Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 29

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

29
1 മാർച്ച് 1925
ശിക്ഷാ കാലാവധി പൂർത്തിയാക്കി പത്രോസും, ചന്ദ്രനും, തേവനും പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിടുതലായി. കടും നീല ഭിത്തിയിലെ കറുത്ത ചായമടിച്ച വലിയ കവാടത്തിനുള്ളിലെ ചെറിയ വാതിലിനുള്ളിലൂടെ അവർ കുനിഞ്ഞു പുറത്തേക്കിറങ്ങി. ആകാശത്തിനും, മണ്ണിനും കാറ്റിനും വരെ എന്തൊരു സൗന്ദര്യം.. തേവൻ മണ്ണിൽ മുഖം ചേർത്തു വെച്ച് കരഞ്ഞു. പത്രോസും ചന്ദ്രനും അവനെ ആശ്വസിപ്പിച്ചു. അവരും കരയുകയായിരുന്നു. സ്വാതന്ത്രം ഇത്രമേൽ അവർ ഒരിക്കലും അനുഭവിച്ചിട്ടില്ല.
ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം പെട്ടെന്ന് കിട്ടി. ഗാന്ധിജി വൈക്കത്തു അടുത്ത ആഴ്ച വരുന്നു. ഗാന്ധിജി വരുമ്പോൾ നമ്മൾ അവിടെ ഉണ്ടാവണം. നേരെ വെയ്ക്കത്തേക്കു തന്നെ പോകാം..
“ഗാന്ധിജി വരുന്നു… ഗാന്ധിജി വൈക്കത്തു സത്യാഗ്രഹികളെ കാണാൻ വരുന്നു…”
രാമൻ ഇളയത് കൊട്ടിഘോഷിച്ചു. പ്രജാസഭയിലെ തോൽവിക്കു ശേഷം ആദ്യമായാണ് എല്ലാവർക്കും ഒരുണർവ് ഉണ്ടായത്. ഗാന്ധിജി വരുമ്പോൾ ഒന്ന് തൊടണമെന്നു അയാൾ ഉള്ളിൽ ആഗ്രഹിച്ചു.
ജയിലിൽ നിന്ന് തിരിച്ചെത്തിയ പത്രോസിനും, ചന്ദ്രനും, തേവനും സത്യാഗ്രഹപ്പന്തലിൽ സ്വീകരണം കൊടുത്തു. വൈകിട്ടത്തെ സമ്മേളനത്തിൽ അവരെ പുകഴ്ത്തി മാധവൻ സാർ സംസാരിച്ചു. നാളത്തെ ഇന്ത്യയുടെ വാഗ്ദാനങ്ങളാണ് ഈ കുട്ടികൾ എന്നാണ് അദ്ദേഹം പറഞ്ഞത്. മറുപടി പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ, മൂവരും പരസ്പരം നോക്കി; ഒടുവിൽ പത്രോസ് എഴുന്നേറ്റു സദസ്സിന്റെ മുന്നിലേക്ക് ചെന്നു.
“ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് ജയിൽ ജീവിതം നൽകിയത്..” പത്രോസ് സംസാരിച്ചു “ജീവിതത്തിനു ഇങ്ങനേയും ഒരു മുഖമുണ്ടെന്നു ഞങ്ങൾക്കറിയില്ലായിരുന്നു. കഴിഞ്ഞ ആറുമാസങ്ങളിൽ ഞങ്ങൾ നൂറു കണക്കിന് ആളുകളെ പരിചയപ്പെട്ടു. ഞങ്ങളുടെ ഞായറാഴ്ച മീറ്റിംഗിൽ പെരിയാർ അവർകൾ തൊട്ടടുത്തിരുന്നു സംസാരിച്ചു. എത്രയെത്ര പുതിയ അറിവുകളാണ് ഞങ്ങൾക്ക് കിട്ടിയത്.. ഞങ്ങൾ കുട്ടികളെ പ്പോലെ ജയിലിലേക്ക് പോയി; തിരിച്ചുവന്നതോ മുതിർന്നവരായി. ഈ ശക്തിയും ആത്മവിശ്വാസവും ഞങ്ങൾക്ക് കൂട്ടായി മുന്നോട്ടും സ്വാതന്ത്രസമരത്തിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാവണേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. അടുത്ത ആഴ്ചയിൽ മഹാത്മാ ഗാന്ധിജി വരുമ്പോൾ നേരിൽ കാണാനുള്ള ആവേശത്തിലാണ് ഞങ്ങളെല്ലാം.”
സദസ്സിൽ കൂട്ട കരഘോഷം മുഴങ്ങി.
“ജയ് ജയ് സ്വതന്ത്ര സമരം”
“ജയ് ജയ് മഹാത്മാ ഗാന്ധി”
ഒറ്റയ്ക്ക് കിട്ടിയപ്പോൾ, രാമൻ പത്രോസിനെ വിളിച്ചു ഒരു മൂലയിലേക്ക് മാറ്റി നിർത്തി ഒരു കാര്യം പറഞ്ഞു.
“കഴിഞ്ഞ ആഴ്ച, നിന്നെ തിരക്കി രണ്ടുപേർ ഇവിടെ വന്നിരുന്നു. ..”
“ആരായിരുന്നു?..” പത്രോസ് ആകാംഷയോടെ ചോദിച്ചു.
“നിന്റെ വീട്ടുകാരായിരുന്നു… നിന്റെ അച്ഛനും മറ്റൊരാളും.. .”
“എന്നിട്ട്?”
“നീ ജയിലിലാണെന്നു പറഞ്ഞു. എന്ന് തിരിച്ചു വരുമെന്ന് എനിക്കറിയില്ലായിരുന്നു. കുറച്ചു നേരം നിന്നു വർത്തമാനം പറഞ്ഞു തിരിച്ചു പോയി. വലിയ സങ്കടത്തിലായിരുന്നു.”
പത്രോസ് മൂകനായി ഒറ്റക്കിരുന്നു. സാറാമ്മയെ ഓർത്തില്ല, അമ്മയെ ഓർത്തില്ല.. അവരൊക്കെ സങ്കടപ്പെടുന്നുണ്ടാവും. വീട്ടിൽ പോകണം.. അവരെ കാണണം.. ഇപ്പോൾ വീട് വിട്ടിട്ടു ഒരുപാടുകാലമായെന്നു തോന്നുന്നു.
9 മാർച്ച് 1925
ഗാന്ധിജി വൈക്കം ബോട്ട്ജെട്ടിയിൽ കാലുകുത്തി. അദ്ദേഹത്തിന്റെ കൂടെ ഒരു സംഘം ആളുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായി, മകൻ രാംദാസ് ഗാന്ധി. അല്ലാടി കൃഷ്ണസ്വാമി അയ്യർ, സി രാജഗോപാലാചാരി തുടങ്ങി പേരറിയാവുന്നവരും അല്ലാത്തവരുമായി കുറെ ആളുകൾ.
സമരപന്തലിൽ പ്രത്യേക പ്രാർത്ഥനഗീതങ്ങൾ ഉയർന്നു.
“രഘുപതി രാഘവ രാജാറാം..
പതീത പാവന സീതാറാം…
രഘുപതി പാടുന്നത് മൂന്നു വേഗതയിലാണ്. ആദ്യം പതിയെ, രണ്ടാമത് കുറച്ചു വേഗത്തിൽ, മൂന്നാമതു നല്ല ഉത്സാഹത്തിലും വേഗതയിലും…
ചിലർ ചർക്കകളുമായി നൂൽ നൂൽക്കാനിരുന്നു.
സീതാറാം… സീതാറാം…
ബജ് പ്യാരേ തു സീതാറാം..
പത്രോസ് ജനക്കൂട്ടത്തിനിടയിലൂടെ ഗാന്ധിജിയെ കൺകുളിർക്കെ നോക്കിക്കണ്ടു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അർദ്ധനഗ്‌നനായ സന്യാസി ഇതാ എന്റെ കണ്മുൻപിൽ..
ഈശ്വര് അള്ളാ തേരേ നാം
സബ്‌കോ സൻമതി ദേ ഭഗവാൻ..”
വിശ്വസിക്കാനാവാതെ പത്രോസ് തേവന്റെ കൈയ്യിൽ നല്ലൊരു പിച്ചുവച്ചുകൊടുത്തു.
പിന്നീട് ഗാന്ധിജി സത്യാഗ്രഹ ആശ്രമം ചുറ്റിക്കണ്ടു നടന്നപ്പോൾ കൂടെ കെ പി കേശവമേനോനും, ടി കെ മാധവനും ഉണ്ടായിരുന്നു. മാധവൻ, തേവനെ അടുത്തേക്ക് വിളിച്ചു പരിചയപ്പെടുത്തി.
ഗാന്ധിജി സ്നേഹപൂർവ്വം തേവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. പോകുമ്പോൾ ഒരു ഉപദേശവും നൽകി.
“കഭി ഭി സച് ബോലോ, ജൂട്ട് മത് ബോലോ..ഔർ ദാരു മത് പിയോ..”
തേവൻ തലയാട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞു. എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും, മഹാത്മജി തന്നെ തൊട്ട് എന്തോ കാര്യം പറഞ്ഞുവല്ലോ..
“നീ എന്തിനാടാ കരഞ്ഞത് തേവാ ?” പത്രോസ് ചോദിച്ചു.
“തൊട്ടുകൂടായ്‌മ എന്താണെന്നു ക്രിസ്തിയാനിയായ നിനക്ക് മനസ്സിലാവില്ല. അയിത്തവും തീണ്ടലും നീ വായിച്ചറിഞ്ഞതായിരിക്കും, പക്ഷെ ഞങ്ങൾ പുലയർ ജനിച്ചു വീണത് അതിലേക്കാണ്.. ആ എന്നെയാണ് മഹാത്മജി തൊട്ടു സംസാരിച്ചത്..”
ഇണ്ടംതുരുത്തിമനയിൽ നിന്നുള്ള ഉപദ്രവങ്ങളെപറ്റി കേട്ടപ്പോൾ, ഗാന്ധിജി പറഞ്ഞു.
“ദേവൻ നീലകണ്ഠൻ നമ്പൂതിരിയോട് എനിക്ക് സംസാരിക്കണം.. അദ്ദേഹത്തിന് ഒരു കൂടിക്കാഴ്ചക്ക് വരുവാൻ സാധിക്കുമോ എന്ന് തിരക്കുക..”
ഗാന്ധിജിയുടെ അടുത്തേക്ക് വന്നു സംസാരിക്കുവാനുള്ള എളിമ നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല; മറിച്ചു ഗാന്ധി എന്ന കോൺഗ്രസ് നേതാവിനു തന്നോടു സംസാരിക്കണമെങ്കിൽ അയാൾ താനിരിക്കുന്നേടത്തേക്ക് വരട്ടെ എന്നായിരുന്നു ചിന്ത.
നമ്പൂതിരി മറുപടി നൽകി
“എന്റെ മനയിൽ വന്നാൽ എന്നെക്കാണാം….സംസാരിക്കാം..”
ഗാന്ധിജി മനയിൽ പോയി നമ്പൂതിരിയെ കാണാമെന്നു സമ്മതിച്ചു. ഇണ്ടംതുരുത്തി മനയാണ് വടക്കുംകൂർ രാജകുടുംബത്തിന്റെ മൂലസ്ഥാനം. നീലകണ്ഠൻ നമ്പൂതിരിയാണ് വൈക്കം ക്ഷേത്രത്തിന്റെ ഊരാണ്മയും, നാല്പത്തെട്ടു ബ്രാഹ്മണകുടുംബങ്ങളുടെ അധിപനും നാടുവാഴിയും.
ഗാന്ധിജി ഇണ്ടംതുരുത്തി മനയിലെത്തിയപ്പോൾ, വീണ്ടും അയിത്തപ്രശ്‍നം! ഗാന്ധിജി വൈശ്യനാണ്; ബ്രാഹ്മണനേക്കാൾ കീഴ്ജാതി. മാത്രവുമല്ല പുറംജാതികളുമായി ഇടപെടുന്ന ആൾ. അങ്ങിനെയുള്ള ആളെ എങ്ങിനെ മനക്കുള്ളിൽ കയറ്റും?
മുറ്റത്തു ഒരു പന്തലിട്ട് കസേരകളിട്ടു ഗാന്ധിജിയെയും കൂട്ടാളികളെയും പുറത്തിരുത്തി. ദേവൻ നീലകണ്ഠൻ നമ്പൂതിരി മനയ്ക്കകത്തിരുന്ന് സംസാരിച്ചു.
“പട്ടിയും പൂച്ചയും സ്വതന്ത്രമായി നടക്കുന്ന അമ്പലത്തിലേക്കുള്ള വഴികളിൽ താഴ്ന്ന ജാതിക്കാരായ ഹിന്ദു ജനങ്ങളെ എന്തിനാണ് തടയുന്നത്?”
ഗാന്ധിജി ചോദിച്ചു.
“അങ്ങ് ഹിന്ദു മത ശാസ്ത്ര ഗ്രന്ഥങ്ങളുടെ പാരമ്പര്യത്തിൽ വിശ്വസിക്കുന്നുണ്ടോ?” ദേവൻ നീലകണ്ഠൻ നമ്പൂതിരിയുടെ മറുചോദ്യം.
“ഉവ്വ് ” ഗാന്ധിജിയുടെ മറുപടി
“അങ്ങ് പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?”
“ഉവ്വ്”
“നമ്മുടെ വിശ്വാസമനുസരിച്ചു അവർ അയിത്തജാതികളിൽ പിറന്നത് മുജ്ജന്മപാപങ്ങളുടെ ഫലമായാണ്. അങ്ങിനെ നോക്കിയാൽ അവർ കള്ളന്മാരെക്കാളും അധഃകൃതരാണ്. അവർ നീചജന്മങ്ങളാണ്..നമുക്ക് ഇങ്ങനെയൊക്കെയേ അവരോട് പെരുമാറാൻ കഴിയൂ”
“അവരെ കള്ളന്മാരെക്കാളും, മദ്യപാനികളെക്കാളും താഴെ കാണുന്നത് ന്യായമാണോ?”
“കള്ളനെയും മദ്യപാനിയെയും നമുക്ക് നിയമം കൊണ്ട് നേരെയാക്കാം. അങ്ങനെയല്ലല്ലോ മുജ്ജന്മപാപം?”
“അവർ കള്ളന്മാരോ, മദ്യപാനികളോ അല്ല. വഴിയിൽ ഇരിക്കണമെന്നോ നില്കണമെന്നോ അവർ ആവശ്യപ്പെടുന്നില്ല; വെറുതെ കടന്നുപോകാൻ അനുവദിച്ചുകൂടേ?”
“കടന്നുപോകാൻ അനുവദിക്കാനാവില്ല.”
“ഇങ്ങനെയൊന്നും ഹിന്ദു വേദസംഹിതകളിൽ വിധിച്ചിട്ടില്ലല്ലോ”
“ഉണ്ട്.. ഈ വിധി ആദിശങ്കരൻ ഏർപ്പെടുത്തിയതാണ്..”
“നിഷ്പക്ഷനായ ഒരു ഹിന്ദു പണ്ഡിതൻ ആദിശങ്കരന്റെ സ്‌മൃതികൾ പരിശോധിക്കട്ടെ. അതിൽ ആ വിലക്ക് പറഞ്ഞിട്ടില്ലെങ്കിൽ അങ്ങ് ഈ വിലക്ക് ഒഴിവാക്കി തരുമോ?”
“ഇല്ല..സ്വീകാര്യമല്ല..”
പാണ്ഡവർക്ക് വേണ്ടി ശ്രീകൃഷ്‌ണൻ നടത്തിയ അനുരഞ്ജന ചർച്ച പോലെ ഗാന്ധിജി ക്ഷമയോടെ വീണ്ടും തുടർന്നു.
“നോക്കൂ.. പ്രശ്ന പരിഹാരത്തിനായി നിങ്ങൾ ഒരു പണ്ഡിതനെ നിയോഗിക്കു.. ഞങ്ങളും ഒരു പണ്ഡിതനെ നിയോഗിക്കാം. അവർ തിരുവിതാംകൂർ ദിവാന്റെ സന്നിധിയിൽ പരസ്പരം ചർച്ച ചെയ്തു ഒരു പരിഹാരത്തിലേക്ക് എത്തട്ടെ..”
“സ്വീകാര്യമല്ല..”
“എങ്കിൽ സവർണരുടെ ഇടയിൽ നമുക്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്താം. അവരുടെ ഭൂരിപക്ഷത്തിനു ഈ തീരുമാനം വിട്ടുകൊടുത്തു ഒരു പരിഹാരത്തിലേക്ക് എത്താം”
“വന്നതിനു നന്ദി.. ഇനിയൊന്നും പറയാനില്ല.” ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരി കൂടിക്കാഴ്ച അവസാനിപ്പിച്ചു.
നൂറ്റാണ്ടുകൾക്കു മുൻപെഴുതിയ മനുസ്‌മൃതിയിലേയും ശങ്കരസ്‌മൃതിയിലേയും താളിയോലക്കുറിപ്പുകൾ, കാലത്തിന്റെ വെളിച്ചം കിട്ടാനാവാതെ ഇണ്ടൻതുരുത്തിമനയിലെ ഇരുട്ടിൽ കിടന്നു. ദൂരെ വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാലമ്പലവും, അണ്ഡാകൃതിയിലുള്ള ശ്രീകോവിലും, അതിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ട ത്രേതായുഗത്തിന്റെ ശിവലിംഗവും നിശബ്ദമായി നില കൊണ്ടു.
മീനമാസത്തെ സൂര്യന്റെ ചൂടിലേക്ക്, ഗാന്ധിജിയും കൂട്ടരും വെറും കൈയുമായി നീലകണ്ഠൻ നമ്പൂതിരിയുടെ മനയിൽ നിന്നിറങ്ങി.
പിന്നിൽ, മനയുടെ മുന്നിൽ കെട്ടിയ പന്തലും പരിസരങ്ങളും ശുദ്ധികലശം ചെയ്യുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!