മോളേ …….അച്ചൻ നീട്ടിവിളിച്ചു……..
ആ കുഞ്ഞും അതിന്റെ അമ്മയും ഒരേപോലെ തിരിഞ്ഞു നോക്കി……. തലയിൽ നിന്നും സാരി ഊർന്നു അവളുടെ തോളിലേക്ക് വീണു…….
ഡെയ്സി…..
റോയിയുടെ ശബ്ദം കുറച്ച് ഉച്ചത്തിൽ ആയിപ്പോയി…… ലിസി അവളെ സൂക്ഷിച്ചുനോക്കി….. ആദ്യമായി കാണുകയാണ് ഡെയ്സിയെ……. പറഞ്ഞു കേട്ട അറിവ് മാത്രമേ ഉള്ളൂ….. ഭർത്താവിനെ വഞ്ചിച്ച് കാമുകന്റെ കൂടെ പോയവൾ….. അതായിരുന്നു ലിസിയുടെ അറിവിൽ ഡെയ്സി……. ഡെയ്സിയും ആകെ അന്ധാളിച്ചു എല്ലാവരെയും മാറി മാറി നോക്കി നിൽക്കുകയാണ്…… റോയിയേയും ലിസിയേയും മാറി മാറി നോക്കുന്നുണ്ട്……. പിന്നെ അച്ചന്റെ മുഖത്തേക്ക് നോക്കി…….
ഒന്നുമില്ല… ഞാൻ കുഞ്ഞിനെ വിളിച്ചതാണ്…….. അച്ചൻ പറഞ്ഞപ്പോൾ ഡെയ്സി കുഞ്ഞിനെ നിലത്തേക്ക് ഇറക്കി വിട്ടു…… അച്ചൻ അവളെ കയ്യാട്ടി വിളിച്ചു……. കുടു കുടെ ചിരിച്ചു തെറിച്ചു തെറിച്ചു ഓടി വന്നു അച്ചനരികിൽ വന്നു…… തിരുവസ്ത്രത്തിൽ പിടിച്ചു നിന്നു….. അവൾക്കരികിലേക്ക് കുനിഞ്ഞു നിന്നു കയ്യിലിരുന്ന കൊന്ത കുഞ്ഞുകയ്യിൽ വെച്ചു കൊടുത്തു……. തലയിൽ കൈവെച്ചു….. നെറ്റിയിൽ കുരിശു വരച്ചു ഒരുമ്മ കൊടുത്തു…… ഇവരെ അറിയുമോ കുഞ്ഞ്…….. അച്ചൻ ചോദിച്ചപ്പോൾ ചുമൽ കൂച്ചി മുഖം ചെരിച്ചു ഇല്ലെന്ന് കാട്ടി……. കുഞ്ഞിന്റെ പേരെന്താണ് ന്ന് പറഞ്ഞേ ഇവരോട്……
ഏയ്ന്തൾ…….. എന്നിട്ട് വാ പൊത്തി മെല്ലെ ചിരിച്ചു………
ഇനി കുഞ്ഞു പൊയ്ക്കോ… ദേ അമ്മച്ചി നോക്കി നിൽക്കുന്നു….. കുഞ്ഞുതല മെല്ലെ കുലുക്കിയിട്ട് ഡെയ്സിയ്‌ക്കരികിലേക്ക് ഓടി പോയി…… അവളെ കയ്യിലെടുത്തു സാരി തലയിലൂടെ ഒന്നുകൂടി പുതച്ചു അച്ചനെ നോക്കി തലയാട്ടി പോകാൻ അനുവാദം തേടി ഡെയ്സി……. എന്നിട്ട് തിരിഞ്ഞുനടന്നു……. ആ കുഞ്ഞു കൈവീശി കാണിച്ചപ്പോൾ തിരിച്ചൊന്നു കൈ വീശാൻ റോയിയുടെ കൈ പൊന്തിയില്ല……
കർത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്ക് റോയി……. എന്നിട്ട് നീ ആ കുഞ്ഞിനെ കണ്ണു തുറന്നു നോക്ക്…….. നിന്റെ തന്നെയാണെന്ന് തിരിച്ചറിയാൻ വേറൊന്നും ആവശ്യമില്ല…… കർത്താവ് തന്നെ നല്ലൊരു അടയാളം നാലാളു കാണത്തക്ക രീതിയിൽ ആ കുഞ്ഞിന്റെ മുഖത്തു കൊടുത്തിട്ടുണ്ട്….. അച്ചൻ പറഞ്ഞപ്പോൾ താടിയിലെ മറുകിലേക്ക് റോയിയുടെ കൈ അറിയാതെ ചെന്നെത്തി…….
അന്ന് നീ കൊല്ലണം എന്ന് പറഞ്ഞ അതേ കുഞ്ഞ്…… ചവിട്ടാൻ കാലു പൊക്കിയ അതേ കുഞ്ഞ്……ഒരിക്കൽപോലുമൊന്ന് ആ മുഖം നോക്കാൻ കൂട്ടാക്കിയോ നീ……. ഇന്നിപ്പോൾ അതിനോട് എന്താ സ്നേഹം…… കളിക്കുന്നു…… ചിരിക്കുന്നു….. ഉമ്മ
വെക്കുന്നു….. അച്ചൻ പുച്ഛത്തോടെ ചിരിച്ചു…..
അച്ചോ അപ്പോൾ ആ കുഞ്ഞു എന്റെ റോയിമോന്റെ തന്നെയാണോ…… അമ്മച്ചി നെഞ്ചിൽ കൈവെച്ചു ചോദിച്ചു……
ഇത് അല്ലായിരുന്നോ ചേടത്തി ആ പാവം പിടിച്ച പെണ്ണ് ഇത്രയും നാൾ നിങ്ങളെയൊക്കെ വിശ്വസിപ്പിക്കാൻ വേണ്ടി കഷ്ടപ്പെട്ടത്….. ആരെങ്കിലും ഒന്ന് വിശ്വസിച്ചോ….. അന്ന് മാധവൻ അവളോട് ചോദിച്ചതാണ് ഒരു ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ പോരെ എന്ന്….. അന്നും അവൾ പറഞ്ഞത് കർത്താവിനു നിരക്കാത്തത് ചെയ്തിട്ടില്ല എന്നായിരുന്നു…… കർത്താവിൽ വിശ്വാസമുണ്ട് അവൻ എനിക്ക് വഴി കാട്ടും എന്നായിരുന്നു……. നിന്റെ കുഞ്ഞാണെന്ന് തെളിയിക്കാൻ അവൾക്ക് നിസ്സാരമായി കഴിഞ്ഞേനെ….. പക്ഷേ വൃണപ്പെടുന്നത് അവളിലെ സ്ത്രീയാണ്…. ഡിവോഴ്സ് ആയെങ്കിലും അവൾക്ക് ഉള്ളിലെവിടെയോ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു നീ ആ കുഞ്ഞിനെ അംഗീകരിക്കുമെന്ന് …. പക്ഷേ ലിസിയെ നീ കെട്ടിയ അന്ന് ഈ തിരുസ്വരൂപത്തിന്റെ മുന്നിലുണ്ടായിരുന്നു അവൾ….. അന്ന് നെഞ്ചുപൊട്ടി കരഞ്ഞു പ്രാർത്ഥിച്ച ഡെയ്സിയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്…….. നിന്റെ വാശി നശിപ്പിച്ചത് നിന്നെ തന്നെയാണ് റോയ്…… സത്യം പുറത്തുവരുമെന്ന് ഞാൻ പറയാറില്ലേ…. കുറച്ചു താമസിച്ചാലും കൂടുതൽ തെളിമയോടെ…….
അവൾ ചെയ്തത് തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ എന്നെക്കൊണ്ടാവില്ല…… ഡെയ്സി ചിലപ്പോൾ ശിവയെ ചേർത്തു പിടിച്ചിട്ടുണ്ടാവാം… കാണുന്ന മറ്റൊരാൾക്ക് അത് ശരിയാവണമെന്നില്ല…… മനസ്സും തലച്ചോറും നിയന്ത്രണത്തിൽ അല്ലാത്ത ഒരാളെ ചേർത്തു പിടിക്കാൻ ഡെയ്സിയെപ്പോലെ ഒരു പെണ്ണിന് കൂടുതൽ ചിന്തിക്കേണ്ടി വരില്ല….. കാണുന്ന ആളുടെയും മനസ്സിനും അതേ തെളിമയുണ്ടാവണം എന്നു മാത്രം…. എടുത്തു ചാടരുതെന്ന് ഞാൻ നിന്നോട് അന്നേ പറഞ്ഞതാണ്…. പക്ഷേ നീ കേട്ടില്ല….. എന്റെ വാക്കുകൾ നീ തള്ളിക്കളഞ്ഞു….. ആരുടേയും ഉപദേശം കേൾക്കാൻ നീ തയ്യാറായില്ല…… നീ നിന്നെ മാത്രം വിശ്വസിച്ചു….
അച്ചോ ശിവ ഡെയ്സിയെ കെട്ടിയില്ലയോ അപ്പോൾ….അമ്മച്ചി ചോദിച്ചു…..
ഇന്നീ നിമിഷംവരെ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണ് ചേടത്തി…. നാളെ….. അത് അവനല്ലേ തീരുമാനിക്കേണ്ടത്…….. കർത്താവിനെ ചൂണ്ടി അച്ചൻ പറഞ്ഞു…….. അവർ കുറച്ചു നാളായിട്ട് ഇവിടെ ഉണ്ടായിരുന്നില്ല…… കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏതോ നാട്ടിൽ ആയിരുന്നു…… ഇപ്പോൾ കർത്താവ് അനുഗ്രഹിച്ച് ആ കുഞ്ഞിന് നല്ല ആരോഗ്യമുണ്ട്…… ആരും തിരിച്ചു കണ്ണു പറിക്കാത്ത അത്രയും ഭംഗിയും………… നിന്റെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കാം എന്നേയുള്ളൂ റോയീ…… വിതച്ചത് നീ കൊയ്യുക തന്നെ വേണം……. അച്ചൻ റോയിയുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു…….. റോയിയുടെ മനസ്സുനിറയെ ഡെയ്സിയും ആ കുഞ്ഞും മാത്രമാണ്…… താടിയിൽ മറുകുള്ള മാലാഖ കുഞ്ഞ്…….. ഇല്ല….. ഇതൊന്നും സത്യമല്ല….. വീണ്ടും വീണ്ടും എന്നെ എല്ലാവരും ചേർന്ന് കളിപ്പിക്കുകയാണ്…….. അത് ശിവയുടെ കുഞ്ഞാണ്……. ശിവയുടെ കുഞ്ഞ്……. ഭ്രാന്ത് പിടിച്ചതുപോലെ റോയി കണ്ണിറുക്കി പിടിച്ചു പൊറു പൊറുത്തു……. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…….. വീട് എത്തിയത് എങ്ങനെയെന്നറിയില്ല……… ലിസി അടുത്തു വന്നിരിപ്പുണ്ട്…….. എന്താണ് ഇനി ചെയ്യേണ്ടതെന്നറിയാതെ…….
ആരും കാപ്പി കുടിക്കാൻ പോലും വന്നില്ല….. ലിസി ഉണ്ടാക്കി കാത്തിരുന്നു….. വിളിച്ചിട്ടും റോയി വന്നില്ല…… അമ്മച്ചി ആരോടോ ഉള്ള ദേഷ്യത്തിന് ലിസിയോട് മിണ്ടുന്നത് കൂടിയില്ല……. ആ മിണ്ടാപ്രാണി ആകെ ഒറ്റപ്പെട്ടതുപോലെയായി ആ വീട്ടിൽ…… റോയി അലമാരയിലെ തുണികൾ ഒക്കെയും വലിച്ചു വാരി താഴേക്കിട്ടു….. ഒരു പഴയ ആൽബം തപ്പിയെടുത്തു……. അതിൽ അപ്പച്ചനൊപ്പം ഇരിക്കുന്ന കുഞ്ഞു റോയിയെ സൂക്ഷിച്ചുനോക്കി……. രണ്ടു കുഞ്ഞു മുഖങ്ങളും താരതമ്യം ചെയ്തു നോക്കി……. വ്യത്യാസങ്ങൾ അധികം ഉണ്ടായിരുന്നില്ല…….. ഇപ്പോൾ കണ്ണും കാതും തെളിയുന്നത് പോലെ……. ഡെയ്സിയും കുഞ്ഞും കിടന്നിരുന്ന മൂലയിൽ വന്നിരുന്നു……. നിലം ഒന്ന് തലോടി…….. മെല്ലെ അവിടേക്ക് കിടന്നു……… ഇടയ്ക്കിടെ ലിസി റോയിയെ വന്നു നോക്കുന്നുണ്ടായിരുന്നു…… നിലത്തു കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി……. ഇന്നത്തെ അച്ചന്റെ സംസാരത്തിൽ ഡെയ്സി തെറ്റുകാരിയല്ലെന്ന് ഏറെക്കുറെ മനസ്സിലായി……. ആ കുഞ്ഞ് ഇച്ചായന്റെ തന്നെയാണ്…… അതിനു യാതൊരു സംശയവുമില്ല……. ഓർത്തപ്പോൾ ലിസിയുടെ കണ്ണു നിറഞ്ഞു…. തന്നെ വിട്ടിട്ടു പോകുമോ…….. ഉള്ളിലൊരു പേടി തോന്നി…..
മിണ്ടാൻ വയ്യാത്തത് വലിയൊരു കുറവായി പെണ്ണു കാണാൻ വരുന്നവർക്ക് തോന്നിയപ്പോൾ നിർത്തിയതായിരുന്നു ആ ഒരു ചടങ്ങ്….. അപ്പച്ചന്റെയും അമ്മച്ചിയുടെയും വിഷമം കാണാഞ്ഞിട്ടല്ല….. താനെന്തു ചെയ്യാൻ…… രണ്ടാം കെട്ടുകാരനാണെന്ന് അറിഞ്ഞു തന്നെയാ ഇച്ചായന്റെ മിന്ന് സ്വീകരിച്ചത്…… ആ ജീവിതത്തിൽ നടന്നതൊക്കെ കേട്ടപ്പോൾ വിഷമം തോന്നി….. കാമുകനൊപ്പം പോയ ഭാര്യയെ മനസ്സാലെ ഒരുപാട് വെറുത്തിട്ടുമുണ്ട്…… ഇച്ചായനോട് മനസ്സലിവ് തോന്നാൻ ഇത്രയും ധാരാളമായിരുന്നു…… എല്ലാം മറന്നു ജീവിക്കുമെന്ന് കരുതി…… പക്ഷേ ഇരുട്ടിലും വെളിച്ചത്തിലും ഇച്ചായൻ തേടുന്നത് ഡെയ്സിയെ മാത്രമാണെന്ന് മനസ്സിലായി….. ഒരു കുഞ്ഞു വയറ്റിൽ ആയപ്പോൾ ഇച്ചായന്റെ സന്തോഷം കണ്ടതാണ്… തനിക്ക് മാത്രമായി റോയി എന്നൊരാളെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ബ്ലീഡിങ് ആയത്…… ഒരു കുഞ്ഞിനെ താങ്ങാനുള്ള ശക്തി തന്റെ ഗർഭപാത്രത്തിനു ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ പ്രതീക്ഷകൾ മുഴുവൻ അസ്തമിക്കുകയായിരുന്നു…… ഇച്ചായൻ തന്നെയാണ് പറഞ്ഞത് അമ്മച്ചിയും പെങ്ങന്മാരും ഇതൊന്നും അറിയേണ്ടന്ന്…… ഒരു കുഞ്ഞിനെ ഇച്ചായൻ കൊതിക്കുന്നുണ്ടെന്ന് ശരിക്കുമറിയാം…. റിൻസിയുടെ കുഞ്ഞ് വന്നാൽ നിലത്തു വെയ്ക്കാറില്ല……. അപ്പോൾ പിന്നെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞു മുൻപിൽ നിൽക്കുമ്പോൾ എത്ര സന്തോഷം കാണും…….. ഓർത്തിട്ട് ലിസിക്ക് വല്ലാത്ത വിഷമം തോന്നി……
പിറ്റേന്ന് രാവിലെ കുർബാന കൂടാൻ വരാൻ ലിസി മനപ്പൂർവ്വം റോയിയെ വിളിച്ചില്ല…… പക്ഷേ ഇറങ്ങാറായപ്പോൾ റോയി തയ്യാറായി മുന്നിലുണ്ടായിരുന്നു……. ആരെയോ കാണാനുള്ള ധൃതി ആയിരുന്നു റോയിയിൽ മുഴുവൻ എന്നത് ലിസി ശ്രദ്ധിച്ചു……. പ്രാർത്ഥനയ്ക്ക് ഇടയിൽ തേടുന്നതെന്തോ കാണാനാവാതെ നിരാശനായി നിൽക്കേണ്ടിവന്നു……. കുമ്പസാരക്കൂട്ടിൽ അച്ഛൻ ചെവിയോർത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി……. പക്ഷെ റോയി ഒരക്ഷരം മിണ്ടാതെ തലയും കുമ്പിട്ടിരിക്കുകയാണ്……
ഒന്നു കുമ്പസാരിച്ചാൽ തീരുന്നതൊന്നുമല്ല നീ കാണിച്ചു കൂട്ടിയത് എന്ന് നിനക്ക് നന്നായിട്ട് അറിയാം……. കുറച്ചെങ്കിലും ആ പെണ്ണിനെ ഒന്ന് കേൾക്കാൻ നീ തയ്യാറായിരുന്നെങ്കിൽ നല്ലൊരു ജീവിതം ആവില്ലായിരുന്നോ നിന്റെ…..
ഇങ്ങനെ കുറ്റപ്പെടുത്തരുത് അച്ചോ….. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുവാ……റോയി മുടിയിൽ തിരുകി പിടിച്ചുവലിച്ചു…..
കുറ്റം ഉള്ളതുകൊണ്ടല്ലേ റോയീ കുറ്റപ്പെടുത്തുന്നതും…… നല്ലൊരു ജീവിതമല്ലേ നീ തട്ടി തെറിപ്പിച്ചത്……..
അത്…… അതെന്റെ കുഞ്ഞു തന്നെയാണോ അച്ചോ….. എനിക്ക് വിശ്വാസം ആവുന്നില്ല….. സത്യമാണോ അത്…….എന്റെയും ഡെയ്സിയുടെയും കുഞ്ഞാണോ അവൾ…..
അച്ചൻ മെല്ലെയൊന്നു ചിരിച്ചു……. കർത്താവ് തമ്പുരാൻ ഇനി നേരിട്ടിറങ്ങി വന്നു പറഞ്ഞാലും നീ വിശ്വസിക്കില്ല….. നീ നിന്റെ കണ്ണിലെ ഇരുട്ടിനെയാണ് ഇന്നും വിശ്വസിക്കുന്നത്…….. അതിൽ വെളിച്ചം കൊണ്ടുവരാതെ സത്യത്തിന്റെ മറ നീങ്ങില്ല……… ഒന്നാലോചിച്ചാൽ മനസ്സിലാവും നിനക്ക്….. സ്വന്തം കുഞ്ഞിനെ ചവിട്ടാൻ ആഞ്ഞ കാലുകൊണ്ട് നിനക്കൊന്ന് നിലത്ത് ആഞ്ഞുചവിട്ടി നടക്കാൻ ആവുന്നുണ്ടോ ഇന്ന്….. സ്വന്തമായി ഒരെണ്ണത്തിനെ ഉള്ളം കൈയ്യിൽ വച്ച് തന്നപ്പോൾ കൊല്ലാൻആഞ്ഞ നിനക്ക് ഇനി ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം ഇല്ലാതാക്കിയില്ലേ തമ്പുരാൻ……. ഡെയ്സിയുടെ കണ്ണുനീര് കർത്താവ് കണ്ടു…..
ഞാൻ ഇനി എന്ത് ചെയ്യണം അച്ചോ………രണ്ട് കൈയിലും മുഖം താങ്ങി റോയി ചോദിച്ചു…….
ആ കുഞ്ഞിനെ കാണാൻ വേണ്ടി ഇനി നീ കുർബാന കൂടാൻ കഷ്ടപ്പെട്ട് വരേണ്ട…… പിന്നെ ഒരു കാര്യം പറഞ്ഞേക്കാം…… ഇനിയും പാപം തലയിലേറ്റാൻ നിൽക്കേണ്ട റോയിയെ…… ലിസിക്കൊപ്പം സമാധാനത്തിൽ, ഉള്ളതിൽ സന്തോഷിച്ചു കഴിയാൻ നോക്ക്…… ചിലപ്പോൾ ഡെയ്സിയുടെ കണ്ണുനീരിനെക്കാൾ ശക്തി ഉണ്ടാവും ആ മിണ്ടാപ്രാണിയുടെ കണ്ണുനീരിന് ഓർത്തോ ……
അച്ചൻ പറഞ്ഞതൊന്നും റോയുടെ മനസ്സ് വരെ എത്തിയിട്ടുണ്ടായിരുന്നില്ല……. മനസ്സുനിറയെ ആ കുഞ്ഞാണ്…… ആ കുഞ്ഞിന്റെ ചിരിയാണ്……
നീ എന്താ മോളെ ഇന്ന് പള്ളിയിൽ പോകാഞ്ഞത്………. വയ്യായ്ക വല്ലോം ഉണ്ടോ നിനക്ക്…. ശിവഛൻ ദോശ കഴിക്കുന്നതിനിടയിൽ ചോദിച്ചു….. മറുപടി ഒന്നും പറഞ്ഞില്ല ഡെയ്സി….. അവൾ കേട്ടില്ല എന്ന് കരുതി ഒന്നു കൂടി ചോദിക്കാൻ ആഞ്ഞപ്പോൾ ശിവ ഇടയിൽ കയറി പറഞ്ഞു………
അത് ഒളിച്ചുകളിയാണ് അച്ഛാ……. കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ച് റോയിയെയും ഭാര്യയെയും അമ്മച്ചിയെയും കണ്ടുവെന്ന് ….. ഇനിയും കണ്ടാലോന്ന് പേടിച്ചിട്ടാ ഇവൾ ഇന്ന് പള്ളിയിൽ പോകാഞ്ഞത്……
ഇത്രയും നാളായിട്ടും നിന്റെ അമ്മയുടെ പേടി മാറിയില്ലല്ലോ ദേവൂട്ടിയെ……. അയ്യേ….. ദോശ പിച്ചിപ്പിച്ചി കുഞ്ഞിന് കൊടുക്കുന്നതിനിടയിൽ മൂക്കിൽ വിരൽ വെച്ച് ശിവച്ഛൻ ചോദിച്ചു…….. അവളും അതേപടി ചെയ്തു ഡെയ്സിയെ കളിയാക്കി……. അയ്യേ അമ്മച്ചിയ്ക്ക് നാനവില്ല അല്ലേ വല്ലിപ്പാ…….. കുഞ്ഞും ശിവച്ഛനൊപ്പം തന്നെ കളിയാക്കുന്നത് കേട്ടപ്പോൾ ഡെയ്സി ശിവയെ ദേഷ്യത്തിൽ ഒന്ന് നോക്കി….ഇപ്പോൾ തൃപ്തിയായില്ലേ, നോക്കിക്കോ ഇനിയൊന്നും വിശ്വസിച്ചു പറയില്ല…എന്ന രീതിയിൽ….. ശിവ ചിരി അമർത്തി അവർക്കൊപ്പം കൂടി…… ഡെയ്സി മുഖം വീർപ്പിച്ച് അകത്തേക്ക് പോയി….
അവളെ വിഷമിക്കല്ലേ മോനേ…..ഒന്നു കരകയറി വരുന്നതേ ഉള്ളൂ…… നല്ല വിഷമം കാണും…. ഒന്നുമല്ലെങ്കിലും ഈ കുഞ്ഞിന്റെ അപ്പനല്ലേ അവൻ…….. മാധവൻ പറഞ്ഞപ്പോൾ കുഞ്ഞിനെ കയ്യിലെടുത്തു ശിവ ഡെയ്സിയുടെ അടുത്തേക്ക് നടന്നു…….. ഒരു മന്ത്രം പോലെ പലവട്ടം ഉരുവിടുന്നുണ്ടായിരുന്നു…..
കുഞ്ഞിന്റെ അപ്പൻ ഞാനാ അച്ഛാ….. ഇവൾ എന്റെയാ… എന്റെ മാത്രം…………..
ദേവൂട്ടന്റെ അച്ഛൻ ആരാ…… മോള് ആരുടെയാ….. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ശിവ ചോദിച്ചു………
മോള് സിവച്ഛന്റെ ആണല്ലോ ……….അവൾ ശിവയുടെ മുഖത്ത് രണ്ടുകൈയും ചേർത്ത് വച്ച് പറഞ്ഞു……
അവളെ ചേർത്ത് പിടിച്ചു ശിവ മുഖം നിറയെ ഉമ്മ
കൊടുത്തു….. ഒട്ടും കുറയ്ക്കാതെ അവളും….. തിരിഞ്ഞു നിന്നു പണി ചെയ്യുന്ന ഡെയ്സിക്കരികിൽ വന്നു നിന്നു…. കുഞ്ഞിനെ ഡെയ്സിക്കരുകിൽ ഇരുത്തി…… അവളുടെ ചെവിയിൽ എന്തോ പറഞ്ഞു…..
അമ്മേ…… അവൾ കൊഞ്ചി വിളിച്ചു…….. ഡെയ്സി വിളി കേൾക്കാഞ്ഞപ്പോൾ കുറച്ചു കൂടി ഉറക്കെ വിളിച്ചു…..അമ്മേ…….. ഡെയ്സി ഒന്നു നോക്കി അവളെ…… ദേ…. സിവച്ഛനോട് അമ്മ പെനക്കവാനോന്ന്…. ശിവയെ ചൂണ്ടി അവൾ ചോദിച്ചു…. മറുപടി ഒന്നും പറയാതെ ദോശ ചുടുന്നതിൽ മാത്രം ഡെയ്സി ശ്രദ്ധിച്ചു….. അമ്മച്ചിക്ക് ചെവി കേറ്റൂദേ…… അവൾ ഡെയ്സിയെ എത്തിനോക്കിയിട്ട് തലയാട്ടി ചോദിച്ചു……. അറിയാതെ ഉച്ചത്തിൽ പൊട്ടിയ ചിരി നിയന്ത്രിക്കാൻ ശിവയ്ക്കായില്ല…. ഒന്നും പറയാതെ ഡെയ്സി ചട്ടുകം എടുത്തു തീയിലേക്ക് വെക്കുന്നത് കണ്ട് ശിവ കുഞ്ഞിനെ വാരിയെടുത്തു…… ഓടിക്കോടീ ദേവൂട്ടീ….. നിന്റെ അമ്മ ചന്തിക്ക് ചട്ടുകം വെക്കും……… കുഞ്ഞിക്കൈ കൊണ്ട് പിന്നിൽ പൊത്തിപ്പിടിച്ചു……അയ്യോ ഓച്ചോ സിവഛാ…… രണ്ടിന്റെയും പോക്ക് കണ്ടപ്പോൾ ഡെയ്സിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല……
ശിവയും ശിവച്ഛനും കുഞ്ഞിനെ വിളിക്കുന്നത് ദേവൂ ന്നാണ്…… ദേവിയമ്മയെ ശിവ സ്നേഹം കൂടുമ്പോൾ വിളിച്ചിരുന്നത് ദേവൂട്ടി എന്നായിരുന്നു……. ശിവയുടെ ലോകം തന്നെ ഇപ്പോൾ കുഞ്ഞാണ്……. താനും കുഞ്ഞും ഈ വീട്ടിൽ വന്നതിന് ശേഷം ശിവയെ അസുഖം തേടി വന്നിട്ടേയില്ല……. വേറൊന്നും ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കുവാനുള്ള സമയം ശിവയ്ക്ക് കിട്ടാറില്ല ദേവു ഉള്ളത് കൊണ്ട്….. അവളുടെ വിചാരം ശിവയാണ് അവളുടെ അപ്പച്ചൻ എന്നാണ്…… താൻ ശിവച്ഛനെ വിളിക്കുന്നത് കേട്ട് അവൾ തനിയെ വിളിച്ചതാണ് ശിവയെ ശിവച്ഛാ ന്ന്….. പക്ഷേ വല്യപ്പച്ചാന്ന് വിളിപ്പിച്ചു പഠിപ്പിച്ചത് ശിവച്ഛനാണ്…….. അവൾ അങ്ങനെ വിളിച്ചു കേൾക്കുമ്പോൾ ശിവച്ഛന്റെ സന്തോഷം കാണാൻ നല്ല ഭംഗിയാ……. പഴയ ഡെയ്സിയിൽ നിന്നും ഇപ്പോളുള്ള ഡെയ്സി ആക്കിയത് ശിവച്ഛൻ ആണ് …..ഓർമ്മകൾക്ക് വിശ്രമം കൊടുത്ത് ചുട്ട ദോശയുമെടുത്തു ചെറിയൊരു ചിരിയോടെ അവർക്കരികിലേക്ക് ചെന്നു ഡെയ്സി…….
ഉടനെ വരും……
A.. M.. Y
സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല…….. യോഹന്നാൻ (15:13)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission