ഈ പെണ്ണിനെ ഇങ്ങനെ നിർത്തിയാൽ മതിയോ? കെട്ടിച്ചയക്കണ്ടേ ഷൈലജേ..?
സുമതിയമ്മായി, അമ്മയോട് ചോദിക്കുന്നത് കേട്ടാണ്, പാർവ്വതി അടുക്കളയിലേക്ക് വരുന്നത്.
വേണം ചേച്ചീ…വയസ്സ് ഇരുപത് കഴിഞ്ഞെങ്കിലും ,അവളെ കണ്ടാൽ അത് പറയില്ലല്ലോ? അതെങ്ങനാ, ഒരു വക ആഹാരം അവള് കഴിക്കില്ല ,പാലും മുട്ടയും ഇറച്ചിയുമൊന്നും അവൾക്ക് വേണ്ട, ഞാൻ എന്തേലും പറഞ്ഞാൽ ഉടനെ പറയും, അമ്മേ എനിക്ക് സീറോ സൈസായിട്ടിരുന്നാൽ മതിയെന്ന്
ആങ്ഹാ… അത് കൊള്ളാമല്ലോ, നേരാണോടീ.. മോളെ അവള് പറയുന്നത്?
അതേ അമ്മായി, എനിക്ക് ദീപികാ പദുക്കോണിനെ പോലെയുള്ള ബോഡി മതി ,അല്ലാതെ അമ്മയെപ്പോലെ തടിച്ചിയാവണ്ട
എൻ്റെ കൊച്ചേ.. അവരൊക്കെ സിനിമേലഭിനയിക്കാൻ വേണ്ടിയാണ് ,അങ്ങനൊക്കെ തടി കുറച്ച് നടക്കുന്നത്, അതവരുടെ ജോലിയുടെ ഭാഗമാണ് ,നീയങ്ങനാണോ ?നാളെയൊരു പുരുഷനോടൊപ്പം ജീവിച്ച്, അവൻ്റെ കൊച്ചുങ്ങളെ പ്രസവിക്കേണ്ടവളാ ,ഇപ്പോഴത്തെ ആണുങ്ങൾക്ക് ഇത്തിരി ശരീരപുഷ്ടിയൊക്കെയുള്ള പെമ്പിള്ളാരെയാണിഷ്ടം
അതും പറഞ്ഞ്, സുമതിയമ്മായി അവളുടെ ഒതുങ്ങിയ മാറിൽ ചെറുതായൊന്ന് നുള്ളി.
ഛെ ! ഒന്ന് ചുമ്മാതിരിക്കമ്മായി
അവളുടെ മുഖം ലജ്ജയിൽ മുങ്ങി .
എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം, ഇവൾക്കിപ്പോൾ കോളേജില്ലാത്ത സമയമല്ലേ?
ഞാൻ പോകുമ്പോൾ, ഇവളെ കൂടിയങ്ങ് കൊണ്ട് പോകാം,
കുറച്ച് ദിവസം അവളവിടെ നില്ക്കട്ടെ, എന്നിട്ട് ഞാനൊന്ന് നോക്കട്ടെ, ഇവളെയൊരു തടിച്ചിപാറു ആക്കാൻ പറ്റുമോന്ന്
ങ്ഹാ അതാ ചേച്ചി നല്ലത്,
ചേച്ചി പറഞ്ഞാൽ, അവൾക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല
അമ്മായീടെ വീടെന്ന് കേട്ടപ്പോൾ, പാർവ്വതിക്കുമൊരു കൊതി തോന്നി.
പണ്ട്, വെക്കേഷന് പോയി ഒരു പാട് തവണ നിന്നിട്ടുള്ളതാണ്, പ്രായമായതിന് ശേഷം, പിന്നെ പോയിട്ടില്ല
അമ്മായിക്ക് രണ്ടാൺ മക്കളാണ്, ഗിരിയേട്ടനും മനുവേട്ടനും ,
രണ്ടും തൻ്റെ മുറച്ചെറുക്കൻമാരായിരുന്നെങ്കിലും,തനിക്കവർ തൻ്റെ ആങ്ങളമാരെ പ്പോലെ തന്നെയായിരുന്നു.
വലിയ കുളവും, നിറയെ മരങ്ങളുമുള്ള വിശാലമായ തൊടിയോട് കൂടിയ, പഴയൊരു തറവാട് വീടായിരുന്നു അത് .
പിന്നീടത്, അമ്മായിടെ ആൺമക്കൾ വലുതായി ജോലി കിട്ടി ഉദ്യോഗസ്ഥരായി കഴിഞ്ഞപ്പോൾ, പഴകിയ തറവാട് പൊളിച്ച് മാറ്റി, പുതിയ കോൺക്രീറ്റ് സൗധം പണിതു.
അതിന് ശേഷം, ഏതാണ്ട് രണ്ട് വർഷം മുൻപാണ് ,മൂത്തവനായ ഗിരിയേട്ടൻ വിവാഹം കഴിക്കുന്നത്.
താനന്ന് സിഗ്രിക്ക് പഠിക്കുന്ന സമയമാണ് ,ഗിരിയേട്ടൻ താലികെട്ടി കൊണ്ട് വന്ന പെണ്ണിനെ കണ്ട് ,തനിക്കന്ന് ചെറിയൊരു കുശുമ്പ് തോന്നിയിരുന്നു.
എന്താ ഒരു നിറം ,മുടിയാണേൽ നിതംബത്തിന് താഴെ വരെ പനങ്കുല പോലെ പടർന്ന് പന്തലിച്ച് കിടക്കുന്നു, ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ആ മുഖത്ത്, ഒരു കുരുപോലുമില്ലല്ലോ എന്ന്, തൻ്റെ മുഖത്തെ കുരുക്കൾ പൊട്ടിയ കറുത്ത പാടുകളെ തഴുകിക്കൊണ്ട് താനോർക്കുമായിരുന്നു.
സത്യത്തിൽ, സ്ത്രീകൾക്ക് പോലും പ്രണയം തോന്നിപ്പോകുന്നൊരു സുന്ദരിയായിരുന്നു, സിതാരയെന്ന പേരുള്ള ഗിരിയേട്ടൻ്റെ ഭാര്യ.
പക്ഷേ, ആ ദാമ്പത്യം അധികനാൾ നീണ്ട് നിന്നില്ല ,കല്യാണം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപ്, തെക്കേ തൊടിയിലെ വലിയ കുളത്തിൽ, സിതാരേച്ചി മുങ്ങി മരിച്ചെന്ന വാർത്ത കേട്ട്, താനുൾപ്പെടെയുള്ള എലാവരും ഞെട്ടിത്തരിച്ച് പോയി.
പലരും പലതും പറഞ്ഞു.
കാരണവന്മാർ പതിറ്റാണ്ടുകളായി പൂജ ചെയ്തിരുന്ന തെക്കിനിയുൾപ്പെടുന്ന, പഴയ തറവാടിൻ്റെ അടിക്കല്ലിളക്കി മാറ്റിയത് കൊണ്ടാണ്, ഒരു ദുർമരണമുണ്ടായതെന്നും,
അതല്ല, ഗിരിയേട്ടനുമായി പിണങ്ങിയിട്ട്, സിതാരേച്ചി ആത്മഹത്യ ചെയ്തതാണെന്നും നാട്ടുകാർ പറഞ്ഞ് പരത്തി.
പക്ഷേ, പോലീസ് അന്വേഷണത്തിൽ, നീന്തൽ തീരെ
വശമില്ലാതിരുന്ന സിതാരേച്ചി, കുളത്തിൽ കുളിക്കാനുള്ള ആഗ്രഹം മൂത്തപ്പോൾ, മറ്റുള്ളവരുണരുന്നതിന് മുമ്പ് ഒറ്റയ്ക്ക് കുളിക്കാനിറങ്ങിയതാണെന്നും,
വഴുക്കലുള്ള പടിയിൽ ചവിട്ടി കാല് തെന്നി ആഴമുള്ള കുളത്തിലേക്ക് വീണ് മുങ്ങി മരിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു.
അതോടെ, കിംവദന്തികൾ പറഞ്ഞ് നടന്നവരൊക്കെ, വായടച്ചു.
നീയെന്താ മോളേ.. ആലോചിച്ചോണ്ട് നില്ക്കുന്നത്, വേഗം പോയി ഡ്രെസ്സ് മാറിയിട്ട് എന്തെങ്കിലുമൊക്കെ എടുക്കാനുണ്ടെങ്കിൽ, അതു മെടുത്തോണ്ട് ഇറങ്ങാൻ നോക്ക്
അമ്മായീടെ ശബ്ദം കേട്ടപ്പോഴാണ് ,പാർവ്വതി ഫ്ളാഷ് ബാക്കിൽ നിന്ന് തിരിച്ച് വന്നത്.
പൊന്നേഴത്ത് എന്ന പേര് ,സ്വർണ്ണലിപിയിൽ കൊത്തിവച്ച, വലിയ ഗേറ്റ് കടന്ന് കാറ് അകത്തേയ്ക്ക് കടന്നപ്പോൾ, പാർവതിയുടെ നോട്ടം, അറിയാതെ വീടിനോട് ചേർന്ന് നില്ക്കുന്ന തെക്കെ തൊടിയിലെ വലിയകുളത്തിലേക്ക് വീണു.
ഇറങ്ങി വാ മോളേ …
രണ്ട് നില മാളികയുടെ പോർച്ചിൽ കാറ് നിർത്തിയപ്പോൾ, ആദ്യമിറങ്ങിയ സുമതി പാർവ്വതിയെ അകത്തേക്ക് ക്ഷണിച്ചു.
ഏട്ടൻമാര് രണ്ട് പേരും’ ജോലിക്ക് പോയതാണോ അമ്മായീ…
അതേ മോളെ, മനു ഇപ്പോൾ വരും, അവനെത്തുമ്പോൾ ,
എന്നെയിവിടെ കണ്ടില്ലെങ്കിൽ ബഹളം വയ്ക്കും, അതാ ഞാൻ മോളെയും കൂട്ടി വേഗം അവിടുന്നിറങ്ങിയത്
കൊത്ത് പണികളുള്ള മുൻവാതിലിൽ, താക്കോല് തിരുകി തുറക്കുന്നതിനിടയിൽ, അവർ പറഞ്ഞു.
ഒരുപാട് നാളായി, ഞാനിങ്ങോട്ട് വന്നിട്ട്, അന്ന് ഹൗസ് വാമിങ്ങിന് വന്നപ്പോൾ, എനിക്ക് രണ്ട് ദിവസം അമ്മായീടെ കൂടെ നില്ക്കണമെന്നുണ്ടായിരുന്നു,
പിന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാ ഞാനങ്ങ് പോയത്
അതിനെന്താ, മോൾക്കിനി
മടുക്കും വരെ ഇവിടെ നില്ക്കാമല്ലോ? നിനക്ക് പോകണമെന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി, അമ്മായി തിരിച്ച് കൊണ്ടാക്കിത്തരാം, അതിന് മുമ്പ് നിന്നെക്കൊണ്ട് നല്ലത് പോലെ ആഹാരം കഴിപ്പിച്ച്, ഒരു പത്ത് കിലോയെങ്കിലും തൂക്കം കൂട്ടിയാലെ ,നിൻ്റെ അമ്മയ്ക്ക് കൊടുത്ത വാക്കെനിക്ക് പാലിക്കാൻ പറ്റു
ഓഹ്, ഈ അമ്മായീടേ ഒരു കാര്യം’ ഞാൻ കഴിച്ചോളാം അമ്മായീ.. അല്ലേലും, അമ്മായീടെ കൈപ്പുണ്യമറിഞ്ഞിട്ട് നാള് കുറെയായി
എങ്കിൽ മോള് പോയി, ഈ ഡ്രസ്സൊക്കെ ഒന്ന് മാറ് ,അപ്പോഴേക്കും അമ്മായി മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്ത് വയ്ക്കാം
ശരി അമ്മായി,
പാർവ്വതി മുറിയിലേക്കും, സുമതി അടുക്കളയിലേക്കും പോയി.
വൈകുന്നേരം, അഞ്ചര മണിയായപ്പോൾ മനു ,ജോലി കഴിഞ്ഞ് വന്നു.
എടീ.. പാറു നീയെപ്പോ എത്തി?
പാർവ്വതിയെ കണ്ട് മനു ആശ്ചര്യത്തോടെ ചോദിച്ചു.
ഞാൻ വന്നിട്ട് ഒരു മണിക്കൂറായി മനുവേട്ട ,അല്ല… ഗിരിയേട്ടനെ ഇത് വരെ കണ്ടില്ലല്ലോ?
ഓഹ് ,അയാള് വരുമ്പോൾ പാതിരാവാകും
അയ്യോ അതെന്താ?
അപ്പോഴല്ലേ, ബാറടയ്ക്കു
ങ്ഹേ, ഗിരിയേട്ടൻ കുടിക്കുമോ?
ങ്ഹാ, ഇപ്പോൾ ഒരു മുഴുക്കുടിയനാണെന്ന് പറയാം ,ചിലപ്പോൾ കുടിച്ച് ബോധമില്ലാതെയാകുമ്പോൾ, എന്നെ വിളിക്കും, ഞാൻ പിന്നെ പോയി പൊക്കിയെടുത്ത് കാറിലിട്ടോണ്ട് വരും,
പിറ്റേന്ന് ബോധം വീഴുമ്പോൾ അമ്മ, അയാളുടെ അടുത്ത് ചെന്നിരുന്ന് കുറെ കരയുകയും, പറയുകയും ചെയ്യും,
അപ്പോൾ പറയും, ഇനി മേലാൽ കുടിക്കില്ലെന്ന്, കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ, വീണ്ടും പഴയത് പോലെയാകും
ഈ ഗിരിയേട്ടനിത് എന്ത് പറ്റീ? മുൻപ് ഇങ്ങനല്ലായിരുന്നല്ലോ?
ഉം ശരിയാ, ഏട്ടത്തിയുടെ മരണശേഷമാണ്, അയാള് ഇങ്ങനെ ആയത്
ഈശ്വരാ … പാവം എൻ്റെ ഗിരിയേട്ടൻ, എന്തായാലും ആളിങ്ങ് വരട്ടെ, എത്ര താമസിച്ചാലും, കണ്ടിട്ടേ ഞാൻ കിടക്കുന്നുള്ളു
ങ്ഹാ, നല്ല കാര്യമായി, വരുമ്പോൾ നിന്നെ മനസ്സിലാകാനുള്ള ബോധമൊന്നും അങ്ങേർക്ക് കാണില്ല
എന്നാലും സാരമില്ല
ഉം നിൻ്റെയിഷ്ടം, നീയിരിക്ക് ഞാനൊന്ന് ഫ്രഷാകട്ടെ
ശരി മനുവേട്ടാ …
മനു, പോയി കഴിഞ്ഞപ്പോൾ, പാർവ്വതി, നേരെ ഗിരിയുടെ റൂമിലേക്ക് ചെന്നു.
അതിനകത്ത് കയറിയപ്പോൾ, അവൾ അമ്പരന്ന് പോയി.
ചുമരിൽ സിതാരയുടെ, പല വിധത്തിലുള്ള വലുതും ചെറുതുമായ നിരവധി ഫോട്ടോകൾ ഒട്ടിച്ച് വച്ചിരിക്കുന്നു.
ബെഡ് നന്നായി വിരിച്ചിട്ടിട്ടുണ്ട്, അതിൻ്റെ ഒരു വശത്തായി,സിതാരേച്ചിയുടെ കല്യാണ സാരിയും ബ്ളൗസും വച്ചിരിക്കുന്നു.
തുണികളിടുന്ന സ്റ്റാൻ്റിലെ ഹാംങ്ങറിൽ, പല നിറങ്ങളിലുള്ള നൈറ്റികൾ നിരയായി തൂക്കിയിട്ടിരിക്കുന്നു.
കട്ടിലിനോട് ചേർന്ന ടീപോയ്ക്ക് മുകളിലായി, ഗിരിയേട്ടൻ്റെയും സിതാരേച്ചിയുടെയും വിവാഹ ഫോട്ടോയിൽ, സോറി എന്നെഴുതി വച്ചിരിക്കുന്നത് കണ്ട്, അവളതെടുത്ത് സൂക്ഷിച്ച് നോക്കി.
അതെഴുതിയിരിക്കുന്നത്, മഷി കൊണ്ടല്ലെന്നും, ചോരയുണങ്ങിയ പാടാണതെന്നും, മനസ്സിലായ പാർവ്വതിയുടെ മനസ്സിലേക്ക് ,വല്ലാത്തൊരു ഭീതി കടന്ന് വന്നു .
തുടരും
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission