Skip to content

ഡെയ്സി – 24

daisy novel

ദേവൂട്ടിക്ക് അവളുടെ അപ്പച്ചനെ കിട്ടിയില്ലേ…..  ഇനി എന്നെ ഓർക്കുമോ…….. എന്നെ ഇനി അച്ഛാന്ന് വിളിക്കുമോ…. ഞാൻ അന്യനായി പോയില്ലേ അച്ഛാ……. ഓരോന്നും പറഞ്ഞു പതം പറയുന്ന ശിവയുടെ കണ്ണ് നിറഞ്ഞൊഴുകി…..

ശിവയ്ക്ക് ദേവൂട്ടിയെ റോയിയുടെ അടുത്തേക്ക് കൊണ്ടുപോയത് സഹിച്ചിട്ടില്ലെന്ന് മാധവനു മനസ്സിലായി…. പക്ഷേ എന്തു ചെയ്യാൻ… തനിക്കും മകനും ഇതിൽ ഒന്നും പറയാനാവില്ല… തീരുമാനം എടുക്കേണ്ടത് ഡെയ്സി ഒരാളാണ്…

ആരെയും ഒരു അളവിൽ കൂടുതൽ സ്നേഹിക്കാൻ പാടില്ല മോനേ… വിഷമിക്കേണ്ടി വരുന്നത് നമ്മൾ തന്നെയാവും.. ശാപം പിടിച്ച ജന്മമാ നമ്മുടേത്…..അങ്ങനെ അല്ലായിരുന്നെങ്കിൽ നിന്റെ അമ്മ ഇപ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നേനെ.. സാരമില്ല.. എന്റെ മോൻ വിഷമിക്കേണ്ട…. അച്ഛനില്ലേ നിനക്ക്… മാധവൻ മകന്റെ മുടിയിൽ തലോടി…

എനിക്കൊന്നു കിടക്കണം അച്ഛാ.. ശിവ പറഞ്ഞപ്പോൾ മാധവൻ അവനെ ഒന്ന് നോക്കി…

അച്ഛൻ പേടിക്കേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല….. വല്ലാത്തൊരു വിഷമം പോലെ…. കുറച്ചുനേരം തനിച്ചിരിക്കാൻ തോന്നുന്നു….

അച്ഛൻ സമ്മതിച്ചപ്പോൾ ശിവ തന്റെ മുറിയിലേക്ക് പോയി… താൻ പറഞ്ഞ ആശ്വാസ വാക്കുകൾ ഒന്നും തന്നെ മകനിൽ ഏശിയിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി… മകനെയോർത്ത് തനിച്ചിരിക്കുന്ന മാധവന്റെ അരികിലേക്ക് ദേവു ഓടിവന്നു… മടിയിലേക്ക് വലിഞ്ഞുകയറി….. അദ്ദേഹം അവളെ വാത്സല്യത്തോടെ നോക്കിയിട്ട് ചേർത്ത് പിടിച്ചു… പിന്നാലെ വന്ന ഡെയ്സിയെ അദ്ദേഹം നോക്കി….  മുഖത്തൊക്കെ നല്ല തെളിച്ചമാണ്…… ചെറിയൊരു ചിരി കൊടുത്തിട്ട് ശിവച്ഛന്റെ അരികിൽ വന്നിരുന്നു ഡെയ്സി ….

എല്ലാവരും പോയോ…  എന്തായി തീരുമാനം… അദ്ദേഹം വലിയ പ്രതീക്ഷ ഇല്ലാത്തത് പോലെ ചോദിച്ചു…

ഇനി ആരും വരുമെന്ന് തോന്നുന്നില്ല ശിവച്ഛാ എന്റെയും കുഞ്ഞിന്റെയും അവകാശം പറയാൻ…. അതിനൊക്കെ ഒരു തീരുമാനം ഉണ്ടാക്കി ഞാൻ… ഡെയ്സി അത്രയും തറപ്പിച്ചു പറഞ്ഞിട്ടും ശിവച്ഛന്റെ മുഖത്തുനിന്നും സംശയം വിട്ടുമാറിയിട്ടില്ലന്ന് തോന്നി ഡെയ്സിയ്ക്ക് … എങ്ങനെ തന്നോട് ചോദിക്കുമെന്ന് കരുതിയാവും ഒന്നും മിണ്ടാതെ ഇരിക്കുന്നത് …

ന്റെ അച്ഛ എന്തിയേ…. കൊഞ്ചിയുള്ള ദേവൂട്ടിയുടെ ചോദ്യത്തിന്റെ ഉത്തരം കേൾക്കാൻ ഡെയ്സിയും കാതോർത്തു….

മുറിയിലേക്ക് പോയിട്ടുണ്ട്.. കുഞ്ഞിനെ കാണാതെ ആകെ വിഷമത്തിലാണ് അഛൻ …. ശിവച്ഛൻ പറഞ്ഞപ്പോൾ ദേവു ധൃതിയിൽ ചാടി ഇറങ്ങി മുറിയിലേക്ക് ഓടി… കുലുങ്ങിക്കുലുങ്ങിയുള്ള അവളുടെ ഓട്ടം കണ്ടു ശിവച്ഛൻ ചിരിച്ചു….

ശിവച്ഛന്റെ ചോദ്യത്തിനുള്ള മറുപടി തരട്ടെ ഞാൻ….. ഡെയ്സിയുടെ മുഖത്തേക്ക് അദ്ദേഹം നോക്കി…. മനസ്സാകെ കലങ്ങി കിടക്കുകയായിരുന്നു….  ചില ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കിട്ടിയത് ഇപ്പോളാണ്…. ഡെയ്സി കുറച്ചു നേരം മിണ്ടാതെ ഇരുന്നു…. എന്നിട്ട് പറഞ്ഞു …. ശിവച്ഛന്റെ മകളാവാൻ ഞാൻ തയ്യാറാണ്… ആരോടുമുള്ള ദേഷ്യം കൊണ്ടോ ശിവയോട് തോന്നിയ അലിവ് കൊണ്ടോ അല്ല ഇങ്ങനെയൊരു തീരുമാനം…. ഇത് ഞാൻ സ്വയം മനസ്സു കൊണ്ടെടുത്ത തീരുമാനം ആണ്… മാധവൻ അവൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു..  അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു…  അതോടൊപ്പം തന്നെ ഡെയ്സിയുടെ മുടിയിൽ തലോടി.. നെറുകയിൽ ഉമ്മവച്ചു സന്തോഷം പ്രകടിപ്പിച്ചു….

എനിക്ക് ഇവിടം വിട്ടു ഒരിടത്തും പോകണ്ട ശിവഛാ… നിങ്ങൾ രണ്ടാളും മാത്രം മതി ഞങ്ങളുടെ ജീവിതത്തിൽ ഇനിയങ്ങോട്ട്…

ഇപ്പോഴാ മോളെ ഈ അച്ഛന് സമാധാനമായത്..  ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ പേടിയാണ്.. ഒരുപക്ഷേ കണ്ണ് തുറന്നില്ലെങ്കിലോ…. എന്റെ ശിവ…. അവൻ തനിച്ചായി പോവില്ലേ…. ഇനിയിപ്പോൾ ആശ്വാസത്തോടെ കണ്ണടക്കാം… സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞു… അവനോട് മോള് തന്നെ പറയ് ….. ഒത്തിരി സന്തോഷമാവും… ചെല്ല്…. അദ്ദേഹം ഡെയ്സിയെ ശിവയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു……

ശിവയുടെ മടിയിലിരുന്നു കൊഞ്ചുവാണ് ദേവു….. എല്ലാം കേട്ട് മൂളുന്നുണ്ട് ആള്…. ഇടയ്ക്കിടെ അവളുടെ നെറ്റിയിലെ മുടി മാറ്റി ഉമ്മ

കൊടുക്കുന്നുണ്ട്…. നെഞ്ചിൽ ചേർത്തു പിടിക്കുന്നുണ്ട്… കുറച്ചു നേരം എല്ലാം നോക്കിനിന്നിട്ട് ഡെയ്സി അവർക്കരികിലേക്ക് ചെന്നു….

എല്ലാവരും പോയോ…… ശിവ ഡെയ്സിയോട് ചോദിച്ചു….. വിഷമം ഇല്ലാന്നും പിണക്കം ഇല്ലാന്നും കാണിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ശിവ …..

മ്മ്… എല്ലാവരും പോയി….. ശിവയുടെ അടുത്തിരുന്നു…… എന്തെങ്കിലും വിഷമം ഉണ്ടോ……. ഡെയ്സി ചോദിച്ചപ്പോൾ ശിവ അവളുടെ മുഖത്തേക്ക് നോക്കി…. പിന്നെ ഇല്ലെന്ന് കാണിച്ചു……. പിന്നെന്തിനാ അതെടുത്തു വെച്ചിരിക്കുന്നെ……. എന്താ പ്രശ്നം……… മേശമേലിരിക്കുന്ന മരുന്നിലേക്ക് കണ്ണുകൾ ചൂണ്ടി ചോദിച്ചു……

ഡെയ്സി എന്നൊരാളെ ഓർക്കാതിരുന്നാൽ, മനഃപൂർവം മറക്കാൻ ശ്രമിച്ചാലും തീരുന്ന ഒരു പ്രശ്നമേ എനിക്കുള്ളൂ…. വേറൊന്നുമില്ല…. ദേവൂനെ ചേർത്തു പിടിച്ച് ഇരുന്നിട്ട് പറഞ്ഞു …….. ഡെയ്സിയുടെ മുഖത്തെ തെളിച്ചം മാഞ്ഞു… പെട്ടെന്ന് ചങ്കിടിപ്പ് നിന്നത് പോലെ….. പറയാൻ ആഗ്രഹിച്ചു വന്നതെല്ലാം  ഉള്ളിലിരുന്നു തിങ്ങുന്നത് പോലെ…

അങ്ങനെ മറക്കാൻ ശ്രമിച്ചാൽ മറന്നു പോകുന്ന ഇഷ്ടമേ ഉള്ളോ എന്നോട് ………….. ഒരു വെപ്രാളത്തിൽ  നാവിൽ നിന്നും പുറത്തേക്ക് ചാടിയതിനെയും കണ്ണുനീരിനെയും  നിയന്ത്രിക്കാൻ ഡെയ്സിയെക്കൊണ്ടായില്ല…. തന്റെ കണ്ണുകളിലേക്ക് മാറി മാറി നോക്കി മറുപടിക്കായി നിൽക്കുന്നവളെ ശിവയൊന്നു നോക്കി….. മനസ്സിലാവാത്തത് പോലെ….

പെട്ടെന്ന് എന്തോ മറയ്ക്കാനെന്ന പോലെ മുഖം മാറ്റി ഡെയ്സി…. നോട്ടം ഒരിടത്തും ഉറയ്ക്കാതെ കണ്ണുകൾ ചുറ്റും ഓടി നടന്നു….. കണ്ണു തുടച്ചിട്ട് പെട്ടെന്ന് എഴുന്നേറ്റു….. പോകാൻ തുടങ്ങിയപ്പോഴേക്കും ശിവ കയ്യിൽ പിടിച്ചു നിർത്തി….. പിറകിലേക്ക് വലിച്ച് അടുത്തു പിടിച്ചിരുത്തി…… എന്താ നീ പറഞ്ഞേ….. എനിക്ക് മനസ്സിലായില്ല……. ശിവ ചോദിച്ചതിന് ഡെയ്സി മറുപടിയൊന്നും കൊടുത്തില്ല……

നിന്റെ മുഖത്തു ഇന്നേവരെ ഇങ്ങനൊരു വെപ്രാളം ഞാൻ കണ്ടിട്ടില്ല…. എന്താ നിനക്ക് പറ്റിയത് ….. എന്തൊക്കെയോ മറയ്ക്കുന്നത് പോലെ…….പറയ്…… അവളുടെ മുഖത്തേക്ക് കുനിഞ്ഞു നോക്കി ശിവ പറഞ്ഞു……

ഒന്നുമില്ലെന്ന് ഡെയ്സി തലയാട്ടി കാണിച്ചു…. പിന്നെ ശിവയും നിർബന്ധിക്കാൻ പോയില്ല…. തന്റെ കയ്യിലെ വിടാതെ പിടിച്ചിരിക്കുന്ന ശിവയുടെ കയ്യിലേക്ക് നോക്കി…. പല വിഷമങ്ങളിലും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ച കൈകളാണ്…. അതിന് പറ്റിയില്ലെങ്കിൽ ഒരു നോട്ടം കൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്……  മറുകൈ കൊണ്ട് ശിവയുടെ കയ്യിൽ കെട്ടിപ്പിടിച്ചു…. തോളിലേക്ക് മുഖം മറച്ചു വെച്ചു ചോദിച്ചു ……. എന്നെയും കൂടി സ്നേഹിക്കുമോ…… ദേവൂന് കൊടുക്കുന്നതിൽ കുറച്ചു സ്നേഹം എനിക്കൂടെ തരുമോ…….. ശിവ അത്ഭുതത്തോടെ തന്റെ തോളിൽ മുഖം ചേർത്തിരിക്കുന്നവളെ  നോക്കി…. ഒന്നുകൂടി മുഖം മറച്ചു പിടിച്ചു ഡെയ്സി….. ഡെയ്സി യുടെ കൈത്തണ്ടയിലെ പിടുത്തം വിട്ട് അവളുടെ വിരലുകൾക്കിടയിലേക്ക് വിരൽ കൊരുത്തു…….

സിമ്പതി കൊണ്ടുള്ള ഇഷ്ടമാണോ…… അതോ കടപ്പാട് ആണോ….. എങ്കിൽ വേണ്ട ഡെയ്സി……. ശിവയുടെ ശബ്ദം ഡെയ്സിയുടെ കാതിനടുത്തു കേട്ടു….

അല്ല…… സിമ്പതി ഇതുവരെ തോന്നീട്ടില്ല…. പിന്നെ കടപ്പാട്…. അത് എന്റെ ഈ ജന്മം മുഴുവൻ തന്നാൽ പോലും തീരുമോ ……. ഇല്ല….. ശരിക്കും ഇഷ്ടമാണ്…. എന്റെ കുഞ്ഞിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അവളുടെ ഈ അച്ഛനെ…….

ദേവൂന് വേണ്ടിയാണോ……

ഡെയ്സി അല്ലെന്ന് തലയാട്ടി…. ശരിക്കും ഇഷ്ടം തന്നാ….. അത് കേട്ടപ്പോൾ ശിവയുടെ മുഖത്തെ തെളിച്ചം ഡെയ്സി മനസ്സ് കൊണ്ടു കണ്ടു…തന്റെ കയ്യെടുത്തു ചുണ്ടിൽ ചേർത്തത് അറിഞ്ഞു ഡെയ്സി…… കണ്ണുകൾ ആ കഴുത്തിനു മേലേക്ക് നോക്കാൻ മടിക്കുന്നു…  മുഖത്തേക്കു നോക്കാനുള്ള ശക്തി ഇപ്പോളില്ല…. ഡെയ്സി കയ്യെടുത്തു മെല്ലെ എഴുന്നേറ്റു…. മേശപ്പുറത്തിരിക്കുന്ന ടാബ്ലറ്റ് എടുത്തു കയ്യിൽ പിടിച്ചു…..

ഞാനിത് കളയാൻ പോകുവാ….. ഇനിയിത് ഇവിടെ വേണ്ട……. തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് നടന്നു…… വാതിലിനരികിൽ എത്തുന്നതിനു മുൻപ് തന്നെ കയ്യിൽ പിടി വീണു….. കണ്ണടച്ചു തുറക്കും മുൻപേ ശിവയുടെ നെഞ്ചിലേക്ക് ചേർത്തിരുന്നു…… തോളിൽ കൂടി ഒഴുകിയിറങ്ങുന്നത് ശിവയുടെ കണ്ണുനീരാണെന്ന് മനസ്സിലായി….. അറിയാതെ രണ്ടു കയ്യാലേ ചേർത്തു പിടിച്ചു…..

ഭ്രാന്തനാ പെണ്ണേ… എപ്പോ വേണേലും മുഴുഭ്രാന്തൻ ആയേക്കും…. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നരുത് നിനക്ക്…….. വിതുമ്പിയുള്ള ശിവയുടെ ശബ്ദം കേട്ടു…..

ഞാൻ കൂടെ ഉള്ളപ്പോൾ അതിനി തിരിച്ചു വരില്ല ഒരിക്കലും  …….. മുഴുഭ്രാന്ത് വന്നാലും ഡെയ്സിയും കുഞ്ഞും ഉണ്ടാവില്ലേ ഓർമ്മയിൽ എവിടെയെങ്കിലും…  എനിക്കതു മതി……… മുടിയിലൂടെ വിരലോടിച്ചു ഡെയ്സി പറഞ്ഞു….. ഡെയ്സിയുടെ മുഖം രണ്ടു കയ്യിലുമെടുത്തു നെറ്റിയിൽ അമർത്തി ഉമ്മ

വെച്ചു…..

വിശ്വസിക്കാൻ ആവുന്നില്ല ഡെയ്സി ……. എത്ര നാളത്തെ സ്വപ്നം ആണെന്ന് അറിയുമോ നിനക്ക്…… എന്റെ അമ്മയുടെ നാവിൽ നിന്നുമാണ് നിന്റെ പേര് ആദ്യം കേൾക്കുന്നത്….. അന്ന് കയറിക്കൂടിയതാ മനസ്സിൽ ഈ പേരും പെണ്ണും….. ഡെയ്സി ഒരു കഥ കേൾക്കുംപോലെ ശിവയുടെ മുഖത്തേക്ക് നോക്കി നിന്നു…. പെട്ടെന്നാണ് ശിവയുടെ മുഖത്തെ ഭാവം മാറിയത്….

ഈയൊരു അസുഖം കാരണം മാത്രമാ നിന്നെ എനിക്ക് കിട്ടാതെ പോയത്…. അല്ലായിരുന്നുവെങ്കിൽ………… എന്തിനാ….. എന്തിനാ നീ റോയിയെ കെട്ടാൻ സമ്മതിച്ചത്…. എന്നെ ഇട്ടേച്ചു പോയപ്പോൾ ഒരേയൊരു കാര്യം മാത്രമാണ് ഞാൻ പ്രാർത്ഥിച്ചത് അറിയുമോ നിനക്ക്……… സ്വബോധത്തോടെ ഒരു ദിവസം പോലും ഇനിയെനിക്ക് ഉണ്ടാവരുതെന്ന്……. എത്ര രാത്രികളിൽ അലറി കരഞ്ഞിട്ടുണ്ടെന്ന് അറിയുമോ… നിന്നെയൊന്നു ദൂരെ നിന്നെങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയുമോ….. അല്ലെങ്കിൽ നിന്നെയൊന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചു…. ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല… ഓരോ ദിവസവും കൂടുതൽ കൂടുതൽ തെളിച്ചത്തോടെ നീയെന്റെ ഓർമ്മയിൽ നിറഞ്ഞു നിന്നു….

ഡെയ്സിയുടെ കണ്ണു നിറഞ്ഞൊഴുകി…. അതു മറയ്ക്കാൻ വേണ്ടി ശിവയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു…. ശിവ വീണ്ടും മുഖം പിടിച്ചുയർത്തി….. രണ്ടു വിരൽ കൊണ്ടു കണ്ണുനീർ തുടച്ചു കളഞ്ഞു …… നീ ഗർഭിണി ആണെന്ന് ഡോക്ടർ പറഞ്ഞത് എന്നോടാ….. നിങ്ങൾ അച്ഛനാവാൻ പോകുവാണെന്ന്…. സ്വപ്നം കണ്ടുതുടങ്ങി ഞാൻ.. നീയും ഞാനും നമ്മുടെ കുഞ്ഞും….. എന്റെ കുഞ്ഞല്ലേ നിന്റെ വയറ്റിലുള്ളതെന്ന് പറഞ്ഞു റോയി എന്നെ തല്ലുമ്പോളും മിണ്ടാതെ നിന്നു കൊണ്ടത് വീണ്ടും വീണ്ടുമത് കേൾക്കാനുള്ള ആഗ്രഹം കൊണ്ടും കൂടിയായിരുന്നു….. നിന്നെ റോയി ഉപദ്രവിച്ചെന്നു കേട്ടപ്പോൾ അവനെ കൊല്ലാനാ തോന്നിയത്… എല്ലാം ഒരുവിധം അവസാനിച്ചുവെന്ന് തോന്നിയപ്പോളാ നീ വീണ്ടും എന്റെ അരികിലേക്ക് എത്തിച്ചേർന്നത്……… നിന്നെയും കുഞ്ഞിനേയും സ്നേഹിക്കാൻ അർഹതയുള്ളത് എനിക്കു മാത്രമാ ഡെയ്സി….. അതുകൊണ്ടാ ദൈവം എന്റെ അടുത്തു തന്നെ വീണ്ടും നിന്നെ കൊണ്ടുവന്നത്… നിങ്ങൾ രണ്ടാളും എന്റെയാ….. എന്റേത് മാത്രം……. ശിവ ഡെയ്സിയുടെ മുഖം ഉമ്മകൾ കൊണ്ടു മൂടി…… അവളെ പൊതിഞ്ഞു പിടിച്ചു….. രണ്ടാളും ഒരേപോലെ ഉള്ളിലുള്ള വിഷമങ്ങൾ ഒഴുക്കി കളഞ്ഞു…. ഒരാശ്വാസം പോലെ ദേവു ഇടയിലേക്ക് കയറിവന്നു …. അവളെയും ഡെയ്സിയെയും ശിവ നെഞ്ചോട് ചേർത്തു പിടിച്ചു…..ആ കുഞ്ഞുപോലും ആ സംരക്ഷണത്തിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ചില്ല…. അച്ഛന്റെ നെഞ്ചിൽ പമ്മി കൂടിയിരുന്നു…. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല… ഡെയ്സി മെല്ലെ കൈ വിടുവിച്ചു ശിവ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മുഖത്തേക്ക് ഒന്നു നോക്കാതെ താഴേക്ക് ഇറങ്ങി പോയി…..  പക്ഷേ അവളുടെ ചുണ്ടിന്റെ കോണിൽ തനിക്കായി വിരിഞ്ഞ ചിരി നല്ല തെളിമയോടെ തന്നെ ശിവ കണ്ടു………

അച്ഛന്റെ അടുത്തു വന്നിരുന്നു….. എങ്ങനെ തുടങ്ങണമെന്ന് അറിയില്ല….. അച്ഛനോട് എന്തു പറയുമെന്ന് ശിവ ഓർത്തു …..

സന്തോഷമായില്ലേ എന്റെ മോന്…. രണ്ടു മാലാഖമാരും നിനക്ക് സ്വന്തമായില്ലേ………. അച്ഛൻ ചോദിക്കുന്നത് കേട്ടപ്പോൾ ശിവ അത്ഭുതത്തോടെ നോക്കി……… അവൾ എന്നോട് പറഞ്ഞിട്ടാടാ നിന്റെ അടുത്തേക്ക് വന്നത്….. ശിവ അച്ഛനെ കെട്ടിപ്പിടിച്ചു………. നിന്റെ അമ്മയുടെ അനുഗ്രഹം ആണ്…… അവൾ അവിടെയിരുന്നു എത്ര പ്രാർത്ഥിച്ചിട്ടുണ്ടാവും നിനക്ക് വേണ്ടി…… മകന് വേണ്ടി ദൈവത്തിനെ എത്ര മാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും ….. കുറച്ചു താമസിച്ചാണെങ്കിലും ഭാഗ്യം നിന്നെ തേടി വന്നത് കണ്ടോ….. അമ്മയോട് പറഞ്ഞോ നീ……….

ഇല്ലെന്ന് ശിവ തലയാട്ടി…….. എങ്കിൽ പോയി പറയ്…… നിന്റെ മുഖത്തെ സന്തോഷം കണ്ട് അവളുമൊന്നു സന്തോഷിക്കട്ടെ….. ഇനിയെങ്കിലും സമാധാനത്തോടെ ഉറങ്ങട്ടെ ആ പാവം….. ശിവ പോകുന്നതും നോക്കിയിരുന്നു അദ്ദേഹം ……..

അമ്മയുടെ അസ്തിത്തറയിൽ കെട്ടിപ്പിടിച്ചു മുഖം ചേർത്തു വെച്ചു…. സന്തോഷമാണോ സങ്കടമാണോന്നു അറിയില്ല…. ഒന്നും പറയാനില്ലായിരുന്നു…. അമ്മയ്ക്കറിയാം ഈ മകനെ….. ഈ മകന്റെ മനസ്സ്… കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് അമ്മയ്‌ക്കൊരുമ്മ കൊടുത്തു………. അമ്മേടെ ഡെയ്സിക്കൊച്ചിനെക്കൊണ്ട് ഞാനൊരു തിരി തെളിയിപ്പിക്കാം….. കേട്ടോ………. ചിരിയോടെ പറഞ്ഞു….. അമ്മ മനസ്സോടെ അത് സമ്മതിച്ചത് പോലെ തോന്നി……….

അടുക്കളയിൽ ഡെയ്സിയുടെ അരികത്തായി ശിവ ദേവുവിനെ ഇരുത്തി…… തിരിഞ്ഞു നിൽക്കുന്നവളെ പിന്നിലൂടെ ചേർത്തു പിടിച്ചു….. തോളിൽ താടി ചേർത്തു വെച്ചു……… എന്തു മനസ്സിലായിട്ടെന്നറിയില്ല ദേവു അത് കണ്ടിട്ട് കൈകൊട്ടി ചിരിച്ചു…… അത് കണ്ടപ്പോൾ പതിയെ ഡെയ്സിയും ചിരിച്ചു …….. മുഖം ചെരിച്ചു ശിവയുടെ കവിളിൽ തലോടി…… ശിവയുടെ നിറഞ്ഞ കണ്ണുകൾക്ക് ഇനിയുമേറെ തന്നോട് പറയാനുണ്ടെന്ന് തോന്നി….. കേൾക്കണം…. തന്നോടുള്ള സ്നേഹം മുഴുവൻ ആ നാവിൽ നിന്നു തന്നെ അറിയണം…. തന്നിലേക്കൊഴുകാതെ തടഞ്ഞു വെച്ച സ്നേഹം മുഴുവൻ ഏറ്റു വാങ്ങണം…. പിന്നിൽ ശിവയുടെ നെഞ്ചിലേക്ക് തല ചേർത്തു വെച്ചു കണ്ണടച്ചു നിന്നു ……

വേഗം വരും…..

A… M… Y…

സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്…. സ്നേഹം അസൂയപ്പെടുന്നില്ല….. ആത്മപ്രശംസ ചെയ്യുന്നില്ല… അഹങ്കരിക്കുന്നില്ല… സ്നേഹം അനുചിതമായി പെരുമാറുന്നില്ല…. സ്വാർത്ഥം അന്വേഷിക്കുന്നില്ല… കോപിക്കുന്നില്ല…  വിദ്വേഷം പുലർത്തുന്നില്ല… അത് അനീതിയിൽ സന്തോഷിക്കുന്നില്ല… സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു…. സ്നേഹം സകലതും സഹിക്കുന്നു….. സകലതും വിശ്വസിക്കുന്നു…  സകലതും പ്രത്യാശിക്കുന്നു….സകലത്തേയും അതിജീവിക്കുന്നു….. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല…………  (1 കൊറി 13:4-8)  

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!