Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 41

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

41
പുതുക്കത്തിനേ ഒരുക്കമുള്ളു. അടുത്ത ബന്ധുക്കളെ കൂട്ടിയൊരു ഒരു ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്ന അഭിപ്രായമായിരുന്നു രണ്ടു വീട്ടുകാർക്കും. ആളറിഞ്ഞു വിളിച്ചു, ഓളമുണ്ടാക്കാതെ നടത്തണം. ഏഴല്ലെങ്കിൽ ഒൻപതു പേർ ഞായറാഴ്ച ഉച്ചക്ക് മുൻപായി വന്നു കാര്യങ്ങൾ പറഞ്ഞുറപ്പിക്കാമെന്ന് ധാരണയായി.
അടുക്കള സഹായത്തിന് കാർത്തുവിനെക്കൂടാതെ ഒരു പണിക്കാരിയെക്കൂടി ബുധനാഴ്ചയേ വിളിച്ചു ഏലിയാമ്മ കാര്യങ്ങളൊക്കെ അടുപ്പിച്ചു തുടങ്ങി. താറാവ്, പോത്തിറച്ചി, കറിക്ക് നെയ്മീൻ, വറുത്തത് കരിമീനോ, ചെമ്മീനോ.. അങ്ങിനെ വിഭവങ്ങൾ തീരുമാനിച്ചു.
രണ്ടു പുറംപണിക്കാർ മുറ്റവും, പരിസരവും ചെത്തിമിനുക്കി.
ഈ തിരക്കുകളൊന്നും ശ്രദ്ധിക്കാതെ കൊച്ചുവറീത് വീട്ടിനകത്തും പുറത്തും പിച്ചവെച്ചു. അവൻ സ്വർണ അരഞ്ഞാണവും കെട്ടി, ഉണ്ണികൃഷ്‌ണനെപ്പോലെ എല്ലാവരുടെയും ലാളനാപാത്രമായി സമയം ചിലവിട്ടു.
സാറാമ്മ റോസമ്മയെ ഓർത്തു കുറെ കരഞ്ഞു. വിവാഹം വരെ ജ്യേഷ്ഠന്മാർക്ക് കുഞ്ഞുപെങ്ങൾ, അനുജന്മാർക്ക് ചേച്ചി, അപ്പനമ്മമാർക്ക് പൊന്നുമോൾ…. അങ്ങിനെയൊക്കെ ജീവിച്ച പെണ്ണിന് കല്യാണത്തോടെ എല്ലാം നഷ്ടപ്പെടുന്നു. സ്വന്തം വീട്ടിൽനിന്നുള്ള പെരുമാറ്റം, ‘പൊയ്ക്കോ, പൊയ്ക്കോ..’ എന്നുള്ള നിരന്തരമായ ഓർമപ്പെടുത്തലുകളാണ് . പാവം റോസമ്മയെ സ്വന്തം വീട്ടിലിരിക്കാൻ തെയ്യമ്മ സമ്മതിച്ചില്ല. എന്തെങ്കിലും വന്നോട്ടെ എന്ന് വിചാരിച്ചു വിധിയെ നേരിടാൻ തീരുമാനിച്ചായിരുന്നു അവൾ ഒടുവിൽ സ്വന്തം വീട് വിട്ടു പോയത്.
പുതിയ കല്യാണാലോചനയുടെ ചെറിയ സംഭാഷണങ്ങൾ ഇപ്പോൾ ഗൗരവത്തിലായി. അടുത്ത ഞായറാഴ്ച വിരുന്നുകാർ വരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്? അപ്പച്ചനോട് എതിർവാക്കു പറയാൻ ധൈര്യമില്ല. പറഞ്ഞില്ലെങ്കിൽ ഇനി ഒരുപാടു താമസിച്ചുപോകും. കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതുപോലെ.
സാറാമ്മ ധൈര്യം സംഭരിച്ചു യോഹന്നാനോട് പറഞ്ഞു
“അപ്പച്ചാ, എനിക്കുവേണ്ടി ഇനിയൊരു കല്യാണം ആലോചിക്കേണ്ട..പത്രോസിച്ചായൻ ഇന്നല്ലെങ്കിൽ നാളെ വരും. ഞാനും എന്റെ കൊച്ചും ഇച്ചായന്‌ വേണ്ടി കാത്തിരുന്നോളാം..”
“ഭാ ..” യോഹന്നാൻ ആട്ടി.” ആ ജയിലിൽക്കിടക്കുന്നവനെ നീ മറന്നേരെ. നമ്മൾ ആ ബന്ധം അവസാനിപ്പിച്ചു. നിന്റെ നന്മക്കു വേണ്ടിയാണ് ഞാൻ ഇതെല്ലം ഒരുക്കുന്നത്.. അതിനു തടസ്സം പറഞ്ഞോണ്ട് വന്നേക്കല്ലേ..”
“അപ്പച്ചാ, ഞാൻ പറയുന്നത് ദൈവത്തെ വിചാരിച്ചു കേൾക്കൂ..”
“നീ അകത്തേക്ക് പോ.. ഇനി ഈ കാര്യത്തെ പറ്റി സംസാരമില്ല. ഒരിക്കൽ നിനക്ക് മനസ്സിലാവും, അപ്പച്ചൻ ചെയ്തത് നിന്റെ നന്മക്ക് വേണ്ടി ആയിരുന്നെന്ന്…”
യോഹന്നാൻ എഴുന്നേറ്റു പോയി. ഇനിയെന്ത് ചെയ്യും എന്നറിയാതെ സാറാമ്മ കൊച്ചുവറീതിനെ ഒക്കത്തേറ്റി അകത്തെ മുറിയിലേക്കു പോയി കണ്ണുനീർ വാർത്തു.
ഏലിയാമ്മ മകളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
“കരയല്ലേ മോളെ, നിന്റെ ഈ പ്രയാസങ്ങളൊക്കെ മാറും, ഞങ്ങളെ നീ വിഷമിപ്പിക്കല്ലേ..”
“അമ്മച്ചീ, നിങ്ങളാരും എന്റെ മനസ്സ് കാണാത്തതെന്താണ്? ഞാൻ നിങ്ങൾക്കൊരു ഭാരമായിത്തീർന്നോ? എന്റെ കൊച്ച് വേറൊരു വീട്ടിൽ അപ്പനില്ലാതെ വളരണോ?”
“പൗലോസ് നല്ലവൻ, കുടുംബസ്നേഹമുള്ളവൻ.. എന്തുകൊണ്ടും നിനക്ക് ചേരും.”
സാറാമ്മ അമ്മയുടെ കൈ എടുത്തു മാറ്റി.
“എന്റെ ജീവിതം നിങ്ങളൊക്കെക്കൂടി തീരുമാനിച്ചോളൂ.. എനിക്കിതിൽ ഒരഭിപ്രായവുമില്ലേ..”
“ഇല്ല..”ഏലിയാമ്മ സ്വരം കടുപ്പിച്ചു. “നിന്റെ ഒരു അഭിപ്രായവും വേണ്ട.. അപ്പനും അമ്മയും പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി.”
പിണങ്ങി ഭക്ഷണവും കഴിക്കാതെ പിന്നിലെ മാവിൻ ചുവട്ടിൽ നിന്ന സാറാമ്മയെ പണിക്കാരി കാർത്തു അനുനയിച്ചു ഭക്ഷണം കഴിപ്പിച്ചു. കാർത്തുവിന്റെ കൈയ്യിൽ കിടന്നു വളർന്ന കുട്ടിയാണ് സാറാമ്മ. കാർത്തു പറഞ്ഞാൽ സാറാമ്മ കേൾകാതിരിക്കുമോ?
ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്! നോക്കി നോക്കിയിരിക്കെ ഞായറാഴ്ചയെത്തി. . ജെയിംസ് രാവിലെ തന്നെ വീട്ടിലെത്തി ഓരോരോ കാര്യങ്ങൾക്കു മേൽനോട്ടം ചെയ്തു. വിരുന്നുകാരെ സ്വീകരിക്കാൻ ജെയിംസും മത്തായിയും കടവിൽ പോയി നിന്നു.
പതിനൊന്നു മണിയോടെ വിരുന്നുകാർ കടവിലെത്തി. വെള്ള ജുബ്ബയുടെ മുകളിൽ സ്വർണപല്ലുവിട്ട മേൽ മുണ്ടുകൾ തോളിലിട്ട, തലനരച്ച ആറു മാന്യന്മാരുടെ അകമ്പടിയിൽ പൗലോസ് വന്നു. സ്വീകരണ മുറിയിലെ ആതിഥ്യ മര്യാദകളും ഉപചാരങ്ങളും കഴിഞ്ഞപ്പോൾ, പൗലോസിന്റെ അമ്മാച്ചൻ കുഞ്ഞപ്പൻ മാപ്പിള പറഞ്ഞു
“യോഹന്നച്ചോ, പെണ്ണിനെ വിളിക്ക്…. ഞങ്ങളും കൂടിയൊന്ന് കണ്ടോട്ടെ, എന്നിട്ടാവാം ബാക്കി കാര്യങ്ങളൊക്കെ..പണ്ടൊക്കെയായിരുന്നേൽ ചെറുക്കനെ കൂടെകൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. ഇപ്പോൾ എല്ലാവരും പരിഷ്കാരികളല്ലേ..”
പൗലോസ് അമ്മാവന്റെ വാക്കുകൾക്ക് വെറുതെ ഒരു ചിരി മറുപടിയായി നൽകി.
“സാറാമ്മയെ വിളിക്ക്..” യോഹന്നാൻ മത്തായിയോടു പറഞ്ഞു.
മത്തായി അകത്തേക്ക് പോയി. പുതിയ ചട്ടയും മുണ്ടും നേര്യതും സാറാമ്മക്കു വേണ്ടി യോഹന്നാൻ തുന്നിച്ചിരുന്നു. അതിട്ടു നിന്നാൽ ആരും അവളെ ഒന്നുകൂടി നോക്കിപ്പോകും. അത്ര ഐശ്വര്യമുള്ള പെണ്ണാണ് സാറാമ്മ.
സാറാമ്മ വരാൻ താമസിച്ചപ്പോൾ ജെയിംസ് എഴുന്നേറ്റു അകത്തേക്ക് പോയി. പെണ്ണ് വരാൻ താമസിക്കുന്നത് കണ്ടു കുഞ്ഞപ്പൻ മാപ്പിള ചിരിച്ചു
“രണ്ടാം കെട്ടല്ലേ, ഒരുപാടു ഒരുങ്ങേണ്ടന്നു പറഞ്ഞേക്കൂ .. ഒരു ചടങ്ങിന് വന്നു പൊയ്ക്കോട്ടേ, പൗലോസ് കാണാത്തതല്ലല്ലോ..”
രണ്ടാം കെട്ട് എന്ന് പറഞ്ഞത് യോഹന്നാന് ഇഷ്ടപ്പെട്ടില്ല; ഈ കാരണവരുടെ വായിൽ കയ്പുള്ള നാക്കാണല്ലോ എന്ന് അയാൾ ഉള്ളിൽ വിചാരിച്ചു.
യോഹന്നാൻ അകത്തേക്ക് ചെല്ലുമ്പോൾ ഏലിയാമ്മയും, ജെയിംസും, മത്തായിയും, ത്രേസ്യയും കൂടി നിൽക്കുന്നു. അവർ പകച്ച മുഖത്തോടെ യോഹന്നാനെ നോക്കി. ഏലിയാമ്മയും ത്രേസ്യയും കരച്ചിലിന്റെ വക്കത്തായിരുന്നു.
“അപ്പച്ചാ, സാറാമ്മയെ കാണുന്നില്ല..”
“അവളിവിടെ ഉണ്ടായിരുന്നു..”
“പറമ്പിലേക്കിറങ്ങിയിരിക്കും..”
“അവിടെയെങ്ങും ഇല്ല, ഞാൻ നോക്കി..”
“പിന്നെയെവിടെ അവൾ?”
“കൊച്ചുവറീതെവിടെ?”
“കൊച്ചിനെയും കാണുന്നില്ല..”
അകത്തേക്ക് പോയവർ ആരും തിരിച്ചുവരാഞ്ഞതിൽ പന്തികേട് തോന്നി കാരണവന്മാർ മുഖത്തോടു മുഖം നോക്കി. പിന്നെ ആ നോട്ടം പൗലോസിലേക്കു തിരിഞ്ഞു.
പൗലോസ് എഴുന്നേറ്റു
“ഞാൻ വരുന്നു…”
അകത്തേക്കുവന്ന പൗലോസിനെ കണ്ടു എല്ലാവരും നോക്കി. ജെയിംസ് പൗലോസിന്റെ കൈ പിടിച്ചു മാറ്റി രഹസ്യത്തിൽ പറഞ്ഞു..
“ഒരു പ്രശ്നമുണ്ട്.. സാറാമ്മയെ കാണുന്നില്ല..”
“കാണുന്നില്ലെന്നോ?..” പൗലോസിന്റെ ശബ്ദം ഉയർന്നു. “നിങ്ങൾ എന്താണീ പറയുന്നത്? എന്റെ കാരണവന്മാരാ അവിടെ ഇരിക്കുന്നത്? അവരോടെന്തു സമാധാനം പറയും?..”
“ഞാൻ പറഞ്ഞോളാം..”യോഹന്നാൻ പറഞ്ഞു. തിരിഞ്ഞു മത്തായിയോടും ജെയിംസിനോടും പറഞ്ഞു “പോയിനോക്കടാ പിള്ളേരെ നമ്മുടെ പെണ്ണ് എവിടെപ്പോയെന്നു.. അവൾ പോയിട്ടുണ്ടെങ്കിൽ ഇവിടെ ആർക്കെങ്കിലും അറിയാതെ വരത്തില്ല..”
എല്ലാവരും അന്യോന്യം നോക്കി.
യോഹന്നാൻ ചാവടിയിലേക്കു ചെന്നു . പിന്നാലെ ജെയിംസും മത്തായിയും. അപ്പോഴേക്കും കാരണവന്മാർ ഇരിപ്പിടം വിട്ട് എഴുന്നേറ്റിരുന്നു.
“എന്താ യോഹന്നാനെ പ്രശ്‍നം ? പെണ്ണെന്തിയേ?”
“നിങ്ങള് ക്ഷമിക്കണം.. എന്റെ മോളിപ്പോൾ ഇവിടെയില്ല..”
“ഇവിടെയില്ലെന്നു പറഞ്ഞാൽ, എവിടെപ്പോയി ?”
“അറിയില്ല; പറമ്പിലേക്കോ മറ്റോ ഇറങ്ങിയതാവും..”
കുഞ്ഞപ്പൻ മാപ്പിളയുടെ മൂക്ക് ചുവന്നു. അയാൾക്ക് ദേഷ്യം കയറിയാൽ മൂക്ക് ചുവക്കുകയും ശബ്ദം വിറക്കുകയും ചെയ്യുന്നതു പതിവാണ്.
“ഇതെന്നാ, തന്തയില്ലാത്തരമാ പറയുന്നേ യോഹന്നാനെ, ഞങ്ങള് എത്ര ദൂരേന്നാ വരുന്നേന്ന് നിങ്ങക്കറിയ്യോ? വീട്ടില് വിളിച്ചു വരുത്തീട്ട് അപമാനിക്കുന്നോ ?”
പൗലോസ് ഇടയ്ക്കു കയറി സമാധാനിപ്പിക്കാൻ നോക്കി.
“ഇങ്ങനെയൊന്നും പറയല്ലേ അപ്പച്ചാ, പെണ്ണ് അവിടെയെങ്ങാനും കാണും..”
“മിണ്ടാണ്ടിരിയെടാ നാണം കെട്ടവനേ.. പെണ്ണ് എവിടെ കാണുവെന്നാ?.. ഇനി നീ ഞങ്ങളേം കൂട്ടി കുളിപൊരേല് കൊണ്ടുപോവ്വോ? .. ”
കുഞ്ഞപ്പൻ മാപ്പിള യോഹന്നാന്റെ നേരെ തിരിഞ്ഞു
” എടോ യോഹന്നാനെ, തനിക്കു നാണമില്ലല്ലോടോ, ഇങ്ങിനെയാണോ താൻ തന്റെ പെൺപിള്ളേരെ വളർത്തുന്നേ? ചുമ്മാതല്ല അവടെ ആദ്യത്തെ കെട്ടിയോൻ ഇട്ടേച്ചുപോയത്?”
മത്തായിക്ക് ഈ അധിക്ഷേപങ്ങൾ കേട്ടുനില്കാനായില്ല.
“അപ്പച്ചോ, ഇവിടെ ഒരു പ്രശ്നമുണ്ടായി എന്നത് സത്യം. എല്ലാ പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാവുമല്ലോ.., പക്ഷെ അതിന്റെ പേരിൽ ഞങ്ങടെ അപ്പച്ചനെ ചീത്തവിളിക്കാനൊന്നും നിങ്ങള് നോക്കണ്ട..”
“ചീത്ത വിളിക്കുമെടാ… നിന്നേം നിന്റെ അപ്പനേം വിളിക്കും.. നിങ്ങൾ ആങ്ങളമാർക്ക് കൈയ്യിൽ എല്ലുണ്ടായിരുന്നെങ്കിൽ നിന്റെയൊക്കെ പെങ്ങളെ അടക്കി നിർത്തിയേനെ.. പോയി കൈയിൽ വളയിട്ടു നടക്കടാ …………..”
കുഞ്ഞപ്പന്റെ വായിൽ നിന്നും തെറിവാക്കുകൾ വന്നു. മത്തായിയെ യോഹന്നാൻ തടഞ്ഞു.
“അവർ പറയട്ടെ.. ഇന്ന് അവർക്കു പറയാൻ അവകാശമുണ്ട്… അവർ പറയട്ടെ.. അതൊക്കെ കേൾക്കാനുള്ള തലേവിധിയാ ഇന്നു നമ്മുടേത്…”
മതിവരുവോളം ചീത്തവിളിച്ചു കാരണവന്മാർ പൗലോസിനെയും കൂട്ടി പടിയിറങ്ങി. തോളിലെ നേര്യത്തെടുത്തു കുടഞ്ഞു, ചെരുപ്പിലെ മണ്ണ് തട്ടിക്കളഞ്ഞു അവർ വീടുവിട്ടിറങ്ങിപ്പോയി. നെഞ്ചിൽ കൈകൾ കോർത്തുകെട്ടി, തലകുനിച്ച് യോഹന്നാനും, ജെയിംസും, പത്രോസും അവരെ കേട്ട് ഒന്നും മിണ്ടാതെ നിന്നു. കിഴക്കേൽ കുടുംബത്തിന്റെ മുറ്റത്തു കാർക്കിച്ചു തുപ്പി അവർ വഴിനീളെ ഉറക്കെ സംസാരിച്ചുകൊണ്ടു പോവുന്നതു നോക്കി യോഹന്നാൻ പറഞ്ഞു.
“മത്തായി, ജെയിംസ്.. നിങ്ങൾ അവളെ തിരക്കി പോ.. അവൾ വല്ല അബദ്ധവും കാണിക്കാതിരുന്നാൽ മതിയായിരുന്നു..”
“അബദ്ധമെന്ന് പറഞ്ഞാൽ?…”
“പോയി ആറ്റിലും, കുളത്തിലും നോക്കടാ..”
ഏലിയാമ്മ നെഞ്ചത്തടിച്ചു കരഞ്ഞു.
പാദകത്തിലിരുന്ന ഒരു കലം വെള്ളം അടുപ്പിലേക്ക് വീണു. ഉരുളൻ ചട്ടിയിൽ കുടംപുളിയിറങ്ങി കുറുകിയ നെയ്മീൻ കറി, ചട്ടിയോടെ വാഴച്ചുവട്ടിൽ വീണു ചിതറി..
“ഇനി ആർക്കുവേണ്ടിയാ ഇതൊക്കെ?”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!