Skip to content

രുദ്രദേവം – 30

rudhradhevam novel

രുദ്രനും ദേവും കോൺഫറൻസ് ഹാളിൽ എത്തിയപ്പോൾ അവിടെ ഇരുന്നവരെല്ലാം എണീറ്റ് അവരെ വിഷ് ചെയ്തു… എല്ലാരോടും കൈ കൊണ്ടു ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അവൻ ഇരുന്നു… അടുത്തായി ദേവൂം …

“ഷി ഈസ്‌ ദക്ഷ… മൈ വൈഫ്… ” സംശയത്തോടെ നോക്കിയവരോട് രുദ്രൻ അവളെ പരിചയപ്പെടുത്തി…. എല്ലാരേയും നോക്കി ചിരിക്കുന്നതിനിടയിൽ ഒരു മുഖം കണ്ടതും അവളുടെ ചിരി നിന്നു

“വിഹാൻ…. ” അവൾ പതിയെ പറഞ്ഞു… വിഹാന്റെ കണ്ണുകൾ അവളുടെ മേൽ ആയിരുന്നു…. ആ മുഖത്തെ ഭാവം നിർവചിക്കാൻ പറ്റാത്തതായിരുന്നു….

അവളുടെ പേടിച്ചുള്ള ഇരിപ്പ് കണ്ടതും രുദ്രൻ എന്താണെന്ന് കണ്ണുകൊണ്ടു ചോദിച്ചു.. അവൾ ഒന്നുമില്ലെന്ന് ചുമലുകൂച്ചി വെറുതെ ഒന്ന് പുഞ്ചിരിച്ചു

ഒരാൾ രുദ്രന്റെ അടുത്തേക്ക് വന്നു ഫയൽ കാണിച്ചു… അവൻ ആ ഫയൽ നോക്കുന്നതിനിടയിൽ ഇടയ്ക്ക് ദേവുനെ നോക്കി… അവൾ ആരെയോ പേടിയോടെ നോക്കിയതും രുദ്രന്റെ കണ്ണുകൾ കുറുകി… അവളുടെ നോട്ടം നിന്നിടത്തു അവനും നോക്കി…. അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു…. മീറ്റിംഗ് ആയതുകൊണ്ട് അവൻ സംയമനം പാലിച്ചു …

ഒരാൾ വന്നു പ്രസന്റേഷൻ എല്ലാർക്കും മുന്നിൽ അവതരിപ്പിച്ചു…. അവന്റെ നോട്ടം ഇടയ്ക്ക് വിഹാനിൽ വീണു…. ദേവുനെ അടിമുടി നോക്കിയിരിക്കുന്ന വിഹാനെ കണ്ടതും രുദ്രൻ മുഷ്ടി ചുരുട്ടി…

ദേവൂന്റെ പേടിച്ചരണ്ട മുഖവും നിറയാറായ കണ്ണുകളും കാൺകെ അവനിൽ നോവ് പടർന്നു… രൂക്ഷമായി വിഹാനെ നോക്കി സമയം കഴിയിപ്പിച്ചു… മീറ്റിംഗ് കഴിഞ്ഞതും ദേവു വേഗം പുറത്തിറങ്ങി…. അവളുടെ പിന്നാലെ പോകാൻ നിന്നതും ബാക്കി ഇൻവെസ്റ്റെർസ് അവനെ പൊതിഞ്ഞു… ഇതേസമയം വിഹാൻ പുറത്തു പോയിരുന്നു

“ദക്ഷ രുദ്രനാഥ്‌… ” പുച്ഛത്തോടെയുള്ള വിഹാന്റെ വിളി കേട്ടതും അവളുടെ കാലുകൾ നിശ്ചലമായി… അവനിൽ നിന്ന് ഓടി ഒളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവൾക് ഒരടി വയ്ക്കാൻ കഴിഞ്ഞില്ല

“എന്തേ മുൻഭർത്താവിനെ കണ്ടപ്പോൾ പരിചയഭാവം ഇല്ലല്ലോ ” അവളെ അടിമുടി നോക്കി…. ആ നോട്ടത്തിൽ അവജ്ഞയോടെ അവൾ മുഖം തിരിച്ചു

“നീ പുളികൊമ്പിൽ ആണല്ലോ പിടിച്ചേക്കുന്നേ….. കാലെണയുടെ വിലയില്ല… എന്നാലും കൊമ്പത്തെ നോക്കൊള്ളു ” അവന്റെ പരിഹാസത്തിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവുനെ കണ്ടാണ് രുദ്രൻ അങ്ങോട്ടേക്ക് വന്നത്

രുദ്രനെ കണ്ടതും അവനൊരു പുഞ്ചിരി നൽകി അവിടെന്ന് വിഹാൻ പോയി… .. നിറകണ്ണുകളോടെയുള്ള ദേവൂന്റെ നോട്ടം കണ്ടതും രുദ്രന് ഒന്നുമിണ്ടിയില്ല….

ക്യാബിനിൽ എത്തിയതും പെയ്യാൻ വെമ്പി നിന്നത്പോലെ കണ്ണീർ പെയ്തു… സീറ്റിൽ തലകുനിച്ചു ഇരുന്നപ്പോഴേക്കും രുദ്രൻ വാതിൽ വലിച്ചു തുറന്നു അകത്തേക്ക് കയറി..

“”വല്ലതും പറഞ്ഞാൽ കേട്ടോണ്ടിരുന്നു മോങ്ങണം….. നിനക്ക് തിരിച്ചു വല്ലതും പറഞ്ഞൂടെ…. പ്രതികരിച്ചൂടെ ദക്ഷ…. മിണ്ടാണ്ട് കേട്ട് കഴിഞ്ഞു പിന്നെ ഇരുന്ന് കരയണം ” അകത്തേക്ക് കയറിയതും രുദ്രൻ അവളിൽ ദേഷ്യം തീർത്തു….

വിഹാന്റെ വാക്കും രുദ്രന്റെ ദേഷ്യവും അവളുടെ കണ്ണീരിന്റെ ആക്കം കൂട്ടി…. ഒന്നും മിണ്ടാതെ ഇരുന്ന് കരയുന്ന പെണ്ണിനെ കാൺക്കെ അവനിൽ ദേഷ്യം നുരഞ്ഞു പൊന്തി… അതിനു ഫലമെന്നോണം അവൻ ടേബിളിൽ ഇരുന്ന ഫ്ലവർ വേസ് നിലത്തെറിഞ്ഞു പൊട്ടിച്ചു

“”അവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് നീ സമ്മതിക്കുവാണോ…. നിന്റെ മൗനമാണ് അവനെ വീണ്ടും ഓരോന്ന് പറയിപ്പിക്കുന്നത്… നിനക്ക് അവനു എതിരെ ഒരുവാക്ക് പോലും പറയാൻ തോന്നുന്നില്ലേ ദക്ഷ… “”

അവന്റെ ദക്ഷ എന്ന വിളി അവളിൽ തറച്ചു.. ഇതുവരെ ദച്ചുവെന്ന് സ്നേഹത്തോടെ വിളിച്ച നാവ് ഇന്ന് ദക്ഷയെന്ന് വിളിക്കുന്നു… അവന്റെ വേദനയും ദേഷ്യവും ആ വിളിയിൽ നിന്ന് മനസിലാക്കി… ഇനിയും താൻ കരഞ്ഞാൽ അവന്റെ ദേഷ്യം കൂടുമെന്ന് അറിയാവുന്നത് കൊണ്ടു അവൾ കണ്ണീർ തുടച്ചു കരച്ചിൽ അടക്കി….

ഇടയ്ക്ക് അടക്കി പിടിച്ചിട്ടും വിങ്ങലുകൾ പുറത്തു കേൾക്കെ അവൾ സാരിയുടെ മുന്താണി കൊണ്ടു വാ മൂടി… രുദ്രൻ ദേഷ്യം അടക്കാൻ പാടുപെട്ടു …. കുറച്ചു കഴിഞ്ഞു അവളുടെ ശബ്‌ദം ഒന്നും കേൾക്കാത്തൊണ്ട് തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞു…. സാരി ചുറ്റിപിടിച്ചു ഏങ്ങുന്നവളെ കണ്ടതും അവൻ ഓടി കെട്ടിപിടിച്ചു…… അവൾ കണ്ണീർ അവന്റെ നെഞ്ചിൽ ഇറക്കിവച്ചു…. ഏങ്ങലുകൾ കേട്ടതും അവൻ പുറം തട്ടി ആശ്വസിപ്പിച്ചു..

“നീ ഇങ്ങനെ അവൻ പറയുന്നതെല്ലാം കേട്ടു തലകുനിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കണില്ല ദച്ചു…. എന്തിനാ അവനെ കാണുമ്പോൾ പേടിക്കുന്നെ? ” മുടിയിലൂടെ വിരൽ പായിച്ചു

“ഓഫീ… ഓഫീസിൽ ആ… ആർക്കും അറിയി.. ല്ലല്ലോ…. ഇവിടെ വച്ചു പ്രശ്.. നം വേണ്ട… ന്ന് കരുതി… നിക്ക് അയാളോ.. ട് പിടിച്ചു നിക്കാ… ൻ കഴിയണില്ല രുദ്ധേട്ട… ” ഏങ്ങി ഏങ്ങി പറയുന്നവളെ ഒന്നൂടെ ചേർത്തണച്ചു നെറുകയിൽ ചുംബിച്ചു

“”ഞാൻ ഉണ്ടല്ലോ ഇവിടെ…. പിന്നെ എന്തിനാ പേടി…. നിന്നെ വല്ലതും പറഞ്ഞാൽ നീ പ്രതികരിക്കണം ദച്ചു…. നിന്റെ നിശബ്ദതയാണ് അവൻ ഓരോന്ന് പറയാൻ ധൈര്യം നൽകുന്നത്…. എന്റെ പഴയ ദച്ചു എവിടെ…? ആരേലും എന്തെങ്കിലും മോശമായി പറഞ്ഞാൽ കരണം പുകയ്ക്കുന്ന പെണ്ണ് ഇന്ന് അവന്റെ വാക്കിൽ വേദനിച്ചു കരയുവാണോ… എനിക്കാ പഴയ ദച്ചുനെ വേണം “”

അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ ചാരി നിന്നു…. പെട്ടെന്ന് ഡോറും തുറന്ന് ആദി വന്നു…. അവർ രണ്ടാളെയും കണ്ടത് അവന്റെ മുഖത്ത് നാണം വന്നു…. ദേവു തിരിഞ്ഞു നിൽക്കുന്നത് കൊണ്ടു അവനെ കണ്ടില്ല… രുദ്രൻ എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചതും അവൻ രണ്ടാളെയും കണ്ണുകാണിച്ചു ആക്കിച്ചിരിച്ചു… രുദ്രൻ അവനെ കണ്ണുരുട്ടിയതും ആദി ചിരിച്ചിട്ട് പുറത്തേക്ക് പോയി….

“ദച്ചു…. “

“മ്മ്മ്… “

“കഴിക്കണ്ടേ…. ഇനിയും മീറ്റിംഗ് ഉണ്ട്… കഴിച്ചിട്ട് പോകണ്ടേ? “

“ഞാൻ വീട്ടിൽ പൊയ്ക്കോട്ടേ? ” രുദ്രൻ അവളെ നെഞ്ചിൽ നിന്ന് മാറ്റി സംശയത്തോടെ നോക്കി

“നീ ആരെയും പേടിച്ചു ഓടേണ്ട… ഞാൻ എപ്പോഴും നിനക്ക് ചുറ്റുമുണ്ട്… അവൻ വല്ലതും പറഞ്ഞാൽ കണ്ണുനിറച്ചു നിൽക്കാതെ തിരിച്ചു പറയണം ” അവളെയും വിളിച്ചോണ്ട് അവൻ ക്യാന്റീനിലേക്ക് നടന്നു…

അവരെ കാത്തു ആദി, പല്ലവി, മയൂരി, കാർത്തി ഉണ്ടായിരുന്നു…. രുദ്രനെയും ദേവൂനെയും കണ്ടതും ആദി കളിയാക്കി ചുമയ്ക്കാൻ തുടങ്ങി… കാര്യം മനസിലാകാതെ എല്ലാരും അവനെ നോക്കി… രുദ്രൻ കണ്ണുകൊണ്ട് മിണ്ടാതെ ഇരിക്കാൻ കെഞ്ചിയത്തും അവൻ നിർത്തി… ബാക്കിയുള്ളവർക്ക് ചിരി നൽകി അവൻ കഴിക്കാൻ തുടങ്ങി..

ഓരോ വിശേഷങ്ങളും കളിയും ചിരിയുമായി അവർ ഭക്ഷണം കഴിച്ചു എണീറ്റു…. രുദ്രന്റെ ഒപ്പം കോൺഫറൻസ് ഹാളിലേക്ക് നടക്കുമ്പോൾ ദേവു ധൈര്യത്തോടെ നടന്നു… രുദ്രന്റെ കൈകളിൽ കോർത്തു പിടിച്ചു വരുന്ന ദേവുനെ കണ്ടതും വിഹാന്റെ മുഖം ഇരുണ്ടു… അത് രുദ്രൻ കണ്ടതും അവളെ ഒന്നൂടെ ചേർത്തു പിടിച്ചു…

അവരുടെ മീറ്റിംഗ് കഴിഞ്ഞു രുദ്രൻ കോൺട്രാക്ട് സൈൻ ചെയ്‌തോണ്ടിരുന്നതും വിഹാന്റെ നോട്ടം തന്നിലേക്ക് വീഴുന്നതറിഞ്ഞു ദേവു അവിടെന്ന് ഇറങ്ങി… അവൾ പോയതും രുദ്രനെ നോക്കിയിട്ട് വിഹാനും പിന്നാലെ പോയി…. സൈൻ ചെയ്യുന്ന തിരക്കിൽ അവർ അവിടെന്ന് ഇറങ്ങിയത് അവൻ അറിഞ്ഞിരുന്നില്ല….

ദേവു ക്യാബിനിലേക്ക് പോയതും അവളുടെ പിന്നാലെ വിഹാനും കയറി… അവനെ അവിടെ കണ്ടു അവൾ പേടിച്ചെങ്കിലും അത് പുറത്തു കാട്ടാതെ അവൾ നിന്നു

അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു… താൻ ശേഖരിച്ച ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി… അപ്പോഴും അവളുടെ കാതിൽ രുദ്രന്റെ വാക്കുകൾ അലയടിച്ചു… നിന്റെ മൗനമാണ്…. അതേ തന്റെ മൗനമാണ് അവന്റെ ആയുധം… ഇന്ന് രുദ്ധേട്ടന്റെ ഭാര്യയാണ്… മറ്റൊരുവന്റെ മുന്നിൽ കാഴ്ച്ചവസ്തു ആകണ്ട…. അവൾ സ്വയം പറഞ്ഞു

തന്നെ നോക്കി ചോരയൂറ്റുന്ന വിഹാനെ വിരൽ ഞൊടിച്ചു ശ്രദ്ധ തിരിച്ചു… കൈയും മാറിൽ കെട്ടി തന്നെ നോക്കി നിൽക്കുന്ന ദേവുനെ കണ്ടതും അവൻ പതറി… എപ്പോഴും തലകുനിച്ചു നിൽക്കുന്നവൾ ഇന്ന് തനിക്ക് നേരെ നിൽക്കുന്നു…

“നിന്നെ ഞാൻ ശരിക്കും ശ്രദ്ധിച്ചില്ല ദക്ഷ…. നീ എന്നെ ഇപ്പോ കൊതിപ്പിക്കുവാ… നിനക്ക് എന്നെങ്കിലും അവനെ മടുക്കുമ്പോൾ എന്റടുത്തേക്ക് വാ… ” അവളുടെ ശരീരം മൊത്തം കണ്ണുപായിച്ചു ചുണ്ട് നനച്ചു അവൻ പറഞ്ഞതും അവളുടെ കൈകൾ അവന്റെ കരണത്തു പതിഞ്ഞു…

അവളുടെ ശക്തമായ അടിയിൽ അവൻ വേച്ചു പുറകോട്ട് പോയി…. വീറോടെ അവളിൽ അടുക്കാൻ തുടങ്ങിയതും ഡോർ തുറന്നു വന്ന രുദ്രനെ കണ്ടു അവൻ അവിടെ നിന്നു…

ദേഷ്യത്താൽ ജ്വലിച്ചു നിൽക്കുന്ന ദേവുനെ കണ്ടതും രുദ്രന്റെ ഉള്ള് സന്തോഷിച്ചു… അവൻ നടന്നു അവരുടെ അടുത്തെത്തി…

“”നിങ്ങൾ ഭാര്യയ്ക്ക് ആവശ്യമുള്ളതൊന്നും കൊടുക്കുന്നില്ലേ…. എന്നെ ആരും കാണാതെ ക്യാബിനിൽ വിളിച്ചു വരുത്തിയിരിക്കുന്നു…. ഇവൾ ഇങ്ങനെ ഒരു പെണ്ണാണെന്ന് ഞാൻ വിചാരിച്ചില്ല….. ഒഴിഞ്ഞു പോയത് നന്നായി… “”

രുദ്രന്റെ കൈകൾ മാറി മാറി അവന്റെ കവിളിൽ പതിഞ്ഞു….

“”പ്ഫാ….. എന്റെ പെണ്ണിനെ പറയുന്നോ നിന്റെയീ അഴുകിയ നാവുകൊണ്ട്…. എന്റെ ഭാര്യ എന്താണെന്ന് എനിക്ക് അറിയാം… ഭാര്യയെ മനസിലാക്കിയവനാ രുദ്രൻ… അല്ലാതെ നിന്നെ പോലെ കാൽകീഴിൽ ചവിട്ടി മേതിക്കില്ല…””

“”അവളുടെ കൈയ്യിൽ നിന്ന് കിട്ടിയല്ലോ… അതായിരുന്നു ഞാൻ ആഗ്രഹിച്ചത്…. ഒരു പെണ്ണിന്റെ മാനത്തിനു വിലപറയരുത്…. എല്ലാം സഹിക്കുന്നവളാ പെണ്ണ്…. ഭൂമിയോളം താഴും…. പക്ഷേ പിന്നെയും ഉപദ്രവിച്ചാൽ അവൾ സംഹാരരൂപിണി ആകും…. “” രുദ്രന്റെ കൈകൾ അവന്റെ കോളറിൽ മുറുകി… അവനെ കാലുമടക്കി തൊഴിച്ചു…. രുദ്രന്റെ പ്രഹരങ്ങൾ സഹിക്കാനാകാതെ അവൻ നിലത്തേക്ക് വീണു…. രുദ്രൻ ദേഷ്യം മാറാതെ അവനെ ചവിട്ടി മെതിച്ചു..

അവന്റെ ശരീരത്തിൽ നിന്ന് ചോര വന്നിട്ടും രുദ്രൻ നിർത്താതെ അടിക്കുന്നത് കണ്ടു ദേവു ഓടി അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു…. പക്ഷേ അവന്റെ മനസ്സ് അപ്പോഴും തണുത്തില്ല…. അവളുടെ കണ്ണീർ പുറത്തു തട്ടിയതും അവന്റെ കണ്ണിലെ അഗ്നി കെട്ടണഞ്ഞു…

“”ഇനി എന്റെ ഭാര്യയുടെ നേർക്ക് നിന്റെ നോട്ടമെങ്കിലും എത്തിയാൽ കൊന്നു കളയും രുദ്രൻ… ദച്ചു…. അവൾ ന്റെ മാത്രമാ “” പിന്നിൽ കെട്ടിപിടിച്ചു നിൽക്കുന്നവളെ ചേർത്തു പിടിച്ചു രുദ്രൻ… അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു ഇരുകണ്ണിലും പതിയെ ചുംബിച്ചു

നെറ്റി പൊട്ടിയുള്ള ചോര അവന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി കാഴ്ച മറച്ചു… രുദ്രൻ അവനെ വലിച്ചെണീപ്പിച്ചു പുറത്തേക്ക് തള്ളി…. സെക്യൂരിറ്റിയോട് പുറത്താക്കാൻ പറഞ്ഞു… രണ്ടുപേർ വന്നു അവനെ എടുത്തു പുറത്തു കൊണ്ടു പോയി…

കാർത്തിയും, ആദിയും ഒന്നും മനസിലാകാതെ നോക്കി നിന്നു…. മയൂരിയോടും പല്ലവിയോടും ദേവൂന്റെ അടുത്തേക്ക് പോകാൻ പറഞ്ഞു അവൻ അവരുമായി പുറത്തു പോയി

ക്യാബിനിൽ കരഞ്ഞു തളർന്നു നിൽക്കുന്ന ദേവൂനെ കണ്ടതും അവർ ഓടി കെട്ടിപിടിച്ചു… അവളെ സമാധാനിപ്പിച്ചു വെള്ളം നൽകി… അവൾ രുദ്രനെ അന്വേഷിച്ചു…. അവർ അറിയില്ലെന്ന് പറഞ്ഞതും അവൾ ഫോൺ എടുത്ത് അവനെ വിളിച്ചു…. സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും അവൾ ഫോൺ ദേഷ്യത്തോടെ സോഫയിൽ എറിഞ്ഞു…

പുറത്തിറങ്ങി സെക്യൂരിറ്റിയോട് ചോദിച്ചതും അവർ മൂന്നാളും കൂടെ കാറിൽ പോയെന്ന് പറഞ്ഞു… ആദിയും കാർത്തിയും കൂടെയുള്ളത് അവൾക് ആശ്വാസമേകി..

പല്ലവി, മയൂരിയോട് യാത്ര പറഞ്ഞു അവൾ വീട്ടിലേക്ക് പോയി…

                               തുടരും

                           സ്വപ്ന മാധവ്

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!