Skip to content

ഉണ്ണ്യേട്ടൻ – 9

unniyettan

“ഹാപ്പി ബർത്ത് ഡേ മാളൂട്ടി… അച്ഛന്റെ പൊന്നൂ … ഹാപ്പി ബർത്ത് ഡേ…”

ഇതും പറഞ്ഞ് തന്റെ ഭാര്യയുടേയും നാല് പെൺകുട്ടികളുടേയും ശവക്കല്ലറയുടെ മുന്നിലിരുന്ന് അയാൾ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.

അയൽവാസിയായ കല്യാണിയമ്മ രാജീവിനെ കണ്ടപ്പോൾ അടുത്തുപോയി ആശ്വസിപ്പിച്ചു

“എന്ത് ഇരിപ്പാ ഇത് മോനേ, എഴുന്നേറ്റേ… പോയി കുളിച്ചിട്ട് നല്ല ദോശയും തേങ്ങാ ചമ്മന്തിയും ഉണ്ട്. ഞാൻ എടുത്തിട്ട് വരാം”

കല്യാണിയമ്മ രാജീവിന്റെ കൈപിടിച്ച് മെല്ലെ എഴുന്നേൽപ്പിച്ചു. മുണ്ടിന്റെ ഒരറ്റം കൊണ്ട് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചുമാറ്റി രാജീവ് വീട്ടിലേക്ക് കയറി.

കുളിച്ച് വന്ന് കല്യാണിയമ്മ കൊണ്ടുവന്ന ദോശയും ചമ്മന്തിയും കഴിച്ച് രാജീവ്‌ പുറത്തേക്കിറങ്ങി. രാജീവ്‌ നടന്ന് പോകുന്നത് കണ്ട കല്യാണിയമ്മ തന്റെ മരുമകളെ നോക്കി

“എങ്ങനെ ജീവിച്ചവനാ… പാവം. ഭാര്യയേയും കുട്ടികളേയും ജീവനായിരുന്നു. എന്ത് സന്തോഷത്തോടെ ആയിരുന്നു അവർ ജീവിച്ചിരുന്നത്. എല്ലാം ഒരൊറ്റ രാത്രികൊണ്ട് അവസാനിച്ചില്ലേ”

ഒന്ന് നെടുവീർപ്പിട്ട് കല്യാണിയമ്മ വീട്ടിലേക്ക് കയറി. രാജീവ്‌ ചായക്കടയിൽ പോയി ഹസ്സനിക്കാനെ കണ്ടു

“രാജീവേ, എന്തായി പട്ടണത്തിൽ പോയ കാര്യം…?”

“ഇക്കാ, ഒന്നുരണ്ട് ഷോപ്പ് നോക്കി വെച്ചിട്ടുണ്ട്, പക്ഷേ വല്ലാത്ത വാടകയാ പറയുന്നേ”

ഹസ്സനിക്ക രാജീവിനെ നോക്കി

“നീ ഇടക്കിടെ പോവുന്നുണ്ടല്ലോ ഇപ്പോ പട്ടണത്തിലേക്ക്…? ന്നാപ്പിന്നെ, ഏതെങ്കിലും ഒരു കട റെഡി ആക്കിയിട്ട് വന്നാൽ പോരായിരുന്നോ…? ഈ ഇടക്കിടെയുള്ള പോക്ക് അവസാനിപ്പിക്കാലോ”

“ഒരു ഷോപ്പ് ഏകദേശം ഉറപ്പിച്ചിട്ടാ ഈപ്രാവശ്യം പോന്നേ, ന്റെ ലക്ഷ്മിയും കുട്ടികളും ഇല്ലാത്ത ഈ നാട്ടിൽ ഇനിയെനിക്ക് നിക്കാൻ പറ്റില്ല ഇക്കാ”

ഒന്ന് നിറുത്തിയിട്ട് രാജീവ്‌ ഹസ്സനിക്കയെ നോക്കി

“സിറ്റിയിൽ എന്തേലും ഒരു ഷോപ്പ് തുടങ്ങി ഇനിയുള്ള കാലം അവിടെ തുടരണം. ഇവിടെ എന്റെ കുടുംബത്തെ ഓർത്ത് എനിക്ക് പറ്റണില്ല ഇക്കാ”

രാജീവിന്റെ ശബ്ദം ഇടറി, ഹസ്സനിക്ക അവനെ ആശ്വസിപ്പിച്ചു.

ഇതേസമയം ഉണ്ണിയും കൂട്ടരും പ്രതിയെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു. ഉണ്ണിയുടെ മനസ്സ് മുഴുവൻ ആ സൈക്കോ കില്ലറെ കുറിച്ചായിരുന്നു. ആരാണവൻ…? എന്തിന് വേണ്ടിയാണ് ഈ ക്രൂരത അവൻ ചെയ്യുന്നത്…? അവന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തായിരിക്കും…? കില്ലർ അടുത്ത ഇരയെ വേട്ടയാടുന്നതിന് മുന്നേ അവൻ ആരാണ് എന്താണ് എന്ന് കണ്ടുപിടിക്കണം, ഉണ്ണി മനസ്സിൽ ഉറപ്പിച്ചു.

ഉണ്ണി തന്റെ ടീം അംഗങ്ങളെ വിളിച്ചു, അവർ ഒത്തുകൂടി

“നമുക്ക് ഇനി കൂടുതൽ സമയമില്ല. അടുത്ത ഇരയെ കില്ലർ തേടി വരുന്നതിന് മുന്നേ നമ്മൾ അവനെ അങ്ങോട്ട്‌ തേടി പോണം. ഇനിയൊരു കൊലകൂടി നടന്നാൽ പിന്നെ അവനെ മഷിയിട്ട് നോക്കിയാൽ കിട്ടില്ല. അവൻ കൂടുതൽ ശക്തി പ്രാപിക്കും”

പോക്കറ്റിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ച് ഉണ്ണി തുടർന്നു

“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. ഇപ്പോൾ കില്ലർ നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങൾക്ക് സമാനമായി പ്രതിയെ പിടിക്കാൻ പറ്റാതെ തള്ളിപ്പോയ മറ്റേതെങ്കിലും കൊലപാതകം ഇതിനുമുന്നേ നടന്നിട്ടുണ്ടോ…? ഉണ്ടെങ്കിൽ എത്ര വർഷങ്ങൾക്ക് മുന്നേ…?

ഒന്ന് നിറുത്തിയിട്ട് ഉണ്ണി തുടർന്നു

“ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീരിയൽ കൊലപാതകങ്ങളുമായി ചെറിയൊരു കണക്ഷൻ തോന്നുന്ന അസ്വാഭാവികമായ അല്ലേൽ എന്തെങ്കിലും വ്യത്യസ്തമായ രീതിയിലുള്ള വാർത്തകളോ വിവരങ്ങളോ നിങ്ങൾക്ക് എത്രയൊക്കെ ശേഖരിക്കാൻ പറ്റും അതൊക്കെ എത്രയും പെട്ടെന്ന് എന്റെ ടേബിളിന് മുന്നിൽ എത്തണം, നമുക്കിടയിൽ ഇനി കൂടുതൽ സമയമില്ല ഇമിഡിയറ്റ്ലി”

അടുത്ത ദിവസം തന്നെ ഉണ്ണിയും ടീം അംഗങ്ങളും മാക്സിമം വിവരങ്ങളും പഴയകാലത്തെ പത്രവാർത്തകളും, പൊടിപിടിച്ച് കിടക്കുന്ന എഴുതി തള്ളിയ കേസ് ഫയലുകളും ശേഖരിച്ചു. പക്ഷേ അതിലൊന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീരിയൽ കൊലപാതകങ്ങളുമായി സാമ്യം തോന്നിക്കുന്ന അസ്വാഭാവികമായ വാർത്തകളോ ഇങ്ങനെ തിരഞ്ഞുപിടിച്ച് നവദമ്പതികളെ കൊല്ലാൻ മാത്രമുള്ള സംഭവങ്ങളോ ഒന്നും കണ്ടില്ല അവർ. എങ്ങനെ അരിച്ചു പെറുക്കിയിട്ടും അവർക്ക് വേണ്ടതൊന്നും കിട്ടിയില്ല. ഉണ്ണിയും ടീമും നിരാശരായി.

പോലീസ് സ്റ്റേഷനിൽ ഉണ്ണിയും കൂട്ടരും ആകെ മുരടിച്ച അവസ്ഥയിൽ ഇരിക്കുമ്പോഴാണ് അടുത്തുള്ള ചായക്കടയിലെ പയ്യൻ ചായയുമായി വന്നത്. ഉണ്ണി ചായ കുടിച്ച് ആ പയ്യനെ നോക്കി

“ഇന്ന് കഴിക്കാൻ നിന്റെ സ്പെഷ്യൽ ഒന്നുമില്ലേ…?”

പയ്യൻ ഉണ്ണിയെ നോക്കി തലചൊറിഞ്ഞ് പല്ലിളിച്ചു

“എന്നും ഉള്ളതന്നെ സാറേ, ഉള്ളിവടയും പരിപ്പുവടയും”

ഉണ്ണി പയ്യനെ നോക്കി പുഞ്ചിരിച്ചു

“ഒരു ഉള്ളിവട താ”

പയ്യൻ പഴയൊരു ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ് ഉണ്ണിക്ക് നേരെ ഉള്ളിവട നീട്ടി. ഉണ്ണി അത് വാങ്ങി ഉള്ളിവടയിലെ ഓയിൽ ന്യൂസ്‌ പേപ്പറിൽ ഒപ്പുമ്പോഴാണ് അത് ശ്രദ്ധിച്ചത്. പയ്യൻ ഉള്ളിവട പൊതിഞ്ഞ് കൊടുത്ത പഴയ ന്യൂസ്‌ പേപ്പറിലെ വാർത്തയിലേക്ക് ഉണ്ണിയുടെ കണ്ണുകൾ പോയി.

“നവദമ്പതികളും കല്യാണപെണ്ണിന്റെ അമ്മയും മൂന്ന് സഹോദരിമാരും മണിയറയിൽ വെന്ത് മരിച്ച നിലയിൽ”

ഇതായിരുന്നു ആ ന്യൂസ്‌ പേപ്പറിൽ ഉണ്ടായിരുന്ന വാർത്ത. അതിനോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ ഏകദേശം അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ഭാര്യയുടേയും മക്കളുടേയും കത്തിക്കരിഞ്ഞ മൃതദേഹവും നോക്കി വാവിട്ട് കരയുന്നതാണ്. ഉണ്ണി കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് ടീം അംഗങ്ങളെ വിളിച്ചു

“എത്രയും പെട്ടെന്ന് ഈ വാർത്തയിൽ കാണുന്ന ആളുടെ അഡ്രസ്സോ അല്ലേൽ ഇയാളുമായി ബന്ധമുള്ള, ഇയാളെ കുറിച്ച് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിവരങ്ങൾ ശേഖരിക്കണം”

ഉണ്ണിയും ടീം അംഗങ്ങളും  അയാളെ കുറിച്ച് കുറിച്ച് തലങ്ങും വിലങ്ങും അന്വേഷിച്ചു. പെട്ടന്ന് തന്നെ അവർ രാജീവിലേക്ക് എത്തി. ഉണ്ണി രഹസ്യമായി അയൽവാസികളോടും നാട്ടുകാരോടും രാജീവിനെ കുറിച്ച് അന്വേഷിച്ചു. പക്ഷേ എല്ലാവർക്കും രാജീവിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ.

രാജീവിന്റെ ഇടക്കിടെയുള്ള സിറ്റിയിലേക്കുള്ള യാത്രയും ഉണ്ണി വിശദമായി അന്വേഷിച്ചു. അതിലും അസ്വഭാവികതകൾ ഒന്നുമില്ലായിരുന്നു. രാജീവ്‌ പറഞ്ഞത് പോലെ ഷോപ്പ് നോക്കാൻ വേണ്ടി തന്നെയാണ് സിറ്റിയിലേക്ക് പോയത് എന്ന് അന്വേഷണത്തിൽ ഉണ്ണിക്ക് മനസ്സിലായി.

രഹസ്യമായി രാജീവിനെ നിരീക്ഷിക്കാൻ ഉണ്ണി നിർദ്ദേശിച്ചു. അന്നുരാത്രി ആവശ്യം ചില സാധനങ്ങൾ പർച്ചേസ് ചെയ്ത് ഉണ്ണി തന്റെ കാറിനടുത്തേക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പത്ത് പതിനഞ്ച് വയസ് പ്രായം തോന്നിക്കുന്ന പയ്യൻ ഉണ്ണിയുടെ മുന്നിലൂടെ നടന്നുപോയി. അവന്റെ മുഖം വ്യക്തമല്ലായിരുന്നു. കറുത്ത ജീൻസും കറുത്ത കോട്ടുമായിരുന്നു പയ്യന്റെ വേഷം. ഓവർ കോട്ടിന്റെ ക്യാപ് കൊണ്ട് തലമൊത്തം മൂടിയിരുന്നു. മിന്നിക്കൊണ്ടിരിക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉണ്ണിയുടെ തൊട്ടടുത്തെത്തിയപ്പോൾ അവൻ എതോ ഒരു മൂളിപ്പാട്ട് പാടി

രണ്ടടി മുന്നോട്ട് നടന്ന ഉണ്ണി അവൻ മൂളിയ ആ പാട്ട് എതാണ് എന്ന് ആലോചിച്ച് തിരിഞ്ഞു നോക്കിയപ്പോഴേക്കും പയ്യൻ  അപ്രത്യക്ഷ്യമായിരുന്നു. ഉണ്ണി അവിടെ മൊത്തം തിരഞ്ഞിട്ടും അങ്ങനെ ഒരാളെ കണ്ടെത്താൻ സാധിച്ചില്ല. ഉണ്ണി കാറിന് ലക്ഷ്യമായി നടന്നു, കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് വീടിനെ ലക്ഷ്യം വെച്ചു.

കാർ ഡ്രൈവ് ചെയ്യുമ്പോഴും ഉണ്ണിയുടെ മനസ്സിൽ ആ പയ്യൻ തന്റെ തൊട്ടടുത്ത് വന്ന് മൂളിയ പാട്ട് ഈ അടുത്ത് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. പെട്ടെന്നാണ് തന്റെ നവദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് ഫോണിലൂടെ കേട്ട പാട്ട് ഉണ്ണിയുടെ ഓർമയിൽ വന്നത്

“കടുവായേ കിടുവ പിടിക്കുന്നോ

അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ

അയ്യയ്യേ

വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ – കുമാരി

പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ – കൂത്താടി…”

പാട്ട് ഓർത്തെടുത്തതും ഉണ്ണിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നതും ഒരുമിച്ചായിരുന്നു

“ഈ മെസ്സേജ് ഞാൻ അയക്കുന്നത് ഇന്ന് കല്യാണം കഴിഞ്ഞ ഒരു പെണ്ണിന്റെ ഫോണിൽ നിന്നുമാണ്. ഒരു മണിക്കൂറിനുള്ളിൽ അവളും ഭർത്താവും കൊല്ലപ്പെടും. നീ ആണാണെങ്കിൽ തടയടാ… പോലീസേ…”

മെസ്സേജ് വായിച്ച് തീർന്നതും ഉണ്ണിക്ക് റഹീമിന്റെ കോൾ വന്നു. ഉണ്ണി ഫോണെടുത്തു

“സാർ ഒരുകാര്യം പറയാനുണ്ട്”

“പറ റഹീം”

“സാർ അന്ന് ചോദിച്ചില്ലായിരുന്നോ അവസാനം കൊല്ലപ്പെട്ട പെൺകുട്ടിക്ക് മാനസിക വൈകൃതമുള്ള സഹോദരൻ ഉണ്ടോ എന്ന്”

“റഹീമല്ലേ പറഞ്ഞേ അവൾ ഒറ്റ മോളാണ് എന്ന്”

റഹീമിന്റെ ശബ്ദം ഇടറി

“സാറിന്റെ അന്വേഷണം നേരായ വഴിക്കാണ് സാർ, അവൾ ഒറ്റ മോളാണ് പക്ഷേ അവളുടെ ഭർത്താവിന്റെ അനിയൻ രണ്ട് മാസം മെന്റൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിട്ടുണ്ട്”

ഒന്ന് നിറുത്തിയിട്ട് റഹീം തുടർന്നു

“സാറിന്റെ ഊഹം ശരിയാണ്. കൊലപാതകങ്ങൾ നടന്ന വീട്ടിലൊക്കെ മനോവൈകല്യമുള്ള ഒരു സഹോദരനുണ്ട്”

ഇതേസമയം രാജീവിന്റെ വീട്ടിൽ

ഭാര്യയുടേയും മക്കളുടേയും ശവക്കല്ലറയിൽ പോയി കുറേനേരം അവരോട് സംസാരിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞ് രാജീവ്‌ വീട്ടിലേക്ക് കയറി. വീട്ടിലേക്ക് കയറുമ്പോൾ പുഞ്ചിരിച്ച മുഖത്തോടെ രാജീവ്‌ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു

“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… ഉം.. ഉം..

അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…ഉം.. ഉം..

ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ  ഉം.. ഉം..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…

കാറ്റോടു മേഘം മെല്ലെ ചൊല്ലി

സ്നേഹാർദ്രമേതോ സ്വകാര്യം

മായുന്ന സന്ധ്യേ നിന്നെ തേടി

ഈറൻനിലാവിൻ പരാഗം

എന്നെന്നും നിൻ  മടിയിലെ പൈതലായ്

നീ മൂളും പാട്ടിലെ പ്രണയമായ്

നിന്നെയും കാത്തു ഞാൻ നിൽക്കവേ…

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…ഉം.. ഉം..”

                                                 തുടരും…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!