Skip to content

ഭാഗ്യ – 4

bhagya

ബാലുവിന്റെ ആലോചന എല്ലാവർക്കും ഇഷ്ടമായി……. ബാലുവിനെയും…….ഭാഗ്യ കണ്ടത് ബാലുവിനൊപ്പം നിൽക്കുന്ന അഞ്ചുവയസ്സുകാരിയെയാണ്…….. ആ കുഞ്ഞിന്റെ ചിരിയാണ്……….ഭാഗ്യയെ ഇഷ്ടമായോന്ന് അച്ഛൻ ചോദിച്ചതിനുള്ള മറുപടി ഭാഗ്യയുടെ നെഞ്ചിൽ ഒട്ടി നിന്നാണ് ആ കുഞ്ഞ് പറഞ്ഞത്……….. ഒത്തിരി ഇഷ്ടായി….. ന്ന്…….

ബാലു എല്ലാവർക്കും പ്രിയപ്പെട്ടവനാണ്……… മകൾക്ക് വേണ്ടി മാത്രമാണ് ഈ ഒരു വിവാഹം…….. അവൾക്ക് ഒരു അമ്മയെ ആവശ്യമെന്ന് തോന്നി………… ആരെയും വിളിക്കാതെ ചെറിയൊരു ചടങ്ങ് മാത്രമായിരുന്നു…….. ഹരിയേട്ടന്റെ അച്ഛൻ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു തനിക്ക്………… എല്ലാ അനുഗ്രഹവും അദ്ദേഹം ഭാഗിക്കു കൊടുത്തു……….. തന്റെ വീട്ടുകാരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി അച്ഛൻ വന്നത് ഇഷ്ടക്കേട് ഉണ്ടെന്ന്……… ഈ ബന്ധത്തിൽ എല്ലാവരും ഹാപ്പിയാണ്……….. തന്റെ സന്തോഷം അവർക്കൊരു പ്രശ്നമേയല്ല…….ഭാഗ്യ തന്നെ അച്ഛനെ പറഞ്ഞയച്ചു….. ഒരുപാട് വേദനയോടെ……

ഹരിയേട്ടന്റെ ഓർമ്മകൾ മുറിയിൽനിന്നും അനിയൻ ഒഴിവാക്കിയപ്പോൾ ഒളിപ്പിച്ചു വച്ചതായിരുന്നു ഈ  ഒരു ഫോട്ടോ മാത്രം…….. അവർക്കെല്ലാം എത്ര എളുപ്പം എല്ലാം മറക്കാൻ സാധിച്ചു…….. ഹരിയേട്ടൻ പോയത് അവർക്കൊക്കെ ആശ്വാസമായിരുന്നോ……… എടുത്താൽ പൊങ്ങാത്ത സ്റ്റാറ്റസും അവരുടെ നിലയ്ക്കൊത്ത ഒരു മരുമകനേയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം തന്നെ എന്നു തോന്നിയിട്ടുണ്ട്……….താനിന്നും ഹരിയേട്ടനൊപ്പം തന്നെ ജീവിക്കുകയാണ്………. മറക്കാൻ പറ്റാത്ത മരിയ്‌ക്കാത്ത ഓർമ്മകളുമായി…………. വീട്ടുകാരുടെ താളത്തിനൊത്തു തുള്ളുന്ന ഒരു പാവ മാത്രമാണിന്ന് ഭാഗ്യ………… സ്വന്തം ഇഷ്ടത്തിന് മാത്രം വിവാഹം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നത്………… ഇനിയെങ്കിലും അവർ പറയുന്നത് കേൾക്കാനാണ് പറയുന്നത്…….. ഭാഗ്യ കേട്ടു……. അത്ര തന്നെ………

ബാലുവിന്റെ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ അനു കയ്യിൽ തൂങ്ങി നടപ്പുണ്ട്………ഭാഗ്യക്ക് അതൊരു ആശ്വാസമായിരുന്നു………… അവളാണ് അവളുടെ അമ്മയെ പരിചയപ്പെടുത്തിക്കൊടുത്തതും …….. വിവാഹ ആൽബം ഒക്കെ കാണിച്ചതും………..കാണാൻ അവളുടെ അമ്മയെപ്പോലെ തന്നെയായിരുന്നു അനുക്കുട്ടിയും………..  ബാലു ഭാര്യയുമായി പല പോസിൽ നിൽക്കുന്ന ഫോട്ടോസ് കണ്ടപ്പോൾ ഓർമ്മ വന്നത് ഹരിയേട്ടനെയാണ്………..ശരിക്കുമൊരു നാണം കുണുങ്ങിയായിരുന്നു ഹരിയേട്ടൻ………… ഒന്നു ചേർത്ത് നിർത്തി ഫോട്ടോയെടുക്കാനും വിറയലോടെ തോളിൽ കൈ വെപ്പിക്കുവാനും പെട്ട കഷ്ടപ്പാട് ഓർക്കുമ്പോൾ ഇന്നും ചിരിവരും……….  ചുണ്ടിലെ ചിരി ക്കൊപ്പം കണ്ണുനിറഞ്ഞു ഒഴുകുകയും കൂടി ചെയ്തു……….ഒരു റൂം നിറയെ അനുവിനെ അമ്മയാണ് നീതു ……….. തനിച്ചും…… ബാലുവിനൊപ്പവും….. കുഞ്ഞനുവിന്റെ ഒപ്പം നിൽക്കുന്നതുമായിട്ട് കുറേ ഫോട്ടോസ് ഉണ്ട്……..മൂന്നാളുടെയും ബെഡ് റൂം ആയിരുന്നുവെന്ന് തോന്നുന്നു ഇത്…….

മോൾക്ക് രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ പോയതാണ് നീതു……. ബാലുവിന്റെ ശബ്ദം കേട്ടപ്പോൾ ഫോട്ടോയിൽ നിന്നുമുള്ള നോട്ടം മാറ്റി ഭാഗ്യ……….

എപ്പോഴും വരുന്ന തലവേദന അവൾ കാര്യമായെടുത്തില്ല…… ആരോടും പറഞ്ഞിരുന്നുമില്ല അവൾ…….. ഭാഗ്യയെപ്പോലെ ഒതുങ്ങിയ ഒരു പെണ്ണായിരുന്നില്ല അവൾ……. ശരിക്കും ഈ വീടുണർന്നത് തന്നെ അവളിവിടെ വന്നതിന് ശേഷമാണ്………. ആർക്കും സ്നേഹിച്ചു കൊതി തീർന്നിട്ടില്ല……… അവൾക്കും അങ്ങനെ തന്നെയാവും……… അവളെ മറക്കാൻ കഴിഞ്ഞത് കൊണ്ടല്ല പുതിയൊരു കല്യാണത്തിന് സമ്മതിച്ചത്…….. അതിനു ഒരിക്കലുമാവുകയുമില്ല എനിക്ക്…….. എന്റെ അനുമോൾക്ക് ഒരു കൂട്ട് വേണം……….. ഞാൻ മാത്രം പോരല്ലോ…………

ഭാഗ്യ പോയി കിടന്നോളൂ…….. നീതുവിനോടൊപ്പം കുറച്ചു നേരം ഇരിക്കണം…………. ഭാഗ്യ ഒന്നും പറയാതെ മുറിക്കു വെളിയിലേക്കിറങ്ങി……… കുറച്ചു നേരം തനിച്ചിരിക്കാൻ താനും ആഗ്രഹിക്കുന്നുണ്ട്…….. ഹരിയേട്ടനോട് വിശേഷം പറയാൻ……….. അത് മുടക്കാൻ തന്നെക്കൊണ്ട് കഴിയില്ല……..

ഹരിയേട്ടാ…….. നമുക്കിപ്പോൾ ഒരു മോളുണ്ട് കേട്ടോ……. അനുക്കുട്ടി…….. ഭാഗ്യ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു………..

മോളെന്താ ഇവിടിങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത്……. അവനങ്ങനാ…….. മോളൊന്നും വിചാരിക്കണ്ട…….. നീതുവിന്റെ മരണം ഇന്നും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല……..അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കിയേ ഒരുമിച്ചു കിടന്ന് രാവിലെ ഒരാൾ മാത്രമേ ജീവനോടെ ഉള്ളൂ എന്നു മനസ്സിലാക്കുമ്പോ എന്ത് വിഷമം ഉണ്ടാകും……..അവന് സന്തോഷം വന്നാലും സങ്കടം വന്നാലും മോളെയും വിളിച്ചു ആ റൂമിൽ പോയിരിക്കും……….ഒരുപാട് നിർബന്ധിച്ചിട്ടാ ബാലു ഇതിനൊന്നു സമ്മതിച്ചത്………. അതോണ്ട് മോൾ വിഷമിക്കണ്ട കേട്ടോ…….. ക്ഷീണം ഉണ്ടാവില്ലേ……… സമാധാനത്തോടെ കിടന്നുറങ്ങിക്കോ………… അച്ഛന് വയ്യാണ്ടിരിക്കുവാ…….. കൂട്ടിന് ഒരാൾ വേണം……. ഇന്നിനി അച്ഛനും മോളും ഇങ്ങോട്ട് ഉണ്ടാവില്ല…….അമ്മ ഭാഗ്യയുടെ തലയിൽ തലോടി………..

സാരമില്ല അമ്മേ…….. എനിക്ക് മനസ്സിലാകും……… ഞാൻ തനിയെ കിടന്നോളാം………. ഭാഗ്യ അമ്മയെ പറഞ്ഞു വിട്ടു……….. ഒരുമിച്ചു ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഇനിയങ്ങോട്ട് തനിച്ചേ ഉണ്ടാവു ന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന വിഷമം അത് ഭാഗ്യക്ക് അറിയാം….. നന്നായിട്ട്…….

അനുക്കുട്ടി ഭാഗ്യയോട് വളരെ പെട്ടെന്ന് അടുത്തു……….. അവളുടെ അമ്മേ എന്നുള്ള വിളി മാത്രം മതിയായിരുന്നു ഭാഗ്യക്ക് സന്തോഷിക്കാൻ………… ഇപ്പോൾ ഉണ്ണാനും കളിക്കാനും ഉറങ്ങാനുമൊക്കെ ഭാഗ്യ വേണമെന്നായി അനുക്കുട്ടിക്ക്…….. അവളുടെ ഇഷ്ടത്തിനനുസരിച്ചു ഭാഗ്യയും അവൾക്കൊപ്പം നിന്നു………..കുറച്ചേറെ നാളുകളെടുത്തു ബാലുവിനും ഭാഗ്യയ്ക്കും നന്നായൊന്നു മിണ്ടുവാൻ പോലും ……..

അച്ഛൻ തന്നോടല്ലാതെ അധികം ആരേയും സ്നേഹിക്കുന്നത് അനുക്കുട്ടിക്ക് ഇഷ്ടമായിരുന്നില്ല………. ഇത്രയും നാൾ അച്ഛന്റെ മുഴുവൻ സമയവും സ്നേഹവും തനിക്ക് മാത്രമായിരുന്നു എന്നത് തന്നെയായിരുന്നു കാരണവും………… ബാലു ഭാഗ്യയുടെ ഒപ്പമിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ അനുക്കുട്ടിയും കൂടെയുണ്ടാവും………. ഭാഗ്യയുമായിരിക്കുമ്പോൾ അച്ഛന്റെ സന്തോഷം കാണുമ്പോൾ അവളുടെ മുഖം ഇരുളും………… ഇത് മനസ്സിലാക്കാൻ ഭാഗ്യയ്ക്ക് അധികം സമയം വേണ്ടിവന്നില്ല………… അതിനനുസരിച്ചു അനുവിന് ഭാഗ്യ ഏറെ ശ്രദ്ധ കൊടുക്കുകയും സ്നേഹിക്കുകയും ചെയ്തു……….

അനുക്കുട്ടിക്ക് കൂട്ട് ഭാഗ്യ ഉള്ളതിനാൽ ബാലു ബിസിനെസ്സിലേക്ക് കുറച്ചു കൂടി ശ്രദ്ധിച്ചു………അച്ഛൻ തന്നിൽ നിന്നും അകലും പോലെയാണ് അത് അനുവിന് തോന്നിയത്………. ഇപ്പോൾ റൂമിൽ അമ്മയ്‌ക്കൊപ്പം ഇരിക്കാനും അച്ഛൻ വരാറില്ല………ഭാഗ്യ വന്നതിന് ശേഷമാണിതെല്ലാമെന്ന് ആ കുഞ്ഞു ചിന്തിച്ചു……….

അനുമോളെ ഇടയ്ക്കിടെ നീതുവിന്റെ വീട്ടിലേക്ക് അവർ കൂട്ടിക്കൊണ്ട് പോകാറുണ്ട്……….. കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു കൊണ്ടുവിടും…………. അവിടെ നിന്നും വന്നുകഴിഞ്ഞാൽ അനുക്കുട്ടി ഭാഗ്യയോട്  ദേഷ്യം മാത്രമേ കാണിക്കു……… അമ്മയെന്ന വിളി അനു ഭാഗ്യമ്മ എന്നാക്കി മാറ്റി……………ഭാഗ്യ എത്ര സ്നേഹത്തിൽ വിളിച്ചാലും പോവില്ല അവൾ………….. അച്ഛൻ വരാൻ നോക്കിയിരിക്കും അയാളെയും കൂട്ടി റൂമിൽ പോയിരിക്കും…………. ഭാഗ്യ ഇതൊന്നും വലിയ കാര്യമായെടുത്തില്ല………… കുഞ്ഞു മനസ്സിൽ തോന്നുന്ന കുശുമ്പ് ആയിട്ടേ കണ്ടിട്ടുള്ളു……… പിന്നീടും ഇതൊക്കെ ആവർത്തിച്ചപ്പോൾ അമ്മയോട് ചെറുതായൊന്ന് സൂചിപ്പിച്ചു……… ബാലുവിന് മനസ്സിലാകുന്നതിൽ കൂടുതൽ അമ്മയ്ക്ക് മനസ്സിലാകും എന്നത് കൊണ്ട് തന്നെ…………. അതൊക്കെ അവളോടുള്ള സ്നേഹം കൊണ്ട് നിനക്ക് വെറുതെ തോന്നുന്നതാവുമെന്ന് പറഞ്ഞു അമ്മ ആശ്വസിപ്പിച്ചു………… പക്ഷേ അതൊന്നും തന്റെ തോന്നലുകളല്ലെന്ന് പോകേപ്പൊക്കെ ഭാഗ്യയ്ക്ക് മനസ്സിലായിതുടങ്ങി…………

പഠിക്കാതെ ഇരുന്നപ്പോൾ ഭാഗ്യ ഒന്നു ശാസിച്ചു………. അതിനു അനു പറഞ്ഞ മറുപടി കേട്ട് ഭാഗ്യ ഒന്നു ഞെട്ടി……. അത് കേട്ടുകൊണ്ട് വന്ന അമ്മയും………

നിങ്ങൾ എന്റെ അമ്മയൊന്നുമല്ലല്ലോ…….. രണ്ടാനമ്മയല്ലേ……….എന്നേയും അച്ഛനെയും തമ്മിൽ പിരിക്കാൻ വന്നതല്ലേ………. അച്ഛനെ ഞാൻ നിങ്ങൾക്ക് തരൂല്ല……..

അനൂ……… അമ്മ ഉറക്കെ വിളിച്ചു……… എന്തൊക്കെയാ നീയീ പറയുന്നത്…….. ആരാ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത്………. വായിൽ കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ മതി………… നിന്നോട് ഭാഗ്യ എന്താ ചെയ്തേ…….. സ്നേഹിച്ചിട്ടല്ലേ ഉള്ളൂ നിന്നെ……… മേലാൽ ഈ വക വർത്തമാനം പറഞ്ഞാൽ അടി വാങ്ങും നീ………..

ആദ്യമായിട്ടാ അച്ഛമ്മ തന്നെ വഴക്ക് പറയുന്നത്…….. അതും ഭാഗ്യമ്മ കാരണം…….ഇന്നേവരെ തന്നെ കൊഞ്ചിച്ചിട്ടേ ഉള്ളൂ  ഈ വീട്ടിൽ എല്ലാവരും ………അവളുടെ കുഞ്ഞുമനസ്സ് വളരെ വേദനിച്ചു………

ഭാഗ്യ അനുവിന്റെ അടുത്തിരുന്നു സ്നേഹത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു………. അവൾ അതൊന്നും കൂട്ടാക്കിയില്ല…… ആ കുഞ്ഞുമനസ്സിൽ ആരൊക്കെയോ ചേർന്ന് വിഷം കുത്തി നിറച്ചിരിക്കുന്നു……. അവളെ പറഞ്ഞിട്ട് കാര്യമില്ല……… ആ കുഞ്ഞിന്റെ മനസ്സിൽ അച്ഛന്റെ ജീവിതത്തിൽ സ്വന്തം അമ്മയുടെ സ്ഥാനത്തേക്ക് കടന്നു കയറി വന്നവളാണ് താൻ……..

ബാലു വന്നപ്പോൾ താനത് സൂചിപ്പിക്കുകയും ചെയ്തു……… അനുമോൾക്ക് തന്നോടെന്തോ ഇഷ്ടക്കേട് ഉണ്ടെന്നും അവളെ ബാലു പറഞ്ഞു മനസ്സിലാക്കണമെന്നുമെല്ലാം………… പക്ഷേ ബാലു അതെടുത്തത് വേറൊരു രീതിയിലാണ്……… നീയത് രണ്ടാനമ്മയുടെ കണ്ണുകൾ കൊണ്ട് നോക്കുന്നത് കൊണ്ടാണെന്നു പറഞ്ഞു……….. അവളെ തനിക്കറിയാം………. ഒരിക്കലും അവൾ ഇങ്ങനൊന്നും ചെയ്യില്ല………. കുഞ്ഞു കുട്ടിയെക്കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്നാണ് ചോദിച്ചത്……….തിരുത്തേണ്ടത് നിന്നെയാണ്……… അവളെക്കുറിച്ച് മോശമായി സംസാരിക്കരുത്……… എനിക്കിഷ്ടമല്ല…… ഇനി ആവർത്തിക്കരുത്………

അത് കേട്ടുകൊണ്ട് അനുക്കുട്ടി നിൽപ്പുണ്ടായിരുന്നു……… ഞാൻ അവളുടെ അച്ഛനോട് എന്തോ പറഞ്ഞു കൊടുത്തപോലെയായിരുന്നു അവളുടെ നോട്ടം……… ബാലു അടുത്ത് പോയി അശ്വസിപ്പിക്കാൻ തുടങ്ങവേ പൊട്ടികരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ കഴുത്തിൽ തൂങ്ങി……….. ബാലു രൂക്ഷമായി തന്നെയൊന്ന് നോക്കുക മാത്രം ചെയ്തു……….. അതിലുണ്ടായിരുന്നു എല്ലാം………….

പിന്നെപ്പിന്നെ അവളുടെ ദേഷ്യവും വാശിയുമെല്ലാം ഭാഗ്യ കണ്ടില്ലെന്ന് നടിച്ചു……. പല കാര്യങ്ങളും വിഷമം ഉണ്ടാക്കിയെങ്കിലും അതൊന്നും കാര്യമാക്കാതെ അവളെ സ്നേഹിച്ചുകൊണ്ടേയിരുന്നു………. വലിയ വിഷമങ്ങളിൽ തനിച്ചിരുന്നു ആശ്വാസം കണ്ടെത്തി………. പലതും ബാലുവിനോട് പറയാനറച്ചു…….. ഇനി അനു പറയുംപോലെ അവരെ തമ്മിൽ പിരിക്കാൻ വന്നതാണെന്ന് പറഞ്ഞാൽ………………..

ബാലു പാവം തന്നെയാണ്…….എന്ത് സംസാരിച്ചാലും അത് ചെന്നെത്തുക നീതുവിലും………….പറയുന്നത് എല്ലാം കേട്ടിരിക്കും………ഇഷ്ടമാണ് ഭാഗ്യയ്ക്കത്……….അതിൽ എവിടെയൊക്കെയോ ഹരിയും ഭാഗിയും ജീവിക്കുന്നതുപോലെ…………ഒരിക്കൽപോലും ബാലു ഹരിയുടെ കാര്യം ചോദിക്കാനോ അറിയാനോ ശ്രമിച്ചിരുന്നില്ല……………ഭാര്യയുടെ സന്തോഷം അളന്നത് അവളുടെ മുഖഭാവത്തിൽ കൂടെയായിരുന്നു……….. ഉള്ളിലുള്ളത് വെളിയിൽ കാട്ടാതിരിക്കാൻ ഭാഗ്യയും ശ്രമിച്ചു…………. ഒരിക്കലും ഹരിയെ വെച്ച് ബാലുവിനെ അളക്കാൻ ഭാഗ്യ ശ്രമിച്ചില്ല………..

ഭാഗ്യ പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ ആദ്യം ബാലുവിനെ മുഖം ഇരുളു കയാണ് ചെയ്തത്…………ഒരു കുഞ്ഞു വാവ വരുന്നുണ്ടെന്ന് അനുക്കുട്ടിയോട് പറഞ്ഞപ്പോൾ….എനിക്കെങ്ങും വേണ്ട….എന്ന് എടുത്തടിച്ചു പറഞ്ഞു………… എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ബാലു തലയും താഴ്ത്തി നീതുവിന്റെ റൂമിലേക്ക് പോയി…………. പിറകെ അനുവും……… അന്നും വേദനിച്ചില്ല ഭാഗ്യയ്ക്ക്………….തനിച്ചു ബെഡിൽ ചുരുണ്ടു കൂടി കിടന്നുറങ്ങിയപ്പോൾ  ഭാഗ്യക്കരികിൽ അവളുടെ ഹരിയേട്ടൻ  ഉണ്ടായിരുന്നു …… അവളെ എടുത്തുയർത്തി സന്തോഷം പ്രകടിപ്പിച്ചു…………. കുഞ്ഞിനെപ്പറ്റി വാതോരാതെ സംസാരിച്ചു…………… രണ്ടാളുടെയും മുഖത്ത് നിറയെ സന്തോഷമായിരുന്നു………. കണ്ണു തുറക്കും വരെ മാത്രം ആയുസ്സുള്ള സന്തോഷം………..

വീർത്തുവരുന്ന വയറു കാണുമ്പോൾ അനുവിന് ദേഷ്യമാണ്……… അച്ഛന്റെ സ്നേഹം തട്ടിപ്പറിക്കാൻ ഒരാളും കൂടി……… അച്ഛമ്മയ്ക്ക് ഭാഗ്യമ്മയോടുള്ള കരുതലും സ്നേഹവും കാണുമ്പോൾ അനുവിന് ദേഷ്യം കൂടും……..ബാലു അനുക്കുട്ടിക്ക് ശ്രദ്ധ കൂടുതൽ കൊടുത്തു ………. അവളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം അവളെ വേദനിപ്പിക്കാതെ ആ വാശികൾക്കും ഇഷ്ടത്തിനും കൂട്ട് നിൽക്കുകയാണ് ചെയ്തത്……….. മകളുടെ സന്തോഷം മാത്രം നോക്കിയിരുന്ന ബാലു മറന്നു പോയ ഒരു കാര്യമുണ്ടായിരുന്നു…… ഭാഗ്യ ആദ്യമായാണ് അമ്മയാകാൻ പോകുന്നതെന്നുള്ള കാര്യം……. അവൾക്കും ആഗ്രഹങ്ങൾ ഉണ്ടെന്ന്…….. പക്ഷേ ഭാഗ്യ എപ്പോഴും ഹാപ്പി ആയിരുന്നു…….. ആഗ്രഹിക്കുമ്പോഴെല്ലാം കൂട്ടായും കാറ്റായും നിഴലായും ഹരി കൂടെയുണ്ടായിരുന്നു……………… പ്രസവത്തിനു വീട്ടിൽ പോയപ്പോഴും ഇടയ്ക്ക് ബാലു വന്നു പോയി…… അനുക്കുട്ടി വന്നതേയില്ല……..അവളെ ചോദിക്കുമ്പോൾ ഒക്കെയും നീതുവിന്റെ വീട്ടിൽ ആണെന്നായിരുന്നു മറുപടി……..വീട്ടിൽ ആരും ഒന്നും ചോദിച്ചില്ല ഭാഗ്യയ്ക്ക് സുഖമാണോ എന്ന്……..അമ്മയെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ…… ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ………..

എല്ലാ സുഖസൗകര്യങ്ങളുമുണ്ട്.. ഭർത്താവുണ്ട്.. ഇപ്പോൾ ഒരു കുഞ്ഞുമായി……. അവരുടെയൊക്കെ കണ്ണിൽ ഇതിൽപരം ഒരു സന്തോഷം ഭാഗ്യയ്ക്ക് കിട്ടാനില്ല…… തന്നെ കേൾക്കാനും ആശ്വസിപ്പിക്കാനും ആരുടെയും കാലിൽ പിടിക്കാനും ഭാഗ്യ തയ്യാറല്ലായിരുന്നു………… എല്ലാം ഹരിയോട് മാത്രമായി പറയും…….. അവിടെയേ ആശ്വാസം കിട്ടു……….

കുഞ്ഞിനെ കാണാൻ അനുക്കുട്ടി വന്നിരുന്നു…… ആദ്യമൊക്കെ തൊടാൻ അറച്ചു നിന്നെങ്കിലും പിന്നീട് അനിയൻകുട്ടൻ ആണെന്നൊക്കെ അമ്മ പറഞ്ഞു കൊടുത്തു തൊടാനൊക്കെ തുടങ്ങി…………. ബാലു കുഞ്ഞിനെ മാത്രമാണ് നോക്കുന്നത്……. അയാളെ തെറ്റുപറയാനാവില്ല…….. നീതു തന്നെയാണ് മനസ്സിൽ…….. അതിനിടയിലേയ്ക്ക് വന്ന ഭാഗ്യയെ കടമ പോലെ സ്നേഹിക്കുകയാണ് ബാലു………. ഭാര്യയെ സ്നേഹിക്കുന്നുണ്ടെന്ന് സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് അയാൾ…………… തനിക്കും അങ്ങനെ തന്നെയല്ലേ……….. ഹരിയേട്ടനാണ് മനസ്സുനിറയെ…… മറക്കാനാവാതെ…….

ഭാഗ്യയോട് ഇഷ്ടക്കേട് കാട്ടുന്നുണ്ടെങ്കിലും അനുവിന് അല്ലുവിനോട് ഭയങ്കര സ്നേഹമായിരുന്നു………… അല്ലുവിനെ ചേർത്തുപിടിക്കുന്നതിനൊപ്പം അവളെയും ചേർത്ത് പിടിക്കും ഭാഗ്യ…….. എല്ലാം മറന്ന് ഭാഗ്യയോട് അനു ഒന്ന് അടുത്ത് വരുമ്പോഴേക്കും നീതുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും……. അവിടെ നിന്നും വരുന്ന അനുകുട്ടി വേറൊരാൾ ആണ്……… അവളെ ആ വീട്ടിലേക്ക് വിടാതിരുന്നുകൂടെ എന്ന് ചോദിച്ചാലോ എന്ന് വരെ വിചാരിച്ചു ഭാഗ്യ……… പിന്നെ വേണ്ടെന്നുവച്ചു………എല്ലാം രണ്ടാനമ്മയുടെ കുശുമ്പ് ആയേ കാണൂ………. അല്ലെങ്കിലും അത് പറയാൻ തനിക്കർഹതയില്ല………..വലുതായി വരും തോറും ഭാഗ്യയോടുള്ള ഇഷ്ടക്കേട് അനുവിന് കൂടിക്കൂടിവന്നു……….. മറ്റുള്ളവരുടെ മുന്നിൽ അത് കാട്ടില്ലെങ്കിലും ഇഷ്ടക്കേട് ഭാഗ്യക്കു മുന്നിൽ തുറന്ന് കാണിക്കും………… ആദ്യംമുതലേ മകളോട് ക്ഷമിക്കാൻ പഠിച്ചതുകൊണ്ടാവും മകളും അവളുടെ ശീലം മാറ്റിയില്ല…………എന്തിലും ഏതിലും ആ വീട്ടിൽ അവൾക്കാവണം ഒന്നാം സ്ഥാനം……. അതവൾക്ക് നിർബന്ധമാണ്……… ബാലുവിന്റെ മിക്ക കാര്യങ്ങളും അവൾ തന്നെയാണ് ചെയ്യാറ്…….പ്രത്യേകിച്ച് മരുന്ന് കൊടുക്കുന്നത്…….. ബാലുവിനും അത് സന്തോഷമുള്ള കാര്യമാണ്……… ഒരിക്കൽ മരുന്നെടുത്തു കൊടുക്കുവാൻ താമസിച്ചപ്പോൾ ഭാഗ്യ എടുത്തു കൊടുത്തു…………. അതിന് അവൾ പറഞ്ഞത്  തന്റെയും അച്ഛന്റെയും ഇടയിലേക്ക് വരരുതെന്നായിരുന്നു…… അച്ഛനെ നോക്കാൻ തനിക്കറിയാമെന്നും………. ഇപ്പോൾ പുതിയൊരു ശീലവും തുടങ്ങിയിട്ടുണ്ട് അല്ലുവിനെയും കൂട്ടാറുണ്ട് നീതുവിന്റെ വീട്ടിലേക്ക്…………. എതിരൊന്നും പറയാറില്ല താൻ…….. പറഞ്ഞിട്ടും കാര്യമില്ല.,….. ബാലു ഒരാളുടെ സമ്മതം മതി രണ്ടാൾക്കും………. ഇങ്ങനെ ഒരമ്മയുണ്ടെന്ന് ഓർമ്മ പോലുമുണ്ടോയെന്ന് തനിക്ക് സംശയമാണ്………അവനെ അനുക്കുട്ടി സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്… ഈ ദേഷ്യവും കുശുമ്പും തന്നോട് മാത്രമേ ഉള്ളല്ലോ എന്ന് ഓർക്കും…….സാരമില്ല..അമ്മയെ നീ മനസ്സിലാക്കും………കാത്തിരിക്കാം… നിന്റെയുള്ളിൽ ഞാൻ രണ്ടാനമ്മ ആണെങ്കിലും എന്റെ ആദ്യത്തെ കുഞ്ഞ് നീ തന്നെയാണ് ……..

അല്ലുവിന്റെ സ്കൂളിൽ പേരന്റ്സ് മീറ്റിങ്ങിന് പോയി തിരിച്ചുവരുമ്പോഴാണ് ഹരിയേട്ടന്റെ അച്ഛനെ കാണാൻ ഇടയായത്………..കണ്ടിട്ട് മനസ്സിലായേയില്ല….. ഓടിവന്നു തന്റെ കയ്യിൽ പിടിച്ച് മോളെ സുഖമാണോ എന്ന് ചോദിക്കുന്ന വൃദ്ധനെ കുറെ നേരം നോക്കി നിന്നു…….. ഇപ്പോൾ ഒരു വൃദ്ധസദനത്തിൽ ആണത്രേ………..കുടുംബവീട്ടിൽ സുഖമാണെന്ന് കരുതിയിരുന്ന തനിക്ക് തെറ്റി……….പ്രായമായി കഴിഞ്ഞാൽ പലർക്കും ഭാരമാണ് മോളെ……അങ്ങനെ തോന്നിയപ്പോൾ ഞാൻ അവിടെനിന്നും ഇറങ്ങി……..മോൾക്ക് സുഖമാണോ……. അച്ഛൻ എന്നും ഓർക്കാറുണ്ട് നമ്മുടെ വീടും വീട്ടിലെ സന്തോഷവുമെല്ലാം…….. എന്ത് തെറ്റ് ചെയ്തിട്ടാണ് മോളെ നമ്മൾ ഇങ്ങനെ പിരിഞ്ഞുപോയത്……… ഇനിയുമെന്തു കാണാനാണീ കിളവനെ ഇങ്ങനെ ഇട്ടിരിക്കുന്നത്…………അച്ഛൻ പോയി കഴിഞ്ഞിട്ടും മനസ്സിൽ അച്ഛൻ ഒരു വൃദ്ധസദനത്തിൽ ആണല്ലോയെന്നുള്ള വിഷമമായിരുന്നു…….. തന്നെ ഏൽപ്പിച്ചിട്ടല്ലേ ഹരിയേട്ടൻ പോയത്……… താനുണ്ടാവുമെന്ന  വിശ്വാസം ഉണ്ടാവില്ലായിരുന്നോ ആ മനസ്സിൽ……… അന്ന് താൻ തളരാൻ പാടില്ലായിരുന്നു……… അവർക്കൊരു താങ്ങായി നിൽക്കാൻ സാധിച്ചില്ലല്ലോ…….ഈശ്വരാ…….. സഹിക്കാൻ പറ്റുന്നില്ലല്ലോ……. ഭാഗ്യ നെഞ്ചിൽ കയ്യമർത്തി പിടിച്ചു…….

നിങ്ങൾ എന്തിനാണ് അല്ലുവിനെ വഴക്കു പറഞ്ഞത് സ്കൂളിൽ വെച്ച്………മനസ്സ് വിഷമിച്ചിരിക്കുന്ന ഭാഗ്യയോട് അനു വന്ന് ചോദിച്ചു………..എല്ലാ സബ്ജക്ടസി നും മാർക്ക് തീരെക്കുറവാണ്……..ടീച്ചേഴ്സും കൂടി അത് തന്റെ കുറ്റമാണ് അമ്മ ശ്രദ്ധിക്കാത്തത് കൊണ്ടാണ് എന്ന് കൂടി പറഞ്ഞപ്പോൾ ഒന്ന് ശാസിച്ചു……… അത്രയേ ഉള്ളൂ….പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അതിന്റെതായ വിവരം ഉണ്ടാവണ്ടേ…….. അവനത് ദേഷ്യം ഉണ്ടാക്കി…….. വന്നയുടനെ ചേച്ചിയോട് പരാതി പറഞ്ഞു………. അനിയനെ വഴക്ക് പറഞ്ഞത് ചോദിക്കാൻ വന്നതാണ്………… അല്ലു വിചാരിച്ചു വെച്ചിരിക്കുന്നത് അവന്റെ എല്ലാ തോന്നിവാസങ്ങൾക്കും ഇഷ്ടങ്ങൾക്കും മറുത്തൊന്നും പറയാതെ പ്രോത്സാഹിപ്പിക്കുന്നതാണ് സ്നേഹം എന്നാണ്…………

അവന്റെ എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുന്നത് അച്ഛനാണെങ്കിൽ അച്ഛനറിയാം എങ്ങനെ വളർത്തണമെന്നും…………അവനെ പഠിപ്പിക്കുന്നത് ഞാനല്ലേ…….. എന്നോടുള്ള ദേഷ്യമല്ലേ നിങ്ങൾ അവനോട് തീർത്തത്………… അവന്റെയും അച്ഛന്റെയും കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട…….. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അത്………. ഇതെല്ലാം ഇനി അച്ഛൻ വരുമ്പോൾ ചെവിയിൽ ഓതിക്കൊടുത്തു അവനെയും കൂടി വഴക്ക് കേൾപ്പിച്ചോണം…….. അന്നെന്നെ വഴക്ക് കേൾപ്പിച്ചത് പോലെ……….

ഭാഗ്യ ഒന്നും മിണ്ടിയില്ല……….. മനസ്സ് നിറയെ അച്ഛന്റെ മെലിഞ്ഞുണങ്ങിയ രൂപമായിരുന്നു……….. തന്റെ ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ തെറ്റായിരുന്നു……….. അല്ലായിരുന്നുവെങ്കിൽ അച്ഛനിങ്ങനെ അനാഥനെപ്പോലെ നടക്കേണ്ടി വരില്ലായിരുന്നു………. മനസ്സ് കൊണ്ട് ഹരിയോട് ഒരുപാട് വട്ടം മാപ്പു പറഞ്ഞു……… ബാലു വന്നതൊന്നും താനറിഞ്ഞില്ലെന്ന് വേണം പറയാൻ……… ഈ വീട്ടിലുള്ളവരെല്ലാം പല ദിശയിലേക്ക് സഞ്ചരിക്കുന്നവരാണ്…,.. ഒരേ ദിശയിലേക്കുള്ള വഴി അറിഞ്ഞിട്ടും അറിയാത്തതു പോലെ നടിക്കുന്നവർ……. ആരും ആരെയും അന്വേഷിക്കാറില്ല……….  ആ മുറിയ്ക്കുള്ളിൽ എത്രനേരം ഇരുന്നുവെന്നും അറിയില്ല……… മനസ്സൊന്നു തണുത്തപ്പോൾ എഴുന്നേൽക്കാൻ തുടങ്ങവേ ആരോ ശക്തിയിൽ വായ് പൊത്തിപ്പിടിച്ചു……. മറുകൈ കൊണ്ട് കഴുത്തിലും അമർത്തി……… ചെവിയിലേക്ക് ആ ശബ്ദവും എത്തി…….

എന്നെ വഞ്ചിച്ചിട്ട് നീ അങ്ങനെ ജീവിക്കാമെന്ന് കരുതേണ്ട അനൂ………നീ എന്നെ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളെല്ലാം വെറും സ്വപ്നങ്ങൾ മാത്രമാകാൻ ഞാൻ സമ്മതിക്കില്ല………..

അനുവിന്റെ പേര് കേട്ടപ്പോൾ കാതോർത്തു……… ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു……. എതിർക്കാൻ നോക്കി……. സാധിച്ചില്ല………. അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്…. അയാളുടെ പിടി ഒന്നയഞ്ഞതും ചാടിയെഴുന്നേറ്റ് ഡോർ തുറന്നു……… പക്ഷേ…….. അത്രയും ആളുകൾ ബാലുവിനൊപ്പം ഉണ്ടെന്ന് കരുതിയില്ല………. അനുവിനെ അവർക്ക് മുൻപിലൊരു കാഴ്ചവസ്തു ആക്കാൻ തോന്നിയില്ല………… അപ്പോഴാണ് അയാളുടെ മുഖം ശരിക്കും കണ്ടത് ഒരു ചെറുപ്പക്കാരൻ………. മുഖത്ത് പ്രായം ഇല്ലെങ്കിലും കണ്ണിൽ ദേഷ്യവും വിഷമവും തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു ……..

എല്ലാവരും വീടൊഴിഞ്ഞപ്പോൾ ബാലുവിനോട് പറയാൻ ഒരുങ്ങിയതാണ്………. അതിനു മുൻപുതന്നെ തനിക്ക് ചാകാനുള്ള വഴി പറഞ്ഞു തന്നു……… തന്നെ ആരും വിശ്വസിക്കില്ല…….. എല്ലാം അറിയാവുന്ന അനു ആയിരിക്കും ആദ്യം തന്നെ തള്ളിപ്പറയുക…………. ഇതിങ്ങനെ തീരുമെങ്കിൽ തീരട്ടെന്ന് കരുതി………

വീട് വിട്ടു പോകാൻ പറഞ്ഞപ്പോളും അനു മിണ്ടാതെ തന്നെയിരുന്നു………. അവളുടെ വിചാരം താനും ഒന്നുമറിഞ്ഞിട്ടില്ലെന്നാണ്……… എങ്കിലും ഇത്രയും വലിയൊരു പട്ടം അമ്മയ്ക്ക് ചാർത്തി തരേണ്ടിയിരുന്നില്ല അനൂ…………. അന്നത്തെ സംഭവം വീഡിയോ എടുത്തത് സോഷ്യൽ മീഡിയയിൽ വന്നുവെന്ന് അറിഞ്ഞപ്പോൾ തളർന്നു പോയി………  എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ………… ആരുമൊന്ന് കൂടെ നിൽക്കാനില്ലാത്ത അവസ്ഥ………. ഇവിടെ നിൽക്കുന്നതിലും ഭേദം വീട് തന്നെയാണെന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്……… പക്ഷേ ഇവിടെയും…………..

വാതിലിൽ ശക്തിയിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഭാഗ്യ ഉണർന്നത്………… മയങ്ങിപ്പോയിരുന്നുവെന്ന് അപ്പോഴാണ്  മനസ്സിലായത്……….. ഫോട്ടോ എടുത്തു പില്ലോയുടെ അടിയിലേക്ക് ഒളിപ്പിച്ചു……….. ജിത്തുവാണ്………… അവൻ ഭാഗ്യയുടെ കൈതട്ടി മാറ്റി അകത്തേക്കു കയറി………….. ചുറ്റിനും നോക്കി……………. ഇനി ഇവിടെയും ആരെയെങ്കിലും വിളിച്ചു കയറ്റിയിട്ടുണ്ടോ……… അതാണോ തുറക്കാൻ ഇത്ര താമസം…………. ചോദ്യം കേട്ടപ്പോൾ ഭാഗ്യ വല്ലാതെയായി……….. മുഖമടച്ചു ഒരടിയായിരുന്നു മറുപടി………..

ഓടി വരും……

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!