Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 32

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

32
ജീവൻ വിട്ടുകൊടുക്കാതെ പരമുവിന്റെ ശരീരം, മൂന്നുനാൾ പൊരുതി. നാട്ടുകാർ അയാളെ കാണുവാനായി വന്നുകൊണ്ടിരുന്നു. ദൂരത്തുള്ള ബന്ധുക്കൾക്ക് കത്തുകളും കമ്പികളും അയച്ചു. വന്നവർ താടിക്ക് കൈകൊടുത്തു പരമുവിന്റെ നോക്കി കുറെനേരം നിന്നിട്ടു തിരിച്ചുപോയി. ചിലരൊക്കെ കൈസഹായങ്ങൾ ഒതുക്കത്തിൽ ജാനകിയെ ഏല്പിച്ചു. തുറന്ന കണ്ണുകളുമായി പരമു മേൽക്കൂരയിലേക്കു നോക്കി കിടന്നു. കൺകോണുകളിലൂടെ ഒഴുകിയിറങ്ങുന്നത് അയാളുടെ നിസ്സഹായാവസ്ഥ ആയിരുന്നു. ഉള്ളിലേക്ക് വലിക്കുന്ന ഓരോ ശ്വാസവും, വേദനയുടെ ഒരു ഞരക്കമായി പുറത്തേക്കു വന്നു; കരയെ തല്ലുന്ന അടങ്ങാത്ത ഓളം പോലെ, ഒരു മർമരമായി അയാളുടെ ദുർബലമായ ശബ്ദം ആളുകൾക്ക് കേൾക്കാമായിരുന്നു.
“അമ്മേ .. ദേവീ..
“അമ്മേ …ദേവീ ..”
മീനച്ചിലാറ്റിന്റെ തിട്ടയിൽ ഇടിച്ചു തകരുന്ന ഓളങ്ങൾ പോലെ. കൺകോണിലൂടെ ഒഴുകുന്ന വേദനയുടെ ഉറവ, ഗീത തുടച്ചുകൊടുത്തു. ജാനകി കട്ടിലിന്റെ തലക്കൽ തന്നെയിരുന്നു ഒരു കൊച്ചു തുണി വെള്ളത്തിൽ മുക്കി അയാളുടെ വരണ്ട ചുണ്ടുകളിൽ അമർത്തികൊടുത്തു. പുഷ്പയും ലതയും, താടിക്ക് കൈ കൊടുത്തു, ഒരു മൂലയിൽ ഇരുന്നു.
“ഇച്ചിരി കഞ്ഞികുടിക്കു പിള്ളേരേ ..” മറിയ പുഷ്പയെയും ലതയെയും നിർബന്ധിച്ചു വീട്ടിലേക്കു കൊണ്ടുപോയി. ജാനകിക്കും ഗീതക്കും വേണ്ടി ഭക്ഷണം അവർ കൊണ്ടുവന്നു കൊടുത്തു. എത്ര വർഷങ്ങളായി അവർ അയൽക്കാരായി ജീവിക്കുന്നു. ഇങ്ങനെയൊരു അപകടം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. മറിയ നെഞ്ചിൽ കുരിസ്സു വരച്ചു .
“നേരത്തോടു നേരം പോകുമെന്ന് തോന്നുന്നില്ല..മുറ്റത്തൊരു പന്തലിടുന്നതാ നല്ലത് ..” തല മൂത്തവർ അഭിപ്രായം പറഞ്ഞു. പരമുവിന്റെ മൂത്ത ജ്യേഷ്ഠൻ കുഞ്ഞിരാമൻ ഉമ്മറത്ത് ഒരു കസേരയിയിട്ട് ഇരുന്നു. ജാനകിയുടെ അമ്മായിയുടെ മകൻ ഗോവിന്ദൻ മധുരയിൽ നിന്ന് വന്നിട്ടുണ്ട്.
നാലാം നാൾ, ശ്വാസത്തിന്റെ ഗതിവേഗം കുറഞ്ഞു. ഞരക്കം നേർത്തു വന്നു.
“അമ്മേ …. ദേവീ …..
“മ്മേ …ദേ..”
പരാധീനതകളുമായി നാട്ടിൻപുറത്തു ജീവിക്കുന്നവർക്ക് അവരുടെ തുണ്ടുഭൂമികൾക്കു ചുറ്റും മതിലുകളില്ല. അവരുടെ പട്ടിയും, പൂച്ചയും, കോഴിയും, കുട്ടികളുമൊക്കെ ആ മുറ്റം ഈ മുറ്റം എന്നൊന്നും നോക്കാതെ എല്ലായിടത്തും കറങ്ങിനടക്കും. ഇല്ലായ്മകളിൽ അവർ പരസ്പരം വഴക്കിടും, ചീത്ത വിളിക്കും, കുന്നായ്മകൾ പറയും, എന്നാൽ ആപത്തുകൾ വരുമ്പോൾ ഒരു കൈത്താങ്ങു കൊടുക്കാനും, കരയാൻ തങ്ങളുടെ തോളുകൾ നൽകാനും, കൂടെ കരയാനും അവർക്കു സങ്കോചമില്ല. പരമു ഊർദ്ധശ്വാസം വലിച്ചു വിഷമിച്ചപ്പോൾ, ഒരു നല്ല അയൽക്കാരിയെപ്പോലെ ചാക്കോയുടെ ഭാര്യ മറിയ, മണ്ണെണ്ണവിളക്കിന്റെ പുകവെളിച്ചത്തിൽ സങ്കീർത്തനം 91 വായിച്ചു പ്രാർത്ഥിച്ചു.
അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും,
നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും..
തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്‌ക്കും ..
അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും..
പുറത്തു മഴ ചാറിക്കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ നെഞ്ചു ഉയർന്നു താണു, തൊണ്ടക്കുഴികൾ വലിഞ്ഞു. ആരോ ജാനകിയുടെ തോളിൽ അമർത്തിപ്പിടിച്ചു. ഒരു വയസ്സായ സ്ത്രീ അയാളുടെ കണ്ണുകൾ തിരുമ്മിയടച്ചു. അപ്പോഴാണ് ജാനകി, പരമുവിന്റെ ജീവൻ മരണമെടുത്തു എന്ന സത്യം അറിഞ്ഞത്. അവൾ പരമുവിന്റെ നെഞ്ചിലേക്ക് വീണു വാവിട്ടു കരഞ്ഞു. കൂടെ ഗീതയും, പുഷ്പയും, ലതയും.
മഴ ശക്തി പ്രാപിച്ചു. രോഗാവസ്ഥയെപ്പറ്റി സംസാരിച്ചു നിന്നവരുടെ വിഷയം ശവസംസ്‌കാരച്ചടങ്ങുകളെപ്പറ്റിയാക്കി.
എത്ര പെട്ടെന്നാണ് ജീവിതം മാറ്റി മറിക്കപ്പെടുന്നത്. ലോകത്തെ വെല്ലുവിളിച്ചവരും, മേലാളരെ പേടിച്ചു ഓടയിൽ നിന്നവനും, ഒടുവിൽ മരണമെന്ന സത്യത്തിനു കീഴടങ്ങി അരങ്ങൊഴിഞ്ഞു പോകുന്നു. ഒരായിരം തവണ ചവിട്ടിനടന്ന ഈ നാടിനെ വിട്ടു പരമു പിൻവാങ്ങി. ഇനിയെന്ത് എന്നറിയാതെ കണ്ണീരൊഴുക്കുന്ന ജാനകിയും മൂന്നു പെൺകുട്ടികളും.
കുഞ്ഞച്ചൻ കുഞ്ഞിരാമനെയും, ഗോവിന്ദനെയും വിളിച്ചുപറഞ്ഞു.
“ചടങ്ങുകളൊക്കെ യഥാവിധി നടത്തണം. ഒന്നിനും കുറവുണ്ടാവരുത്. പരമു ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു..”
കുഞ്ഞച്ചൻ കുഞ്ഞിരാമന്റെ കൈയിൽ കൊടുത്ത പണം, അയാൾ ഗോവിന്ദന് കൈമാറി. ” നീ പണം കൈയ്യിൽ വച്ചോളൂ ഗോവിന്ദാ… പലർക്കും പലേടത്തും കൊടുക്കേണ്ടതല്ലേ?”
“എന്താവശ്യങ്ങൾക്കും ഞങ്ങളിവിടെയുണ്ട്. ഒന്നിനും ചോദിക്കാൻ മടിക്കണ്ട.” ചാക്കോയും എല്ലാ സഹായത്തിനും കൂടെ നിന്നു.
എന്തെല്ലാം കാര്യങ്ങളാണ് അടുപ്പിക്കേണ്ടത്. തന്ത്രിയെ ക്ഷണിച്ചു വരുത്തണം. പിന്നെയും എന്തെല്ലാം?
ഗോവിന്ദൻ മുറ്റത്തിന്റെ ഒരു കോണിൽ നിന്ന് ബീഡി വലിച്ചുകയറ്റി.
വീടിന്റെ പിന്നിലെ മണ്ണിൽ ഓലമടലുകൾ വിരിച്ചു ശവം കുളിപ്പിച്ചു. കൈകാലുകൾ ബലമായി നിവർത്തി നേരെയാക്കി; താമസിച്ചാൽ പിന്നെ ശരീരം നേരെയാവില്ല.
തറയിൽ ചാണകം മെഴുകി, മുകളിൽ ദർഭപുല്ലുകൾ വിതറി. അതിനു മുകളിൽ പുൽപ്പായ വിരിച്ചു കാലുകൾ തെക്കോട്ടു ദർശനമായി കിടത്തി. കാലിലെ തള്ളവിരലുകൾ വെള്ളത്തുണി ചീന്തി കൂട്ടിക്കെട്ടി.
ചെവികളിലും മൂക്കിലും പഞ്ഞി വെച്ച് അടച്ചു. താടിയെല്ല് ചേർത്തടച്ച് തുണിച്ചരടുകൊണ്ട് കെട്ടി. കഴുത്തിൽ തുളസിമാല അണിയിച്ചു. ഒരു തിരിയിട്ടു നിലവിളക്കു കൊളുത്തി തലക്ക് അല്പം പിന്നിലായി വെച്ചു . വെള്ളത്തുണി കഴുത്തുമുതൽ കാൽകണ്ണ വരെ മൂടി. നെറ്റിയിൽ ഭസ്മം വരച്ചു. ഇടത്തുനിന്ന് വലത്തേക്ക് ശവത്തിനു ചുറ്റും ഭസ്മം വിതറി.
തന്ത്രി ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ഉണക്കചാണകത്തിന്റെ ഒരു കഷണം, ഒരു പിടി കറുത്ത എള്ള്, ചന്ദനമുട്ടി, നെയ്യ്, കർപ്പൂരം, ഒരു മുടിക്കയർ, രണ്ടു മൺകലം, ഒന്ന് ചെറുത്, മറ്റൊന്ന് അല്പം വലുത്, തുളസിച്ചെടിയുടെ ചുവട്ടിലെ മണ്ണ്..
തെക്കേ അതിരിൽ എടുത്ത ആറടി മണ്ണിലേക്ക് പരമുവിനെ അടക്കിയിട്ട് ബന്ധുക്കൾ പോയി. കുട്ടികളുടെ രാമായണപാരായണത്തിന്റെ പശ്ചാത്തലത്തിൽ, നിലവിളക്കിന്റെ ഒറ്റതിരിനാളം ചെറുതായി ആടിക്കൊണ്ടിരുന്നു.
മധുരയിൽ ഗോവിന്ദന്റെ ജോലി അളഗപ്പ ചെട്ടിയാരുടെ കൂടെയായിരുന്നു. അദ്ദേഹം കൈവെക്കാത്ത കച്ചവടങ്ങളില്ല . തൊട്ടാൽ പൊന്നാക്കുന്ന കൈരേഖയുമുണ്ട്. വർഷങ്ങളായി ചെട്ടിയാരുടെ നിഴലാണ് ഗോവിന്ദൻ. കൊട്ടാരം പോലുള്ള വീടിന്റെ പ്രധാന ഗേറ്റിലെ കാവൽക്കാരനായായിരുന്നു തുടക്കം. കാവൽക്കാരനിൽ നിന്നും പിന്നീട് തോട്ടക്കാരനായി. തോട്ടക്കാരനിൽ നിന്ന് ഡ്രൈവർ ആയി. ഡ്രൈവറിൽ നിന്ന് അളഗപ്പയുടെ വിശ്വസ്തനുമായി. ചെട്ടിയാർക്ക് എല്ലാത്തിനും ഗോവിന്ദനെ വേണം. വന്നിട്ട് മൂന്നു നാളായി; തിരിച്ചു പോയേ പറ്റൂ.
“ജാനകി, നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, ജീവിതത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയമാണിത്. നിന്റെ കുട്ടികളുടെ ഭാവി ഇപ്പോൾ നീയെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാണ്.. അതുകൊണ്ട് ഞാൻ പറയുന്നത് മനസ്സിരുത്തി നീ കേൾക്കണം.”
ഗോവിന്ദൻ തുടർന്നു.
“ഈ നാട്ടിന്പുറത്തു എന്ത് അവസരമാണുള്ളത്? ഈ വീടിരിക്കുന്ന ഒരു തുണ്ടു മണ്ണ് കൊണ്ട് ജീവിക്കാൻ ആവുമോ? മൂന്നു കുട്ടികളുടെ ഭാവി എന്താവും? ജാനകി, ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ? സഞ്ചയനോം അടിയന്തിരോം കഴിഞ്ഞാല് പിന്നെ ആരാ വരുക? എങ്ങിനെയാ കഴിയുക? ജീവിതത്തിൽ മറ്റുള്ളോരുടെ സഹായത്തിലും, സഹതാപത്തിലും മാത്രം ആർക്കെങ്കിലും ജീവിക്കാനാവുമോ? ഇല്ല.”
“ഗോവിന്ദണ്ണാ, ഞാനെന്തു ചെയ്യണോന്നാ പറഞ്ഞുവരുന്നേ?” ജാനകി ഒഴുകിവരുന്ന കണ്ണുനീർ തുടച്ചു.
“വെറും കൈയ്യായിട്ടു മധുരയിൽ ചെന്നവനാണ് ഞാൻ. മീനാക്ഷി അമ്മാൻ കോവിലില് നിന്ന് ഒരു വഴി കാണിക്കണേ എന്ന് പ്രാർത്ഥിച്ചപ്പോളാണ്, കടവുൾ എന്റെ മുന്നാലെ അളഗപ്പ ചെട്ടിയാർ എന്ന മഹാവ്യക്തിയെ കാണാൻ ഇടയാക്കിയത്. വർഷങ്ങളെത്ര കഴിഞ്ഞു. അളഗപ്പ സാമിയുടെ കനിവാലേ എനക്ക് ഒന്നുമേ തേവപ്പെടേണ്ടതില്ല..”
“അണ്ണാ, ചുരുക്കി പറയൂ..”
“നിങ്ങൾ മധുരയ്ക്ക് പോരൂ.. അവിടെ വന്നാല് ജാനകീ നിനക്കും, ഗീതയ്ക്കും ജോലിക്ക് പോകാം. പുഷ്പയും ലതയും പഠിക്കട്ടെ. ഒരു കൊച്ചു വീടെടുത്ത് നിങ്ങൾക്ക് ജീവിതം തുടങ്ങാം..”
“എന്നാലും മധുരയെന്ന് കേട്ടിട്ടേയുള്ളു..അറിയാത്ത നാട്, അറിയാത്ത ഭാഷ..”
“അതൊക്കെ നിന്റെ അറിവില്ലായ്മയാ ജാനകീ, നിനക്കറിയോ, മധുരയിൽ ചെന്നാല് മൂന്നാളെ കണ്ടാല് അതിലൊരാള് മലയാളിയാ… പിന്നെ ഞാനില്ലേ.. നിനക്ക് ഒരു വീട് കണ്ടുപിടിക്കണം, സാമിയോട് പറഞ്ഞു ജോലി ശരിയാക്കണം..നീ പേടിക്കണ്ടടീ..”
“ഞാൻ നാളെ മധുരക്ക് പോയിട്ട് അവിടുത്തെ കാര്യങ്ങൾ ശരിയാക്കട്ടെ.. വീടും നോക്കാം, സാമിയോട് നല്ല സമയം നോക്കി ജോലിക്കാര്യവും പറയാം..ഒരു മാസത്തിനുള്ളിൽ ഞാൻ തിരിച്ചു വരും. അപ്പോഴേക്ക് നിങ്ങൾ ഈ സ്ഥലം വിൽക്കാനുള്ള കാര്യങ്ങൾ ചെയ്യ്. ഒരു വീടെടുക്കാനെങ്കിൽ ആ പണം ഉപകരിക്കും.”
“അണ്ണാ, പറയുമ്പോൾ എല്ലാം എളുപ്പം പോലെയാ.. പക്ഷെ സ്ഥലം വില്പനയൊക്കെ പെട്ടെന്ന് നടക്കുവോ?”
“അതെന്താ നടക്കാത്തത്? ഈ സ്ഥലം വേണ്ടത് ഇതിന്റെ അതിരിൽ സ്ഥലമുള്ളോർക്കാണ്. പോയി ചോദിക്കണം. ഒരു മാസത്തിൽ എന്താ നടക്കാത്തത്?”
ഗോവിന്ദൻ ബാഗും തോളിൽ തൂക്കി അതിരാവിലെ തന്നെ മധുരയ്ക്ക് തിരിച്ചുപോയി.
സ്ഥലം വില്പനയുടെ വിവരം പറഞ്ഞപ്പോൾ തന്നെ, കുഞ്ഞച്ചൻ നല്ലോരു വിലയിട്ടു അത് ഉറപ്പിച്ചു. അത്രയെങ്കിലും പരമുവിന്റെ കുടുംബത്തിനുവേണ്ടി ചെയ്യേണ്ടേ എന്നാണ് കുഞ്ഞച്ചൻ ചിന്തിച്ചത്. പതിനാറു ദിവസത്തെ പുലയ്ക്കു ശേഷം, ചെറിയ രീതിയിൽ അടിയന്തിരം നടത്തി കർമങ്ങൾ അവസാനിപ്പിച്ചു. ഗോവിന്ദൻ മധുരയിൽ നിന്ന് നാട്ടിലേക്ക് വരുന്ന തീയതിയും അറിയിച്ചു.
സമയം എത്ര പെട്ടെന്നാണ് പോകുന്നത്? വീട് വിട്ടിറങ്ങും മുൻപേ, കുഴിമാടത്തിൽ ജാനകിയും മക്കളും പ്രാർത്ഥിച്ചു. അല്പം മാറി നിന്നിരുന്ന ഗോവിന്ദൻ തിരക്കി കൂട്ടി. “യാത്ര എത്രയുണ്ടെന്നാ? പെട്ടെന്നാവട്ടെ ..”
യാത്ര പുറപ്പെടുംമുമ്പേ, ജാനകി സ്ഥലം വിറ്റുകിട്ടിയ പണം ഗോവിന്ദനെ ഏല്പിച്ചു.
“ഗോവിന്ദണ്ണാ, വിറ്റതും കൂട്ടിയതും എല്ലാം ഇതിലുണ്ട്. സൂക്ഷിച്ചു വെക്കണേ..”
“ജാനകീ, എല്ലാം ഈശ്വരന്റെ നിശ്ചയം. നിങ്ങളെറങ്ങു…പേടിക്കേണ്ട…” ഗോവിന്ദൻ ചിരിച്ചു.
ആഞ്ഞിലിമൂട്ടിലെ വീടിന്റെ മുന്നിലൂടെയായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. ഒരിക്കൽ കൂടി യാത്ര പറയാൻ ജാനകി മക്കളെയും കൂട്ടി അവിടേക്ക് കയറി.
ഗോവിന്ദൻ വഴിയിൽ തന്നെ നിന്നു. “പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങണം.. നമുക്ക് ഒരു പാട് ദൂരം പോകേണ്ടതാണ്..”
ജാനകി, അന്നമ്മയെയും, ലീലാമ്മയെയും, അമ്മിണിയേയും കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മറത്തിരുന്ന കുഞ്ഞച്ചനോട് ജാനകി പറഞ്ഞു “നിങ്ങളൊക്കെ ഞങ്ങളെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്നറിയാം. ദൈവം നിങ്ങളെ കാക്കും.” അവളുടെ ശബ്ദം ഇടറി.
അന്നാമ്മ വാങ്ങി വെച്ചിരുന്ന ഉടുപ്പുകൾ അവർക്കു നൽകി. കുഞ്ഞച്ചൻ ജാനകിക്ക് വേണ്ടി കുറച്ചു പണം കരുതിയിരുന്നു. അവർ ഇറങ്ങും മുൻപേ ഒരു ഉപദേശവും കൊടുത്തു. “പണമൊക്കെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. പരിചയമില്ലാത്ത നാട്ടിലേക്കാണ് നിങ്ങൾ പോകുന്നത്..”
ജാനകി തലയാട്ടി. അവൾക്ക് കരച്ചിൽ വന്നു. കുഞ്ഞച്ചൻ മുറ്റത്തേക്കിറങ്ങി, താഴെ വഴിയിൽ നിന്നിരുന്ന ഗോവിന്ദനെ വിളിച്ചു.
“ഇങ്ങു കേറി വാ..”
ഗോവിന്ദന് സമയത്തിന്റെ ആധിയായിരുന്നു. ഒന്ന് സംശയിച്ചതിനുശേഷം അയാൾ മുറ്റത്തേക്കു കയറി വന്നു.
“ഗോവിന്ദൻ.. യാത്രയ്ക്കെല്ലാം എടുത്തോ?”
“എന്തെടുക്കാൻ ചേട്ടാ, കുറച്ചു പഴംതുണി പെട്ടീലോണ്ട്. മധുരേൽ എത്തിയിട്ട് വേണം ഇനി ഒന്നേന്നു തുടങ്ങാൻ .”
“മധുരയിൽ എവിടെയാ ഗോവിന്ദന്റെ താമസം? ” ഒരിക്കൽ പോയിട്ടുള്ള ധൈര്യത്തിൽ കുഞ്ഞച്ചൻ ചോദിച്ചു.
ഗോവിന്ദൻ ഒന്ന് സംശയിച്ചത് പോലെ തോന്നി. പിന്നെ പറഞ്ഞു. “വില്ലാപുറത്താണ്, മധുര അറിയുമോ?”
“രണ്ടു മൂന്നു നാട്ടുകാരുണ്ട് മധുരയിൽ; ഇടക്കൊക്കെ വരും..ഏതായാലും, നിങ്ങളുടെ വിലാസം തന്നേക്കൂ. വരുമ്പോഴ് ഒരു ആവശ്യം വന്നാൽ ബന്ധപ്പെടാമല്ലോ..”
ഗോവിന്ദന് എഴുതാൻ ബുദ്ധിമുട്ടായതുകൊണ്ട് കുഞ്ഞച്ചൻ തന്നെ വിലാസം എഴുതിയെടുത്തു.
അവർ യാത്രയായി. ധൃതിയിൽ നടക്കുന്ന ഗോവിന്ദന്റെ പിന്നാലെ നടന്നെത്താൻ ജാനകിയും കുട്ടികളും പാടുപെട്ടു.
കുഞ്ഞച്ചനും, അന്നാമ്മയും അവർ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു.
“ദൈവമേ.. ഈ കുടുംബത്തിനു വേണ്ടി നീ എന്താണ് കരുതി വച്ചിരിക്കുന്നത്?” കുഞ്ഞച്ചന്റെ ആത്മഗതം.
അതിനു മറുപടിയെന്നോണം അന്നാമ്മ പറഞ്ഞു ” എന്തോ, മനസ്സിലൊരു വല്ലാഴിക പോലെ.. ഒരു പക്ഷെ വെറുതെ തോന്നുന്നതാവാം..”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!