Skip to content

ഭാഗ്യ – 2

bhagya

അനു അമ്മൂമ്മയെയും കൂട്ടി കിച്ചനിലേക്ക് ചെന്നപ്പോൾ കണ്ടു ഭാഗ്യയെ…… എന്നത്തേയും പോലെ തന്നെ സ്വന്തം പണികൾ ചെയ്യുന്നുണ്ടായിരുന്നു…… എന്നും ചെയ്യും പോലെ ചായ എല്ലാവർക്കുമായി എടുത്തു വെച്ചിരുന്നു……അത് ഒന്ന് നോക്കുക കൂടി ചെയ്യാതെ അനു ചായയ്ക്കുള്ള വെള്ളം വെച്ചു…….. കണ്ടപ്പോൾ ഭാഗ്യ പറഞ്ഞു….

ചായ ഞാനെടുത്തു വെച്ചിട്ടുണ്ട്……

തനിയെ അങ്ങ് കുടിച്ചോളൂ… ഇവിടുള്ള എല്ലാവർക്കും ചായ കൊടുക്കാൻ എനിക്കറിയാം…… ഒന്നങ്ങു മാറിത്തന്നിരുന്നെങ്കിൽ നന്നായിരുന്നു……. ദേഷ്യമാണ് മുഖം നിറയെ….. ഭാഗ്യ തിരിച്ചു ഒന്നും പറഞ്ഞില്ല….

ബാലുവിനും അല്ലുവിനുമുള്ള ചായ എടുത്തു അനു മാറിയതും അമ്മ അടുത്തു വന്നു ചോദിച്ചു……

ഭാഗ്യേ…. ഇന്നലെ നടന്നതിൽ എന്തെങ്കിലും സത്യമുണ്ടോ….. കേട്ടതൊക്കെ സത്യമല്ലെന്നാണ് എനിക്ക് കേൾക്കേണ്ടത്…..

ഇല്ലമ്മേ….. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല….. ശ്വാസം വിടുന്നതിലും ചെറിയ ശബ്ദത്തിൽ ഭാഗ്യ പറഞ്ഞു…..

അപ്പോൾ പിന്നെ ആരാണ് അയാൾ….. വാതിൽ തുറന്നു കൊടുക്കാതെ അയാളെങ്ങനെ ആ റൂമിൽ കടന്നു …. നീയെന്തിനാ ആ റൂമിലേക്ക് പോയത്……

അമ്മയുടെ ചോദ്യങ്ങൾക്കൊന്നും ഭാഗ്യയുടെ കയ്യിൽ ഉത്തരമില്ലായിരുന്നു…. മിണ്ടാതെ നിൽക്കുന്ന ഭാഗ്യയെ നോക്കി… പതിയെ പോകാൻ തിരിഞ്ഞു……. ഭാഗ്യ ഒന്നും ചെയ്യാൻ നിൽക്കണ്ട… പൊയ്ക്കോളൂ….. ഞാൻ ചെയ്തോളാം… സഹായത്തിനു അനു ഉണ്ടല്ലോ…….

ഭാഗ്യ ചെയ്തിരുന്ന പണി നിർത്തി മാറി…. അമ്മ മോളെന്നേ വിളിക്കാറുള്ളു…. പേര് വിളിക്കാറില്ലായിരുന്നു ….. വെളിയിലേക്ക് മാറി ഭിത്തിയിൽ ചാരി നിന്നു…… എത്രനേരം നിന്നുവെന്നറിഞ്ഞില്ല…….

ഒന്നു കയറിപ്പോകുവോ….. ആൾക്കാരൊക്കെ നോക്കി ചിരിക്കുന്നു…. എന്തിനാണിങ്ങനെ ഇവിടെ വന്നു നിൽക്കുന്നത്……

അനുവിന്റെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്…… അവൾ ദേഷ്യത്തിൽ ചുറ്റും നോക്കുന്നുണ്ട്…ചില ജനാലകൾക്കിടയിൽ രണ്ടു മൂന്നു തലകൾ എത്തി നോക്കുന്നുണ്ട്…… അത് തന്നെ കാണാനാണ്…. ഇനി മുതൽ താനൊരു കാഴ്ച്ചവസ്തു ആണല്ലോ……..ഭാഗ്യ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി…….എല്ലാം കേട്ട് തൊട്ടു മുന്നിൽ ബാലു നിൽപ്പുണ്ടായിരുന്നു……..

ഭാഗ്യ ഒന്നു മുറിയിലേക്ക് വരൂ….. എനിക്ക് ചിലത് പറയാനുണ്ട്……. ബാലുവിന് പിറകെ നടക്കുമ്പോൾ അല്ലുവിനെ കണ്ടു….. അവൻ മുഖം തിരിച്ചുവെന്ന് മാത്രമല്ല മാറി നടക്കുക കൂടി ചെയ്തു…… ചേച്ചിയെ തിരക്കിയുള്ള പോക്കാണ്…. അനുവെന്നാൽ അല്ലുവിന് ജീവനാണ്….. തന്നേക്കാളും ബാലുവിനെക്കാളും അനുവിനോടാണ് അവനേറെയിഷ്ടം….. അനുവിനും അങ്ങനെ തന്നെ….. അല്ലുവിന് വേണ്ടി ജീവൻ കളയും അനുവും……

മുറിയിലെത്തിയിട്ടും കുറച്ചേറെ നേരമെടുത്തു ബാലുവിന് സംസാരം തുടങ്ങി വെയ്ക്കാൻ……

അസോസിയേഷൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്……. അതിനു കൂടെ നിൽക്കാനേ എനിക്കാവൂ…. കാരണം ഞാൻ ഉൾപ്പെടെ എടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവർ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യാറുണ്ട്…. സ്വന്തം കാര്യം വരുമ്പോൾ അത് മാറ്റാൻ എന്നെക്കൊണ്ടാവില്ല……. അവരുടെ തീരുമാനം ഭാഗ്യ ഇവിടെ ഉണ്ടാവരുതെന്നാണ്…. അങ്ങനെ ഉണ്ടായില്ലെങ്കിൽ ഈ വീടുമായുള്ള സഹകരണം നിർത്തുമെന്നാണ് പറയുന്നത്……

ഒന്നും മിണ്ടാതെ നിൽക്കുന്ന ഭാഗ്യയോട് ബാലു ചോദിച്ചു…

ഇന്നലെ എന്താണ് നടന്നത്…… ആരായിരുന്നു അയാള്….  ഭാഗ്യ ആ റൂമിൽ പോയതെന്തിനാണ്…… അയാളെങ്ങനെ അവിടെ വന്നു……. എന്റെ ചോദ്യങ്ങൾക്ക് എന്തെങ്കിലും ഒരു മറുപടി പറയൂ…..

ഞാനൊന്നും ചെയ്തിട്ടില്ല…… ഒന്നു വിശ്വസിക്കൂ……. എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന്…… ഭാഗ്യ വിതുമ്പിപ്പോയി……..

അപ്പോൾ ഇന്നലെ കണ്ണിൽ കണ്ടതെല്ലാം കള്ളമായിരുന്നുവെന്നാണോ പറഞ്ഞു വരുന്നത്… എത്ര കാലമായി ഇത് തുടങ്ങിയിട്ട്….. മിണ്ടാപ്പൂച്ച പോലിരുന്നു എല്ലാവരെയും പറ്റിക്കയായിരുന്നു ഇത്രയും കാലം അല്ലേ…. ഇങ്ങനൊരു നാണക്കേട് ഉണ്ടാക്കിത്തരേണ്ടിയിരുന്നില്ല ഭാഗ്യേ എനിക്ക്…….

എനിക്ക്……. എനിക്ക് ബാലുവിനോട് ഒരു………. ഭാഗ്യ പറഞ്ഞു മുഴുമിക്കും മുന്നേ അനുവും അല്ലുവും കയറി വന്നു…..

അച്ഛൻ വരൂ….. കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്…..

മക്കൾ കഴിച്ചോളൂ…. അച്ഛൻ ഇപ്പോൾ വരാം……..

വേണ്ട….. സമയത്തു മെഡിസിൻ കഴിക്കാനുള്ളതാ….. അച്ഛൻ കഴിക്കുന്നുണ്ടെങ്കിലേ ഞങ്ങളും കഴിക്കുന്നുള്ളു……വരൂ…. അനു നിർബന്ധിച്ചു …..

ബാലു അനുവിനെയും അല്ലുവിനെയും ചേർത്തു പിടിച്ചു ഭാഗ്യയോടായി ചോദിച്ചു…….. നീ നമ്മുടെയീ മക്കളെക്കുറിച്ച് ചിന്തിച്ചോ ഭാഗ്യേ…. അനുവിന് ഇനി നല്ലൊരു വിവാഹാലോചന വരുവോ….. അല്ലു ഇനി സ്കൂളിൽ എന്തെല്ലാം കേൾക്കേണ്ടി വരും….

ബാലുവിനെ കെട്ടിപ്പിടിച്ചു അനു പറഞ്ഞു…..ഇങ്ങനെ വിഷമിക്കല്ലേ അച്ഛാ……. എന്തെങ്കിലും ആയാൽ പിന്നെ ഞങ്ങൾക്ക് വേറാരുമില്ല…….ബാലു അനുവിന്റെ നെറുകയിൽ ഉമ്മ

വെച്ചു പറഞ്ഞു… ഇല്ലെടാ അച്ഛൻ ഓക്കേ ആണ്…… പിന്നെ ഭാഗ്യക്ക് നേരെ തിരിഞ്ഞു…..

അറിയുവോ……. ഇന്നലെ നടന്നതെല്ലാം സോഷ്യൽ മീഡിയ വഴി നാട്ടുകാർ  അറിഞ്ഞു കഴിഞ്ഞു….. മിച്ചമുള്ള അഭിമാനം കൊണ്ട് ഞങ്ങൾ എങ്ങനെ എങ്കിലും ഇവിടെ കഴിഞ്ഞോളാം…… ഇവിടെ ഇങ്ങനെയൊന്നും പറ്റില്ല ഭാഗ്യേ……..അതുകൊണ്ട്……

ഭാഗ്യ വീട്ടിൽ പോകാൻ തയ്യാറായിക്കോളു….. മക്കളെ ഞാൻ നോക്കിക്കോളാം…..ഭാഗ്യയുടെ വീട്ടിൽ ചെന്നിട്ട് എന്താണെന്ന് വെച്ചാൽ ആയിക്കോളൂ… ഇനി അയാൾക്കൊപ്പം പോകാനാണെങ്കിൽ അങ്ങനെ…… ബാലു മക്കളെയും ചേർത്തു പിടിച്ചു വെളിയിലേക്കിറങ്ങി…..

ഭാഗ്യ കണ്ണുകൾ ഇറുക്കിയടച്ചു…… കേട്ടത് വിശ്വസിക്കാനാവാതെ ചെവികൾ പൊത്തിപ്പിടിച്ചു……

അച്ഛൻ വിളിക്കുന്നുണ്ട് പോകാൻ….. എടുക്കാൻ ഉള്ളത് എന്താന്ന് വെച്ചാൽ എടുത്തോളാനും പറഞ്ഞു…..

അനു പറയുന്നത് കേട്ടപ്പോൾ തലയുയർത്തി അവളെയൊന്നു നോക്കി……. മുഖത്താകെ ദേഷ്യമാണ്…… ചേച്ചിക്കൊപ്പം  അല്ലുവുമുണ്ട്…… അവന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട് അനു…..ഭാഗ്യ അവർക്കരികിലേക്ക് നടന്നു വന്നു………… വേണ്ടാ…….. ഭാഗ്യയെ കൈകൊണ്ടു തടഞ്ഞു……. അമ്മയുടെ സ്നേഹം കാണിക്കാനാണെങ്കിൽ വേണ്ടാ…… എനിക്കും ഇവനും അച്ഛൻ ഉണ്ട്….. ഇങ്ങനെയൊരമ്മയെ ഞങ്ങൾക്കാവശ്യമില്ല……. ഞങ്ങൾക്ക് കാണുകയെ വേണ്ടാ…… അവകാശം പറഞ്ഞു വരികയും വേണ്ടാ……

കൊരുത്തു പിടിച്ചിരിക്കുന്ന കൈകൾ ഒന്നു നെഞ്ചിൽ ചേർക്കണമെന്നുണ്ടായിരുന്നു ഭാഗ്യക്ക് ….. അതിനുമുന്നേ അല്ലുവും അനുവും പോയിരുന്നു…..

എന്താണ് തനിക്കീ വീട്ടിൽ നിന്നും എടുക്കുവാനുള്ളത്……. സ്വന്തം എന്നു കരുതിയവർക്കെല്ലാം ഇപ്പോൾ താനൊരു മാനക്കേടാണ്…… അവരുടെ അഭിമാനത്തിനും ഭാവി ജീവിതത്തിനും താനൊരു വിലങ്ങുതടിയാവരുത്…….. ആർക്കുമൊരു ഭാരമാവാൻ ആഗ്രഹിക്കുന്നില്ല……. അവരുടെ തീരുമാനങ്ങൾക്ക് നിന്നു കൊടുക്കുക…….മുഖം തുടച്ചിട്ട് മുറിക്കു വെളിയിലേക്കിറങ്ങി…… എല്ലാവരുടെയും മുഖത്ത് ദേഷ്യവും വെറുപ്പും മാത്രമേയുള്ളു……എന്റെ മക്കൾ…….. അരികിലേക്ക് ചെല്ലണമെന്നും ചേർത്ത് പിടിക്കണമെന്നും അമ്മ തെറ്റുകാരി അല്ലെന്നും പറയണമെന്നുണ്ടായിരുന്നു….. പക്ഷേ അത് തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ല….. ഉള്ള തെളിവുകളെല്ലാം തനിക്കെതിരും…… അനു അല്ലുവിനെ കൂട്ടി മുറിയിലേക്ക് പോയി…… ബാലു വെളിയിലേക്കും…. ഭാഗ്യയ്ക്ക് കയറാൻ ബാക്ക് ഡോർ തുറന്നു പിടിച്ചു…..

എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ ജിത്തിനോട് പറഞ്ഞാൽ മതി…. ഓർണമെന്റ്സോ ഡ്രസ്സൊ എന്താന്ന് വെച്ചാൽ…… ഇനി അതിനു വേണ്ടി ഇവിടെ വരേണ്ട…… അങ്ങോട്ട്‌ എത്തിച്ചോളാം……..

ഭാഗ്യ മറുപടി ഒന്നും പറഞ്ഞില്ല….. യാത്രയിലും മൗനമായിരുന്നു…… മനസ്സിൽ നിറയെ വിഷമമായിരുന്നു…… ദേഷ്യമായിരുന്നു…… സത്യമെന്തെന്നറിയാതെ…… തന്റെ നിസ്സഹായാവസ്ഥ മൊബൈലിൽ കൂടി കണ്ടു രസിക്കുന്ന മനുഷ്യരോട്…….

വീടെത്തിയതും താൻ ഇറങ്ങാൻ ബാലു വെയിറ്റ് ചെയ്തു….. ബാലുവിന് പിറകേ വീട്ടിലേക്ക് കയറി……

എന്തിനാണ് ഇങ്ങോട്ടേക്കു വന്നത്…… പൊയ്ക്കോളാൻ മേലായിരുന്നോ അവന്റെ കൂടെ…… ജിത്തു ഭാഗ്യക്ക് നേരെ കൈചൂണ്ടി വന്നു……. അവിടെയും അതായിരുന്നു സംസാരവിഷയം എന്ന് അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടപ്പോൾ മനസ്സിലായി….. ബാലുവിന് മുഖം കൊടുക്കാതെ ഇരുപ്പുണ്ട് രണ്ടാളും…….. ജിത്തൂന്റെ ഭാര്യ മക്കളെയും കൂട്ടി അകത്തേക്ക് പോയി…..

രാവിലെ ജോഗിങ് ന് ഇറങ്ങിയതാ ഞാൻ….. എല്ലാവരും ആക്കി ചിരിക്കുന്നത് എന്റെ തോന്നലാണെന്ന് തോന്നി …….. കാര്യമറിഞ്ഞപ്പോൾ തൊലിയുരിഞ്ഞു പോയി…….. എങ്ങനെ വീടെത്തിയതെന്ന് എനിക്കേ അറിയൂ…… അച്ഛനോടും അമ്മയോടും മകളുടെ കാര്യങ്ങൾ പറയാൻ ഞാൻ പെട്ട പെടാപ്പാട്……

എന്തിനാണിവരെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്…. എന്തേ  അവൻ സ്വീകരിച്ചില്ലേ……..

ജിത്തു…. മതി… നിർത്ത്…. അച്ഛൻ പറഞ്ഞു…….

എങ്ങനെ നിർത്തും അച്ഛാ…… വളർന്നു വരുന്ന രണ്ടു പെൺകുഞ്ഞുങ്ങളാണ് ഉള്ളത്…. ഭാര്യയാണെങ്കിൽ കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കുന്ന ഒരധ്യാപികയും…… നമ്മൾ എങ്ങനെ വെളിയിലേക്കൊന്നിറങ്ങും അച്ഛാ……. എല്ലാത്തിനെയും കൂടി അകത്തിട്ട് തീ വെയ്ക്കാനാണ് തോന്നുന്നത്……. ജിത്തു ദേഷ്യത്തിൽ നിന്നണച്ചു……..

ഇന്നലെത്തന്നെ അങ്ങ് ചത്തൂടായിരുന്നോ നിങ്ങൾക്ക്…… ഇത്രയും അപമാനം ഉണ്ടാവില്ലായിരുന്നു ഞങ്ങൾക്ക്…… അല്ലെങ്കിൽ ബാലുവേട്ടനെങ്കിലും ആ ഒരു കാര്യം ചെയ്തൂടായിരുന്നോ……

നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നാശിച്ചു പോയി ഭാഗ്യ……. കാര്യമെന്തെന്ന് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എല്ലാവരുടെയും നടുവിൽ നിർത്തി ജിത്തു തന്റെ തൊലിയുരിക്കുകയാണ്……. എങ്ങനെയും ഒന്നു മുറിയിൽ എത്തിയാൽ മതിയെന്നെ ഉള്ളൂ…… എല്ലാവരുടെയും കണ്ണ് തനിക്കു മേലെയാണ്…… ഭർത്താവിനെ വഞ്ചിച്ചവൾ….അന്യ പുരുഷനെ മുറിയിൽ വിളിച്ചു കയറ്റിയവൾ……..

ഒരുമുറിയിൽ അന്യൻ ഒരുത്തന്റെ കൂടെ കണ്ടെന്നു പറഞ്ഞു ഭാര്യയെ സംശയിക്കുന്ന ഒരാളല്ല ഞാൻ……. പക്ഷേ….. പിന്നീട് അതെല്ലാം സത്യമാണെന്നുള്ള രീതിയിലാണ് ഭാഗ്യയുടെ രീതികളെല്ലാം…… ഇനി നിങ്ങൾ ചോദിച്ചു നോക്കൂ….. ചിലപ്പോൾ ഭർത്താവിനോട് മാത്രമേ ഈയൊരു അകൽച്ച ഉണ്ടാവൂ……. ഭാഗ്യയെ മറ്റുള്ളവർക്കും വീട്ടിലുള്ളവർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്……. ഭാഗ്യ ഉണ്ടെങ്കിൽ അനുവും അല്ലുവും ഹോസ്റ്റലിലേക്ക് മാറുമെന്നാണ് പറയുന്നത്….. എന്റെ മക്കൾ എനിക്കൊപ്പമുണ്ടാവണം എന്നും…….

ഞാൻ ഭാഗ്യയെ ഇവിടെ എൽപ്പിച്ചു കഴിഞ്ഞു…… തീരുമാനം നിങ്ങളുടേതാണ്….. അതെന്തായാലും എന്നെ അറിയിക്കേണ്ട…. ഞാൻ ഇറങ്ങുന്നു…….. ഭാഗ്യയെ ഒന്നു നോക്കുക കൂടി ചെയ്യാതെ ബാലു ഇറങ്ങി……. വണ്ടിയുടെ ശബ്ദം ദൂരേക്ക് അകന്നു പോകുന്നതറിഞ്ഞു……… ജിത്തുവിനെ കടന്ന് സ്വന്തം റൂമിലേക്ക് ഭാഗ്യ പോയി……

ഡോറിന് കുറ്റിയിട്ടു…… ഒന്ന് കിടക്കണം ഉറക്കെ കരയണം…….. ആരുടേയും ശല്യമില്ലാതെ……..

അടുക്കി വെച്ചിരിക്കുന്ന ഡ്രെസ്സിന്റെ ഇടയിൽ നിന്നും ഫ്രെയിം ചെയ്ത ഒരു ഫോട്ടോ എടുത്തു………… ഒരാളുടെ കവിളിൽചിരിയോടെ കടിച്ചു നിൽക്കുന്ന ഭാഗ്യ………  ഹരിയേട്ടൻ……..എന്റേതെന്നു പറയാൻ ആകെയുള്ള ഒരാൾ……

തനിക്ക് ഇങ്ങനെയും ചിരിക്കാൻ കഴിയുമായിരുന്നുവെന്ന് ഈ ഫോട്ടോ കാണുമ്പോൾ മാത്രമാണ് ഓർക്കുക……….. അത് ഹരിയേട്ടനു മാത്രം അവകാശപ്പെട്ട ചിരിയായിരുന്നു……… ഭാഗിയുടെ മാത്രം ഹരിയേട്ടനു……….ആ ഫോട്ടോയിൽ കയ്യോടിച്ചുകൊണ്ട് ഭാഗ്യ പറഞ്ഞു…..

അറിഞ്ഞോ……… ഹരിയേട്ടന്റെ ഭാഗി ഇപ്പോ എല്ലാവർക്കും അപമാനമാണ് …….. ചത്തൂടെ ന്നാ എല്ലാവർക്കും ചോദിക്കാനുള്ളത്…………………….

എന്തിനാ ഭാഗിയെ തനിച്ചാക്കി പോയേ…….. ആ ഫോട്ടോയിൽ ചുണ്ടമർത്തി വിതുമ്പി ഭാഗ്യ ചോദിച്ചു………

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല….. ഹരിയേട്ടന്റെ ഭാഗിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ കൂടി സാധിക്കില്ല…….എല്ലാവർക്കും അറിയേണ്ടത് അയാൾ ആരാണെന്നാണ്…….. എനിക്കും അറിയില്ല അയാൾ ആരെന്നോ….. എവിടുന്നു വന്നെന്നോ…… ഒന്നും…….പിന്നെ ഞാൻ എങ്ങനെ പറയാനാണ്…..ആരുമെന്നെ വിശ്വസിക്കില്ല…….

ആ ഇരുട്ടിൽ കഴുത്തിൽ അമർത്തി പിടിച്ചു അയാൾ പറഞ്ഞത് എന്താണെന്നറിയുവോ ഹരിയേട്ടനു …….ആരുടെ പേരാണ് വിളിച്ചതെന്നറിയുവോ……. നമ്മുടെ അനുവിന്റെ.  ………

എന്നെ വഞ്ചിച്ചിട്ട് നീ ജീവിക്കാമെന്നു കരുതണ്ട അനൂ…… നീയെന്നെ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളെല്ലാം വെറും സ്വപ്നം മാത്രമാകാൻ ഞാൻ സമ്മതിക്കില്ല…… എന്നു മാത്രമാണ് പറഞ്ഞത് ………. പുറത്തു ശബ്ദം കേട്ടപ്പോഴാണ് അയാളെന്നെ ശ്രദ്ധിച്ചതും നോക്കിയതും …..

ആ നാട്ടുകാർക്കിടയിലേക്ക് ഞാൻ എങ്ങനാ നമ്മുടെ മോളെ എറിഞ്ഞു കൊടുക്കുക…… ഹരിയേട്ടൻ പറ……ഇന്ന് എന്റെ സ്ഥാനത്തു അവളുടെ വീഡിയോ കാണേണ്ടി വരില്ലായിരുന്നോ……. പ്രാർത്ഥിക്കയായിരുന്നു അപ്പോഴും അയാൾ അനുമോളുടെ പേര് പറയരുതെന്ന്…… ബാലു അറിഞ്ഞാൽ ചങ്കു തകർന്നു പോകും അദ്ദേഹത്തിന്റെ……അനുവിന്റെ കാര്യത്തിൽ ആരുമെന്നെ വിശ്വസിക്കില്ല ഹരിയേട്ടാ…… അത് മുൻപും അനുഭവമുള്ളതല്ലേ എനിക്ക്….

എപ്പോഴത്തെയും പോലെ തന്നെ ഹരിയോട് മനസ്സ് തുറന്നു ഭാഗി….. ഒരാശ്വാസം കിട്ടിയത് പോലെ തോന്നി അവൾക്ക്……. അല്ലെങ്കിലും ഹരിയുടെ അടുത്തേ അവൾ മനസ്സു തുറക്കൂ……ഭാഗ്യയെന്ന ഭാഗിയുടെ കുറുമ്പും കൊഞ്ചലും ദേഷ്യവും പുറത്തു വരണമെങ്കിൽ അവൾക്കൊപ്പം ഹരിയുണ്ടാവണം ………

ഞാനും വന്നോട്ടേ ഹരിയേട്ടാ അങ്ങോട്ടേക്ക്…….. ഫോട്ടോയിലേക്ക് വീണ കണ്ണുനീർ തുടച്ചുകൊണ്ട് ഭാഗ്യ കൊഞ്ചി ചോദിച്ചു….. അതിലേക്ക് തന്നെ മുഖം വെച്ചു കിടന്നു…… മയക്കം കണ്ണുകളിലേക്ക് വരുന്ന കൂടെ തന്നെ ഹരിയുടെ കയ്യിൽ തൂങ്ങി ചിരിച്ചു കുറുമ്പ് കാട്ടി നടക്കുന്ന ഭാഗിയുടെ മുഖം കൂടി മനസ്സിലേക്ക് എത്തിക്കഴിഞ്ഞിരുന്നു……. ഉറക്കത്തിൽ ആണെങ്കിൽ കൂടി ആ ജീവിതം മനസ്സിലേക്ക് വരുമ്പോൾ കൂട്ടിന് ഒരു പുഞ്ചിരിയുമുണ്ടായിരിക്കും….. ഇപ്പോഴത്തെ ഭാഗ്യ മനഃപൂർവം മറന്ന അതേ പുഞ്ചിരി……. എപ്പോഴും കാണുന്ന സ്വപ്നം ഇന്നും ഭാഗ്യ കണ്ടു തുടങ്ങി….. ഹരിയേട്ടനും ഭാഗ്യയും മാത്രമുള്ള സ്വപ്നം…..

വീട്ടുകാരോട് എല്ലാം യുദ്ധം ചെയ്താണ് ഹരിയേട്ടനെ ഭാഗി സ്വന്തമാക്കിയത്……..  തന്റെ നിലയ്ക്കും വിലയ്ക്കും പറ്റിയ ഒരാളല്ലെന്ന് പറഞ്ഞു സ്വയം ഒഴിഞ്ഞു മാറി നടന്ന മനുഷ്യൻ…..തന്റെ വീട്ടുകാരുടെ സ്റ്റാറ്റസ്ന് പറ്റിയ ജോലി ഇല്ല……. ഇപ്പോൾ അനുഭവിക്കുന്ന സുഖവും സൗകര്യങ്ങളും തരാൻ പറ്റില്ല….. ഇതൊക്കെയായിരുന്നു ഭാഗിയെ സ്നേഹിക്കാതിരിക്കാൻ ഹരി കണ്ടുപിടിച്ച കാരണങ്ങൾ……… പക്ഷേ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പറഞ്ഞു ഹരിയുടെ പിറകേ നടന്നു തിരിച്ചു സ്നേഹിപ്പിക്കുകയായിരുന്നു ആ കുറുമ്പി എന്നു വേണം പറയാൻ…….

ജീവനായിരുന്നു ഭാഗിക്ക് ഹരിയെന്നാൽ …….അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഹരിക്കും ഭാഗിയില്ലാതെ പറ്റില്ലെന്നായി ……… ഹരി പറഞ്ഞിരുന്ന കാരണങ്ങൾ എല്ലാം വിവാഹത്തിന് തടസ്സമായപ്പോൾ ഭാഗ്യയുടെ മാത്രം വാശിക്കും നിർബന്ധത്തിനും വീട്ടുകാർ വഴങ്ങിക്കൊടുത്തു………. പിന്നീടാണ് അവർക്ക് മനസ്സിലായത് ഭാഗ്യ ആയിരുന്നു ശരിയെന്നു…….. നല്ലൊരു മകനായും ഭർത്താവായും ചേട്ടനായും ഹരിക്ക് നൂറിൽ നൂറായിരുന്നു മാർക്ക്‌…..

ഓടി വരും……..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!