ഡ്രസ്സിങ് കണ്ടപ്പോഴേ അരവിന്ദനും ഭാര്യക്കും മനസ്സിലായി ഇതിൽ രണ്ടാളുടെയും താൽപര്യക്കുറവ്………മാളുവിനെ അമ്മ മുറിയിൽ കൊണ്ടുപോയി സെറ്റ് സാരി ഒന്നുകൂടി നന്നായി ഉടുപ്പിച്ചു….. കിച്ചു ഒരു മുണ്ടും ഷർട്ടും…….. ആ ഷർട്ട് ഒന്ന് നോക്കി മാളു……. തന്റെ കയ്യിലുള്ള അതേപോലെ തന്നെയുള്ള വേറൊരു ഷർട്ട്…….. ഇറങ്ങിയപ്പോൾ കിച്ചു വിന്റേയും മാളുവിന്റെയും കണ്ണുകൾ ഹരിയെ ഒരു നോക്കു നോക്കി…….മാളു പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു……….
ഇന്നലെ തൊട്ട് ഇപ്പോൾ ഒരുമിച്ചു അമ്പലത്തിലേക്ക് പോകും വരെ രണ്ടാളും ഒന്നും മിണ്ടിയിട്ടില്ല………. അന്യോന്യം ഒരുപാട് അകൽച്ച തോന്നും പോലെ……. ഒന്നു തമ്മിൽ നോക്കാൻ പോലും മടിയായി…… കിച്ചുവിൽ നിന്നും ഇടയ്ക്കിടെ ദീർഘശ്വാസം വെളിയിലേക്കു വന്നു കൊണ്ടിരുന്നു…….. മാളു ശ്വാസം എടുക്കുന്നുണ്ടോ എന്നു പോലും സംശയം തോന്നി കിച്ചുവിന് ……..
ദീപുവേട്ടനെ വിവാഹക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മനസ്സിലായത് അമ്പലത്തിൽ ദീപുവേട്ടനെ കണ്ടപ്പോഴാണ്……… കൂടെ ഒരു പെണ്ണും ഉണ്ട്….. കണ്ടാൽ മനസ്സിലാകും അത് ദീപുവേട്ടന്റെ ഭാര്യ ആണെന്ന്…….. ഒരു പരിചയക്കുറവും ഇല്ലാതെ അവർ വന്നു കയ്യിൽ പിടിച്ചു സംസാരിച്ചു………. ദീപുവേട്ടന്റെ മുഖത്ത് ഒരാശ്വാസം ഒക്കെ കാണുന്നുണ്ട്…… അത് തനിക്കൊരു ജീവിതം കിട്ടിയല്ലോ എന്നോർത്താണെന്നു മാളുവിന് മനസ്സിലായി……
താലി കെട്ടുമ്പോൾ മാളുവിന്റെ തല ഭൂമിയിൽ മുട്ടും വിധം കുനിഞ്ഞിരുന്നു……. കിച്ചുവിന്റെ കയ്യുടെ വിറയൽ മാളു ശരിക്കും അറിഞ്ഞു…… തിരുനെറ്റി വീണ്ടും ചുവന്നു…….
ഹരിയേട്ടൻ സിന്ദൂരം തൊട്ടു തന്നിട്ട് തന്റെ സാരിത്തുമ്പിൽ വിരൽ തൂത്തത് ഓർത്തു മാളു….. അമ്പലത്തിൽ കൈകൂപ്പി നിന്നതല്ലാതെ ഒന്നും പ്രാർത്ഥിക്കാൻ മനസ്സിൽ വന്നില്ല…… അച്ഛനും അമ്മയും അനുഗ്രഹിച്ചപ്പോൾ നാലാളുടെയും കണ്ണു നിറഞ്ഞിരുന്നു……… ആ നാലു മനസ്സിലും ഉണ്ടായിരുന്നത് ഒരേ ഒരു മുഖം മാത്രമായിരുന്നു……..
തനിക്കു വിഷമം ആവണ്ടാന്ന് വിചാരിച്ചാവും അച്ഛൻ കുടുംബക്ഷേത്രത്തിൽ വച്ചു ചടങ്ങ് നടത്താഞ്ഞത്……. കാരണം അവിടെ വച്ചായിരുന്നു ഹരിയേട്ടന് ഞാൻ സ്വന്തം ആയത്……… കിച്ചു കെട്ടിയ താലിയിലേക്കൊന്നു നോക്കാനോ ഒന്നു തൊടാനോ തോന്നിയില്ല…….. തനിക്ക് അർഹത ഇല്ലാത്ത എന്തോ ഒന്ന് കഴുത്തിൽ അണിഞ്ഞത് പോലെ തോന്നി മാളുവിന്……….
ദീപുവേട്ടൻ വന്നു അടുത്തു നിന്നു…….. ഇന്ന് ദീപു ഇങ്ങനെ ഒരു നിലയിൽ നിൽക്കാൻ കാരണം മാളു ആണ്…… മാളുവിന്റെ ജീവിതം കൊണ്ടു നേടിയെടുത്തതാണെല്ലാം…… ഞാൻ അറിഞ്ഞിരുന്നില്ല ഒന്നും……. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനിതിന് സമ്മതിക്കില്ലായിരുന്നു……… പക്ഷേ ഇപ്പോൾ തോന്നുന്നു പറയാതിരുന്നത് തന്നെയാണ് നല്ലതെന്നു……. ഞങ്ങളുടെ ജീവിതത്തിൽ നിന്റെ ശാപം ഉണ്ടാവരുത് മോളെ…….. ശപിക്കരുത് ദീപുവിനെ…….ആ ചേച്ചി പറഞ്ഞു………
കിച്ചു ഒന്നും മനസ്സിലാവാതെ മാളുവിന്റെ മുഖത്തേക്ക് നോക്കി……… ഇതും കൂടി കിച്ചു അറിഞ്ഞാൽ………. കിച്ചുവിന്റെ ദേഷ്യം അറിയാവുന്ന മാളു പെട്ടെന്ന് വിഷയം മാറ്റി…… ഇല്ലെങ്കിൽ ഇന്ന് ദീപുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നറിയാം……
സാരമില്ല……. എല്ലാം കഴിഞ്ഞില്ലേ……..ഞാൻ ആരെയും ശപിക്കാറില്ല പ്രത്യേകിച്ച് ദീപുവേട്ടനെ……… എന്റെ സഹോദരൻ അല്ലേ ഒന്നുമല്ലെങ്കിലും…… വല്യമ്മ എന്തെടുക്കുന്നു……. സുഖമാണോ……. മാളു ചോദിച്ചു…….
എല്ലാവരും മാളു ആവണമെന്നില്ല……. അതൊന്നു തെളിയിച്ചു കൊടുക്കുവാ ഞാൻ ഇപ്പോൾ …… നിന്നോട് ചെയ്തതും കൂട്ടി……. പലിശ സഹിതം……… മാളുവിന്റെ ചെവിയിൽ ഒരു രഹസ്യം പോലെ പറഞ്ഞു…….
വേണ്ട ചേച്ചീ…….. ഒന്നുമല്ലെങ്കിലും എല്ലാവരും കാരണം എനിക്കൊരു അച്ഛനെയും അമ്മയെയും കിട്ടിയില്ലേ……. അതുകൊണ്ട് എനിക്കാരോടും ദേഷ്യമില്ല………. മാളു പറഞ്ഞു……….
തിരിച്ചു വീട്ടിലേക്കു പോരുമ്പോളും രണ്ടാളും രണ്ടു ദിശയിലേക്ക് നോക്കിയിരുന്നു…….. മുൻസീറ്റിൽ ഇരുന്ന് രാധിക അവരെ നോക്കിയിട്ട് അരവിന്ദനെ നോക്കി…… അയാൾ എല്ലാം ശരിയാകും എന്ന് കണ്ണടച്ച് കാണിച്ചു……
രണ്ടാളോടും വെളിയിൽ നിൽക്കാൻ പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി……… കിച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു ഏട്ടന്റെ അരികിലേക്ക് പോയി…….. രണ്ടാളും ഹരിയുടെ അടുത്ത് പോയി നിന്നു…….. ഒന്നും മിണ്ടാതെ കുറച്ചു നേരം ഹരിയെ തന്നെ നോക്കി നിന്നു…… പെട്ടെന്ന് കിച്ചു അവിടെ നിന്നും തിരിഞ്ഞു വീട്ടിലേക്കു കയറിപ്പോയി……….. വിളക്കെടുത്തു വന്ന രാധികയുടെ വിളിപോലും കേൾക്കാൻ നിൽക്കാതെ………
മാളുവിന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുകി……. സാരമില്ല…….നീ തനിച്ചല്ല……. എന്നു പറയും പോലെ ഒരു കാറ്റ് മാളുവിനെ തഴുകി കടന്നു പോയി…….. അമ്മ വന്നു ചേർത്തു പിടിച്ചു…… വിളക്കു കയ്യിൽ തന്നു……. അകത്തേക്ക് കൊണ്ടുപോയി…………….
അമ്മ ചെറിയൊരു സദ്യ ഒക്കെ ഒരുക്കി…….. ഉച്ചയായപ്പോൾ കുറച്ചു പേർ വന്നു……… ആരാണെന്നു മാളുവിന് മനസ്സിലായില്ല…….. അമ്മയാണ് പറഞ്ഞത് അതെല്ലാം കിച്ചുവിന്റെ കൂട്ടുകാരാണെന്നു…… എല്ലാവരും നേരെ കിച്ചുവിന്റെ മുറിയിലേക്ക് പോയി……. അവിടെ നിന്നും ഉച്ചത്തിൽ ഉള്ള സംസാരം ഒക്കെ കേട്ടു….
അച്ഛനാണ് അവരെയൊക്കെ വിളിക്കാൻ എന്നോട് പറഞ്ഞത്…….. എന്നിട്ട് അച്ഛൻ മുങ്ങി…… അച്ഛൻ ഇല്ലെന്നുള്ള ധൈര്യത്തിലാണ് ഇത്രയും ശബ്ദം…….. നിങ്ങൾ രണ്ടാളും ഒന്നു റിലാക്സ് ആവാൻ ആണ് അവരോടു കൂടി വരാൻ പറഞ്ഞത്……… അമ്മ പറഞ്ഞു……..
മാളുവിനോട് അവരുടെ അടുത്തേക്ക് പോകാൻ പറഞ്ഞെങ്കിലും മാളു പോകാതെ അമ്മക്കൊപ്പം നിന്നു……….. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവരെല്ലാം താഴേക്കു ഇറങ്ങി വന്നു കിച്ചുവിന്റെ കൂടെ………. അമ്മ മാളുവിന്റെ കയ്യിൽ അവർക്കു കുടിക്കാനുള്ളത് ഏൽപ്പിച്ചു…….. മാളു മടിച്ചു മടിച്ചു അവർക്കരികിലേക്ക് പോയി…….. മാളുവിനെ കണ്ടതും കലപില സംസാരിച്ചുകൊണ്ടിരുന്നവർ പെട്ടെന്ന് നിശബ്ദരായി……… ആരെയും നോക്കാതെ മാളു ട്രേ ടീപ്പോയിൽ വച്ചിട്ടു തിരിഞ്ഞു നടന്നു……….
ഇത് കയ്യിൽ എടുത്തു തന്നാൽ എന്താ…….. ഞങ്ങൾ കടിച്ചു തിന്നതൊന്നുമില്ല……..
ഏതോ ഒരുത്തൻ പറഞ്ഞു………
വേണേൽ എടുത്തു കുടിക്കെടാ…….. കിച്ചുവാണതെന്നു മാളുവിന് മനസ്സിലായി…….
വീണ്ടും പോകാൻ തുടങ്ങിയപ്പോൾ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു……..
ഇവനെ കാണാൻ വന്നതല്ല ഞങ്ങൾ…….. മാളുവിനെ കാണാൻ വന്നതാ……. ഇങ്ങു വാടോ…….. ഒരു പെണ്ണ് മാളുവിന്റെ കയ്യിൽ പിടിച്ചു കിച്ചുവിന്റെ തൊട്ടരികിൽ പിടിച്ചിരുത്തി…….
മുഖത്തേക്കൊന്നു നോക്കെടോ മാളു …….. ഇങ്ങനെ തലയും കുനിച്ചിരുന്നാൽ പിടലി വേദന എടുക്കില്ലേ ……. ഇനി നിന്നോട് പ്രത്യേകം പറയണോ…….. ഒന്നു പരിചയപ്പെടുത്തി താടാ….. കിച്ചുനോടായി പറഞ്ഞു……..
കിച്ചു മാളുവിന് ഓരോരുത്തരെയായി പരിചയപ്പെടുത്തി കൊടുത്തു…….. എല്ലാവർക്കും ചെറിയൊരു ചിരി കൊടുത്തു മാളു………
ഇതാണ് അനു…….. ഇവൾക്ക് വേണ്ടിയാണു അന്ന് എന്നെ പോലീസ് ഇട്ടോടിച്ചത്….. കിച്ചു മാളുവിനോട് പറഞ്ഞു……..
മാളു അനുവിനെ ഒന്നു നോക്കി……… പിന്നെ കിച്ചുവിനെയും………. അവരൊക്കെ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നു……. എന്തിനാണ് അനുവിനെ സ്പെഷ്യൽ ആയി പരിചയപ്പെടുത്തുന്നത് എന്നോർത്തു…….
എല്ലാവരും ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാനും…….. അപ്പോഴും മാളുവിനെ വെറുതെ വിട്ടില്ല …… കിച്ചുവിനരികിൽ പിടിച്ചിരുത്തി………. പോകാൻ നേരം കൂടെയുള്ള പെൺകുട്ടികൾ മാളുവിനെ വളഞ്ഞു കെട്ടിപ്പിടിച്ചു പറഞ്ഞു ……….
മാളു…….. കിച്ചുവിന്റെ സ്വഭാവം അറിഞ്ഞു വച്ചുകൊണ്ട് താൻ ലക്കി ആണെന്ന് ഞങ്ങൾ പറയില്ല…….. പക്ഷേ…….. കിച്ചു ഭാഗ്യം ചെയ്തവനാണ്……. ഇത്രയും പാവം തന്നെ കിട്ടിയതിൽ………. ദേഷ്യം കുറച്ചു കൂടുതൽ ആണെന്നേ ഉള്ളൂ ഞങ്ങളുടെ കിച്ചൂന്…….. സ്നേഹത്തിന്റെ കാര്യത്തിൽ അവന്റെ ഏഴ് അയൽവക്കത്തു പോലും ഞങ്ങൾക്ക് എത്താൻ പറ്റിയിട്ടില്ല……..
ഞങ്ങളുടെ ചെറിയൊരു ഗിഫ്റ്റ് ആണ്…….. ഇനി മാളുവും ഉണ്ടാവും ഞങ്ങളുടെ ഗാങ്ങിൽ………… അതുംപറഞ്ഞു രണ്ടു മോതിരം എടുത്തു അതിലൊരാൾ…….. കിച്ചുവിന്റെയും മാളുവിന്റെയും കയ്യിൽ കൊടുത്തിട്ട് മാറ്റിയിടാൻ പറഞ്ഞു……… രണ്ടാളും മടിച്ചു നിന്നപ്പോൾ അവർ തന്നെ മുൻകൈ എടുത്തു അവരെ നേർക്കു നേർ നിർത്തി…….. മാളുവിന്റെ കൈ പിടിച്ചു നീട്ടിക്കൊടുത്തു…… കിച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു മോതിരം ഇട്ടു…… സിൽവർ കളറിൽ കിച്ചു എന്ന് മനോഹരമായി എഴുതിയിട്ടുണ്ട് അതിൽ……… അച്ഛൻ പണിയിച്ച താലിയിലും ഉണ്ടായിരുന്നു കിച്ചു എന്ന പേര്…… മാളുവിനെ കാണിച്ചിരുന്നു അമ്മ……. കഴുത്തിൽ അത് വീണതിന് ശേഷം നോക്കിയിട്ടില്ല…….
മാളൂ……. കിച്ചുവിന്റെ കയ്യിൽ റിംഗ് ഇടൂ…….. ആരുടെയോ ശബ്ദം ആണ് മാളുവിനെ ബോധത്തിലേക്ക് കൊണ്ടുവന്നത്…….. അതിൽ ലാവണ്യ എന്നായിരുന്നു എഴുതിയിരുന്നത്……… താൻ പോലും മറന്നു പോയി തന്റെ ആ പേര്…. മോതിരം ഇടുമ്പോൾ കിച്ചുവിനെ ഒന്നു നോക്കി……… തന്നെ നോക്കി നിൽക്കുവാണ്….. ആ മനസ്സിൽ എന്തോ തന്നോട് ചോദിക്കാനുണ്ട്…….. എന്താന്ന് അറിയാൻ പറ്റുന്നില്ല……..
കിച്ചുവിന്റെ അരികിൽ ചേർത്തു നിർത്തിയും…. കയ്യെടുത്തു തന്റെ തോളിൽ വച്ചും…….. അവരുടെ കൂടെ നിന്നും ഒക്കെ അവർ കുറേ ഫോട്ടോസ് മൊബൈലിൽ എടുത്തു……. എല്ലാത്തിനും നിന്നു കൊടുത്തു മാളു……….. എന്തോ ഒന്നും മിണ്ടാതെ കൂടെ കിച്ചുവും നിന്നുകൊടുത്തു….. ദേഷ്യപ്പെടാതെ…… അതിനും കിട്ടി കിച്ചുവിന് കൂട്ടുകാരുടെ കളിയാക്കൽ…….. മാളു കൂടെ ഉള്ളതിനാൽ ആണെന്നും പറഞ്ഞു……..
എല്ലാവരും പോകാനിറങ്ങിയപ്പോൾ ആണ് അച്ഛൻ കയറി വന്നത്……… കയ്യിലുള്ള ഒരു പാക്കറ്റ് മാളുവിന് കൊടുത്തു….. കവിളിൽ പതിയെ തട്ടി ……… കണ്ടാലറിയാം അത് നിറയെ ഡയറി മിൽക്ക് ആണെന്ന്……. എന്നിട്ട് തിരിഞ്ഞു നിന്ന് അവരോടായി കൈകൂപ്പി പറഞ്ഞു…….
എന്റെ മോളൊരു പാവമാണ്….. അതിനെ നിങ്ങളുടെ ഗാങ്ങിൽ ചേർത്ത് ചീത്തയാക്കരുത്…….. അതിനു ഞാൻ എന്റെ കുടുംബത്തിലെ ഒരാളെ നിങ്ങൾക്കായി വിട്ടു തന്നിട്ടുണ്ട്…… അപേക്ഷ ആണ് എന്റെ……..
എല്ലാവരും ചിരിച്ച കൂട്ടത്തിൽ മാളുവും ചെറുതായി ചിരിച്ചു നേരെ നോക്കിയത് കിച്ചുവിന്റെ മുഖത്തേക്കാണ്……… മുഖം കടുപ്പത്തിൽ ആണ്……. പെട്ടെന്ന് മാളുവിന്റെ ചിരി മങ്ങി…….
എല്ലാവരും പോയപ്പോൾ മഴ പെയ്തൊഴിഞ്ഞ പോലെ…… ഒച്ചയും ബഹളവും ഇല്ലാതെ ആയി…….. അവരെല്ലാം പോയപ്പോഴേ കിച്ചു മുകളിലേക്ക് കയറി പോയി……. പിന്നെ രാത്രിയിൽ കഴിക്കാൻ ആണിറങ്ങി വന്നത്…… അതും അച്ഛൻ വിളിച്ചുകൊണ്ടു വന്നപ്പോൾ…….
എന്നത്തേയും പോലെ തന്നെ അച്ഛനും അമ്മയ്ക്കും നടുവിലിരുന്നു കഴിച്ചു മാളു……..
പാൽ ഗ്ലാസ്സെടുത്തു അമ്മ കയ്യിൽ പിടിപ്പിച്ചപ്പോൾ കയ്യും കാലും വിറക്കാൻ തുടങ്ങി…….. അമ്മയെ ദയനീയമായി ഒന്ന് നോക്കി……
ഇനി ഒരുമിച്ചു കഴിയേണ്ടതാണ് നിങ്ങൾ രണ്ടാളും …….. രണ്ടുപേരും ഒരുമിച്ചു കുറച്ചു നേരം ഒന്നു സംസാരിക്ക്………മനസ്സു തുറന്നു…… സമയം എടുത്താലും………. പതിയെ എല്ലാം ശരിയാകും മോളെ…….. അമ്മ അവളെ ആശ്വസിപ്പിച്ചു വിട്ടു………..
ക്ഷീണം കാരണം ഒന്നുറങ്ങിപ്പോയിരുന്നു കിച്ചു……… എഴുന്നേറ്റു സമയം നോക്കിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞു……. ചുറ്റും നോക്കി……..എഴുന്നേറ്റു റൂമിനു വെളിയിൽ ഇറങ്ങി താഴേക്കു നോക്കിയപ്പോൾ ലൈറ്റ്സ് എല്ലാം ഓഫ് ആണ്….. അപ്പോൾ മാളു എവിടെ….. ഏട്ടന്റെ റൂമിന്റെ ഡോർ പാതി ചാരി കിടപ്പുണ്ട്…….. പോയി നോക്കിയപ്പോൾ കണ്ടു ടേബിളിൽ പാൽ ഗ്ലാസ്സ് ഇരിക്കുന്നത് ……… മാളു കിടന്നിരുന്നു….. ഉണർത്താതെ ഷീറ്റെടുത്തു പുതപ്പിച്ചു തിരികെ റൂമിലേക്ക് പോയി……..
നന്നായി…….. മാളുവിന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ല……… തിരിച്ചു മാളുവിനും അങ്ങനെ എന്നു തോന്നുന്നു…… ഒരിക്കലും തോന്നാത്ത ഒരു അവസ്ഥ …….
അങ്ങനെ താനും ഒരു ഭർത്താവായി ഇന്നു മുതൽ……… കിച്ചു ഒന്നു ചിരിച്ചു……… ഒരിക്കൽ ഇത് ആഗ്രഹിച്ചതാണ്…….ഒരുപാട് സ്വപ്‌നങ്ങൾ കണ്ടതാണ്…….. പക്ഷേ ഇന്നിപ്പോൾ……. താനും മാളുവുമായുള്ള സ്വപ്നങ്ങൾക്കും ചിന്തകൾക്കും ദൂരം കൂടുതലാണ്……. ഒരുപാട്……..
മോതിരം വിരൽ കൊണ്ടു കറക്കി അതിലേക്ക് നോക്കി ഇരുന്നു……… ലാവണ്യ……. ആ പേര് നാവിൽ നിന്നും പുറത്തു വന്നപ്പോൾ ചെറുചിരിയുടെ കൂട്ടുമുണ്ടായിരുന്നു…….
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission