Skip to content

ലാവണ്യ – 19

lavanya novel

അതിനു ശേഷം  മാളുവിന്റെ മുഖമൊന്നു തെളിഞ്ഞില്ല……. കുറച്ചു നേരം ഡൈനിങ്ങ് ടേബിളിൽ മുഖം മറച്ചിരുന്നു……… പിന്നെ കുറച്ചു നേരം അമ്മയുടെ റൂമിലേക്ക്‌ നോക്കിയിരിക്കും…….. കിച്ചുവിന് പേടിയുണ്ടായിരുന്നു മാളു പോയി അമ്മയോടും അച്ചനോടും എല്ലാം പറയുമോന്ന്…… അതുകൊണ്ട് മാളു സ്വന്തം റൂമിൽ പോകുന്നതു വരെ കൂടെ ഇരുന്നു വാച്ച് ചെയ്യാൻ കിച്ചു തീരുമാനിച്ചു……… ഒരുമിച്ചൊരു  ജീവിതം തുടങ്ങിയില്ല എന്നുള്ളത് പോട്ടെ……. ഇത്രയും നാളായിട്ടും ഒരു റൂമിൽ പോലും അല്ലന്നറിയുമ്പോൾ അവരെങ്ങനെ പ്രതികരിക്കുമെന്നറിയില്ല……… അവരെ ഞങ്ങൾ രണ്ടാളും കളിപ്പിച്ചതു പോലെ തോന്നിയാലോ……..

മാളു അമ്മയുടെ മുറിയിലേക്ക് പോകുന്നതു കണ്ട് കിച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു നിർത്തി……..

എന്താ ഉദ്ദേശം……… എന്തു പറയാൻ പോകുവാ നീ………

എനിക്ക് വയ്യ കിച്ചു…….. വല്ലാത്തൊരു വിഷമം ഉണ്ട് ഉള്ളിൽ………. അമ്മ ഇതുവരെ എന്നോടിങ്ങനെ പെരുമാറിയിട്ടില്ല…… അതോ എനിക്ക് തോന്നുന്നതാണൊന്നും അറിയില്ല…… തെറ്റ് ചെയ്തത് ഞാനാണ്…….. ഈ വീട്ടിൽ ഞാൻ ആരാണെന്നു മനസ്സിലാക്കണമായിരുന്നു……. മാളു പറഞ്ഞു….

കിച്ചു ഓർത്തു…… മാളു കരയാതെ എന്തെങ്കിലും പറഞ്ഞാൽ സൂക്ഷിക്കണം……. അത്രയും വിഷമം ഉള്ളിലുണ്ടാവും………. ചെറിയ കാര്യങ്ങൾക്ക് പൊട്ടിക്കരയും…….. വലിയ വിഷമം എന്തെങ്കിലും ആണെങ്കിൽ അത് ഉള്ളിൽ കൊണ്ടു നടക്കും……. ഇത്രയും കാലം കൊണ്ടത് കിച്ചുവിന് മനസ്സിലായതാണ്……… അമ്മയുടെ വിഷമം കൊണ്ടുള്ള ചെറിയൊരു അവഗണന അവൾക്കു സഹിക്കാൻ പറ്റുന്നില്ല………

മാളു ഇങ്ങനെ ഒന്നും പറയാൻ മാത്രം ഒന്നുമുണ്ടായില്ല…….. അമ്മ അപ്പോഴത്തെ ആ ഒരു വിഷമത്തിൽ പറഞ്ഞതാവും……. ഇങ്ങനെ വിഷമിക്കാതെ……. വാ….. ഈയാവസ്ഥയിൽ അമ്മയെ കാണാൻ പോകണ്ട……. നാളെ സംസാരിക്കാം…….. കിച്ചു ആശ്വസിപ്പിച്ചു……..

വേണ്ട……….. എനിക്കിപ്പോൾ സംസാരിക്കണം അമ്മയോട്……….. ഒരു സമാധാനവും ഇല്ല……. കിടന്നാൽ ഉറക്കം വരില്ല എനിക്ക്………..

മര്യാദക്ക് വരാനാ പറഞ്ഞത്…….. കിച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്കു കൊണ്ടുപോയി……….

ഉറക്കം വരും വരെ പഠിച്ചോ……… ഞാൻ കൂട്ടിരിക്കാം വാ………. കിച്ചു മാളുവിനെ പിടിച്ചിരുത്തി….. അടുത്തിരുന്നു…….

കണ്ണ് രണ്ടും ബുക്കിൽ ആണെങ്കിലും മനസ്സ് വേറെവിടെയോ ആണ് മാളുവിന്റെ………..

എന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ കിച്ചൂന്……. മാളു മുഖത്തു നോക്കാതെ ചോദിച്ചു………

എന്തിനു……..

ഞാൻ ഒരു ഭാര്യ ആവാത്തതിൽ…….. കിച്ചുവിനെ അങ്ങനെ സ്നേഹിക്കാത്തതിൽ……

കിച്ചു ഒന്നു ചിരിച്ചു………

ഞാൻ അറിയുന്നുണ്ട് കിച്ചുവിന്റെ മാറ്റവും …… എന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നോട്ടവും…….. ചില നേരമൊക്കെ ഒരു സുഹൃത്തിനേക്കാൾ ഒരു ഭർത്താവ് ആയി മാറുന്നതും എല്ലാം…….. അറിഞ്ഞിരുന്നിട്ടും  ഞാനതെല്ലാം മനഃപൂർവം കണ്ടില്ലെന്നു വച്ചതാ…… എന്റെ മനസ്സിൽ എന്താണെന്നു എനിക്കു പോലും അറിയില്ല കിച്ചു………. കുറച്ചു നേരം മിണ്ടാതെ ഇരുന്നു മാളു……

ഒന്നറിയാം……. കിച്ചുവിനോട് എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല……… ഇപ്പോൾ കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നതും കിച്ചുവിനൊപ്പമാണ്…….. വരാൻ കുറച്ചു നേരം താമസിച്ചാൽ മനസ്സ് പിടക്കാറുണ്ട്…… കണ്ണുകൾ അറിയാതെ ഗേറ്റ് വരെ എത്തിനോക്കാറുണ്ട് …… വന്നുവെന്ന് അറിയുമ്പോൾ മനസ്സ് ശാന്തമാകാറുണ്ട്……..  പക്ഷേ….. ഒരുമിച്ചു ഒന്നു ജീവിക്കാൻ……… പേടിയാണ് എനിക്ക് ……..

അന്ന് വല്യമ്മ പറഞ്ഞത് പോലെ……… സ്നേഹിക്കുന്നവരുടെ ജീവൻ എടുക്കാൻ ആണ് എന്റെ തലവിധി എങ്കിൽ…….വല്യമ്മ പറഞ്ഞു പറഞ്ഞു എന്റെ ദോഷം  കാരണം ആണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട് പലപ്പോഴും……..   സ്വന്തം എന്നു വിചാരിച്ചു സ്നേഹിച്ചു തുടങ്ങുമ്പോൾ തന്നെ എന്റെ അടുത്തു നിന്നും ദൈവം തട്ടിപ്പറിച്ചാൽ……… ഭാഗ്യം ഇല്ലാത്ത ഒരു ജന്മം ആണ് എന്റെത്  കിച്ചു……. ഇനിയൊരിക്കൽ കൂടി എനിക്കങ്ങനെയൊന്നും സഹിക്കാൻ കഴിഞ്ഞെന്നു വരില്ല……..

ഉറങ്ങുമ്പോൾ ഒരു ദുസ്വപ്നം പോലെ കിച്ചുവിന് പലതും സംഭവിക്കുന്നതായി  മനസ്സിലേക്ക് വരാറുണ്ട്….. പല രാത്രികളിലും ഉറങ്ങാൻ കഴിയുന്നുണ്ടാവില്ല……… അപ്പോഴെല്ലാം കിച്ചു അറിയാതെ  രാത്രിയിൽ  ഞാൻ അടുത്ത് വന്നു നിന്ന് നോക്കാറുണ്ട്……. ഉയർന്നു താഴുന്ന ആ ശ്വാസഗതി നോക്കി ആശ്വസിച്ചു തിരിച്ചു പോരാറുണ്ട്……. എനിക്ക് പേടിയാണ് കിച്ചു…… എന്റെയടുത്തു നിന്നും കിച്ചുവും കൂടി…..  ഞാൻ കാരണം ഇനി അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു  മകൻ കൂടി……..

മനസ്സിൽ നിന്നും ഒന്നും മാഞ്ഞിട്ടില്ല ഇന്നുവരെ……….. ചിരിച്ചു കളിച്ചു അത്രയും നേരം എന്റെയൊപ്പം നിന്നയാൾ……. ചേർത്ത് പിടിച്ചതിന്റെ ചൂടൊന്ന് ആറുന്നതിനു മുൻപ്….. കണ്മുന്നിൽ………. അതുപോലെ  ഇനിയുമൊരു  വേദന  താങ്ങാൻ മനസ്സിന് ശക്തിയില്ല……

കിച്ചുവിനെ അങ്ങനെ കാണാൻ ശ്രമിക്കാത്തത് അതുകൊണ്ടാണ്……. മനഃപൂർവം…….. അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല……… ഇത്രയും ഏട്ടനെ സ്നേഹിക്കുന്ന അനിയനെ…….. ആരുമില്ലാത്ത എനിക്കുവേണ്ടി അറിഞ്ഞു കൊണ്ടു സ്വന്തം ജീവിതം തന്ന കിച്ചുവിനെ……. ഞാൻ  സ്നേഹിക്കാതിരിക്കുന്നതെങ്ങനെ …….  അതിനൊരിക്കലും എനിക്ക് കഴിയില്ല………

അന്നെന്റെ ആരുമല്ലാതിരുന്നപ്പോൾ ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന നമ്മുടെ മനസ്സുകളെന്തേ…… ഇന്ന്  സ്വന്തമായപ്പോൾ ഇരു ദിശയിലേക്കൊഴുകുന്നത്………

കിച്ചു കഴിഞ്ഞ ദിവസം ഡയറിയിൽ എഴുതിയതാണ്………. എന്റെ മനസ്സ് കിച്ചുവിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി……. അത് കിച്ചു അറിയാതെ ഞാൻ കൊണ്ടുനടക്കുകയായിരുന്നു…….. സത്യമായിട്ടും പേടിയാണ് കിച്ചോ……… കിച്ചുവിന്റെ കയ്യിൽ അമർത്തി പിടിച്ചു…… മുഖത്തേക്ക് നോക്കി പറഞ്ഞു……..

അടുക്കാൻ എനിക്ക് പേടിയാണ് കിച്ചോ ……… സ്നേഹിക്കാനും……

മാളു മുഖം പൊത്തി ടേബിളിൽ  കിടന്നു……..

എല്ലാം കേട്ട് ഞെട്ടിയിരിക്കുകയാണ് കിച്ചു……. അപ്പോൾ മാളു പറഞ്ഞതിനർത്ഥം അവളുടെ മനസ്സിൽ ഞാൻ ഉണ്ടെന്നല്ലേ…….. കിച്ചുവിന്റെ മുഖം വിടർന്നു……… അതേടാ…. പൊട്ടാ….. അതുതന്നെ…….. ആരോ മനസ്സിൽ നിന്നും പറഞ്ഞത് പോലെ………. മാളുവിന്റെ ഏങ്ങലടി കേട്ട് കിച്ചു പതിയെ  മാളുവിന്റെ കയ്യിൽ പിടിച്ചു………. വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു കുറച്ചേറെ  നേരം…… ഒന്നും മിണ്ടാതെ ……..

പിന്നെ എഴുന്നേറ്റു മാളുവിന്റെ മുഖം ഉയർത്തി……. കണ്ണുനീർ തുടച്ചു കൊടുത്തു………… കാത്തിരുന്നതുപോലെ മാളു കിച്ചുവിന്റെ വയറിലേക്ക് മുഖം ചേർത്ത് വെച്ചു കരഞ്ഞു………. മൂർദ്ധാവിൽ കിച്ചുവിന്റെ ചുണ്ടു ചേർന്നപ്പോഴേക്കും രണ്ടു കൈയാലും ചേർത്തു പിടിച്ചിരുന്നു മാളു കിച്ചുവിനെ……..

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നു കരുതി……… അതും വിവരമില്ലാത്ത ആ സ്ത്രീ…… ഇത്രയും പാവമാവരുത് മാളു നീ… ഏട്ടന്റെ ആയുസ്സ് അത്രയുമേ ഉണ്ടായിരുന്നുള്ളു…… നീ ഏട്ടന്റെ  ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിലും ആ ആയുസ്സ്……. അത് അത്രയുമേ ഉണ്ടായിരുന്നുവുള്ളൂ …….. പിന്നെ നിന്റെ അച്ഛൻ മരിച്ചതിനു കാരണം….. അതെങ്ങനെ മാളുവാകും……. ചിന്തിച്ചാൽ മനസ്സിലാവും ആർക്കും അതെന്തിനെന്നു…….   നിന്റെ ജീവിതത്തിലെ ചീത്ത വശങ്ങൾ മാത്രമേ നീ ചിന്തിക്കുന്നുള്ളു ……. നല്ലത് എല്ലാം മനഃപൂർവം ഓർക്കാൻ ശ്രമിക്കുന്നില്ല……

ഏട്ടൻ നോർമൽ ആവാൻ കാരണം നീയാണ്…..  ഏട്ടൻ പറയാൻ ബാക്കി വച്ചത് മറ്റുള്ളവരെ അറിയിക്കാൻ നിമിത്തമായത് നീയാണ്…… ഈ വീട്ടിൽ ഏട്ടന്റെ ഒരു കുറവ് നികത്തിയതും  നീയാണ്…….. എനിക്കു പോലും അച്ഛനും  അമ്മയ്ക്കും  ഇത്രയും സന്തോഷം കൊടുക്കാൻ സാധിക്കില്ല………..ദീപുവിനൊരു നല്ല ജീവിതം കൊടുത്തതും നീയാണ്……. അതും സ്വന്തം ജീവിതം ഓർക്കാതെ……. പിന്നെ…….  എന്റെ ജീവിതം ഇത്രയും മാറാൻ കാരണവും നീ തന്നെയാണ്…… ഇത്രയും നല്ലതൊക്കെ ചെയ്തില്ലേ നീ…… അറിഞ്ഞോ.. അറിയാതെയോ…….

പറയാതെ ഉള്ളിൽ മൂടി  വച്ചിരുന്നതെല്ലാം പുറത്തേക്കു വന്നതു കൊണ്ടാവും കണ്ണുനീരും അതുപോലെ ഒഴുകിക്കൊണ്ടിരുന്നു മാളുവിന്റെ…….. ഒന്നാശ്വസിക്കും വരെ കിച്ചു മാളുവിന്റെ മുടിയിൽ തഴുകി നിന്നു…….. കൈകൾ അയയുന്നതറിഞ്ഞു കിച്ചു……. പതിയെ മാളു കിച്ചുവിന്റെ  ശരീരം വിട്ടു മാറി…….. കിച്ചുവിന്റെ മുഖത്തു നോക്കാതെ മാറിയിരുന്നു മാളു…….. കരഞ്ഞു മുഖമെല്ലാം ചുവന്നു…….

ഇനിയും ഇതുപോലുള്ള ചിന്തകൾ വേണ്ട…  കേട്ടോ മാളു……. ഞാൻ അമ്മയോട് സംസാരിച്ചോളാം……. അമ്മ ഒരാഗ്രഹം പറഞ്ഞതല്ലേ……. അല്ലെങ്കിലും അവർക്കൊന്നും ഒരിക്കലും മാളുവിനോട് പിണങ്ങാൻ കഴിയില്ല…….. എന്നെ ചിലപ്പോൾ ദിവസങ്ങളോളം കാണാതെ അവർക്കു കഴിയാൻ പറ്റും…….. പക്ഷേ…… മാളുവിനെ കാണാതെ ഒരു നിമിഷം പോലും അവർക്കു കഴിയാൻ പറ്റുമെന്ന്  തനിക്കു തോന്നുന്നുണ്ടോ………തന്നെ പിരിയാൻ മടിയുള്ളതുകൊണ്ടല്ലേ എന്നോട് ചേർത്തു വച്ചതും……. ഒന്നും ഓർക്കേണ്ട……. സമാധാനത്തോടെ  വന്നു കിടന്നോ…..  വാ…..

മാളുവിനെ പിടിച്ചു ബെഡിൽ കിടത്തി……..  ഉറങ്ങും വരെ കിച്ചുവിന്റെ മുഖത്തേക്ക് നോക്കിയില്ല മാളു……… മാളുവിന്റെ കയ്യെടുത്തു കൈക്കുള്ളിൽ വെച്ചു പതിയെ തലോടി……  മാളു ഉറങ്ങിയെന്നു ഉറപ്പായപ്പോൾ കിച്ചു എഴുന്നേറ്റു റൂമിലേക്കു പോയി……

സന്തോഷം കൊണ്ടാണെന്നു തോന്നുന്നു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല കിച്ചുവിന്…….മാളു പറഞ്ഞതെല്ലാം മനസ്സിൽ ഇട്ട് തിരിച്ചും മറിച്ചും ചിന്തിച്ചുകൊണ്ടേയിരുന്നു… കുറച്ചു നാളുകളായി കേൾക്കാൻ കൊതിച്ചിരുന്നതാണ് ആ പറഞ്ഞതെല്ലാം …… പാവത്തിന് നന്നായിട്ട് പേടിയുണ്ട്……. ആ സ്ത്രീ പറഞ്ഞത് അത്രയും ആഴത്തിൽ പതിഞ്ഞിട്ടുണ്ട്…….. എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും അവരെ……. ദേഷ്യം തോന്നിയെങ്കിലും മാളുവിന്റെ മുഖം മനസ്സിൽ ഓർത്തപ്പോൾ ആകെയൊരു മഴ നനഞ്ഞ പ്രതീതി……..

വീണ്ടും മനസ്സിൽ നിന്നും മനസ്സിലേക്കുള്ള ദൂരം കുറഞ്ഞെങ്കിലും  ഈ റൂമിൽ നിന്നും ആ റൂം വരെയുള്ള ദൂരം എങ്ങനെ കുറയ്ക്കുമെന്ന് അപ്പോഴും അറിയില്ലായിരുന്നു കിച്ചുവിന്……

രാവിലെ കിച്ചു കണ്ണു തുറന്നപ്പോൾ ബെഡിൽ ഒരറ്റത്തു മറുവശത്തേക്ക്  തിരിഞ്ഞു കിടക്കുന്ന മാളുവിനെയാണ് കണ്ടത്…….. ഇത്രയും പെട്ടെന്ന് എന്റെ പ്രാർത്ഥന ദൈവം കേട്ടോ……  കിച്ചുവിന് ഒരുപാട് സന്തോഷം തോന്നി…….. മാളു എഴുന്നേൽക്കാൻ തുടങ്ങുവാണെന്നു തോന്നുന്നു…….. കിച്ചു കണ്ണടച്ചു കിടന്നു…… താൻ കണ്ടുവെന്ന് അറിയണ്ട……. നോക്കാൻ ചമ്മൽ ഉണ്ടാവും മാളുവിന്‌……..

തന്റെ കയ്യെടുത്തു രണ്ടു കൈക്കുള്ളിലാക്കി പിടിച്ചിട്ടുണ്ട്…….. കവിളിൽ ആണെന്നു തോന്നുന്നു ചേർത്ത് വച്ചിട്ട് തിരിച്ചു അതുപോലെ വെച്ചു…….. ഡോറടയുന്ന ശബ്ദം കേട്ടു…… കിച്ചു ഒരു ചിരിയോടെ കണ്ണു തുറന്നു……… എഴുന്നേറ്റു…….. ചെയ്യുന്നതിലൊന്നും മനസ്സ് ഉറക്കാത്തതുപോലെ തോന്നി കിച്ചൂന്…… കുളിച്ചു റെഡിയായി ഇറങ്ങി…… മാളുവിനെ റൂമിൽ കണ്ടില്ല…….. നേരെ കിച്ചണിലേക്ക് പോയി…….

അവിടെ അമ്മയെ പിറകിലൂടെ കെട്ടിപ്പിടിച്ചു നിൽക്കുന്നു  മാളു…….. കൂടെ അമ്മ ദോശ ചുടുന്നുണ്ട്……. അമ്മയെന്തൊക്കെയോ പറയുന്നുണ്ട്…….. അതിനനുസരിച്ചു മൂളുന്നുണ്ട് മാളുവും……. ദോശ ഒരു പ്ലേറ്റിൽ ആക്കി ചട്ണിയും വെച്ചു കയ്യിൽ പിടിപ്പിച്ചു മാളുവിന്റെ……… മാളു വായിൽ വെയ്ക്കുന്ന കൂടെ അമ്മയ്ക്കും കൊടുക്കുന്നുണ്ട്…….. തന്നെക്കൊണ്ട് ഇതുവരെ സാധിക്കാത്തത്…….  ഇങ്ങോട്ട് തരുമ്പോൾ വാ പൊളിച്ചു വാങ്ങുമെന്നല്ലാതെ അമ്മക്ക് ഇതുവരെ കൊടുത്തിട്ടില്ല……..

ഇന്ന് മാളുവിന്റെ മുഖത്തു വല്ലാത്തൊരു ചന്തം…….. തനിക്കു സ്നേഹക്കൂടുതൽ കൊണ്ടു തോന്നിയതാണോ ഇനി……. കിച്ചു ഒന്നുകൂടി സൂക്ഷിച്ചു നോക്കി……. എന്നും പേരിനു മാത്രം തൊടുന്ന സിന്ദൂരം ഇന്ന് നിറയെ വച്ചിട്ടുണ്ട്…..  എപ്പോഴും മൂടി വച്ചിരുന്ന താലി വെളിയിൽ ഇട്ടിട്ടുണ്ട്…….. അതിലെ കിച്ചു എന്ന പേര് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി…..  ഇന്നേവരെ അതൊന്നു അടുത്ത് കണ്ടിട്ടില്ല…….. താലി കെട്ടുമ്പോൾ പോലും നോക്കിയിട്ടില്ല അതിലേക്ക്………

ദോശ തീരുന്നതിനു അനുസരിച്ചു അമ്മ ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്……  ഇവളെ കണ്ടാൽ പറയില്ലല്ലോ ഇത്രയും കഴിക്കുമെന്ന്……… പിന്നെയാണ് ശ്രദ്ധിച്ചത് കുഞ്ഞു കുട്ടികൾക്ക് ഉണ്ടാക്കുന്ന ദോശ പോലെ തീരെ ചെറുത്…….. കിച്ചു തലക്കിട്ടു അറിയാതെ അടിച്ചു പോയി…….

ആഹാ…. നീ എണീറ്റോ……. കിച്ചുവിനെ കണ്ട് അമ്മ ചോദിച്ചു……… മാളു പ്ലേറ്റും കൊണ്ടു സൈഡ് തിരിഞ്ഞു നിന്നു……..

ചായ കയ്യിൽ തരുമ്പോൾ അമ്മ പറഞ്ഞു…….  മോള് പറഞ്ഞു എന്നോടെല്ലാം…….. രണ്ടും കൂടെ ഞങ്ങളെ കളിപ്പിച്ചതെല്ലാം…….. ഞാൻ ആയതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു രണ്ടിനോടും……. ഇത്  അമ്മയോട് കുറച്ചു നേരത്തെ പറഞ്ഞിരുന്നുവെങ്കില് എന്റെ കൊച്ചിന് ഇത്രയും വിഷമിക്കേണ്ടി വരുമായിരുന്നോ……….

കിച്ചു തല താഴ്ത്തി….. പാവം അമ്മ…. എന്നെയോർത്തു നല്ല വിഷമം ഉണ്ട്……..ഒന്നു കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തേക്കാം…..  മുഖം ഉയർത്തി നോക്കിയപ്പോൾ അമ്മ മാളുവിന്റെ മുഖത്തു തലോടുവാണ്…… ആഹാ….. എന്റെ കൊച്ച് എന്ന് പറഞ്ഞത് മാളുവിനെയായിരുന്നോ……. ഇപ്പോ വെറുതെ ചമ്മിയേനെ……. ഉമ്മ

കൊടുത്തിരുന്നെങ്കിൽ ഭാര്യയുടെ മുന്നിൽ വെച്ചു അടിയും കിട്ടിയേനെ……… ഇത്രയും നാൾ ഒന്നും പറയാതിരുന്നതിന്റെ ദേഷ്യം……..  ദൈവം കാത്തു………

ഞാൻ ഇത് അച്ഛനോട് പറയാൻ പോകുവാ…….. നിന്നോടുള്ള ദേഷ്യത്തിനു മാളുവിന്‌ ഡിവോഴ്സ് വരെ വാങ്ങിക്കൊടുത്തെന്നിരിക്കും……. നോക്കിക്കോ…….. അമ്മ പറഞ്ഞു…..

അതിനു ഇനി അമ്മയല്ല……. അമ്മയുടെ ഭർത്താവ് അരവിന്ദൻ വക്കീൽ വന്നു നേരിൽ പറഞ്ഞാൽ പോലും എന്റെ പെണ്ണ് ഇനിയതിനു  സമ്മതിക്കില്ല രാധൂ…….. കിച്ചു രാധികയുടെ കവിളിൽ നുള്ളി പറഞ്ഞു…….

ടാ…….. അച്ഛനെ പറയുന്നതും പോരാ….. പേര് വിളിക്കുന്നോ നീ…….രാധിക കിച്ചുവിന് നേരെ  കയ്യോങ്ങി…….. അമ്മ അച്ഛനുള്ള ചായയും എടുത്തു അടുക്കള വിട്ടു……..

കിച്ചു മാളുവിനെ ഒന്നു നോക്കി………. ആ മുഖത്തു ദേഷ്യം വരുന്നതു കണ്ടപ്പോഴേ മാളു തല കുനിച്ചു…………..

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!