Skip to content

ഡെയ്സി – 1

daisy novel

മോളേ ഡെയ്സി…….. ഇതിന് സമ്മതിക്കു മോളേ….. അപ്പച്ചന് വേറെ വഴിയില്ലാത്തോണ്ടല്ലേ … അറിയാല്ലോ….. നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട്… സഹായത്തിനായി കർത്താവ് ഒരാൺതരിയെ അപ്പച്ചന് തന്നിട്ടില്ല.. എന്തെങ്കിലും ഒന്നായിപ്പോയാൽ പോലും ആശ്വസിക്കാൻ…..

അടുക്കളയിൽ അമ്മച്ചിക്കൊപ്പം നിന്നിരുന്ന ഡെയ്സി അത് കേട്ടപ്പോൾ ഒന്നും പറയാതെ അമ്മച്ചിക്ക് പിന്നിലേക്ക് ഒന്നുകൂടി ഒതുങ്ങി നിന്നു……

അവർ നിന്നെ കാണാൻ വരും… പള്ളിയിലെ അച്ഛനായിട്ട് കൊണ്ടുവന്ന ആലോചനയാ… എന്റെ കഷ്ടപ്പാട് ഒക്കെ കണ്ടിട്ടാവും… എതിർത്തു പറയാൻ അപ്പച്ചനെക്കൊണ്ട് ആയില്ല മോളെ….. ഒരാളുടെയെങ്കിലും കാര്യം കഴിഞ്ഞാൽ അത്രയും ആശ്വസിക്കാലോ……. അവർക്ക് ഒന്നും വേണ്ടന്നാ പറയുന്നേ……. നിന്നെ മാത്രം മതീന്ന്……ഭാഗ്യല്ലേ അത്…… ആളെ നീയറിയും…. നിങ്ങൾ ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാ…..ഡെയ്സി അപ്പച്ചനെയൊന്ന് തിരിഞ്ഞു നോക്കി അതാരാണെന്നറിയാൻ…….

നമ്മുടെ റോയി…… അപ്പച്ചൻ പറഞ്ഞു കേട്ടപ്പോൾ അവൾ പുരികം ചുളിച്ചു……

നിങ്ങൾ ഒരുമിച്ചല്ലേ സ്കൂളിൽ ഒക്കെ പോയിട്ടുള്ളത്…… ഇല്ലിമറ്റത്തെ ആ കൊച്ച്…….. അപ്പച്ചൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു നിൽക്കുകയാണ് അമ്മച്ചി……. മറുപടി ഒന്നും പറയാതെ അടുപ്പിലേക്ക് വിറക് തള്ളിനീക്കി ഊതി ഡെയ്സി…… പുകയടിച്ചാവും കണ്ണു കലങ്ങിയതെന്ന് അപ്പച്ചനും അമ്മച്ചിയും വിചാരിച്ചോട്ടെ…..

എന്തേലും ഒന്ന് പറഞ്ഞിട്ട് പോ മോളേ…… അപ്പച്ചന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടല്ലേ…… നീ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിലാക്കാനാ  എന്നെ ….. തിരിഞ്ഞു പോകാനൊരുങ്ങിയ ഡെയ്സിയോടായി അപ്പച്ചൻ പറഞ്ഞു…..

അപ്പച്ചൻ തീരുമാനിച്ചോളൂ…. എന്തിനാണെങ്കിലും എനിക്ക് കുഴപ്പമില്ല…. ആരാണെങ്കിലും കുഴപ്പമില്ല…. അപ്പച്ചൻ എനിക്ക് വേണ്ടി നല്ലതേ തിരഞ്ഞെടുക്കൂ എന്ന് എനിക്കറിയാം……. മനസ്സിൽ ഉള്ളത് ഒളിപ്പിച്ചു പുറമെ സന്തോഷം കാട്ടി ഡെയ്സി പറഞ്ഞു……… ഞാൻ മംഗലത്തേക്ക് പോകുവാണ്… കുറച്ചു പണിയുണ്ട്……. ആരെയും നോക്കാതെ അടുക്കളവാതിൽ കുനിഞ്ഞിറങ്ങി പുറത്തേക്ക് നടന്നു……..അപ്പച്ചൻ നെഞ്ചിൽ കൈ ചേർത്ത് വെച്ചു ആശ്വസിക്കുന്നത് ഡെയ്സി മനസ്സാലേ അറിഞ്ഞു…….

എല്ലാവർക്കും മംഗലത്തു വീടെന്നു കേട്ടാലേ പേടിയാ…… ഈ പെണ്ണിന് മാത്രം അതില്ല……. മാധവൻ അദ്ദേഹത്തെ ഒരാളെ വിശ്വസിച്ചാ പ്രായം തികഞ്ഞ പെണ്ണിനെ അങ്ങോട്ട് വിടുന്നെ…. ആ വീടിന് ഒരു സഹായമാകട്ടെയെന്നു കരുതി….. ആ കൂടെ ഇളയതുങ്ങളുടെ ഫീസും അടഞ്ഞു പോകുമല്ലോന്ന് കരുതി…. അപ്പച്ചൻ അമ്മച്ചിയോടു പറയുന്നത് ഡെയ്സി കേട്ടു…..

ശരിയാണ് അപ്പച്ചൻ പറഞ്ഞത് ……. ഈ ഡെയ്സിക്ക് മാത്രേ പേടിയില്ലാത്തതുള്ളു ആ വീട്ടിൽ പോകാൻ… വീടിന്റെ തൊട്ടടുത്താണ് മംഗലത്തു വീട്….. തലയുയർത്തി നിൽക്കുന്ന പഴയ ഒരു വീട്….. ഞങ്ങൾ താമസിക്കുന്നതും അവരുടെ സ്ഥലത്താണ്……. തുണ്ടുകളായി വിറ്റപ്പോൾ അപ്പച്ചൻ വാങ്ങിയത്…. അതും ഇടവകയിലെ സഹായവും അമ്മച്ചാന്മാരുടെ കരുണയും ഒക്കെയും കൊണ്ട്…. ചെറിയൊരു വേലിയുമായി തിരിച്ചിരിക്കുകയാ എന്റെ വീടും മംഗലത്തു വീടും തമ്മിൽ….. വീട്ടിൽ നിന്നു നോക്കിയാൽ മംഗലത്തു വീട് കാണാം….. ഒന്നു വിളിച്ചാൽ അവിടെ കേൾക്കാൻ സാധിക്കും……. ആ ഒരാശ്വാസത്തിലാ അപ്പച്ചൻ എന്നെ അങ്ങോട്ടേക്ക് വിടുന്നത്…… മാത്രമല്ല അവിടുത്തെ മാധവൻ അച്ഛനെ പണ്ടു മുതലേ അറിയാം…. ജന്മിയായിരുന്നു… പക്ഷേ അതിന്റെ വല്യ ഭാവമൊന്നും ഇല്ല…. ഒരു പാവം…… പിന്നെയുള്ളത് ഒരു…………………..

ഡെയ്സിക്കൊച്ചേ….. ആലോചിച്ചു നടന്ന ഡെയ്സി വിളി കേട്ട് ചുറ്റും നോക്കി…….. ശ്……. ശ്…… ഇവിടെ നോക്ക്……… ഡെയ്സി മേലേക്ക് നോക്കി…….

ജനലിൽ കൂടി രണ്ടു കയ്യും വെളിയിലേക്കിട്ട് തന്റെ ശ്രദ്ധ ആകർഷിക്കുകയാണ് ശിവ….. മംഗലം വീടിന്റെ ഒരേയൊരു അവകാശി……

ഇങ്ങു വാ….. പെട്ടെന്ന്……. ശിവ ധൃതി കൂട്ടി…..

മുറ്റം തൂത്തിട്ട് വരാം…… നിറയെ ചപ്പാ….. ഇതു കണ്ടോ…… ചൂലെടുത്തു കയ്യിൽ രണ്ടു തട്ടു തട്ടി ഡെയ്സി പറഞ്ഞു…..

വേണ്ടാ……. നിന്നോട് ഇപ്പോൾ ഇങ്ങോട്ട് വരാനാ പറഞ്ഞേ……. ശിവ ദേഷ്യപ്പെട്ടു……

ചൂൽ താഴെക്കിട്ട് മുറ്റം കടന്നു ചെരുപ്പൂരി വീടിനകത്തേക്ക് നടന്നു….. പോകുമ്പോൾ തിരിഞ്ഞു തന്റെ വീട്ടിലേക്കൊന്നു നോക്കാനും മറന്നില്ല…… ആരുമില്ല……. കണ്ണാടി പോലെ തിളങ്ങുന്ന തറയിൽ കൂടി തന്റെ പ്രതിബിബം നോക്കി നടന്നു……

എന്താ മോളെ അവൻ കിടന്നു ബഹളം വെയ്ക്കുന്നത്…. നിന്നെ പണിയെടുക്കാൻ സമ്മതിക്കുന്നില്ല അല്ലെ…. അദ്ദേഹം ചോദിച്ചപ്പോൾ ഡെയ്സി മനോഹരമായി ഒന്നു ചിരിച്ചു കാണിച്ചു…..

ശിവച്ഛൻ ചായ കുടിച്ചോ…….ഡെയ്സി ചോദിച്ചു..

ഇല്ലാന്ന് അദ്ദേഹം പറഞ്ഞു…… ഞാനേ ഇപ്പോ തരാവേ…… അവിടെ എന്താ വിശേഷം എന്ന് നോക്കീട്ട് ഓടി വരാം….. അദ്ദേഹം തലയാട്ടി വാത്സല്യത്തോടെ അവൾ ഗോവണി കയറി പോകുന്നതും നോക്കി നിന്നു……

എല്ലാവരും വിളിക്കുന്നത് മാധവൻ അങ്ങുന്ന്….. അദ്ദേഹം…. സാർ…. എന്നൊക്കെയാണ്….. ഈ വീട്ടിൽ ആദ്യം വന്നപ്പോൾ ഇവിടുത്തെ അമ്മയാണ് ശിവേടഛൻ എന്നു വിളിച്ചു കേട്ടത്…… അതിന് ശേഷം തനിക്കും ശിവച്ഛൻ ആണ് അദ്ദേഹം… അപ്പച്ചൻ വഴക്കു പറഞ്ഞു അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞു…. പക്ഷേ അദ്ദേഹം അതിനു അവകാശം തന്നപ്പോൾ പിന്നീട് ആ വിളി ശീലമായി……

ഡെയ്സിയുടെ കയ്യിൽ പിടിച്ചു ശിവ അകത്തേക്ക് വലിച്ചു…… വലിയുടെ ശക്തിയിൽ വീഴാനൊരുങ്ങിയ അവളെ ശിവ പിടിച്ചു നേരെ നിർത്തി……

നീയൊന്നും കഴിക്കില്ലേ ഡെയ്സിക്കൊച്ചേ… നോക്കിക്കേ കൈയെല്ലാം മെലിഞ്ഞു ചുള്ളികമ്പു പോലെ…. ഒരു കാറ്റ് വന്നാൽ പറന്നു പോകാനുള്ളതേ ഉള്ളൂ…. ശിവ അതും പറഞ്ഞു ചിരിച്ചു….. എന്നിട്ട് കൈ ചൂണ്ടിയിടത്തേക്ക് നോക്കാൻ പറഞ്ഞു…..

ക്യാൻവാസിൽ താനും ശിവയുടെ അമ്മ ദേവിയമ്മയും…….. അമ്മ എന്നെ ചേർത്തു പിടിച്ചിട്ടുണ്ട്….. നേരിൽ കാണുന്നതിലും ഭംഗിയാണ് തന്നെ ശിവയുടെ വരയിലൂടെ കാണാൻ….. അതിൽ പൊട്ടൊക്കെ കുത്തി കണ്ണെഴുതി പൂവും ചൂടി പട്ടുസാരിയും ഉടുത്തു അഭരണങ്ങൾ ഒക്കെ ഇട്ട്…….. ഒന്നും പറയണ്ട……. തന്റെ രീതിയിൽ നിന്നും നേരെ വിപരീതം……. ശിവയുടെ അമ്മയെ പിന്നെ ഇങ്ങനെ ഒക്കെ തന്നെയായിരുന്നു എപ്പോഴും താൻ കണ്ടിട്ടുള്ളത്…….. സ്നേഹവും ക്ഷമയും ആവശ്യത്തിലധികം ഉണ്ടായിരുന്ന ഒരമ്മ….. അമ്മയിൽ നിന്നും കിട്ടിയതാണ് തനിക്കും ഈയൊരു സ്വഭാവം എന്ന് തനിക്കും തോന്നിയിട്ടുണ്ട് ….

എന്റെയും അമ്മച്ചി പാവമൊക്കെയാണ് കേട്ടോ….. പക്ഷേ തോന്നുന്നത് അപ്പോൾ തന്നെ ആരുടേയും മുഖത്തു നോക്കി പറയാറുണ്ട്….. അപ്പച്ചനോട് പോലും…… ആരെങ്കിലും ഒന്നു പറഞ്ഞാൽ തിരിച്ചു രണ്ടു പറയാത്തതിന് തനിക്കും നല്ല വഴക്കു കിട്ടാറുണ്ട് ചിലപ്പോഴൊക്കെ…… ഒരാൺകുട്ടി ഇല്ലാത്തതിന് ഞങ്ങൾ മൂന്നു പെണ്മക്കളെ ഇടയ്ക്ക് ദേഷ്യത്തിൽ നോക്കാറുമുണ്ട്….. ഞങ്ങൾ എന്തോ ചെയ്തത് പോലെ……. പക്ഷേ ഞങ്ങളെ മൂന്നാളെയും തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കും പോലെയാണ് നോക്കുന്നത്…. ഒരു പരുന്തിന്റെയും കണ്ണു പോലുമെത്താതെ ചുറ്റും ഒരു രക്ഷാകവചം തീർത്ത്……. അപ്പച്ചനില്ല ഇത്രയും ശ്രദ്ധ…… അപ്പച്ചൻ ഞങ്ങൾക്ക് സ്നേഹവും സ്വാതന്ത്ര്യവും തന്നപ്പോൾ അമ്മച്ചി അതൊക്കെയൊന്നു കുറച്ചു സ്വയം കർക്കശക്കാരിയായി മാറി……..  കയ്യിലെ പിടി മുറുകി വേദനിച്ചപ്പോഴാണ് അമ്മച്ചിയിൽ നിന്നും തിരികെ ശിവയിലേക്ക് എത്തിയത്…….

ശിവ ഇങ്ങനെയാണ്…… മനസ്സിൽ ഇഷ്ടം തോന്നുന്ന എന്തും വരക്കും….. എല്ലാ ചിത്രങ്ങളുടെയും പ്രത്യേകത എന്താന്നു വെച്ചാൽ ആ വരയിൽ എല്ലാത്തിലും ഡെയ്സിയും ഉണ്ടാവും…… മുറി നിറയെ ഇതുപോലുള്ള ചിത്രങ്ങളാണ്…… ശിവച്ഛനും താനും…. കണ്ടിട്ടു പോലുമില്ലാത്ത ശിവച്ഛന്റെ അച്ഛനും അമ്മയ്ക്കും നടുവിൽ താൻ……. പൂവിനൊപ്പം…. പശുക്ടാവിനൊപ്പം എന്നു വേണ്ട സകലമാന ചിത്രത്തിലുമുണ്ടാവും ഡെയ്സി…… ഇതിന്റെയെല്ലാം പ്രത്യേകത എന്താണെന്ന് വെച്ചാൽ വരയ്ക്കാൻ ഉദ്ദേശിക്കുന്നത് എന്താണോ അതിലും ഭംഗിയുണ്ടാവും ആ പടത്തിൽ കൂടെ നിൽക്കുന്ന ഡെയ്സിക്ക്……..

മുൻപ് ഇങ്ങനെ ഒന്നുമായിരുന്നില്ല ശിവ…… ശിവയുടെ വരയും…….കാടും മലയും…. മനസിലാവാത്ത കുറേ രൂപങ്ങളും ഒക്കെയായിരുന്നു വരയിൽ…….. ദേവിയമ്മ ഞങ്ങളെ വിട്ടുപോയതിനു ശേഷമാണ് ശിവ ഇങ്ങനെ ഒക്കെ ……

ഒരിക്കൽ ഉറക്കമുണർന്നത് ശിവയുടെ അലറിച്ച കേട്ടാണ്…… എല്ലാവർക്കുമൊപ്പം ഓടി ചെല്ലുമ്പോൾ കണ്ടത് ഉമ്മറത്തു നിലവിളക്കിനൊപ്പം ശോഭയോടെ കിടക്കുന്ന ദേവിയമ്മയെയാണ്…… എരിയുന്ന തിരിയേക്കാൾ ശോഭയുണ്ടായിരുന്നു അന്ന് ആ മുഖത്ത്…….  തന്നെ തലോടി…മുടി ചീകി കെട്ടിത്തന്നിരുന്ന…. വാരിത്തന്നിരുന്ന കൈകൾ മുറുക്കി ചേർത്തു പിടിപ്പിച്ചിരിക്കുന്നു……. കാൽവിരൽ തമ്മിൽ കൂട്ടിക്കെട്ടി……. കണ്ണിൽ വെള്ളം നിറഞ്ഞു ഒന്നും കാണാൻ ഡെയ്സിക്ക് കഴിയുമായിരുന്നില്ല…. അമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…… ശിവയെ ആശ്വസിപ്പിക്കുവാനോ ഒന്നു നിയന്ത്രിക്കാനോ അന്ന് ആരെക്കൊണ്ടും സാധിച്ചില്ല……

ഒരു സൂചന പോലും തരാതെ….. ഒരുമിച്ചു കിടന്നിട്ടും പ്രിയപ്പെട്ടവളെ തണുപ്പു വന്നു മൂടുന്നത് പോലുമറിഞ്ഞില്ലല്ലോ എന്ന് അടുത്തിരുന്നു പുലമ്പുന്നുണ്ടായിരുന്നു ശിവച്ഛൻ….. ആരൊക്കെയോ ശിവയെ ആശ്വസിപ്പിക്കുവാൻ പെടാപ്പാട് പെടുന്നുണ്ട് പക്ഷേ…….. ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ അന്ന് മിണ്ടാതായതാണ് ശിവ….. പിന്നീട് അങ്ങോട്ട്‌ ചിലനേരം കുഞ്ഞു കുട്ടികളെപ്പോലെ…… ചിലപ്പോൾ പഴയ ശിവയെപ്പോലെ……. എപ്പോൾ എങ്ങനെ ആ മനസ്സ് മാറുമെന്ന് ആർക്കുമറിയില്ല…… ശിവയ്ക്കു പോലും…… അമ്മയില്ലെന്ന സത്യം അംഗീകരിക്കാൻ ഇന്നും മനസ്സ് തയ്യാറായിട്ടില്ല ശിവക്ക് ….. അമ്മയോട് തന്റെ ഇഷ്ടങ്ങൾ പറഞ്ഞു ചെയ്യിക്കാറുള്ളത് പോലെ ഡെയ്സിയെക്കൊണ്ട് ചെയ്യിക്കും….. മനസ്സും വായും തുറക്കുന്നത് തനിക്കും ശിവച്ഛനും മുന്നിൽ മാത്രമാണ്….. ചികിത്സക്കായി ഒരുപാട് ആശുപത്രികൾ കയറിയിറങ്ങി….. കുറച്ചു പൈസ ചിലവായതല്ലാതെ വലിയ പ്രയോജനം ഒന്നുമുണ്ടായില്ല…….ആർക്കുമൊരു ദ്രോഹം ഇല്ലാത്തത് കൊണ്ട് പിന്നെ ശിവച്ഛനും ആശുപത്രി കയറിയിറങ്ങുന്നത് നിർത്തി…..

നാട്ടുകാർ മംഗലത്തെ പയ്യന് ഭ്രാന്താണെന്ന് പറഞ്ഞു…. എനിക്കും ശിവച്ഛനും മാത്രമറിയാം ശിവയ്ക്ക് ഭ്രാന്തില്ലെന്ന്…… പെട്ടെന്ന് അമ്മ നഷ്ടപെടുന്ന കുഞ്ഞിന്റെ പേടിയും പരിഭ്രാന്തിയും മാത്രമാണ് ഇതെന്ന്…. ഇപ്പോൾ ഈ മുറിയും വീടും മാത്രമാണ് ശിവയുടെ ലോകം….. ഇവിടം വിട്ട് വെളിയിലേക്ക് പോകാറില്ല….. വരയ്ക്കാനും വായിക്കാനും ഉള്ളതെല്ലാം ശിവച്ഛൻ ഇങ്ങോട്ടേക്കു എത്തിക്കും……..

എങ്ങനുണ്ട് കൊച്ചേ…… ചിത്രം നോക്കിയിട്ട് ശിവ ഡെയ്സിയോട് ചോദിച്ചു…..

നല്ല ഭംഗിയുണ്ട്…… എനിക്കിഷ്ടായി…… അത് കേട്ടപ്പോൾ ശിവയുടെ മുഖം തെളിഞ്ഞു……

ഇനി ഞാൻ പോയി മുറ്റം തൂക്കട്ടെ….. ഡെയ്സി ചോദിച്ചതിന് ശിവ സമ്മതം പോലെ തലയാട്ടി…….. ഇത്രയും മതി ആൾക്ക്….. താൻ കാര്യമായി ചെയ്ത ഒന്നിനെ അംഗീകരിച്ചു പ്രശംസിച്ചാൽ ഭയങ്കര സന്തോഷമാണ്…..പ്രത്യേകിച്ച് ഞാൻ…..

ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ

ഒരു പുഷ്പം മാത്രം.ഒരു പുഷ്പം മാത്രം.

ഡെയ്സി……… ഡെയ്സി….. ഡെയ്സി…

പോകാൻ തുടങ്ങിയ ഡെയ്സി പെട്ടെന്ന് നിന്നു……. തിരിഞ്ഞു നോക്കി…. അത്ഭുതത്തോടെ ചോദിച്ചു……

ആഹാ… പുതിയ കവിത എഴുതിയോ……. എന്നിട്ട് എന്നെ കാണിച്ചില്ലല്ലോ……. പരിഭവിച്ചു ചോദിച്ചു…..

പൊട്ടീ…. ഇതൊരു സിനിമ പാട്ടാണ്…. ഞാൻ കഴിഞ്ഞ ദിവസം കേട്ടതാ…. പാട്ടേതാ കവിത ഏതാന്ന് തിരിച്ചറിയാൻ കഴിയാത്ത മണ്ടി.. ശിവ തലയ്ക്കടിച്ചു പറഞ്ഞു….. മുഴുവൻ പഠിച്ചിട്ടു പാടി കേൾപ്പിക്കാം… കേട്ടോ……

ഡെയ്സി തലയാട്ടി സമ്മതിച്ചു…അത് സിനിമ പാട്ടാണോ കവിതയാണോ എന്നൊക്കെ താനെങ്ങനെ അറിയാനാണ്…. ടിവിയൊന്നും തന്റെ വീട്ടിൽ ഇല്ല…. ഇടയ്ക്കൊക്കെ കാണുന്നത് ഇവിടെ വരുമ്പോഴാണ്…… ഇതിനോടൊന്നും വലിയ ഇഷ്ടവും തോന്നീട്ടില്ല….  അമ്മച്ചിക്കൊപ്പം പണിയെല്ലാം ചെയ്യാൻ സഹായിക്കും ബാക്കി  കിട്ടുന്ന സമയംഒരു പഴയ തയ്യൽ മെഷീൻ ഉണ്ട്…. അതിനോട് കൂട്ടു കൂടും…..

ഡെയ്സിക്കൊച്ചേ……. നീയാ ആനപിണ്ഡം ഒന്നും വാരിക്കളയാൻ നിൽക്കണ്ട കേട്ടോ…. അടുത്തേക്ക് പോകുകയും വേണ്ട… കുട്ടിക്കൃഷ്ണൻ കുറച്ചു ഇടഞ്ഞു നിൽക്കുവാ…. ശിവ മേലെ നിന്ന് ഡെയ്സിയോട് വിളിച്ചു പറഞ്ഞു…..

ഡെയ്സി ചൂലിൽ രണ്ടു തട്ടു തട്ടി…… ഉവ്വ…… കുഴിയാന ഒക്കെ ഇപ്പോ പിണ്ഡം ആണോ ഇടാറ്…. ഡെയ്സി പൊറുപൊറുത്തു……. ആനയൊക്കെ ഉണ്ടാരുന്നു….. ദേവിയമ്മ പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവനും ചെരിഞ്ഞു…….. ദേവിയമ്മയെ അവനും അത്രമേൽ ഇഷ്ടപ്പെട്ടിട്ടുണ്ടാവും…… ശിവയുടെ ഓമന ആയിരുന്നു അവൻ…… അതും ഒരു വേദന ആയിരുന്നു ശിവയ്ക്ക്…..

കുറച്ചേറെയുണ്ട് ഈ മുറ്റമെന്ന് പറയുന്ന സാധനം…… മുൻവശം മാത്രമൊന്ന് ഒതുക്കിയിട്ട് അടുക്കളയിലേക്ക് ചെന്നു….. ചായ തിളപ്പിച്ചു……. മുൻപ് ഇവിടെ പശു ഉണ്ടായിരുന്നപ്പോൾ ദേവിയമ്മ എനിക്കും തന്നിരുന്നു ഒരു ഗ്ലാസ്‌ പാൽ…..കുടിപ്പിച്ചിട്ടേ തിരിച്ചു വീട്ടിലേക്കു വിടൂ…… ശിവച്ഛനും ശിവയ്ക്കും ചായ കൊടുത്തു…… ശിവയ്ക്ക് കയ്യിൽ വെച്ചു പിടിപ്പിക്കണം…. പാട കെട്ടിയാൽ പിന്നെ കുടിക്കില്ല…. ഉപ്പുമാവ് ഉണ്ടാക്കി വെച്ചിട്ട് വീട്ടിലേക്കു തിരിച്ചു…..

മോളെ നിന്നെ…… ദേ ഇത് പിടിച്ചേ…… കുറച്ചു നോട്ടുകൾ ഡെയ്സിയുടെ കയ്യിൽ പിടിപ്പിച്ചു….. അന്നയ്ക്കും ആനിയ്ക്കും ഫീസ് അടയ്ക്കാറായില്ലേ… അപ്പച്ചന്റെ കയ്യിൽ കൊടുത്തേക്ക് കേട്ടോ …… ഡെയ്സി തലയാട്ടി സമ്മതിച്ചു തിരിഞ്ഞു നടന്നു……

ഇത് നീ പണി ചെയ്തതിന്റെ കൂലിയായിട്ടൊന്നും കൂട്ടിയേക്കരുതേ മോളേ…. നിന്നോടുള്ള കടം ഒരിക്കലും വീട്ടാൻ ഈ ശിവച്ഛനെ കൊണ്ടാവില്ല…..ഡെയ്സി തിരിഞ്ഞു നിന്നൊരു ചിരി കൊടുത്തു ശിവച്ഛന്……..

ശിവച്ഛൻ അങ്ങനെ പറയാൻ കാരണമുണ്ട്….. പുറം പണിക്ക് മാത്രമാണ് അപ്പച്ചനും അമ്മച്ചിയും മംഗലത്തു വീട്ടിലേക്ക് പോകാൻ സമ്മതിച്ചത്…. ദേവിയമ്മ മരിച്ചതിനു ശേഷം തനിക്ക് കുറച്ചു നിയന്ത്രണങ്ങൾ വെച്ചു അമ്മച്ചി……. പക്ഷേ ഡെയ്സി ആരുമറിയാതെ അവിടെ ചെല്ലുമ്പോൾ അകത്തു വന്നു ഭക്ഷണം കൂടി ഉണ്ടാക്കി വെക്കും……. ആദ്യമൊക്കെ ഡെയ്സി ഉണ്ടാക്കിയാൽ മാത്രമേ കഴിക്കു എന്നൊക്കെ ശിവ നിർബന്ധം പിടിച്ചിരുന്നു.. ഇപ്പോൾ കുറച്ചു വാശിയൊക്കെ കുറഞ്ഞു…. ശിവച്ഛന് മാത്രമേ അറിയു ഈ ഒളിച്ചു കളി……. ശിവയെ ഓർത്തു മാത്രമാണ് ഇതിനു മൗനസമ്മതം തരുന്നതും…….. അതാണ് ശിവച്ഛൻ പറഞ്ഞ ആ കടം…….

വീട്ടിലേക്ക് കടന്നപ്പോൾ ഡെയ്സി ഓർത്തത് തന്റെ പഠിപ്പിന്റെ കാര്യമാണ് ……. അലമാര തുറന്നു തുണിക്കിടയിലേക്ക് കാശ് തിരുകി വെച്ചു…… കൈ നീട്ടി ഒരു പ്ലാസ്റ്റിക് കവർ എടുത്തു തുറന്നു …… പി ഡി സി വരെ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ്.. പള്ളിയിലെ അച്ഛന്റെയും ശിവച്ഛന്റെയും കാരുണ്യത്തിൽ കിട്ടിയത്…… സഹായം സ്വീകരിക്കുന്നതിനും ഒരു പരിധിയുണ്ടായിരുന്നു അപ്പച്ചന് …… അതോടെ അപ്പച്ചൻ ഒരു തീരുമാനം എടുത്തു…. പറമ്പിൽ നിന്നു കിട്ടുന്നത് മിച്ചം പിടിച്ചും പള്ളിയിലെ സഹായം കൊണ്ടും രണ്ടാളെ പഠിപ്പിക്കാനേ കഷ്ടിച്ചു സാധിക്കു.. മൂന്നു പേരിൽ ഒരാൾ പഠിത്തം മനസ്സാലെ ഉപേക്ഷിക്കണം എന്നു പറഞ്ഞപ്പോൾ ഇളയതുങ്ങൾ രണ്ടാളും കരയാൻ തുടങ്ങി.. അത് പഠിക്കാനുള്ള കൊതി കൊണ്ടൊന്നുമായിരുന്നില്ല… വീട്ടിൽ നിന്നാൽ ഉള്ള കഷ്ടപ്പാട് ഓർത്തിട്ടായിരുന്നു… അടുക്കളപ്പണി ആട് കോഴി വെള്ളം കോരി കൃഷി നനയ്ക്കൽ.. അങ്ങനെ ഒരുപാട്.. അവരുടെ കണ്ണുനീർ കണ്ടപ്പോൾ അപ്പച്ചൻ ആകെ വല്ലാതായി… ആരെ മാറ്റിനിർത്തും…. ആ വിഷമം കണ്ടപ്പോൾ ഡെയ്സി സ്വയം ഏറ്റെടുത്തു…. പി ഡി സി പൂർത്തിയാക്കാൻ അനുവദിക്കണം എന്നു മാത്രം പറഞ്ഞു…. ശിവച്ഛൻ ചോദിച്ചപ്പോൾ പഠിക്കാൻ മടിയാണെന്ന് പറഞ്ഞു ഒഴിഞ്ഞു… പിന്നീട് പഠനം എന്ന ആഗ്രഹം മനഃപൂർവം മറന്നു..

ഇപ്പോൾ അന്ന നേഴ്സിങിനും ആനി പ്രീ ഡിഗ്രിക്കുമാണ് പഠിക്കുന്നത്… ഞങ്ങൾ മൂന്നാളും രണ്ടു രണ്ടു വയസ്സിന്റെ വിത്യാസം മാത്രമാണ് ഉള്ളത്….. അവളുമാർ രാത്രിയിൽ പഠിക്കുമ്പോൾ കാപ്പി തിളപ്പിച്ചു കൊടുത്തും കൂടെയിരുന്നും പ്രോത്സാഹിപ്പിക്കാറുണ്ട്… അവരുടെ ബുക്ക്‌ ഒക്കെ എടുത്തു തുറന്നു നോക്കി ആ മണം ഉള്ളിലേക്ക് വലിച്ചെടുക്കും.. ഓർമ്മകൾ കുറച്ചൊന്നു വേദനിപ്പിച്ചപ്പോൾ ഡെയ്സി സർട്ടിഫിക്കറ്റ് എല്ലാം തിരിച്ചു വെച്ചു അലമാര അടച്ചു……. ഈ വീട്ടിൽ പ്രധാനപ്പെട്ട സാധനങ്ങൾ വെയ്ക്കാൻ ഉള്ള ആകെയൊരിടമാണ് ഈ അലമാര…

എടിയേ ഡെയ്സി…….. ഇവളിതു വരെ വന്നില്ലയോ കർത്താവെ…

അമ്മച്ചി വന്നുവെന്ന് തോന്നുന്നു.. അപ്പച്ചൻ അതിരാവിലെ റബ്ബർ വെട്ടാനിറങ്ങും.. കാപ്പി കൊടുക്കാൻ പിറകെ അമ്മച്ചിയും….. പിന്നെ പാലെടുത്തു ഷീറ്റടിക്കാൻ അപ്പച്ചനെ സഹായിച്ചിട്ടൊക്കെയേ വരൂ….

കഴിക്കാൻ എന്തേലും ഉണ്ടാക്കിയായിരുന്നോ കൊച്ചേ … അമ്മച്ചി ചോദിച്ചപ്പോൾ രാവിലെ ഉണ്ടാക്കിയ അട പാത്രത്തിൽ വെച്ചുകൊടുത്തു കൂടെ ഒരു ഗ്ലാസ്‌ കാപ്പിയും……

നീ കഴിച്ചോടീ…….

ഇല്ല അമ്മച്ചീ….. ഇപ്പോ മംഗലത്തു നിന്നും വന്നു കയറിയതേ ഉള്ളൂ… കഴുകാനുള്ള പാത്രം പെറുക്കുന്നതിനൊപ്പം ഡെയ്സി പറഞ്ഞു….

നീയതവിടെ ഇട്ടേ…. വാ വന്നിതു കഴിച്ചേ… അമ്മച്ചി പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു….

അത് അമ്മച്ചി കഴിച്ചോ…. ഇതെല്ലാം ഒന്നൊതുക്കിയിട്ട് ഞാൻ കഴിച്ചോളാം……

അമ്മച്ചി തന്നെ മാത്രം നോക്കി ഇരിക്കയാണ്…… അപ്പച്ചൻ പറഞ്ഞ കല്യാണക്കാര്യം ആണ് ആ മനസ്സിൽ….. ആധിയാണ് മുഖത്ത് നിറയെ മകളുടെ കാര്യമോർത്ത്……ഡെയ്സി അതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു…… അമ്മച്ചിയുടെ മനസ്സിലെ ആധി അകറ്റാൻ  കർത്താവിനെ മനസ്സിൽ ഓർത്തു പ്രാർത്ഥിച്ചു ………

നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തു തരും…… (യോഹന്നാൻ 14:14)

A.. M.. Y

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!