Skip to content

ഭാഗ്യ – 24

bhagya

ഭാഗിമ്മയ്ക്ക് ആകെ വിഷമം ആണ് കുറച്ചു ദിവസമായിട്ട്…… തനിച്ചിരുപ്പാണ് കൂടുതലും……. സന്തോഷിപ്പിക്കാൻ എന്തെങ്കിലും കോമഡിയൊക്കെ പറഞ്ഞാലും ചീറ്റി പോവുകയാണ് പതിവ്……..       ആദ്യം വിചാരിച്ചു അനു വന്നു പോയതിന്റെതാവുമെന്ന്……. പോരാഞ്ഞിട്ട് ഇപ്പോൾ അനു ഇടയ്ക്കിടെ വിളിക്കാറുണ്ട് അമ്മയെ…..  പക്ഷേ അതൊന്നുമല്ല കാര്യമെന്ന് തന്റെ മനസ്സു പറയുന്നു…… കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്…… ചിന്ത കണ്ടാലറിയാം…… ഇമ്മു മനസ്സിൽ കരുതി…

അനു അച്ഛനോടും അല്ലുവിനോടും എല്ലാം തുറന്നു പറഞ്ഞെന്നും…. അച്ഛൻ ആ പയ്യന്റെ വീട്ടിൽ പോയി അവന്റെ പേരെന്റ്സ്നോട്‌ കാര്യം പറയുകയും ചെയ്തുന്ന് ഭാഗിമ്മ പറഞ്ഞു …….. ആദ്യം ചെയ്തിട്ടില്ലെന്ന് എതിർത്ത ചെക്കൻ പോലീസിൽ കംപ്ലയിന്റ് കൊടുക്കുമെന്നൊക്കെ പറഞ്ഞപ്പോൾ പേടിച്ചു  സമ്മതിച്ചു….. അവർക്ക് മുന്നിൽ വെച്ചു തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു അനുവിനോട് മാപ്പും പറയിച്ചു…….. കൊടുത്തു അവന്റെ മോന്ത നോക്കി ഒരെണ്ണം …….. അത്രയും ദിവസം അനുഭവിച്ച ടെൻഷൻ അനു ആ അടിയിൽ തീർത്തു…….അവർ കയ്യേകാലെ പിടിച്ചപ്പോൾ അത് വേറൊരാളും അറിയാതെ അവിടെ വെച്ചു തന്നെ ഒതുക്കി…… അവന് താഴെ രണ്ടു പെൺകുട്ടികൾ ഉള്ളത് കൊണ്ട് ബാലുവും ക്ഷമിച്ചു………. സ്വന്തം പെങ്ങന്മാർ പോലുമിനി അവനെ വിശ്വസിച്ചു വീട്ടിൽ തനിച്ചിരിക്കില്ല……… അത് തന്നെയാണ് അവനുള്ള ശിക്ഷയും…….

അല്ലു ഇടയ്ക്ക് വീട്ടിൽ വന്നപ്പോൾ പറയാനുണ്ടായിരുന്നത് അനുവിന്റെ മാറ്റത്തെക്കുറിച്ചായിരുന്നു…… ഇമ്മു കേട്ടുകൊണ്ടിരിക്കും പോലെ ഭാഗി കേൾക്കാൻ നിന്ന് കൊടുക്കാറില്ല…… മുൻപുള്ളതുപോലെ തന്നെയായിരുന്നു അല്ലുവിനോടുള്ള പെരുമാറ്റവും………. അവൻ പ്രതീക്ഷയോടെ നോക്കുമ്പോഴെല്ലാം മുഖം തിരിച്ചു കളയും ഭാഗിയും…   

വിവാഹത്തിനുള്ള ഡ്രസ്സ്‌ എടുക്കാൻ ഭാഗിയെ വിളിച്ചെങ്കിലും പോകാൻ തയ്യാറല്ലായിരുന്നു……. ഇമ്മു ഒരുപാട് നിർബന്ധിച്ചു നോക്കി……. പോകാൻ തയ്യാറായില്ല……. എന്താണ് ഭാഗിമ്മയ്ക്ക് പറ്റിയത്…… ഇങ്ങനെ തനിക്കു വിഷമം തരുന്ന കാര്യങ്ങൾ ഒന്നും ചെയ്യാത്തയാളാണ്……. ആർക്കും മുഖം കൊടുക്കാതെ……. സന്തോഷത്തിൽ പങ്കു ചേരാതെ……. ഭക്ഷണവും നേരെ ചൊവ്വേ കഴിക്കാതെ…….. എന്താവും…… എന്താണ് പറ്റിയത്……… ദാസനും നന്ദനും പോലും ആ ഒരു അകൽച്ച ഫീൽ ചെയ്തു……. നന്ദനെ കാണാൻ ഇപ്പോൾ മുറിയിലേക്ക് പോകുന്നതേയില്ല…….. എങ്കിലും അടുത്തു തന്നെ ഉണ്ടല്ലോന്ന് സമാധാനിച്ചു നന്ദൻ ……

നീയെന്താ ഭാഗീ ഒളിച്ചും പാത്തും നടക്കുന്നത്….. ഒന്നു കാണാൻ പോലുമില്ലല്ലോ നിന്നേ……. നന്ദൻ എത്ര ദിവസമായി നിന്നെ അന്വേഷിക്കുന്നു……. എന്താ പറ്റിയെ…….. ഇമ്മുവും പറഞ്ഞല്ലോ എന്തോ വിഷമം ഉണ്ടെന്ന്……….. ദാസൻ ഒരു ദിവസം ചോദിച്ചു……

ശരിയാണ് മോനെ….. ഞാനും ചോദിച്ചതാ എന്ത് പറ്റിയെന്നു…….. ഇപ്പോൾ നേരെ ചൊവ്വേ ഭക്ഷണം പോലും കഴിക്കുന്നില്ല…… ആ കൊച്ചു വന്നതിന്റെയാവും……. ഇനിയങ്ങോട്ട് പോകുന്നില്ലെന്ന് പറഞ്ഞിരുന്ന ആളാണ്‌……. ഇപ്പോൾ മനസ്സൊക്കെ മാറിയതു പോലെ …. എനിക്കും മറുപടിയൊന്നും തരുന്നില്ല…… അച്ഛൻ കുറച്ചു നീരസത്തിൽ പറഞ്ഞു…… ശരിയാണോ എന്നറിയാൻ ദാസൻ ഭാഗിയെ നോക്കി…..ഇതൊന്നും ശ്രദ്ധിക്കുന്നില്ല…… അവൾ വേറെ ഏതോ ലോകത്താണ്…….  ദാസൻ പിടിച്ച പിടിയാലേ ഭാഗിയെ നന്ദന്റെ അടുത്തേക്ക് കൊണ്ടുപോയി…….. ഇനി ബാക്കി സംസാരം അവിടെയാവാം ……..

അനു വന്നു പോയതിൽ പിന്നെ നന്ദനും ഒരു സമാധാനക്കേടാണ്……. മനസ്സിൽ ഊഹിച്ചത് പോലെ തന്നെ……. ആദ്യം അല്ലു….. പിന്നെ അനു…… ഇനി………. ഓർക്കാൻ പോലും ഇഷ്ടപ്പെടാതെ നന്ദൻ തന്റെ ചിന്തകൾക്ക് നേരെ കണ്ണടച്ചു……. ദാസനൊപ്പം മുറിയിലേക്ക് വന്ന ഭാഗിയെ കണ്ടപ്പോൾ മുഖമൊന്നു തെളിഞ്ഞു………. ഭാഗിയെ കണ്ടാലറിയാം സ്വന്തം ഇഷ്ടപ്രകാരം വന്നതല്ലെന്ന്…….. ഭാഗിയെ നന്ദന് അടുത്തിരുത്തി……….. ഭാഗി കുറച്ചു നീങ്ങി മാറിയിരുന്നു……… പിറകെ കാര്യം അറിയാൻ ഇമ്മുവും കൂടി…….

ഇനി പറയ്…….. എന്താണ് പ്രശ്നംന്ന്…… ഞങ്ങൾ കൂടി അറിയട്ടെ……. തിന്നാതെയും കുടിക്കാതെയും ഇങ്ങനെ നടക്കുന്നതിന്റെ കാര്യം പറ…….. ദാസൻ ചോദിച്ചതിന് ഭാഗി മിണ്ടാതെ തലയും കുനിച്ചിരുന്നു……… എന്താ ഭാഗീ…. ആരെങ്കിലും നിന്നേ വിഷമിപ്പിക്കുന്ന രീതിയിൽ പെരുമാറിയോ……. ഇങ്ങനെ ഒന്നും മിണ്ടാതെ നടന്നാൽ ഞങ്ങൾ എന്താ വിചാരിക്കേണ്ടത്…….. ദാസന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു……… നന്ദൻ ദാസനെ നോക്കി ശാന്തനാകാൻ കണ്ണുകൊണ്ടു കാട്ടി…….

എന്താണ് ഭാഗീ…… അനു വന്നതിന്റെയാണോ…….. അവർക്കൊപ്പം പോണോ നിനക്ക്…….. നന്ദൻ വളരെ പതുക്കെ ചോദിച്ചു…… ഇവിടെയാരും നിന്റെ ഇഷ്ടത്തിന് എതിരു നിൽക്കില്ല….. നന്ദിയുടെയും കടപ്പാടിന്റെയും പേരിൽ നിൽക്കുകയുമരുത്…….. അത് എല്ലാവർക്കും വിഷമമുണ്ടാക്കും……. സത്യത്തിൽ നിന്നോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്…… ഈ വീടിന്റെ സന്തോഷം ഇപ്പോൾ നിന്റെ കയ്യിലാണ് ഭാഗീ ……..അത് നിനക്കും മനസ്സിലായിട്ടുള്ളതല്ലേ…. ഇനി പറയൂ……. എന്താ നിന്റെ വിഷമം…… നന്ദൻ ഭാഗിയുടെ കൈയ്യുടെ മേലെ കൈ വെച്ചു ചോദിച്ചു…… ഭാഗിക്ക് ആലോചിക്കാനും മറുപടി പറയാനും  സമയം കൊടുത്തു മൂന്നാളും…….

ഞാൻ പോകാൻ തീരുമാനിച്ചു നന്ദാ…… എന്നെ ഇനിയും തടയരുത്….. എല്ലാ അപവാദങ്ങളും തരണം ചെയ്തു ഒരു സ്ത്രീയായി തലയുയർത്തി നിൽക്കുമ്പോഴും ഞാൻ ഒരമ്മയാണെന്ന് മറന്നു പോകുന്നു…… ഇമ്മുവിന്റെ സ്നേഹതണലിൽ ഞാൻ അത് ഓർത്തത് കൂടിയില്ല………. അല്ലുവിനെക്കാൾ ഇപ്പോൾ അനുവിന് ആ വീട്ടിൽ എന്നെ ആവശ്യമുണ്ട്………  എന്റെ ഇഷ്ടത്തിന് എന്റെ ജീവിതം ജീവിച്ചു തീർക്കാനാണ് ഞാൻ തീരുമാനിച്ചിരുന്നത്…… പക്ഷേ എന്നെങ്കിലുമൊന്ന് തിരിഞ് നോക്കേണ്ടി വന്നാൽ ഞാൻ തോറ്റുപോയൊരു അമ്മയാണെന്ന് സ്വയം തോന്നില്ലേ…….. എത്രയൊക്കെ വേദനിപ്പിച്ചെന്നു പറഞ്ഞാലും അല്ലുവും അനുവും എന്റെ മക്കളാണ്……. അതാണ് സത്യവും…….. അതുകൊണ്ട് പോകണം എനിക്ക്………. ഭാഗി തുറന്നു പറഞ്ഞു………. ഇമ്മുവിന്റെ മുഖം വാടി……. കണ്ണു നിറഞ്ഞു……… മുഖം കുനിച്ചു……… ദാസന്റെയും അവസ്ഥ അതു തന്നെ ആയിരുന്നുവെങ്കിലും കണ്ണിമയൊന്നു ചിമ്മാതെ നന്ദന്റെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്………. പക്ഷേ ആ മുഖത്ത് ഒരു ഭാവ വിത്യാസവുമില്ല……. ചെറിയൊരു ചിരിയോടെ ഭാഗിയോട് നന്ദൻ പറഞ്ഞു …….. ഇതല്ലല്ലോ ഭാഗീ ശരിക്കുള്ള കാര്യം……. നീ ഇപ്പോഴും ഒന്നും തുറന്നു പറയുന്നില്ല…….

ഭാഗി നന്ദനെ ഒന്നു നോക്കി……. രണ്ടാളുടെയും നോട്ടം തമ്മിൽ കൂട്ടിമുട്ടി…… ഭാഗി കൈ തിരിച്ചു വലിക്കാൻ ശ്രമിച്ചു…… പക്ഷേ അതവിടെ ഉറപ്പിച്ചു പിടിച്ചിരിക്കുകയാണ് നന്ദൻ …… ഇമ്മു നിൽക്കുന്നത് കൊണ്ട് ഭാഗി കൂടുതൽ ബലം പിടിച്ചില്ല……… സത്യം പറയ് ഭാഗീ………… നന്ദൻ ശബ്ദം കൂട്ടി പറഞ്ഞു……

ഇമ്മുവിന്റെ കല്യാണം കഴിഞ്ഞും ഞാൻ ഇവിടെ നിൽക്കുന്നത് അത്ര ശരിയല്ല നന്ദാ……….. രാഖിക്ക് പ്രശ്നമില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ്……. എപ്പോഴും ഈ വീട്ടിൽ വരേണ്ടവരാണ് അവർ ……. പോകേപ്പോകെ അത് ഇമ്മുവിന്റെ കുടുംബജീവിതത്തിനെയും ബാധിക്കും……… അവന് സമാധാനം എന്നൊന്നുണ്ടാവില്ല…….. രാഖിക്കും പിടിച്ചു നിൽക്കാൻ ആയില്ലെന്ന് വരും സ്വന്തം വീട്ടുകാരല്ലേ………..പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ….. കുടുംബത്തിൽ സന്തോഷം ഇല്ലാതാകുമ്പോൾ ഇമ്മുവും എന്റെ നേർക്ക് മുഖം ചുളിച്ചാൽ…….. അങ്ങനെ ഉണ്ടാവില്ലെന്നറിയാം…… എങ്കിലും …….. എനിക്കത് സഹിക്കില്ല……… അങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കാൻ ഞാൻ തന്നെ എടുത്ത തീരുമാനമാണിത്…….. ഭാഗി ഇമ്മുവിനെ ദയനീയമായി നോക്കി…….. അവൻ എല്ലാം കേട്ടുകൊണ്ട് തലയും കുനിച്ചു നിൽക്കുകയാണ്……… ആ മനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് ഭാഗിക്ക് മനസ്സിലായി………. ക്ഷമിക്ക് മോനേ…… അമ്മയ്ക്ക് ഇങ്ങനെയേ തീരുമാനിക്കാൻ കഴിയൂ…….. എന്നും നിന്റെയീ സന്തോഷം ഇങ്ങനെ തന്നെ ഉണ്ടാവണം…… അതിന് അമ്മയെടുത്ത തീരുമാനം ആണിത്….ഭാഗി അവനോട് മനസ് കൊണ്ടു മാപ്പു ചോദിച്ചു ………. മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ട്…… വല്ലാത്തൊരു ഭാരം പോലെ നെഞ്ചിൽ………ഭാഗി മുഖത്തെ വിയർപ്പ് സാരിതലപ്പു കൊണ്ട് ഒപ്പി…….. നന്ദന്റെ കൈ തന്റെ കയ്യിൽ മുറുകുന്നുണ്ട്………

ഇതുമൊരു കാരണമാകാം…….. പക്ഷേ……. നിന്നെ വിഷമിപ്പിക്കുന്നത് ഇതൊന്നുമല്ല ഭാഗീ……. എല്ലാം പറഞ്ഞു തീർന്നിട്ടും നിന്റെ മുഖത്തും മനസ്സിലും വേദന മാത്രമാണ്…… ടെൻഷനും…….. അതുകൊണ്ട് തുറന്നു പറയൂ……… നന്ദന്റെ മുഖത്തേക്ക് ഭാഗി സൂക്ഷിച്ചു നോക്കി……… ദാസനും ഇമ്മുവും രണ്ടാളെയും മാറി മാറി നോക്കി നിൽക്കുന്നുണ്ട്…….

ഇത്രയേ ഉള്ളൂ നന്ദാ…… വേറെന്ത് ടെൻഷനാ എനിക്ക്….. ഭാഗി നോട്ടം മാറ്റി പറഞ്ഞു……

അല്ല……. എന്റെ മുഖത്തേക്ക് നോക്കി പറയൂ ഭാഗീ ഇതാണ് കാരണമെന്ന് ………………….നന്ദൻ മറന്നു പോയിരുന്നു അടുത്ത് ആരൊക്കെയാണ് നിൽക്കുന്നതെന്ന്…….. അവിടെ നന്ദനേയും ഭാഗിയെയും മാത്രമേ കണ്ടുള്ളൂ നന്ദൻ…… നന്ദന്റെ മാറ്റം കണ്ട് ഇമ്മുവും ദാസനും ചെറുതായിട്ട് ഒന്നു ഞെട്ടി……. പറയ് ഭാഗീ…….. പറയാതെ നിന്നേ ഇവിടെ നിന്നും വിടില്ല……. മക്കളുടെ അടുത്തേക്ക് പോകുന്നതും ഇമ്മുവിന്റെ ജീവിതവും  സുരക്ഷിതമാക്കുന്നതും മാത്രമാണോ കാരണം …… അത് നീ മറ്റുള്ളവരെ വിശ്വസിപ്പിച്ചാൽ മതി………. എന്റെ അടുത്തു വേണ്ടാ…… എനിക്ക് ഭാഗിയെ നന്നായിട്ടറിയാം…….. ഈയൊരു കാര്യത്തിന് വേണ്ടി മാത്രം ഈ വീട് വിട്ടു പോകാനാവില്ല നിനക്ക്……..

മതി നന്ദാ…….. എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല……. എനിക്ക് പോകണം……. ഞാൻ പോകും……. നന്ദന്റെ സംസാരം അതിരു കടക്കുന്നുവെന്ന് തോന്നിയപ്പോൾ ഭാഗി പറഞ്ഞു……… ദാസന് അത് കേട്ടപ്പോൾ ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അടുത്തു തന്നെ നിന്നു………. മുഖം കുനിച്ചു പിടിച്ചിരിക്കുന്ന ഭാഗിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി……  അത് കണ്ടപ്പോൾ മൂന്നാളും  വല്ലാണ്ടായി….

നിനക്ക് പോകാനാണ് ഇഷ്ടമെങ്കിൽ പൊയ്ക്കോളൂ ഭാഗീ……. പിടിച്ചു നിർത്താൻ ഞങ്ങൾ ആരുമല്ല നിന്റെ……. അതിനിങ്ങനെ വിഷമിക്കണ്ട….. ഈ കണ്ണുനീർ മാത്രം കണ്ടോണ്ട് നിൽക്കാൻ പറ്റുന്നില്ല…. ദാസൻ ഭാഗിയുടെ തലയിൽ തലോടി പറഞ്ഞു…….

ന്തിനാ ദാസേട്ടാ എന്റെ ഹരിയേട്ടനെ ഇടിച്ചിട്ടത് …….. ഒരു മിനിറ്റ് വണ്ടി നിർത്തി ആ ഒരു ജീവനേയും കൂടി എടുത്തോണ്ട് പോയിക്കൂടായിരുന്നോ ഹോസ്പിറ്റലിൽ ………  ദാസന്റെ കൈ തട്ടി മാറ്റി ഭാഗി ചോദിച്ചു………….  എങ്കിൽ എന്റെ ഹരിയേട്ടൻ ഇന്നും എന്റെ കൂടെ ഉണ്ടാവില്ലായിരുന്നോ………. ഇങ്ങനെ എനിക്ക് ചത്തു ജീവിക്കേണ്ടി വരുമായിരുന്നോ……….. ഭാഗി ദേഷ്യത്തിൽ ദാസനോട് ചോദിച്ചുകൊണ്ടേ ഇരുന്നു………

ദാസൻ നന്ദനെ ഒന്നു നോക്കി……. പിന്നെ ഭാഗിയെ നോക്കാൻ ഭയപ്പെട്ടു മാറി നിന്നു…….. നന്ദനും മുഖം കുനിച്ചു…….. കയ്യിലെ പിടി അയഞ്ഞു………ഇമ്മു മാത്രം ഒന്നും മനസ്സിലാക്കാതെ എല്ലാവരെയും നോക്കികൊണ്ടിരുന്നു…….. കുറെയേറെ നേരം വേണ്ടിവന്നു ആർക്കെങ്കിലുമൊന്ന് സംസാരിക്കാൻ………..

അറിയില്ലായിരുന്നു ഭാഗീ അത് നിന്റെ ഹരിയേട്ടൻ ആയിരുന്നുവെന്ന്…….. അന്ന് ദാസനാണ് വണ്ടി ഓടിച്ചിരുന്നത്……. എന്റെ ജീവൻ രക്ഷിക്കുക എന്നേയുണ്ടായിരുന്നുള്ളൂ അവന്റെ മനസ്സിൽ…….. അതിനിടയിൽ അബദ്ധത്തിലാണ് ബൈക്കിൽ ഇടിച്ചത്…… അവിടെ ഇറങ്ങാനോ ആരെന്നു നോക്കാനോ ഒന്നും ആ സമയത്തു ആർക്കും തോന്നിയില്ല……. ആ വണ്ടിയിൽ ഇരുന്നവർക്ക് എന്റെ ജീവനായിരുന്നു വലുത്…….. തെറ്റായിരുന്നു ചെയ്തത്……. അതിന് ദാസനെ നീ കുറ്റപ്പെടുത്തല്ലേ ഭാഗീ……. ഞാൻ…..ഞാൻ മാത്രമാണ് എല്ലാത്തിനും കാരണം……… നന്ദൻ പറഞ്ഞത് കേട്ടിട്ട് ഭാഗി തിരിച്ചു ഒന്നും സംസാരിച്ചില്ല…. മുഖവും ഉയർത്തിയില്ല…….

എനിക്ക് ബോധം വീണതിന് ശേഷം ആദ്യം തന്നെ ദേവേട്ടൻ ഒരു ബന്ധുവിനെ വിട്ട് അന്വേഷിച്ചത് ആ ആക്‌സിഡന്റ്നെ കുറിച്ചായിരുന്നു……   അയാൾക്ക്‌ സാരമായിട്ടൊന്നും പറ്റിയിട്ടില്ലെന്നും പറഞ്ഞു……… നഷ്ടപരിഹാരം അല്ലെങ്കിലും ചികിത്സക്കായി ഒരു തുക അവർക്ക് കൊടുക്കാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു…………. പിന്നെ അതിനെക്കുറിച്ചു ആരുമൊന്നും സംസാരിച്ചില്ല…….. എല്ലാം ഒതുക്കി തീർത്തെന്നാണ് അയാൾ പറഞ്ഞത്……..

ആരുടേയും ഔദാര്യം ഞാനോ ഹരിയേട്ടനോ സ്വീകരിച്ചിട്ടില്ല……… ഭാഗി ദേഷ്യത്തിൽ പറഞ്ഞു……..  അങ്ങനെ ഒരാൾ സഹായവുമായി വീട്ടിൽ വന്നെന്നും അതേപോലെ പറഞ്ഞു വിട്ടെന്നും ഹരിയേട്ടന്റെ അച്ഛൻ പറഞ്ഞിരുന്നു…….. അന്ന് കുറച്ചു കൂടി നേരത്തെ ഹരിയേട്ടനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്……….. എന്നും ചിന്തിക്കാറുമുണ്ട്………. ദാസേട്ടനും നന്ദനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്രയുണ്ടെന്ന് ദേവേട്ടൻ പറഞ്ഞു കേൾപ്പിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല ആ സ്നേഹത്തിന് രക്തസാക്ഷി ആകേണ്ടി വന്നത് എന്റെ ഹരിയേട്ടനായിരുന്നുവെന്ന്………

ഭാഗീ…… ഒന്നും മനഃപൂർവമല്ല… സംഭവിച്ചു പോയതാണ്……… എന്നോട് ക്ഷമിക്ക് ഭാഗീ…….. അതിനുള്ള ശിക്ഷയാവും ഞാൻ ഇന്നും ഇങ്ങനെ……..  ദാസനെ നീ ഒരിക്കലും കുറ്റപ്പെടുത്തരുത്…… അവൻ നിന്നെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് സ്വന്തം കൂടപ്പിറപ്പിനെപ്പോലെ………നന്ദൻ ദാസന്റെ മുഖം കുനിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ സഹിക്കാതെ പറഞ്ഞു…….

ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല……. ചിലപ്പോൾ ഹരിയേട്ടനു അത്രയും ആയുസ്സേ ഉണ്ടായിരിക്കൂ…… പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി….. എല്ലാവരെയും ഫേസ് ചെയ്യാൻ പോലും ബുദ്ധിമുട്ട് ഉണ്ട് …… ഇപ്പോൾ പോലും……. അത്രയും പറഞ്ഞ് ഭാഗി എഴുന്നേറ്റു പോയി…….. പോകുമ്പോൾ വിഷമിച്ചു നിൽക്കുന്ന ഇമ്മുവിന്റെ കയ്യിൽ പിടിച്ചു കൂടെ കൂട്ടി…………. ദാസേട്ടന് നല്ല വിഷമം ആയെന്നറിയാം……. എന്റെ മനസ്സ് ആറിതണുത്തിട്ടില്ല ദാസേട്ടനെ ഒന്നാശ്വസിപ്പിക്കുവാൻ……….രണ്ടാളും പരസ്പരം പറഞ്ഞു ആശ്വസിക്കട്ടെ……… അതിനാണ് ഇമ്മുവിനെ കൂടെ കൂട്ടിയത്…….. പിന്നെ അവനോട് കുറച്ചേറെ കാര്യങ്ങൾ പറയാനുമുണ്ട്……..

രണ്ടു കൈകൾക്കുള്ളിൽ ഇമ്മുവിന്റെ കൈ എടുത്തു അമർത്തി ഒരുമ്മ കൊടുത്തു……… ഇങ്ങനെ വിഷമിക്കല്ലേ ഇമ്മൂ നീ…….. അമ്മയായിട്ടു തന്നെ ഉണ്ടാവും എന്നും……. ബന്ധങ്ങൾ എന്നും അതേ രീതിയിൽ ഇരിക്കുവാൻ കുറച്ചു അകലം നല്ലതാണ്…. നിനക്കോ എനിക്കോ കാണാൻ തോന്നുമ്പോൾ ഓടി വരാനുള്ള ദൂരമല്ലേ ഉള്ളൂ…… ഈ ഭാഗ്യയുടെ മൂന്നു മക്കളിൽ എന്നും പ്രിയപ്പെട്ടവൻ നീ തന്നെ ആയിരിക്കും…. എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയവൻ……….

എല്ലാം നീ കേട്ടതുമല്ലേ ഇമ്മൂ ….. നിർബന്ധിക്കരുത് നീ അമ്മയെ……. സന്തോഷമായിട്ടിരിക്കണം……. ചിലപ്പോൾ നിന്റെ വിഷമം കണ്ടാൽ ഞാൻ പോകാൻ മടിക്കും…….. തനിച്ചാക്കിയിട്ടല്ലല്ലോ ഞാൻ പോകുന്നത്… നിനക്ക് പറ്റിയ ഒരു കൂട്ട് തന്നിട്ടല്ലേ……. രാഖിയെ……

ഇമ്മു കണ്ണുകൾ അമർത്തി തുടച്ചു…….. സാരമില്ല…… എനിക്ക് മനസ്സിലാകും അമ്മയെ……. ഇപ്പോൾ അമ്മയുടെ ആവശ്യം അനുവിനാണ്…. ഇനിയും ഇവിടെ നിന്നാൽ ഹരിയച്ഛന്റെ ഓർമ്മകൾ വേദനിപ്പിക്കുകയെ ഉള്ളൂ….. എനിക്ക് അമ്മയെ കാണാൻ തോന്നുമ്പോഴെല്ലാം ഞാൻ വന്നു കാണും…… അതിന് ആര് തടസ്സം നിന്നാലും എനിക്ക് പ്രശ്നമില്ല……. ഞാൻ കാണാൻ വരും……… ഭാഗി സമ്മതം പോലെ ഇമ്മുവിന്റെ കവിളിലൊന്നു തലോടി………. രണ്ടാളും ദൂരേക്ക് നോക്കിയിരുന്നു…….

ഓടി വരാം

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!