Skip to content

ഭാഗ്യരേഖ – 8

  • by
bhagyarekha

ശ്രീജിത്ത് കോൾ അറ്റൻഡ് ചെയ്തു..

ഓരോ നിമിഷവും അവന്റെ മുഖത്ത് പലവിധ ഭാവങ്ങളും മിന്നി മറയുന്നത് ദക്ഷയുടെ ശ്രദ്ധയിൽ പെട്ടു..

അവൾ നോക്കുന്നത് കണ്ടതും അവളുടെ മുന്നിൽ നിന്നും അൽപ്പം ദൂരം മുന്നോട്ടേക്ക് അവൻ നടന്നു..

അൽപ്പം കഴിഞ്ഞു കോൾ കട്ട് ആവുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

പക്ഷേ ഒരിറ്റ് കണ്ണീർ പോലും തുളുമ്പിയില്ല.

ഒഴുകാൻ മടിച്ച പോലത് കണ്ണിനുള്ളിൽ തന്നെ നിറഞ്ഞു നിന്നു.

പാർവതിയുടെ കരച്ചിൽ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു..

അവന്റെ ഹൃദയം പിടഞ്ഞു.

“”എന്താ ശ്രീയേട്ടാ.. എന്തുപറ്റി..?

എന്നും ചോദിച്ചു കൊണ്ട് ദക്ഷ ശ്രീജിത്തിന്റെ അരുകിലേക്ക് ചെന്നു.

“”ഹേയ് ഒന്നുല്ല….

“”ഒന്നുല്ലേ….പിന്നെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്..

“”ഹേ അത് ഈ കാറ്റടിച്ചു കണ്ണിൽ പൊടി പോയതാടി..

അവളുടെ മുഖത്ത് നോക്കാതെ ശ്രീജിത്ത് മറുപടി പറഞ്ഞു.

“”മ്മ്മ്മം.. അല്ല ആരാണ് ഇത്ര നേരം വെളുക്കും മുൻപ് തന്നെ വിളിച്ചത്..

“”അതെന്റെ ഫ്രണ്ടാണ്..

അതും പറഞ്ഞവൻ മുന്നോട്ടു നടന്നു..

അവൻ തന്നിൽ നിന്നും എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നിയെങ്കിലും കൂടുതലായി ഒന്നും ചോദിക്കാൻ അവൾ നിന്നില്ല..

സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു..

വെയിൽ നാളങ്ങളേറ്റു പുൽത്തകിടുകൾ തിളങ്ങുന്നു..

വഴിയോരം പൂവിട്ടു നിൽക്കുന്ന കോളാമ്പി പൂക്കൾ.

അവക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റകൾ..

മഴയും നനഞ്ഞു മരക്കൊമ്പിൽ തൂങ്ങി കിടക്കുന്ന വവ്വാലുകൾ.

പുലരിയെ വരവേറ്റ് ചിലച്ചു കൊണ്ട് പായുന്ന പക്ഷികൾ..

പുലരിയിലേ തണുപ്പുള്ള നേർത്ത കാറ്റ് വീശുന്നു.

മരങ്ങളിൽ ഇലകൾ ആ കാറ്റിനു താളം പിടിച്ചു നൃത്തം വെക്കുന്നു.

കണാരേട്ടന്റെ ചായക്കട പതിവ് പോലെ തുറന്നിരിക്കുന്നു..

ആവി പറക്കുന്ന ചൂട് കട്ടനും കുടിച്ചു കൊണ്ട് പുറത്തിട്ടിരിക്കുന്ന ബഞ്ചിൽ ചിലർ എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു..

ഗ്രാമം ഉണരുന്ന മനോഹരമായ ദൃശ്യങ്ങൾ..

പരസ്പരം ഒന്നും മിണ്ടാതെ ശ്രീയേട്ടനും ഞാനും നടന്നു..

ഒരൊറ്റ നിമിഷം കൊണ്ട് ശ്രീയേട്ടൻ ഇങ്ങനെ മാറാൻ മാത്രം ആ വിളിച്ചത് ആരാവും..

എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിന്നാലെ ആയിരുന്നു..

പടിപ്പുര കടന്നു ഞങ്ങൾ തറവാട്ടിലേക്ക് കേറുമ്പോൾ എല്ലാവരും ഉണർന്ന് കഴിഞ്ഞിരുന്നു..

“”ഹാ ഏട്ടനും പോയോ അമ്പലത്തിൽ..

ശ്രീക്കുട്ടിയുടെ ചോദ്യത്തിന് ഒന്നിരുത്തി മൂളിയിട്ട് ശ്രീജിത്ത് അകത്തേക്ക് കേറി പോയി..

“”ഇതെന്ത് പറ്റി ഏട്ടന്.. മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ..

എന്തുപറ്റി ദച്ചു ചേച്ചി.. നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ..?

“”ഇല്ലെടി.. അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കോൾ വന്നു..

അത് എടുത്ത ശേഷം മുതൽ ഇങ്ങനെ ആണ്..

“”ങ്ങേ.. അതാരുടെ കോൾ..

“”ആാാ എനിക്കറിയില്ല.. ഏതോ ഫ്രണ്ട് ആണെന്ന് പറഞ്ഞു..

“”ഓ എന്നാൽ അവിടുള്ള വല്ലവന്മാരും ആയിരിക്കും..

എന്തെങ്കിലും വയ്യാവേലി ഒപ്പിച്ചു ഏട്ടനെ ഹെല്പ്പിന് വിളിച്ചു കാണും..

ഏട്ടൻ ആണെങ്കിൽ സകല ഏണിയിലും പോയി തലവെക്കുകയും ചെയ്യും ..

“”മ്മ്മ്മം..

നീ ചായ കുടിച്ചോ..

“”ഇല്ല പല്ല് തേച്ചു വന്നതേ ഒള്ളൂ..

“”എന്നാൽ വാ നമുക്കൊരുമിച്ചു കുടിക്കാം എന്നും പറഞ്ഞു ദക്ഷ അകത്തേക് കേറി പോയി…. പിന്നാലെ ശ്രീക്കുട്ടിയും.

റൂമിലെത്തി കിടക്കുമ്പോൾ ശ്രീജിത്തിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു….

പാർവതിയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു പാർവതി എന്ന തന്റെ പാറു.

കുട്ടിത്തം മാറാത്ത ഒരു വായാടി പെണ്ണ്..

ആദ്യമൊക്കെ വെറും സൗഹൃദം മാത്രമായിരുന്നെങ്കിലും പിന്നീട് എപ്പോഴോ അത് പ്രണയമായി മാറി….

ഇണങ്ങിയും പിണങ്ങിയും സ്വപ്നങ്ങൾ നെയ്തു കൂട്ടിയും പ്രണയിച്ചിരുന്ന കാലം ഒരു ചലച്ചിത്രം പോലവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു.

കോളേജ് പഠനം പൂർത്തിയാക്കി തിരികെ വരാം എന്നും പറഞ്ഞു അവസാനമായി എന്റെ കവിളത്തൊരുമ്മയും തന്ന് അവൾ പോയപ്പോൾ അന്ന് ഞാൻ ഒരിക്കലും കരുതിയില്ല അവളെന്റെ ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് ചേക്കേറാനായുള്ള യാത്ര പറച്ചിൽ ആയിരുന്നെന്ന്….

പോയി ദിവസങ്ങൾ ആയിട്ടും ഒരറിവും ഇല്ലാതെ ആകെ ഭ്രാന്ത് പിടിച്ചു പോയിരുന്നു..

വിളിച്ചപ്പോൾ എല്ലാം ഫോൺ സ്വിച്ച് ഓഫ്….

ഒടുക്കം രണ്ടും കൽപ്പിച്ചു അവളുടെ അഡ്രെസ്സ് ഓർത്തെടുത്തു വീട്ടിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് അവൾ മറ്റൊരു വിവാഹം കഴിച്ചു പോയെന്ന്..

അവിടെ വെച്ച് അവളുടെ കല്യാണ ഫോട്ടോ കൂടി കണ്ടതോടെ ആകെ തകർന്ന് പോയി ഞാൻ..

ഞാനില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് നാഴികക്ക് നാല്പത് വട്ടം കാതിൽ പറഞ്ഞിരുന്നവൾ….

മറ്റൊരാൾക്ക് കഴുത്തു നീട്ടി കൊടുത്തു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി..

അവളെന്തിനാവും എന്നെ ചതിച്ചതെന്ന് ഇന്നും അറിയില്ല..

അവളെ കോൺടാക്ട് ചെയ്തു അതറിയാനും ശ്രമിച്ചില്ല.

ഒരുതരം ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു….

മാസങ്ങൾ എടുത്തു അതിൽ നിന്നും കരകേറി വരാൻ…..

എല്ലാം അറിയാവുന്ന ഒരാൾ ശ്രീക്കുട്ടി മാത്രമാണ്..

അവളാണ് തനിക്ക് ആശ്വാസമായി നിന്നതും ഇപ്പോഴത്തെ ഞാനാക്കി എന്നെ മാറ്റിച്ചതും..

എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങുമ്പോൾ ഓർമ്മപ്പെടുത്തലുമായി അവൾ വീണ്ടും വിളിച്ചിരിക്കുന്നു.. രണ്ടു വർഷങ്ങൾക്ക് ഇപ്പുറം..

എന്തിന് വേണ്ടി..?

എന്തിനാവും അവളെന്നെ കാണണമെന്ന് പറഞ്ഞത്..?

എന്താവും അവൾക്ക് പറയാൻ ഉണ്ടാവുക….?

ശ്രീജിത്തിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നു വന്നു…..

————————————————————

ശ്രീജിത്തിന്റെ ഓർമ്മകളിൽ നീറി നീറി വെന്തുരികിയ നിമിഷങ്ങൾ..

കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ച ദിനരാത്രങ്ങൾ..

പാർവതിയുടെ മനസ്സ് ഓരോന്നും ഓർത്തെടുത്തു.

ശ്രീയേട്ടനുമായുള്ള പ്രണയം ആരോ അച്ഛന്റെ കാതിൽ എത്തിച്ചിരുന്നു..

പഠനം പൂർത്തിയാക്കി ചെന്ന അന്ന് മുതൽ വീട്ടു തടങ്കലിൽ ആയിരുന്നു..

ആരോടും ഒന്നും മിണ്ടാൻ പറ്റാതെ ഫോൺ പോലും ചെയ്യാൻ പറ്റാതെ പോയ ദിവസങ്ങൾ..

അതിനിടയിൽ അച്ഛൻ തന്റെ ബിസിനസ് പാർട്ണർ ജയദേവൻ അങ്കിളിന്റെ മകൻ സന്ദീപുമായി കല്യാണം ഉറപ്പിച്ചു..

എന്റെ പ്രണയത്തെ കുറിച്ചവനോട് പറഞ്ഞതാണ്…..

കല്യാണത്തിൽ നിന്ന് പിന്മാറാൻ ഒരായിരം വട്ടം അവന്റെ കാലു പിടിച്ചു പറഞ്ഞു നോക്കിയതുമാണ്….

പക്ഷേ അവൻ കേട്ടില്ല..

അതുകൊണ്ട് തന്നെ എന്തൊക്ക സംഭവിച്ചാലും അവന് മുന്നിൽ കഴുത്തു നീട്ടി കൊടുക്കില്ല എന്നുറപ്പിച്ചതാണ്..

പക്ഷേ ഒടുവിൽ അച്ഛൻ ഒരുക്കിയ ആത്മഹത്യ നാടകത്തിൽ വീണ് അവന് മുന്നിൽ കഴുത്തു നീട്ടേണ്ടി വന്നു തനിക്ക്…..

എന്റെ ഉള്ളിലെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ ചെന്നു കേറിയിടത്തും വീട്ടു തടങ്കൽ കഴിയാൻ തന്നെയായിരുന്നു എന്റെ വിധി..

പോരാത്തതിന് ശ്രീയേട്ടനെ ഞാൻ കോൺടാക്ട് ചെയ്യാതെ ഇരിക്കാനുള്ള സകല കാര്യങ്ങളും അവൻ ചെയ്തു വെച്ചിരുന്നു..

പക്ഷേ അത് കൊണ്ടൊന്നും എന്നിലെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞിട്ടോ അതോ ഒരിക്കലും ഭർത്താവായി ഞാൻ അവനെ അംഗീകരിക്കില്ല എന്ന് തിരിച്ചറിഞ്ഞിട്ടോ എന്നറിയില്ല മ്യുച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു എന്നെ അവൻ അവന്റെ ജീവിതത്തിൽ നിന്നും സ്വതന്ത്രയാക്കി..

ഇനി ഞാൻ സ്വപ്നം കണ്ട ജീവിതത്തിലേക്ക്….

എന്റെ ശ്രീയേട്ടനൊപ്പം എനിക്ക് ജീവിക്കണം..

എല്ലാം തുറന്നു പറയണം….

എല്ലാത്തിനും മാപ്പ് ചോദിക്കണം….

ഇനി അതിന് കുറച്ചു ദിവസങ്ങൾ മാത്രം..

അവളുടെ മനസ്സ് മന്ത്രിച്ചു.

കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തിളക്കം അലതല്ലി.

—————————————————————-

“”എന്താടി പെണ്ണേ ശ്രീയേട്ടൻ വന്നതിൽ പിന്നെ നിന്നെ ഒന്ന് കാണാൻ കിട്ടുന്നില്ലല്ലോ..

അഞ്ജലിയുടെ ചോദ്യം കേട്ട് ദക്ഷ ഒന്ന് പുഞ്ചിരിച്ചു.

“”എന്താടി നീ വളച്ചെടുത്തോ അങ്ങേരെ.. രണ്ടും സെറ്റ് ആയോ..

“”ഒന്ന് പോയേടി അവിടുന്ന്..  ഞങ്ങൾ തമ്മിൽ അങ്ങനൊന്നുമില്ല….

“”ഉവ്വ ഉവ്വേ ഞാൻ കാണുന്നുണ്ട് പെണ്ണിന്റെ ഇളക്കം..

“”നിനക്ക് അങ്ങനെ പലതും തോന്നും.. എനിക്ക് ഒരു കുഴപ്പവുമില്ല..

“””മ്മ്മ്മം കാണാം….. അല്ല മഹിയേട്ടനല്ലേ ആ ഇരിക്കുന്നത്..

മൂപ്പരിപ്പോ എന്തോ ശോകത്തിൽ ആണെന്ന് വിനുവേട്ടൻ പറയുന്നത് കേട്ടു….

പഴയത് പോലിപ്പോൾ ആരോടും അങ്ങനെ മിണ്ടാറില്ലത്രേ..

“”അതെന്തു പറ്റി..??

“”ആാാ..ആർക്കറിയാം.. കണ്ട സ്ഥിതിക്ക് ഒന്ന് ചോദിച്ചു നോക്കാം….വാടി..

എന്നും പറഞ്ഞു അഞ്ജലി ദക്ഷയുടെ കൈയും പിടിച്ചു മഹേഷ്‌ ഇരിക്കുന്ന പുഴക്കരയിലേക്ക് ചെന്നു..

“”മഹിയേട്ടോ.. ഇതെന്താ പുഴയിലെ ഓളം എണ്ണി ഇരുപ്പാണോ..

അഞ്ജലിയുടെ ചോദ്യം കേട്ട് മഹി തിരിഞ്ഞു നോക്കി.

“”ഹാ നിങ്ങൾ ആയിരുന്നോ.. ഞാൻ വെറുതെ ഇരുന്നതാടി..

“”അല്ല ഏട്ടൻ ഈയിടയായി എന്തോ ശോകത്തിൽ ആണെന്ന് വിനുവേട്ടൻ പറഞ്ഞു കേട്ടു..

എന്തുപറ്റി ഏട്ടാ..

എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

“”എന്ത്‌ പ്രശ്നം.. ഒന്നൂല്ലെടി.. അവൻ ചുമ്മാ പറഞ്ഞതാവും..

“”ഉവ്വേ പക്ഷേ ഏട്ടനെ കണ്ടിട്ട് ഒരു നിരാശ കാമുകന്റെ ലുക്ക്‌ ഉണ്ട്‌..

അഞ്ജലിയുടെ വാക്കുകൾ കേട്ട് മഹി ഒന്ന് പതറി.

“”നിരാശാ കാമുകനോ.. ഒന്ന് പോയേടി അവിടുന്നു..

“”അല്ല മഹിയേട്ടാ നമ്മുടെ താരം വന്നിട്ട് എന്താ അവളോട് ഒന്നും മിണ്ടാത്തത്….

“”അവളിപ്പോ വലിയ തിരക്കിൽ അല്ലേ.. കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം..

“”അത് ശെരിയാ.. ഫുൾ ടൈം ആ മുറച്ചെറുക്കന്റെ പിന്നാലെ ആണെന്നാണ് കേൾവി….

അഞ്ജലി ചിരിയോടെ അത് പറയുമ്പോൾ മഹിയുടെ മുഖം വാടി.

“”ഒന്ന് പോടീ…..എന്റെ മഹിയേട്ടാ അവിടെ നൂറുകൂട്ടം പണിയുണ്ട്..

കാവിൽ പൂജ നടക്കാൻ പോകുകയല്ലേ..

പിന്നെ പോരാത്തതിന് എന്റെ കൂടെ എപ്പോഴും ശ്രീക്കുട്ടി ഉണ്ടാവും..

അവളുടെ കൂടെ നടന്നു ഇങ്ങോട്ടൊന്നും ഇറങ്ങാൻ നേരം കിട്ടാറില്ല..

“”മ്മ്മം.. ഞാൻ വെറുതെ പറഞ്ഞതാടി..

“”ശെരിയെന്നാൽ നിങ്ങൾ സംസാരിക്ക് ഞാൻ പോവുന്നു….

അപ്പച്ചിയും ശ്രീക്കുട്ടിയും മിക്കവാറും എന്നെ ഇപ്പോൾ തിരക്കുന്നുണ്ടാവും..

ഞാൻ ഇവളെ ഒന്ന് കാണാൻ വേണ്ടി എന്നും പറഞ്ഞു പോന്നതാണ്….

എന്നും പറഞ്ഞു ദക്ഷ നടന്നു..

അവൾ നടന്നു നീങ്ങുന്നതും നോക്കി മഹി ഇരുന്നു.

“”അപ്പച്ചിയെയും ശ്രീക്കുട്ടിയെയും കാണാൻ ഒന്നുമല്ല ഇതാ  മുറച്ചെറുക്കനെ കാണാനുള്ള ഓട്ടമാണ്..

അതും പറഞ്ഞു അഞ്ജലി ചിരിച്ചു.

താൻ അത് പറഞ്ഞു നിർത്തുമ്പോൾ മഹിയുടെ മുഖത്തു നിരാശ പടരുന്നത് അവൾ ശ്രദ്ധിച്ചു.

“”മഹിയേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..

“”എന്താടി..

“”അതുപിന്നെ ഏട്ടൻ സത്യം പറയണം.. ഏട്ടന് ദക്ഷയെ ഇഷ്ടാണോ..?

അഞ്ജലിയുടെ ചോദ്യം കേട്ടവൻ ഞെട്ടി.

“”ഏട്ടാ സത്യം പറയണം.. എനിക്കെന്തോ അങ്ങനെ തോന്നി.. അതാണ് ചോദിച്ചത്..

“”ഹേയ് അങ്ങനെ ഒന്നുമില്ല.. നിനക്ക് വെറുതെ തോന്നിയതാവും..

നീ പോവാൻ നോക്ക് നേരം സന്ധ്യയാവുന്നു.. ഞാൻ കുറച്ചു നേരം ഇവിടൊന്നു കിടക്കട്ടെ..

എന്നും പറഞ്ഞു അവൻ പുഴക്കരയിലെ മണ്ണിലേക്ക് മലർന്ന് കിടന്നു.

“”ഞാൻ പൊക്കോളാം.. ഏട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറ..

“”നിന്നോട് പോവനല്ലേ പറഞ്ഞത്..

എന്നും പറഞ്ഞു അവൻ അഞ്ജലിയുടെ നേരെ ചൂടായതും അവൾ പതിയെ അവിടെ നിന്നും നടന്നകന്നു….

അഞ്ജലിയുടെ ചോദ്യം അവന്റെ കാതുകളിൽ മുഴങ്ങി നിന്നു.

തനിക്ക് ദക്ഷയെ ഇഷ്ടമാണോ..

അവൻ തന്നോട് തന്നെ ചോദിച്ചു..

അതേ അവളോട് തനിക്ക് പ്രണയമാണ്.

ആരും കാണാതെ പുസ്തകത്താളിൽ ഒളിപ്പിച്ച മയിൽപ്പീലി പോലെയുള്ള  പ്രണയം.

എന്നും മനസ്സിനുള്ളിൽ സൂക്ഷിക്കാൻ മാത്രം വിധിക്കപ്പെട്ട പ്രണയം..

തുറന്നു പറയാൻ കഴിയാതെ ഒരു തുള്ളി കണ്ണ് നീരിന്റെ നനവോടെ അതിനെ എന്നും ഓർത്തെടുക്കാൻ മാത്രമേ തനിക്കിനി കഴിയൂ..

കാരണം അവളുടെ മനസ്സിലിന്ന് മറ്റൊരാൾ ചേക്കേറിയിരിക്കുന്നു..

ശ്രീജിത്ത്.. അവളുടെ മുറച്ചെറുക്കൻ.

അത് ചിന്തിക്കുമ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞു….

ഇതുവരെ താൻ നെയ്തു കൂട്ടിയ പ്രണയ സ്വപ്നങ്ങൾ  എല്ലാം വെറും പാഴ്കിനാവായി മാറി….

പറയാതെ.. അറിയാതെ പോയ നഷ്ട പ്രണയത്തിന്റെ നോവുമായി..

അവ ചിറകറ്റ് ഇനി ഈ മണ്ണിൽ  അലിഞ്ഞു ചേരട്ടെ ..

അവന്റെ മിഴികൾ നിറഞ്ഞൊഴുകി….

മിഴിനീർ തുള്ളികൾ അവന്റെ കവിൾ തടങ്ങളിലൂടെ ഒഴുകി ഇറങ്ങി മണ്ണിലേക്ക് അലിഞ്ഞു ചേർന്നു..

നക്ഷത്രങ്ങൾ പോലും പൂവിടാൻ മറന്നു പോയ ഇരുണ്ട സന്ധ്യയിൽ ആകാശത്തേക്ക് മിഴിനട്ടവൻ കിടക്കുമ്പോൾ താൻ കണ്ട സ്വപ്നങ്ങളെയും …. തന്റെ ആഗ്രഹങ്ങളെയും ഓർത്തവന്റെ ഹൃദയം നീറി നീറി പിടഞ്ഞു..

ഏലത്തൂർ ഇല്ലത്തെ കുട്ടിയെ മോഹിക്കാൻ മാത്രം വിഡ്ഢിയായി പോയല്ലോ താൻ എന്നോർത്തവൻ ചിരിച്ചു…..

നോവ് കലർന്നൊരു ചിരി..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!