“”നീയെന്താടി പെണ്ണേ നെറ്റി തടവിക്കൊണ്ട് ഇരിക്കുന്നത്..
എന്തേ ശ്രീയെ ഓർമ്മ വന്നോ..
“”പിന്നെ ഓർക്കാതിരിക്കാൻ പറ്റുമോ…..
നല്ലൊരടയാളം നെറ്റിയിൽ തന്നിട്ടല്ലേ ആ കാലൻ ബാംഗ്ലൂർക്ക് പോയത്..
“”കാലൻന്നോ….ഡി പെണ്ണേ നീ എന്റെ കൈയ്യിന്നു വാങ്ങും…
അവനെ അങ്ങനൊന്നും വിളിക്കാൻ പാടില്ല….
പിന്നെ ഇനി നേരിൽ കാണുമ്പോൾ പഴയത് പോലെ വഴക്കിനും ഒന്നും ചെന്നേക്കരുത്..
ആള് ഇപ്പോൾ വലിയ ചെക്കനായിട്ടുണ്ടാവും..
വെറുതെ അവന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടാൻ നിൽക്കേണ്ട….
അമ്മ അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചു.
“””ഉവ്വ..എന്റെ മെക്കിട്ട് കേറാൻ വന്നാൽ ആരെന്ന് ഒന്നും ഞാൻ നോക്കില്ല.. ആരായാലും വിവരം അറിയും..
എന്നും പറഞ്ഞു ഒരൽപ്പം ദേഷ്യം നടിച്ചു ഞാൻ അകത്തേക്ക് കേറി പോയി..
ഭക്ഷണം കഴിച്ചു പണികളും ഒതുക്കി കട്ടിലിൽ ചെന്നു കിടക്കുമ്പോൾ കുട്ടിക്കാലത്തെ ശ്രീയേട്ടന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു….
ആ രൂപം വെച്ച് ഇപ്പോഴത്തെ രൂപം വെറുതെ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി..
വെളുത്തു തുടുത്തു താടിയും മീശയും അത്യാവശ്യം തടിയും ഒക്കെയുള്ളൊരു ഒത്ത പുരുഷൻ ആയി കാണും ആളിപ്പോൾ..
സ്വഭാവം പണ്ടത്തെ പോലെ കുസൃതിയും വഴക്കും ഒക്കെ നിറഞ്ഞത് തന്നെ ആവുമോ..
എന്തായാലും ബാംഗ്ലൂർ ഒക്കെ ആയത് കൊണ്ട് കുറച്ചു ജാഡ പ്രതീക്ഷിക്കാം..
പിന്നെ ഇനി കല്യാണം കഴിഞ്ഞോ കാമുകി ഉണ്ടോ എന്നൊക്കെ ആർക്കറിയാം..
ശ്രീക്കുട്ടിയും വളർന്നു നല്ലൊരു സുന്ദരി പെണ്ണായി കാണും..
എന്റെ ഊഹം വെച്ച് നോക്കുമ്പോൾ ആളിപ്പോൾ കോളേജിൽ പഠിക്കുന്ന പ്രായം ആണ്..
കുഞ്ഞിലേ അവൾക്കെന്നെ വലിയ കാര്യമായിരുന്നു..
ഇപ്പോൾ എങ്ങനെ ആയിരിക്കുമോ എന്തോ..
മറന്നു കാണുമോ എന്ന് തന്നെ ദൈവത്തിനറിയാം…..
എന്തായാലും അറ്റ് പോയ ചങ്ങല കണ്ണികൾ എല്ലാം കൂടി ചേരുമോ എന്ന് കണ്ടറിയണം….
മനസ്സിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്നു ഞാൻ മയങ്ങി പോയി.
വൈകുന്നേരം ദീപാരാധന തൊഴാൻ പോവാമെന്ന് പറഞ്ഞു അഞ്ജലി വന്നു വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്….
ദീപാരാധന തൊഴൽ അല്ല വിനുവേട്ടനുമായി പഞ്ചാര അടിക്കൽ ആണ് അവളുടെ ഉദ്ദേശം..
അതിനാണ് എന്നെയും കൂട്ടു പിടിച്ചുള്ള ഈ ദീപാരാധന തൊഴാൻ പോക്ക്….
ഞാൻ വേഗം തന്നെ കുളിച്ചൊരുങ്ങി അവൾക്കൊപ്പം അമ്പലത്തിലേക്ക് നടന്നു….
ആവേശത്തോടെ കാമുകി ചുംബിച്ചു ചുവപ്പിച്ച പോലെ തൃസന്ധ്യയുടെ വരവറിയിച്ചുള്ള ചുംബനമേറ്റ് സൂര്യൻ ചുവന്നു തുടുത്തു..
അവനിലെ ചുവപ്പ് ആകാശത്തിലേക്കും പടർത്തി കൊണ്ടവൻ അസ്‌തമിക്കാൻ ഒരുങ്ങുകയാണ്….
നാണത്താൽ ചുവന്നു തുടുത്ത പെണ്ണിന്റെ കവിൾത്തടം പോലെ ആകാശം ചുവന്നു നിൽക്കുന്ന കാഴ്ച്ച കണ്ണിന് വിരുന്നൊരുക്കി..
വെയിൽനാളങ്ങൾ സ്വർണ്ണ വർണ്ണം പൂശിയ പാടത്തു നിന്നും കിളികൾ കൂട്ടമായി പറന്നുയർന്നു..
കാഴ്ച്ചകൾ കണ്ട് ഞങ്ങൾ അമ്പലത്തിൽ എത്തി ദീപാരാധന തൊഴുതു ഇറങ്ങി അമ്പലത്തിന്റെ പിന്നിലേക്ക് ചെല്ലുമ്പോൾ അവിടുത്തെ ആലിൻ ചുവട്ടിൽ ആലിൽ ചാരി വിനുവേട്ടൻ നിൽപ്പുണ്ടായിരുന്നു..
“”ദേ..ഡി പാവം നിന്റെ കാമുകൻ നിന്നെ കാത്തു നിന്ന് നിന്ന് വേരിറങ്ങി എന്ന് തോന്നുന്നു..
വിനുവേട്ടേനെ ചൂണ്ടി കാണിച്ചു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“”ഒന്ന് പോടീ അവിടുന്നു.. ഈ പ്രണയത്തിന്റെ സുഖമൊന്നും നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല..
അതറിയണേൽ നീ ആരെയെങ്കിലും ഒന്ന് പ്രണയിച്ചു നോക്കണം…
“”പിന്നെ വിശന്നിരിക്കുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന്റെ സുഖമൊന്നും ഈ പറഞ്ഞ പ്രണയത്തിന് കിട്ടില്ലല്ലോ..
“”ഓ അല്ലെങ്കിലും പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല….
നിന്നോട് പ്രണയത്തെ കുറിച്ച് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ..
തീറ്റ ഭ്രാന്തി…
“”ഓ എന്റെ മോള് കൂടുതൽ പറയണ്ട.. ചെല്ല്.. ചെന്ന് അങ്ങേരുമായി പോയി സൊള്ളിയിട്ട് വാ ഞാൻ ആലിന്റെ അവിടെ തന്നെ നിന്നോളാം..
എന്നും പറഞ്ഞു ഞാൻ അവളുമായി വിനുവേട്ടന്റെ അരുകിലേക്ക് ചെന്നു..
“”എത്ര നേരമായെടി കാത്ത് നിൽക്കുന്നു.. നിനക്കൊന്നു നേരത്തെ വന്നൂടെ..
വന്നപാടെ വിനുവേട്ടൻ അവൾക്ക് നേരെ ചൂടായി കൊണ്ട് പറഞ്ഞു..
“”അതേ നിങ്ങൾ ആൺകുട്ടികൾക്ക് കുളിച്ചു തുവർത്തി ഷർട്ടും മുണ്ടും അണിഞ്ഞു നേരെ ഇങ്ങ് പോന്നാൽ മതി..
അതുപോലെ അല്ല ഞങ്ങൾ പെൺകുട്ടികൾ..
ഞങ്ങൾക്ക് ഒരുങ്ങാൻ കുറച്ചു സമയമൊക്കെ വേണ്ടി വരും..
ഞാൻ ചാടി കേറി പറഞ്ഞു..
“”എന്റെ പൊന്ന് ചീവിടേ ഞാൻ അതിന് നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ..
വെറുതെ ഇനി നിന്നോട് തർക്കിച്ചു നിന്ന് നേരം കളയാൻ ഞാനില്ലേ..
അടിയൻ അടിയന്റെ പെണ്ണിനേയും കൊണ്ട് ഒന്ന് നടന്നിട്ട് വരാം അതുവരെ ഭവതി ഇവിടെ നിന്നാലും..
എന്നെ നോക്കി തൊഴു കൈയോടെ വിനുവേട്ടൻ അത് പറയുമ്പോൾ ഞാനും അഞ്‌ജലിയും ചിരിച്ചു പോയി..
“”ഓ കൊണ്ട് പൊക്കോ.. പക്ഷേ ആ വഴി പോയേക്കരുത്.. പെട്ടെന്ന് വരണം..
“”ആയിക്കോട്ടെ.. എന്നും പറഞ്ഞു ചെറിയൊരു ചിരിയോടെ ഏട്ടൻ അവളുമായി പാടവരമ്പത്തേക്ക് ഇറങ്ങി..
കിളികൾ കൂട്ടമായി ചേക്കേറാനായി ആലിൻ കൊമ്പിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു..
ആകെ ശബ്ദ മുഖരിതമായ അന്തരീക്ഷം..
സായാഹ്ന കാറ്റിൽ ആലിലകൾ നൃത്തം വെക്കുന്നു..
ആ കുളിർകാറ്റ് എന്നെയും തഴുകി കൊണ്ടിരുന്നു..
മണ്ണിലേക്ക് ആഴ്‌ന്നിറങ്ങി കെട്ടി പിണഞ്ഞു കിടക്കുന്ന ആലിന്റെ വേരുകളിൽ ഒന്നിൽ ഞാനിരുന്നു..
ചില പ്രണയങ്ങളും ഈ വേരുകൾ പോലെ കെട്ടിപിണഞ്ഞു മനസ്സിലേക്ക് ആഴ്ന്നിറങ്ങിയവയാണ് …..
അഞ്ജലിയുടെയും വിനുവേട്ടന്റെയും പ്രണയം പോലെ….
സൂര്യ രശ്മികൾ സ്വർണ്ണവർണ്ണം പൂശിയ പാട വരമ്പിലൂടെ അഞ്ജലിയും വിനുവേട്ടനും നടന്നു നീങ്ങുന്നത് ഞാൻ നോക്കിയിരുന്നു….
പ്രണയിക്കുന്നെങ്കിൽ ഇവരെ പോലെ പ്രണയിക്കണം..
ഇണങ്ങിയും പിണങ്ങിയുമുള്ള പ്രണയത്തെ കുറിച്ച് അഞ്ജലി വാചാലയാവുമ്പോൾ പ്രണയം അത്രമേൽ മനോഹരമാണോ എന്ന് ചിലപ്പോഴൊക്കെ ഞാനും ചിന്തിച്ചു പോവാറുണ്ട്..
പക്ഷേ എന്തോ പ്രണയമെന്ന വികാരം ഇതുവരെ എന്നെ കീഴ്പ്പെടുത്തിയിട്ടില്ല..
എന്ത് കൊണ്ടാവും ഇതുവരെ എനിക്ക് ആരോടും പ്രണയം തോന്നാഞ്ഞത്..
എന്ത് കൊണ്ടാവും ഇതുവരെ ആരും എന്നെ പ്രണയിക്കാത്തത്..
ഞാൻ വെറുതെ ചിന്തിച്ചു നോക്കി..
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഭാഗ്യം വേണമെന്ന് പണ്ടാരോ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്..
ഒരുപക്ഷേ അത് സത്യമായിരിക്കാം..
തനിക്ക് ആ ഭാഗ്യമില്ലാതെ പോയി.. ഭാഗ്യം കെട്ട ജന്മം..
അവൾ പൊറു പൊറുത്തു.
ഒരു സാധാരണ പെണ്ണെന്ന നിലയിൽ ഒരു താലി ചരടിൽ എന്നിലെ സ്നേഹത്തെ ബന്ധിക്കാൻ ഞാനും എപ്പോഴെക്കെയോ ആഗ്രഹിച്ചു പോയിട്ടുണ്ട്..
പക്ഷേ…..
അവളുടെ മുഖത്ത് നിരാശ പടർന്നു..
അത് കണ്ട് സങ്കടത്തോടെ ആവണം സൂര്യനും മെല്ലെ മേഘങ്ങൾക്ക് ഇടയിൽ മറഞ്ഞു..
ഇനി അവളുടെ വരവാണ്..
നിശബ്ദമായി ആരെയോ പ്രണയിക്കുന്ന രാത്രിയുടെ വരവ്..
അവൾ ആരെയാവും നിശബ്ദമായിങ്ങനെ പ്രണയിക്കുന്നത്..
തന്റെ ഇരുളിലേക്ക് വെളിച്ചം പകർന്നു തനിക്ക് കൂടുതൽ മിഴിവേകുന്ന ചന്ദ്രനെ ആവുമോ..
എങ്കിൽ അവളോളം പ്രണയത്തിന്റെ നോവും സന്തോഷവും തിരിച്ചറിയാൻ മറ്റാർക്കും കഴിയില്ല..
അമവാസി നാളിനെ ആവും അവളേറെ ഭയക്കുക….
അന്ന് തന്റെ പ്രിയപ്പെട്ടവനെ കാണാതെ ഒറ്റപ്പെടലിന്റെ നോവെത്രയവൾ അറിയുന്നുണ്ടാവും..
കനത്ത ഇരുളിൽ പുലരുവോളം നിശബ്ദമായി തേങ്ങുന്നുണ്ടാവും..
എന്റെ ചിന്തകൾ എങ്ങോട്ടെന്നില്ലാതെ അപ്പൂപ്പൻ താടി കണക്കിന് പാറി പറന്നു നടന്നു..
“”ഡി പെണ്ണേ നീ കണ്ണ് തുറന്നിരുന്നു സ്വപ്നം കാണുവാണോ..
നമുക്ക് പോവണ്ടേ..
അഞ്ജലിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..
“”ഹാ കഴിഞ്ഞോ രണ്ടിന്റെയും പഞ്ചാര..
“”കഴിഞ്ഞു കഴിഞ്ഞു.. വാ നേരം ഇരുട്ടി തുടങ്ങി.. പോയേക്കാം എന്നും പറഞ്ഞവളെന്റെ കൈയും പിടിച്ചു എഴുന്നേൽപ്പിച്ചു മുന്നോട്ട് നടന്നു..
ഇടക്ക് തിരിഞ്ഞു നിന്ന് ഏട്ടനെ നോക്കി കൈ വീശി കാണിക്കുന്നതും കണ്ടു..
“”ഡി നിങ്ങൾക്ക് എന്താണ് ഇത്ര സംസാരിക്കാനുള്ളത്..?
പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട പോലെയവൾ വാ പൊളിച്ചു നിന്നു..
“”അല്ലെടി ഈ പ്രേമിക്കുന്നവർ സംസാരിക്കുമ്പോൾ സമയം പോവുന്നത് അറിയാറില്ലെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്..
ഞാൻ അപ്പോഴൊക്കെ ആലോചിക്കാറുണ്ട് അതിന് മാത്രം നിങ്ങൾക്കെന്താവും സംസാരിക്കാൻ ഉള്ളതെന്ന്..?
“”ഡി അതിപ്പോൾ നിനക്ക് ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാനാണ്..
അല്ലെങ്കിൽ തന്നെ പറഞ്ഞാൽ മനസ്സിലാവില്ല..
നീ ആരെയെങ്കിലും ഒന്ന് പ്രേമിച്ചു നോക്ക് അപ്പോൾ മനസ്സിലാവും..
അഞ്ജലി പുഞ്ചിരിയോടെ പറഞ്ഞു.
“”പിന്നെ ഞാൻ ആരെ പ്രേമിക്കാൻ ആണ് ..
അല്ലെങ്കിൽ തന്നെ ഈ പ്രേമം എന്ന വികാരമൊന്നും എന്റെ ഉള്ളിൽ ഉണ്ടെന്ന് തോന്നുന്നില്ല..
ഉണ്ടായിരുന്നെങ്കിൽ എനിക്കും ആരോടെങ്കിലും തോന്നില്ലേ….
“”ഡി പൊട്ടി ഈ പ്രണയമെന്നത് കാണുന്ന എല്ലാവരോടും തോന്നുന്ന ഒരു വികാരമൊന്നും അല്ല..
അതൊരാളോട് മാത്രമേ തോന്നൂ..
അയാളിൽ നമുക്ക് നിർവചിക്കാൻ ആവാത്ത എന്തെങ്കിലും പ്രത്യേകത നമ്മളറിയാതെ തന്നെ നമ്മുടെ മനസ്സ് കണ്ടു പിടിക്കും..
പിന്നെ നമ്മുടെ ചിന്തകളിൽ പോലും അയാൾ വന്നു നിറയും..
അയാളെ കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പിന് വേഗതയേറും പോലെ തോന്നും..
അറിയാതെ ചുണ്ടിൽ പുഞ്ചിരി വിടരും..
ഒറ്റക്കിരുന്നു ചിന്തകൾ കൊണ്ടൊരു ലോകം തന്നെ സൃഷ്ടിക്കും..
അയാളും നമ്മളും മാത്രമുള്ളൊരു ലോകം….
നിറമുള്ള സ്വപ്നങ്ങൾ കൊണ്ട് രാത്രി സുന്ദരമാകും..
എപ്പോഴും അയാൾക്കൊപ്പം ആവാൻ മനസ്സ് കൊതിക്കും..
ഒറ്റ ശ്വാസ്സത്തിൽ അഞ്ജലി പ്രണയത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ പ്രണയിക്കാൻ ഒരു നിമിഷം എനിക്കുമൊരു പൂതി തോന്നി പോയി..
അല്ലെങ്കിലും സ്നേഹിക്കാനും സ്നേഹിക്കപെടാനും ഒരാളുണ്ടാവുക നല്ലതല്ലേ..
“”എന്താ മോളെ പ്രേമിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ..
അവൾ ചെറിയൊരു ചിരിയോടെ എന്നോട് ചോദിച്ചു..
“”ഹേയ് ഇല്ലെടി.. ഞാൻ വെറുതെ ചോദിച്ചതാണ്..
അല്ലെങ്കിൽ തന്നെ ഞാനൊക്കെ ആരെ പ്രേമിക്കാൻ..
എന്നെയൊക്കെ ആര് പ്രേമിക്കാൻ..
“”അതിന് പറ്റിയൊരാൾ വരുന്നില്ലേ.. നിന്റെ മുറച്ചെറുക്കൻ..
ശ്രീജിത്ത്..
“”ഉവ്വ ബെസ്റ്റ് പാർട്ടി.. ഇപ്പോൾ എന്നെ കണ്ടാൽ കൂടി തിരിച്ചറിയുമോ എന്നറിയില്ല..
അപ്പോഴാണ് പ്രേമം….
മാത്രമല്ല ഞങ്ങൾ തമ്മിൽ ഒരിക്കലും സെറ്റ് ആവില്ല മോളെ..
“”അതൊന്നും പറയാൻ പറ്റില്ലെടി ഈ പ്രേമത്തിന് അങ്ങനെ കണ്ണും മൂക്കുമൊന്നും ഇല്ല ..
പോരാത്തതിന് മൂപ്പർ നിന്റെ മുറച്ചെറുക്കൻ കൂടിയല്ലേ അപ്പോൾ പുള്ളിക്കും ഒരിഷ്ടം നിന്നോട് ഉണ്ടെങ്കിലോ….
ഒന്ന് ട്രൈ ചെയ്തു നോക്കെടി പെണ്ണേ ..
ചിലപ്പോൾ കിട്ടിയാലോ….
“”എന്റെ പൊന്നോ വേണ്ട.. ഞാൻ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളാം.. അതിനിടയിൽ ഈ പ്രേമവും മണ്ണാങ്കട്ടയും ഒന്നും എനിക്ക് ചേരില്ല….
അതും പറഞ്ഞു ഞാൻ നടപ്പിന്റെ വേഗത കൂട്ടി..
പക്ഷേ മനസ്സ് ശ്രീയേട്ടൻ എന്ന പേര് ഉരുവിട്ട് കൊണ്ടിരുന്നു..
വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞു രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും അഞ്ജലി പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങി നിന്നു..
ശ്രീയേട്ടനെന്ന പേര് ഇടതടവില്ലാതെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു..
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..
ഉറക്കം വരുന്നില്ല..
എനിക്ക് ഉറക്കം നഷ്ടമായി തുടങ്ങുകയാണോ..
മനസ്സ് കൊണ്ട് ഒരു നിമിഷം ഞാൻ അഞ്ജലിയെ ശപിച്ചു..
ശ്രീയേട്ടനെ കുറിച്ചുള്ള അവളുടെ വാക്കുകൾ ആണെന്റെ ഉറക്കം കെടുത്തുന്നത്….
ഹൃദയത്തിന്റെ ഏതോ മൂലയിൽ ഒളിച്ചു വെച്ചിരുന്ന ശ്രീയേട്ടൻ എന്ന പേരിപ്പോൾ മനസ്സിന്റെ ആഴപ്പരപ്പിലേക്ക് ആഴ്ന്നിറങ്ങുന്നു…..
അനിർവചനീയമായ എന്തോ ഒരനുഭൂതി തന്റെ മനസ്സിനെ കീഴടക്കുന്നു….
ആ ഒരൊറ്റ പേരിലേക്ക് എന്റെ ചിന്തകൾ ഒതുങ്ങുന്നു..
ദക്ഷയുടെ മനസ്സ് കടിഞ്ഞാണില്ലാത്ത പട്ടം കണക്കിന് പാറി തുടങ്ങി..
പ്രണയത്തെ കുറിച്ചുള്ള അഞ്ജലിയുടെ വാക്കുകൾ വീണ്ടും വീണ്ടും തന്റെ കാതുകളിൽ മുഴങ്ങുമ്പോലെ അവൾക്ക് തോന്നി..
“”പ്രണയം ചിന്തകളിൽ ഭ്രാന്ത് നിറയ്ക്കുന്ന ഒരനുഭൂതിയാണ്….
അകന്നു മാറിയാലും തിരികെ എത്തുന്ന തിര പോലെ അത് വീണ്ടും വീണ്ടും വന്നെന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുന്നു…..””
രാവിന്റെ ഏതോ യാമത്തിൽ മധുരമൂറുന്ന സ്വപ്നങ്ങളിലേക്ക് അവൾ വഴുതി വീണു…..
ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു..
ശ്രീയേട്ടനെന്ന പേരിനെ തിരക്കുകൾക്ക് ഇടയിൽ കുഴിച്ചു മൂടാൻ വെറുതെ ഒരു പാഴ്ശ്രമം ഞാൻ നടത്തി കൊണ്ടിരുന്നു….
അതിനിടയിൽ ആണ് കട മുതലാളി രമേശേട്ടൻ അറ്റാക്ക് വന്നു മരിച്ചത്..
വല്ലാത്തൊരു ഷോക്ക് ആയിരുന്നു ആ മരണവാർത്ത….
കർക്കശക്കാരനെങ്കിലും സഹോദര സ്നേഹം തന്ന ഒരു കൂടെപ്പിറപ്പ് എന്ന് പറയാവുന്ന ഒരാൾ….
അയാളുടെ പെട്ടെന്നുള്ള മരണം ഹൃദയത്തിൽ ഒരു നോവ് പടർത്തി….
പിന്നെയും ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി..
പുള്ളിയുടെ മക്കൾക്കും ഭാര്യക്കും കട നടത്തി കൊണ്ട് പോവാൻ താല്പര്യമില്ലാത്തത് കൊണ്ട് അവർ കട മറ്റൊരാൾക്ക് വിറ്റു..
അതോടെ എന്റെയും അഞ്ജലിയുടെയും ജോലി പോയി കിട്ടി..
അതോടെ ഒരു വരുമാനമാർഗ്ഗം നിലച്ചതിന്റെ സങ്കടമായിരുന്നു മനസ്സ് നിറയെ..
തത്കാലം മറ്റൊരു ജോലി കിട്ടും വരെ തയ്യലും പിന്നെ പറമ്പിലെ തേങ്ങയും മറ്റുമൊക്കെ വിറ്റു കിട്ടുന്ന കാശ് കൊണ്ട് തട്ടിയും മുട്ടിയും ജീവിച്ചു പോവേണ്ടി വരും..
എന്തുണ്ടായാലും തോൽക്കാൻ മനസ്സില്ലാത്ത മനസ്സായത് കൊണ്ട് തന്നെ തളർന്നില്ല.. ജീവിതം മുന്നോട്ട് കൊണ്ട് പോയി..
——————————————————————
പുലർച്ചെ ആരോ മുറ്റത്ത് നിന്നും വിളിക്കുന്നത് കേട്ടാണ് ഞാനും അമ്മയും ഉണർന്നത്..
“”മീനാക്ഷിയെ…. ഒന്നിങ്ങു വന്നേ….
മുറ്റത്തു നിന്നയാൾ വീണ്ടും നീട്ടി വിളിച്ചു..
ആരാണിത്ര രാവിലെ വിളിക്കുന്നത് എന്നറിയാനായി ഞാനും അമ്മയും കൂടി എഴുന്നേറ്റു വന്നു വാതിൽ തുറന്നതും മുറ്റത്തു നിന്നയാളെ കണ്ട് ഞങ്ങൾ
ഒരു നിമിഷം ഒന്ന് ഞെട്ടി….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ)
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം ജന്മം
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhagyarekha written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission