“മണീ… ആ ചെറുക്കൻ എവിടെ ?”
ബൈക്ക് , വർക് ഷോപ്പിന്റെ മൂലയിൽ നിർത്തി ഹരി ചോദിച്ചു… മണി കയ്യിലിരുന്ന സ്പാനർ ബോക്സിൽ വച്ച് കൈ തുടച്ചു…
“വാ…” ഹരി അയാളുടെ പുറകെ അകത്തേക്ക് കയറി….പഴകിയ കർട്ടൻ കൊണ്ട് വേർതിരിച്ച മുറിക്കുള്ളിൽ വെറും നിലത്ത് ഉറങ്ങുന്ന മഹേഷിനെ കണ്ടപ്പോൾ ഹരിക്ക് നെഞ്ചു പിളരുന്ന വേദന അനുഭവപ്പെട്ടു…
” ഇവിടെ ജോലി ചെയ്യുന്ന ഷിബു ഇല്ലേ? അവനിന്ന് ലീവാ… രണ്ടെണ്ണം അടിക്കാൻ ബാറിൽ പോയപ്പോഴാ ഇവനവിടെ വാള് വെച്ച് കിടക്കുന്നത് കണ്ടത്…അവൻ എന്നെ വിളിച്ചു പറഞ്ഞു.. ഞാൻ ഓട്ടോ പിടിച്ച് ഇങ്ങോട്ട് കൊണ്ടുവന്നു…. എന്താടാ ഇവന് പറ്റിയത്? എന്തു നല്ല ചെറുപ്പക്കാരനായിരുന്നു… “
“ആത്മാർത്ഥതയും സ്നേഹവും കൂടിപ്പോയി…. അതു തന്നെ കാരണം…”
ഹരി രോഷത്തോടെ പറഞ്ഞു..
“സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ മറ്റുള്ളോർക്ക് വേണ്ടി കഷ്ടപ്പെടുന്ന മണ്ടന്മാരുടെ വിധി ഇങ്ങനൊക്കെയാ… ആരുമല്ലാത്ത ഒരുത്തിക്ക് വേണ്ടി രാപകൽ ഇല്ലാതെ അധ്വാനിച്ച് അവളെ ഒരു നിലയിൽ എത്തിച്ചു…ഇവന് പറയാനുള്ളത് പോലും കേൾക്കാൻ നില്കാതെ അവള് പോയി.. വേറൊരുത്തിയെ സ്വന്തം ചേച്ചിയെ പോലെ സ്നേഹിച്ചു.. അവൾക്ക് ഇവനോട് പ്രേമം… അവസാനം നാട്ടുകാർ അറിഞ്ഞപ്പോൾ ഇവൻ മാത്രം കുറ്റവാളി… വണ്ടിപ്പണിക്കാരൻ അല്ലേ,? അവിഹിതബന്ധത്തിന്റെ കഥ എല്ലാരും വിശ്വസിച്ചു…..”
ഹരി നിലത്തേക്കിരുന്ന് മഹേഷിന്റെ മുടിയിലൂടെ വിരലോടിച്ചു…
“സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് അറിയുന്നതാ ഇവനെ…ഒരാളെയും നോവിക്കാൻ കഴിയില്ല… നല്ല മനസ്സുള്ളവർ ഈ കാലഘട്ടത്തിന് ചേരില്ലല്ലോ…”
“നിനക്ക് ആ പെണ്ണിനോട് സംസാരിച്ചൂടെ ഹരീ?”
മണി ചോദിച്ചു..
“ഇവൻ സമ്മതിക്കുന്നില്ല…. ഒന്നാലോചിച്ചപ്പോൾ അതാണ് ശരിയെന്നു തോന്നി… ഇവനെ വിശ്വസിക്കാത്തവൾ എന്നെ വിശ്വസിക്കുമോ? എല്ലാം ഒന്ന് തണുക്കട്ടെ…. എന്നിട്ട് എന്തേലും ചെയ്യാം..”
“അവള് നാട്ടിലേക്ക് വരാറേ ഇല്ലേ?”
“ഇപ്പൊ രണ്ടു വർഷത്തോളമായി ഇല്ല…വേറെ ഏതോ ഹോസ്പിറ്റലിലേക്ക് മാറി എന്നാ കേട്ടത്….ഇവന്റെ അച്ഛനെ എന്നും വിളിക്കും.. അങ്ങേര് കാണാനും പോകാറുണ്ട്..പക്ഷേ ഇവനെ കുറിച്ച് ഒന്നും സംസാരിക്കരുത് എന്ന് അവൾ സത്യം ചെയ്യിച്ചതിനാൽ ഈക്കാര്യം ഒന്നും മിണ്ടാറില്ല… അദ്ദേഹത്തിന്റെ അകൗണ്ടിലേക്ക് മാസമാസം അവൾ കാശ് ഇടും… മൂപ്പരോടും മുത്തശ്ശിയോടും അവൾ പഴയത് പോലെ തന്നാ…”
“മറ്റേ ടീച്ചറോ?”
“ആ… ആർക്കറിയാം… ഞാൻ അന്വേഷിച്ചില്ല…”
ഹരി അവനെ കുലുക്കി വിളിച്ചു… അവൻ ഒന്ന് ഞരങ്ങി… പിന്നെ മറുവശത്തേക്ക് ചരിഞ്ഞു കിടന്നു… കർട്ടൻ നീക്കി സൈനുദ്ദീൻ അകത്തേക്ക് കയറി… ഹരി വിളിച്ചിട്ട് വന്നതാണ് അയാൾ…. മഹേഷിന്റെ കിടപ്പ് വേദനയോടെ നോക്കിയ ശേഷം അയാൾ പുറത്തേക്കിറങ്ങി… പിന്നാലെ ഹരിയും മണിയും….
“ഹരീ… ഇങ്ങനെ ആയാൽ എന്താ ചെയ്യുക?”
“എനിക്ക് ഒന്നും അറിയില്ല സൈനുക്കാ…”
“നമുക്ക് ആ കുട്ടിയെ ഒന്നുപോയി കണ്ടാലോ? ഇതിനൊരു അവസാനം വേണ്ടേ? രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട്… ഇവൻ ഒന്നും തുറന്നു പറഞ്ഞിട്ടില്ല… അവള് കേൾക്കാനും നിന്നില്ല…”
“ആദ്യം മഹിയോട് ചോദിച്ചിട്ട് ചെയ്യാം… നമ്മളായിട്ട് ഇടപെട്ടു വഷളാക്കി എന്ന് വരരുത്…”
“വൈകിക്കണ്ട… ഇതിപ്പോ മാസത്തിൽ പത്തു ദിവസം ജോലി, ഇരുപത് ദിവസം മാനസികരോഗിയെ പോലെ ഒറ്റയ്ക്ക് അവിടേം ഇവിടേം പോയി ഇരിക്കുക… പോരാഞ്ഞിട്ട് ഇപ്പോൾ ഇതാ കള്ളുകുടിയും…ചെറിയ പ്രായമാ… അതിങ്ങനെ നശിപ്പിക്കാൻ വിടരുത്… നമ്മുടെ പയ്യനാ…. വാപ്പ മരിക്കുന്നതിന് കുറച്ചു മുൻപ് വരെ ഇവന്റെ കാര്യം പറഞ്ഞിരുന്നു…”
അഹമ്മദ് ഹാജി മരണപ്പെട്ടിട്ട് നാല് മാസങ്ങൾ കഴിഞ്ഞു…
“എനിക്ക് എത്രയും പെട്ടെന്ന് ദുബായിക്ക് തിരിച്ചു പോണം… അതിന് മുൻപേ കാര്യങ്ങൾക്കൊരു നീക്കുപോക്ക് ഉണ്ടാക്കണം..”
“ആദ്യം അവന് ബോധം തെളിയട്ടെ… എന്നിട്ട് സംസാരിക്കാം…ഇത് ആദ്യമായിട്ടാ അവൻ കുടിച്ചത്.. ഇനി മദ്യം തൊടില്ല… അത് ഞാൻ ശ്രദ്ധിച്ചോളാം..”
സൈനുദീൻ തലയാട്ടി.. പിന്നെ കാറിൽ കയറി….അന്ന് വൈകിട്ട് ഹരി മഹേഷിനെ വീട്ടിൽ എത്തിച്ചു… മകന്റെ അവസ്ഥ കണ്ടപ്പോൾ ഭരതന് ഹൃദയം പിളരുന്നത് പോലെ തോന്നി… അവനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് അയാൾക്ക് അറിയാം പക്ഷേ തെളിവുകൾ എല്ലാം എതിരാണ്… അവർ തമ്മിൽ സ്നേഹത്തിലായിരുന്നു എന്ന് രേഷ്മ പറയുന്നത് ശ്രീബാല കേട്ടിട്ടുണ്ട്.. ഒന്നിച്ചുള്ള യാത്രകൾക്കും സാക്ഷികൾ ഉണ്ട്… അവളെയും കുറ്റം പറയാനാവില്ല… ഈ പ്രശ്നങ്ങൾക്കിടയിൽ പെട്ട് ഉഴലുന്നത് അയാളും മാതുവമ്മയും ആയിരുന്നു… എത്രയും പെട്ടെന്ന് ഇതൊക്കെ ഒന്നാവസാനിപ്പിക്കാൻ വേണ്ടിയാണ് അവസാനശ്രമം എന്ന നിലയിൽ രാത്രി കിടക്കും മുൻപ് അവനോട് സംസാരിച്ചത്…. ശ്രീബാലയെ കാണാനും സംസാരിക്കാനും അവൻ ശ്രമിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു… തന്റെ വാക്ക് അവൻ കേൾക്കാതിരിക്കില്ല….അയാൾ മാതുവമ്മയ്ക്ക് കൂട്ടുകിടക്കാൻ വേണ്ടി അവരുടെ വീട്ടിലേക്ക് നടന്നു…
തന്റെ മുറിയിൽ ഓർമ്മകളുമായുള്ള പോരാട്ടത്തിൽ തോറ്റ് മഹേഷ് എഴുന്നേറ്റിരിക്കുകയായിരുന്നു…. അവൻ ഫോൺ എടുത്തു… ഗാലറി തുറന്ന് ശ്രീബാലയുടെ ഫോട്ടോ നോക്കി.. ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി കിട്ടിയപ്പോൾ അവൾ ഭരതനു അയച്ചു കൊടുത്തതാണ്.. അയാൾ അറിയാതെ അവനത് തന്റെ ഫോണിലേക്ക് സേവ് ചെയ്തിരുന്നു,.. യൂണിഫോമിന് മീതെ വെള്ളകോട്ടും ടാഗും അണിഞ്ഞ അവളെ നോക്കിയിരുന്നപ്പോൾ അവന്റെ കണ്ണു നിറഞ്ഞു….ഒരുപാട് സന്തോഷം തോന്നി…. കഷ്ടപ്പെട്ട് ഉറക്കമിളച്ച് പഠിച്ചിട്ടാണ് അവൾ ഈ നിലയിൽ എത്തിയത്… തനിക്കും അഭിമാനിക്കാം… അവളോട് ദേഷ്യമോ വെറുപ്പോ ഇല്ല… തെറ്റ് തന്റെ ഭാഗത്തും ഉണ്ട്…. അവളോടുള്ള പ്രണയം തുറന്നു പറയണമായിരുന്നു.. അതുപോലെ രേഷ്മടീച്ചറുടെ കൂടെ പല സ്ഥലങ്ങളിലും പോയകാര്യം മറച്ചു വച്ചതും തെറ്റായിപ്പോയി,.. അവളുടെ സ്ഥാനത്തു ആരായിരുന്നാലും തെറ്റിദ്ധരിക്കും…. എന്തുകൊണ്ട് ഇത്രയും നാളായി അവളോട് സംസാരിച്ചില്ല എന്ന് എല്ലാവരും ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല… അതിന് കാരണവും ഉണ്ട്….ഗവണ്മെന്റ് ജോലിക്കാരി ആയത് കൊണ്ട് തന്നെ കിട്ടാൻ വേണ്ടി കള്ളക്കഥ മെനയുകയാണോ എന്ന് ശ്രീബാല ചിന്തിക്കുമോ എന്നൊരു പേടി…… പക്ഷേ ഇപ്പോൾ അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്… ഒന്ന് കാണാൻ മനസ് കൊതിക്കുന്നു…. ദൂരെ നിന്നെങ്കിലും,… അത് മാത്രം മതി… സ്വന്തമാക്കണം എന്നൊന്നും ആഗ്രഹമില്ല…. അവൻ കട്ടിലിലേക്ക് ചാഞ്ഞു…
*************
“എടോ ഇങ്ങനെ മിണ്ടാതിരിക്കാനാണോ പരിപാടി? എന്തെങ്കിലും ഒന്ന് പറ…”
വരുണിന്റെ ക്ഷമ നശിച്ചു…റെസ്റ്റോറന്റിൽ ഇരിപ്പ് തുടങ്ങിയിട്ട് ഒരുമണിക്കൂറോളം ആയി…. ശ്രീബാല ഒന്നും സംസാരിച്ചില്ല…
“കാനഡയിൽ നിന്ന് ഞാൻ ഇത്രയും ദൂരം വന്ന് തന്നോട് കെഞ്ചുന്നത് വേറെ പെണ്ണുകിട്ടാഞ്ഞിട്ടല്ല… പണ്ട് തൊട്ടേ മനസ്സിൽ കയറിക്കൂടിയ ഇഷ്ടം പറിച്ചു കളയാൻ പറ്റാത്തത് കൊണ്ടാ…”
“വരുണേ…. നിന്നെ ആ സ്ഥാനത്തു കാണാൻ പറ്റില്ല എന്ന് ഞാൻ ഒരിക്കൽ പറഞ്ഞതല്ലേ?”
“അത് അന്നല്ലേ?.. ആ സമയത്ത് നിനക്ക് ആ കണ്ടക്ടറോട് പ്രണയം ആയിരുന്നു… ബട്ട് അത് കഴിഞ്ഞല്ലോ,… അയാൾക്ക് വേറൊരു സ്ത്രീയുമായി അഫയർ ഉണ്ടായതൊക്കെ ഞാൻ അറിഞ്ഞു..പിന്നെന്ത് കുഴപ്പം… താനിപ്പോ ഗവണ്മെന്റ് സർവീസിൽ ആണ് ..ലൈഫിൽ വേറെ ബാധ്യതകൾ ഒന്നുമില്ല… ഇനി അവർ പണ്ട് നിനക്ക് വേണ്ടി ചിലവഴിച്ച കാശ് ഓർത്താണോ… അതൊക്കെ ഒരു ചെക്ക് ലീഫിൽ അവസാനിപ്പിക്കാലോ? എന്നിട്ട് താൻ എന്റെ പ്രപ്പോസൽ സ്വീകരിക്ക്… ലൈഫ് ഒന്നേയുള്ളു…”
ശ്രീബാല ഒന്ന് ചിരിച്ചു…
“അതെ… ലൈഫ് ഒന്നേയുള്ളൂ… അതുപോലെ ചില ഇഷ്ടങ്ങളും ലൈഫിൽ ഒന്നേ ഉണ്ടാകൂ.. ആർക്കും പകരമാകാൻ കഴിയില്ല… നീ പറഞ്ഞത് പോലെ എനിക്കും മഹിയേട്ടനും ഇടയിൽ ഇപ്പോൾ ഒന്നുമില്ല.. വിളിക്കാറില്ല, സംസാരിക്കാറില്ല, കാണാറില്ല… പക്ഷേ ഒരിക്കൽ മനസുകൊണ്ട് ഞാൻ സ്വീകരിച്ച ആളാണ് അത്…. ആ സ്ഥലം എന്നും ശൂന്യമായി കിടക്കും… നിനക്കെന്നല്ല, ആർക്കും അവിടെ കടന്നു വരാനാവില്ല… എനിക്ക് ജീവിക്കാൻ ഒരു തുണയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നുമില്ല… മഹിയേട്ടന്റെ അച്ഛൻ ഉണ്ട്… മുത്തശ്ശിയുണ്ട്… അതു മതി.. ഞാൻ ഹാപ്പിയാണ്…”
“നശിക്കുന്നത് സ്വന്തം ജീവിതമാണെന്ന് ഓർമ്മ വേണം…”
“ഇല്ല വരുൺ…. ഒരാളെ സ്നേഹിച്ചു… പക്ഷേ അയാൾക്ക് എന്നോട് അങ്ങനെ ഒരിഷ്ടം ഉണ്ടായിട്ടില്ല.. ചിലപ്പോൾ ഞാൻ കൊടുക്കാത്തത് ആ ടീച്ചർ കൊടുത്തപ്പോൾ മനസ് പതറിയതായിരിക്കാം… എന്തെങ്കിലും ആയിക്കോട്ടെ… പ്ലസ് വണ്ണിന് പഠിക്കുന്ന സമയം തൊട്ടു ഞാൻ ഭർത്താവ് എന്ന സ്ഥാനത്തു കണ്ടത് മഹിയേട്ടനെയാ…. അതെന്നും അങ്ങനെ തന്നെ ആയിരിക്കും…പിന്നെ,ഞാൻ ജീവിതം നശിപ്പിക്കുന്നു എന്ന് എങ്ങനെ പറയാനാവും? ആഗ്രഹിച്ച ജോലി ചെയ്യുന്നു, കൂട്ടുകാരുടെ കൂടെ സിനിമയ്ക്കും ഷോപ്പിങ്ങിനും ഒക്കെ പോകുന്നുണ്ട്…. ഇഷ്ടപ്പെട്ട ഭക്ഷണം, ഡ്രസ്സ് ഇതൊക്കെ വാങ്ങുന്നു,… സമ്പാദിക്കുന്നതിൽ ഒരു പങ്ക് എന്നെ സ്നേഹിക്കുന്നവർക്ക് നൽകുന്നു… ബാക്കിയുള്ളത് ഭാവിയിലേക്ക് ചേർത്തു വയ്ക്കുന്നുമുണ്ട്……”
വരുൺ നിരാശയോടെ അവളെ നോക്കി..
“അപ്പോൾ ഞാനിനി പ്രതീക്ഷിക്കണ്ട എന്നർത്ഥം… അല്ലേ?”
“അതെ… നീയെന്നും എന്റെ ഫ്രണ്ട് ആയിരിക്കും… തിരിച്ചു പോകും മുൻപ് നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു വിവാഹം കഴിക്ക്… ഞാൻ അതിൽ പങ്കെടുക്കും…”
അവൻ എഴുന്നേറ്റു…
“ഇനി ഈ കാര്യം പറഞ്ഞു നിന്റെ മുന്നിൽ വരില്ല… പക്ഷേ ഒരു നല്ല കൂട്ടുകാരനായി ഒരു ഉപദേശം കൂടി തരാം… ചരട് പൊട്ടിയ പട്ടം പോലുള്ള ഈ ജീവിതം ഇപ്പോൾ സുഖമായി തോന്നും… നാളെ നീ ദുഖിക്കും… ഒറ്റപ്പെടൽ എത്രത്തോളം ഭയാനകമാണ് എന്ന് കുട്ടിക്കാലം തൊട്ട് അനുഭവിച്ച നിന്നോട് അത് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ…. സങ്കടം വരുമ്പോൾ ചായാൻ ഒരു തോളെങ്കിലും മനുഷ്യന് ആവശ്യമാണ്…. പോട്ടെ… ഞാൻ വിളിക്കാം…”
വരുൺ പുറത്തേക്ക് നടന്നു… അവൾ പാതി കുടിച്ച ചായ ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്തു… ഇപ്പോൾ മഹേഷിനെ ഓർത്ത് എന്തുകൊണ്ട് താൻ കരയുന്നില്ല എന്നവൾ അത്ഭുതപ്പെട്ടു… ഒരു മരവിപ്പ് മാത്രമാണ് തോന്നുന്നത്…. രാത്രി ഉറങ്ങാൻ വേണ്ടി സ്ലീപ്പിങ് പിൽസുകളെ ആശ്രയിക്കുന്നു എന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല… വേദനിപ്പിക്കുന്ന ഓർമ്മകൾ അലട്ടാറില്ല….പ്രിയ സൗദി അറേബ്യയിൽ ജോലി കിട്ടി പോയതിനാൽ രേഷ്മയെ കുറിച്ചോ, അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും കേൾക്കേണ്ടി വരാറുമില്ല…ഒരു ചെറിയ വൃത്തത്തിനകത്തേക്ക് ജീവിതം ഒതുക്കിയിടുന്നതിലും സുഖമുണ്ടെന്ന് ശ്രീബാലയ്ക്കു തോന്നി…അവൾ ചായ കുടിച്ചു തീർത്ത് എഴുന്നേറ്റു…റെസ്റ്റോറന്റിന് പുറത്തിറങ്ങിയപ്പോൾ ബാഗിൽ നിന്ന് മൊബൈലിന്റെ കരച്ചിൽ കേട്ടു… പരിചയമില്ലാത്ത നമ്പർ…. തന്റെ പുതിയ സിം ആണ്.. അധികം ആർക്കും അറിയില്ല…അവൾ കാൾ അറ്റൻഡ് ചെയ്തു..
“ശ്രീബാല…. ഇത് ഞാനാ ഹരി… ശിവശക്തി ബസിലെ കണ്ടക്ടർ…. “
അവൾക്ക് ചിരിവന്നു…
“ഹരിയേട്ടൻ കളിയാക്കിയതാണോ? നിങ്ങളെയൊന്നും മറക്കാൻ എന്നെകൊണ്ട് പറ്റില്ല.. പേര് പറഞ്ഞാൽ തന്നെ അറിയും…”
“കേട്ടതിൽ സന്തോഷം…നിന്റെ ഹോസ്പിറ്റലിൽ ആണ് ഞാനിപ്പോ ഉള്ളത്….”
“എനിക്ക് ഇന്ന് ഓഫ് ആണ് ഹരിയേട്ടാ… എന്തുപറ്റി…”
“നേരിൽ പറയാം… ഒന്നിങ്ങോട്ട് വരാമോ?”
“അതിനെന്താ…. പത്തു മിനിട്ട്… ഹരിയേട്ടൻ ഒറ്റയ്ക്ക് ആണോ?”
“ഉദ്ദേശിച്ചത് മനസിലായി… ഒറ്റയ്ക്ക് അല്ല. കുഞ്ഞുമോൻ ഉണ്ട്… മദീന ബസിലെ ക്ളീനർ…. പേടിക്കണ്ട, മഹേഷ് ഇല്ല… അവനെക്കുറിച്ച് സംസാരിക്കാനും അല്ല വന്നത്…”
ഹരിയുടെ ശബ്ദത്തിൽ അനിഷ്ടം കലർന്നു… അവൾ പത്തുമിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി… ഗേറ്റിനു അടുത്തുള്ള വലിയ മാവിൻ ചുവട്ടിൽ ഹരിയും കുഞ്ഞുമോനും നിൽപുണ്ടായിരുന്നു…
“എന്താ ഹരിയേട്ടാ…?”
“ഒരു നഴ്സിനോട് മറച്ചു പിടിക്കേണ്ട ആവശ്യം ഒന്നുമില്ല എന്നറിയാം… പക്ഷേ ഭരതേട്ടന് പേടി, അതാണ് എന്നെ വിട്ടത്… നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ… അദ്ദേഹത്തിനു അറിയില്ലല്ലോ മോളെ പോലെ സ്നേഹിച്ച പെണ്ണ് ഇത്രയും വളർന്നു പക്വത എത്തി എന്ന്…”
ഹരി പരിഹാസത്തോടെ പറഞ്ഞു…
“കാര്യം നേരെ പറയാം… മാതുവമ്മ മരിച്ചു… ഇന്നലെ രാത്രി…. നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാരും… ഫോൺ വിളിച്ചു പറഞ്ഞാൽ പരിഭ്രമിച്ച് അങ്ങോട്ട് വരുന്നതിനിടയിൽ നിനക്ക് വല്ലതും പറ്റുമോ എന്നാ അവിടെ എല്ലാർക്കും ഭയം… അത് തെറ്റാണെന്ന് എനിക്ക് മനസിലായി…. അതാണ് തുറന്നു പറഞ്ഞത്… വല്ലതും എടുക്കാനുണ്ടെങ്കിൽ എടുക്കാം… എന്നിട്ട് പെട്ടെന്ന് പോകാം… അവിടെ അധികനേരം ബോഡി വച്ചോണ്ടിരിക്കാൻ പറ്റില്ല… മൊബൈൽ ഫ്രീസറിന് വാടക കൂടുതലാ… ഞങ്ങളാരും ഗവണ്മെന്റ് ജോലിക്കാരല്ല…”
“ഹരീ മതിയെടാ…” കുഞ്ഞുമോൻ തടഞ്ഞു…എന്നിട്ട് ശ്രീബാലയെ നോക്കി… അവളുടെ കവിളിലൂടെ കണ്ണുനീർ ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു..
“മോള് കാറിലോട്ട് കയറ്… പെട്ടെന്ന് പോകാം…”
അവൾ അനുസരിച്ചു…. ഡോർ അടച്ച് കുഞ്ഞുമോൻ ദേഷ്യപ്പെട്ടു…
“നീയെന്തിനാ ഇങ്ങനൊക്കെ പറയുന്നേ? ആ കൊച്ചിന് വിഷമമായി…”
“അവളുടെ പൂങ്കണ്ണീര് കണ്ടപ്പോൾ നിങ്ങൾക്ക് വേദനിച്ചോ? അവിടൊരുത്തൻ രണ്ടു വർഷമായി കരയുകയാ… ഇവള് കാരണം…. എന്നിട്ടും എന്നോട് ചോദിച്ച ചോദ്യം കേട്ടില്ലേ? ഒറ്റയ്ക്കാണോ വന്നതെന്ന്… അവൻ കൂടെ ഉണ്ടെങ്കിൽ കാണാൻ പറ്റില്ല എന്നാ അർത്ഥം.. അല്ല, അവനെയാ തല്ലേണ്ടത്… ഇവൾക്ക് വേണ്ടി ജീവിതം നശിപ്പിച്ച വിഡ്ഢി…”
“എടാ അതൊക്കെ പിന്നെ സംസാരിക്കാം. നീ വണ്ടിയെടുക്ക്… അവിടെത്തുന്നത് വരെ ദയവ് ചെയ്തു മിണ്ടരുത്… ഞാൻ കാല് പിടിക്കാം…”
അതോടെ ഹരി അടങ്ങി..കാർ സ്റ്റാർട്ട് ചെയ്തു ഗ്ലാസിലൂടെ നോക്കിയപ്പോൾ ശ്രീബാല മുഖം പൊത്തിയിരുന്നു കരയുകയാണ്… അവളോട് സഹതാപമൊന്നും ഹരിക്ക് തോന്നിയില്ല… അയാൾ കാർ മുന്നോട്ട് എടുത്തു…
“മോളെ… റൂമിലേക്ക് പോകണോ?” കുഞ്ഞുമോൻ ചോദിച്ചു..
“വേണ്ട…. എനിക്ക് മുത്തശ്ശിയെ കണ്ടാൽ മതി…”
കരച്ചിലിനിടയിലൂടെ അവളുടെ വാക്കുകൾ പുറത്തേക്ക് വന്നു.. കാറിന്റെ വേഗം കൂടി….
***************
“ഇവർക്ക് ഒരു മകനില്ലേ? അവരെ അറിയിക്കണ്ടേ?”
നാട്ടുകാരിൽ ഒരാൾ ചോദിച്ചു…മൊബൈൽ ഫ്രീസറിന്റെ ചില്ലിലൂടെ മാതുവമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്ന ഭരതൻ അത് കേട്ടു… അയാൾ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി..
“വേണ്ട… ഭൗതികമായതെല്ലാം ഉപേക്ഷിച്ചു സന്യാസി ആയവന് അമ്മയെയും ആവശ്യമില്ല… ഇവരെ ഇത്രയും കാലം നോക്കിയത് ഞാനാ… കൊള്ളി വയ്ക്കുന്നതും ഞാൻ തന്നെയാ… എന്റെ അമ്മയാ ഇത്…”
അയാളുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും നിശബ്ദരായി… മഹേഷ് തിണ്ണയിൽ തലയ്ക്കു കൈ കൊടുത്ത് ഇരിക്കുന്നുണ്ട്… ഭരതൻ അവന്റെ അരികിൽ ചെന്നിരുന്നു…
“മോനെ.. നീ ഹരിയെ ഒന്ന് വിളിക്ക്…”
“വിളിച്ചിരുന്നു… എത്താറായി എന്ന് പറഞ്ഞു…”
“പെട്ടെന്ന് ദഹിപ്പിക്കണം.. ആ പെട്ടിയിൽ കിടന്നു മരവിക്കുകയാ പാവം…. തണുപ്പ് തീരെ സഹിക്കാൻ പറ്റാത്ത ആളാ… രണ്ടു കമ്പിളി പുതച്ചിട്ടാ രാത്രി ഉറങ്ങുക…”
മഹേഷ് ഭരതനെ ചേർത്തു പിടിച്ചു.. അയാൾ പൊട്ടിക്കരഞ്ഞു…. ലക്ഷ്യബോധമില്ലാതെ നടന്നിരുന്ന അയാളെ ശാസിച്ചു നേർവഴിക്കു കൊണ്ടുവന്നതും അമ്മയുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തുകൊടുത്തതും മാതുവമ്മ ആയിരുന്നു…. അച്ഛനെ ആശ്വസിപ്പിക്കാൻ മഹേഷിന് കഴിഞ്ഞില്ല… ആ വൃദ്ധയായ സ്ത്രീ അവന്റെ എല്ലാമായിരുന്നു…. കുട്ടിക്കാലത്ത് അവന്റെ സങ്കടങ്ങൾക്കും ആവലാതികൾക്കും ഒരേയൊരു കേൾവിക്കാരി അവർ മാത്രമായിരുന്നു… ഭരതൻ എന്തു കഴിക്കാൻ വാങ്ങിക്കൊടുത്താലും ‘ കുട്ടൻ കഴിച്ചോ? ‘ എന്നാണ് അവർ ആദ്യം ചോദിക്കുക… തനിക്ക് കിട്ടിയതിൽ ഒരു പങ്ക് അവന് വേണ്ടി നീക്കി വയ്ക്കും… ഇത്രയും വർഷമായിട്ടും ആ ശീലം മാത്രം മാറിയില്ല… ഒടുവിൽ അവരും യാത്രയായി… താനും അച്ഛനും വീണ്ടും ആരുമില്ലാത്തവരായത് പോലെ അവൻ തോന്നി…
“ഭരതാ..ഇനിയും വച്ചോണ്ടിരിക്കണോ?” നാട്ടുകാരനായ മുസ്തഫ ചോദിച്ചു..
“മോള് വന്നോണ്ടിരിക്കുകയാ… ഇപ്പോൾ എത്തും…”
കണ്ണുകൾ തുടച്ചു കൊണ്ട് ഭരതൻ പറഞ്ഞു..പതിനഞ്ച് മിനിറ്റു കൂടെ കഴിഞ്ഞപ്പോൾ ഒരു കാർ വന്നു നിന്നു… ശ്രീബാല കരഞ്ഞു കൊണ്ട് ഇറങ്ങി..രണ്ടുമൂന്നു ചെറുപ്പക്കാർ ഫ്രീസർ തുറന്ന് മാതുവമ്മയുടെ ശരീരം തറയിലെ പായയിലേക്ക് മാറ്റി കിടത്തി… അവൾ കണ്ടതിനു ശേഷം എത്രയും പെട്ടെന്ന് ദഹിപ്പിക്കാനായിരുന്നു തീരുമാനം…. ശ്രീബാല അലറികരഞ്ഞു കൊണ്ട് അവരുടെ മാറിലേക്ക് വീണു….
“ക്ഷമിക്ക് മുത്തശ്ശീ…. ഒന്ന് കാണാൻ പോലും വരാത്ത ഞാനെന്തൊരു പാപിയാണ്…”
അവളുടെ നിലവിളി അവിടെ മുഴങ്ങി… കുറച്ചു നേരത്തിനു ശേഷം ഭരതന്റെ കൂട്ടുകാരിൽ ചിലർ വന്ന് അവളെ പിടിച്ചു മാറ്റി…
“എന്റെ മുത്തശ്ശിയെ കൊണ്ടുപോകല്ലേ….. കുറച്ചു നേരം കൂടി ഞാനൊന്നു കണ്ടോട്ടെ..”
അവൾ അപേക്ഷിച്ചു…
“ജീവനോടെ ഇരുന്നപ്പോൾ വരാത്തവളാ ഇപ്പൊ മോങ്ങുന്നത്…”
ഹരി പിറുപിറുക്കുന്നത് കുഞ്ഞുമോൻ കേട്ടു..
“പോട്ടെടാ… അവളും നമ്മുടെ കുട്ടിയല്ലേ?”
അയാൾ സമാധാനിപ്പിച്ചു…ഹരി മറുപടി പറയാതെ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു..
ഭരതന്റെ ആവശ്യപ്രകാരം അയാളുടെ പറമ്പിലാണ് ചിതയൊരുക്കിയത്… തീ കൊളുത്തിയത് അയാളും മഹേഷും ചേർന്നായിരുന്നു… മാതുവമ്മയുടെ ശുഷ്‌കിച്ച ശരീരം അഗ്നിനാളങ്ങൾ ഏറ്റു വാങ്ങിയതോടെ ആളുകൾ ഓരോരുത്തരായി പിൻ വലിഞ്ഞു….
രാത്രി ഒന്നര മണി ആയി… വീടിനു മുന്നിൽ മഹേഷും ഹരിയും, സൈനുദീനും ഹനീഫയും കുഞ്ഞുമോനും ഇരിക്കുന്നുണ്ട്.. ഭരതൻ അകത്തേക്ക് ചെല്ലുമ്പോൾ മാതുവമ്മയുടെ കമ്പിളിപുതപ്പ് മാറോടു ചേർത്ത് കിടക്കുകയാണ് ശ്രീബാല… അയാൾ കയ്യിലിരുന്ന കട്ടൻ കാപ്പി മേശപ്പുറത്തു വച്ചു..പിന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
“ഇത് കുടിക്ക് മോളേ….”
“എനിക്ക് വേണ്ടച്ഛാ…”
“ഈ നേരം വരെ ഒരു തുള്ളി വെള്ളം പോലും നീ കുടിച്ചിട്ടില്ല… നേഴ്സ് ആയ നിന്നോട് അത് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ..?”
അയാൾ കാപ്പി അവളുടെ ചുണ്ടോട് അടുപ്പിച്ചു…
“മതി…” കുറച്ചു കുടിച്ച ശേഷം അവൾ പറഞ്ഞു,.. അയാൾ ഗ്ലാസ് തിരിച്ചു വച്ച് അവളെ മടിയിലേക്ക് ചായ്ച്ചു കിടത്തി…
“നിന്നെയും മഹിയെയും കുറിച്ച് കുറേ സംസാരിച്ച് ഒന്ന് ഉറങ്ങാൻ കിടന്നതാ മാതുവമ്മ… കഞ്ഞിയുണ്ടാക്കി ഞാൻ വിളിച്ചപ്പോഴേക്കും പോയി…”
അയാൾ ഒന്ന് നിശ്വസിച്ചു…
“എന്റെ തെറ്റാ അച്ഛാ.. ഞാനൊന്ന് കാണാൻ വരണമായിരുന്നു..അർഹതയില്ലാത്തത് ആഗ്രഹിച്ച് ഒടുക്കം അത് കൈവിട്ടു പോയ ദേഷ്യത്തിന് അച്ഛനെയും മുത്തശ്ശിയെയും അവഗണിക്കരുതായിരുന്നു…”
“ഏയ്… നീ ദിവസവും വിഡിയോ കാൾ വിളിച്ചു സംസാരിക്കാറില്ലേ,?… സർക്കാർ ആശുപത്രിയിൽ നേഴ്സ് ആയി എന്നറിഞ്ഞതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാതുവമ്മയാ… നിന്റെ പേരിൽ എന്നെ അമ്പലത്തിൽ വിട്ട് നേർച്ചയൊക്കെ നടത്തിച്ചു… നീയും മഹിയും തമ്മിലുള്ള പ്രശ്നങ്ങൾ തീരാത്തതിലുള്ള സങ്കടം ഉണ്ടായിരുന്നു… അതെപ്പോഴും പറയും…”
ഭരതൻ എഴുന്നേറ്റു….
“ഈ അവസ്ഥയിൽ പറയാൻ പാടില്ലാത്തതാണ്…. ഒരുകണക്കിന് മാതുവമ്മ രക്ഷപ്പെട്ടു… ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കണമെന്ന് ഞങ്ങൾ സ്വപ്നം കണ്ട നീയും മഹിയും ഇങ്ങനെ ആവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല… അവൻ സ്വയം നശിക്കുന്നത് കാണുമ്പോൾ മരണമാണ് നല്ലത് എന്നെനിക്കും തോന്നിയിട്ടുണ്ട്,..”
അയാൾ നടക്കാൻ തുനിയവേ ശ്രീബാല കയ്യിൽ പിടിച്ചു…
“എന്നോട് വെറുപ്പാണോ അച്ഛന്?”
“എനിക്ക് ആരെയും വെറുക്കാൻ കഴിയില്ല മോളേ… പ്രത്യേകിച്ച് നിന്നെ.. ഒന്നേ എനിക്ക് പറയാനുള്ളൂ… ഒരാവേശത്തിന് നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ ജീവിതം തന്നെ വഴി തിരിച്ചു വിടും… പിന്നെ ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത നഷ്ടങ്ങൾ അതു കാരണം ഉണ്ടായേക്കാം… നിങ്ങൾ രണ്ടും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്….”
അവളുടെ കവിളിൽ തഴുകി അയാൾ പുറത്തേക്ക് നടന്നു… എണ്ണയും കുഴമ്പും പുരണ്ട ആ കമ്പിളി മുഖത്തേക്കിട്ട് അവൾ വീണ്ടും കിടന്നു… ഒരായിരം തവണ മാതുവമ്മയോട് അവൾ മാപ്പ് ചോദിക്കുകയായിരുന്നു….. വീശുന്ന കാറ്റിൽ ഭരതന്റെ വീടിന്റെ തെക്കേ തൊടിയിൽ ചിതയിലെ കനലുകൾ ഒന്ന് തിളങ്ങി,…….
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Classic 👌