Skip to content

ലാവണ്യ – 2

lavanya novel

ദീപുവേട്ടനെ കണ്ടപ്പോഴുണ്ടായ സന്തോഷം മുഖത്തൊരടി കിട്ടിയപ്പോൾ മാറി……..

വീട്ടിലേക്കു കയറി വരുമ്പോഴാ നാശം ചൂലുമായി നിൽക്കുന്നത്……. വല്യമ്മയാണ്……

ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി……. പോകുമ്പോഴും വരുമ്പോഴും ചൂല് കാണാൻ പാടില്ല… എന്നാൽ ഇത് ഇല്ലെങ്കിലോ….. ഓരോരോ ശാസ്ത്രങ്ങളെ…….  രണ്ടു കവിളിലും നല്ല തഴമ്പായി അടി കൊണ്ടുകൊണ്ട്…….. അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല മാളുവിന്….. ഇനിയുമെത്ര കിട്ടാൻ കിടക്കുന്നു………. ദീപുവേട്ടനും അപ്പുവേട്ടനും വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ടാ……. അവരുടെ മുൻപിൽ വച്ചു തന്നെ അടിച്ചില്ലെങ്കിൽ വല്യമ്മക്ക് ഉറക്കം വരില്ല…….. ഇല്ലാത്ത കുറ്റമൊന്നും ഉണ്ടാവില്ല തനിക്കു……. കൂടെ കുടുംബത്തിൽ മാനക്കേടുണ്ടാക്കിയ അവരെപ്പറ്റിയും പറയും……. അവരുടെ മോളല്ലേ…….. ഞാനും അങ്ങനെ തന്നെയാവും……… ഇതാണ് എന്നും ഉള്ള വല്യമ്മയുടെ പറച്ചിൽ…….. ഒരുപക്ഷേ ഏട്ടന്മാർക്ക് എന്നോട് ഇഷ്ടം തോന്നാതിരിക്കാനാവും ഇങ്ങനൊക്കെ……… ഒന്നുമല്ലെങ്കിലും ഒരേ രക്തമല്ലേ………. സഹോദരന്മാർക്ക് സ്നേഹം കൂടി എന്നെ പെങ്ങളായി ഏറ്റെടുത്താലോ….ഞാൻ ഒരു ബാധ്യത ആയാലോ…..അതാവും…

ഭക്ഷണം എല്ലാം ചൂടാക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു കഴിഞ്ഞാൽ പിന്നെ തന്റെ ആവശ്യമേ ഇല്ല………. വല്യമ്മയാണ് എല്ലാവർക്കും വിളമ്പി കൊടുക്കുക…….. അവർ ഉണ്ടാക്കി വച്ചതു പോലെയാ …….. മാളു തനിക്കായി ഒന്നും തന്നെ മാറ്റിവെക്കാറില്ല…….. അത് ഭക്ഷണം ആണെങ്കിൽ പോലും……തനിക്ക് എന്നൊരു ചിന്ത ഇല്ലാത്തതിനാലാവും………. ചില ദിവസങ്ങളിൽ പട്ടിണി കിടക്കാറുണ്ട്…….. എങ്കിലും എച്ചിൽ തിന്ന് ശീലമില്ല…….. പട്ടിണി ശീലമായി………

പാത്രം കഴുകി വക്കുമ്പോഴാണ് ആരോ അടുത്തു വന്നു നിൽക്കുംപോലെ തോന്നിയത്………. തിരിഞ്ഞു നോക്കിയപ്പോൾ…….

ദീപുവേട്ടൻ……….. രാവിലെ ഒരുനോക്കു മാത്രേ കാണാൻ പറ്റിയുള്ളൂ…….. അതിനുമുൻപ് വല്യമ്മ പൊന്നീച്ച പറത്തിയില്ലേ……… താടിയും മുടിയുമൊക്ക വളർന്നു……. ഒരുമാതിരി അപ്പി ഹിപ്പിയെ പോലെ……. മാളു മനസ്സിൽ ചിരിച്ചു……. സാധാരണ ഈ പരിസരത്തേക്ക് വരാത്തതാണ്……… എന്തിനാവോ വന്നത്……..

ഒരു ടോഫി ബോക്സ്‌ അവൾക്കു നേരെ നീട്ടി….. വാങ്ങണോ വേണ്ടയൊന്ന് ഒന്നു ആലോചിച്ചു…… കാരണം ഇത് പുതുമയുള്ള കാര്യമാണ്…..

വാങ്ങടീ മാളു……. ദീപുവേട്ടൻ പാതി  വക്കീൽ ആയി…….. അതിന്റെ സന്തോഷത്തിന്റെയാ…..

വേണ്ട…….. വല്യമ്മ കണ്ടാൽ വഴക്കു പറയും….. മാളു പറഞ്ഞു…….

അമ്മ അറിയണ്ട…….. നീയിതു വാങ്ങ്…….. ദീപു ബോക്സ്‌ നീട്ടി….. വേദനിച്ചോ രാവിലെ നിനക്ക്.. ….

ഇല്ല…….ആ ബോക്സ്‌ വാങ്ങി മാളു പറഞ്ഞു…..

സാരമില്ല പോട്ടെ ……. നീയെന്റെ അനിയത്തി അല്ലേ……….. അമ്മയുടെ സ്വഭാവം നിനക്ക് അറിഞ്ഞു കൂടെ…….

വല്യമ്മ ദീപുവിനെ വിളിച്ചു അങ്ങോട്ടേക്ക് വന്നു…… അതിനുമുൻപ് തന്നെ മാളു ആ ബോക്സെടുത്തു അരിക്കലത്തിലേക്കു ഇട്ടിരുന്നു…….. എന്നിട്ട് പാത്രം കഴുകുന്നതിൽ മാത്രം ശ്രദ്ധിച്ചു…….. വല്യമ്മയുടെ കൂടെ പോകുന്ന ദീപുവേട്ടനെ മാളു അത്ഭുതത്തോടെ തിരിഞ്ഞു നോക്കി…….

വക്കീൽ പരീക്ഷ പാസ്സായാൽ മനുഷ്വത്വം ഉണ്ടാകുമോ……… കൊള്ളാല്ലോ…… അപ്പോൾ ജഡ്ജി ആയാലോ…….. മാളു ഓർത്തു ചിരിച്ചു……

എന്തോ പറ്റിയിട്ടുണ്ട്…….. ഇതിനു മുൻപും ദീപുവേട്ടൻ വന്നുപോയിട്ടുണ്ട്…… പക്ഷേ ഇതൊന്നും പതിവുള്ളതല്ല……… അന്നും മാളു ഈ അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു…….. അന്നും അനിയത്തി തന്നെയായിരുന്നു……. അതോ ഇന്നാണോ പുള്ളിക്കതു മനസ്സിലായത്…… ആ…….

എല്ലാം ഒതുക്കി അടുക്കള വാതിൽ ചാരി തന്റെ മുറിയിലേക്ക് പോയി……. ഈ മുറിയിൽ മാത്രമാണ് മാളുവിന് സ്വാതന്ത്ര്യം ഉള്ളത്…….. എന്തും ചെയ്യാം…… ആരെയും പേടിക്കണ്ട……… പാട്ട് പാടാം……… ചിരിക്കാം…..  കരയാം……… ആരും കേൾക്കില്ല……. താനിവിടെ ചത്തു കിടന്നാൽ പോലും ആരുമറിയില്ല……. രാവിലെ ചായ കിട്ടാതാവുമ്പോൾ മാത്രം വന്നു നോക്കുമായിരിക്കും…….. ദീപുവേട്ടൻ തന്ന ബോക്സ്‌ എടുത്തു മടക്കിവച്ചിരുന്ന തുണിക്കിടയിലേക്ക് തിരുകി വെച്ചു…….. കഴിക്കാൻ തോന്നിയില്ല………..

എന്നത്തേയും പോലെ തന്നെ ഡയറി എടുത്തു മാളു…… ഇന്നത്തെ സംഭവവികാസങ്ങൾ കുറിക്കാൻ………. അച്ഛൻ പഠിപ്പിച്ചു തന്ന ഒരു ശീലം……. അതു നിർത്തുന്നത് അച്ഛനെ മറക്കുന്നതിനു തുല്യമാണ്…….. അതിനെ ഡയറി എന്നൊന്നും പറയാൻ പറ്റില്ല………. അപ്പുവേട്ടൻ തൂക്കി വിക്കാൻ വച്ചിരുന്ന ബുക്കിന്റെയൊക്കെ എഴുതാത്ത പേജ് കീറിയെടുത്തു……. ചോറു വച്ചു ഒട്ടിച്ചു ഒരു ബുക്ക്‌ പോലെയാക്കി…….. ഡയറി വാങ്ങാൻ കാശില്ലാത്തവർക്ക് ഇതാണ് ഡയറി……… ഏട്ടന്മാർ കളയുന്ന പേന മഷിയുള്ളതെടുത്തു സൂക്ഷിച്ചു വക്കും……… പിന്നെ ജയേച്ചി വാങ്ങിത്തന്നിട്ടുണ്ട് ഒരു പേന……. വല്ലപ്പോഴും അതെടുത്തു എഴുതിയിട്ട് ആ മണം ആസ്വദിക്കും………

ഇന്നത്തെ വല്യമ്മയുടെ സിക്സറും  ദീപുവേട്ടന്റെ മാറ്റവും എല്ലാം ഡയറിയിൽ കുറിച്ചു…….ഡയറി എടുത്തു സൂക്ഷിച്ചു മാറ്റി വെച്ചു…………. വല്യമ്മ ഇതിന് അകത്തേക്ക് കയറി വരാത്തത് കൊണ്ട് പിന്നെ ആരും വായിക്കുമെന്നോർത്ത് പേടിക്കണ്ട..,.

അച്ഛൻ തൂങ്ങിയാടിയ കൊളുത്തിൽ നോക്കി കിടന്നു…….. ഹും…… പേടിത്തൊണ്ടൻ അച്ഛൻ……… എന്നെക്കണ്ടു പഠിക്ക്……. മാളു പിറുപിറുത്തു……. കണ്ണടയുമ്പോൾ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ തടസ്സം വരാതെ പുറത്തേക്കൊഴുകി………

കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു……. ദീപുവേട്ടന് തന്നോടുള്ള സ്നേഹം…… അതും വല്യമ്മ കാൺകെ തന്നെ……. വീട്ടിൽ മാളു എന്ന പേര് രഹസ്യമായി ഉയരുന്നു…….. ഒന്നും തന്നെ മനസ്സിലാവുന്നില്ല……. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ…….. വരട്ടെ…….. എന്തായാലും നേരിടാം ………

ഒരു ദിവസം ഒരാളുടെ മുന്നിലേക്ക് ചായ കൊണ്ടു പോയി കൊടുക്കാൻ പറഞ്ഞു ദീപുവേട്ടൻ….. കുറച്ചു പ്രായമുള്ള മനുഷ്യൻ……. തന്നെ കണ്ടപ്പോൾ ആ മുഖമൊന്നു തെളിഞ്ഞു……… പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു…….

മോൾടെ പേരെന്താ…….

ലാവണ്യ……… തന്റെ പേര് ഉറക്കെ പറഞ്ഞു…..

ഞങ്ങളെല്ലാം മാളു ന്നാ വിളിക്കുക…… ദീപുവേട്ടൻ പറഞ്ഞു……… അത് കേട്ടപ്പോൾ കുറച്ചു വാത്സല്യത്തോടെ അദ്ദേഹം എന്നെ നോക്കി… ചായ ഊതികുടിച്ചു…… നല്ല ചായ ആണ് കേട്ടോ…….. അയാൾ പറഞ്ഞപ്പോൾ മനസ്സിൽ ഒരു മഴ പെയ്തത് പോലെ തോന്നി…. ഈ വീട്ടിൽ വന്നിട്ട് ഇങ്ങനൊരു പുകഴ്ത്തൽ ആദ്യമായിട്ടാ…,.

വല്യച്ഛനും വല്യമ്മയും ഒന്നും മിണ്ടാതെ അടുത്തു തന്നെ ഇരുപ്പുണ്ട്……. എല്ലാവരും എന്തൊക്കെയോ തന്നിൽ നിന്നും മറയ്ക്കുന്നുണ്ട്…. ഈശ്വരാ……… ഇനിയിത് തന്റെ പെണ്ണുകാണൽ വല്ലതുമായിരുന്നോ…..

മാളു ഓടി അകത്തു ചെന്നു കലണ്ടർ നോക്കി…… അടുത്ത മാസം തനിക്ക് പതിനെട്ടു ആവുകയാണ്…… ചങ്കിടിപ്പ് കൂടി വന്നു മാളുവിന്‌…….

അയാൾ തന്നെ മോളേ ന്നല്ലേ വിളിച്ചത്…….. ഇനി അയാളുടെ മകന് ആയിരിക്കുമോ……. അല്ലെങ്കിൽ പിന്നെ ചായ തന്നെക്കൊണ്ട് കൊടുപ്പിക്കുന്നതെന്തിനാ…….. സാധാരണ ആരെങ്കിലും വന്നാൽ അതൊക്കെ വല്യമ്മയാണ് ചെയ്യാറ്………ആ പരിസരത്തേക്ക് അടുപ്പിക്കാറില്ല…..ഒരുപാട് ചോദ്യങ്ങൾ മാളുവിന്റെ ഉള്ളിൽ ഉയർന്നു………

പിറ്റേന്ന് എല്ലാവരും കൂടി ഒരുങ്ങി എങ്ങോട്ടോ പോയി………. ആരുമൊന്നും പറയാറില്ല……. എവിടെ പോകുന്നുവെന്നോ……….. എപ്പോൾ വരുമെന്നോ എന്നൊന്നും ………. എന്തൊക്കെയായാലും മാളുവിന്‌ വിശ്രമം എന്നൊന്നില്ല……… ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാനുള്ളത് ചെയ്യുക തന്നെ വേണം……..

പണിയൊക്കെ ചെയ്തിട്ടു കുളിച്ചിറങ്ങാൻ നേരം എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടു…….. പുറത്ത് പോലീസ് ജീപ്പാണെന്നു തോന്നുന്നു…… സ്പീഡിൽ പോകുന്നത് മിന്നായം പോലെ കണ്ടു….

ദൈവമേ…….. ഇനി വല്ല കള്ളനും കയറിക്കാണുമോ…….. ഓടി മുൻവശത്തെ വാതിലിനടുത്തു വന്നു…… കുറ്റിയിട്ടിട്ടുണ്ടെന്നു ഒന്നുകൂടി ഉറപ്പിച്ചു…….. വീണ്ടും പോലീസ് ജീപ്പ് പോകുന്നു…….. എന്താണോ എന്തോ……

മുറിയിലെത്തി കണ്ണാടി നോക്കി മുടി കോതുവാൻ നേരമാണ് ഒരു നിഴലനക്കം പോലെ തോന്നിയത്……… പെട്ടെന്ന് തിരിഞ്ഞു നോക്കി……… ശബ്ദം ഉണ്ടാക്കുവാൻ വാ പൊളിച്ചതും ഒരു കൈ ശക്തിയിൽ വാ പൊത്തിയതും ഒരുമിച്ചായിരുന്നു……..

ആരാണെന്നു മാളുവിന്‌ കാണാൻ സാധിച്ചില്ല…… തന്റെ ഒരു കൈ പിറകിലേക്ക് തിരിച്ചു പിടിച്ചു വച്ചിരിക്കുവാണ്…….. ഒരു കൈകൊണ്ടു വാ പൊത്തിയിരിക്കുന്നു……. കൈ വിടുവിക്കാൻ ആവുന്നത് ശ്രമിച്ചു മാളു…. ഇല്ല….. പറ്റുന്നില്ല………

തന്റെ ചെവിയിൽ അയാളുടെ ശ്വാസം അടിക്കുന്നുണ്ട്……

ഒച്ചയുണ്ടാക്കരുത്……… ഞാൻ കള്ളനല്ല…….. നിന്നെ ഉപദ്രവിക്കുകയുമില്ല……..

മാളു കുറച്ചു ശാന്തമായി ആ ശബ്ദം ശ്രദ്ധിച്ചു……….

കാറില്ലന്നുണ്ടെങ്കിൽ ഞാൻ കൈ വിടാം……. കാറരുത്…. ബഹളം വെയ്ക്കരുത് പ്ലീസ്……….

അവളുടെ ബലപ്രയോഗം കുറഞ്ഞുവെന്നു അറിഞ്ഞപ്പോൾ അയാൾ അവളെ വിട്ടിട്ടു മാറി നിന്നു………

മാളു പെട്ടെന്ന് തിരിഞ്ഞു നോക്കി……. ഒരു ചെറുപ്പക്കാരനാണ്……. മുഖം പാതി മറച്ചിട്ടുണ്ട് കർചീഫ് കൊണ്ടു….. നെറ്റിയിലെ മുറിവിൽ നിന്നും ചോര കൺപീലിയിൽ തട്ടി കവിളിലേക്ക് ഒലിക്കുന്നുണ്ട്…… കയ്യും മുറിഞ്ഞിട്ടുണ്ട്…….. ഷർട്ട്‌ അങ്ങിങ്ങായി കീറിയിരിക്കുന്നു…….. തന്റെ കയ്യിലും രക്തം പറ്റിയിട്ടുണ്ട് ……….

നിങ്ങളാരാ……. എന്തിനാ ഇവിടെ വന്നേ…… എങ്ങനെ കേറി ഇതിനകത്ത്…… മാളു ഒരു വിധത്തിൽ വിറച്ചു വിറച്ചു ചോദിച്ചു………. അടുത്ത് സ്വയരക്ഷയ്ക്ക് കയ്യിൽ കരുതാൻ വലതുമുണ്ടോന്ന് കണ്ണുകൊണ്ട് തിരഞ്ഞു……

ഞാനിവിടെ മനഃപൂർവം വന്നതല്ല…….. പോലീസ് ഓടിച്ചപ്പോൾ ഒളിക്കാൻ കയറിയതാ…….

ഈശ്വരാ…….അപ്പോൾ കള്ളനാ അല്ലേ……… മാളു പേടിച്ചു ഉച്ചത്തിൽ ചോദിച്ചു……. ഓടാൻ തയ്യാറായി വാതിലിനരികിലേക്ക് നീങ്ങി…… 

അയാൾ പെട്ടെന്നു വാതിലിനരികിൽ വന്നു തടസ്സം നിന്നു പറഞ്ഞു……… ഞാൻ കള്ളനൊന്നുമല്ല……… കോളേജ് സ്റ്റുഡന്റ് ആണ്…….

കോളേജ് സ്റ്റുഡന്റ് ആണേൽ പിന്നെ പോലീസ് എന്തിനാ ഇട്ടോടിക്കുന്നത്…… മാളു സംശയത്തിൽ ചോദിച്ചു………

കോളേജിൽ ചെറിയൊരു പ്രശ്നം ഉണ്ടായി ……. അതാ…… എനിക്ക് കുറച്ചു വെള്ളം തരുവോ…… കുറേ ഓടിയതാ…….. ദാഹിക്കുന്നു……..

മാളുവിന് പേടി കുറച്ചു കുറഞ്ഞു……. അല്ലെങ്കിലും പാതി മുഖം  കണ്ടിട്ട്…….കണ്ണു കണ്ടിട്ട്  പാവം പോലെ തോന്നുന്നു…… ഓടിയിട്ടാവും നന്നായി ക്ഷീണിച്ചിട്ടുമുണ്ട്…….  അയാളെ തിരിഞ്ഞു നോക്കി നോക്കി വെള്ളം എടുക്കാൻ പോയി…..മാളുവിന്റെ പേടി മുഴുവൻ ഇപ്പോഴെങ്ങാനും വല്യമ്മ വന്നാലുള്ള പുകിലോർത്തായിരുന്നു…..

കൊടുത്ത ഒരു ഗ്ലാസ്സ് വെള്ളം മുഴുവൻ അയാൾ ഒറ്റവലിക്ക് കുടിച്ചു…….. അവൾ കാണാതെ ടവൽ കുറച്ചു പൊക്കി …….അതും തിരിഞ്ഞു നിന്ന്…..  ഒരു ഗ്ലാസ്സ് കൂടി….. അയാൾ കൈ കൊണ്ടു കാണിച്ചു……. അതും കുടിച്ചിട്ട് ഒരാശ്വാസത്തോടെ അടുത്തു കണ്ട ചെയറിൽ ഇരുന്നു……..

ഈശ്വരാ….. ഇരുന്നു റസ്റ്റ്‌ എടുക്കാൻ പോകുവാണോ…….. പോകുന്നില്ലേ….മാളു ഓർത്തു……. അയാളെയും നോക്കും അതിനൊപ്പം കണ്ണു രണ്ടും പുറത്തേക്കു പൊയ്ക്കൊണ്ടുമിരുന്നു……. വല്യമ്മ ആയിരുന്നു മനസ്സ് നിറയെ…….. കള്ളൻ ആണെന്ന് പറഞ്ഞാലൊന്നും വല്യമ്മ വിശ്വസിക്കില്ല……. ഞാൻ വിളിച്ചു കയറ്റിയതാണെന്നെ പറയൂ…..

താനൊരു ഉപകാരം ചെയ്യുമോ…… പുറത്തു പോലീസ് ഉണ്ടോന്നു നോക്കുവോ…….. പുറത്തോട്ട് നോക്കി നിൽക്കുന്ന മാളുവിനോട് അയാൾ ചോദിച്ചു……..

മാളു സമ്മതിച്ചു തല ആട്ടിയതും ഒരു ജീപ്പ് കടന്നു പോയതും ഒരുമിച്ചായിരുന്നു…….

നിൽക്കു…….ഇപ്പോൾ പോകരുത്…… അവരിപ്പോൾ തിരിച്ചു വരും……. അവിടെ വഴി അവസാനിക്കുവാ…… പിന്നെ ഇങ്ങനെ പോകണ്ട…….. പോലീസ് പിടിച്ചില്ലെങ്കിലും നാട്ടുകാർ കയ്യോടെ പിടിക്കും……… ഇപ്പോ വരാം…… ഇവിടിരിക്കേ…. പറഞ്ഞിട്ട് ഒരു വിശ്വാസത്തിന്റെ പുറത്ത് അവൾ അകത്തേക്ക് നടന്നു…..

മാളു തിരിച്ചു വന്നപ്പോൾ കയ്യിൽ കുറച്ചു കോട്ടണും മുറിവിൽ പുരട്ടാനുള്ള മരുന്നും ഉണ്ടായിരുന്നു…… അത് അയാളുടെ കയ്യിൽ കൊടുത്തു……

നെറ്റിയിലെ മുറിവ് കണ്ണാടിയിൽ നോക്കി അയാൾ തന്നെ ക്ലീൻ ചെയ്തു മരുന്നു വെച്ചു…….. മുറിവ് വലതു കയ്യിൽ ആയിരുന്നതിനാൽ മാളു അത് ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചെയ്തു കൊടുത്തു……

നീയിവിടെ തനിച്ചാണോ………. അയാൾ ചുറ്റും നോക്കിയിട്ട് ചോദിച്ചു……

ഇപ്പോൾ തനിച്ചാണ്…….. പിന്നെന്തോ ആലോചിച്ചതു പോലെ മാളു പറഞ്ഞു…….. തനിച്ചെന്നു പറഞ്ഞാൽ……. തനിച്ചല്ല……. രണ്ട് ഏട്ടന്മാരുണ്ട്……. ഇപ്പോൾ വരും…..

അയാളൊന്ന് ചിരിച്ചു……

എന്റമ്മോ…….. ഞാനൊന്നും ചെയ്യില്ല ഇയാളെ…. അതോർത്തിട്ട് ഇനി കള്ളമൊന്നും പറയാൻ നിൽക്കണ്ട……..

കോളേജിൽ അടിയുണ്ടാക്കിയോ……… അതിനാണോ പോലീസ് ഇട്ടോടിച്ചത്…….. മാളു ആകാംക്ഷയോടെ ചോദിച്ചു…….

കുഞ്ഞുകുട്ടിയുടെ മുഖത്തോടെ തന്നെ നോക്കിയിരിക്കുന്ന മാളുവിനോടായി അയാൾ പറഞ്ഞു………

അതെ…….. കൂടെയുള്ള പെൺസുഹൃത്തിനോട് ഒരുത്തൻ വേണ്ടാതീനം കാണിച്ചു……… ഞങ്ങൾ  അവനെ അവന്റെ കോളേജിൽ കയറി തല്ലി……. പ്രിൻസിപ്പാൾ പോലീസിനെ വിളിച്ചു……. അതിന്റെ ബാക്കിയാ ഇത്……. അവനിപ്പോൾ ഐ സി യു വിൽ ആയിരിക്കും……. അത്രയ്ക്ക് കൊടുത്തു………

അപ്പോൾ ഇനി കോളേജിൽ തിരിച്ചു ചെല്ലുമ്പോൾ കയറ്റുമോ…… മാളു ആശ്ചര്യത്തോടെ ചോദിച്ചു…….

സസ്‌പെൻഡ് ചെയ്യുമായിരിക്കും കുറച്ചു ദിവസത്തേക്ക്…… അത് പേടിച്ചു അവനെയൊക്കെ വെറുതെ വിടാൻ പറ്റുമോ……… ഏതാണ്ട് അത്ഭുതമനുഷ്യനെ കാണും പോലെ തന്നെ നോക്കി നിൽക്കുന്ന അവളോട് അയാൾ ചോദിച്ചു…….ആട്ടെ…… നിന്റെ പേരെന്താ…..

മാളു……… ഇവിടെ നിക്കേ…… മാളു വീണ്ടും ധൃതിയിൽ അകത്തേക്ക് പോയി……..

കയ്യിലൊരു ഷർട്ടുമായി വന്നു……… അയാൾക്ക് നേരെ നീട്ടി………. ഇന്നാ ഇതിട്ടു പൊക്കോ……. ഇങ്ങനെ പോയാൽ ആരെങ്കിലും സംശയിക്കും……. എന്റെ ഏട്ടന്റെയാ….. ഞാൻ പോലീസ് പോയൊന്നു നോക്കട്ടേ……. മാളു പതിയെ പുറത്തിറങ്ങി ചുറ്റിലും നോക്കി…….

വാ…….വാ…..ആരുമില്ല…… പെട്ടെന്ന് പൊക്കോ….. ദാ.. ആ ഇടവഴി ഇറങ്ങിയാൽ പെട്ടെന്ന് റോഡിൽ എത്താം….. മാളു ചൂണ്ടിക്കാണിച്ചിടത്തേക്ക് അയാൾ നോക്കി……

പേരു പോലെ തന്നെ ഇയാൾ ആളൊരു പാവമാണല്ലോ…….. എന്തായാലും താങ്ക്സ് ഉണ്ട്  ………. അതേ……. ആരു വന്നാലും ഇതുപോലെ സ്വീകരിക്കരുത് കേട്ടോ…….. എല്ലാവരും ഒരുപോലെ ആയിരിക്കില്ല……… ഇനിയും കാണാം……. കാണും…… പോട്ടെ…….. മാളു തല കുലുക്കി…….അയാൾ മൊബൈൽ എടുത്തു ആരെയോ വിളിച്ചു നടന്നു പോയി……..  ഇടയിൽ അവളെയൊന്നു തിരിഞ്ഞു നോക്കി…….. മാളു അപ്പോഴേക്കും സ്വന്തം ജോലിയിൽ മുഴുകിയിരുന്നു……..

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

 

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!