Skip to content

ഡെയ്സി – 2

daisy novel

പിറ്റേന്ന് മംഗലത്തേക്ക് പോകാൻ അമ്മച്ചി സമ്മതിച്ചില്ല…… ഉള്ളതിൽ വച്ചേറ്റവും നല്ല സാരി തന്നെ ഉടുപ്പിച്ചു തന്നു ….. കൊന്ത മാത്രം ഒട്ടി കിടന്നിരുന്ന കഴുത്തിലേക്ക് അന്നയുടെ മാല ഊരി ഇട്ടുകൊടുത്തു….. അന്നയ്ക്കത് തീരെ ഇഷ്ടമായില്ലെങ്കിലും അമ്മച്ചിയെ പേടിച്ചിട്ടും കുറച്ചു സമയത്തിന് ശേഷം തിരികെ കിട്ടുമല്ലോ എന്നോർത്തും ആശ്വസിച്ചു അവൾ …. കോളേജിൽ പഠിക്കുന്ന പെൺകുട്ടിയല്ലേ… ആടിന്റെ പാലു വിറ്റും കോഴിമുട്ട വിറ്റു കിട്ടിയ പൈസയും ഒക്കെയും ചേർത്തു വെച്ച് ഉണ്ടാക്കിയ പൊന്നാണ്….. അന്നയ്ക്കു ക്ലാസ്സ്‌ ഇല്ലാത്തപ്പോൾ അത് ആനി ഇട്ടോണ്ട് പോകും….. സ്വർണ്ണം ഇട്ടില്ലെങ്കിൽ ഏതാണ്ട് കുറച്ചിൽ പോലെയാ രണ്ടിനും….

ചായയുമായി അമ്മച്ചിക്ക് പിന്നാലെ ചെന്നു.. പള്ളിയിലെ അച്ഛനും പരിചയമില്ലാത്ത വേറൊരാളും റോയിയും…. അപ്പച്ചൻ പറഞ്ഞപ്പോൾ ചായ കൊടുത്തു….. മാറി നിന്നു..

റോയിക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ചെല്ല്…… അച്ഛൻ പറഞ്ഞു….

റോയി മിറ്റത്തേക്ക് ഇറങ്ങി നിന്നു…. ഡെയ്സി അമ്മച്ചിയെ ഒന്നു നോക്കി.. പോകാൻ കണ്ണു കൊണ്ടു കാണിച്ചു…. ഡെയ്സി നടന്നു വരുന്നത് കണ്ടപ്പോൾ റോയി കുറച്ചു കൂടി ഒതുങ്ങി തങ്ങളെ ആരും കാണാത്ത വിധത്തിൽ നിന്നു… അവൾ വരുന്നതും നോക്കി നിന്നു.. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു ദൂരെ നിന്നും അവൾ വരുന്നതും നോക്കിയങ്ങനെ നിൽക്കും… അവൾ കടന്നു പോയാലും അറിയാറില്ല… ആദ്യമായാണ് സാരിയിൽ കാണുന്നത്… പള്ളിയിൽ വരുമ്പോൾ പാവാടയും ബ്ലൗസുമാവും വേഷം…..വെള്ളയിൽ പൂക്കളുള്ള സാരിയിൽ അവളൊരു മാലാഖയെ പോലെ തോന്നിച്ചു റോയിക്ക്…..

കുറച്ചു നേരമായിട്ടും ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ വിടർത്തി ഡെയ്സി അയാളെ ഒന്നു നോക്കി….. തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന റോയിയെ കണ്ടപ്പോൾ ഡെയ്സി വല്ലാതായി…..

സാരിയിൽ ഡെയ്സിയെ കാണാൻ നല്ല ഭംഗിയുണ്ട്…. എനിക്കിഷ്ടമായി…… എത്രയും പെട്ടെന്ന് ഈ കല്യാണം നടന്നാൽ മതിയെന്നെ ഉള്ളൂ എനിക്ക് …… റോയി പറയുന്നത് കേട്ടപ്പോൾ ഡെയ്സിയ്ക്ക് അവിടെ നിന്നും എത്രയും പെട്ടെന്ന് രക്ഷപെട്ടാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ….

മതിയെടാ റോയി ബാക്കി മിന്നുകെട്ട് കഴിഞ്ഞു പറയാം… അച്ഛൻ വന്നു നോക്കിയിട്ട് പറഞ്ഞു… ഡെയ്സി രക്ഷപെട്ടത് പോലെ വീടിനുള്ളിലേക്ക് ധൃതിയിൽ നടന്നു…. റോയിയുടെ മുഖത്തു നിരാശയായിരുന്നു.. ശ്ശേ… ആ നിരാശ ഒരു ശബ്ദത്തിലൂടെ പുറത്തേക്ക് വന്നു.. ഒന്നു കണ്ടു കൊതിപോലും തീർന്നില്ല… റോയിയുടെ കണ്ണുകൾ മംഗലത്തു വീട്ടിലേക്ക് നീണ്ടു…. രണ്ടു കൈകൾ ജനാലയുടെ കമ്പിയിൽ നിന്നും പിടി വിട്ടു പോകുന്നത് കണ്ടപ്പോൾ റോയിയുടെ മുഖത്തു സന്തോഷം നിറഞ്ഞു… അതേ സന്തോഷത്തോടെ ബാക്കി കാര്യങ്ങൾ സംസാരിക്കാൻ അച്ഛനരികിലേക്ക് നടന്നു….

പൊന്നും പണവുമൊന്നും ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കരുതെന്ന് അപ്പച്ചൻ നേരത്തെ പറഞ്ഞു….. ഞങ്ങളെക്കൊണ്ട് ആവും പോലെ തരാം.. പക്ഷേ അതിന്റെ പേരിൽ എന്റെ കൊച്ചിനെ വിഷമിപ്പിക്കാൻ പാടില്ല…. അപ്പച്ചൻ എല്ലാവരോടുമായി പറഞ്ഞു…

എനിക്കൊന്നും വേണ്ടാ….. വീട്ടിലുമുണ്ട് കെട്ടിക്കാൻ പ്രായമായ അനിയത്തി.. എനിക്ക് ഡെയ്സിയെ മാത്രം മതി… റോയി പറയുന്നത് കേട്ടപ്പോൾ അപ്പച്ചൻ റോയിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു പറഞ്ഞു ….. കർത്താവ് അനുഗ്രഹിക്കട്ടെ മക്കളെ…

പോകാനിറങ്ങിയപ്പോൾ റോയിയുടെ കണ്ണുകൾ ഒരു വട്ടം കൂടി ഡെയ്സിയെ കാണാൻ കൊതിച്ചു….. ഉള്ളിലേക്കു പരതി…. നിരാശയായിരുന്നു ഫലം… പകരം കാണാൻ സാധിച്ചത് വീർപ്പിച്ച മുഖത്തോട് കൂടി നിൽക്കുന്ന അന്നയെ ആയിരുന്നു…. ഒരിക്കൽ കൂടി മംഗലത്തേക്ക് നോക്കിയിട്ട് ചുണ്ടിൽ തെളിഞ്ഞ ചിരി മനസ്സിലൊളിപ്പിച്ചു അച്ഛനൊപ്പം നടന്നു…..

അപ്പച്ചനും അമ്മച്ചിയും കല്യാണക്കാര്യം ചർച്ച ചെയ്യാൻ തുടങ്ങി കഴിഞ്ഞു…. സാരിയെല്ലാം മാറ്റി കളഞ്ഞിട്ട് മംഗലത്തേക്ക് പോകാൻ തയ്യാറായി…… അത് ശ്രദ്ധിച്ച അപ്പച്ചൻ പറഞ്ഞു….

മോളെ.. മാധവൻ അങ്ങുന്നിനോട് ഇന്നത്തെ കാര്യമൊന്നു സൂചിപ്പിച്ചേക്കണേ.. അപ്പച്ചന് ഇന്ന് സമയം കിട്ടില്ല…. കപ്പ പറിക്കാൻ ഇനിയുമുണ്ട് ബാക്കി…. കഴിഞ്ഞിട്ടില്ല…. ഇല്ലെങ്കിൽ നമ്മൾ ഒന്ന് പറഞ്ഞില്ലല്ലോന്ന് കരുതില്ലേ…. മോശമല്ലേ…

ശരിയാ…… അമ്മച്ചിയും പിൻതാങ്ങി…. ചുള്ളികമ്പും വെച്ചു ഉണ്ടാക്കിയ വേലി മാറ്റി ഡെയ്സി മംഗലത്തേക്ക് നടന്നു….. ശിവച്ഛൻ എവിടെയോ പോകാൻ തയ്യാറായി എതിരെ വരുന്നുണ്ടായിരുന്നു ….. റോയ് പെണ്ണുകാണാൻ വന്നതൊക്കെ ഡെയ്സി പറഞ്ഞു കേൾപ്പിച്ചു……. ശിവച്ഛന്റെ മുഖം പെട്ടെന്ന് മങ്ങി…… റോയിക്കും ശിവയ്ക്കും ഒരേ പ്രായമാണ്.. ഒരുമിച്ചു സ്കൂളിൽ പഠിച്ചവർ.. കൂട്ടുകാർ…… ശിവയ്ക്ക് ഒരു കുടുംബം ആയില്ലല്ലോന്നുള്ള വിഷമം ആണ് മുഖത്ത്….

മ്മ്.. ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞേക്ക്… അറിയണ്ടേ എനിക്കും എന്റെ മോളെ പറഞ്ഞയക്കുന്നത് എങ്ങോട്ടാണെന്ന്….. ബാക്കി ഞാൻ കറിയാച്ചനോട് ചോദിച്ചറിഞ്ഞോളാം…. ഡെയ്സിയുടെ കവിളിൽ തട്ടി അദ്ദേഹം പറഞ്ഞു…. ഇന്ന് കരയോഗം ഉണ്ട് അതിനു പോകുവാ…. ശിവ ഒന്നും കഴിച്ചിട്ടില്ല മോളെ.. നിന്നെ നോക്കി ഇരിക്കുവാ… പോകുന്ന തിരക്കിൽ അദ്ദേഹം പറഞ്ഞു…. ശിവച്ഛൻ കാറിൽ പോകുന്നതും നോക്കി നിന്നു…

ശിവച്ഛന് കരയോഗത്തിന് പോകുന്നതൊന്നും ഇഷ്ടമല്ല.. ബാക്കിയുള്ള പ്രമാണിമാരെ പോലെയല്ല…. ജാതിയോ മതമോ നിറമോ നോക്കാതെ മനുഷ്യനെ സ്നേഹിക്കും.. അമ്പലത്തിനും പള്ളികൾക്കും ഒരേപോലെ പൈസ കൊടുക്കും… അതുകൊണ്ട് എല്ലാവർക്കും അദ്ദേഹത്തിനെ വല്യ കാര്യമാണ്…. സ്നേഹമാണ്..ബഹുമാനമാണ്…

ഡെയ്സി ഒരു പാത്രത്തിൽ ചോറും കറിയുമെടുത്തു ശിവയുടെ മുറിയിലേക്ക് നടന്നു .. മോരൊഴിച്ചു കൂട്ടാന്റെ മണം മൂക്കിലടിച്ചപ്പോഴേ മനസ്സിലായി കല്യാണിയമ്മ ഇന്ന് വന്നിരുന്നുവെന്ന്… അകം പണിക്ക് പണ്ടു മുതലേ വന്നോണ്ടിരുന്ന ആളാണ്‌… അകം തൂത്തുവാരി തുടച്ചു ഭക്ഷണം ഉണ്ടാക്കിയിട്ട് ആളങ്ങു പോകും.. ശിവയുടെ മുറി മാത്രം വൃത്തിയാക്കില്ല… പേടിയാണ് അങ്ങോട്ടേക്ക് പോകാൻ.. ഭ്രാന്തനല്ലേ… പണ്ട് മുറി വൃത്തിയാക്കിയപ്പോൾ വരച്ചു വച്ചിരുന്ന ചിത്രത്തിൽ അറിയാതൊന്നു ചൂല് തട്ടി നിറം പടർന്നു…. അന്ന് ശിവ ഉണ്ടാക്കിയ ബഹളത്തിൽ ഭയന്നു നിലവിളിച്ചു ഓടിയ ആളാണ്…. അവരാണ് ശിവയുടെ കുറ്റങ്ങളും കുറവുകളും ഒക്കെ മറിയചേടത്തിയോട് പറഞ്ഞു പൊലിപ്പിക്കുന്നത്… രണ്ടും എന്റെ അയല്പക്കമാണ്.. ശരിക്കും പറഞ്ഞാൽ ഈ നാട്ടിലെ റേഡിയോ…

ഡെയ്സി മുറിയുടെ വാതിൽക്കൽ എത്തിയപ്പോഴേ  ശിവയുടെ മനോഹരമായ ശബ്ദം ചെവിയിലെത്തി ……

വ്യോമന്തരത്തിലെ സാന്ധ്യ നക്ഷത്രങ്ങൾ..

പ്രേമാർദ്രയാം നിന്റെ നീല നേത്രങ്ങൾ..

ഡെയ്സി…. ഡെയ്സി….

തന്റെ വരവ് അറിഞ്ഞിട്ട് തന്നെയാണ് പാടുന്നതെന്ന് ഡെയ്സിയ്ക്ക് മനസ്സിലായി.. ആ ശബ്ദം അത്രയും മനോഹരമാണ്… കേട്ടിരുന്നു പോകും… പാട്ടൊക്കെ പഠിച്ചിട്ടുണ്ട്… ചെറുപ്പത്തിൽ ശിവയുടെ പാട്ട് കേട്ടാണ് ഉണർന്നിരുന്നത്… വീടു വരെ കേൾക്കാമായിരുന്നു….. അമ്മയും നന്നായി പ്രാർത്ഥന ചൊല്ലും……. ഹൈന്ദവ കീർത്തനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് അമ്മയിലൂടെയും ശിവയിലൂടെയും ആയിരുന്നു..

ശരിക്കും പറയ്.. ഇങ്ങനൊരു പാട്ടുണ്ടോ… ഇതെന്നെ കളിയാക്കുവല്ലേ….. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു പാട്ട് കേട്ടിട്ടേയില്ലല്ലോ…. ഡെയ്സി മുഖം ചുളിച്ചു സംശയത്തോടെ ശിവയോട് ചോദിച്ചു….

അതിന് നീയെവിടുന്ന് കേൾക്കാനാ…. സിനിമ കാണില്ല.. പാട്ട് കേൾക്കില്ല… ആകെ ബൈബിൾ വായിക്കാനറിയാം… പ്രാർത്ഥന ചൊല്ലാനും അറിയാം… വല്ലാത്ത ജന്മം അല്ലേ നീ…..ശിവ ചിരിയോടെ പറഞ്ഞു….

ഓ.. ആയിക്കോട്ട്… അതേലും ഉണ്ടല്ലോ… ഒരു വല്യ പാട്ടുകാരൻ വന്നേക്കുന്നു… ഇന്നാ ഇത് മുഴുവൻ കഴിക്കണം.. കഴിഞ്ഞ ദിവസത്തെ പോലെ മിച്ചം വെയ്ക്കരുത്… മരുന്ന് കഴിക്കേണ്ടതാ… ചോറ് മുന്നിലേക്ക് വെച്ചിട്ട് ഡെയ്സി പറഞ്ഞു….

നീയും കരുതുന്നത് എനിക്ക് ഭ്രാന്താണെന്നാണോ ഡെയ്സിക്കൊച്ചേ…..

മരുന്നിന്റെ കാര്യം പറഞ്ഞത് ഇഷ്ടമായില്ല ആൾക്ക്… ശിവ എന്തെങ്കിലും പറയും മുന്നേ ഡെയ്സി പറഞ്ഞു…..

അതു കൊള്ളാം…. ഭ്രാന്തുണ്ടേൽ ഞാനടുത്തു വരുവോ… ഒരു ഭ്രാന്തനു ഇത്രയും നന്നായി വരയ്ക്കാനും പാടാനും കഴിയോ… ശിവയുടെ മുഖമൊന്നു തെളിഞ്ഞു….. അതൊക്കെ പോട്ടേ.. എന്നാ എന്നെ ആ പാട്ടൊന്നു മുഴുവൻ പാടി കേൾപ്പിക്കുക….. മേശമേൽ ഇരുന്ന ബുക്കെല്ലാം അടുക്കി വെച്ചു ഡെയ്സി ചോദിച്ചു……

മുഴുവൻ പഠിക്കട്ടെ… എന്നിട്ടാവാം… ശിവ കഴിക്കാൻ തുടങ്ങി….. റോയി പെണ്ണുകാണാൻ വന്നിട്ട് എന്തായി.. അവളെ നോക്കാതെ ചോദിച്ചു….

എങ്ങനെ അറിഞ്ഞു എന്നുള്ള ഭാവമുണ്ടായിരുന്നു ഡെയ്സിയുടെ മുഖത്ത്……. എന്താവാൻ….. വന്നു കണ്ടു പോയി….. തീരുമാനിക്കുന്നതെല്ലാം അച്ഛനും അപ്പച്ചനും കൂടിയല്ലേ….

ഞാൻ ചോദിച്ചത് നിനക്ക് ഇഷ്ടമായോ എന്നാണ്…..

എനിക്കറിയില്ല… ഡെയ്സി അലക്ഷ്യമായി നോക്കി പറഞ്ഞു…

നിനക്ക് എന്താ അല്ലെങ്കിൽ അറിയാവുന്നത്…. ഇതെങ്കിലും അറിഞ്ഞു വെച്ചോ….. അവന് നിന്നെ ഭയങ്കര ഇഷ്ടമാണ് കൊച്ചേ…… ഇന്നും ഇന്നലെയും തുടങ്ങീതല്ല….. ചെറുപ്പം മുതലേ…

ഡെയ്സി പേടിയോടെ ശിവയെ ഒന്നു നോക്കി…. കേട്ടത് വിശ്വാസമാവാത്തത് പോലെ……. തന്റെ നോട്ടം കണ്ടിട്ടാവും ശിവ കഴിപ്പ് നിർത്തിയിട്ട് പറഞ്ഞു……

സത്യമാ ഡെയ്സി… നിന്റെ അമ്മച്ചിയെ പേടിച്ചു നിന്നോട് അവൻ പറയാഞ്ഞതാ… മാത്രമല്ല നീ ആരോടും മുഖമുയർത്തി സംസാരിക്കാറില്ലല്ലോ… സ്കൂൾ വിട്ടാൽ വീട് പള്ളി വിട്ടാൽ വീട്.. അതല്ലേ ശീലം.. നിന്നെ കാണാൻ വേണ്ടി മാത്രമായിരുന്നു അവൻ പള്ളിയിൽ  പോലും വന്നിരുന്നത്… കുറച്ചു തെമ്മാടിത്തരം കയ്യിൽ ഉണ്ടെന്നേ ഉള്ളൂ.. അവൻ പാവമാ… അത്രയും പറഞ്ഞിട്ട് ശിവ കൈ കഴുകാൻ എഴുന്നേറ്റു പോയി..

കൂട്ടുകാരൻ ആയിരുന്നില്ലേ… അങ്ങനെയേ പറയൂ.. എന്റെ അറിവിൽ അയാൾ ഒരു വായിനോക്കിയാണ്… എവിടെ പോയാലും കാണാം… തുറിച്ചു നോക്കിക്കൊണ്ട്….. ആരെങ്കിലും ശ്രദ്ധിക്കുമെന്ന് പോലുമില്ല…. അതു പറയുമ്പോൾ ഡെയ്സിയുടെ മുഖത്തു റോയിയോടുള്ള ദേഷ്യമായിരുന്നു പ്രകടമായത് ….

അത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് കൊച്ചേ … പഠിക്കാൻ മടിയനായിരുന്നു…വീട്ടിലെ സ്ഥിതി അവനെ ഒരു മുരടൻ ആക്കിയതാണ്.. ഭാഗ്യം ചെയ്തവനാണ് അവൻ .. അല്ലെങ്കിൽ ഇഷ്ടപ്പെട്ടത് സ്വന്തമാവില്ലല്ലോ ….

ഡെയ്സി അതൊന്നും ശ്രദ്ധിക്കാതെ ശിവ കഴിച്ച പാത്രവും എടുത്തു താഴേക്ക് ഇറങ്ങി…. റോയിക്ക് തന്നെ ഇഷ്ടമായിരുന്നു എന്ന പുതിയ അറിവിന്റെ ഞെട്ടലിൽ ആയിരുന്നു ഡെയ്സി… ശിവയും റോയിയും തന്നെക്കാൾ മൂത്തതാണ്.. ഒരേ സ്കൂളിൽ ആയതു കൊണ്ടും അടുത്ത വീട്ടുകാർ ആയതുകൊണ്ടും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്… റോയിയുടെ വീട് കുറച്ചു ദൂരം ഉണ്ട്.. എന്നാലും റോയി വരാതെ ശിവ വീട്ടിൽ നിന്നും ഇറങ്ങില്ലായിരുന്നു…. അവരുടെ കൂടെയല്ലാതെ അമ്മച്ചി ഞങ്ങളെയും അയയ്ക്കാറില്ല…..അന്നയും ആനിയും കലപിലാന്ന് സംസാരിക്കുമ്പോൾ പഠിച്ചതെല്ലാം മനസ്സിൽ ഒരു വട്ടം കൂടി ഉരുവിട്ടു നടക്കയാവും ഡെയ്സി… ആരെയും നോക്കാതെ തലയും കുനിച്ചു ഒരൊറ്റ നടത്തമാണ് ഡെയ്സി….

റോയി പത്താം ക്ലാസ്സിൽ ആവും മുന്നേ പഠിത്തം നിർത്തി അവന്റെ അപ്പച്ചനൊപ്പം കൂപ്പിൽ പണിക്ക് പോകാൻ തുടങ്ങി… പിന്നീട് ശിവ തനിച്ചായപ്പോൾ തന്നോട് പതിയെ മിണ്ടാൻ തുടങ്ങി…. ആദ്യം ശിവയോട് മിണ്ടാൻ തോന്നിയിരുന്ന മടി ദേവിയമ്മ കാരണം പതിയെ പതിയെ മാറിതുടങ്ങി… ആദ്യമൊക്കെ നല്ല കൂട്ടായിരുന്ന റോയി പയ്യെപ്പയ്യെ ശിവയോട് അകലാൻ തുടങ്ങി.. പിന്നീട് കണ്ടാൽ പോലും മിണ്ടാതായി… കാര്യമെന്തെന്ന് ശിവയ്ക്കും അറിയില്ല.. ചോദിക്കാനോ പറയാനോ ഒന്നു നിന്നു കൊടുത്തിട്ടില്ല റോയി.. പിന്നീട് മനസ്സിന്റെ താളം തെറ്റിയപ്പോൾ ആരും തന്നെ മിണ്ടാതായി ശിവയോട്… ശിവച്ഛനും ഞാനും മാത്രമായി ചുരുങ്ങി ശിവയുടെ ജീവിതം…. ഞാനും ഇങ്ങനെ ഒക്കെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത് ശിവയോട് മാത്രമാണ്… ദേഷ്യപ്പെടാനും വഴക്ക് പറയാനുമുള്ള സ്വാതന്ത്ര്യം തനിക്ക് തന്നിട്ടുണ്ട്… മദമിളകിയ കൊമ്പനെ പോലെ നിന്നാലും തനിക്കും ശിവച്ഛനും മുന്നിൽ മാത്രേ ശിവ മുട്ടു കുത്താറുള്ളൂ…

വൈകിട്ടത്തെ പ്രാർത്ഥന ഒക്കെ കഴിഞ്ഞ് ഇരുന്നപ്പോഴാണ് മനസ്സമ്മതം ഉടനെ ഉണ്ടാവുമെന്ന് അപ്പച്ചൻ പറഞ്ഞത്… ആ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു…… അതിന്റെ കാരണം ഡെയ്സിയ്ക്ക് നന്നായിട്ടറിയാം… റോയിയുടെ അമ്മച്ചി അങ്ങനെ ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും മകനെക്കൊണ്ട് കെട്ടിക്കാൻ തയ്യാറാവില്ല…. ആ അമ്മച്ചിയെ തനിക്ക് നന്നായിട്ടറിയാം… കാരണം ഈ കല്യാണത്തിൽ നിന്നും കിട്ടുന്നതിൽ ഒരു പങ്കിൽ നിന്നും ആവണം റോയിയുടെ പെങ്ങളെ കെട്ടിക്കാൻ….. അതറിയാവുന്ന ഡെയ്സി അപ്പച്ചനോട് പറഞ്ഞു ഈ കല്യാണം വേണ്ടാന്നു വെയ്ക്കാമെന്ന്…..

സാരമില്ല മോളെ…. അച്ഛൻ അവരോട് സംസാരിക്കാമെന്നാ പറഞ്ഞത്…. നോക്കാം നമുക്ക്… കയ്യിൽ ഒതുങ്ങിയില്ലെങ്കിൽ വിധിച്ചിട്ടില്ലെന്ന് കരുതി വിട്ടു കളയാം…. നിന്നെ ദൂരേക്ക് പറഞ്ഞയക്കണ്ടല്ലോന്ന് കരുതിയാ ഈ ബന്ധത്തിന് ഇത്രയും ഉത്സാഹം കാട്ടിയത്…….അപ്പച്ചൻ വിഷമത്തോടെ പറഞ്ഞു…

മനസ്സമ്മതമെന്ന് കേട്ടപ്പോൾ തന്നെ അന്നയും ആനിയും അന്ന് ഇടാനുള്ള ഡ്രെസ്സും ഡ്രെസ്സിന്റെ കളറും എല്ലാം ചർച്ച ചെയ്യാൻ തുടങ്ങി… അപ്പച്ചന്റെ അവസ്ഥ അറിഞ്ഞിട്ടും അനിയത്തിമാരുടെ ആഗ്രഹങ്ങൾ കേട്ടപ്പോൾ ഡെയ്സിയ്ക്ക് ദേഷ്യത്തെക്കാൾ വിഷമം ആണ് തോന്നിയത്.. ഇന്ന് അപ്പച്ചന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ്സിലായി അച്ഛൻ റോയിയുടെ അമ്മച്ചിയോടു സംസാരിച്ചിരിക്കുമെന്ന്…..അവരോട് പറഞ്ഞു സമ്മതിപ്പിച്ചിരിക്കുമെന്ന്….. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി കൂട്ടുകയാണ് രണ്ടാളും … അമ്മച്ചിയുടെ അരിക്കലത്തിലും മല്ലിയ്ക്കിടയിലും സൂക്ഷിച്ചു വെച്ചിരുന്ന നോട്ടുകൾ ഒക്കെയും വെളിച്ചം കണ്ടു തുടങ്ങി……അപ്പച്ചനും അമ്മച്ചിയും ഒരുമിച്ചു പോയി ഡ്രസ്സ്‌ ഒക്കെയും എടുത്തു… അതെല്ലാം നിരത്തിയിട്ട് കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കുകയാണ് അനിയത്തിമാർ… അതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കാൻ പെടാപ്പാട് പെട്ട അപ്പച്ചനെ ഓർത്തപ്പോൾ വിഷമം തോന്നി..

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ മനസ്സമ്മതമാണ്… അതൊന്നും ബാധിക്കാത്തത് പോലെ നടക്കുന്നത് ഡെയ്സി മാത്രമാണ്…. രാവിലെ മംഗലത്തേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ശിവച്ഛന്റെ ശബ്ദം തിണ്ണയിൽ കേട്ടത്… അങ്ങോട്ടേക്ക് ചെല്ലുമ്പോൾ കണ്ടു അപ്പച്ചൻ ഒരു കസേര തൂത്തിട്ട് അദ്ദേഹത്തിന്റെ നേരെ നീക്കിയിടുന്നത്…

ഇവിടുത്തെ വിശേഷങ്ങൾ മോള് പറഞ്ഞു… ഇപ്പോഴാ ഒന്നിറങ്ങാൻ സാധിച്ചത്.. അമ്മച്ചി കൊടുത്ത കാപ്പി ഊതി ഊതി കുടിച്ചു പറഞ്ഞു….. ഡെയ്സിയെ കണ്ടപ്പോൾ അവളെ അടുത്തേക്ക് വിളിച്ചു നിർത്തി ജുബ്ബയുടെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തു തുറന്നു….. ഒരു സ്വർണ്ണമാല….. അത് ഡെയ്സിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു …. ഇത് ദേവിയുടെതാ… അവൾ നിനക്ക് തരുന്നതായി കരുതിയാൽ മതി…. അവിടെ വരുമ്പോൾ തരാമെന്ന് വെച്ചാൽ നീയിത് വാങ്ങില്ലെന്ന് എനിക്കറിയാം…. ശിവച്ഛന്റെയും ദേവിയമ്മയുടെയും സമ്മാനമാ ഇത്…. അദ്ദേഹം അവളുടെ മുടിയിൽ തലോടി പറഞ്ഞു….

ഡെയ്സി ആ മാലയെടുത്തു മണത്തു.. എന്നിട്ട് ചുണ്ടിൽ ചേർത്തു വെച്ചു… കണ്ണു നിറഞ്ഞൊഴുകി.. അവളുടെയാ പ്രവൃത്തി കണ്ടപ്പോൾ എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയി …. അവർക്കെല്ലാം അറിയാം ദേവിയമ്മ ഡെയ്സിയ്ക്ക് ആരായിരുന്നുവെന്ന്…. എത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നുവെന്ന്.. ശിവച്ഛൻ കണ്ണു തുടച്ചിട്ട് അപ്പച്ചനോടായി പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം…. ഇവൾ എന്റെയും കൂടി മകളാണ്… അപ്പച്ചൻ തലയാട്ടി…. അദ്ദേഹം പോയിക്കഴിഞ്ഞ ഉടനെ അന്നയും ആനിയും ഡെയ്സിയുടെ കയ്യിലിരുന്ന മാലയിൽ പിടുത്തമിട്ടു….  അവർ അതിന്റെ നീളവും വണ്ണവും തൂക്കവും അളക്കുമ്പോൾ ഡെയ്സി ഓർത്തെടുത്തത് ദേവിയമ്മയുടെ കഴുത്തിൽ ഒട്ടിക്കിടന്നിരുന്ന ഈ മാലയെകുറിച്ചാണ്…..

ശ്ശേ…. പഠിക്കാൻ പോകണ്ടായിരുന്നു…. ആ സമയത്തു മംഗലത്തു പണിക്ക് പോയാൽ മതിയായിരുന്നു…. ആ വട്ടനേയും നോക്കി അവരെ സുഖിപ്പിച്ചു നിന്നാൽ മതിയാരുന്നു… ആനി പറയുന്നത് കേട്ടപ്പോൾ ഡെയ്സി അവളെ സൂക്ഷിച്ചു നോക്കി… പഠിത്തതിന്റെ വില മനസ്സിലാക്കാത്തതിനും ശിവയെ വട്ടനെന്ന് വിളിച്ചതിനും അവളോട് നല്ലത് പറയണമെന്നുണ്ടായിരുന്നു… അതിൽ വലിയ കാര്യമില്ലെന്ന് മനസ്സിലാക്കി പിന്നെ മിണ്ടാതിരുന്നു……

ഉടനെ വരും…..

A… M… Y..

വിശ്വാസം, പ്രത്യാശ, സ്നേഹം  ഇവ മൂന്നും നിലനിൽക്കുന്നു.. എന്നാൽ സ്നേഹമാണ് സർവ്വോത്കൃഷ്ടം.. (1കോറിന്തോസ് 13:13)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!