. കലങ്ങിയ മനസുമായി ദേവരാജൻ കസേരയിൽ ഇരുന്നു.. എന്തു ചെയ്യണം എന്നറിയില്ല… എല്ലാ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് ഇതാണ്… ഫിനാൻസിന്റെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് കസ്റ്റമേഴ്‌സ് പണം പിൻവലിച്ച് തുടങ്ങി…. സീതാ ഗ്രൂപ്പ് നിലം പൊത്താൻ പോവുകയാണ് എന്ന് മനസ്സിൽ നിന്നാരോ പറയുന്നു…
സീതലക്ഷ്‌മി അങ്ങോട്ട് കയറി വന്നു.. അവർക്ക് ഇപ്പോഴും നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്..
“ഹോസ്പിറ്റലിൽ നിന്ന് കണ്ണൻ വിളിച്ചിരുന്നു.. ഒരു സന്തോഷവർത്തമാനം അറിയിക്കാൻ..”
അവർ പുച്ഛത്തോടെ പറഞ്ഞു..
“ഈ സംഭവങ്ങളൊക്കെ അറിഞ്ഞപ്പോൾ അവന്റെ കമ്പനിക്ക് കിട്ടിയ പല വർക്കുകളും ക്യാൻസൽ ആയത്രേ… സീതാ ഗ്രൂപ്പുമായി തനിക്കൊരു ബന്ധവും ഇല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല.. അച്ഛൻ അല്ലാതാവുന്നില്ലല്ലോ എന്നാ ചോദ്യം… അവരെ കുറ്റം പറയാൻ പറ്റില്ല… അവന്റെ ഓഫിസ് സ്റ്റാഫിനെ അടക്കം പോലീസ് ചോദ്യംചെയ്തു… ഇതൊക്കെ എല്ലാരും കാണുന്നതല്ലേ..?”
“സീതേ… നിർത്ത്..”
ദേവരാജൻ ശബ്ദമുയർത്തി..
“ഇതൊന്നും എന്റെ അറിവോടെ അല്ല..”
“നിങ്ങളുടെ ആൾകാർ അല്ലേ ചെയ്തത്?അപ്പോൾ ഉത്തരവാദി നിങ്ങളും കൂടിയാ..എനിക്കും മക്കൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കിയപ്പോൾ ദേവേട്ടന് സമാധാനമായോ?”
ദഹിപ്പിക്കും പോലെ അയാളെ ഒന്ന് നോക്കി സീതാലക്ഷ്മി തിരിച്ചു നടന്നു…
**************
രണ്ടാഴ്ചയ്ക്ക് ശേഷം…
ഹോസ്പിറ്റൽ മുറിയിൽ യദുവിന്റെ തൊട്ടടുത്ത് തന്നെ മീനാക്ഷിയും ശിവാനിയും ഇരിപ്പുണ്ട്.. ആരും ഒന്നും സംസാരിച്ചില്ല…എന്തു പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കണം എന്നവർക്ക് അറിയില്ലായിരുന്നു…
“ഓഫീസ് തത്കാലം അടച്ചിടുന്നതാണ് നല്ലത് എന്നു തോന്നുന്നു..”
നീണ്ട മൗനത്തെ യദു മുറിച്ചു..
“പെന്റിങ് വർക്കുകൾ വല്ലതും ഉണ്ടെങ്കിൽ അഡ്വാൻസ് വാങ്ങിയ പൈസ തിരിച്ചു കൊടുത്ത് ക്യാൻസൽ ആക്കിയേക്ക്..”
“ആരോ ചെയ്ത കുറ്റത്തിന് നമ്മൾ എന്തിന് ശിക്ഷിക്കപ്പെടണം? അതിനാണോ സർ ഇത്രയും കഷ്ടപ്പെട്ട് ഈ കമ്പനി തുടങ്ങിയത്?”
മീനാക്ഷിക്ക് നല്ല ദേഷ്യം വന്നു..
‘അതല്ല മീനൂ… “
“ഏതല്ല?? നമ്മൾ ഇതൊക്കെ അതിജീവിക്കും… ഇപ്പൊ അടച്ചു പൂട്ടിയാൽ സാറിനും എല്ലാത്തിലും പങ്ക് ഉണ്ടെന്നേ ആൾക്കാർ കരുതൂ… നമ്മൾ തുറന്നു തന്നെ വയ്ക്കും.. ചിലപ്പോൾ നഷ്ടത്തിൽ ആകും…എന്നാലും തോറ്റു പിന്മാറരുത്.”
അവൾ ശിവാനിയെ നോക്കി..
“നിനക്കൊന്നും പറയാനില്ലേടീ?”
“എനിക്ക് ആലോചിക്കുമ്പോൾ തല പെരുക്കുകയാ… “
“എന്നാൽ തത്കാലം ഒന്നും ആലോചിക്കണ്ട… എല്ലാം എത്രയും പെട്ടെന്നു ശരിയാകും.. “
അവൾ എഴുന്നേറ്റു…
“ഞാനിറങ്ങുകയാ… അഭി ഇവിടെത്താറായി എന്നു പറഞ്ഞു മെസ്സേജ് അയച്ചിരുന്നു..”
ശിവാനിയും അവളുടെ കൂടെ പുറത്തേക്ക് നടന്നു… ലിഫ്റ്റിന് അടുത്തെത്തിയപ്പോൾ മീനാക്ഷി നിന്നു..
“അയ്യോ… എന്റെ മൊബൈൽ എടുത്തില്ല..”
“വല്യ മറവിക്കാരിയാ അല്ലേ?” ശിവാനി അർത്ഥം വച്ചു ചിരിച്ചു..
“അതെന്താടീ നീ അങ്ങനെ ചോദിച്ചത്?”
“ഞാനും ഇങ്ങനെ ഓരോന്ന് മറക്കാറുണ്ട്… ചെല്ല് ചെല്ല്… ഞാനിവിടെ നിൽകാം..”
ചമ്മൽ മറയ്ക്കാൻ കഷ്ടപ്പെട്ടു കൊണ്ട് മീനാക്ഷി തിരിച്ച് യദുവിന്റെ റൂമിൽ ചെന്നു.. അവൻ എന്തോ ചിന്തിച്ചു കൊണ്ട് കിടക്കുകയാണ്.. അവളെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു… അവൾ പതിയെ അടുത്ത് ചെന്ന് അവന്റെ നെറ്റിയിൽ തലോടി…പിന്നെ അവിടെ അധരങ്ങൾ കൊണ്ടൊരു സ്നേഹമുദ്ര പതിപ്പിച്ചു…
“ഓരോന്ന് ആലോചിച്ചു മനസ് വിഷമിപ്പിക്കണ്ട,..ഞാനുണ്ട് കൂടെ…”
അവൻ പതിയെ തലയാട്ടി…
“മറ്റന്നാൾ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.വീട്ടിൽ പോയി നന്നായി റസ്റ്റ് എടുക്ക്,.. ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം…”
“മീനൂ..”
“ഉം…”
“നീയും അഭിയുമൊക്കെ സൂക്ഷിക്കണം… ഞങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നറിയുമ്പോൾ നിങ്ങളെയും ശത്രുക്കൾ ലക്ഷ്യം വയ്ക്കും…”
“അതൊന്നുമോർത്ത് സാർ ടെൻഷൻ അടിക്കേണ്ട… ഇനി തത്കാലം ആരുമൊന്നും ചെയ്യില്ല.. പോലീസും ജനങ്ങളും ഒക്കെ ശ്രദ്ധിക്കുന്ന വിഷയമായത് കൊണ്ട് ഇപ്പൊ എന്തെങ്കിലും ചെയ്യുന്നത് അപകടമാണെന്ന് അവർ കരുതും…”
അത് ശരിയാണെന്ന് യദുവിനും തോന്നി.
‘ഞാൻ പോട്ടെ സർ…? “
“ഇത്രയും അടുത്തിട്ടും സാറ് വിളി ഒഴിവാക്കാൻ ആയില്ലേ നിനക്ക്?”
യദു പരിഭവത്തോടെ പറഞ്ഞു..
“ശീലമായതു കൊണ്ടാ…വേറെന്ത് വിളിക്കും?”
“അഭിയും ശിവയും യദുവേട്ടാ എന്നാ വിളിക്കാറ്… അത് വേണ്ട.. വേറെ എന്തെങ്കിലും..”
മീനാക്ഷി ഒന്നാലോചിച്ചു….
“വേറെ ഇപ്പൊ എന്താ വിളിക്കുക.?? അമ്മയും അച്ഛനും കണ്ണാ എന്നല്ലേ വിളിക്കുക?”
“അതേ..”
“അപ്പൊ കണ്ണേട്ടാ എന്ന് വിളിച്ചാലോ? “
“ഇത്തിരി പഴഞ്ചൻ ആണ്.. എന്നാലും കുഴപ്പമില്ല..”
“സ്വഭാവവും പഴഞ്ചൻ ആണല്ലോ? .എന്നാലും സാരമില്ല… അങ്ങനെ തന്നെ വിളിക്കാം…”
അവൾ നടക്കാൻ തുടങ്ങിയപ്പോൾ യദു എത്തി വലിഞ്ഞു കയ്യിൽ പിടിച്ചു… എന്നിട്ട് അവളെ തന്റെഅടുത്തേക്ക് വലിച്ചടുപ്പിച്ചു..
“ഈ മുറിവുകൾ ഒക്കെ ഉണങ്ങിയിട്ട് ഞാൻ നിന്റെ വീട്ടിലേക്ക് വരും… നിന്നെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ..”
“തരില്ല എന്നു പറഞ്ഞാൽ…?”
അവൾ അവന്റെ കണ്ണുകളിൽ നോക്കി കുസൃതി ചിരി ചിരിച്ചു…
“കാത്തിരിക്കും… എത്ര ജന്മം വേണമെങ്കിലും..”
“അത്രയ്ക്ക് ഇഷ്ടമാണോ എന്നെ?”
“അതെ..”
“കാരണം?”
” മറ്റുള്ളവരുടെ ജീവിതം സന്തോഷം കൊണ്ട് നിറയ്ക്കാൻ നിനക്കു കഴിവുണ്ട്… അതു തന്നെ കാരണം… “
യദു അവളുടെ കവിളിൽ ഉമ്മ
വച്ചു…
“പൊയ്ക്കോ… നേരം വൈകണ്ട… വീട്ടിലെത്തിയിട്ട് വിളിക്ക്.”
നെറ്റിയിലേക്ക് വീണ അവന്റെ മുടിയിഴകൾ ഒതുക്കി വച്ച്, മേശപ്പുറത്തു നിന്നും ഫോണും എടുത്ത് അവൾ പുറത്തിറങ്ങി വാതിൽ ചാരി..
************
എന്താണ് സംഭവിച്ചതെന്ന് അറിയാൻ ശിവാനിക്ക് രണ്ടു നിമിഷം എടുത്തു.. അവളുടെ കാറിനു മുൻപിൽ എസ്കോർട് പോകുകയായിരുന്ന ദേവരാജന്റെ ആളുകളുടെ ജീപ്പ് ഒരു ടിപ്പർ ലോറി ഇടിച്ചു തെറിപ്പിച്ചതാണ്…രണ്ടു തവണ മലക്കം മറിഞ്ഞ് ഇടതു വശത്തുള്ള വയലിലേക്ക് വീണു… ശിവാനി അത് കണ്ട് ഉറക്കെ നിലവിളിച്ചു…
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു അവൾ…. പിന്നിൽ ഒരു വാൻ വന്നു നിന്നു.. അതിൽ നിന്ന് ആയുധ ധാരികളായ ചിലർ ചാടി ഇറങ്ങുന്നത് കണ്ടതോടെ അവളുടെ ഭയം പൂർണമായി.. വിറയാർന്ന കൈകൾ കൊണ്ട് അവൾ ഫോണെടുത്ത് അഭിമന്യുവിന്റെ നമ്പറിൽ വിളിച്ചു… സ്വിച്ച് ഓഫ്… ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ അവളെ നോക്കി…
“കുട്ടീ.. എന്തു വന്നാലും പുറത്തിറങ്ങരുത്… വേഗം മുതലാളിയെ വിളിക്ക്..”
അയാൾ കാർ പുറത്തിറങ്ങി കാർ ലോക്ക് ചെയ്തു… കർച്ചീഫ് കൊണ്ട് മുഖം മറച്ച ഒരാൾ ഓടി വരുന്നതും ഡ്രൈവർ വെട്ടുകൊണ്ട് നിലത്തു വീഴുന്നതും സ്വപ്നത്തിലെന്ന പോലെയാണ് ശിവാനി കണ്ടത്…വേറൊരുത്തൻ വന്ന് നിലത്ത് വീണ കീ കൊണ്ട് കാർ തുറന്ന് ശിവാനിയെ പുറത്തേക്ക് വലിച്ചെഴുന്നേൽപ്പിച്ചു..അവൾ ഉറക്കെ അലറിയപ്പോൾ അയാൾ കൈ വീശി ആഞ്ഞടിച്ചു… കണ്ണിൽ ഇരുട്ട് കയറുന്നതായി അവൾ അറിഞ്ഞു… ബോധം നഷ്ടപ്പെട്ട് നിലത്തു വീഴും മുൻപ് അവളെ തോളിലേക്ക് ഇട്ട് അയാൾ വാനിനു നേരെ നടന്നു…
*************
“ഇത് വാങ്ങി കുടിക്കെടാ ഡാനീ..”
മദ്യഗ്ലാസ് നീട്ടികൊണ്ട് ആഹ്ലാദത്തോടെ സണ്ണി പറഞ്ഞു..
“ഇത് ശരിക്കും ആഘോഷിക്കണം.. ദേവരാജന്റെ മോള് എന്റെ കസ്റ്റഡിയിൽ..”
അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു..ഡാനി മദ്യം മെല്ലെ നുണഞ്ഞു കൊണ്ടിരുന്നു…
“ഇനിയെന്താ സാറേ.. പരിപാടി..?”
“ഇനിയല്ലേ പരിപാടി… എന്റെ പെണ്ണിന് പകരം ദേവരാജന്റെ മോള്.. ഷീബ ചോദിച്ച ചോദ്യം ഇന്നും എന്റെ ചെവിയിൽ ഉണ്ട്.. നിങ്ങളൊരു പുരുഷനാണോ എന്ന്.. അവളുടെ മുന്നിൽ നാണം കെട്ടതിനു ഞാൻ പ്രതികാരം ചെയ്യണ്ടേ..? ആദ്യം ഞാൻ.. പിന്നെ നീ .. അതിനു ശേഷം ഇവിടെയുള്ള എല്ലാവരും… എന്താ നിന്റെ അഭിപ്രായം?”
“എല്ലാം സാറിന്റെ ഇഷ്ടം പോലെ..”
ഡാനി നാണം അഭിനയിച്ചു ..
“കൊച്ചു കള്ളൻ… എന്നാൽ പിന്നെ വൈകിക്കുന്നില്ല.. ചെല്ലട്ടെ..”
“എൻജോയ്..” ഡാനി വലതു തള്ളവിരൽ ഉയർത്തി കാട്ടി.. ശിവാനിയെ കിടത്തിയ റൂമിന് നേരെ സണ്ണി തിരിഞ്ഞതും ബോംബ് പൊട്ടുന്നത് പോലെ ഒരു ശബ്ദം… ആ ഒളിത്താവളത്തിന്റെ ഫ്രണ്ട് ഡോർ തകർന്നു വീണു.. എല്ലാവരും ഞെട്ടിപ്പോയി.. പുക മറ മാറിയപ്പോൾ കറുത്ത ജീൻസും ടീ ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു..കയ്യിൽ ഒരു ചെറിയ ചുറ്റിക..
എല്ലാരേയും ഒന്ന് നോക്കി അവൻ ഈണത്തിൽ പാടി..
“അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്..
കുടകിൽ നിന്ന് പോരണ്ടാ പോരണ്ടാന്ന്…”
അവന്റെ പുറകിൽ മൂന്ന് പേര് കൂടി നിരന്നു നിന്നു.. വെള്ളമുണ്ട് മടക്കി കുത്തിയ മധ്യവയസ്കനെ നോക്കി അവൻ ചോദിച്ചു..
“സ്വാമിയേട്ടാ… ഇവര് എട്ട് പേരുണ്ട്.. നമ്മള് നാലും.. കണക്ക് ശരിയാകുമോ..?”
“അതൊക്കെ ആകും..”
“ആരാടാ നീ?” സണ്ണി അലറി..
“അഭിമന്യു.. ബാക്കി ഡീറ്റെയിൽസ് പറയാൻ നേരമില്ല… ആ പെണ്ണിനെ കൊണ്ട് പോകാൻ വന്നതാ..”
“എന്നാൽ അതൊന്നു കാണണമല്ലോ… മരണത്തിലേക്കാ നീ കതകും തകർത്തു വന്നത്..”
അഭിമന്യു ഒന്ന് പുഞ്ചിരിച്ചു…
“ഇതു തന്നെയാ മുരുകനും അഫ്സലും പറഞ്ഞത്…”
സണ്ണിയുടെ ഉള്ളൊന്ന് വിറച്ചു…അപ്പൊൾ ഇവനാണ് അവരെ …?
“ഡാനീ… ഒരുത്തനും ജീവനോടെ പോകരുത്..”
പിന്നെ അവിടൊരു പോരാട്ടമായിരുന്നു..അഭിമന്യുവിന്റെ ആളുകളെ വിലകുറച്ചു കണ്ടത് തെറ്റായി പോയി എന്ന് രണ്ടു മിനിറ്റിനുള്ളിൽ സണ്ണിക്ക് മനസിലായി.. അവരുടെ ആക്രമണം ഒരു ദാക്ഷിണ്യവും ഇല്ലാത്തതായിരുന്നു… മട വാളുമെടുത്തു കുതിച്ചു ചെന്ന ഡാനി തലയ്ക്കു ചുറ്റിക കൊണ്ടുള്ള അടിയേറ്റ് വീഴുന്നത് അവൻ കണ്ടു.. അലർച്ചകളും നിലവിളികളും മുഴങ്ങി.. ചോരയിൽ മുങ്ങിയ ചുറ്റികയുമായി അഭിമന്യു സണ്ണിയുടെ മുന്നിലെത്തി….രക്തദാഹിയായ ഒരു പിശാചാണ് തന്റെ മുന്നിൽ നില്കുന്നതെന്ന് സണ്ണിക്ക് തോന്നി… സമചിത്തത വീണ്ടെടുത്ത് കയ്യിലിരുന്ന കത്തി അവൻ അഭിമന്യുവിന് നേരെ വീശി… അവൻ ഒരു ചുവട് മുന്നോട്ട് വച്ച് സണ്ണിയുടെ കൈത്തണ്ടയിൽ പിടിച്ചു.. പിന്നെ ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ വെട്ടി തിരിഞ്ഞു.. സണ്ണിയുടെ വലം കൈ ഒടിഞ്ഞു തൂങ്ങി .. വേദനയാൽ അവൻ ഉറക്കെ അലറി…പിന്നെ സർവശക്തിയുമെടുത്ത് അഭിമന്യുവിനെ തള്ളി മാറ്റി…
“നിനക്കെന്നെ കൊല്ലാൻ കഴിയില്ലെടാ… നിന്റെ ദേവരാജൻ വീണതിന് ശേഷമേ സണ്ണി ചാകൂ..”
നിലത്തു നിന്നും ഒരു വാൾ ഇടത് കൈയിലെടുത്തു വീശിക്കൊണ്ട് സണ്ണി പറഞ്ഞു..
അഭിമന്യുവിന്റെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു…
“നീയും തെറ്റിദ്ധരിച്ചു… ദേവരാജനെ കൊല്ലാൻ വേണ്ടി മാത്രം ജീവിക്കുന്നവനാ ഞാൻ .. അതേടാ… ദേവരാജന്റെ കാലൻ ഈ അഭിമന്യുവാ..”
അവന്റെ ശബ്ദം ആ കെട്ടിടത്തിൽ അലയടിച്ചു…
“അഭീ..” പിന്നിൽ നിന്നൊരു വിളി കേട്ട് അവൻ ഞെട്ടിത്തിരിഞ്ഞു.. അവിശ്വസനീയതയോടെ അവനെ നോക്കി നിൽക്കുന്ന ശിവാനി…
“എന്താ അഭീ ഇതൊക്കെ…? നീയെന്താ പറയുന്നത്? അച്ഛനെ?? നീ..?
അവൾ അവന്റെ തൊട്ടരികിൽ എത്തി.. ശത്രുക്കളുടെ ചോര തെറിച്ചു ഭീകരമായ അവന്റെ മുഖം അവൾ പിടിച്ചുയർത്തി..
“ഇവരോട് തമാശ പറഞ്ഞതല്ലേ നീ? എന്റെ അഭി ഇങ്ങനൊന്നും അല്ല…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
“എപ്പോഴും കളിപ്പിക്കാറുള്ളത് പോലെ തന്നെയാ ഇതും എന്ന് പറയെടാ… പ്ലീസ്.”
അവൾ യാചിച്ചു…അഭിമന്യു ചുറ്റും നോക്കി.. സണ്ണിയുടെ ആൾക്കാരെല്ലാം വീണു കഴിഞ്ഞു..
“സ്വാമിയേട്ടാ… ഇവളെ വീട്ടിൽ എത്തിക്ക്..”
“വേണ്ട… നീ പറയാതെ ഞാൻ ഇവിടുന്ന് എങ്ങോട്ടുമില്ല… നിന്നെ ഇങ്ങനെ കാണുന്നത് ആദ്യമായാ… പറയെടാ…? എന്താ നീ പറഞ്ഞതിന്റെ അർത്ഥം.? പറയെടാ..?”
അവൾ അഭിമന്യുവിനെ പിടിച്ചു കുലുക്കി..
“അതേടീ… നീ കേട്ടതൊക്കെ സത്യമാ… നിന്റെ കുടുംബം നശിപ്പിച്ച് നിന്റെ അച്ഛനെ കൊല്ലാൻ വേണ്ടി തന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്… എല്ലാം എന്റെ പ്ലാൻ തന്നെയായിരുന്നു… നിന്റെ കാർ എന്റെ സ്കൂട്ടറിൽ ഇടിച്ചത് മുതൽ ഇങ്ങോട്ടുള്ള എല്ലാം ഞാനെഴുതിയ തിരക്കഥയാ..”
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് പിറകോട്ടു മാറി..
“എന്തിന്? ഞങ്ങളെന്തു തെറ്റ് ചെയ്തു നിന്നോട്? എന്തിനാ…” അവളുടെ കണ്ഠമിടറി…
“നിന്നോട് അധികം സംസാരിക്കില്ല എന്നതൊഴിച്ചാൽ അച്ഛൻ എന്ത് ദ്രോഹമാ ചെയ്തത്? ഇന്ന് രാവിലെ കൂടി ചോദിച്ചു അഭിമന്യു ഹോസ്പിറ്റലിൽ ഇല്ലേ എന്ന്..”
അവൾ വിങ്ങിപ്പൊട്ടി…
“ആരുമില്ല എന്നു പറഞ്ഞപ്പോഴൊക്കെ നിനക്കു ഞങ്ങളുണ്ട് എന്നു പറഞ്ഞു ചേർത്തു പിടിച്ചവരല്ലേ എന്റെ ഏട്ടനും അമ്മയും.? എന്നിട്ടും ഇത്രയും ക്രൂരത മനസ്സിൽ ഒളിപ്പിച്ചു ഞങ്ങളെ വഞ്ചിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞെടാ?”
“അതെ… എനിക്കാരുമില്ല.. പക്ഷേ എന്നെ ആ അവസ്ഥയിലാക്കിയത് നിന്റെ തന്തയാ.. ദേവരാജൻ.. എന്നെ മാത്രമല്ല. ഇവിടെ നിൽക്കുന്ന എല്ലാവരുടെയും ജീവിതം നശിപ്പിച്ചത് നിന്റെ അച്ഛനാ… അയാളെ കൊല്ലുന്നത് മാത്രമാ എന്റെ ജീവിതലക്ഷ്യം….”
ഇടതു കയ്യിൽ ശക്തി ആവാഹിച്ച് വാളുമായി സണ്ണി പാഞ്ഞു വന്നു. അഭിമന്യു ഒഴിഞ്ഞു മാറി പിന്നെ ഒരു കൈ അവന്റെ താടിയിലും മറുകൈ തലയ്ക്കു പിന്നിലും പിടിച്ച് ഒന്ന് തിരിച്ചു… കഴുത്തെല്ല് ഒടിയുന്ന ശബ്ദം കേട്ടു…നിലത്തേക്ക് വീണ സണ്ണിയുടെ പിൻ കഴുത്തിൽ കാലുയർത്തി ഒന്ന് ചവിട്ടിയ ശേഷം അവൻ ശിവാനിയെ നോക്കി..
“പോയി ചോദിക്കെടീ നിന്റെ തന്തയോട് വൈശാലിയെ അറിയുമോ എന്ന്?. കുറച്ച് പഴയ കഥയാ…പക്ഷേ അവൻ മറന്നിട്ടുണ്ടാവില്ല…. മറക്കാൻ പറ്റില്ല…വൈശാലിയെ, മാധവനെ….”
നിലത്തു വീണു കിടന്ന വാട്ടർ ബോട്ടിൽ തുറന്ന് അവൻ വെള്ളം മുഖത്തേക്ക് ഒഴിച്ചു..
“എന്തായാലും നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഒളിച്ചു കളി അവസാനിക്കുകയാണ്.. ഇനി നേരിട്ടുള്ള പോരാട്ടം.. ഒന്നുകിൽ ഞാൻ… അല്ലെങ്കിൽ നിന്റെ അച്ഛൻ. ആരെങ്കിലും ഒരാളുടെ അന്ത്യം കണ്ടിട്ടേ ഇത് നിൽക്കൂ…”
അതൊന്നും ശിവാനിയുടെ കാതിൽ വീണില്ല… രണ്ടു പേരുകൾ മനസ്സിൽ അലയടിക്കുകയാണ്… വൈശാലി… മാധവൻ.. ആരാണവർ?
(തുടരും )
NB: അടുത്ത പാർട്ട് മുതൽ ഇച്ചിരി ഫ്ലാഷ് ബാക്ക് ആണ്.. ഇതുവരെ എന്നെ സഹിച്ച പോലെ കഥ തീരും വരെയും സഹിക്കുക.. അഭിപ്രായങ്ങളും നിർദേശങ്ങളും കുറിച്ചിടാൻ മടിക്കരുത്…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Avasanan vareyum sahikum